Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

ലുഖ്മാന്‍ സലീമിന്റെ വധം.... പിന്നില്‍ കളിക്കുന്നത് ആരാണ്?

നദാ ദര്‍ദൂര്‍

'ലോറന്‍ ലാ ജൂര്‍' എന്ന ഫ്രഞ്ച് സൈറ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍, ലബനീസ് രാഷ്ട്രീയ വിമര്‍ശകനും ആക്ടിവിസ്റ്റുമായ ലുഖ്മാന്‍ സലീം എന്തുകൊണ്ട് വധിക്കപ്പെട്ടുവെന്നും ആര്‍ക്കൊക്കെയാണ് അതിന്റെ പ്രയോജനം കിട്ടുക എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കൊല്ലപ്പെട്ട നിലയില്‍ അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തുന്നത്. ലബനാന്‍ ഇന്ന് കടന്നുപോകുന്ന അതിസങ്കീര്‍ണമായ രാഷ്ട്രീയ ശൈഥില്യത്തിന്റെ നേര്‍ചിത്രമാണ് ഈ കൊലപാതകത്തില്‍ കാണാനാവുക. ഒരു പതിറ്റാണ്ടായി ലബനീസ് രാഷ്ട്രീയത്തില്‍ പിടിമുറുക്കിയ ഇറാന്‍ - സിറിയന്‍ അച്ചുതണ്ടിനെതിരെ ഉയരുന്ന എല്ലാ പ്രതിപക്ഷ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കുമെന്ന സന്ദേശമാണ് അത് നല്‍കുന്നത്. 2013 ഡിസംബര്‍ 27-ന് മുന്‍ ലബനീസ് ധനകാര്യ മന്ത്രി മുഹമ്മദ് ശതഹും ഇതുപോലെ വധിക്കപ്പെടുകയുണ്ടായി.  വധിക്കപ്പെട്ടവരുടെ ഈ നീണ്ട ലിസ്റ്റിലെ അവസാന പേരു മാത്രമാണ് ലുഖ്മാന്‍ സലീം. സാഹചര്യത്തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഹിസ്ബുല്ലക്ക് നേര്‍ക്കാണ്. പക്ഷേ, കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കുറ്റകൃത്യത്തെ അപലപിക്കുന്നുവെന്നുമൊക്കെയാണ് ഹിസ്ബുല്ലയുടെ ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്.
ലുഖ്മാന്‍ സലീം എന്ന ഈ ശീഈ രാഷ്ട്രീയ പ്രവര്‍ത്തകന്‍ നേരത്തേ തന്നെ ശീഈ മിലീഷ്യയായ ഹിസ്ബുല്ലയുടെ കടുത്ത വിമര്‍ശകനാണ്. പലതവണ അദ്ദേഹത്തിന്റെ ജീവനു നേരെ ഭീഷണി ഉയര്‍ന്നിട്ടുണ്ടായിരുന്നു. വെടിയേറ്റാണ് ലുഖ്മാന്‍ സലീം കൊല്ലപ്പെടുന്നത്. തലയില്‍ നാല് വെടിയുണ്ടകള്‍ തുളച്ചു കയറിയിട്ടുണ്ട്; ഒരു വെടിയുണ്ട മുതുകിലും. തെക്കന്‍ ലബനാനിലെ തഫാഹതാ നഗരത്തില്‍ സ്വന്തം കാറിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. ഉയരുന്ന ചോദ്യം ഇതാണ്: ലബനീസ് രാഷ്ട്രീയത്തില്‍ ഹിസ്ബുല്ല ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ തന്നെ അവരുടെ ഒരു കടുത്ത വിമര്‍ശകന്‍ വധിക്കപ്പെടാനുള്ള കാരണമെന്താണ്? രാഷ്ട്രീയ കൊലപാതകങ്ങള്‍ രണ്ട് പ്രേരണകളാല്‍ സംഭവിക്കാം: ഒന്നുകില്‍, മുഴുവന്‍ എതിരാളികള്‍ക്കുമുള്ള ഭീഷണി എന്ന നിലയില്‍; അല്ലെങ്കില്‍ ശക്തിപ്രകടനത്തിന്റെ അടയാളമെന്ന നിലയില്‍. അപ്പോഴൊക്കെയും ലക്ഷ്യം ഒന്നു തന്നെയായിരിക്കും. അസ്വസ്ഥതയുണ്ടാക്കുന്ന ഘടകങ്ങളെ പിഴുതുമാറ്റുക; ആ വഴി പിന്തുടരുന്നവര്‍ക്ക് താക്കീത് കൊടുക്കുക.
മാറിവരുന്ന രാഷ്ട്രീയ പശ്ചാത്തലം കൂടി കണക്കിലെടുക്കണം. കഴിഞ്ഞ ഒക്‌ടോബര്‍ 17-ന് ലബനാനില്‍ പുനരാരംഭിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ ശീഈ മേഖലയില്‍നിന്നു തന്നെ ഹിസ്ബുല്ല കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിന്റെ തെളിവ് കൂടിയായിരുന്നു. ലുഖ്മാന്‍ സലീമും മറ്റും പ്രതിനിധാനം ചെയ്യുന്ന ലിബറല്‍ പക്ഷത്തു (ഇവരെ ഹിസ്ബുല്ല വിളിക്കുക, അമേരിക്കക്കജ വേണ്ടി ചാരപ്പണി എടുക്കുന്നവര്‍ എന്നാണ്) നിന്ന് മാത്രമായിരുന്നില്ല വിമര്‍ശനങ്ങള്‍ എന്നര്‍ഥം. പരമ്പരാഗതമായി ഹിസ്ബുല്ലക്ക് ഒപ്പം നില്‍ക്കുന്നവരും അവരെ രൂക്ഷമായി വിമര്‍ശിക്കാന്‍ തുടങ്ങി. അമല്‍ പാര്‍ട്ടിയുമായി ഹിസ്ബുല്ല സഖ്യം ചേര്‍ന്നതാണ് അതിനൊരു കാരണം. അഴിമതിക്കെതിരെ ഹിസ്ബുല്ല കണ്ണടക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. ഹിസ്ബുല്ലയുടെ സായുധ ഗ്രൂപ്പിനെ സിറിയയിലും ഇറാഖിലും, ചെറിയ തോതിലാണെങ്കിലും യമനിലും ഇടപെടുന്ന ഒരു മേഖലാ മിലീഷ്യയാക്കി മാറ്റിയതും അതൃപ്തി ക്ഷണിച്ചു വരുത്തി. പക്ഷേ, ഹിസ്ബുല്ലയുടെയും അതിന്റെ മിലീഷ്യയുടെയും അവസാനവാക്ക് അതിന്റെ സെക്രട്ടറി ജനറലായ ഹസന്‍ നസ്വ്‌റുല്ലയാണ്. ഉദാഹരണത്തിന്, ഹിസ്ബുല്ലയോടൊപ്പം നില്‍ക്കുന്ന ലബനാനിലെ ശീഈ ബുദ്ധിജീവികളിലൊരാളായ ഖാസിം ഖസീര്‍ ഈയിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍, ഹിസ്ബുല്ല ഇറാനുമായി അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമ്മര്‍ദം ചെലുത്തി ആ പ്രസ്താവന അദ്ദേഹത്തെക്കൊണ്ട് തിരുത്തിപ്പറയിക്കുക തന്നെ ചെയ്തു.
