Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 26

3191

1442 റജബ് 14

ഇസ്‌ലാം ഒരുക്കുന്ന മാതൃകാ കുടുംബം

 കെ.കെ ഫാത്വിമ സുഹ്‌റ

ഭൂമിയിലെ പവിത്രമായ ദൈവിക സ്ഥാപനമാണ് കുടുംബം. മനുഷ്യവാസത്തോടൊപ്പം തന്നെ ഭൂമിയില്‍ കുടുംബജീവിതം ആരംഭിച്ചിച്ചിട്ടു്. ആദമിനൊപ്പം ഹവ്വയെയും സൃഷ്ടിച്ചത് മനുഷ്യന്‍ കുടുംബമായി ജീവിക്കുന്നതിനു വേിയാണ്. സംസ്‌കാരവും നാഗരികതയും പിറവിയെടുക്കുന്നത് കുടുംബത്തില്‍നിന്നാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഉറവിടവും അതുതന്നെ. സ്ത്രീക്കും പുരുഷനും കൂട്ടുത്തരവാദിത്വമുള്ള സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണത്. പകരം വെക്കാനില്ലാത്ത അതിമഹത്തായ സംവിധാനം.
സമൂഹത്തിന്റെ ഭദ്രതക്കും പുരോഗതിക്കും കുടുംബത്തിന്റെ കെട്ടുറപ്പ് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം കുടുംബഭദ്രതക്ക് അനിവാര്യമായ ധാരാളം നിയമനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിലെ അതിപ്രധാനമായ ആരാധനകളേക്കാള്‍ കൂടുതല്‍ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കുമുള്ള ബാധ്യതകള്‍ ഖുര്‍ആന്‍ കൃത്യമായി നിര്‍ണയിച്ചിരിക്കുന്നു. കുടുംബാംഗങ്ങളെ ചുമതലാബോധമുള്ളവരാക്കി മാറ്റുന്നതിനാവശ്യമായ താക്കീതുകളും അതില്‍ കാണാനാവും.
കുടുംബാംഗങ്ങള്‍ പരസ്പരം ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ അവകാശങ്ങള്‍ കരഗതമാവുകയും കുടുംബത്തില്‍ സംതൃപ്തി നിലനില്‍ക്കുകയും ചെയ്യും. സംതൃപ്തിയും സമാധാനവും നിറഞ്ഞ കുടുംബം ഓരോ സത്യവിശ്വാസിയുടെയും ആഗ്രഹവും പ്രാര്‍ഥനയുമാണ്. 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇണയില്‍നിന്നും സന്താനങ്ങളില്‍നിന്നും കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ മുത്തഖികളുടെ നേതാക്കളാക്കേണമേ' എന്ന് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കും. മനസ്സില്‍ അനുഭവപ്പെടുന്ന വല്ലാത്ത സന്തോഷത്തിനും സമാധാനത്തിനുമാണ് കണ്‍കുളിര്‍മ എന്ന് പറയുന്നത്. ഈ അവസ്ഥ സംജാതമാകാന്‍ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. നബി (സ) പറയുന്നു: ''സമ്പത്ത്, സൗന്ദര്യം, തറവാട്, ദീന്‍ എന്നീ നാലു പരിഗണനകളാലാണ് സ്ത്രീ വിവാഹം ചെയ്യപ്പെടുന്നത്. എന്നാല്‍ നീ ദീനുള്ളവളെ തെരഞ്ഞെടുക്കുക.'
'പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്മാര്‍ക്കും പരിശുദ്ധരായ പുരുഷന്മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കുമുള്ളതാണ്.' വിവാഹത്തില്‍ പരിഗണിക്കപ്പെടേണ്ട കുഫ്വ് (യോജിപ്പ്) പരിശുദ്ധിയും മതബോധവുമാണ്. കുടുംബജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യാനും തദടിസ്ഥാനത്തില്‍ കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാനും ദീനിബോധമുള്ളവര്‍ക്കേ സാധിക്കൂ. വിവാഹത്തിന്റെ മുഖ്യ ലക്ഷ്യമായി ഖുര്‍ആന്‍ ഗണിക്കുന്ന സകീനത്ത് (സമാധാനം) നേടാനും അപ്പോഴേ സാധിക്കൂ. എന്നാല്‍ പലപ്പോഴും വിവാഹം വരെ അനുഭവിച്ചിരുന്ന സമാധാനം പോലും വിവാഹത്തോടെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയാണ് ചിലര്‍ക്ക് ഉണ്ടാകാറുള്ളത്. ഇതിന്റെ പ്രധാന കാരണം ഇണയെ തെരഞ്ഞെടുക്കുന്നതിലെ പിഴവാണ്. ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങളുടെയും ശൈഥില്യങ്ങളുടെയും അടിസ്ഥാന കാരണവും മറ്റൊന്നല്ല.
മാതാപിതാക്കള്‍, മക്കള്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുള്ളത് ജീവിത പങ്കാളിയെ മാത്രമാണ്. ഇവിടെ ഭൗതിക താല്‍പര്യങ്ങളേക്കാള്‍ മതബോധത്തിന് പ്രാധാന്യം കല്‍പിക്കുന്നവര്‍ കുടുംബജീവിതത്തില്‍ വിജയിക്കും. മഹാനായ ഉമര്‍ (റ) തന്റെ മകന് ജീവിതസഖിയായി തെരഞ്ഞെടുത്തത് മാര്‍ക്കറ്റില്‍ പാല്‍ വില്‍പന നടത്തുന്ന ദൈവഭയമുള്ള ഒരു ദരിദ്ര പെണ്‍കുട്ടിയെയായിരുന്നു. പ്രശസ്ത പണ്ഡിതനായിരുന്ന സഈദുബ്നു മുസയ്യബ് (റ) തന്റെ പണ്ഡിതയും അതിസുന്ദരിയുമായ മകളെ ഖലീഫയുടെ മകന്റെ വിവാഹാലോചന പോലും നിരസിച്ച് ദരിദ്രനും സാത്വികനുമായ തന്റെ ശിഷ്യന്നായിരുന്നു വിവാഹം ചെയ്തുകൊടുത്തത്. എന്നാല്‍ ഇന്ന് മുസ്‌ലിം സമൂഹം മുന്‍ഗണന നല്‍കുന്നത് ദീനീബോധത്തിനാണോ, അതോ ഭൗതിക താല്‍പര്യങ്ങള്‍ക്കോ?
കുടുംബത്തില്‍ സംതൃപ്തി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാരാണ്. സ്നേഹവും കാരുണ്യവുമാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനമായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. ''അവന്‍ നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും അവന്‍ ഉണ്ടാക്കുകയും ചെയ്തു, ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്'' (സൂറഃ അര്‍റൂം 21).
ദമ്പതികളുടെ ആദര്‍ശവും ലക്ഷ്യവും മാര്‍ഗവും ഒന്നാകുമ്പോഴാണ് 'ഇണകള്‍' (അസ്‌വാജ്) എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ആദര്‍ശം വിരുദ്ധമാകുമ്പോള്‍ ഭാര്യ എന്നു മാത്രമാണ് പ്രയോഗം; നൂഹിന്റെ ഭാര്യ (ഇംറഅത്തു നൂഹ്) ഉദാഹരണം. ആദര്‍ശപ്പൊരുത്തമുള്ള ഇണകള്‍ക്കിടയിലെ സ്നേഹവും കാരുണ്യവുമാണ് ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഇത് നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കാന്‍ ഇണതുണകള്‍ ശ്രദ്ധിക്കണം. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകണം. മനസ്സില്‍ താലോലിക്കുന്ന സങ്കല്‍പങ്ങളല്ല ജീവിതം. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടും അംഗീകരിച്ചും ദമ്പതികള്‍ ജീവിക്കുമ്പോഴേ ദാമ്പത്യം സുഖകരമാകൂ. സ്ത്രീശാക്തീകരണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വികലമായ സങ്കല്‍പങ്ങള്‍ ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്നേഹം പങ്കിടാനുള്ള അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടണം. എല്ലാം യന്ത്രവത്കരിക്കപ്പെടുന്ന ഇക്കാലത്ത് ബന്ധങ്ങള്‍ യാന്ത്രികമാകാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ വേണം.
