Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

'നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഭയത്തിന് സ്ഥാനമില്ല'

 മഹ്മൂദ് പ്രാച്ച/ സയാന്‍ ആസിഫ്

2020 ഫെബ്രുവരിയില്‍ സി.എ.എ, എന്‍.ആര്‍.സി നിയമങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കെ ദല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട മുസ്‌ലിംവിരുദ്ധ വംശീയ ആക്രമണങ്ങളില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. വസ്തുവകകളും മസ്ജിദുകളൂം വ്യാപകമായി നശിപ്പിക്കപ്പെട്ടു. ദല്‍ഹിയിലെ നിസാമുദ്ദീന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫീസ് ആണ് ഇതില്‍ പല കേസുകളും ഏറ്റെടുത്ത് വാദിക്കുന്നത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെയടക്കം കോടതിയില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള പ്രാച്ച വളരെ നാളായി നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന  ആക്ടിവിസ്റ്റാണ്. 2020 ഡിസംബര്‍ 24-ന് ദല്‍ഹി പോലീസ് അകാരണമായി പ്രാച്ചയുടെ ഓഫീസ് റെയ്ഡ് ചെയ്ത് ലാപ്‌ടോപ്പും മറ്റും പിടിച്ചെടുത്തു. അഭിഭാഷകനും ഹരജിക്കാരും തമ്മിലുള്ള ആശയവിനിമയങ്ങളടക്കം പല സ്വകാര്യ വിവരങ്ങളും ചോര്‍ത്തിയെടുക്കുകയും ചെയ്തു. തികച്ചും നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ പിന്നീട് സമൂഹത്തിന്റെ പല കോണുകളില്‍നിന്നു ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. മഹ്മൂദ് പ്രാച്ചയുമായി സയാന്‍ ആസിഫ് സംസാരിക്കുന്നു.

 

സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ദല്‍ഹിയില്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടിട്ട് ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി. അന്നത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട പല കേസുകളും താങ്കളുടെ ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത്. ആ കേസുകളുടെ പുരോഗതി എങ്ങനെയാണ്?

കേസുകള്‍ക്ക് കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നു തന്നെ വേണമെങ്കില്‍ പറയാം. നൂറോളം എഫ്.ഐ.ആറുകളും അത്ര തന്നെ ചാര്‍ജ് ഷീറ്റുകളും ഉണ്ട്. ഇതിലൊക്കെയും വാദം കേള്‍ക്കുന്നത് രണ്ട് സ്‌പെഷ്യല്‍ ജഡ്ജിമാരും രണ്ട് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റുകളും മാത്രമാണ്. അതുകൊണ്ടു തന്നെ വിചാരണ വളരെയധികം നീണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്.

അന്ന് ദല്‍ഹിയില്‍ നടന്ന സംഭവങ്ങളെ  'കലാപം' ആയി ചിത്രീകരിക്കുന്ന പലരുമുണ്ട്. രണ്ട് വിഭാഗങ്ങളും അക്രമം അഴിച്ചുവിട്ടു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ അന്ന് ആക്രമണത്തിനിരയായത് കാര്യമായും മുസ്‌ലിംകളും മുസ്‌ലിം വസ്തുവകകളും ആണെന്ന് വ്യക്തമാണ്. ഇതിലെ യഥാര്‍ഥ ചിത്രം എന്താണ്?

പൗരത്വ പ്രക്ഷോഭത്തെ വിലകുറച്ചുകാണിക്കാന്‍ നടന്ന ആസൂത്രിതമായ  ഇടപെടലായിരുന്നു അന്നത്തെ ആക്രമണങ്ങള്‍ എന്നതാണ് യഥാര്‍ഥ ചിത്രം. ആഭ്യന്തര മന്ത്രാലയമടക്കം സര്‍ക്കാറിന്റെ ഉയര്‍ന്ന തലങ്ങളില്‍ നടന്ന കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിരുന്നു ഈ ആക്രമണങ്ങള്‍. അത് നടപ്പാക്കുന്നതില്‍ ദല്‍ഹി പോലീസ് അവരെ സഹായിക്കുകയും അതില്‍ പങ്കാളികളാവുകയും ചെയ്തു. കപില്‍ മിശ്രയെ ഇതിനു വേണ്ടി അയച്ചതാണ്. ഡിസംബര്‍ മുതല്‍ തന്നെ ശാഹീന്‍ ബാഗും ജാമിഅയുമടക്കമുള്ള പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ദല്‍ഹി പോലീസിന്റെ പൂര്‍ണ സഹകരണത്തോടെ ബി.ജെ.പിയുടെ ഗുണ്ടകളാണ് ഇതിന് നേതൃത്വം കൊടുത്തത്. സമരത്തില്‍ സ്ത്രീകളും കുട്ടികളും ധാരാളമായി പങ്കെടുക്കുന്നുണ്ട് എന്നതായിരുന്നു ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ അത്ര പെട്ടെന്ന് അവര്‍ക്ക് ആക്രമണം അഴിച്ചുവിടാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ ഫെബ്രുവരി 23-ന് കപില്‍ മിശ്രയും ഡി.സി.പിയും അവിടെയെത്തി. ആക്രമണത്തിനു വേണ്ടി ട്രക്കുകണക്കിന് കല്ലുകള്‍ കൊണ്ടു വന്നിരുന്നു എന്നതിന് തെളിവുണ്ട്. വിദ്വേഷപ്രസംഗം നടത്തുക മാത്രമല്ല, രാഗിണി തിവാരിയെ പോലുള്ള ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ കൂടെ കൂടി കപില്‍ മിശ്ര നേരിട്ടിറങ്ങി ആളുകളെ ആക്രമിക്കുകയും ചെയ്തതിനു സാക്ഷികളുണ്ട്.  ഈ തെളിവുകള്‍ ഞങ്ങളുടെ കൈയിലുണ്ട്. ഇതിന്റെ കൂടെ നന്ദകിഷോര്‍ ഗുജ്ജാറിനെയും മോഹന്‍സിംഗ് ബിഷ്ടിനെയും പോലുള്ള ദല്‍ഹിയിലെയും പടിഞ്ഞാറന്‍ യു.പിയിലെയും നിലവിലുള്ള പല ബി.ജെ.പി എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും അക്രമത്തില്‍ പങ്കാളികളായിട്ടുണ്ട്. വളരെ ആസൂത്രിതമായ രീതിയില്‍ അവര്‍ മുസ്‌ലിം ഭൂരിപക്ഷ  പ്രദേശങ്ങള്‍ക്കെതിരെയും സമരവേദികള്‍ക്കെതിരെയും അക്രമം അഴിച്ചുവിട്ടു. പൂര്‍ണമായും ഒരു വിഭാഗം ആസൂത്രണം ചെയ്ത അതിക്രമങ്ങളായിരുന്നു ഇത്. ഒരുപാടു പേര്‍ കൊല്ലപ്പെട്ടു. ഇതിനെ വര്‍ഗീയ കലാപം എന്ന് വിളിക്കുന്നത് ആര്‍.എസ്.എസ്സിന്റെ അജണ്ടയില്‍ വീണുകൊടുക്കലാണ്. അതു തന്നെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനെ  വര്‍ഗീയ കലാപം എന്നു വിളിക്കുന്ന ആ നിമിഷം അവര്‍ വിജയിച്ചിരിക്കുകയാണ്. ഇത് രണ്ടു വശത്തു നിന്നും പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളല്ല. ആര്‍.എസ്.എസും ബി.ജെ.പിയും കൃത്യമായി പദ്ധതിയിട്ട് നടപ്പിലാക്കിയതാണിത്. ഇതൊക്കെയും ഞങ്ങള്‍ കോടതിയില്‍ തെളിയിക്കും.

ഈ തെളിവുകള്‍ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ?

അതേ. പല കേസുകളിലും എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ പോലീസ് തയാറല്ലാത്തതിനാല്‍ സി.ആര്‍.പി.സി സെക്ഷന്‍ 156-3 അനുസരിച്ച് ഞങ്ങള്‍ കോടതിയെ സമീപിക്കുകയും തെളിവുകള്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കുകയുമാണ് ചെയ്തത്.
അന്നു നടന്ന സംഭവങ്ങളില്‍ ദല്‍ഹി പോലീസ് നടത്തിയ ഇടപെടലുകളെക്കുറിച്ച് നിഷേധിക്കാനാവാത്തത്രയും തെളിവുകള്‍ ലഭ്യമാണ്. ഈ തെളിവുകള്‍ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് എന്റെ ഓഫീസില്‍ റെയ്ഡുകള്‍ നടന്നത്. എന്നാല്‍ എല്ലാറ്റിനും ഞങ്ങളുടെ കൈയില്‍ ബാക്കപ്പ് ഉണ്ട്. ദൈവാനുഗ്രഹം കൊണ്ട് തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

അന്നത്തെ അക്രമ പരമ്പര സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ വിജയം കണ്ടു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

അവര്‍ വിജയം കണ്ടു എന്നു വേണമെങ്കില്‍ പറയാം. പക്ഷേ (സമരക്കാര്‍ പിന്മാറിയതില്‍) കൊറോണ വൈറസിനും ഒരു പങ്കുണ്ട്. ഇല്ലെങ്കില്‍ ആക്രമണങ്ങള്‍ക്കിടയിലും സമാധാനപരമായ പ്രതിഷേധങ്ങള്‍ മുന്നോട്ടു പോകുമായിരുന്നു.

സി.എ.എയുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് ഇപ്പോള്‍ ജൂലൈ വരെ സമയം ലഭിച്ചിട്ടുണ്ട്. ഇതുകാരണം പ്രക്ഷോഭങ്ങള്‍ തിരിച്ചുവരുമെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. സി.എ.എ നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയമോ സര്‍ക്കാറിലെ തന്നെ ആര്‍.എസ്.എസ് ഘടകങ്ങളോ ഒരു നീക്കമെങ്കിലും നടത്തുകയാണെങ്കില്‍ പൗരത്വപ്രക്ഷോഭം വീണ്ടും ആരംഭിക്കും എന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഈ സമരങ്ങള്‍ തീര്‍ത്തും സമാധാനപരവും നിയമാനുസൃതവും ആയിരിക്കും. സമരം ചെയ്യാനുള്ള  അവകാശത്തെ സുപ്രീം കോടതിയും വകവെച്ചുതന്നതാണ്. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ടെന്ന് മാത്രമല്ല, അതിനെ തെറ്റായ വഴികളിലൂടെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപകടത്തിലാക്കുകയാണെന്നും കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

താങ്കളുടെ ഓഫീസില്‍ നടന്ന റെയ്ഡിനു പിന്നില്‍ അമിത് ഷാ ആണെന്ന് താങ്കള്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇങ്ങനെ തോന്നാന്‍ കാരണം?

ഇത് പറഞ്ഞത് ഞാനല്ല. റെയ്ഡ് ചെയ്യാന്‍ വന്നവര്‍ തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് അവരെ അയച്ചതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നെ ഇല്ലാതാക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ദല്‍ഹി ആക്രമണവുമായി ബന്ധപ്പെട്ട കേസുകളടക്കം സര്‍ക്കാറിനെതിരെ ഞാന്‍ വാദിക്കുന്ന കേസുകളില്‍നിന്ന് ഞാന്‍ പിന്മാറാന്‍ സമ്മര്‍ദം ചെലുത്താന്‍ വേണ്ടിയോ ആണ് ഷാ അങ്ങനെ ചെയ്തത്. റെയ്ഡിന്റെ വീഡിയോ റെക്കോര്‍ഡുകളില്‍ ഇതൊക്കെ അവര്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അതിന്റെ കോപ്പികള്‍ അവര്‍ ഞങ്ങള്‍ക്ക് നല്‍കാത്തത്. കോടതി ഈ റെക്കോര്‍ഡിംഗുകള്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണം പൊട്ടിപ്പുറപ്പെട്ട സമയത്ത് പോലീസ് തങ്ങളുടെ അധികാരപരിധിയില്‍ അല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന രീതിയിലാണ് ദല്‍ഹി സര്‍ക്കാര്‍ പെരുമാറിയത്. എന്നാല്‍ പിന്നീട് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തബ്‌ലീഗ് ജമാഅത്തിന്റെ വിഷയം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ ഉത്തരവിടുന്നതും നമ്മള്‍ കണ്ടു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ അരങ്ങേറിയ സംഭവങ്ങളോടുള്ള ദല്‍ഹി സര്‍ക്കാറിന്റെ പ്രതികരണത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

സമരക്കാര്‍ക്കെതിരെ നടന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ദല്‍ഹി സര്‍ക്കാറും ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നു തന്നെ ഞാന്‍ പറയും. ആര്‍.എസ്.എസിന്റെ പദ്ധതികള്‍ക്ക് സഹായകമാവുകയും അവരുടെ വാദങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്ന വിധത്തിലാണ് ഈ സര്‍ക്കാര്‍ പെരുമാറിയിട്ടുള്ളത്. സ്ത്രീകളടക്കമുള്ള പല എ.എ.പി കൗണ്‍സിലര്‍മാരുടെയും പെരുമാറ്റം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. നിയമം സംരക്ഷിക്കുന്നതിനു പകരം സ്വന്തം താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടാതിരിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളിലൂടെ സത്യത്തില്‍ ആര്‍.എസ്.എസിന്റെ പദ്ധതികള്‍ക്ക് ഊര്‍ജം പകരുകയാണ് എ.എ.പി ചെയ്തത്. ആര്‍.എസ്.എസിനെ പിണക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. ആക്രമണത്തിന് ഇരയായ പലര്‍ക്കും ഇതേ തോന്നലാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് മാത്രമല്ല, അന്നു നടന്ന സംഭവങ്ങള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്ത ആര്‍ക്കും അവര്‍ ആര്‍.എസ്.എസിന് എതിരെ പ്രവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുക. ചിലപ്പോള്‍ അവര്‍ ബാഹ്യ സമ്മര്‍ദങ്ങളാല്‍ അങ്ങനെ ചെയ്തതാവാം. കാരണം ആഭ്യന്തര മന്ത്രി ആളുകളെ 'അനുനയിപ്പിക്കുന്ന'തില്‍ ഏറെ മിടുക്കുള്ള ഒരാളാണ്. ഏതെങ്കിലും വിധത്തില്‍ ആളുകളെ സ്വന്തം വഴിക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് അറിയാം. ലഫ്റ്റനെന്റ് ഗവര്‍ണറുടെ വസതിയില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയില്‍ അമിത് ഷായും അരവിന്ദ് കെജ്‌രിവാളും പങ്കെടുത്തിരുന്നു.

ഈ കേസുകള്‍ വാദിക്കുന്നതില്‍ താങ്കള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികള്‍ എന്തൊക്കെയാണ്?

ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരെന്ന് പറയപ്പെടുന്ന പലരുടെയും പെരുമാറ്റമാണ് ഞങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതില്‍ പോലീസും കേസുകള്‍ കേള്‍ക്കുന്ന ചില ന്യായാധിപരും പെടുന്നു. അവര്‍ക്ക് നിയമം പിന്തുടരാന്‍ താല്‍പര്യമില്ല. തികച്ചും ഏകപക്ഷീയമായ രീതിയിലാണ് അവര്‍ പെരുമാറുന്നത്. എന്നാല്‍ ബാബാ സാഹെബ് ഭീം റാവു അംബേദ്കറുടെ ഭരണഘടനക്ക് ഇന്നും നീതി നേടിത്തരാനും ദുര്‍ബലരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ശക്തിയുണ്ട് എന്ന കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. ദല്‍ഹി വംശീയ ആക്രമണം തന്നെ ഉദാഹരണമായി പറയാം. ഞങ്ങളുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം 25-ലധികം ആര്‍.എസ്.എസ് ഭാരവാഹികള്‍ ഇതുമായി ബന്ധപ്പെട്ട് ഇതു വരെ അറസ്റ്റിലായിട്ടുണ്ട്.  ഭരണഘടനയിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ചിലപ്പോള്‍ നീതിയിലേക്കുള്ള വഴി നീണ്ടതും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമാവാം. പക്ഷേ ഒടുവില്‍ അതു നേടിത്തരാന്‍ ഭരണഘടനക്ക് സാധിക്കും എന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. ഇതിനു വേണ്ടി ഒരുപാട് കാലം ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച് പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് മാത്രം. ഇവിടെ ഭയത്തിന് ഒരു സ്ഥാനവുമില്ല.

