Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

ആഗോള കോര്‍പറേറ്റ് മൂലധനക്കുരുക്ക് 

പുതുതായി പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ മൂന്ന് മാസത്തോളമായി നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുക തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതലേ രണ്ട് രീതികള്‍ സമരത്തോട് സ്വീകരിച്ചു പോന്നു. പ്രക്ഷോഭകരെ നിരന്തരം ചര്‍ച്ചക്ക് വിളിച്ചുകൊണ്ടിരിക്കുക എന്നതാണ് ഒന്നാമത്തേത്. അവര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ ആ ചര്‍ച്ചകള്‍ ഒക്കെയും അലസിപ്പിരിയും. സമാന്തരമായി, പ്രക്ഷോഭത്തിന്റെ പേര് ചീത്തയാക്കാനുള്ള അണിയറ തന്ത്രകുതന്ത്രങ്ങളും മുറക്ക് നടത്തിക്കൊണ്ടിരുന്നു. ഖലിസ്താന്‍ വാദികളും ഭീകരവാദികളുമായി അവരെ മുദ്രകുത്തുന്നത് അതിന്റെ ഭാഗമാണ്. വെടക്കാക്കി നശിപ്പിക്കുക എന്ന കുതന്ത്രമാണ് റിപ്പബ്ലിക് ദിനത്തില്‍ പയറ്റിനോക്കിയത്. ഒരു ഘട്ടത്തില്‍ അത് വിജയം കണ്ടു എന്ന് തോന്നിച്ചതുമാണ്. പക്ഷേ പിറ്റേ ദിവസം തന്നെ പ്രക്ഷോഭം പൂര്‍വോപരി ആത്മവിശ്വാസത്തോടെ അതിന്റെ യഥാര്‍ഥ ട്രാക്കിലേക്ക് തിരിച്ചുകയറി.
എന്തുകൊണ്ടാണ് കര്‍ഷക പ്രക്ഷോഭങ്ങള്‍ കേന്ദ്ര ഭരണകൂടത്തെ ഇത്രയധികം വെപ്രാളപ്പെടുത്തുന്നത്? രാജ്യവ്യാപകമായി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ട് നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം തയാറാകുന്നില്ല? ഭരണകൂടത്തിന്റെ കേവലം മര്‍ക്കടമുഷ്ടി മാത്രമായി ഇതിനെ ചുരുക്കിക്കാണാന്‍ പറ്റുമോ? അതോ ലോക ബാങ്ക്, ഐ.എം.എഫ് പോലുള്ള ആഗോള പണമിടപാടു സ്ഥാപനങ്ങളുടെ വ്യവസ്ഥകളില്‍ ഒപ്പിട്ടുകൊടുത്ത് കുരുക്കിലായതാണോ ഈ കടുംപിടിത്തത്തിന് കാരണം? ഇന്ത്യന്‍ ധനകാര്യ മന്ത്രാലയത്തിന്റെ തന്നെ കണക്കനുസരിച്ച് 2020 മാര്‍ച്ച് വരെ നമ്മുടെ രാജ്യം 558.5 ബില്യന്‍ ഡോളര്‍ (ഏകദേശം നാല്‍പ്പത്തിയൊന്ന് ലക്ഷം കോടി രൂപ) വിദേശത്തു നിന്ന് കടമെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഐ.എം.എഫില്‍നിന്ന് പതിനാറ് ബില്യന്‍ ഡോളര്‍ കടമായി ലഭിക്കുകയുണ്ടായി. അഞ്ച് ബില്യന്‍ ഡോളര്‍ കൂടി ലഭ്യമാക്കാനുള്ള പ്രക്രിയകള്‍ പുരോഗമിക്കുകയുമാണ്. മേല്‍പ്പറഞ്ഞ ആഗോള ഏജന്‍സികള്‍ ഏതൊരു രാഷ്ട്രത്തിന് കടം നല്‍കുമ്പോഴും, കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാവുന്ന വിധത്തില്‍ സമ്പദ്ഘടനയെ മാറ്റിപ്പണിയണമെന്ന് വ്യവസ്ഥ വെക്കാറുണ്ട്. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്ന അത്യാവശ്യം കേള്‍ക്കാന്‍ സുഖമുള്ള പേരിലാണ് ഇത് അറിയപ്പെടുന്നത്. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, ക്രമേണ അവരുടെ ഭൂമിയും പിടിച്ചെടുക്കാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഇപ്പോഴത്തെ കാര്‍ഷിക നിയമങ്ങള്‍ ഈ 'ഘടനാ പരിഷ്‌കാര'ത്തിന്റെ ഭാഗമല്ലെന്ന് പിന്നെ എങ്ങനെ പറയും! ഈ ഗൂഢലക്ഷ്യങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഈ കരിനിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങള്‍ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ തറപ്പിച്ചു പറയുന്നത്. ഐ.എം.എഫ് വക്താവ് ഗെരി റൈസിന്റെ പ്രസ്താവനയില്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളുണ്ട്. പുതിയ ബില്ലുകള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ അടിമുടി മാറ്റിപ്പണിയും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഐ.എം.എഫ് ഉന്നംവെക്കുന്ന ഇത്തരം 'പരിഷ്‌കരണങ്ങള്‍' നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ആര്‍ക്കൊക്കെയാണ് ഇതിന്റെ പ്രയോജനം കിട്ടുന്നത് എന്നു നോക്കൂ. കര്‍ഷകരും കൂലിപ്പണിക്കാരും ഇടത്തരക്കാരും തൊഴിലന്വേഷകരായ ലക്ഷങ്ങളും ഈ 'പരിഷ്‌കരണങ്ങളു'ടെ ദുരിതങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ്. ഇതൊക്കെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി മാത്രം രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്.
കേന്ദ്ര ഗവണ്‍മെന്റിനെക്കൊണ്ട് നിയമങ്ങള്‍ ചുട്ടെടുപ്പിച്ച് ഇന്ത്യന്‍ കാര്‍ഷിക മേഖല മൊത്തം പിടിച്ചെടുക്കാന്‍ കോര്‍പറേറ്റുകള്‍ ഇപ്പോള്‍ ഇറങ്ങിക്കളിക്കുന്നതിനു പിന്നില്‍ വേറെയും പ്രേരണകളുണ്ട്. കാര്‍ഷിക മേഖലയില്‍ കടങ്ങളും ആത്മഹത്യകളും പെരുകുമ്പോഴും, മറ്റെല്ലാ സാമ്പത്തിക മേഖലകളും തകര്‍ന്നു കിടക്കുമ്പോഴും കഴിഞ്ഞ വര്‍ഷം റിക്കാര്‍ഡ് ഉല്‍പ്പാദനമായിരുന്നു കാര്‍ഷികരംഗം കാഴ്ചവെച്ചത്. ഇതൊക്കെയും തങ്ങളുടെ കൈപ്പിടിയില്‍ വന്നാലുള്ള ലാഭ സാധ്യത കോര്‍പറേറ്റുകള്‍ നേരത്തേ കണക്കു കൂട്ടിയിട്ടുണ്ട്. ആവനാഴിയിലുള്ളത് സകലതും പുറത്തെടുത്തു തന്നെയാണ് അവരുടെ അങ്കം. അതിനാല്‍ കര്‍ഷക പ്രക്ഷോഭം മാത്രമായി ഇതിനെ ചുരുക്കിക്കാണരുത്. രാജ്യത്തിന്റെ കാര്‍ഷികരംഗം കൂടി പിടിച്ചെടുക്കാനുള്ള നവ കൊളോണിയല്‍ അജണ്ടയാണ് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഓരോ ഇന്ത്യന്‍ പൗരനും ഏറ്റെടുക്കേണ്ട പോരാട്ടമാണ്. അത് വിജയിപ്പിക്കേണ്ട ഉത്തരവാദിത്വവും അവര്‍ക്കുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി