Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 05

3188

1442 ജമാദുല്‍ ആഖിര്‍ 23

പ്രസ്ഥാന വഴിയില്‍

ജി.കെ എടത്തനാട്ടുകര

[ജീവിതം - 8 ]

അതിനിടയിലാണ് ചുണ്ടോട്ടുകുന്ന് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. മസ്ജിദുല്‍ ഇഹ്‌സാനില്‍ വെച്ച് ബശീര്‍ പുതുക്കോടിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത അദ്ദേഹം ആമുഖത്തില്‍ വിശദീകരിച്ചു. അതിലെ നിബന്ധനകള്‍ വല്ലാതെ അത്ഭുതപ്പെടുത്തി. അഭിപ്രായ സുബദ്ധതയും ധാര്‍മിക നിഷ്ഠയുമൊക്കെ അതില്‍ വരും. അധികാര മോഹമില്ലാതിരിക്കലാണ് മറ്റൊരു പ്രധാന നിബന്ധന.
അതൊരു വല്ലാത്ത നിബന്ധനയല്ലേ? ലോകത്തെവിടെയെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കല്ലാതെ ഇങ്ങനെ ഒരു നിബന്ധന വെക്കാന്‍ കഴിയുമോ? ഒരു ദര്‍ശനത്തിന്റെ പരിശുദ്ധിയുടെ ആഴത്തെയാണല്ലോ ഇത് കുറിക്കുന്നത്. ഇസ്‌ലാമിന്റെ ആന്തരിക മൂല്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും അറിയാനും  ഇത്തരം സന്ദര്‍ഭങ്ങള്‍ നിമിത്തമായിട്ടുണ്ട്. 'അധികാരം' എന്ന ലക്ഷ്യത്തിനു വേണ്ടി എന്ത് നീച മാര്‍ഗവും സ്വീകരിക്കുന്ന ഒരു ലോകത്താണല്ലോ നാം. 'ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കും' എന്ന തത്ത്വമാണ് ആ ലോകത്തെ നയിക്കുന്നത്. എന്നാല്‍, ഇസ്‌ലാമിന്റെ നിലപാട് അതല്ല. ലക്ഷ്യവും മാര്‍ഗവും ശരിയായിരിക്കണമെന്നാണ്. ഇസ്‌ലാമില്‍ അധികാരം 'അധികഭാര'മാണ്; അതൊരലങ്കാരമല്ല. തന്നിഷ്ടം നേടാനുള്ള 'സുവര്‍ണാവസര'വുമല്ല. 
സംഘടാനാ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം പൊട്ടിക്കരഞ്ഞ പല നേതാക്കളെയും കണ്ടിട്ടുണ്ട്. ഉത്തരവാദിത്വങ്ങള്‍ വീഴ്ച കൂടാതെ നിര്‍വഹിക്കാനുള്ള പ്രാപ്തിക്കുവേണ്ടി, ദൈവത്തോട് പ്രാര്‍ഥിക്കണമെന്ന് അണികളോട് കേണപേക്ഷിക്കുന്നതും കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള നേതാക്കള്‍ നയിക്കുന്ന വല്ലാത്തൊരു പ്രസ്ഥാനം! ഇത്തരം നേതാക്കളെ സൃഷ്ടിക്കുന്ന ഒരാദര്‍ശത്തെ അറിയാന്‍ അവസരം കിട്ടി. ഇങ്ങനെയുള്ള നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനത്തില്‍ അണിചേരാനും അവസരം കിട്ടി. ഇതൊരു മഹാഭാഗ്യമല്ലാതെ മറ്റെന്താണ്?
'യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്നു മരിച്ചാല്‍ അതിന്റെ പേരില്‍ ഞാന്‍ നാളെ ദൈവത്തോട് മറുപടി പറയേണ്ടിവരുമല്ലോ' എന്ന് ഖലീഫാ ഉമര്‍ വിലപിച്ച ചരിത്രമുണ്ട്. ഒരുകാലത്ത് പ്രവാചകനെ വെട്ടിക്കൊല്ലാന്‍ ഊരിപ്പിടിച്ച വാളുമായി പാഞ്ഞു നടന്നിരുന്നു ഉമര്‍. ആ ഉമര്‍ പിന്നീട് ഇങ്ങനെയായത് ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം അകത്തു ചെന്നപ്പോഴാണ്. പ്രസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വിങ്ങിക്കരയുന്ന നേതാക്കളെ കാണുമ്പോള്‍ ഖലീഫാ ഉമറിന്റെ ആ ചരിത്രമാണ് ഓര്‍മ വരിക. ഉമറിനെക്കൊണ്ടത് പറയിപ്പിച്ച അതേ ആദര്‍ശമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെയും നയിക്കുന്നത് എന്ന തിരിച്ചറിവിന് ഇതും ഒരു കാരണമായിട്ടുണ്ട്. ഈ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും ദൈവികാധ്യാപനങ്ങള്‍ തന്നെയാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ആദ്യകാല ഇസ്‌ലാം വായനയില്‍ ഉള്‍പ്പുളകമുണ്ടാക്കിയ ഒരു വായന ഇവിടെ ഉദ്ധരിക്കട്ടെ: ''ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: 'ഞാന്‍ ടിക്കറ്റെടുത്തിരുന്നത് ഷൊര്‍ണൂരിലേക്കാണ്. വണ്ടിയില്‍ വെച്ച് ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?'
'അടുത്ത വണ്ടിക്ക് ടിക്കറ്റെടുത്ത് അങ്ങോട്ട് തന്നെ പോയ്‌ക്കൊള്ളൂ'- സ്റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.
'അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന് ഇതുവരെ യാത്ര ചെയ്തതിന് എന്തു വേണമെന്നാണ്?'
'അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്ര പേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്!' 
'അതു പറ്റുകയില്ല. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തെറ്റാണ്. ഞാനൊടുക്കേണ്ട സംഖ്യ എത്രയെന്ന് അറിയിച്ചാലും.'
നിശ്ചയിച്ച പിഴയടച്ച് പുറത്തിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: 'താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട് താനേ നന്നാകുമല്ലോ!'
'അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്.' അതും പറഞ്ഞ് ആ യാത്രക്കാരന്‍ പുറത്തിറങ്ങി.''
ഇസ്‌ലാമിക പ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയ മര്‍ഹൂം ഹാജി സാഹിബ് ആയിരുന്നു അത്!
ഭൗതിക താല്‍പര്യങ്ങളില്ലാതെ, ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഇങ്ങനെയുള്ളൊരു കൂട്ടായ്മയില്‍ അണിചേരാനായത് ദൈവാനുഗ്രഹമല്ലാതെ മറ്റെന്താണ്!
ദൈവിക മാര്‍ഗം എന്നത് മാനവികതയുടെ പര്യായമാണ് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. 'മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്ന പ്രവാചക വചനം ഇതിനാണ് അടിവരയിടുന്നത്. അതിനാല്‍, സ്വാഭാവികമായും ദൈവിക മാര്‍ഗത്തില്‍ നിലകൊള്ളുന്ന പ്രസ്ഥാനം കൂടുതല്‍ മാനവികമാവണം. അത് ഉറപ്പുവരുത്തിയത് അതിന്റെ പ്രവര്‍ത്തകരിലൂടെയാണ്.
ഒരു മദ്യപാനിയെയും ഈ പ്രസ്ഥാനത്തില്‍ കണ്ടിട്ടില്ല. ഇതില്‍ വ്യഭിചാരികളുമില്ല. ചൂതാട്ടക്കാരാരുമില്ല. കൈക്കൂലി വാങ്ങുന്നവരെയും കണ്ടിട്ടില്ല.
അഴിമതിക്കാരൊട്ടും തന്നെയില്ല. പലിശക്കച്ചവടക്കാരേയില്ല. കള്ളന്മാരില്ല. കൊള്ളക്കാരുമില്ല. 
സാമുദായിക വാദികളെയോ വര്‍ഗീയ വാദികളെയോ കാണാന്‍ കഴിഞ്ഞിട്ടില്ല.
അഥവാ ഇങ്ങനെയുള്ള  ആരെങ്കിലും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അധികകാലം തുടാന്‍ കഴിയാറില്ല. ഇതൊരത്ഭുതമല്ലേ ഈ കാലത്ത്? പ്രവാചകന്മാര്‍ക്ക് അവരുടെ അനുയായികളെപ്പറ്റിയും ഇങ്ങനെ പറയാന്‍ കഴിയുമായിരുന്നല്ലോ. പ്രവാചകന്മാരുടെ പാത പിന്‍പറ്റുന്നവരാണോ ഈ സംഘം എന്ന് കണ്ടെത്തിയത് ഇങ്ങനെയുള്ള നിരീക്ഷണത്തിലൂടെയാണ്.
ഈ നിരീക്ഷണം നേടിത്തന്ന പാഠമിതാണ്: ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യയിലുണ്ടായ ഒരു 'പഴംപുരാണ'മല്ല ഇസ്‌ലാം; മനുഷ്യനെ അന്നും ഇന്നും എന്നും നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ പ്രാപ്തിയുള്ള ദൈവിക ദര്‍ശനമാണത്. ആ ദര്‍ശനത്തെയാണ് ഈ പ്രസ്ഥാനം പ്രതിനിധീകരിക്കുന്നത്.
ആ ദൈവിക ദര്‍ശനത്തെ പ്രതിനിധീകരിച്ചും പ്രബോധനം ചെയ്തും 'മനം മാറ്റി' മാനവികതയെ പോഷിപ്പിക്കാനാണ് ഈ പ്രസ്ഥാനം നിലകൊള്ളുന്നത്; 'മതം മാറ്റി' സമുദായത്തെ വളര്‍ത്താനല്ല. ഒരു സമുദായത്തിനും പ്രസ്ഥാനം എതിരല്ല; എല്ലാ സാമുദായികതകള്‍ക്കും എതിരാണ്. എല്ലാ നന്മകളോടും ചേര്‍ന്നു നില്‍ക്കും, എല്ലാ തിന്മകളെയും എതിരിടും. ഇസ്ലാമിക താല്‍പര്യങ്ങളെ സംഘടിതമായി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ഈ പ്രകൃതത്തെ നന്നായി ഇഷ്ടപ്പെട്ടു.
എല്ലാ തിന്മകളില്‍നിന്നും സാധ്യമാകുംവിധം വിട്ടുനില്‍ക്കുന്ന ഒരു കൂട്ടര്‍. അതിനര്‍ഥം ഗുണവും ദോഷവുമില്ലാത്ത 'പച്ചപ്പാവം സാധുക്കള്‍' ആണെന്നല്ല. തിന്മകള്‍ക്കെതിരില്‍ പോരാടുന്ന 'നല്ല വിപ്ലവകാരികള്‍' ആണ് എന്നാണ്. അതാണനുഭവം. ഈ കൊച്ചു കൂട്ടായ്മ ഇടപെടാത്ത ഒരു മേഖലയുമില്ല എന്നത് വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്.
'വിപ്ലവത്തിന്റെ ചൂടും ആത്മീയതയുടെ തണുപ്പും' ഉള്‍ച്ചേര്‍ന്ന ഒരു നല്ല കൂട്ടായ്മയുടെ പേരാണ് ഇസ്‌ലാമിക പ്രസ്ഥാനം. സമരത്തെയും സേവനത്തെയും സുന്ദരമായി സമന്വയിപ്പിച്ച ഒരു കൂട്ടായ്മ! 'നിങ്ങള്‍ നന്മ കല്‍പിക്കുന്നു, തിന്മ വിരോധിക്കുന്നു' എന്ന ഖുര്‍ആനിന്റെ വിശേഷണത്തെ നെഞ്ചേറ്റിയ ഒരു സംഘം. ഇത്തരം കാര്യങ്ങളില്‍ ജാതി-മത പരിഗണനകളില്ല; മനുഷ്യന്‍ എന്ന പരിഗണന മാത്രം. ഇതാണ് ഈ കൂട്ടായ്മയിലെ ഏറ്റവും അധികം ആകര്‍ഷിച്ച ഘടകങ്ങളിലൊന്ന്. ഇതിനു പകരം വെക്കാന്‍ മറ്റൊരു കൂട്ടായ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടേയില്ല.
'ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍' എന്നാണ് ഖുര്‍ആന്‍ വിശ്വാസികളെപ്പറ്റി പറഞ്ഞിരിക്കുന്നത്. ജാതിയും മതവും നോക്കാതെയുള്ള റിലീഫ് പ്രവര്‍ത്തനങ്ങളില്‍നിന്നും സൗഹൃദ കൂട്ടായ്മകളില്‍നിന്നുമെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഏറെ അത്ഭുതം തോന്നിയ മറ്റൊരു കാര്യമിതാണ്: ഈ പ്രസ്ഥാനത്തെ കല്ലെറിയുന്ന പലരുമുണ്ട്. അങ്ങനെ പ്രസ്ഥാനത്തിനെതിരു നിന്നിരുന്ന പലര്‍ക്കും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അവരുടെ നീതിക്കുവേണ്ടി പ്രസ്ഥാനത്തിന്റെ സംവിധാനങ്ങളിലൂടെ ശബ്ദിക്കുന്ന മനോഹരമായ കാഴ്ചകള്‍ ധാരാളം കണ്ടിട്ടുണ്ട്.
''ഒരു ജനതയോട് നിങ്ങള്‍ക്കുള്ള ശത്രുത അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ'' (ഖുര്‍ആന്‍ 5:8).
ഖുര്‍ആന്‍ പറഞ്ഞുതന്ന നീതിയെ അക്ഷരാര്‍ഥത്തില്‍ പ്രതിനിധീകരിക്കുകയാണല്ലോ ഇവിടെ. പ്രവാചകനെ ആക്ഷേപിച്ചതിന്റെ പേരില്‍ ആരോ ഒരു പ്രഫസറുടെ കൈ വെട്ടി. ആ നിര്‍ണായക ഘട്ടത്തില്‍ ആ പ്രഫസര്‍ക്ക് രക്തം നല്‍കിയ പ്രസ്ഥാനമാണിത്. 'തിന്മയെ ഏറ്റവും നല്ലതു കൊണ്ട് പ്രതിരോധിക്കുക' എന്ന ഖുര്‍ആന്‍ കല്‍പനയെ ഇതിലേറെ മനോഹരമായി എങ്ങനെയാണ് പ്രയോഗത്തില്‍ വരുത്തുക?
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന എസ്.ഐ.ഒവിന്റെ ഒരു കണ്‍വെന്‍ഷനില്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബ് പറഞ്ഞ ഒരു ഉപമ ഹൃദയത്തില്‍ കൊത്തിവെച്ച പോലെ ഇന്നും നിലനല്‍ക്കുന്നുണ്ട്. സമയമായിട്ടും പ്രസവം നടക്കാതെ വന്നാല്‍ സിസേറിയന്‍ നടത്തേണ്ടി വരും. ആ നിര്‍ണായക സന്ദര്‍ഭത്തില്‍ ഒരു ഡോക്ടര്‍ ആയുധമെടുക്കുന്ന പോലെയാണ് പ്രവാചകന്മാര്‍ ആയുധമെടുത്തത് എന്നായിരുന്നു ആ ഉപമ. മനുഷ്യരുടെ രക്തമെടുക്കാന്‍ വന്നവരല്ല പ്രവാചകന്മാര്‍. മനുഷ്യര്‍ക്ക് രക്തവും ജീവനും നല്‍കാന്‍ വന്നവരാണവര്‍. ഇതാണ് പ്രസ്ഥാനത്തിന്റെ നിലപാട്. എന്നിട്ടും തീവ്രവാദ ആരോപണങ്ങള്‍ നിരന്തരമായി കേള്‍ക്കേണ്ടിവരുന്നു!
ഈ പ്രസ്ഥാനത്തെ തീവ്രവാദ പ്രസ്ഥാനം എന്ന് വിളിക്കുന്നതിനെ ലോക മഹാത്ഭുതങ്ങളില്‍ പെടുത്താനാണ് തോന്നിയിട്ടുള്ളത്. കാരണം, ഒരു അടിപിടിക്കേസ്സിലെങ്കിലും പ്രതിയായി, ഉത്തരവാദപ്പെട്ട ഒരാളെങ്കിലും ഒരു ജയിലിലും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് ഈ ആരോപണം. ഇസ്‌ലാമിന്റെ പേരിലുള്ളവരും അല്ലാത്തവരും നിയമം കൈയിലെടുത്ത് കൊലവിളികളും കൊലപാതകങ്ങളും നടത്തുന്നു. അരുതെന്ന് പ്രസ്ഥാനം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും അവരൊന്നടങ്കം പറയുന്നു: 'നിങ്ങള്‍ തീവ്രവാദികള്‍!'
ജീവിതത്തിലൊരിക്കലും ഇത്ര വിചിത്രമായ ആരോപണങ്ങള്‍ കേട്ടിട്ടേയില്ല; പ്രവാചകന്മാരുടെ ചരിത്രത്തിലല്ലാതെ.
അസത്യത്തിന്റെ കാഠിന്യം സത്യത്തിന്റെ തിളക്കം കൂട്ടും; ഇരുട്ടിന്റെ കാഠിന്യം പ്രകാശത്തെ കൂടുതല്‍ ഉജ്ജ്വലമാക്കും പോലെ. 'ഒന്നിന്റെ യാഥാര്‍ഥ്യവും മഹത്വവും വ്യക്തമാവുക അതിന്റെ വിപരീതത്തിലൂടെയാണ്' എന്ന് ഇമാം റാസി പറഞ്ഞത് എത്ര അര്‍ഥവത്താണ്!
ഇതിനര്‍ഥം മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്ത മലക്കുകളുടെ കൂട്ടായ്മയാണിത് എന്നൊന്നുമല്ല. അത് അസാധ്യവുമാണ്. കാരണം, ഒരു തെറ്റും ചെയ്യാത്ത മലക്കുകളുടെയും തെറ്റുകള്‍ മാത്രം ചെയ്യുന്ന ഇബ്‌ലീസിന്റെയും മധ്യേയാണല്ലോ മനുഷ്യന്റെ നില. 
അതേസമയം, നേരത്തേ സൂചിപ്പിച്ചതുപോലുള്ള മനുഷ്യത്വവിരുദ്ധ സ്വഭാവങ്ങളുമായി ഏറെക്കാലം ഈ കൂട്ടായ്മയില്‍ തുടരാന്‍ ഇസ്‌ലാമിന്റെ സ്വഭാവം സമ്മതിക്കുകയില്ല. തെറ്റുതിരുത്തി പശ്ചാത്തപിച്ച് മടങ്ങാനുള്ള അവസരമാണ് പിന്നെ ഉണ്ടാവുക. അതിന് സന്നദ്ധമല്ലെങ്കില്‍ തുടരാനാവില്ല.
മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളാല്‍ എന്തെങ്കിലും തിന്മകളില്‍ ഒരാള്‍ പെട്ടുപോയാല്‍ പോലും കൂട്ടായ്മയുടെ ഒരു ഇടപെടല്‍ ആ വിശ്വാസിയെ രക്ഷിച്ചെടുക്കുന്നതായി കാണാം. അത്തരം പല സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്.
ചുണ്ടോട്ടുകുന്ന് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റായിരുന്നപ്പോഴുണ്ടായ സങ്കടകരമായൊരു സംഭവം ഓര്‍മയില്‍ വരുന്നു. ഒരു പ്രവര്‍ത്തകന്റെ മകന്‍ കല്യാണത്തിന് സ്ത്രീധനം വാങ്ങുന്നുണ്ടെന്നറിഞ്ഞു. അത് ചര്‍ച്ചയായി. കല്യാണ വിഷയത്തില്‍ അധികം ഇടപെടാന്‍ പിതാവിന് അവസരമില്ലായിരുന്നു. എന്തു ചെയ്യും എന്നായി ചര്‍ച്ച. ഒടുവില്‍, രണ്ടും കല്‍പിച്ച് അദ്ദേഹം ആ കല്യാണത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്.
ആ സന്ദര്‍ഭത്തില്‍ ഒരു പിതാവ് എന്ന നിലക്ക് അദ്ദേഹം അനുഭവിച്ച മനഃ സംഘര്‍ഷത്തിന്റെ ആഴം എത്രയായിരിക്കും? എന്തിനായിരുന്നു ആ ത്യാഗം?
സാമൂഹിക തിന്മകളോടുള്ള ഇസ്‌ലാമിന്റെ സന്ധിയില്ലാ സമരത്തെ വാര്‍ധക്യത്തില്‍ പോലും വിശ്വാസികള്‍ നെഞ്ചേറ്റുന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി അതിനെ കാണാം.
സ്ത്രീധനം പോലെയുള്ള അരുതായ്മകളോട് രാജിയായതിന്റെ പേരില്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ വരെയുണ്ട്. എന്തിനാണിത്ര കാര്‍ക്കശ്യം? രണ്ട് കാരണങ്ങളാണ് കണ്ടത്. അതിലൊന്ന്, ഇസ്‌ലാമില്‍ വിവാഹം സാധുവാകണമെങ്കില്‍ പുരുഷന്‍ സ്ത്രീക്ക് 'മഹ്‌റ്' നല്‍കണമെന്ന വ്യവസ്ഥയാണുള്ളത്. സ്ത്രീയില്‍നിന്ന് പുരുഷന്‍ ധനം വാങ്ങുന്ന സമ്പ്രദായം ഇസ്‌ലാമിലില്ല. രണ്ടാമത്തേത്, അതൊരു സാമൂഹിക വിപത്താണ്. 
ആ വിപത്തിന്റെ ആഴം മനസ്സിലായത് ഒരു കുഞ്ഞു ജനിച്ചപ്പോഴാണ്.
'ഭാര്യ പ്രസവിച്ചു' എന്ന് സന്തോഷത്തോടെ അറിയിക്കുമ്പോള്‍, ഉടനെ മറുചോദ്യം 'എന്തു കുട്ട്യാ?'
'പെണ്‍കുട്ടി.'
ഇത് കേള്‍ക്കുമ്പോള്‍ പലരുടെയും മുഖം ചുളിയുന്നത് ശ്രദ്ധയില്‍പെട്ടു.
ഒരാള്‍ ചോദിച്ചു: 'കുട്ടിയുടെ പേരെന്താ?'
'സനാ ഹിറ'
'സാരല്യ; ദൈവം തന്നതല്ലേ.' പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോഴുണ്ടായ പ്രതികരണമാണത്. എന്തോ വിപത്ത് സംഭവിച്ച പോലെ! ഈ സംഭവത്തിനു ശേഷമാണ് 'അവള്‍ എന്തു പിഴച്ചു?' എന്ന തലക്കെട്ടില്‍ ആരാമം മാസികയില്‍ ആദ്യമായി ലേഖനമെഴുതിയത്. പ്രബോധനം വാരികയിലും ആദ്യമായി ലേഖനമെഴുതിയത് ഈ വിഷയത്തിലാണ് എന്നാണ് ഓര്‍മ.
ഭാര്യാസഹോദരന്‍ ഖത്തറിലാണ്. ഒരു സന്ദര്‍ശനവേളയില്‍ അവിടെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രഭാഷണം കഴിഞ്ഞപ്പോള്‍ ഒരു സഹോദരന്‍ വന്ന് സങ്കടം പറഞ്ഞു: 'ഞാന്‍ വലിയൊരു പ്രതിസന്ധിയിലാണ്. ഭാര്യ ഗര്‍ഭിണിയാണ്. കുട്ടി പെണ്ണാണ്. ആദ്യത്തേതും പെണ്ണാണ്. അതിനാലിത് കളയണമെന്നാണവള്‍ പറയുന്നത്. ഞാന്‍ സമ്മതിക്കാത്തതിനാല്‍ ചില സമയത്ത് അവളുടെ സമനില പോലും തെറ്റുന്നു...'
'കുട്ടി ആണാണോ പെണ്ണാണോ എന്നറിഞ്ഞതെങ്ങനെ?' എന്ന് ചോദിച്ചപ്പോള്‍:
'നമ്മുടെ നാട്ടിലെ പോലെ ലിംഗനിര്‍ണയം ഇവിടെ കുറ്റമല്ല. ടെസ്റ്റ് ചെയ്താല്‍ അതും പറയും. ഇവിടെ പെണ്‍കുട്ടികള്‍ ജനിക്കുന്നത് ആരും പേടിക്കുന്നില്ല.'
ഇസ്‌ലാമിന്റെ സ്വാധീനം കാരണം എത്രയധികം  പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാതിരിക്കുന്നു എന്ന് ചിന്തിക്കാന്‍ ഈ സംഭവം കാരണമായി. പെണ്ണായതിന്റെ പേരില്‍ മറ്റിടങ്ങളില്‍ എത്രയെത്ര കുട്ടികള്‍ കൊല്ലപ്പെടുന്നു! 
ഇങ്ങനെ ഒരു 'പെണ്‍പേടി' ഇസ്‌ലാം ഉല്‍പാദിപ്പിക്കുന്നേയില്ല. എന്നിട്ടും എന്തുകൊണ്ടാണ് നാട്ടിലെ മുസ്ലിം സമുദായത്തിന് മറ്റുള്ളവരെപ്പോലെത്തന്നെ, പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ പേടി വരുന്നത്? സ്ത്രീധനം പോലെയുള്ള ദുരാചാരങ്ങള്‍ക്ക് അതില്‍ വലിയ പങ്കാണല്ലോ ഉള്ളത്.
വിവാഹത്തില്‍ മഹ്‌റാണ് ഇസ്‌ലാമിന്റെ സംസ്‌കാരം. സ്ത്രീധനം ജാഹിലിയ്യത്തിന്റെ സംസ്‌കാരമാണ്. സമുദായം മഹ്‌റിനെ ആചാരമാക്കി ചുരുക്കി. സ്ത്രീധനത്തെ സംസ്‌കാരമാക്കി കൊണ്ടുനടന്നു. ഇക്കാര്യത്തില്‍ മാത്രമല്ല മറ്റു പല കാര്യങ്ങളിലും ഇതു തന്നെയല്ലേ ചെയ്തുവെച്ചത്. ഇത്തരം 'പുത്തന്‍വാദ'ങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തലാണ് നവോത്ഥാനം. അതാണ് പ്രസ്ഥാനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ജാഹിലിയ്യത്തിനെ സംസ്‌കാരമായി സ്വീകരിച്ച് പടച്ചവന്റെ സഹായവും ഇസ്‌ലാമിന്റെ സമാധാനവും പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ഈ പ്രസ്ഥാനത്തെപ്പറ്റി ഒന്നും കേട്ടിട്ടില്ലാത്ത കാലത്തു തന്നെ രണ്ട് 'പൊക്കിള്‍ക്കൊടി ബന്ധങ്ങള്‍' രൂപപ്പെട്ട കാര്യം പലപ്പോഴും അത്ഭുതത്തോടെ ഓര്‍ക്കാറുണ്ട്. അതിലൊന്ന്, മഹല്ല് പള്ളിയോടനുബന്ധിച്ചുള്ള മദ്‌റസയില്‍നിന്ന് കേട്ട ഖുര്‍ആന്‍ പാരായണമാണ്. ഏതോ പ്രോഗ്രാമിനോടനുബന്ധിച്ച് ഉച്ചഭാഷിണിയിലായിരുന്നു പാരായണം. അതിന്റെ ഈണവും താളവും ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ ഒരു മുഴക്കമായി അവശേഷിച്ചിരുന്നു. ഒരു നിരീശ്വരനായിരിക്കെ തന്നെ!
മറ്റൊന്ന്, മാധ്യമം ദിനപത്രമാണ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ലൈബ്രറിയില്‍ കയറിയാല്‍ ആദ്യം നോക്കുക മാധ്യമം പത്രമാണ്. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടിക്കോളേജിലായിരുന്നു അഞ്ചു വര്‍ഷം പഠിച്ചത്. മാധ്യമം പത്രത്തിലെ എഡിറ്റോറിയല്‍ പേജ് വായിക്കല്‍ ഹരമായിരുന്നു. ഏതൊരു വിഷയത്തെ സംബന്ധിച്ചും സന്തുലിതമായ കാഴ്ചപ്പാട് ലഭിക്കാന്‍ അത് സഹായകമായിരുന്നു.
'ഇസ്‌ലാം സന്തുലിത'മാണല്ലോ. ഇതിന്റെ സ്വാധീനമായിരുന്നു ആ എഡിറ്റോറിയലുകളുടെ പിന്നിലെന്നറിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
സോവിയറ്റ് യൂനിയന്റെ തകര്‍ച്ച സംഭവിച്ച കാലം. ഒരു ആത്മസുഹൃത്തിന്റെ വേര്‍പാട് പോലെയാണ് അതനുഭവപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ കമ്യൂണിസവുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തില്‍ ധാരാളം ലേഖനങ്ങള്‍ വന്നിരുന്നു. അനുകൂലവും പ്രതികൂലവുമായ ആ ലേഖനങ്ങള്‍, കമ്യൂണിസത്തെ സംബന്ധിച്ച 'സിദ്ധാന്തവാശി'യില്‍നിന്ന്  ചിന്തയെ മറ്റൊരു ലോകത്തേക്ക് നയിച്ചതായി തോന്നിയിട്ടുണ്ട്.
ചുണ്ടോട്ടുകുന്ന് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റായിരിക്കെ ഒരു സംഘടനയുടെ യോഗത്തിലേക്ക് ഒരിക്കല്‍ ക്ഷണിക്കപ്പെട്ടു. പ്രിയ സുഹൃത്ത് അബ്ദുന്നാസറും കൂടെ ഉണ്ടായിരുന്നു. എടത്തനാട്ടുകര കോട്ടപ്പള്ളയിലെ ഒരു പള്ളിയില്‍ വെച്ചായിരുന്നു ചര്‍ച്ച. സൗഹൃദാന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നത്. ഇസ്ലാം മനുഷ്യജീവിതത്തിനാവശ്യമായ എല്ലാ അടിസ്ഥാന നിയമങ്ങളുമുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണല്ലോ. പിന്നെന്തിനാണ് മുസ്ലിംകള്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടി പണിയെടുക്കുന്നതും കൊടി പിടിക്കുന്നതും എന്നിടത്തു നിന്നാണ് ചര്‍ച്ച തുടങ്ങിയത്.
'മതം വേറെ, രാഷ്ട്രീയം വേറെ' എന്ന ചര്‍ച്ച സമുദായത്തില്‍ കത്തിനില്‍ക്കുന്ന സമയമാണത്. അതു സംബന്ധമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍, കോട്ടപ്പള്ള അങ്ങാടിയില്‍, പണ്ഡിതനും വാഗ്മിയുമായ ശൈഖ് മുഹമ്മദ് കാരകുന്നിനെ പങ്കെടുപ്പിച്ച് ഒരു പൊതു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഉജ്ജ്വല പ്രഭാഷണമായിരുന്നു അത്. ഇസ്‌ലാം നല്ലതായിട്ടും മുസ്‌ലിംകള്‍ അതിനെ നല്ല ഭാഷയില്‍ അവതരിപ്പിക്കുന്നില്ല എന്ന പരിഭവത്തെ തിരുത്തിത്തന്ന പ്രഭാഷണം! സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയായിരുന്നു അവതരണം. ദൈവിക അധ്യാപനങ്ങളെ പൊതുജീവിതത്തില്‍നിന്ന് പറിച്ചുമാറ്റിയാലുണ്ടാവുന്ന ദുരന്തങ്ങളെക്കൂടി പറഞ്ഞുകൊണ്ടുള്ള പ്രഭാഷണമായിരുന്നു അത്. 'സമ്പൂര്‍ണ ജീവിത പദ്ധതി'യാണ് ഇസ്ലാം എന്നതായിരുന്നു അതിന്റെ ആകസാരം.
ഈ കാഴ്ചപ്പാടോടെയാണ് ചര്‍ച്ചയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. കമ്യൂണിസ്റ്റായിരുന്ന കാലത്ത്, കാള്‍ മാര്‍ക്‌സിനെ പോലുള്ള കമ്യൂണിസ്റ്റ് ചിന്തകരുടെ അധ്യാപനപ്രകാരമുള്ള ഒരു സാമ്പത്തിക വ്യവസ്ഥക്കു വേണ്ടിയാണ് ആഗ്രഹിച്ചതും പണിയെടുത്തതും. എന്നാല്‍, സമ്പൂര്‍ണ ജീവിത വ്യവസ്ഥയായ ഇസ്‌ലാമിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ സാധ്യമാകും? മതപരമായ ആദര്‍ശം ഇസ്‌ലാമിന്റേതും രാഷ്ട്രീയ ആദര്‍ശം കമ്യൂണിസത്തിന്റേതോ അല്ലെങ്കില്‍ മുതലാളിത്തത്തിന്റേതോ ഒക്കെ ആകുന്നതിന്റെ യുക്തി എന്താണ്?
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും ഉത്തരങ്ങളുണ്ടായിരുന്നില്ല.
സോഷ്യലിസ്റ്റ്  കാഴ്ചപ്പാടനുസരിച്ച് സമ്പത്തിന്റെ ഉടമസ്ഥാവകാശം സ്റ്റേറ്റിനാണല്ലോ. മുതലാളിത്തത്തില്‍ അത് വ്യക്തികള്‍ക്കാണ്. ഇസ്‌ലാമിലോ? ദൈവത്തിനാണെന്നാണ് മറുപടി. എങ്കില്‍, സമ്പാദിക്കേണ്ടതും ചെലവഴിക്കേണ്ടതുമൊക്കെ എങ്ങനെയാവണം എന്ന് പറയേണ്ടതാരാണ്?
കാള്‍ മാര്‍ക്‌സാണോ? ആഡം സ്മിത്താണോ? അതോ, സ്രഷ്ടാവായ ദൈവമോ? 
ദൈവം ഈ വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നു പറയാന്‍ എന്തു ന്യായമാണുള്ളത്? ചിലയിടങ്ങളില്‍, സകാത്ത്  വാങ്ങാന്‍ പോലും ആളില്ലാത്ത വിധം ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമായ ചരിത്രമുണ്ടല്ലോ ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥക്ക്. അതെങ്ങനെ സാധ്യമായി?
ഇതിനൊന്നും വ്യക്തമായ മറുപടി ചര്‍ച്ചയിലുണ്ടായില്ല.
ഇസ്‌ലാമിനെ ഒരു 'മത'മായി കണ്ടാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. എന്നാല്‍, ഖുര്‍ആനും പ്രവാചകനും പഠിപ്പിക്കുന്ന അധ്യാപനങ്ങള്‍ അതിനു സമ്മതിക്കില്ലെന്നാണ് മനസ്സിലായിട്ടുള്ളത്. മാത്രമല്ല, ഇസ്ലാമിനെ ഇങ്ങനെ കേവല മതമാക്കിക്കൊണ്ടുള്ള സമീപനമുണ്ടാക്കുന്ന ദുരന്തം അല്‍പം ഒന്നാലോചിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണ്.
ഒരു സത്യവിശ്വാസി അംഗമായ മത സംഘടനയുടെ കാഴ്ചപ്പാടില്‍ മദ്യം നിഷിദ്ധമാണല്ലോ. എന്നാല്‍, അതേ സത്യവിശ്വാസി അംഗമായ രാഷ്ട്രീയ സംഘടനയുടെ കാഴ്ചപ്പാടില്‍ മദ്യം നിഷിദ്ധമല്ല. അങ്ങനെയാണല്ലോ മിക്ക രാഷ്ട്രീയ സംഘടനകളും. മദ്യത്തിന്റെ കാര്യം മാത്രമല്ല വ്യഭിചാരം, സ്വവര്‍ഗരതി, ചൂതാട്ടം, പലിശ, കൈക്കൂലി, അഴിമതി, വര്‍ഗീയത, വംശീയത, ജാതീയത തുടങ്ങി ഇസ്‌ലാം വിലക്കിയ മിക്ക തിന്മകളുടെ കാര്യത്തിലും ഈ വൈരുധ്യം കാണാം. മതപരമായ ആദര്‍ശം വിലക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയപരമായ ആദര്‍ശം അനുവദിക്കുന്നു. ഒരേ വ്യക്തി ഈ രണ്ട് വിരുദ്ധ വീക്ഷണങ്ങളെയും ഒരുമിച്ച് കൊണ്ടുനടക്കുന്നതെങ്ങനെ? ഇസ്‌ലാം വിഭാവന ചെയ്യുന്ന സംസ്‌കാരത്തെ സംഘടിതമായി ഇല്ലാതാക്കുകയല്ലേ ഇവിടെ ചെയ്യുന്നത്. ഒരു നാട്ടില്‍ നന്മയാണെങ്കിലും തിന്മയാണെങ്കിലും എന്തെല്ലാം വേണം, എന്തെല്ലാം വേണ്ട എന്നൊക്കെ നിയമപരമായിത്തന്നെ തീരുമാനിക്കാന്‍ കഴിയുക രാഷ്ട്രീയ സംഘടനകള്‍ക്കാണല്ലോ. ഇസ്‌ലാമിനെക്കുറിച്ച വായനയില്‍ സാമൂഹിക ഇടപെടല്‍ കൂടി നടത്തുന്ന ഒന്നായിട്ടാണ് അതിനെ കാണാല്‍ കഴിഞ്ഞിട്ടുള്ളത്. അതില്ലാത്ത കേവല 'മത'ത്തെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല.
പ്രവാചകന്‍ മദീനാ പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നു. അതേസമയം മദീനാ മാര്‍ക്കറ്റിലൂടെ നടന്നു നോക്കി കള്ളക്കച്ചവടക്കാരുടെ കൈക്ക് പിടിക്കുകയും ചെയ്തിരുന്നു. ഇതാണല്ലോ യഥാര്‍ഥത്തില്‍ ഇസ്‌ലാം. ഇങ്ങനെ ഇസ്‌ലാമിനെ അതിന്റെ സാകല്യത്തില്‍ മനസ്സിലാക്കിയാല്‍ അതിനെ കേവലം മതമാക്കുന്നത് രാജാവിനെ പൂജാരിയാക്കുന്ന വിധമുള്ള അബദ്ധമല്ലേ?
മര്‍ഹൂം സ്വാദിഖ് മൗലവി പറഞ്ഞ ഒരു സംഭവം വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്. സംഭവം ഇതാണ്: ആലുവയില്‍ നടക്കുന്ന ഒരു സര്‍വമത സമ്മേളനത്തിലേക്ക് അതിന്റെ സംഘാടകര്‍ ഹാജി സാഹിബിനെ ക്ഷണിച്ചു. അദ്ദേഹം അതിനു നല്‍കിയ മറുപടി, 'ആ സമ്മേളനത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് ഞാന്‍ പങ്കെടുത്താല്‍ ഇസ്‌ലാമിക പ്രസ്ഥാനം ഒരു മത സംഘടനയാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും. അതിനാല്‍, ഒരു സര്‍വ പാര്‍ട്ടി സമ്മേളനത്തിലേക്കാണെങ്കില്‍ പങ്കെടുക്കാം' എന്നായിരുന്നു!
മതം വേറെ, രാഷ്ട്രീയം വേറെ എന്ന വിഭജനം നടത്തി, ഇസ്‌ലാമിനെ എങ്ങനെയാണ് വിശ്വാസികള്‍ അഡ്ജസ്റ്റ് ചെയ്യുന്നത് എന്ന് ഇന്നും മനസ്സിലായിട്ടില്ലാത്ത സമസ്യയാണ്. ഇസ്‌ലാമിനെ വെറും മതമാക്കാനോ വെറും രാഷ്ട്രീയമാക്കാനോ പറ്റില്ലെന്നാണ് ഖുര്‍ആന്‍ പഠിച്ചപ്പോള്‍ മനസ്സിലായത്. യഥാര്‍ഥത്തില്‍ ഇസ്‌ലാം എല്ലാറ്റിനും പകരമാണ്; ഇസ്‌ലാമിനു പകരമായി മറ്റൊന്നുമില്ല.
ഖുര്‍ആനില്‍ രണ്ടാം അധ്യായത്തിലെ 208-ാം വാക്യത്തില്‍ 'വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കുക' എന്ന കല്‍പന കാണാം. അത് വിരല്‍ ചൂണ്ടുന്നത് വിശ്വാസികളുടെ ഇത്തരം നിലപാടുകളിലേക്കാണെന്നല്ലേ മനസ്സിലാക്കാന്‍ കഴിയുക? 
എല്ലാവിധ തിന്മകള്‍ക്കുമെതിരാണല്ലോ ഇസ്ലാം. അതോടൊപ്പം സകല നന്മകളെയും അത് പ്രതിനിധീകരിക്കുന്നുമുണ്ട്. ഈ ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മയിലേക്ക് പൊതുസമൂഹത്തെ ക്ഷണിക്കുക എന്ന പണിയല്ലേ വിശ്വാസികള്‍ ചെയ്യേണ്ടത്? പ്രവാചകന്മാര്‍ അതാണല്ലോ ചെയ്തത്.
എന്നാല്‍, 'മത ജീവിത'ത്തില്‍ ഒരു കാല്‍ ഇസ്‌ലാമിന്റെ തോണിയില്‍, 'പൊതുജീവിത'ത്തില്‍ മറ്റേ കാല്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ തോണിയിലും! ഇങ്ങനെ പോയാല്‍ കരക്കടുക്കാന്‍ കഴിയുന്നതെങ്ങനെ?
അക്ഷരങ്ങളിലൂടെ വായിച്ചറിഞ്ഞ ഇസ്‌ലാമിനെ ഈ കൂട്ടായ്മയിലൂടെയാണ് തൊട്ടറിഞ്ഞത്. നാട്ടില്‍ നടക്കുന്ന പല വിഷയങ്ങളിലും എടുത്തുചാട്ടമില്ലാതെ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അബ്ദുല്‍ അസീസ് സാഹിബിന്റെ ഉപദേശങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഇസ്‌ലാമിന്റെ കൂടിയാലോചനാ സിസ്റ്റമാണവിടെയെല്ലാം പ്രവര്‍ത്തിച്ചിരുന്നത് എന്ന് പിന്നീടാണ് മനസ്സിലായത്.    
ഒരു വിഷയത്തില്‍തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമുള്ളവരാണല്ലോ മനുഷ്യര്‍. ഇങ്ങനെയുള്ള മനുഷ്യരുടെ ഒരു പ്രശ്‌നം പരിഹരിക്കാന്‍ 'കൂടിയാലോചന'യെ ആയുധമാക്കാനാണല്ലോ ഇസ്‌ലാമിന്റെ നിര്‍ദേശം. ഓരോ വിഷയത്തിലും ദൈവത്തില്‍നിന്ന് വെളിപാട് ലഭിച്ചിരുന്ന പ്രവാചകന്, അനുചരന്മാരോട് കൂടിയാലോചിക്കാനുള്ള  നിര്‍ദേശം തന്നെ വെളിപാടായി ലഭിച്ചത് ഖുര്‍ആനിലുണ്ടല്ലോ.   
ജനാധിപത്യത്തിനും ഖുര്‍ആന്‍ അടിത്തറ പാകിയിട്ടുണ്ടെന്നര്‍ഥം. 'കൂടിയാലോചന അഭിപ്രായങ്ങളെ പവിത്രമാക്കും' എന്നാണ് പ്രവാചക മൊഴി. കൂടിയാലോചന അഥവാ 'ശൂറാ' എന്നത് ഒരു സംസ്‌കാരമാകുമ്പോള്‍ കൊടുങ്കാറ്റ് പോലെ വന്ന പ്രശ്‌നങ്ങള്‍ മന്ദമാരുതനെപ്പോലെ ഗതിമാറിപ്പോയ എത്രയോ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
റോഡിലൂടെ ഒഴുകുന്ന മഴവെള്ളം ആരൊക്കെയോ പൊതുവഴിയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ നാട്ടിലുണ്ടായ പ്രശ്‌നം തീര്‍ക്കുന്നതിലും, ഒരു സഹോദരന്റെ വീട് കത്തിയപ്പോള്‍ അത് പുനര്‍നിര്‍മിക്കാന്‍ നടത്തിയ പിരിവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും, കള്ളുഷാപ്പിനും ചീട്ടുകളിക്കുമെതിരിലുണ്ടായ സമരങ്ങളിലുമൊക്കെ ഈ കൂടിയാലോചനാ സംസ്‌കാരം വലിയ സഹായമായിരുന്നു.
ഇതിനിടയില്‍ എടത്തനാട്ടുകരയിലെ കോട്ടപ്പള്ള അങ്ങാടിയില്‍ വെച്ച് സക്കീര്‍ ഹുസൈന്‍ തുവ്വൂരിന്റെ ഒരു പൊതു പ്രഭാഷണം സംഘടിപ്പിച്ചു. അതൊരു മറുപടി പ്രസംഗമായിരുന്നു. ഘനഗംഭീരമായ ശബ്ദത്തില്‍ നല്ല ഒഴുക്കോടുകൂടിയ അദ്ദേഹത്തിന്റെ പ്രസംഗം ഒരനുഭവം തന്നെയായിരുന്നു. മറുപടി പ്രസംഗങ്ങളില്‍ പൊതുവിലുണ്ടാവാറുള്ള 'കരിവാരിത്തേക്കല്‍' ഉണ്ടായിരുന്നതേയില്ല. മാന്യമായ ഭാഷയിലുള്ള, വ്യക്തതയുള്ള മറുപടികള്‍. ശത്രുക്കളോട് പോലും മാന്യത പുലര്‍ത്താന്‍ നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിന്റെ സമീപനം അവിടെ പ്രകടമായിരുന്നു. 'ഇസ്‌ലാം ഒരു സിദ്ധാന്തം മാത്രമല്ല, അതൊരു സമീപനം കൂടിയാണ്' എന്നത് മുസ്‌ലിം സമൂഹം മുഖവിലെക്കെടുത്തിരുന്നെങ്കില്‍ എന്ന് പല മറുപടി പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോഴും തോന്നാറുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു സ്റ്റേജില്‍നിന്നും അശ്ലീലമായ പദങ്ങളോ മാന്യതയില്ലാത്ത പ്രയോഗങ്ങളോ കേട്ടിട്ടേയില്ല.  പ്രസ്ഥാനത്തിന്റെ ഈ വ്യതിരിക്തതയില്‍ നിന്ന് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടാണിതിന്റെ വളര്‍ച്ച മന്ദഗതിയില്‍ എന്ന ചോദ്യം അലട്ടാതിരുന്നിട്ടില്ല.   
കള വളരുന്ന പോലെ കൃഷി വളരുകയില്ല എന്ന ഒരു മെസ്സേജ് പ്രകൃതിയില്‍ കാണാം.
'ഒരു ജനത സ്വയം മാറാത്തിടത്തോളം കാലം ദൈവം അവരെ മാറ്റുകയില്ല' (ഖുര്‍ആന്‍ 13:11). 

(തുടരും)

Comments

Other Post

ഹദീസ്‌

ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (29-36)
ടി.കെ ഉബൈദ്‌