ഒരുമിച്ചു യാത്രചെയ്യലും ഒന്നിച്ചു ഭക്ഷണം കഴിക്കലും സല്ലാപവും വിനോദവുമൊക്കെ ദമ്പതികള്‍ക്കിടയില്‍ സ്നേഹം വര്‍ധിക്കാന്‍ സഹായകമാവും. നബി (സ) തിരക്കുകള്‍ക്കിടയിലും തന്റെ പത്നിമാരൊത്ത് സല്ലപിക്കാനും വിനോദങ്ങളിലേര്‍പ്പെടാനും അടുക്കള പങ്കിടാനുമെല്ലാം സമയം കണ്ടെത്തിയിരുന്നു. ആധുനിക മനശ്ശാസ്ത്രജ്ഞര്‍ ദാമ്പത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി എടുത്തു പറഞ്ഞവയെല്ലാം നബി (സ) നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചു കാണിച്ചുതന്നവയാണ്.
ഭാര്യമാര്‍ക്ക് ബാധ്യതകളുള്ളതുപോലെ അവകാശങ്ങളുമുണ്ട് എന്ന് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു്. അതിനാല്‍ അവളുടെ അവകാശങ്ങള്‍ ഹനിക്കാതെയും വ്യക്തിത്വം അംഗീകരിച്ചും മുന്നോട്ടു പോകണം. ദമ്പതികള്‍ പരസ്പരം അവകാശങ്ങള്‍ ഹനിക്കുകയോ ബാധ്യതകളില്‍ വീഴ്ചവരുത്തുകയോ ചെയ്യരുത്. പരസ്പരം താങ്ങും തണലുമായി വര്‍ത്തിക്കുന്ന അവര്‍ കാര്യങ്ങള്‍ കൂടിയാലോചിച്ചാകണം മുന്നോട്ടു പോകേത്. നബി (സ) ഭാര്യമാരോട് മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളില്‍ കൂടി അഭിപ്രായം ആരാഞ്ഞിരുന്നു. ഹുദൈബിയ സന്ധിയുടെ അവസരത്തില്‍ സംഭവിക്കാനിടയുണ്ടായിരുന്ന ഒരു സങ്കീര്‍ണ പ്രശ്നം പ്രവാചക പത്നി ഉമ്മുസലമ(റ)യുടെ അഭിപ്രായ പ്രകാരമായിരുന്നു പരിഹരിക്കപ്പെട്ടത്.
വിവാഹത്തോടെ സ്വാഭാവികമായും സ്ത്രീക്ക് ഒരുപാട് ബാധ്യതകള്‍ വന്നുചേരുന്നു. വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന അവള്‍ക്ക് അനുഭാവപൂര്‍ണമായ സമീപനമാണ് ഭര്‍ത്താവില്‍നിന്ന് ലഭിക്കേണ്ടത്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ തന്നെ ഗുണകാംക്ഷയോടെ തിരുത്തുകയാണ് വേണ്ടത്.  രൂക്ഷമായ അധിക്ഷേപ വാക്കുകള്‍ പ്രശനം സങ്കീര്‍ണമാക്കുകയേ ഉള്ളൂ. പുരുഷന്‍ കുടുംബനാഥനാണെങ്കിലും ആവശ്യത്തില്‍ കവിഞ്ഞ അധികാരങ്ങള്‍ അവളുടെ മേല്‍ ചെലുത്താവതല്ല. ദാമ്പത്യത്തില്‍ പുരുഷ മേല്‍ക്കോയ്മ എന്നൊന്നില്ല. ഇത് ഇസ്ലാമിന്റെ മേല്‍ ചാര്‍ത്തപ്പെടുന്ന ആരോപണം മാത്രമാണ്. ഒത്തിരി അംഗങ്ങള്‍ ചേര്‍ന്ന സംവിധാനമായതിനാല്‍ കുടുംബത്തിന് ഒരു നേതൃത്വം അനിവാര്യമാണ്. ഇത് അധികാരമല്ല, ഉത്തരവാദിത്വമാണ്. ഈ കൈകാര്യകര്‍തൃത്വ ഉത്തരവാദിത്വം ഇസ്‌ലാം പുരുഷനെയാണ് ഏല്‍പിച്ചിരിക്കുന്നത്. 'പുരുഷന്മാര്‍ സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കളാകുന്നു' (അന്നിസാഅ്: 34) എന്ന് പറഞ്ഞതിന്റെ അര്‍ഥം ഇതാണ്. സ്ത്രീകളോട് കൂടിയാലോചിച്ചുകൊ് പുരുഷന്മാര്‍ കുടുംബ നായകത്വം നിര്‍വഹിക്കണം. 'പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമു്' (അല്‍ബഖറ: 228) എന്ന് പറഞ്ഞതും ഈ സ്വഭാവത്തിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ചാണ്.
