Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

ധാര്‍മിക ബോധത്തിന്റെ ഡാര്‍വിനിസ്റ്റ് വിശദീകരണം

ഫൈസി

പ്രബോധനം വാരികയില്‍ (2021 ജനുവരി 8) 'ഇസ്‌ലാംഗോത്രമതമോ' എന്ന തലക്കെട്ടില്‍ ടി.കെ.എം ഇഖ്ബാല്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ എഴുതിയതായി കണ്ടു: ''മനുഷ്യന്‍ എന്തുകൊണ്ട് ധാര്‍മിക ജീവിയായി എന്നത് നാസ്തിക ദാര്‍ശകനികരെ നിരന്തരം കുഴക്കുന്ന ചോദ്യമാണ്. പരിണാമ സിദ്ധാന്തം മുന്നോട്ടു വെക്കുന്ന പ്രകൃതിവാദത്തെ അടിസ്ഥാനമാക്കി ധാര്‍മികതയെയോ മാനവികതയെയോ വിശദീകരിക്കാന്‍ നാസ്തികര്‍ക്ക്  സാധ്യമല്ല.'' ഡാര്‍വിനിസത്തിനെതിരെ പലരും ഉന്നയിക്കുന്ന ഒരു വാദമാണിത്. സാധാരണക്കാര്‍ മാത്രമല്ല, ലോകപ്രശസ്തരായ പല ഉന്നത ശാസ്ത്രജ്ഞരും അവരില്‍ പെടുന്നു. ശ്രദ്ധേയമായ പല ജനിതക രോഗങ്ങള്‍ കണ്ടുപിടിക്കുകയും അമേരിക്കയുടെ മനുഷ്യജിനോം പ്രോജക്ടിന്റെ ഡയറ്കടറായി പ്രവര്‍ത്തിക്കുകയും ചെയ്ത ഫ്രാന്‍സിസ് കോളിന്‍സാണ് ഒരാള്‍.  ഇദ്ദേഹം ദൈവവിശ്വാസിയായ ഡാര്‍വിനിസ്റ്റാണ്. ജനിതക കോഡിന്റെ ഗാംഭീര്യത്തിനുമുമ്പില്‍ സ്തംഭിച്ചു ഒരു ഡിസൈനറെ കൂടാതെ അത് നിലവില്‍ വരിക അസാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. എന്നാല്‍ ആദ്യത്തെ കോഡ് (ഉദാ: ഏറ്റവും പ്രാചീനമായ ഒരു ബാക്ടീരിയ) നിലവില്‍ വന്നതിനുശേഷം പിന്നെ ദൈവത്തിന്റെ ആവശ്യമില്ലത്രെ. അതില്‍ വരുന്ന യാദൃഛിക പരിവര്‍ത്തനങ്ങളില്‍നിന്ന് പ്രകൃതിനിര്‍ധാരണത്തിലൂടെ ബാക്ടീരിയ മുതല്‍ മനുഷ്യന്‍ വരെയുള്ളവര്‍ നിലവില്‍ വരാമത്രെ. എങ്കിലും, മനുഷ്യന്റെ ധര്‍മബോധവും ഡാര്‍വിനിസ്റ്റ് യുക്തിയുടെ വരുതിയില്‍ വിശദീകരിക്കാനാവില്ലെന്നും അദ്ദേഹം വാദിക്കുന്നു.
എന്നാല്‍ ഡാര്‍വിനിസ്റ്റുകള്‍ അത് സമ്മതിച്ചുതരില്ല.  അല്ലെങ്കിലും അവരൊന്നും സമ്മതിക്കുകയില്ലല്ലോ.  അവരുടെ വാദം പരിശോധിക്കുന്നതിനു മുമ്പ്, ഒരു കാര്യം നാം മനസ്സിലാക്കണം. ഗുണാത്മകമായ ഒരു പരിവര്‍ത്തനം എങ്ങനെ നിലവില്‍ വന്നു എന്നത് ഒട്ടുമുക്കാല്‍ കേസുകളിലും ഡാര്‍വിനിസത്തിന്റെ വിശദീകരണങ്ങളില്‍ അപ്രസക്തമാണ്. അത് മിക്കപ്പോഴും യക്ഷിക്കഥകളാണ്. റിച്ചാഡ് ഡോക്കിന്‍സ് തന്റെ ടലഹളശവെ ഏലിലല്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. 'വാദത്തിനു വേണ്ടി ജീനുകള്‍ എല്ലാവിധ അസംഭവ്യ കൃത്യങ്ങളും ചെയ്യുമെന്ന് അനുമാനിക്കേണ്ടതുണ്ട്. തന്റെ പങ്കാളിയെ മുങ്ങിപ്പോകുന്നതില്‍നിന്ന് രക്ഷപ്പെടുത്തുന്ന ഒരു പരികല്‍പിത ജീനിനെ കുറിച്ചു ഞാന്‍ പറയുമ്പോള്‍, അത് അവിശ്വസനീയമാണെന്ന് നിങ്ങള്‍ വിധിയെഴുതുകയാണെങ്കില്‍, ശുചിത്വ വാസനയുള്ള ആ തേനീച്ചകളെ കുറിച്ച് ഓര്‍ക്കുക. സങ്കീര്‍ണമായ പേശീസങ്കോചങ്ങളുടെയും സംവേദന സമാകലനത്തിന്റെയും ബോധപൂര്‍വമായ തീരുമാനങ്ങളുടെ പോലും ഹേതു ജീനാണെന്ന് പറയുകയല്ല. പഠനം, പരിശീലനം, പരിസ്ഥിതിയുടെ സ്വാധീനം മുതലായവ പെരുമാറ്റത്തിന്റെ വികാസത്തിന് കാരണമാകുന്നുവോ എന്ന ചോദ്യത്തെ നാം പരാമര്‍ശിക്കുന്നേയില്ല. മറ്റു കാര്യങ്ങളും ഒട്ടനവധി മറ്റു ജീനുകളുമെല്ലാം ഉള്ളതോടൊപ്പം തന്നെ, ഒരു ജീനിന് അതിന്റെ അലീലി(Allele)നേക്കാള്‍ കൂടുതല്‍ കൂട്ടുകാരനെ മുങ്ങിപ്പോകുന്നതില്‍നിന്ന് രക്ഷപ്പെടുത്തുന്ന സ്വഭാവം ഒരു ജീവിയില്‍ വികസിപ്പിച്ചെടുക്കുന്നതിന് സ്വാധീനിക്കാന്‍ കഴിയുമെന്ന് മാത്രമേ നിങ്ങള്‍ സമ്മതിക്കേണ്ടതുള്ളു. ഭ്രൂണത്തിന്റെ വികാസപ്രക്രിയകളെ കുറിച്ചുള്ള വിശദീകരണങ്ങള്‍, അതെത്ര തന്നെ താല്‍പര്യജനകമാണെങ്കിലും, പരിണാമ വിശദീകരണങ്ങളില്‍ അപ്രസക്തമാണ്' - ഡോക്കിന്‍സിന്റെ വാദമാണിത്. ശുചിത്വവാസനയുള്ള തേനീച്ചകള്‍ എന്നു പറഞ്ഞത്, ഒരുതരം തേനീച്ചകളില്‍ 'foulbrood'  എന്നറിയപ്പെടുന്ന സാംക്രമിക രോഗം പടര്‍ന്നുപിടിക്കാറുണ്ട്. അപ്പോള്‍ രോഗബാധിതമായ അറകള്‍ കണ്ടെത്തി അടപ്പു തുറന്നു രോഗം ബാധിച്ച കുഞ്ഞുങ്ങളെ എടുത്തു പുറത്തുകളയാനുള്ള ജന്മവാസന ആ ജാതിയിലെ തൊഴിലാളികള്‍ക്കുണ്ട്. അത്തരം കഴിവുള്ള തൊഴിലാളികളെ 'hygienic strain'  എന്നും അതില്ലാത്തവയെ 'unhygienic strain' എന്നും വിളിക്കുന്നു.  ജനിതക ശാസ്ത്രജ്ഞനായ റൂതന്‍ ബുഹ്‌ളര്‍ ഇതിനെ പറ്റി ഗവേഷണം നടത്തുകയുണ്ടായി.അദ്ദേഹം ശുചിത്വവവാസനയുള്ളതിനെയും അല്ലാത്തവയെയും സങ്കരപ്രജനനം ചെയ്തു. ഫലം, ആദ്യ തലമുറ മുഴുവന്‍ ശുചിത്വബോധമില്ലാത്ത തൊഴിലാളികളായിരുന്നു. ആ തലമുറയെ വീണ്ടും ശുചിത്വവാസനയുള്ള ജാതിയുമായി പ്രജനനം നടത്തിയപ്പോള്‍, മൂന്നു തരം സങ്കരവര്‍ഗങ്ങള്‍ ജന്മം കൊണ്ടു. ഒരു വിഭാഗം തികച്ചും ശുചിത്വവാസനയുണ്ടായിരുന്നപ്പോള്‍, രണ്ടാമത്തെ വിഭാഗത്തിന് അതൊട്ടുമുണ്ടായിരുന്നില്ല. മൂന്നാമത്തെ വിഭാഗം പാതി വഴിക്കായിരുന്നു. അവ അറയുടെ അടപ്പുകള്‍ തുറന്നെങ്കിലും കുഞ്ഞുങ്ങളെ പുറത്തേക്കെറിഞ്ഞില്ല.  ഇതില്‍നിന്ന് അടപ്പു തുറക്കാന്‍ പ്രേരിപ്പിക്കുന്ന ജീനും പുറത്തു കളയാന്‍ പ്രേരിപ്പിക്കുന്ന ജീനും വെവ്വേറെയാണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തി. അങ്ങനെയെങ്കില്‍, അടപ്പു തുറക്കാന്‍ തയാറല്ലെങ്കിലും പുറത്തുകളയാന്‍ തയാറുള്ള തൊഴിലാളികള്‍ ഉണ്ടായിരിക്കേണ്ടേ? രോഗബാധിതമായ അറകളുടെ അടപ്പുകള്‍ ബുഹ്‌ളര്‍ തുറന്നപ്പോള്‍ ആദ്യതലമുറയിലെ (അതായത്, എല്ലാം ശുചിത്വവാസനയില്ലാത്തത് എന്നു കരുതപ്പെട്ട തലമുറയിലെ) തൊഴിലാളികള്‍ ഉടനെ പോയി കുഞ്ഞുങ്ങളെ വലിച്ചു പുറത്തിട്ടുവത്രെ.
ഡാര്‍വിനിസ്റ്റുകള്‍ക്ക് വിശദീകരിക്കാന്‍ വിഷമം സൃഷ്ടിക്കുന്ന ഇത്തരം പരീക്ഷണഫലങ്ങള്‍ അവര്‍ തന്നെ ഉദ്ധരിക്കുമ്പോള്‍, നമുക്കതൊക്കെ വിശ്വസിക്കാമല്ലോ. ഇനി, ഇതിലെ ഡാര്‍വിനിസ്റ്റുകള്‍ വിട്ടുകളയുന്ന അതിശയങ്ങളെ നമുക്ക് അവലോകനം ചെയ്യാം. തൊഴിലാളികളുടെ ഈ രണ്ടു ചെയ്തികളും, അറയുടെ അടപ്പു തുറക്കലും രോഗിയായ കുഞ്ഞുങ്ങളെ പുറത്തെറിയലും, അവയുടെ 'ആവശ്യം' 'മനസ്സിലാക്കി' പരിണമിച്ചതല്ല.  അത് ബുദ്ധിയുള്ള ഡിസൈനറെ പ്രതിഷ്ഠിക്കലാവും.  