Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 05

3188

1442 ജമാദുല്‍ ആഖിര്‍ 23

മലബാര്‍ പോരാട്ടത്തെ പുനര്‍വായിക്കുന്നു

സോഫി റസാഖ് ഈരാറ്റുപേട്ട

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ 1857-ല്‍ ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒത്തുചേര്‍ന്ന് നടത്തിയ ഐതിഹാസിക പോരാട്ടത്തെ ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ചത് ശിപായി ലഹള എന്നാണ്. അതേസമയം ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ആ പോരാട്ടത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായി വിശേഷിപ്പിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയും ജന്മനാടിന്റെ മോചനത്തിനായും നടത്തിയ സമരങ്ങളെയെല്ലാം ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ലഹളകളായും കലാപങ്ങളുമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കലും അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ വിതക്കലും.
1792-ലാണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി മലബാറില്‍ ആധിപത്യം ഉറപ്പിക്കുന്നത്. അന്നു മുതല്‍ 1921 വരെയുള്ള കാലത്ത് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ചെറുതും വലുതുമായ 830 കലാപങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും കേരളക്കര സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി ഇന്ത്യയില്‍ നടന്ന അനേകം സമരങ്ങളില്‍ അഥവാ സായുധ പോരാട്ടങ്ങളില്‍ ഏറ്റവും ചരിത്രപ്രധാനമായ ഒന്നാണ് 1921-ലെ മലബാര്‍ സമരം. ബ്രിട്ടീഷുകാര്‍ ഇതിനെ മാപ്പിള ലഹളയായും വര്‍ഗീയ കലാപമായും ചിത്രീകരിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ചെറുത്തുനില്‍പിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ച ആശയവും പ്രത്യയശാസ്ത്രവും മറ്റൊന്നായിരുന്നു. അത്തരമൊരു ദിശയിലേക്കുള്ള അന്വേഷണമാണ് കെ.എം ജാഫര്‍ 'മലബാര്‍ പോരാട്ടം ചരിത്രവും നാട്ടു ചരിത്രവും' എന്ന തന്റെ കൃതിയിലൂടെ നിര്‍വഹിക്കുന്നത്. മലബാര്‍ പോരാട്ടത്തിന്റെ ത്യാഗോജ്ജ്വല സ്മരണകളുണര്‍ത്തുന്ന നൂറാം വാര്‍ഷികത്തില്‍ ഈ പുസ്തകത്തിന് വളരെയേറെ പ്രസക്തിയുണ്ട്.
ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും മഹനീയ മാതൃകകള്‍ നിറഞ്ഞുനില്‍ക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ യഥാര്‍ഥ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണ പഠനമാണിത്. ഒരു ചരിത്രാന്വേഷിയുടെ നിഷ്പക്ഷ വായനയുടെയും പഠനത്തിന്റെയും നേര്‍ പകര്‍പ്പുകളാണ് ഇതിലുള്ളത്.
മലബാര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, എം.പി നാരായണ മേനോന്‍ തുടങ്ങിയ പലരുടെയും ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളുടെ നേര്‍ചിത്രം വിശദമായി ഇതില്‍ പ്രതിപാദിക്കുന്നു.
1921-ലെ മലബാര്‍ പോരാട്ടം 1921-ല്‍ തുടങ്ങി അവസാനിച്ച ഒരു സമരമായിരുന്നില്ല. 1836 മുതല്‍ മലബാറില്‍ ഏറ്റുമുട്ടലുകളും ചെറുത്തുനില്‍പുകളും ധാരാളം ഉണ്ടായിട്ടുണ്ട്. കടുത്ത ദാരിദ്ര്യവും കാര്‍ഷിക പ്രശ്‌നവുമാണ് ചെറുത്തുനില്‍പുകള്‍ക്ക് കാരണമെന്ന് പറയുന്നു. എങ്കില്‍ എന്തുകൊണ്ടത് മാപ്പിളമാരെ മാത്രം ബാധിക്കുന്നു? അതാണ് ഇവിടെ ജാഫര്‍ പഠനവിധേയമാക്കുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് മലബാറിലെ ഹിന്ദു-മുസ്‌ലിം ബന്ധം വഷളായി തുടങ്ങിയത്. ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ ശത്രു ടിപ്പു സുല്‍ത്താന്‍ ആയിരുന്നു. മലബാറില്‍ ടിപ്പു സുല്‍ത്താന്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങള്‍, പ്രത്യേകിച്ചും ഭൂപരിഷ്‌കരണങ്ങള്‍ ജന്മിത്വത്തിനേറ്റ പ്രഹരമായിരുന്നു. ടിപ്പുവിനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാര്‍ വീണ്ടും ജന്മി-കുടിയാന്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തി. ഈ മാറ്റങ്ങള്‍ മാപ്പിള കര്‍ഷകരെയും മാപ്പിള ജന്മിമാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ചു. ഇന്ത്യയിലാകമാനം ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ മുന്നോട്ടു വന്നതും ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നതും മുസ്‌ലിം പണ്ഡിതന്മാരായിരുന്നു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജന്മിമാരുടെ അധികാരവും അതിക്രമങ്ങളും വര്‍ധിച്ചതോടെ സാധാരണക്കാരായ മാപ്പിളമാരുടെ ജീവിതം അത്യന്തം ക്ലേശകരമായി. 
മലബാര്‍ പോരാട്ടനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മുമ്പ് പല കര്‍ഷക സമരങ്ങള്‍ക്കും നേതൃത്വം കൊടുത്തത് പിതാവ് ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയായിരുന്നു. 'ഏറനാടന്‍ പുലി' കുഞ്ഞഹമ്മദ് ഹാജിക്ക് പോരാട്ടവീര്യം പകര്‍ന്നു നല്‍കിയതില്‍ പിതാവും മാതാവും ഭാര്യയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കര്‍ഷക സമരങ്ങളുടെ എല്ലാം പിന്നില്‍ മൊയ്തീന്‍ കുട്ടി ഹാജി ആണെന്നതിനാല്‍ അദ്ദേഹത്തെ അന്തമാനിലേക്ക് നാടുകടത്താനും വധിക്കാനും പട്ടാള കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഒളിവില്‍ പോയി.  കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൊയ്തീന്‍ കുട്ടി ഹാജിയെ 1902-ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥ ചാരന്‍ ചങ്ങാത്തം നടിച്ച് ചതിയിലൂടെ തിരികെ കൊണ്ടുപോവുകയും തുടര്‍ന്ന് അന്തമാനിലേക്ക് നാട് കടത്തുകയും ചെയ്തു. മൊയ്തീന്‍ കുട്ടി ഹാജി ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന സമയത്ത് അവിടെനിന്ന് വിവാഹം കഴിച്ചു. അതുവഴി അദ്ദേഹത്തിന്റെ പിന്മുറക്കാരായ ചക്കിപ്പറമ്പന്‍ കുടുംബക്കാര്‍ ഈരാറ്റുപേട്ടയില്‍ ധാരാളമുണ്ട്. ഗ്രന്ഥകാരനും ഈ കുടുംബത്തിലെ പിന്മുറക്കാരനാണ്.
1921-ല്‍ മലയാളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശൂരിലാണ് പോരാട്ടം ആരംഭിക്കുന്നത്. തിരൂരങ്ങാടി, പൂക്കോട്ടൂര്‍, പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, പാണ്ടിക്കാട്, പൂച്ചോലമാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ശക്തമായ പോരാട്ടങ്ങളെക്കുറിച്ച് പുസ്തകം വിവരിക്കുന്നുണ്ട്.
ഏറനാട്, പൊന്നാനി, വള്ളുവനാട് താലൂക്കുകളില്‍നിന്നും വെള്ളക്കാര്‍ വേട്ടയാടി പിടിച്ച പോരാളികള്‍ക്ക് വായുവും വെളിച്ചവും കടക്കാത്ത ഗുഡ്‌സ് വാഗണില്‍ നേരിടേണ്ടിവന്ന അതിദാരുണമായ അന്ത്യവും (വാഗണ്‍ ട്രാജഡി) രക്ഷപ്പെട്ടവരുടെ വിവരണങ്ങളും ഈ കൃതിയില്‍ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു.
മലബാര്‍ പോരാട്ടത്തിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. പിറന്ന നാടിന്റെ മോചനത്തിനായി പോരാടാന്‍ സ്ത്രീകള്‍ അവരുടെ ആണുങ്ങളെ ബദ്ര്‍ പടപ്പാട്ടും മലപ്പുറം പടപ്പാട്ടും പാടി ആവേശം കൊള്ളിക്കുകയും ആയുധങ്ങള്‍ നല്‍കി യാത്രയയക്കുകയും ചെയ്തിരുന്നു. പുരുഷന്മാരെ ആവേശം കൊള്ളിക്കുന്നതിന് സ്ത്രീകളാണ് മുദ്രാവാക്യം വിളിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള മാപ്പിള സ്ത്രീയുടെ ചെറുത്തുനില്‍പും അതിനായി അവര്‍ പ്രകടിപ്പിച്ച ധീരതയും എത്രത്തോളമെന്ന് കാണിക്കുന്നതായിരുന്നു ചരിത്രപ്രസിദ്ധമായ പൂക്കോട്ടൂര്‍ യുദ്ധം. പുരുഷന്മാരെല്ലാം കൊല്ലപ്പെടുകയും നാടുവിടുകയും ചെയ്തിരുന്നതിനാല്‍ സ്ത്രീകളായിരുന്നു രക്തസാക്ഷികളായവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി കല്ലുവെട്ട് കുഴിയിലേക്കിട്ട് ഖബ്‌റടക്കിയത്. ബ്രിട്ടീഷുകാര്‍ വികൃതമാക്കിയ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും പൂക്കോട്ടൂരിലെ സ്ത്രീകള്‍ അസാമാന്യ ധീരതയാണ് കാണിച്ചത്.
മലബാര്‍ സമരകാലത്ത് ഒരു വീര വനിതയായിരുന്നു ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടിയുടെ പ്രിയ പത്‌നി കുഞ്ഞായിശ ഹജ്ജുമ്മ. അധിനിവേശക്കാര്‍ക്കെതിരെ പടപൊരുതുന്ന മക്കള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞത് വലിയ സൗഭാഗ്യമായി മനസ്സിലാക്കിയ അവര്‍ സന്താനങ്ങളെ ധീരന്മാരും വീരദേശാഭിമാനികളുമാക്കി എങ്ങനെ വളര്‍ത്തണമെന്ന് ഏറനാട്ടിലെ എല്ലാ അമ്മമാരെയും പഠിപ്പിച്ചു. മലബാര്‍ സമരത്തില്‍ ഏറ്റവുമധികം ദുരിതം പേറുകയും മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത വിപ്ലവ പോരാളിയായിരുന്നു കുഞ്ഞായിശ ഹജ്ജുമ്മ.
കുഞ്ഞായിശ ഹജ്ജുമ്മയുടെ വീരപുത്രന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയ പത്‌നി മാളു ഫാത്തിമയാണ് മറ്റൊരു ധീര വനിത. മതബോധത്തോടൊപ്പം ദേശീയ ബോധത്തിന്റെയും പ്രതിഫലനമായിരുന്നു മാളു ഹജ്ജുമ്മ എന്ന ഇതിഹാസം. വീതിയുള്ള അരപ്പട്ടയില്‍ തൂങ്ങിക്കിടക്കുന്ന വാളും ധരിച്ച് കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ധീരയായ മാളു ഫാത്തിമയെന്ന ഉരുക്കു വനിതയെ അസൂയയോടെയായിരുന്നു ജനങ്ങള്‍ നോക്കിയിരുന്നത്. ഇങ്ങനെ മലബാര്‍ പോരാട്ടത്തില്‍ പങ്കെടുത്ത ധീര വനിതകളുടെ ത്യാഗോജ്ജ്വല ചരിത്രം കൂടിയായി മാറുകയാണ് ഈ കൃതി.
'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ കൂട്ടായ ആഗ്രഹത്തെയും പ്രവര്‍ത്തനത്തെയും അതിന് നേതൃത്വം നല്‍കിയ വ്യക്തികളുടെ ജീവിതത്തെയും ഈ പുസ്തകത്തില്‍ നല്ല നിലയില്‍ പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ കെ.എം ജാഫര്‍ നടത്തിയ ഈ പരിശ്രമം ഏറ്റവും അഭിനന്ദനീയവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്'- വിശ്രുത ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സ്‌ലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ പ്രൗഢമായ അവതാരികയില്‍ അവസാനം കുറിച്ച വാചകമാണിത്. ചെറു അധ്യായങ്ങളായി തിരിച്ച ഈ കൃതി അനായാസം വായിച്ചു പോകാം. ഭാഷ ലളിതവും ഒഴുക്കുള്ളതുമാണ്. ചരിത്രകുതുകികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഉപകാരപ്പെടും.

Comments

Other Post

ഹദീസ്‌

ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (29-36)
ടി.കെ ഉബൈദ്‌