നബി (സ) തന്റെ പ്രിയ പത്നിമാരുടെ പെരുമാറ്റത്തില്‍ തനിക്കനുഭവപ്പെട്ട ചെറിയ ചെറിയ പ്രശ്നങ്ങളെ വളരെ മനശ്ശാസ്ത്രപരമായും സ്നേഹാര്‍ദ്രതയോടെയും തിരുത്തിയ എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഉമറി(റ)ന്റെ ഭരണകാലത്ത് ഒരാള്‍ തന്റെ ഭാര്യയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ആക്ഷേപം ബോധിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അടുത്തു വന്നു. ഉമറി(റ)ന്റെ ഭാര്യ അദ്ദേഹത്തോട് കയര്‍ത്ത് സംസാരിക്കുന്നതാണ് അയാള്‍ കേള്‍ക്കാനിടവന്നത്. ഉമര്‍ (റ) അതിന് മറുപടിയൊന്നും പറയുന്നുണ്ടായിരുന്നില്ല. ഇതു കേട്ട ആ മനുഷ്യന്‍ ഇങ്ങനെ ആത്മഗതം ചെയ്തു തിരിച്ചുനടന്നു; 'സത്യവിശ്വാസികളുടെ നായകനും ശക്തനുമായിട്ടും ഉമറി(റ)ന്റെ നിലപാട് ഇതാണെങ്കില്‍ എന്റെ അവസ്ഥ എങ്ങനെയായിരിക്കണം.' ഇങ്ങനെ ചിന്തിച്ചു തിരിച്ചുപോകുന്ന ആളെ ഉമര്‍ (റ) തിരിച്ചു വിളിച്ചു ആഗമനോദ്ദേശ്യം ആരാഞ്ഞു. തന്റെ ഭാര്യയുടെ പരുഷമായ പെരുമാറ്റത്തെക്കുറിച്ച് പരാതി പറയാന്‍ വന്നതാണെങ്കിലും താങ്കളുടെ ഭാര്യയും അങ്ങനെ കയര്‍ക്കുന്നത് കേള്‍ക്കാനിടയായതിനാല്‍ തിരിച്ചുപോവുകയാണെന്നായിരുന്നു മറുപടി. ഇതു കേട്ട ഉമര്‍ (റ) പറഞ്ഞു: 'പ്രിയ സഹോദരാ, അവള്‍ക്ക് എന്റെ മേലുള്ള അവകാശങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു. അവള്‍ എനിക്കു വേണ്ടി ആഹാരം പാകം ചെയ്യുന്നു, വസ്ത്രം അലക്കുന്നു, കുട്ടികളെ പോറ്റി വളര്‍ത്തുന്നു. അവള്‍ എന്റെ മനസ്സിനെ നിഷിദ്ധതകളില്‍നിന്ന് രക്ഷപ്പെടുത്തുന്നു. അതിനാല്‍ ഞാന്‍ അവള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുന്നു.' ഇതുകേട്ട ആ മനുഷ്യന്‍ പറഞ്ഞു: 'എന്റെ ഭാര്യയും അങ്ങനെ തന്നെയാണ്.' എത്ര വലിയ  പരിഗണനയും അംഗീകാരവുമാണ് ഈ മഹാന്മാര്‍ ഭാര്യമാര്‍ക്ക് വകവെച്ചുകൊടുത്തിരുന്നതെന്നു നോക്കൂ.
ഭാര്യമാര്‍ക്ക് അവകാശങ്ങള്‍ മാത്രമല്ല, ബാധ്യതകളുമുണ്ട്. ഭര്‍ത്താക്കന്മാരെ സന്തോഷിപ്പിക്കുന്നതിലും അവരോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിലും ഭാര്യമാര്‍ ശ്രദ്ധിക്കണം. ഭര്‍ത്താവിനോടുള്ള പെരുമാറ്റമാണ് ഭാര്യയുടെ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നതെന്ന നബി(സ)യുടെ താക്കീത് കണക്കിലെടുത്ത് ഭര്‍ത്താവിന്റെ അതൃപ്തിയെക്കുറിച്ച് സദാ ജാഗരൂകയായിരിക്കണം. ദാമ്പത്യജീവിതം വിജയപ്രദവും ഹൃദ്യവുമാക്കുന്നതില്‍ അനുസരണത്തിന് വലിയ പങ്കുണ്ട്. അല്ലാഹു പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ക്ക് കീഴൊതുങ്ങുന്നവരും അവരുടെ അഭാവത്തില്‍ അല്ലാഹു സൂക്ഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ സൂക്ഷിക്കുന്നവരുമാണ് ഉത്തമ സ്ത്രീകള്‍'' (അന്നിസാഅ് 34)
ഒരു മാതൃകാ കുടുംബത്തില്‍ തങ്ങളുടെ സാമ്പത്തികാവസ്ഥ പരിഗണിച്ചുകൊണ്ടായിരിക്കും വീട്ടുചെലവുകള്‍ ആസൂത്രണം ചെയ്യുക. അമിത ചെലവുകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. 'ധൂര്‍ത്ത് കാണിക്കരുത്. ധൂര്‍ത്തന്മാര്‍ പിശാചിന്റെ സഹോദരങ്ങളാണ്' എന്ന ഖുര്‍ആന്‍ വാക്യം സമ്പത്ത് ചെലവഴിക്കുമ്പോഴൊക്കെ ഓര്‍ത്തുകൊണ്ടിരിക്കണം. വിവാഹം, വീടുനിര്‍മാണം, സല്‍ക്കാരങ്ങള്‍ തുടങ്ങിയവയിലെല്ലാം അമിത ചെലവുകള്‍ കടന്നുവരുന്നത് ഒഴിവാക്കണം. പൊങ്ങച്ചത്തിനു വേണ്ടി പണം ചെലവഴിക്കല്‍ വലിയ തിന്മയാണ്. നിഷിദ്ധമായ സമ്പാദ്യം ജീവിതത്തില്‍ കടന്നുവരുന്നതിനെക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി മിച്ചം വെക്കുന്നത് അഗതികളെയും അനാഥരെയും സഹായിക്കാനും മറ്റു ജനസേവന മാര്‍ഗങ്ങളില്‍ വിനിയോഗിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കണം.
ഗൃഹാന്തരീക്ഷം ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വാര്‍ത്തെടുക്കാന്‍ മുസ്‌ലിം രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഖുര്‍ആന്‍ പഠനത്തിനും മറ്റു ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ ആര്‍ജിക്കുന്നതിനും കുടുംബസമേതം ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി എല്ലാ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തുകയും എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയും വേണം. ഇസ്‌ലാമികാന്തരീക്ഷത്തില്‍ കുട്ടികള്‍ വളര്‍ന്നുവരാന്‍ ഇത് സഹായകമാവും. ഇമാം ഗസ്സാലി (റ) തന്റെ ഇഹ് യാഇല്‍ പറയുന്നു: 'മക്കളുടെ സംസ്‌കരണത്തിന് ശ്രമിക്കുകയും മക്കളെ ഇസ്‌ലാമികമായി വളര്‍ത്തുകയുമാണ് കുടുംബത്തിന്റെ ലക്ഷ്യം.'
മക്കള്‍ക്ക് ഇസ്‌ലാമിക ശിക്ഷണം നല്‍കാനുള്ള പ്രഥമ പാഠശാല മാതാപിതാക്കളാണല്ലോ. 'സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക' (സൂറ അത്തഹ്‌രീം 6). നബി (സ) പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ മക്കളോടൊപ്പം നിന്ന് അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുക.'
കുട്ടികളെ വളര്‍ത്തുന്നതിലും ശിക്ഷണശീലങ്ങള്‍ അഭ്യസിപ്പിക്കുന്നതിലും മനശ്ശാസ്ത്രപരമായ സമീപനങ്ങള്‍ കൂടിയേ തീരൂ. മക്കളുമായി ഇടപെടുന്നത് അവരുടെ മാനസികാവസ്ഥ കണക്കിലെടുത്തു കൊണ്ടാവണം. മാതാപിതാക്കളുടെ നയമില്ലാത്ത സമീപനം കൊണ്ട് എത്ര മക്കള്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്! അമിത സ്നേഹം അപകടകരമാണ്. ആവശ്യമായ സ്നേഹം നല്‍കാതിരിക്കുന്നത് അതിനേക്കാള്‍ അപകടകരമാണ്. ഏതു തിരക്കുകള്‍ക്കിടയിലും മക്കള്‍ക്ക് ഒരുമ്മ കൊടുക്കാനും അവരെ ഒന്ന് തലോടാനും നാം സമയം കണ്ടെത്തണം. റസൂല്‍ (സ) തന്റെ പുന്നാര മകള്‍ ഫാത്വിമ (റ) ഭര്‍തൃഗൃഹത്തില്‍നിന്ന് വരുമ്പോള്‍ പോലും അവരുടെ തലയില്‍ കൈ വെച്ച് ഉമ്മ വെച്ച് ആലിംഗനം ചെയ്യുമായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം.
