Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

'കരുത്തുറ്റ കുടുംബം, കരുത്തുറ്റ സമൂഹം'അഖിലേന്ത്യാ കാമ്പയിന് വിപുലമായ ഒരുക്കങ്ങള്‍

എ. റഹ്മത്തുന്നിസ

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ദേശീയതലത്തില്‍ 2021 ഫെബ്രുവരി 19 മുതല്‍ 28 വരെ നടത്തുന്ന കാമ്പയിന്‍ പരിപാടികള്‍ വിശദീകരിക്കുകയാണ് അഖിലേന്ത്യാ വനിതാ വിഭാഗം കോ-സെക്രട്ടറിയും കാമ്പയിന്‍ ഇന്‍-ചാര്‍ജുമായ എ. റഹ്മത്തുന്നിസ


നിരവധി പ്രശ്‌നങ്ങള്‍ ഒന്നിച്ചു നേരിടേണ്ട  സാഹചര്യമാണ് നമ്മുടെ രാജ്യത്ത് സംജാതമായിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്തും അതിനു ശേഷവും പല വിഷയങ്ങളിലും സംവാദങ്ങള്‍ അരങ്ങേറി.  സാമ്പത്തികത്തകര്‍ച്ച, കാര്‍ഷിക ബില്‍, ആരോഗ്യ- തൊഴില്‍ മേഖലകളുടെ തളര്‍ച്ച, ഫാഷിസ്റ്റ് തേര്‍വാഴ്ചകള്‍ ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍. ഇക്കൂട്ടത്തില്‍ ചര്‍ച്ചയായ വിഷയമാണ് വര്‍ധിച്ച ഗാര്‍ഹിക പീഡനങ്ങള്‍.  2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം ദേശീയ വനിതാ കമീഷന് ലഭിച്ചത് കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയില്‍ കൂടുതല്‍ ഗാര്‍ഹിക പീഡന പരാതികളാണ്.  'ഷാഡോ പാന്‍ഡെമിക്' എന്ന് സാമൂഹിക വിദഗ്ധര്‍ വിശേഷിപ്പിക്കുവോളം രൂക്ഷമായിരുന്നു പ്രശ്‌നം. 'വീട്ടില്‍ ഇരിക്കൂ സുരക്ഷിതരാകൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ മറ്റൊരു ചോദ്യമാണ് ഇന്ത്യയിലെ ഓരോ വീടും എത്ര സുരക്ഷിതമാണ് എന്നത്. പീഡനങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ ഏഴു ശതമാനം മാത്രമേ അധികൃതരെ സഹായത്തിനായി സമീപിക്കുന്നുള്ളൂ എന്നത് ഇതോടു ചേര്‍ത്തു വായിക്കണം. വിവിധതരം പീഡനങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും പെണ്‍കുട്ടികളുമാണെങ്കിലും,  പുരുഷന്മാരും പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. നാണക്കേട് കൊണ്ട് പലരും പുറത്തു പറയുന്നില്ലെന്നു മാത്രം. കുട്ടികള്‍, യുവതീയുവാക്കള്‍, വൃദ്ധര്‍ തുടങ്ങി എല്ലാ പ്രായപരിധിയില്‍പെട്ടവരും   കുടുംബത്തിനകത്ത്  പ്രയാസപ്പെടുന്നുണ്ട്.
ആഗോളതലത്തില്‍തന്നെ ഏതാണ്ട് 243 മില്യന്‍ സ്ത്രീകളും കുട്ടികളും ഈ കാലയളവില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടതായി UN Women പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ പൊട്ടിമുളച്ചതല്ല പ്രശ്‌നം എന്നര്‍ഥം. ജോലിസംബന്ധമായും മറ്റും നേരത്തേ അകന്നുകഴിഞ്ഞിരുന്ന കുടുംബാംഗങ്ങള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങിയപ്പോള്‍, ദുരന്തകാലത്ത് പരസ്പരം താങ്ങും തണലുമാകുന്നതിനു പകരം കടിച്ചുകീറാനും കലഹിക്കാനുമുള്ള അവസരമാക്കി മാറ്റുകയായിരുന്നു. ഈ കാലയളവില്‍ വിവാഹമോചനം മൂന്നിരട്ടി ആവുകയും കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ വന്‍വര്‍ധനവ് ഉണ്ടാവുകയും ആത്മഹത്യാനിരക്ക് വര്‍ധിക്കുകയുമൊക്കെ ചെയ്തിരിക്കുന്നു.
സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റായ കുടുംബം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചും കുടുംബവ്യവസ്ഥയെ ശക്തിപ്പെടുത്തിയും  മാത്രമേ ഏതൊരു സമൂഹത്തിനും സ്ഥായിയായ പുരോഗതി കൈവരിക്കാനാവൂ എന്ന തിരിച്ചറിവില്‍നിന്നാണ് ഈ വിഷയത്തില്‍ ഒരു കാമ്പയിന്‍ നടത്താന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ ഘടകം തീരുമാനിച്ചത്. കുടുംബത്തിനകത്ത് ശാന്തിയും സമാധാനവും ഉണ്ടെങ്കില്‍, കുടുംബാംഗങ്ങള്‍ക്കിടയിലെ പരസ്പര ബന്ധങ്ങള്‍ ശക്തമാണെങ്കില്‍ മറ്റേതു പ്രശ്‌നത്തെയും നേരിടാനും  ക്രിയാത്മകമായി ചിന്തിച്ച് പരിഹാരം കാണാനും സാധിക്കും. അതായത് സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റും സൃഷ്ടികര്‍ത്താവായ അല്ലാഹു തന്നെ രൂപപ്പെടുത്തിയതുമായ കുടുംബഘടന ശരിയായ രീതിയില്‍ നിലനിര്‍ത്തുക എന്നത് തന്നെയാണ് സമൂഹം നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും ഒന്നാമത്തെ പരിഹാരം. ഇതു സംബന്ധമായി ശക്തമായ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് കാമ്പയിന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2021 ഫെബ്രുവരി 19 മുതല്‍ 28  വരെയാണ്  'കരുത്തുറ്റ കുടുംബം, കരുത്തുറ്റ സമൂഹം' (Strong Family, Strong Society) എന്ന തലക്കെട്ടില്‍ ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുക. സ്വന്തം കുടുംബത്തെ കുറിച്ചും പരസ്പര ബന്ധങ്ങളെക്കുറിച്ചും കുടുംബത്തിനകത്ത് വളര്‍ന്നുവരുന്ന തലമുറയെ കുറിച്ചുമെല്ലാം ആത്മപരിശോധന നടത്താനും, അശാസ്ത്രീയവും സദാചാരവിരുദ്ധവും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ചിന്താധാരകളെ തിരിച്ചറിയാനും കാമ്പയിനിലൂടെ സാധിക്കണമെന്നാണ്  പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും  അധ്യാപനങ്ങള്‍ കൈവശമുള്ള മുസ്‌ലിം സമുദായം മാതൃകയാവേണ്ടതുണ്ട്. സമുദായ നേതൃത്വത്തെ ഇക്കാര്യം യഥാവിധി ഉണര്‍ത്തേണ്ടതുണ്ട്. പതിവ് ബോധവല്‍ക്കരണ പരിപാടികള്‍ക്കു പുറമെ  ആത്മപരിശോധനക്കുതകുന്ന ചോദ്യാവലി തുടക്കത്തില്‍ തന്നെ തയാറാക്കി നല്‍കിയത് ഇതിനു വേണ്ടിയാണ്. ചുരുക്കത്തില്‍, കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക എന്ന ഖുര്‍ആനിന്റെ ആഹ്വാനം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമയമായിരിക്കുന്നു എന്ന ബോധ്യത്തില്‍നിന്നാണ് കാമ്പയിനുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗമാണ് കാമ്പയിന്‍ നടത്തുന്നതെങ്കിലും അതിന്റെ അഭിസംബോധിതര്‍ എല്ലാവരുമാണ്.
പ്രധാനമായും രണ്ടു കാരണങ്ങളാലാണ് ഇന്ന് കുടുംബജീവിതം ശിഥിലവും ഭാരമേറിയതുമായിത്തീരുന്നത്. ഒന്ന്, പലതരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും മാമൂലുകളും കാരണം വിവാഹം  വലിയ ബാധ്യതയായി മാറിയിരിക്കുന്നു. സ്ത്രീധന സമ്പ്രദായം, ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആര്‍ഭാടപൂര്‍ണമായ ചടങ്ങുകള്‍, കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാം വിവാഹത്തെ താങ്ങാനാവാത്ത ഭാരമാക്കി മാറ്റിയിരിക്കുന്നു. രണ്ട്, നമ്മുടെ സമൂഹത്തില്‍ പ്രചാരം നേടിയ മുതലാളിത്തം, പദാര്‍ഥവാദം, വ്യക്തിവാദം, ലിബറലിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി മനുഷ്യരെ സ്വാര്‍ഥരും സ്വന്തത്തിലേക്ക് ചുരുങ്ങുന്നവരുമാക്കി  മാറ്റിയിരിക്കുന്നു. ഈ സോഷ്യല്‍ മീഡിയാ കാലത്ത് നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങള്‍ പോലും ഈ സ്വാധീനത്തിന് പുറത്തല്ല. 'എന്റെ ജീവിതം, എന്റെ ഇഷ്ടം'; 'ഞാന്‍ ഒറ്റക്കാണ്, പക്ഷേ ഏകനല്ല' തുടങ്ങിയ ചിന്താഗതികളാണ് യുവതലമുറയെ ഇന്ന് നയിക്കുന്നത്. ഫലമോ, കുടുംബം, കുട്ടികള്‍  തുടങ്ങിയ ജീവിതത്തെ അര്‍ഥപൂര്‍ണവും മനോഹരവുമാക്കുന്ന, ആത്മീയവും ഭൗതികവുമായ ഔന്നത്യത്തിലേക്ക് നയിക്കുന്ന എല്ലാ ബന്ധങ്ങളില്‍നിന്നും അതോടനുബന്ധിച്ച് വന്നുചേരുന്ന ബാധ്യതകളില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത ഏറിവരുന്നു. എല്ലാം ലാഭനഷ്ടങ്ങളുടെ മാപിനിയില്‍  അളക്കാന്‍ പഠിപ്പിച്ച മുതലാളിത്ത കച്ചവടതന്ത്രം നേരത്തേ കുടുംബങ്ങളില്‍നിന്ന് മാത്രം ലഭിച്ചിരുന്ന പലതും അങ്ങാടിയില്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും വളരെ എളുപ്പത്തില്‍ ലഭ്യമാക്കി. ഭക്ഷണം മുതല്‍ ലൈംഗികാസ്വാദനം വരെ അതില്‍ പെടും. ധാര്‍മിക-സദാചാര മൂല്യങ്ങള്‍ക്ക്  പുല്ലുവില കല്‍പിച്ചുകൊണ്ടുള്ള ജീവിതാഘോഷത്തിന് പുതിയ പുതിയ രീതികള്‍ പഠിപ്പിച്ചുകൊണ്ട് മീഡിയയും അവയുടേതായ പങ്കു വഹിക്കുന്നു.
മുസ്‌ലിം സമുദായവും ഇത്തരം ചിന്താഗതികളില്‍നിന്നും രീതികളില്‍നിന്നും പൂര്‍ണമായും മുക്തമല്ല. ഇതര സമുദായങ്ങളെ അപേക്ഷിച്ച്  കുടുംബജീവിതം മുസ്‌ലിം സമൂഹത്തില്‍ കുറേക്കൂടി ഭദ്രമാണെന്ന് പറയാമെങ്കിലും,  ഇസ്ലാം മുന്നോട്ടുവെക്കുന്ന ലളിതസുന്ദര കുടുംബ ജീവിത മാതൃക സമൂഹത്തിന് കാണിച്ചുകൊടുക്കുന്നതില്‍ പലപ്പോഴും അവര്‍ പരാജയപ്പെടുകയാണ്. ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്, ഇസ്‌ലാമിലെ സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളെ, വിശേഷിച്ചും കുടുംബസംബന്ധമായവയെ വളച്ചൊടിച്ച് അവതരിപ്പിച്ചുകൊണ്ടാണ്. എന്നാല്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന രീതിയിലുള്ള കുടുംബസംവിധാനത്തിനകത്താണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സുരക്ഷയും സമാധാനവും അനുഭവിക്കുന്നത് എന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്. കുടുംബത്തില്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും അവകാശങ്ങളുണ്ട് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നീതിയാണ് എല്ലാ അവകാശങ്ങളുടെയും അടിസ്ഥാനം. സ്ത്രീയാണോ പുരുഷനാണോ എന്നതല്ല. ഇത് ബോധ്യപ്പെടുന്നതുകൊണ്ടാണ് എതിര്‍പ്രചാരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പാശ്ചാത്യനാടുകളില്‍ വിദ്യാസമ്പന്നരായ വനിതകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. അവിടങ്ങളില്‍ ഇസ്‌ലാം സ്വീകരിക്കുന്ന ആളുകളില്‍ നാലില്‍ മൂന്നും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. അവരൊക്കെ തന്നെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ പറയാറുള്ള കാര്യമാണ് ഇസ്‌ലാമിലെ കെട്ടുറപ്പുള്ള കുടുംബ ജീവിത വ്യവസ്ഥയുടെ  മഹത്വം. ഇതര സമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തിനകത്ത് കുടുംബ വ്യവസ്ഥയും സുരക്ഷയും താരതമ്യേന മെച്ചപ്പെട്ടതാകാന്‍ കാരണം അതാണ്. ഇതിനര്‍ഥം പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല. തീര്‍ച്ചയായും  ഖുര്‍ആനും പ്രവാചകചര്യയും യഥാവിധി ഉള്‍ക്കൊള്ളുകയോ പഠിപ്പിക്കപ്പെടുകയോ ചെയ്യാത്ത  കുടുംബങ്ങളില്‍  പ്രശ്‌നങ്ങള്‍  ഉണ്ട്. അവകാശധ്വംസനങ്ങള്‍ നടക്കുന്നുണ്ട്. അതിനു പരിഹാരം അവരെ ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരിക്കുക എന്നതു തന്നെയാണ്.  സമുദായ നേതൃത്വം ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണിത്.
ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കുടുംബവ്യവസ്ഥ ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാണ് എന്നതിനാല്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുക എന്നതാണ് കാമ്പയിനിന്റെ ഒന്നാമത്തെ ലക്ഷ്യം. മനുഷ്യരാശിക്ക് ഒന്നടങ്കം മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍. പ്രവാചകന്‍ മുഹമ്മദിനെ (സ) ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'റഹ്മത്തുന്‍ലില്‍ ആലമീന്‍' അഥവാ സകല ലോകത്തിനുമുള്ള അനുഗ്രഹമായിട്ടാണ്. ആ അധ്യാപനങ്ങള്‍ പട്ടില്‍ പൊതിഞ്ഞ് കെട്ടിപ്പൂട്ടി വെക്കേണ്ടവയല്ല, സമൂഹമധ്യത്തില്‍  പ്രചരിപ്പിക്കേണ്ടവയാണ്. അതോടൊപ്പം വിവിധ മതവിശ്വാസങ്ങളില്‍ കുടുംബവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിര്‍ദേശങ്ങളും അധ്യാപനങ്ങളും  ചര്‍ച്ച ചെയ്യാനുതകുന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, സമുദായത്തിനകത്ത് കടന്നുകൂടിയിട്ടുള്ള ഇസ്ലാമിക സംസ്‌കാരത്തിന് തികച്ചും അന്യമായ, കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ തിന്മകളില്‍നിന്നും മുക്തമാക്കാന്‍ ഉതകുന്ന സംസ്‌കരണ പരിപാടികളും നടക്കേണ്ടതുണ്ട്.  സമുദായ നേതൃത്വത്തിനും മഹല്ല് ഭാരവാഹികള്‍ക്കും പണ്ഡിതര്‍ക്കും ഈ വിഷയം ശ്രദ്ധയില്‍പെടുത്തി  കത്ത് എഴുതാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ചെറു സംഘത്തിന്, വിശേഷിച്ചും അതിലെ വനിതാ വിഭാഗത്തിന് ഒരു കാമ്പയിനിലൂടെ എന്ത് മാറ്റമാണ് വരുത്താന്‍ സാധിക്കുക എന്ന് സ്വാഭാവികമായും ചോദിച്ചേക്കാം. മാറ്റങ്ങള്‍ ക്രമപ്രവൃദ്ധമായി നടക്കേണ്ടതാണ്. ചെറിയ ചെറിയ സംഘങ്ങള്‍ തന്നെയാണ് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.  കാമ്പയിന്‍ അവസാനിച്ചാലും നാം മുന്നോട്ടു വെക്കുന്ന പ്രമേയവും അതോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ തീര്‍ച്ചയായും ചലനങ്ങള്‍ സൃഷ്ടിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളും നടക്കേണ്ടതുണ്ട്.
വിവിധ തലങ്ങളിലായി നിരവധി പരിപാടികളാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്. കാമ്പയിനിന്റെ മുന്നോടിയായി നടത്തുന്ന സര്‍വേ ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമായും പ്രാദേശിക തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ദേശീയതലത്തില്‍ അന്താരാഷ്ട്ര വനിതാ വെബിനാര്‍, വിദഗ്ധരായ അഭിഭാഷകരെയും ഫാമിലി കൗണ്‍സലര്‍മാരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയുള്ള പാനല്‍ ചര്‍ച്ചകള്‍, വിവിധ മതവിഭാഗങ്ങളിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്തി കിലേൃളമശവേ ഡയലോഗ്,  പണ്ഡിതരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിരിക്കുന്നു.
സംസ്ഥാന തലത്തിലും പ്രാദേശിക തലങ്ങളിലും കാമ്പയിന്‍ പ്രമേയത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍, പ്രഖ്യാപന സമ്മേളനങ്ങള്‍, വിദഗ്ധരുമായും പണ്ഡിതരുമായും അഭിമുഖങ്ങള്‍,pre marital - post marital കൗണ്‍സലിംഗ്, ഫാമിലി ക്വിസ് പരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, കുടുംബ സദസ്സുകള്‍, ഗൃഹാങ്കണ യോഗങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍  നടക്കും. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായി ലഘുലേഖകള്‍, പോസ്റ്ററുകള്‍, ഡോക്യുമെന്ററി, വീഡിയോകള്‍ തുടങ്ങിയവയും തയാറാക്കിയിട്ടുണ്ട്. കാമ്പയിന്‍ കാലയളവിലെ രണ്ട് ജുമുഅ ഖുത്വ്ബകളില്‍ ഈ പ്രമേയം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയും, കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചുകൊണ്ടുതന്നെ  ചെറിയ ചെറിയ സദസ്സുകള്‍ സംഘടിപ്പിച്ചും, മറ്റു പല മാര്‍ഗങ്ങളിലൂടെയും കാമ്പയിന്‍ സന്ദേശം  എല്ലാവരിലും എത്തിക്കാന്‍  നാം ശ്രമിക്കുന്നതാണ്. കാമ്പയിന്‍ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കാന്‍ ഏവരും സഹകരിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. ഭൂമിയിലെ ഏറ്റവും ഹൃദയഹാരിയായ സ്ഥാപനമാണ് കുടുംബം. അത് സ്വര്‍ഗത്തിലേക്കുള്ള വാതായനമാണ്. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും കളിത്തൊട്ടിലാണത്.  സുഭദ്രവും സുശക്തവുമായ കുടുംബങ്ങളിലൂടെ  സമാധാനവും ശാന്തിയും നിലനില്‍ക്കുന്ന ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