Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

ഇടതുപക്ഷത്തിന്റെ 'സാംസ്‌കാരിക ഇസ്‌ലാമോഫോബിയ'

മുശ്താഖ് ഫസല്‍

കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളില്‍ ഇസ്‌ലാമോഫോബിയ എങ്ങനെ നിലനില്‍ക്കുന്നു എന്ന് പരിശോധിക്കുന്ന പുസ്തകമാണ് 2009 മുതല്‍ 2019 വരെ കേരളത്തിലെ വിവിധ മുസ്‌ലിം വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കെ. അഷ്‌റഫിന്റെ 'ഇസ്‌ലാമോഫോബിയ: മലയാള ഭൂപടം'. ലേഖനങ്ങളുടെയും പഠനങ്ങളുടെയും സമാഹാരമാണ് പെന്‍ഡുലം ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതി. ആഗോളതലത്തില്‍ വ്യാപിച്ചു കിടക്കുന്ന ഇസ്‌ലാമോഫോബിയയുടെ കേരള പശ്ചാത്തലം എന്താണ്, എങ്ങനെയാണ് കേരളത്തില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്, എന്താണ് അതിന്റെ ചരിത്രം ഇങ്ങനെ തുടങ്ങി കേരളത്തിലെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സമുദായം, ജാതി, ദേശീയത, ഭരണകൂടം, മതം, സാമ്പത്തികം, ലിംഗം തുടങ്ങി വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പുസ്തകം ശ്രമിക്കുന്നത്. 
അബ്ദുന്നാസര്‍ മഅ്ദനിയും ബീമാപള്ളി വെടിവെപ്പുമാണ് പുസ്തകം ചര്‍ച്ച ചെയ്യുന്ന ര് പ്രധാന വിഷയങ്ങള്‍. മുസ്‌ലിം പ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധപൂര്‍വമായ കൂട്ടമറവിയാണ് അബ്ദുന്നാസര്‍ മഅ്ദനി വിഷയത്തിലും ബീമാപ്പള്ളി വെടിവെപ്പിലും ദൃശ്യമാകുന്നത്. അങ്കമാലി വെടിവെപ്പിനു ശേഷം കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പാണ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2009 മെയ് 17-ന് ബീമാപ്പള്ളിയില്‍ നടന്നത്. വെടിവെപ്പില്‍ 7 പേര്‍ മരിക്കുകയും 50-ഓളം പേര്‍ക്ക് ഗുരുതരമോ അല്ലാതെയോ പരിക്കുകളേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ 50 പേരില്‍ ഭൂരിഭാഗവും പിന്നീട് രോഗം മൂര്‍ഛിച്ച് മരണപ്പെടുകയായിരന്നു.  മാറിമാറി വന്ന ഇടത് - വലത് ഭരണകൂടങ്ങള്‍ ബീമാപ്പള്ളിക്കാരുടെ എല്ലാ അവകാശങ്ങളും തടഞ്ഞുവെച്ച് അവരെ വീണ്ടും ഭരണകൂട ഹിംസയുടെ ഇരകളാക്കി. ഒരു വിഭാഗത്തോടുള്ള ഭരണകൂട ഹിംസയുടെ ആഴവും വ്യാപ്തിയും എത്രത്തോളമുണ്ട് എന്ന് ബീമാപ്പള്ളി നമുക്ക് കാണിച്ചുതരുന്നു. ബീമാപ്പള്ളി വിഷയത്തിലെ കൂട്ട മറവി എന്നതിനേക്കാള്‍ പുസ്തകം ഉയര്‍ത്തുന്ന സാമൂഹിക മരണം  (Social Death) എന്ന തലക്കെട്ടാണ് മികച്ചത്. ഈ സാമൂഹിക മരണത്തിന്റെ ആഘാതം അബ്ദുന്നാസര്‍ മഅ്ദനിയുടെയും പരപ്പനങ്ങാടിയിലെ സകരിയ്യയുടെയും കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നത് മഅ്ദനി, സകരിയ്യ വിഷയങ്ങളിലെ മതേതര സമൂഹത്തിന്റെ  നിലപാടുകളില്‍നിന്ന് വ്യക്തമാണ്. 
മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചുള്ള മതേതര ലിബറല്‍ ആകുലതകളും ആശങ്കകളും കാസര്‍കോട്ടെ റയാന ഖാസി വിഷയത്തെ ആസ്പദമാക്കി പുസ്തകം ചര്‍ച്ച ചെയ്യുന്നു. 2010 ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വിഷയം, കാസര്‍കോട് ചേര്‍ക്കളത്തുനിന്നുമുള്ള യുവ വിദ്യാര്‍ഥിനിയായ റയാന ഖാസിയോട് പര്‍ദ ധരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലഭിച്ച ഭീഷണി സന്ദേശങ്ങളെയും ഫോണ്‍ കോളുകളെയും പറ്റിയായിരുന്നു. 'ഇസ്‌ലാമിക മൗലികവാദത്തിന്റെ വളര്‍ച്ച'യെ സംബന്ധിക്കുന്നതായത്‌കൊണ്ട് ദേശീയ/ആഗോള മാധ്യമങ്ങളും ഫെമിനിസ്റ്റ് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും റയാനയെ സഹായിക്കാന്‍ ഓടിയെത്തി. എന്നാല്‍ ഇത്തരം സഹായങ്ങളോ പിന്തുണകളോ ഹാദിയക്ക് ലഭിക്കാതെ പോയത് മുസ്‌ലിം വിരുദ്ധ മതേതര വ്യവഹാരത്തിന്റെ ഭാഗമായി തന്നെ മനസ്സിലാക്കണം. 