ആകെ അതൊഴിവാക്കാനായിരുന്നല്ലോ ഡാര്‍വിന്‍ മുതലിങ്ങോട്ടുള്ള എല്ലാ ഡാര്‍വിനിസ്റ്റുകളുടെയും കസര്‍ത്തുകളെല്ലാം. പിന്നെ പരസ്പരബന്ധമില്ലാത്ത അടപ്പു തുറക്കലും കുഞ്ഞിനെ പുറത്തെറിയലും എങ്ങനെ പരിണമിച്ചുവന്നു? അതിനു ശേഷം, ഈ രണ്ടു ചെയ്തികളും സാംക്രമിക രോഗം പടര്‍ന്നുപിടിച്ചു കോളനിയൊട്ടാകെ നശിച്ചുപോകുന്നത് തടയാന്‍ സഹായിക്കുന്നതിനു വേണ്ടി, രോഗബാധിതമായ അറകള്‍ മാത്രം തെരഞ്ഞെടുത്ത് കുഞ്ഞുങ്ങളെ കളയുന്ന ഒരു പെരുമാറ്റ രീതിയിലേക്ക് കേന്ദ്രീകൃതമായതെങ്ങനെ? അങ്ങനെ കേന്ദ്രീകരിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, തൊഴിലാളികള്‍ വകതിരിവില്ലാതെ എല്ലാ അറകളും തുറന്നു കുഞ്ഞുങ്ങളെ പുറത്തിട്ടു നശിപ്പിക്കുമായിരുന്നു. പിന്നെ തുടര്‍ന്നുള്ള പരിണാമങ്ങള്‍ക്കൊന്നും ഇട നല്‍കാതെ, ആ ജീവജാതിയുടെ തന്നെ വംശമറ്റു പോയിട്ടുണ്ടാകുമായിരുന്നില്ലേ? ഡാര്‍വിനിസ്റ്റുകളുടെ മറുപടി അതൊന്നും വിശദീകരിക്കല്‍ അവരുടെ പണിയല്ലെന്നാണ്.  യാദൃഛികമായി ഒരു ഗുണവ്യതിയാനം ഉണ്ടായാല്‍, അത് തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെ എന്ന് വിശദീകരിക്കല്‍ മാത്രമാണ് അവരുടെ പണി. പക്ഷേ, സ്വാഭാവികമായും, ഈ മറുപടി ആരെയും തൃപ്തിപ്പെടുത്തുകയില്ലല്ലോ. അതുകൊണ്ട്, 'ദ് ഒറിജന്‍ ഓഫ് സ്പീഷീസ്' മുതല്‍ തന്നെ, ഡാര്‍വിനടക്കമുള്ളവര്‍ പല വിശദീകരണങ്ങളും എഴുന്നള്ളിക്കാറുണ്ട്. അവയെയാണ് നോം ചോംസ്‌കി 'യക്ഷിക്കഥകള്‍' എന്ന് വിളിച്ചു പരിഹസിച്ചത് (ചോംസ്‌കി നിരീശ്വരവാദിയും പരിണാമവാദിയുമാണെന്ന് ഓര്‍ക്കുക). ഇങ്ങനെ വിശദീകരണമാവശ്യപ്പെടുന്ന കണക്കറ്റ പെരുമാറ്റരീതികളും അവയവ ഘടനകളുമുണ്ട്. അവയില്‍ ചിലത് 'ജൈവവര്‍ഗോല്‍പത്തി  വിമര്‍ശന പഠനം' എന്ന എന്റെ പുസ്തകത്തില്‍ വിശകലനം ചെയ്തിട്ടുള്ളതുകൊണ്ട്, കൂടുതല്‍ ഇവിടെ എഴുതുന്നില്ല. 
ധാര്‍മിക ബോധത്തിന്റെ ഡാര്‍വിനിസ്റ്റ് വിശദീകരണം എന്തെന്ന് എഴുതുന്നതിന്റെ ആമുഖമായിട്ടാണ് ഇത്രയും എഴുതിയത്. ധാര്‍മിക ബോധമെന്ന് പറയുന്നതൊന്നും ഇല്ല എന്നാണ് അവരുടെ വാദം.  നമ്മള്‍ ധാര്‍മികബോധം എന്ന് പറയുന്നതൊക്കെ, അവയില്ലാത്ത വര്‍ഗത്തേക്കാള്‍ അവയുള്ള വര്‍ഗത്തിന് കൂടുതലായി വംശവര്‍ധനക്ക് അത്തരം പെരുമാറ്റങ്ങള്‍ സഹായകമായതുകൊണ്ട് നിലനിന്നതാണ്.  ഉദാഹരണത്തിന്, വ്യഭിചാരം അധര്‍മമാണെന്ന വാദം. ഇതെങ്ങനെ ഉണ്ടായതാണെന്നാല്‍, ആദിമ മനുഷ്യര്‍ അനിയന്ത്രിതമായി പല സ്ത്രീകളുമായും മൃഗങ്ങളുമായൊക്കെ ലൈംഗികകേളികളില്‍ ഏര്‍പ്പെട്ടപ്പോള്‍, പല രോഗങ്ങളുമുണ്ടായി, കൂടുതലായി മരണങ്ങള്‍ സംഭവിച്ചു. അപ്പോള്‍ ചില വ്യക്തികളില്‍, അതിനെതിരെയുള്ള ഒരു അഭിരുചി ഉടലെടുത്തു. അതായത്, മനുഷ്യേതര ലൈംഗിക ബന്ധത്തില്‍ അറപ്പ്, മനുഷ്യസ്ത്രീകളുമായുള്ള ബന്ധത്തില്‍ തന്നെ വകതിരിവില്ലാതെ പല സ്ത്രീകളുമായും ബന്ധപ്പെടാതെ, ഒരു നിയന്ത്രണം വേണമെന്നുള്ള ഒരു മനഃസ്ഥിതി എന്നിങ്ങനെ. ഇവരില്‍ ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ അവരായിരിക്കും കൂടുതല്‍ കാലം ജീവിക്കുകയും കൂടുതല്‍ സന്താനങ്ങളെ വിട്ടേച്ചുപോവുകയും ചെയ്യുക.  കാലം കഴിയുന്നതോടെ അവര്‍ പെരുകി, സമൂഹത്തില്‍ സ്വാധീനമുള്ളവരായി മാറും. അങ്ങനെ, ഇവരുടെ നിലപാട്, അതായത് അനിയന്ത്രിത ലൈംഗിക ബന്ധം ചീത്തയാണെന്നും, നിയന്ത്രിത ലൈംഗിക ബന്ധമാണ് ശരിയെന്നുമുള്ള നിലപാട് സമൂഹത്തില്‍ വേരുറക്കും. വ്യഭിചാരത്തെ അധര്‍മമായി മനസ്സിലാക്കുന്ന സമൂഹം ഇങ്ങനെയാണ് ഉണ്ടായതെന്നാണ് ഡാര്‍വിനിസ്റ്റുകള്‍ വിശദീകരിക്കുക.  ഇതില്‍, ചില വ്യക്തികളില്‍ എങ്ങനെയാണ് വ്യഭിചാരം ചീത്തയാണെന്ന ബോധം ഉണ്ടായതെന്ന് ചോദിച്ചാല്‍, യാദൃഛികം എന്ന ഉത്തരമാണ് ലഭിക്കുക. അതേതായാലും, ശുചിത്വബോധമുള്ള തേനീച്ചകളിലെ പെരുമാറ്റങ്ങള്‍ ഉണ്ടായതെങ്ങനെ എന്ന ചോദ്യത്തിന്റെ വിഷമമുള്ളതല്ല. കാരണം, ലൈംഗിക രോഗങ്ങള്‍ പെട്ടെന്ന് വംശനാശത്തിലേക്ക് നയിക്കുകയില്ല. അവരില്‍ ചിലര്‍ക്ക് അനിയന്ത്രിത ലൈംഗികകേളിയോട് അനിഷ്ടം തോന്നുന്നതില്‍ വലിയ യുക്തിരാഹിത്യം ഒന്നുമില്ലല്ലോ. നമ്മളില്‍ തന്നെ പൊതുവായ പെരുമാറ്റത്തോട് അനിഷ്ടമുള്ള ആളുകളെ കാണാമല്ലോ. അവരോട് കാരണം ചോദിച്ചാല്‍, 'എന്തോ, എനിക്കതിഷ്ടമല്ല' എന്ന ഉത്തരമാണ് ലഭിക്കുക. എന്നാല്‍, ശുചിത്വവാസനയുള്ള തേനീച്ചകളുടെ കാര്യമതല്ല.  എല്ലാം ഒന്നിച്ചു പരിണമിച്ചു വന്നില്ലെങ്കില്‍, വംശനാശമാണ് സംഭവിക്കുക. ധാര്‍മിക ബോധം പരിണമിച്ചുവന്നതിന്റെ ഡാര്‍വിനിസ്റ്റ് വിശദീകരണം അംഗീകരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. മറ്റു പെരുമാറ്റ രീതികളുടെയും അംഗവിസ്മയങ്ങളുടെയും ഡാര്‍വിനിസ്റ്റ് വിശദീകരണങ്ങള്‍ അംഗീകരിക്കുന്നതിനേക്കാള്‍ പ്രയാസം ഇതിലില്ല എന്ന് ചൂണ്ടിക്കാണിക്കാനാണ്. ഇതിനേക്കാള്‍ സംവാദനേട്ടം തരുന്ന പല പെരുമാറ്റ രീതികളും അംഗവിസ്മയങ്ങളുമുണ്ട്. കരജീവികളിലെ ഒഴിച്ചുകൂടാനാവാത്ത ഇണചേരല്‍ എന്ന പെരുമാറ്റം ഒരു ഉദാഹരണം. സംവാദത്തില്‍ നാം താര്‍ക്കിക മിതവ്യയത്വം അവലംബിക്കണം. ഇക്കാര്യത്തില്‍ ഇബ്‌റാഹീം (അ) നമുക്ക് മാതൃകയാണ്.  