രാജ്യത്തും മേഖലയിലും ഒരു തരത്തിലുള്ള എതിര്‍ശബ്ദവും അനുവദിക്കില്ലെന്ന സന്ദേശമായിരിക്കാം ഹിസ്ബുല്ല മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ മധ്യപൗരസ്ത്യ കാര്യങ്ങളുടെ ചുമതലയുള്ള അസി. സെക്രട്ടറി ഡേവിഡ് ഷെന്‍കര്‍ ഹിസ്ബുല്ലയുമായി വിയോജിപ്പുള്ള പത്തിലധികം ശീഈ വ്യക്തിത്വങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ലുഖ്മാന്‍ സലീമാണ് ഈ ചര്‍ച്ചക്ക് മുന്‍ കൈയെടുത്തത്. നേരത്തേ പറഞ്ഞ ഫ്രഞ്ച് ന്യൂസ് സൈറ്റിന്റെ വിലയിരുത്തല്‍ പ്രകാരം, വലിയ വൈരുധ്യത്തിലാണ് ഹിസ്ബുല്ല ചെന്നുപെട്ടിരിക്കുന്നത്. ലബനാനിലും മധ്യപൗരസ്ത്യ ദേശത്തും മുമ്പത്തേക്കാളേറെ ശക്തിയും സ്വാധീനവുമാണ് ഹിസ്ബുല്ലക്ക് കൈവന്നിരിക്കുന്നത്. അതേസമയം അവരുടെ വിശ്വാസ്യതയും മേധാവിത്വവും ഇത്രയേറെ സംശയിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം ഉണ്ടായിട്ടുമില്ല. ലബ്‌നാനിലെ 'ക്രിസ്ത്യന്‍ തെരുവി'ന്റെ പിന്തുണയും ഹിസ്ബുല്ലക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. സാമ്പത്തിക തകര്‍ച്ചയുടെയും ബൈറൂത്ത് തുറമുഖത്തുണ്ടായ അതിമാരകമായ സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്വം അവര്‍ ഹിസ്ബുല്ലയിലാണ് ചുമത്തുന്നത്.
രാഷ്ട്രീയമായി ഇതിനേക്കാളൊക്കെ ഭീഷണി, ദേശീയ സമവായ സഖ്യം പൊളിഞ്ഞതാണ്. ശീഈ വോട്ട് ബേസ് എന്ന പരിമിതി മറികടക്കാന്‍ ഇത് ഹിസ്ബുല്ലയെ ഏറെ സഹായിച്ചിരുന്നു. ലുഖ്മാന്‍ സലീമിന്റെ വധത്തിലൂടെ, തങ്ങളുടെ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന് രാഷ്ട്രീയ പ്രതിയോഗികളെ ഓര്‍മപ്പെടുത്തുകയാണ് അവര്‍.
ഈ രാഷ്ട്രീയ കൊലപാതകത്തെ മേഖലാ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചേ കാണാന്‍ കഴിയൂ. ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യകള്‍ തങ്ങളുടെ പ്രതിയോഗികള്‍ക്കെതിരെ ഇതേ കൊലപാതക രാഷ്ട്രീയം പയറ്റുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഇരയായിരുന്നു കഴിഞ്ഞ ജൂലൈയില്‍, തീവ്രസംഘങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ ഇറാഖിലെ ഹിശാമുല്‍ ഹാശിമി കൊല ചെയ്യപ്പെട്ട സംഭവം. 2020 ജനുവരിയില്‍ ഇറാനിയന്‍ കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം വാഷിംഗ്ടണിനെതിരായുള്ള വാചകമടികളുടെ കാഠിന്യം കുറച്ചുകൊണ്ടു വന്നിരുന്നു തെഹ്‌റാന്‍. അതേസമയം തങ്ങള്‍ കീഴടക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശീയ ജനവിഭാഗങ്ങളോടുള്ള നിലപാട് ഇറാന്‍ കടുപ്പിക്കുകയും ചെയ്തു.
  ഏതായാലും ലുഖ്മാന്‍ സലീം വധം ലബനാന്‍ രാഷ്ട്രീയത്തെ കൂടുതല്‍ ശിഥിലവും സംഘര്‍ഷഭരിതവുമാക്കും. രാജ്യത്ത് പിടിമുറുക്കിയ ഒരു സായുധസംഘം തെഹ്‌റാനില്‍നിന്നുള്ള തിട്ടൂരങ്ങള്‍ക്കനുസരിച്ച് സ്വന്തം അജണ്ട തയാറാക്കുമ്പോള്‍ അവര്‍ വീമ്പടിക്കുന്ന പരിഷ്‌കരണങ്ങളൊക്കെ ഏട്ടിലേ കാണൂ. 

(അറബി 21, 2021 ഫെബ്രുവരി 5)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി