Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 05

3188

1442 ജമാദുല്‍ ആഖിര്‍ 23

ഏതു രാജ്യത്തും 'ഇല്ലീഗലാ'യ ചിലര്‍

മെഹദ് മഖ്ബൂല്‍

എന്റേതല്ലാത്ത ജീവിതം അറിയുമ്പോഴാണ് ഞാനേറെ അനുഗ്രഹിക്കപ്പെട്ടവനാണല്ലോ, അത്ര ദുരിതങ്ങളിലൂടെയൊന്നും ഞാന്‍ കടന്നിട്ടില്ലല്ലോ എന്ന് ബോധ്യമാവുക. ചെറിയ ചെറിയ കാര്യങ്ങളെ ചൊല്ലി ആകുലപ്പെടാതിരിക്കുക, അത്രമേല്‍ ശ്വാസം മുട്ടിയ ജീവിതങ്ങളെ തൊട്ടറിയുമ്പോള്‍ സ്വന്തം ജീവിതം എത്രയേറെ വായു നിറഞ്ഞതാണെന്ന് തിരിച്ചറിവ് വരും. 
ഇറ്റാലിയന്‍ എഴുത്തുകാരനായ ഫാബിയോ ഗേദയുടെ കി  In the Sea There are Crocodiles എന്ന പുസ്തകം ജീവിതം തേടി അഞ്ച് രാജ്യങ്ങളിലൂടെ തനിച്ച് സഞ്ചരിക്കേണ്ടിവരുന്ന ഇനായത്തുല്ല അക്ബരിയെന്ന പത്ത് വയസ്സുകാരന്റെ ആധികളും സങ്കടങ്ങളും പങ്കുവെക്കുന്നു. യഥാര്‍ഥ കഥയെ ചേര്‍ന്ന് എഴുതിയതാണ് ഈ പുസ്തകം. 
അഫ്ഗാനിസ്താനിലെ നാവയിലാണ് ഇനായത്തുല്ലയുടെ വീട്. അവന്റെ ഉപ്പ മരിക്കുമ്പോള്‍ അവന് പ്രായം ആറ്. കച്ചവടക്കാര്‍ക്കു വേണ്ടി സാധനങ്ങളെടുക്കാന്‍ ഇടക്ക് അവന്റെ ഉപ്പ ഇറാനിലേക്ക് ലോറിയോടിച്ച് പോകാറുണ്ടായിരുന്നു. വഴിയില്‍ വെച്ച് കൊള്ളക്കാര്‍ അതെല്ലാം തട്ടിയെടുക്കുകയും ഉപ്പയെ വകവരുത്തുകയും ചെയ്യുന്നു. തങ്ങള്‍ക്ക് നഷ്ടം വരുത്തിയതിന് പകരം പണം നല്‍കണമെന്ന ആവശ്യവുമായി കച്ചവടക്കാര്‍ വരികയും കാശില്ലെങ്കില്‍ അവര്‍ക്കു വേണ്ടി ഇനായത്തുല്ലയും ഉമ്മയും പണിയെടുക്കണമെന്ന് പറയുകയും ചെയ്യുന്നു. അവരില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഉമ്മ ഇനായത്തുല്ലയുമായി പാകിസ്താനിലേക്ക് പോവുകയാണ്. ഇനായത്തുല്ല കാണാതെ ഉമ്മ മടങ്ങുകയും ചെയ്യുന്നു. അവനെങ്കിലും രക്ഷപ്പെടട്ടേ എന്നായിരുന്നു ഉമ്മയുടെ മനസ്സില്‍. 
പാകിസ്താനിലെ ക്വറ്റയില്‍ ഹോട്ടല്‍ ജോലിയും മറ്റുമായി അവന്‍ കഴിയുന്നു. കൂടുതല്‍ നന്മയുള്ള ജീവിതം തേടി പിന്നീട് ഇറാനിലേക്ക് പോകുന്നു. ഇറാനില്‍ ചെന്ന് ആദ്യത്തെ മൂന്ന് മാസത്തെ ശമ്പളം തന്നാല്‍ അവിടെയെത്തിക്കാം  എന്നായിരുന്നു ആളുകളെ കടത്തുന്നവരുമായുള്ള ഇനായത്തുള്ളയുടെ കരാര്‍. 
ആ കാലത്താണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമുണ്ടാകുന്നത്. ഇനായത്തുല്ല ആ ന്യൂസ് കണ്ടപ്പോള്‍ ഏതോ സിനിമയാണെന്നാണ് കരുതിയത്. ചാനലുകള്‍ മാറ്റിമാറ്റി വെച്ചപ്പോള്‍ എല്ലാത്തിലും ആ രംഗം തന്നെ. ഇതെന്താ എല്ലാ ചാനലിലും ഒരേ സിനിമ എന്ന് ഇനായത്തുല്ല കൂടെയുള്ള ആളോട് ചോദിക്കുന്നു. അയാളാണ് കാര്യത്തിന്റെ ഗൗരവം പറയുന്നത്. അഫ്ഗാനികളാണ് അത് ചെയ്തത് എന്നാണ് കേള്‍ക്കുന്നത് എന്നും. 
ആപ്പിളും ചെറിയും അപ്രികോട്ടുകളും മള്‍ബെറികളും നിറഞ്ഞ തന്റെ  അഫ്ഗാന്‍ ഇനി യുദ്ധമുഖത്തേക്കാണല്ലോ സഞ്ചരിക്കുന്നത് എന്ന് ഇനായത്തുല്ല നടുങ്ങി. വെറും പത്തു വര്‍ഷം മാത്രം താന്‍ ജീവിച്ച നാട്. വീട്ടില്‍ ഒരു പശുവും രണ്ട് ആടും കുറച്ച് പറമ്പുമുണ്ട്. അവിടെ അവര്‍ക്ക് ചോളം കൃഷിയും ഉണ്ട്. ഉപ്പയുടെ മരണശേഷം അവരുടെ വരുമാനം അതു മാത്രമായിരുന്നു. 
ഹസാരെകളുടെ ഒരു സ്‌കൂള്‍ താലിബാന്‍ പൂട്ടിച്ച സംഭവവും അവന്റെ ഓര്‍മയിലെത്തി. എന്നെങ്കിലും തനിക്ക് അഫ്ഗാനിലേക്ക് തിരികെ പോകാന്‍ കഴിയുമോ, ഉമ്മയെ കാണാന്‍ പറ്റുമോ എന്നവന്‍ ആലോചിച്ചു. 
 ഇറാനില്‍നിന്ന് തുര്‍ക്കിയിലേക്കാണ് പിന്നീട് ഇനായത്തുല്ല പോകുന്നത്. 
ജീവിതം തേടിയുള്ള ഓരോ യാത്രയും അത്യന്തം സാഹസം നിറഞ്ഞതായിരുന്നു. 26 ദിവസത്തോളം നടന്നുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്ന 12 പേര്‍ വഴിയില്‍ തളര്‍ന്നുവീണു മരിച്ചു. തുര്‍ക്കിയിലെത്തിയിട്ടും പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. ഏത് രാജ്യത്തും 'ഇല്ലീഗലാ'യ മനുഷ്യരാണല്ലോ അവര്‍. പിന്നീട് ഗ്രീസിലേക്കും അവിടെ നിന്ന് ഇറ്റലിയിലേക്കും പോകുന്നു. 
 കടലിലൂടെ റബര്‍വള്ളത്തിലൂടെയുള്ള യാത്രയൊക്കെ അത്ര ലാഘവത്തോടെയുള്ള വായനക്കൊതുങ്ങാത്തതാണ്. ഇറ്റലിയില്‍ വെച്ചാണ് എഴുത്തുകാരനായ ഫാബിയോ ഗേദയെ ഇനായത്തുല്ല പരിചയപ്പെടുന്നത്. അഫ്ഗാനില്‍നിന്ന് ഒരു പത്തുവയസ്സുകാരന്‍ ഒട്ടേറെ രാജ്യങ്ങള്‍ കടന്ന് ഇറ്റലിയിലെത്തിയ കഥ അദ്ദേഹം പുസ്തകമാക്കുകയായിരുന്നു. 
ഇറ്റലിയിലെത്തിയപ്പോള്‍ രണ്ടു പേര്‍ സൈക്കിളോടിച്ച് തന്റെയടുത്ത് വന്ന അനുഭവം ഇനായത്തുല്ല പറയുന്നുണ്ട്. 
അതിലൊരാള്‍ താന്‍ ഫ്രഞ്ചുകാരനാണെന്ന് പറയുമ്പോള്‍ ചിരിച്ചുകൊണ്ട് സിനദിന്‍ സിദാന്‍ എന്ന് പറയുന്നു, ഇനായത്തുല്ല. തൊട്ടടുത്ത ആള്‍ താന്‍ ബ്രസീലില്‍നിന്നാണെന്നു പറയുന്നു. ഉടനെ റൊണാള്‍ഡീന്യോ എന്ന് പ്രതികരിക്കുന്നു അവന്‍. താന്‍ അഫ്ഗാനിയാണെന്ന് പറയുമ്പോള്‍ അവര്‍ ചോദിക്കുന്നു, താലിബാന്‍..?

Comments

Other Post

ഹദീസ്‌

ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (29-36)
ടി.കെ ഉബൈദ്‌