അദ്ദേഹം നംറൂദിനോട് 'എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു' എന്ന് പറഞ്ഞപ്പോള്‍, ആ വിഡ്ഢി 'ഞാനും അത് ചെയ്യുന്നുണ്ടല്ലോ...' എന്ന് പറഞ്ഞുകൊണ്ട് ഒരു നിരപരാധിയെ കൊല്ലുകയും ഒരു കുറ്റക്കാരനെ വെറുതെ വിടുകയും ചെയ്തു. ഇബ്‌റാഹീം (അ) നംറൂദിന്റെ വിഡ്ഢിത്തം പറഞ്ഞു മനസ്സിലാക്കാന്‍ പോയൊന്നുമില്ല. 'ആട്ടെ, എന്റെ നാഥന്‍ സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നു.  നീ പടിഞ്ഞാറു നിന്ന് ഉദിപ്പിക്ക്...' നംറൂദിന് ഉത്തരംമുട്ടി.
ഇതേപോലെ തന്നെയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി മരിക്കുന്നതു പോലുള്ള പരോപകാരനിരതത്വ(Altruism)ത്തിന്റെ ഡാര്‍വിനിസ്റ്റ് വിശദീകരണങ്ങളും. ഫ്രാന്‍സിസ് കോളിന്‍സ് ചോദിക്കുന്നു, ഒരാളുടെ നാശത്തിന് കാരണമാവുന്ന ഗുണവ്യതിയാനം എങ്ങനെയാണ് പ്രകൃതി തെരഞ്ഞെടുക്കുക? ഡാര്‍വിനിസ്റ്റുകള്‍ പറയുക, പ്രകൃതിക്ക് ഒരു വ്യക്തിയുടെ നാശമൊന്നും ഒരു പ്രശ്‌നമല്ല. ഒരാള്‍ക്ക് പകരം കുറേയാളുകള്‍ ബാക്കിയാവുമെങ്കില്‍, ആ സ്വഭാവമാണ് പ്രകൃതി തെരഞ്ഞെടുക്കുക. ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നതാണ്, പശ്ചിമ അമേരിക്കയിലെ 'ബല്‍ഡിംഗ് നിലയണ്ണാന്‍'. വേട്ടമൃഗങ്ങളെ കാണുമ്പോള്‍, അതൊരു ശബ്ദം പുറപ്പെടുവിക്കും. ഇതുകൊണ്ട് അത് സ്വയം തന്നെ ആപത്ത് വിളിച്ചു വരുത്തുകയാണെങ്കിലും, ആ ശബ്ദം കാരണമായി കൂടുതല്‍ നിലയണ്ണാന്മാര്‍ രക്ഷപ്പെടുമെന്നതിനാല്‍, ഈ പെരുമാറ്റമില്ലാത്ത ജാതിയേക്കാള്‍ കൂടുതല്‍ ഇവ ബാക്കിയാവുകയും ജീവിതസമരത്തില്‍ അതിജീവിക്കുകയും ചെയ്യുമെന്നാണ് വിശദീകരണം.  ഇത് ചൂണ്ടിക്കാണിച്ച് മനുഷ്യരിലെ പരോപകാരനിരതത്വത്തെയും വിശദീകരിക്കുന്നു. അതെല്ലാം പല പെരുമാറ്റ രീതികളുടെയും പരസ്പര അന്യോന്യക്രിയകളുടെ സാംഖ്യക ശരാശരി(Statistical Average)യിലൂടെ ഉണ്ടായതാണത്രെ.

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