Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 26

3191

1442 റജബ് 14

'തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്'

ജി.കെ എടത്തനാട്ടുകര

[ജീവിതം - 11]

ഐ.ആര്‍.എസില്‍നിന്ന് ഒരാഴ്ച കഴിഞ്ഞ് ലീവിന് നാട്ടില്‍ തിരിച്ചെത്തി. വൈകുന്നേരമാണ് എത്തിയത്. മുമ്പ് സൂചിപ്പിച്ച, 'കിണര്‍ക്കടവി'ല്‍ കുളിച്ചു കൊണ്ടിരിക്കെ അയല്‍വാസി നാസര്‍ വന്നു. സങ്കടകരമായൊരു വാര്‍ത്തയുമായിട്ടാണ് വന്നത്.
'മോഹനന്‍ നമ്മളെ വിട്ടു. പഴയ പോലെയായി' എന്ന് പറഞ്ഞ് നിര്‍ത്തി.
ഒരു ഇടിത്തീ പോലെയാണ് ആ വാക്കുകള്‍ കേട്ടത്. സംഭവങ്ങള്‍ നാസര്‍ വിശദീകരിച്ചു.
ചുണ്ടോട്ടുകുന്നില്‍ വെച്ച് രണ്ട് പാര്‍ട്ടിക്കാര്‍ തമ്മില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായി. മോഹനന്‍ ഒരു പാര്‍ട്ടിയുടെ പക്ഷത്തു ചേര്‍ന്ന് എതിര്‍പാര്‍ട്ടിക്കെതിരെ നിലകൊണ്ടു. ഇസ്‌ലാമിക പ്രസ്ഥാനത്തിലില്ല എന്ന് ജനത്തെ അറിയിക്കാനായിരുന്നു അങ്ങനെ ചെയ്തത് എന്നാണ് പറഞ്ഞത്.
അതിനൊരു കാരണമുണ്ടായിരുന്നു. വിവാഹപ്രായമായ രണ്ടാമത്തെ പെങ്ങള്‍ അവന്റെ ഒരു വലിയ പ്രതിസന്ധിയായിരുന്നു. ആങ്ങള മുസ്‌ലിം ആണ് എന്നറിഞ്ഞാല്‍ എങ്ങനെ അവളുടെ വിവാഹം നടക്കും? അവന്റെ ഒരു ബന്ധു എപ്പോഴും ഇതു പറഞ്ഞാണ് ഭീഷണിപ്പെടുത്താറുള്ളത്. ബന്ധുക്കള്‍ മാത്രമല്ല, മറ്റുള്ളവരും. അത് സ്വാഭാവികവുമാണ്. നിലവിലുള്ള ഒരു സാമൂഹിക ചുറ്റുപാടില്‍ അത്തരം ആശങ്കകള്‍ക്ക് പ്രസക്തിയുണ്ട്. ഇങ്ങനെ തികച്ചും ന്യായമായ പ്രശ്‌നങ്ങള്‍ സത്യമാര്‍ഗത്തില്‍ 'വിലങ്ങുതടി'കളാവാറുണ്ട്. ഖുര്‍ആന്റെ ഭാഷയില്‍ അത് 'പരീക്ഷണ'മാണ്.
'അസീസ് സാഹിബിനെ കണ്ടിട്ടില്ലായിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു' എന്ന് ചിന്തിച്ച ഒരു സന്ദര്‍ഭം നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളോട് ഏറ്റുമുട്ടേണ്ടിവരുമ്പോഴാണ് വിശ്വാസം യഥാര്‍ഥത്തില്‍ മാറ്റുരക്കപ്പെടുക. ജീവിതത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടോ എന്ന് സ്വന്തത്തെ ബോധ്യപ്പെടുത്തുന്ന ദൈവിക നടപടിക്രമമാണ് പരീക്ഷണം.
നാസറുമായി ഈ വിഷയങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ മോഹനന്‍ വന്നു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം, എന്തു പറയണം എന്നറിയാതെ അല്‍പസമയം നിസ്സംഗനായി നിന്നു. പിന്നീട് വിഷയത്തിലേക്ക് കടന്നു. അറിഞ്ഞ ഈ സത്യം അംഗീകരിച്ചതിനു ശേഷം പിന്മാറിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകളായിരുന്നു പിന്നത്തെ ചര്‍ച്ച.
മരണം സുനിശ്ചിതമാണ്. അതിന്റെ തീയതിയും സമയവും അറിയില്ലെന്നു മാത്രം. ആര്‍ക്കും ആരെയും സഹായിക്കാന്‍ കഴിയാത്ത ഒരു നാളാണത്. എല്ലാവര്‍ക്കും അങ്ങനെ ഒരവസ്ഥ വരാനുണ്ട്. വിശ്വാസവും കര്‍മങ്ങളും മാത്രം കൂടെ വരുന്ന, ബാക്കിയെല്ലാം ഭൂമിയില്‍ അവശേഷിപ്പിച്ചുപോകുന്നതാണല്ലോ മരണം. പിന്നീട് ഉണ്ടാവുന്ന അവസ്ഥ ഖുര്‍ആന്‍ രണ്ടാം അധ്യായം നൂറ്റി ഇരുപത്തിമൂന്നാം വാക്യത്തില്‍ പറയുന്നത്:
''ഒരാള്‍ക്കും മറ്റുള്ളവര്‍ക്കായി ഒന്നും ചെയ്യാനാവാത്ത; ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്‍ക്കും ആരുടെയും ശിപാര്‍ശ ഉപകരിക്കാത്ത; ആര്‍ക്കും ഒരുവിധ സഹായവും ലഭിക്കാത്ത നാളിനെ സൂക്ഷിക്കുക.''
വേറെയും പല ഭാഗങ്ങളില്‍ ഖുര്‍ആന്‍ ഈ ഓര്‍മപ്പെടുത്തല്‍ നടത്തുന്നുണ്ട്. വിശ്വാസികള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു കാവല്‍ക്കാരനെപ്പോലെ കരുതി വെക്കേണ്ടതാണിത്: ''സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കരുത്.''
മരിച്ചാല്‍ ആരുടെയും ഒരു സഹായവുമില്ലാത്ത അവസ്ഥയാണ് വരാനുള്ളത്. സ്വന്തമെന്നു പറയാന്‍, ജീവിതത്തില്‍ പുലര്‍ത്തിയ വിശ്വാസവും കര്‍മങ്ങളും മാത്രം കൂടെയുണ്ടാവുന്ന സന്ദര്‍ഭമാണത്. ഖുര്‍ആനിന്റെ ഈ ഓര്‍മപ്പെടുത്തലുകള്‍ കേന്ദ്രീകരിച്ചായിരുന്നു കാര്യങ്ങള്‍ സംസാരിച്ചത്.
അന്ന് രാത്രിയുണ്ടായ അസ്വസ്ഥത പറഞ്ഞറിയിക്കാനാവാത്തതാണ്. അസ്വസ്ഥത സ്വയം തന്നെ ഹൃദയത്തില്‍ കൂരിരുട്ടായി പരിണമിച്ച രാത്രിയായിരുന്നു അത്. പ്രാര്‍ഥന മാത്രമായിരുന്നു വെളിച്ചം; പ്രതീക്ഷയും അതു തന്നെ.
അവനെങ്ങാനും തിരിച്ചുപോയാല്‍, ഇഹലോകത്ത് ഒരു ആത്മസുഹൃത്ത് നഷ്ടപ്പെടുക മാത്രമല്ലല്ലോ ചെയ്യുക; പരലോകത്ത് അവന്‍ എല്ലാം നഷ്ടപ്പെട്ട ഒരാളാവുകയാണല്ലോ ചെയ്യുക. ഉറങ്ങിയും ഉറങ്ങാതെയുമാണ് നേരം പുലര്‍ന്നത്. നമസ്‌കാരാനന്തരം ഉള്ളു തുറന്ന് പ്രതീക്ഷയോടെ പ്രാര്‍ഥിച്ചു.
പിറ്റേ ദിവസം രാവിലെ അവന്‍ വീട്ടില്‍ വന്നു. ആ വരവ് കണ്ടപ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു ആകാംക്ഷ മുളപൊട്ടി. എന്തായിരിക്കും പ്രതികരണം എന്നറിയാന്‍ മനസ്സ് വെമ്പല്‍ കൊണ്ട സന്ദര്‍ഭമാണത്.
ആഗ്രഹിച്ചതു പോലെത്തന്നെ, 'ഇന്നലെ രാത്രി മുതല്‍ തന്നെ നമസ്‌കാരം തുടങ്ങി' എന്ന സന്തോഷ വാര്‍ത്തയാണ് അവന്‍ അറിയിച്ചത്! അത് കേട്ടതോടെ ഉള്ളിന്റെ ഉള്ളില്‍നിന്ന് ഉയിര്‍ക്കൊണ്ട ദൈവസ്തുതി ഒരു നെടുവീര്‍പ്പോടെയാണ് പുറത്തുവന്നത്.
ആളിക്കത്തുന്ന ഒരു തീക്കുണ്ഡാരത്തില്‍നിന്ന് ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഉണ്ടാകാവുന്ന വികാരമുണ്ടല്ലോ, അതിനേക്കാള്‍ എത്രയോ മടങ്ങ് സന്തോഷം തോന്നിയ സന്ദര്‍ഭമായിരുന്നു അത്.
വിശ്വാസം ഉള്ളില്‍ പിച്ചവെച്ചു വരുമ്പോള്‍ ജീവിതത്തിലെ പച്ചയായ പ്രതിസന്ധികള്‍ അതിനെ പിച്ചിച്ചീന്താം, കശക്കിയെറിയാം. എന്നാല്‍, ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ മാത്രം വിശ്വാസം വളര്‍ന്നാലോ, അതിനെ തോല്‍പ്പിക്കാന്‍ പിന്നെ ഒരു പ്രതിസന്ധിക്കും കഴിയില്ല. ഒരു അദൃശ്യ മേല്‍നോട്ടത്തിന്റെ തലോടല്‍ ജീവിതത്തില്‍ അനുഭവപ്പെട്ടു തുടങ്ങുക അപ്പോഴാണ്.