മുസ്‌ലിമിനെയും മുസ്‌ലിം ജീവിതത്തെയും വിദ്വേഷ മുന്‍വിധിയോടെ സമീപിക്കുന്നതില്‍ സിനിമകളും കലാവിഷ്‌കാരങ്ങളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. 2013-ല്‍ റിലീസ് ചെയ്ത 'വിശ്വരൂപം' എന്ന സിനിമയെ മുന്‍നിര്‍ത്തി പുസ്തകം ഇത്തരം മനോഭാവങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. 2017-ല്‍ റിലീസായ ടേക്ക് ഓഫ് എന്ന മലയാള സിനിമ ഇസ്‌ലാമോഫോബിയയുടെ ആഘോഷമായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. മുസ്‌ലിംകളെ കുറിച്ച വിദ്വേഷങ്ങള്‍ നിറഞ്ഞ ഇത്തരം ആവിഷ്‌കാരങ്ങള്‍ക്കെതിരെ മുസ്‌ലിം പക്ഷത്തു നിന്ന് എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റം, ഭീകരവാദം, ഇരവാദം, സ്വത്വവാദം തുടങ്ങിയ തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഇത്തരം ആധിപത്യ സ്ഥാപന മനോഭാവം വിദ്വേഷ വ്യാപനത്തിനും വളര്‍ച്ചക്കും വഴിവെക്കുന്നു എന്ന് മനസ്സിലാക്കണം. 
ഖിലാഫത്ത് പ്രക്ഷോഭത്തിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലില്‍ അടക്കപ്പെട്ടത് ഭീകര നിയമങ്ങള്‍ ചാര്‍ത്തപ്പെട്ടാണ് എന്ന് പുസ്തകം നിരീക്ഷിക്കുന്നു. യു.എ.പി.എ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിത നിലപാട് സ്വീകരിച്ച കേരളത്തിലെ ഇടത് സര്‍ക്കാര്‍ പക്ഷേ സ്വന്തം പാര്‍ട്ടിയിലെ അലന്‍ ശുഐബ്, താഹാ ഫസല്‍ എന്നീ രണ്ട് ചെറുപ്പക്കാരെ ലഘുലേഖയും പുസ്തകങ്ങളും കൈയില്‍ വെച്ചതിന്റെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചാര്‍ത്തി മാസങ്ങളോളം ജയിലിലടച്ചു. എന്നാല്‍ ഈ ലഘുലേഖയും പുസ്തകങ്ങളും ഏതെങ്കിലും നിരോധിത സംഘടനയുടേതല്ല താനും. 
ഇടതുപക്ഷ സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ചില നടപടികള്‍ പരിശോധിച്ചാല്‍ മുസ്‌ലിംകള്‍ ഇരസ്ഥാനത്ത് വരുകയും ആര്‍.എസ്.എസ് പ്രതിസ്ഥാനത്ത് വരുകയും ചെയ്ത കേസുകളില്‍ യു.എ.പി.എ പോലെയുള്ള ഭീകര നിയമങ്ങള്‍ (UAPA പോലെയുള്ള ഭീകര നിയമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്) ചുമത്തേണ്ട കേസുകളും ഉണ്ടായിരിക്കെ അത്തരം നടപടികളിലേക്ക് പോയിട്ടില്ല എന്നത് ഇടതുപക്ഷത്തിന്റെ സംഘ് പരിവാര്‍ പ്രീണനവും മുസ്‌ലിം വിരുദ്ധതയും രാഷ്ട്രീയ കാപട്യവുമാണ് വ്യക്തമാക്കുന്നത്.
ഹാദിയ വിഷയത്തിലും നജ്മല്‍ ബാബു വിഷയത്തിലും ഇടതുപക്ഷം സംഘ് പരിവാറിന് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചത്. ഇടതു സഹയാത്രികനായിരുന്ന ടി.എന്‍ ജോയി ഇസ്‌ലാം സ്വീകരിച്ച് നജ്മല്‍ ബാബു എന്ന് പേരു സ്വീകരിച്ചു. എന്നാല്‍ നജ്മല്‍ ബാബുവിനോട് അദ്ദേഹത്തിന്റെ മരണാനന്തരം ഹിന്ദുത്വ മതേതര സമൂഹം സ്വീകരിച്ച നിലപാട് തന്റെ മയ്യിത്ത് ചേരമാന്‍ പള്ളിയില്‍ ഖബ്‌റടക്കണം എന്ന് അദ്ദേഹം എഴുതി തയാറാക്കി വെച്ചിരുന്ന വസ്വിയ്യത്തിന് വിരുദ്ധമായിരുന്നു. അദ്ദേഹത്തിന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ക്കു പോലും മയ്യിത്ത് നമസ്‌കരിക്കാന്‍ അനുവദിക്കാതെ പോലീസിന്റെ സഹായത്തോടെ മയ്യിത്ത് കത്തിച്ചു കളയുകയായിരുന്നു. മുസ്‌ലിമായ ഒരു വ്യക്തി രേഖപ്പെടുത്തി വെച്ച അഭിലാഷം പോലും സാധിച്ചു കൊടുക്കാതിരിക്കാന്‍ മാത്രം കേരളത്തില്‍ ഇസ്‌ലാമോഫോബിയ ശക്തമാണ് എന്നു വേണം മനസ്സിലാക്കാന്‍.
ഭീകരമായ മുസ്‌ലിം വിരുദ്ധ സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഫാഷിസ്റ്റ്‌വിരുദ്ധ സമരങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും മുസ്‌ലിമിന്റേതായ ഐഡന്റിറ്റിയും ശബ്ദങ്ങളും മുദ്രാവാക്യങ്ങളും തിരസ്‌കരിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. എറണാകുളത്ത് നടന്ന ഫാഷിസ്റ്റ്‌വിരുദ്ധ മനുഷ്യസംഗമത്തില്‍ പക്ഷേ, ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ മുസ്‌ലിമിന്റെ സാന്നിധ്യം ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും ജാമിഅ മില്ലിയ്യയിലും രൂപപ്പെട്ട പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ മുസ്‌ലിമിനെ രാഷ്ട്രീയമായും ആത്മീയമായും ഉദ്ധീപിപ്പിക്കാന്‍ കഴിയുന്ന ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍, ഇന്‍ശാ അല്ലാഹ് പോലെയുള്ള മുദ്രാവാക്യങ്ങള്‍ പക്ഷേ കേരളത്തിലെ ജനകീയ സമരങ്ങളില്‍ ഒഴിവാക്കപ്പെട്ടു. അതിനുള്ള ന്യായമായി പറഞ്ഞത് മതേതരത്വത്തെയും ബഹുസ്വരതയെയും ബാധിക്കും എന്നാണ്. എന്നാല്‍ ജയ് ഭീം പോലെയുള്ള ദലിത് - കീഴാള മുദ്രാവാക്യങ്ങളും ശബ്ദങ്ങളും ജനകീയ സമരങ്ങളില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇത്തരമൊരു ദലിത് - കീഴാള ജനകീയ അടിത്തറയുള്ള പ്രസ്ഥാനം രോഹിത് വെമുലക്കു വേണ്ടി രൂപപ്പെട്ടതിന്റെയും എന്നാല്‍ നജീബിനു വേണ്ടി അത്തരം ജനകീയ അടിത്തറ വികസിക്കാതെ പോയതിന്റെയും കാരണങ്ങള്‍ പുസ്തകം വിശകലനം ചെയ്യുന്നു. 
ആഗോളതലത്തിലെ സഞ്ചാരത്തിന് സമാന്തരമായി മറ്റൊരു രീതിയില്‍ കേരളത്തിലും ഇസ്‌ലാമോഫോബിയ സഞ്ചരിക്കുന്നുണ്ട് എന്ന് പുസ്തകം വായിച്ചു തീര്‍ക്കുമ്പോള്‍ മനസ്സിലാകും. ശരീഅത്ത് വിവാദം മുതലോ അതിനു മുമ്പോ കേരളത്തില്‍ മുസ്‌ലിംവിരുദ്ധ ആശയങ്ങള്‍ക്ക് നേതൃത്വം നല്‍കിയതില്‍ കൂടുതലും ഇടതുപക്ഷമാണ് എന്ന് ബോധ്യപ്പെടും. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്, കേരളത്തിലെ സാംസ്‌കാരിക ലോകം ഭരിക്കുന്നത് ഇടതുപക്ഷമാണ് എന്നതാണ്. അതിനാല്‍ തന്നെ 'സാംസ്‌കാരിക ഇസ്‌ലാമോഫോബിയ' കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് സമകാലിക അനുഭവങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം  സാഹചര്യത്തില്‍ നിന്നു കൊണ്ട് കേരളത്തിലെ  ഇസ്‌ലാമോഫോബിയയെ ആഴ്ത്തില്‍ പരിശോധിക്കുന്ന മലയാളത്തിലെ ആദ്യത്തെ ശ്രമമാണ് ഇസ്‌ലാമോഫോബിയ: മലയാള ഭൂപടം എന്ന പുസ്തകം.

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