മക്കള്‍ക്കു മുന്നില്‍ ഉത്തമ മാതൃകകള്‍ നമുക്ക് കാഴ്ചവെക്കാനാകണം. നമസ്‌കാരം പോലുള്ള ആരാധനാ കര്‍മങ്ങളില്‍ ചെറുപ്പം മുതലേ അവര്‍ക്ക് പരിശീലനം നല്‍കാനും അവരില്‍ താല്‍പര്യം ജനിപ്പിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ വേണം. പള്ളികളിലേക്ക് പോകുമ്പോള്‍ കുട്ടികളെ കൂടെ കൊണ്ടുപോകുന്നത് പള്ളികളുമായി അവരെ അടുപ്പിക്കാന്‍ പ്രയോജനപ്പെടും.
മക്കളുടെ വസ്ത്രധാരണ രീതി, ഹെയര്‍ സ്‌റ്റൈല്‍ തുടങ്ങിയവ ഇസ്‌ലാമിക സംസ്‌കാരവുമായി യോജിക്കുന്നതായിരിക്കണം. ഇന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും സമയത്തിന്റെ ഗണ്യമായ ഭാഗം അപഹരിക്കുന്നത് മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയുമാണ്. കുട്ടികളുടെ ധാര്‍മികാധഃപതനത്തിന് ഇത് വഴിയൊരുക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.
കുടുംബത്തില്‍ ഏറ്റവുമധികം പരിചരണവും ശ്രദ്ധയും ലഭിക്കേണ്ട വിഭാഗമാണ് മാതാപിതാക്കള്‍. അല്ലാഹുവിനെയും റസൂലിനെയും കഴിച്ചാല്‍ മനുഷ്യന്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണ്.  നബി (സ) അരുളി: 'സ്വര്‍ഗം മാതാക്കളുടെ പാദങ്ങള്‍ക്കടിയിലാണ്. അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും അല്ലാഹുവിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്.' ഒരു കാരണവശാലും മാതാപിതാക്കള്‍ അവഗണിക്കപ്പെടാനോ അരക്ഷിതരാക്കപ്പെടാനോ ഇടവരരുത്. തങ്ങളുടെ വീടുകളില്‍ വൃദ്ധസദനങ്ങള്‍ക്കു സമാനമായ അന്തരീക്ഷം ഉണ്ടായിവരുന്നുണ്ടോ എന്ന് ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഒറ്റപ്പെടലുകളുടെയും അസ്വസ്ഥതകളുടെയും ഘട്ടമായ വാര്‍ധക്യത്തില്‍ അവരെ സ്നേഹപൂര്‍വം ചേര്‍ത്തു പിടിക്കുകയും അവര്‍ക്ക് അവലംബമാവുകയും വേണം. എത്ര മനോഹരമാണ് ഇസ്‌ലാമിന്റെ കുടുംബ നിയമങ്ങള്‍. പാശ്ചാത്യ വനിതകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്ക് ഇസ്‌ലാമിലെ കുടുംബവ്യവസ്ഥയാണത്രെ. എന്നാല്‍ മുസ്‌ലിം സമൂഹം ഇവ പ്രയോഗവത്കരിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയാണ് ഇസ്‌ലാമും മുസ്‌ലിംകളും തെറ്റിദ്ധരിക്കപ്പെടാനും ധാരാളമായി ആക്ഷേപിക്കപ്പെടാനും കാരണമാകുന്നത്. അതിനാല്‍ അവ പ്രയോഗവത്കരിക്കാനുള്ള ഇഛാശക്തി നമുക്കുണ്ടാവുക എന്നതാണ് പ്രധാനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (69-82)
ടി.കെ ഉബൈദ്‌