ഇബ്‌റാഹീം നബി അവസാനകാലത്തുണ്ടായ ഓമനമകനെ ബലിനല്‍കാന്‍ കല്‍പിക്കപ്പെട്ടുവല്ലോ. സ്വന്തത്തെ കൊല്ലാന്‍ പറഞ്ഞാല്‍ അത്ര പ്രയാസമുണ്ടാവുകയില്ല. അത്രക്ക് കടുത്ത പരീക്ഷണമായിരുന്നല്ലോ അത്. അത്തരം കടുത്ത പരീക്ഷണങ്ങളും ജീവിതത്തില്‍ വരാം എന്ന പാഠമാണത് നല്‍കുന്നത്. അതിന് സന്നദ്ധമായപ്പോള്‍ ദൈവിക കരങ്ങളുടെ തലോടല്‍ പിതാവിനെയും മകനെയും ജീവിപ്പിച്ചു; രണ്ട് മഹാപ്രവാചകന്മാരായിക്കൊണ്ട്. ആടിനെ ബലിക്കായി നിശ്ചയിച്ച്, നരബലിയുടെ കൈക്ക് പിടിച്ചു. നരബലി എന്ന ക്രൂരത അരുതാത്തതാണ് എന്ന് പഠിപ്പിച്ചു. പല സമൂഹങ്ങളിലും വിശ്വാസത്തിന്റെ പേരില്‍ നരബലി നിലനിന്നപ്പോഴും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ അതുണ്ടായിട്ടേയില്ല എന്നത് ശ്രദ്ധേയമാണ്.
പരീക്ഷണങ്ങള്‍ പ്രയാസങ്ങളാണ്. പ്രയാസങ്ങള്‍ക്കപ്പുറത്താകട്ടെ എളുപ്പമുണ്ട്. ക്ഷമയോടെ ദൈവമാര്‍ഗത്തില്‍ ഉറച്ചുനിന്നാലാണ് അത് അനുഭവപ്പെടുക.
മോഹനന്റെ ജീവിതത്തില്‍ പിന്നീടുണ്ടായ ചില സംഭവങ്ങള്‍ അത് പറഞ്ഞുതരുന്നുണ്ട്.
അന്നു മുതല്‍ തന്നെ അവന്‍ പള്ളിയില്‍ വന്നു തുടങ്ങി. അതിന്റെ അനുരണനം എന്ന നിലക്ക് ചില അസ്വാരസ്യങ്ങള്‍ സ്വാഭാവികമായും ഉണ്ടായി.    
ഒരു ദിവസം സാധാരണ പോലെ കുളിക്കുന്നതിനായി 'കിണര്‍ക്കടവി'ല്‍ ഒരുമിച്ചുകൂടി. നേരത്തേ സൂചിപ്പിച്ച, അവന്റെ ബന്ധുവായ സഹോദരനും വന്നിട്ടുണ്ട്. അവന്‍ നമസ്‌കാരം പുനരാരംഭിച്ചതും പള്ളിയില്‍ പോകാന്‍ തുടങ്ങിയതും ചര്‍ച്ചയില്‍ വന്നു. ചര്‍ച്ചകള്‍ക്കിടയില്‍ ബന്ധുവായ സഹോദരന്‍ പറഞ്ഞു: 'സുന്ദരന്‍ (മോഹനന്റെ വിളിപ്പേരാണ് സുന്ദരന്‍) പള്ളീല്‍ പോവാന്‍ തൊടങ്ങിയാല്‍ പെങ്ങളെ കല്യാണം നടക്കൂലട്ടൊ. അതൊറപ്പാണ്.'
മുമ്പും ഇതേ കാര്യം പറഞ്ഞാണ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്.
ഇത്തരം വൈകാരിക പ്രശ്‌നങ്ങള്‍ കടന്നുവരുമ്പോള്‍ സ്വാഭാവികമായും മനസ്സ് പതറും, കാലിടറും. അത്തരം സന്ദര്‍ഭങ്ങളില്‍ കാര്യകാരണബന്ധങ്ങള്‍ക്കപ്പുറത്തുള്ള വിശ്വാസത്തിന്റെ 'താങ്ങ്' മാത്രമായിരിക്കും ഒരു വിശ്വാസിക്ക് ബലം.
ബന്ധുവായ സഹോദരന്‍ പെങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് പറഞ്ഞുകൊണ്ടിരിക്കെ വിശ്വാസത്തെ മുന്‍നിര്‍ത്തിയാണ് പ്രതികരിച്ചത്;
'അവന്റെ പെങ്ങളുടെ കല്യാണം ദൈവ തീരുമാനമുണ്ടെങ്കില്‍ നടക്കും. ഇല്ലെങ്കില്‍ ലോകത്ത് ആരു വിചാരിച്ചാലും നടക്കില്ല.'
വേറെ ഒരു മറുപടിക്കും അവിടെ സാധ്യത ഉണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും പെങ്ങള്‍ക്ക് കല്യാണാലോചന വന്നു. അവന്‍ വിശ്വാസം മാറിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അത് വിവാഹത്തിന് തടസ്സമായില്ല!
ആകാശത്തെ തീരുമാനത്തിനു മുമ്പില്‍ ഭൂമിയിലെ വിഘാതങ്ങള്‍ ദുര്‍ബലപ്പെടും. ദൈവതീരുമാനത്തിന്റെ മുമ്പില്‍ ന്യായമായ പ്രകൃതിനിയമങ്ങള്‍പോലും ദുര്‍ബലപ്പെട്ടതായിട്ടാണ് ചരിത്രം. അക്രമിയായ ഭരണാധികാരി നംറൂദിന്റെ തീക്കുണ്ഡം ഇബ്‌റാഹീം നബിയുടെ മുമ്പില്‍ തണുത്തുപോയത് അതുകൊണ്ടാണ്. മൂസാ നബിയുടെ വടിയുടെ മുമ്പില്‍ കടല്‍ പിളര്‍ന്നുപോയതും ഖുര്‍ആനിലുണ്ടല്ലോ. എന്നിരിക്കെ, ദൈവികമാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടാന്‍ പിന്നെന്തിന് ഭയപ്പെടണം? ആരെ പേടിക്കണം?
അവന്റെ ജീവിതം വേറെയും ചില പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇസ്‌ലാം പഠനത്തില്‍ ശാസ്ത്രീയമായ വിശകലനങ്ങളോടായിരുന്നു അവന് കൂടുതല്‍ താല്‍പര്യം. പ്രപഞ്ചം, പ്രകൃതി, അതിലെ കോടാനുകോടി ജീവജാലങ്ങള്‍ അവയെപ്പറ്റി ചിന്തിക്കാനുള്ള ഖുര്‍ആനിന്റെ നിരന്തരമായ പ്രേരണ, ഇസ്‌ലാം അടിമത്തത്തോട് സ്വീകരിച്ച നിലപാട്, അതിലൂടെ സാധിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ ഇങ്ങനെ പലതും ഇസ്‌ലാമിലേക്കുള്ള തിരിഞ്ഞുനടത്തത്തിനു കാരണമായതായി അവന്‍ പങ്കുവെച്ചിരുന്നു.
ഖുര്‍ആനും ആധുനിക ശാസ്ത്രവും, ദൈവ സാന്നിധ്യം നമുക്കെങ്ങനെ നിഷേധിക്കാനാവും? വിമോചനത്തിന്റെ പാത, തടവറയില്‍നിന്ന് പള്ളിയിലേക്ക്, ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം, തെറ്റിദ്ധരിക്കപ്പെട്ട മതം, പരലോകം ഖുര്‍ആനില്‍ തുടങ്ങി ചെറുതും വലുതുമായ പുസ്തകവായനയിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് ഇസ്‌ലാമിന്റെ മധുരം നുകര്‍ന്നത്.
അഛനെക്കൂടാതെ മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമാണ് അവനുള്ളത്. അമ്മയും അന്ന് ജീവിച്ചിരിപ്പുണ്ട്. മൂത്ത സഹോദരിയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. രണ്ടാമത്തെ സഹോദരിയുടെ വിവാഹത്തെപ്പറ്റിയാണ് നേരത്തേ സൂചിപ്പിച്ചത്. ചെറിയ സഹോദരി അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
മനസ്സിലാക്കിയ കാര്യങ്ങള്‍ ചെറിയ സഹോദരിക്കും അവന്‍ കൈമാറിക്കൊണ്ടിരുന്നു. അവളും ഇസ്ലാമിനെ താല്‍പര്യത്തോടെ പഠിച്ചു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ സ്‌കൂളിലെ ഒരു ടീച്ചര്‍ക്ക് അവള്‍ പുസ്തകം വായിക്കാന്‍ കൊടുത്തിരുന്ന കാര്യം അന്ന് സൂചിപ്പിച്ചിരുന്നു.
ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവ വിശ്വാസത്തില്‍ അവള്‍ ആകൃഷ്ടയായി. 'പരലോകം ഖുര്‍ആനില്‍' എന്ന പുസ്തകം മരണാനന്തര ജീവിതം ഒരു യാഥാര്‍ഥ്യമാണെന്ന ബോധ്യത്തിലെത്തിച്ചു. അത് ബോധ്യപ്പെട്ടതോടെയാണ്  ഇസ്ലാം സ്വീകരിക്കാനുള്ള തീരുമാനത്തിലെത്തിയത്. വൈകാതെത്തന്നെ അസീസ് സാഹിബുമായി ബന്ധപ്പെട്ടുകൊണ്ട് സഹോദരി സത്യപ്രതിജ്ഞ നിര്‍വഹിച്ചു.
എസ്.എസ്.എല്‍.സി കഴിഞ്ഞ് വണ്ടൂര്‍ വനിതാ കോളേജിലായിരുന്നു തുടര്‍പഠനം. ഇസ്ലാം സ്വീകരിച്ച പെണ്‍കുട്ടികളുടെ വിവാഹം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണല്ലോ. അത് സ്വാഭാവികമാണ്. അക്കാര്യം പറഞ്ഞ് മറ്റുള്ളവര്‍ ഭയപ്പെടുത്താറുമുണ്ട്. അവളുടെ അമ്മ പലപ്പോഴും ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കൊണ്ട് വണ്ടൂരില്‍ പഠിച്ചുകൊണ്ടിരിക്കെ അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു.
'അലനല്ലൂരിലുള്ള ഗഫൂറിന്റെ അനിയന്‍ ഷാജഹാന്‍ അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്' എന്ന കാര്യം അസീസ് സാഹിബ് അറിയിച്ചപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. 'നല്ല ചെറുപ്പക്കാരന്‍' എന്ന് പ്രത്യേകം എടുത്തു പറയുക അപൂര്‍വം ചിലരെക്കുറിച്ചാണല്ലോ. ആ നല്ല ചെറുപ്പത്തിന്റെ നന്മ അവളുടെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം ബോധ്യപ്പെടുമാറുള്ള ഇടപെടലാണ് ഷാജഹാന്‍ വിവാഹാനന്തരം നടത്തിയത്.
അവളുടെ അമ്മക്ക് പ്രിയപ്പെട്ട മരുമകനായി മാറി. അസുഖം പിടിപെട്ടതിനു ശേഷം, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കടക്കം ഹോസ്പിറ്റലുകളിലേക്ക് അവരെ കൊണ്ടുപോയിരുന്നത് ഷാജഹാന്റെ സ്വന്തം വാഹനത്തിലാണ്. അസുഖം ഭേദമായാല്‍ അവരുടെ കൂടെ പോകാന്‍ വരെ അമ്മ തീരുമാനിച്ചിരുന്നു. അതിന് പക്ഷേ അവസരമുണ്ടായില്ല.
മരണാസന്നയായി കിടക്കുന്ന സന്ദര്‍ഭത്തില്‍ അമ്മക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ അവള്‍ക്ക് സുവര്‍ണാവസരമുണ്ടായി. ഇക്കാര്യം നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഇത്തരത്തിലുള്ള ഇടപെടലുകള്‍ അതിന് കാരണമായിട്ടുണ്ട്. കുറേ മുമ്പുതന്നെ ഈ മാനസികാവസ്ഥയില്‍ അമ്മ എത്തിപ്പെട്ടിരുന്നു. കുടുംബ സാഹചര്യം വിശ്വാസവുമായി മുന്നോട്ടു പോകാന്‍ അവരെ അനുവദിച്ചിരുന്നില്ല.
ഷാജഹാനെ സംബന്ധിച്ചേടത്തോളം വിവാഹത്തിന് വേറെയും സാധ്യതകളുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെയുള്ള ഒരു പെണ്‍കുട്ടിയെ ഇണയാക്കാന്‍, ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ആ സന്നദ്ധതയില്‍ ഒരു വലിയ ത്യാഗമുണ്ട്; പ്രത്യേകിച്ചും നിലവിലെ സാമൂഹിക സാഹചര്യത്തില്‍.   
യഥാര്‍ഥത്തില്‍, വിവാഹം എന്നത് 'വിശിഷ്ടമായ ഏറ്റെടുക്കലാ'ണ്. ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ഏറ്റെടുക്കലുകള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട്; ഇപ്പോള്‍ പ്രത്യേകിച്ചും. ഇത്തരം ത്യാഗങ്ങള്‍ക്ക് ഇസ്‌ലാമില്‍ പ്രത്യേക പരിഗണനയുമുണ്ട്. ഒരു കര്‍മത്തിന്റെ മൂല്യം നിശ്ചയിക്കുക അതിലടങ്ങിയ ത്യാഗത്തിന്റെ തോതനുസരിച്ചാണ്. വിവാഹ വിഷയത്തില്‍ മാത്രമല്ല; എല്ലാ കാര്യത്തിലും. ഇസ്ലാം വിഭാവന ചെയ്യുന്ന സാമൂഹിക വിപ്ലവത്തിന്റെ 'വെള്ളവും വളവും' ഇത്തരം ത്യാഗങ്ങളാണ്. ഈ യാഥാര്‍ഥ്യത്തിലേക്കാണ് മക്കയില്‍നിന്ന് ദൈവമാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെട്ട 'മുഹാജിറുകളെ', മദീനയിലെ 'അന്‍സാറുകള്‍' ഏറ്റെടുത്ത ചരിത്രം വിരല്‍ ചൂണ്ടുന്നത്.
മൂന്നു സഹോദരിമാരില്‍, ചെറിയ സഹോദരിയുടെ കാര്യത്തില്‍ ഇരുലോകത്തെ സംബന്ധിച്ചും അവന് ഇന്ന് ആശങ്കയില്ല. കണ്ണുതുറന്ന് നോക്കുന്നവര്‍ക്കെല്ലാം ദൈവിക മാര്‍ഗം രക്ഷയുടെ വഴിയാണ് എന്ന് ബോധ്യമാവുന്ന ഒരു ദൃഷ്ടാന്തം പോലെ അവര്‍ ജീവിക്കുന്നു.
വിശുദ്ധ ഖുര്‍ആനിലെ തൊണ്ണൂറ്റി നാലാം അധ്യായത്തിലെ അഞ്ചാം സൂക്തത്തില്‍ പറയുന്നത്, 'അതിനാല്‍, തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്' എന്നാണല്ലോ. ഈ സൂക്തത്തിന്റെ യഥാര്‍ഥ പൊരുള്‍ മനസ്സിലാവുക ഇത്തരം ജീവിതാനുഭവങ്ങളെ തൊട്ടറിയുമ്പോഴാണ്.
ഭാര്യാ സഹോദരനായ മുഹമ്മദ് ഷബീര്‍ വഴിയാണ് മോഹനന്റെ വിവാഹാലോചന നടക്കുന്നത്. എഴുത്തുകാരനും പ്രസംഗകനുമായ ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളിയുടെ സഹോദരി റശീദയുമായിട്ടായിരുന്നു വിവാഹം. ഇസ്‌ലാം സ്വീകരിച്ച് നാലു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അത്. നാലു മക്കളുമായി കൊടുവള്ളിയിലാണിപ്പോള്‍ താമസം.
ഐ.ആര്‍.എസിലെ ജീവിതം ഒരു പുതിയ വഴിത്തിരിവായിരുന്നു എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. പ്രസ്ഥാന പ്രവര്‍ത്തകരും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമൊക്കെ പല കാര്യങ്ങള്‍ക്കായി ഇടക്കിടെ അവിടെ വരാറുണ്ട്. സമദ് മാസ്റ്റര്‍ അവര്‍ക്ക് പ്രത്യേകമായിത്തന്നെ പരിചയപ്പെടുത്തിക്കൊടുക്കും. പേര് പറയുമ്പോള്‍ പലരും കൗതുകത്തോടെ വിശേഷങ്ങള്‍ ചോദിച്ചറിയും. എസ്.ഐ.ഒ മലപ്പുറം ജില്ലാ സമിതിയംഗമായ ഒരു സഹോദരന് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍, അദ്ദേഹത്തില്‍നിന്നുണ്ടായ പ്രതികരണം ഇന്നും ഓര്‍മയിലുണ്ട്; 'മനസ്സിലായ കാര്യങ്ങള്‍ ഒരു സദസ്സിലൊക്കെ പറയാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ ഒരുപാട് ഗുണം ചെയ്യും.' ഉള്ളിലുള്ള ഒരാഗ്രഹത്തെ സ്പര്‍ശിച്ചായിരുന്നു ആ സംസാരം എന്നതുകൊണ്ടാവാം അത് മറക്കാതിരിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളിലുള്ള ചില സംസാരങ്ങള്‍ പ്രചോദനങ്ങളെ ത്വരിതപ്പെടുത്തും. സലീം മമ്പാട് ആയിരുന്നു അത് എന്നാണ് ഓര്‍മ.
താമസം ഹോസ്റ്റലില്‍ ആയതിനാല്‍ വായിക്കാനും പഠിക്കാനും ധാരാളം സമയം കിട്ടുമായിരുന്നു. ഒരു ദിവസം ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സമദ് മാസ്റ്റര്‍ ഖുര്‍ആന്‍ ക്ലാസ്സ് എടുപ്പിച്ചു. ഖുര്‍ആന്‍ ഭാഷ്യത്തിലെ പരിഭാഷ വായിച്ച് ചില വര്‍ത്തമാനങ്ങള്‍ പറഞ്ഞവസാനിപ്പിക്കുകയാണ് ചെയ്തത്.
ചില യോഗങ്ങളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പറയിപ്പിച്ചു തുടങ്ങി. അനുഭവങ്ങളായതിനാല്‍ വലിയ പ്രയാസം തോന്നിയിരുന്നില്ല. കേള്‍വിക്കാര്‍ക്ക് താല്‍പര്യവും ഉണ്ടാവും. കേള്‍വിക്കാര്‍ താല്‍പര്യത്തോടെ ശ്രദ്ധിക്കുമ്പോള്‍ സംസാരിക്കാന്‍ ആവേശം കൂടും. ക്രമേണ സംസാരത്തിന് ചില ക്രമങ്ങള്‍ ഉണ്ടായിത്തുടങ്ങി.
അതിനിടയില്‍ പൂക്കാട്ടിരി പള്ളിയില്‍ ഒരു പരിപാടിക്ക് ക്ഷണിച്ചു. കുറേ ആളുകളുണ്ട് പള്ളിയില്‍. റഹീം പാലാറയായിരുന്നു അധ്യക്ഷന്‍. ആവേശത്തോടെ അര മണിക്കൂറിലധികം സംസാരിച്ചു. ശേഷം ചോദ്യോത്തരമായിരുന്നു. പേരിന്റെ കാര്യം തന്നെയായിരുന്നു ആദ്യത്തെ ചോദ്യം. മറുപടി പറഞ്ഞുകൊണ്ടിരിക്കെ, സദസ്സിന്റെ സൈഡില്‍നിന്ന് ഒരിടപെടല്‍! വിയോജിപ്പിന്റെ സ്വരമായിരുന്നു അത്.
'ഇസ്‌ലാമിന്റെ വിശ്വാസത്തിനും സംസ്‌കാരത്തിനും നിരക്കാത്ത ചില പേരുകളൊക്കെ മാറ്റിയിട്ടുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. വി.കെ അലി സാഹിബിനെ അറിയുമെങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹം ആരാണെന്ന് അറിയുമായിരുന്നില്ല. സമദ് മാഷാണ് അദ്ദേഹത്തെക്കുറിച്ച് പിന്നീട് പറഞ്ഞുതന്നത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ പിന്നീടാണറിഞ്ഞത്.
ചില അനുഭവങ്ങള്‍ മനുഷ്യന്റെ ബുദ്ധിയെയാണ് സ്പര്‍ശിക്കുക; ചിലത് ഹൃദയത്തെയും. അദ്ദേഹവുമായി ബന്ധപ്പെട്ട് ഹൃദയത്തെ സ്പര്‍ശിച്ച ഒരു സംഭവമുണ്ടായി. ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് വിളിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ, 'നിങ്ങള്‍ക്ക് ചില കടങ്ങളൊക്കെ ഉണ്ടെന്നറിഞ്ഞു' എന്നു പറഞ്ഞ് സഹായഹസ്തം നീട്ടി. ആവശ്യമുണ്ടെങ്കിലും മടിച്ചുനിന്നു. ഒരു സൗജന്യവും വാങ്ങുകയില്ല എന്ന 'സിദ്ധാന്തവാശി' ഉള്ള കാലമാണത്. അദ്ദേഹം പക്ഷേ, നിര്‍ബന്ധിച്ചു. 'ഇത് നിങ്ങളുടെ അവകാശമാണ്' എന്നുകൂടി പറഞ്ഞുകൊണ്ടാണ് നിര്‍ബന്ധിച്ചത്.
യഥാര്‍ഥത്തില്‍ ചില കടങ്ങള്‍ ഉണ്ടായിരുന്നു. കടം ഉണ്ടെന്ന കാര്യം എങ്ങനെയാണ് അദ്ദേഹം അറിഞ്ഞത് എന്നറിയില്ല. പ്രത്യക്ഷത്തില്‍ മൂന്നാമതൊരാള്‍ അറിയാതെയാണല്ലോ ഈ സഹായം. ഇതായിരുന്നു ആ സംഭവത്തില്‍ ശ്രദ്ധേയമായി തോന്നിയത്. ഇസ്‌ലാം മനുഷ്യന്റെ അഭിമാനത്തിനു നല്‍കുന്ന വിലയെ വിലയിരുത്താന്‍ നിമിത്തമായ സംഭവമായിരുന്നു അത്.
ഇസ്ലാം സ്വീകരിച്ച ശേഷമാണ് കടബാധ്യതയെ ഭയപ്പാടോടെ കാണാന്‍ തുടങ്ങിയത്. ആദ്യമായി മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ കൗതുകം തോന്നിയ ഒരു കാര്യമുണ്ട്. മരണപ്പെട്ട വ്യക്തി ജീവിതകാലത്ത് ആരെങ്കിലുമായി നടത്തിയ ഇടപാടുകളില്‍, എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ മക്കളുമായി ബന്ധപ്പെട്ട് തീര്‍ക്കാനുള്ള അഭ്യര്‍ഥനയായിരുന്നു അത്.
ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ക്ക് എന്തെങ്കിലും ബാധ്യതകള്‍ ഉണ്ടെങ്കില്‍ അത് ഉത്തരവാദപ്പെട്ടവര്‍ ഏറ്റെടുക്കണം. എന്നിട്ടേ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ പാടുള്ളൂ. ഇസ്‌ലാമിന്റെ ഈ നിബന്ധന വളരെയധികം ചിന്തിപ്പിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെട്ടാലും അയാളുടെ ആത്മാവിന്റെ പരിശുദ്ധിയെയും സുരക്ഷിതത്വത്തെയും പരിഗണിച്ചുകൊണ്ടുള്ള ഒരു പിന്തുടരലാണല്ലോ യഥാര്‍ഥത്തില്‍ ഇത്. ഒരു മനുഷ്യാത്മാവിനോട് ഇസ്‌ലാമിനുള്ള ഈ കരുതല്‍ തന്നെയാണ് അതിന്റെ ഏറ്റവും വലിയ മഹത്വമായി തോന്നിയിട്ടുള്ളത്.
ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ മൂപ്പത്തിരണ്ടാം സൂക്തം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്; വിഷയം മറ്റൊന്നാണെങ്കിലും:
''ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.''
ഒരു മനുഷ്യന്റെ ആത്മാവിന് ഇസ്ലാം കല്‍പ്പിക്കുന്ന വില പ്രപഞ്ചത്തോളം വലുതാണ്. അതുകൊണ്ടുതന്നെ മനുഷ്യനു വേണ്ടിയുള്ള 'കരുതല്‍ നിയമങ്ങള്‍' ഖുര്‍ആനിലും പ്രവാചകാധ്യാപനങ്ങളിലും ധാരാളമായി കാണാം.   
ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട് ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞ ഒരു വിധി, ഖത്തര്‍ യാത്രാ സന്ദര്‍ഭത്തിലാണെന്നു തോന്നുന്നു, ആരോ പറഞ്ഞപ്പോള്‍ അത്ഭുതകരമായി തോന്നി. ട്രാഫിക് നിയമം ലംഘിച്ചുകൊണ്ട് ഒരാള്‍ വാഹനമോടിച്ച് അപകടമുണ്ടായി മരണപ്പെട്ടാല്‍ അത് ആത്മഹത്യയാണ്. അപകടത്തില്‍ മറ്റാരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കൊലപാതകവുമാണ്. ആത്മഹത്യയും കൊലപാതകവും നരകത്തിനു കാരണവുമാണല്ലോ.
മനുഷ്യന്റെ ജീവന്‍, അഭിമാനം പോലെയുള്ള കാര്യങ്ങള്‍ക്ക് ഇസ്ലാം കല്‍പിക്കുന്ന വിലയെ അളക്കാന്‍ മാനദണ്ഡങ്ങളില്ല എന്നാണ് തോന്നിയിട്ടുള്ളത്. അതിനാല്‍, പരസ്പര കരുതലിനെ സംബന്ധിച്ച ഇസ്ലാമിലെ നിയമങ്ങള്‍ എത്ര പറഞ്ഞാലും തീരാത്തതും അത്ഭുതപ്പെടുത്തുന്നതുമാണ്.
പറഞ്ഞുവന്നത് കടത്തെക്കുറിച്ചായിരുന്നു. കടബാധിതനായിക്കൊണ്ട് രക്തസാക്ഷിയായ ഒരാളുടെ മയ്യിത്ത് നമസ്‌കാരത്തില്‍നിന്ന് പ്രവാചകന്‍ മാറിനിന്ന ചരിത്രമുണ്ട്. ആ സംഭവം വായിച്ചപ്പോഴാണ് കടത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. ഒരാള്‍ ഭൂമിയില്‍ ബാക്കിയാക്കുന്ന ബാധ്യതകള്‍ അയാളുടെ പരലോകത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ഈ സന്ദേശം, ഒരു വ്യക്തിയില്‍നിന്ന് ഇസ്ലാം ആവശ്യപ്പെടുന്ന ജീവിത വിശുദ്ധിയിലേക്കാണല്ലോ വിരല്‍ ചൂണ്ടുന്നത്.
ഇത് തിരിച്ചറിഞ്ഞതോടെ ഉള്ളതുകൊണ്ട്, കടം വരാതെ ജീവിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചു തുടങ്ങി. അതുകൊണ്ടുതന്നെ വരവ് നോക്കാതെ ചെലവഴിക്കാന്‍ പേടിയാണ്. 'നാട്ടുനടപ്പുകളെ' തൃപ്തിപ്പെടുത്താന്‍, നിര്‍ബന്ധമല്ലാത്ത കാര്യങ്ങള്‍ക്കായി കടക്കാരനാവാന്‍ ശ്രമിക്കാറേയില്ല. അങ്ങനെ കടക്കാരായി ഉറക്കം നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്, സമൂഹത്തില്‍. നിര്‍ബന്ധമല്ലാത്ത കാര്യങ്ങള്‍ക്കായി വീട്ടാന്‍ പറ്റാത്ത കടങ്ങള്‍ വരുത്തുന്നത് യഥാര്‍ഥത്തില്‍ പരലോകത്തെ നഷ്ടപ്പെടുത്തലാണല്ലോ.
ഇനി, നിര്‍ബന്ധിതാവസ്ഥയില്‍ ഒരാളെങ്ങാനും കടബാധിതനായാലോ?
''കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍'' - ഖുര്‍ആന്‍ രണ്ടാം അധ്യായത്തിലെ ഇരുനൂറ്റി എണ്‍പതാം വാക്യമാണിത്.
വിശുദ്ധ ഖുര്‍ആനില്‍ ഇഷ്ടപ്പെട്ട രണ്ടു തരം സൂക്തങ്ങളുണ്ട്. അതില്‍ ഒരിനം സൂക്തങ്ങള്‍ ചിന്തയെ ചൊടിപ്പിക്കും; മറ്റു ചിലത് ഹൃദയത്തെ കുളിര്‍പ്പിക്കും.
നേരത്തേ സൂചിപ്പിച്ച, ഹൃദയത്തിനു കുളിരേകുന്ന, മനുഷ്യപ്പറ്റുള്ള എത്രയെത്ര സൂക്തങ്ങളാണ് ഖുര്‍ആനില്‍!  അതിന്റെ അടിസ്ഥാനത്തില്‍, ആരോരുമറിയാതെ ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന എത്രയെത്ര നല്ല മനുഷ്യരുണ്ട് ഈ സമൂഹത്തില്‍!
എന്തൊക്കെ ജീര്‍ണതകളുണ്ടെങ്കിലും രഹസ്യവും പരസ്യവുമായ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം സമൂഹം മുന്‍പന്തിയിലാണ്. അതിനുള്ള പ്രചോദനം ഖുര്‍ആനും പ്രവാചകനുമാണെന്ന സത്യം ലോകം അറിയുന്നില്ല എന്നതാണ് സങ്കടം.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (69-82)
ടി.കെ ഉബൈദ്‌