ആര്‍.എസ്.എസിന്റെ ചരിത്രം പരിശോധിച്ചാല്‍  മുന്‍ നാളുകളില്‍  ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ആക്രമണങ്ങള്‍ നടത്തിയുമൊക്കെയാണ് അവര്‍ ആളുകളെ ഭയപ്പെടുത്തി നിര്‍ത്തിയിരുന്നതെന്ന് മനസ്സിലാക്കാം. എന്നാല്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തിന്റെ നിയമങ്ങളെയാണ് അവര്‍ തങ്ങളുടെ ആയുധമാക്കി മാറ്റുന്നത്. പൗരത്വ ദേദഗതി നിയമം, സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സഹായത്തിനു മേലുള്ള നിയന്ത്രണങ്ങള്‍, യു.എ.പി.എ തുടങ്ങിയവ ഇതിന് ഉദാഹരണമല്ലേ?

ബി.ജെ.പിയില്‍ മാത്രമല്ല, ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ആര്‍.എസ്.എസ് പ്രതിനിധികള്‍ ഉണ്ടെന്നതാണ് സത്യം. ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഭരണഘടനാ മൂല്യങ്ങളെ അവര്‍ വളരെ തുറന്ന രീതിയില്‍ തന്നെ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉണ്ടായിട്ടുള്ളൂ. എസ്.സി, എസ്.ടി വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതില്‍ ഇവിടെയുണ്ടായിരുന്ന ഒരു സര്‍ക്കാറിനും കാര്യമായ താല്‍പര്യം ഉണ്ടായിരുന്നില്ല. മുന്‍ സര്‍ക്കാറുകള്‍ ഇത് കുറേക്കൂടി പ്രകടമല്ലാത്ത രീതിയില്‍ ചെയ്തപ്പോള്‍ ഇപ്പോഴുള്ള രാഷ്ട്രീയക്കാര്‍ ഇത് വളരെ അപരിഷ്‌കൃതമായ രീതിയില്‍ നടപ്പാക്കുന്നു എന്നു മാത്രമേ ഉള്ളൂ. ആര്‍.എസ്.എസ് മുമ്പ് ആക്രമണ രീതികളാണ് പിന്തുടര്‍ന്നിരുന്നത്. ഇപ്പോള്‍ ഭരണം കൈയില്‍ കിട്ടിയപ്പോള്‍ അവര്‍ മറ്റു രീതികളും അവലംബിച്ചു തുടങ്ങി.
2008-ല്‍ യു.എ.പി.എ നിയമ ഭേദഗതി കൊണ്ടുവന്നതു തന്നെ പി. ചിദംബരമാണ് എന്ന കാര്യം നമ്മള്‍ മറന്നുകൂടാ.  പി.ഒ.ടി.എ നിയമം പിന്‍വലിക്കുമെന്നത് 2004-ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അവരത് ചെയ്യുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം തന്നെ യു.എ.പി.എ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി അതിനെ കുറേക്കൂടി ശക്തമാക്കി. ആര്‍.എസ്.എസുമായുള്ള ബന്ധമാണ് അങ്ങനെ ചെയ്യാന്‍ ചിദംബരത്തെ പ്രേരിപ്പിച്ചത്. അല്ലാതെ ഇത്രയും ഹീനമായ ഒരു നിയമം പ്രാബല്യത്തില്‍ വരാന്‍ ഒരു സാധ്യതയും ഇല്ല. ബി.ജെ.പിയില്‍ മാത്രമാണ് ആര്‍.എസ്.എസ് അണികള്‍ ഉള്ളതെന്ന തെറ്റിദ്ധാരണ നമ്മള്‍ വെച്ചുപുലര്‍ത്തരുത്. കോണ്‍ഗ്രസില്‍ തന്നെയുള്ള പല അംഗങ്ങളുടെയും വേരുകള്‍ കിടക്കുന്നത് ആര്‍.എസ്.എസിലാണ്. എന്നാല്‍ കൂടുതല്‍ ശക്തരായ ആര്‍.എസ്.എസ് പ്രതിനിധികള്‍ അധികാരത്തില്‍ വന്നാല്‍ ഈ നിയമം തങ്ങള്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടും എന്നവര്‍ മനസ്സിലാക്കിയില്ല.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി