Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 05

3188

1442 ജമാദുല്‍ ആഖിര്‍ 23

'അസമിലെ മദ്‌റസകള്‍ അടച്ചുപൂട്ടുന്നത് വര്‍ഗീയ മുതലെടുപ്പിന് '

അഡ്വ. മുഇസ്സുദ്ദീന്‍ മഹ്മൂദ് / ടി.കെ ആഇശ നൗറീന്‍

അസമില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന മദ്‌റസാ സംവിധാനം എടുത്തുകളഞ്ഞ ബി.ജെ.പി ഗവണ്‍മെന്റിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു, മദ്‌റസയിലെ പൂര്‍വ അധ്യാപകനും ഗുവാഹത്തി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. മുഇസ്സുദ്ദീന്‍ മഹ്മൂദ്. പ്രബോധനത്തിന് വേണ്ടി അദ്ദേഹത്തോട് സംസാരിക്കുന്നത് ദല്‍ഹി ജാമിഅ മില്ലിയ്യയിലെ മീഡിയ ആന്റ് ഗവണന്‍സ് എം.എ വിദ്യാര്‍ഥിനി ആഇശ നൗറീന്‍ ടി.കെ


അസമിലെ മദ്‌റസ എജുക്കേഷന്‍ ബോര്‍ഡിനു കീഴിലെ ഒരു പൂര്‍വ വിദ്യാര്‍ഥി എന്ന നിലയില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ഗവണ്‍മെന്റ് നീക്കത്തെ താങ്കള്‍  എങ്ങനെ കാണുന്നു?

അസമില്‍ മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് സ്ഥാപിതമാകുന്നത് 1934-ലാണ്.  അതായത് ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ തുടക്കം കുറിച്ച ഒന്നായിരുന്നു അത്. ഒരു കൂട്ടം  ഇസ്‌ലാമിക പണ്ഡിതന്മാരാണ് അക്കാലത്ത് അതിന് തുടക്കം കുറിച്ചത്. സീനിയര്‍ മദ്‌റസകളും അറബിക് കോളേജുകളുമടക്കം  നാലു തരത്തിലുള്ള മദ്‌റസകള്‍ ആണ് പ്രധാനമായും അസമില്‍ നിലവിലുള്ളത്.  ഏതാണ്ട് 12 വര്‍ഷത്തോളം അവിടെ വിദ്യാഭ്യാസം നേടിയ ശേഷമാണ് ഞാന്‍ നിയമ വിദ്യാര്‍ഥി ആകുന്നത്.
1990-ഓടു കൂടി മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ തന്നെ പാഠ്യവിഷയങ്ങളുടെ വിപുലീകരണം ഗവണ്‍മെന്റിനു കീഴില്‍ നടന്നിട്ടുണ്ട്. അന്നു മുതല്‍ക്കേ മദ്‌റസാ എജുക്കേഷന്‍ ബോര്‍ഡിന് കീഴിലുള്ള വിദ്യാര്‍ഥികള്‍ക്ക് ആ നിലയിലുള്ള വിദ്യാഭ്യാസം കിട്ടുന്നുമുണ്ട്.
ബി.ജെ.പി അധികാരത്തിലെത്തിയതോടെ തീവ്രവാദം, ലൗ ജിഹാദ്, മുത്ത്വലാഖ്, ബാബരി തുടങ്ങിയ വിഷയങ്ങള്‍ എടുത്തിട്ട് പ്രകോപനം സൃഷ്ടിച്ച് ഒന്നിനു പിറകെ മറ്റൊന്നായി രാജ്യത്തെ മുസ്ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വളരെ കൃത്യമായി ഹിന്ദുത്വ ദേശീയതയുടെ പ്രയോഗവത്കരണത്തിന്റെ ഭാഗമായാണ് ഇവര്‍  മദ്‌റസകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

യഥാര്‍ഥത്തില്‍ എന്താണ് അസമില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? മദ്‌റസകളോടൊപ്പം അടച്ചുപൂട്ടി എന്നുപറഞ്ഞ സാന്‍സ്‌ക്രിറ്റ് ടോളുകളുടെ (ടമിസെൃശ േഠീഹ)െ അവസ്ഥയെന്താണ്?

അതാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ മദ്‌റസകള്‍ എല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞു. നിലവില്‍ മദ്‌റസകളില്‍ ഉണ്ടായിരുന്ന അധ്യാപകരെ പുതിയ സംവിധാനത്തിലേക്ക് മാറ്റി. പക്ഷേ ഇപ്പോഴും 'ടോളുകള്‍'ക്ക്  ഗവണ്‍മെന്റിന്റെ സാമ്പത്തിക വിഹിതം കിട്ടുന്നുണ്ട്. അസം വിദ്യാഭ്യാസ മന്ത്രി ശര്‍മ തന്ത്രപരമായാണ് അതില്‍ ഇടപെട്ടിരുന്നത്. 'ടോളുകള്‍' അടക്കം അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള 'കുമാര്‍ ഭാസ്‌കര്‍ വര്‍മ യൂനിവേഴ്‌സിറ്റി'ക്കു കീഴിലാക്കി.  അസം ഗവണ്‍മെന്റിനു കീഴിലുള്ള യൂനിവേഴ്‌സിറ്റിയാണത്. അതായത്  സംസ്‌കൃത കലാലയങ്ങളെല്ലാം നിയമപരമാക്കുകയും അതേസമയം മദ്‌റസകളെയെല്ലാം ഉന്മൂലനം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്.
അസമിലെ 99 ശതമാനം മീഡിയയും പൂര്‍ണമായും ഗവണ്‍മെന്റ് പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. അവ ഏറിയ പങ്കും മുസ്‌ലിം വിരുദ്ധവുമാണ്. അതുകൊണ്ടു തന്നെ ഈ സംഭവ വികാസങ്ങളുടെ നിജസ്ഥിതി എത്രമാത്രം പുറംലോകമറിഞ്ഞിട്ടുണ്ടാവും എന്ന് ഊഹിക്കാമല്ലോ.

മദ്‌റസകള്‍ അടച്ചു പൂട്ടിയപ്പോള്‍ അതില്‍ പഠിച്ചിരുന്ന  വിദ്യാര്‍ഥികള്‍ പ്രതികരിച്ചിരുന്നില്ലേ?

വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നുണ്ട്. പക്ഷേ അതൊക്കെയും മൂടിവെക്കപ്പെട്ടിരിക്കുകയാണ്.
'മദ്‌റസകളില്‍ നിന്നിറങ്ങുന്ന കുട്ടികളെല്ലാം തീവ്രവാദികളായി മാറുകയാണല്ലോ' എന്ന് ഈയിടെ ഒരു പത്രപ്രവര്‍ത്തകന്‍ എന്നോട് ചോദിക്കുകയുണ്ടായി. ഗുജറാത്ത് കലാപ കേസില്‍ അറസ്റ്റിലായ അമിത് ഷായും ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകരുമെല്ലാം ഏതു മദ്‌റസയിലാണ് പഠിച്ചിരുന്നത് എന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു. ഇതാണ് സംഘ് മീഡിയ മദ്‌റസകളിലെ വിദ്യാര്‍ഥികളെ കുറിച്ച് ഉണ്ടാക്കിയെടുത്ത് പ്രചരിപ്പിക്കുന്ന ചിത്രം. 
അസമില്‍ ഇത്തരം 610  മദ്‌റസകളാണ് നിലവിലുണ്ടായിരുന്നത്. ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു അവരില്‍ ബഹുഭൂരിപക്ഷവും. ഈ അടച്ചുപൂട്ടല്‍ അവരെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. ഇനി എന്തായിരിക്കും അവരുടെ അവസ്ഥ എന്നത് വളരെ ഗൗരവത്തോടെ ആലോചിക്കേണ്ട കാര്യമാണ്.

മുതിര്‍ന്ന  അഭിഭാഷകന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് നിയമപരമായി ഈ ബില്ലിനെ നോക്കിക്കാണുന്നത്? എത്രത്തോളം നിയമസാധുതയുണ്ട് ഇതിന്?

മദ്‌റസകളാണെങ്കിലും മറ്റേത് സ്ഥാപനങ്ങളാണെങ്കിലും ഇത്തരത്തില്‍ പെട്ടെന്ന് നിര്‍ത്തലാക്കാന്‍ പറ്റില്ല. അത് തീര്‍ത്തും നിയമവിരുദ്ധമാണ്. ആര്‍ട്ടിക്ക്ള്‍ 29, 30 (2) എന്നിവ  കൃത്യമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 29-ഉം 30-ഉം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 30 ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള അവകാശം നല്‍കുന്നു. ഇത് മത, ഭാഷാ ന്യൂനപക്ഷങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുമ്പോള്‍ തന്നെ ഒരു ന്യൂനപക്ഷ സമുദായമാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തോട് വിവേചനം കാണിക്കുന്നതില്‍നിന്ന് ഗവണ്‍മെന്റിനെ വകുപ്പ് രണ്ട് വിലക്കുകയും ചെയ്യുന്നുണ്ട്.

ഇതിനു പിന്നിലുള്ള രാഷ്ട്രീയം എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?

അസം മുസ്‌ലിംകള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. വളരെ രൂക്ഷമായി പൗരത്വ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണവര്‍. ഇത്രയും പ്രതികൂലമായ സാഹചര്യമുണ്ടായിരിക്കെ മറ്റേതെങ്കിലും നാടുകളില്‍നിന്ന് ഏതെങ്കിലും മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വരുമെന്ന് കരുതുന്നുണ്ടോ? ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ വന്ന് ജയിലില്‍ കിടക്കേണ്ട കാര്യമെന്തുണ്ട് അവര്‍ക്ക്? ഈ കമ്യൂണിറ്റിക്കെതിരെ തല്‍പ്പരകക്ഷികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന കുതന്ത്രങ്ങളും പ്രോപഗണ്ടയും മാത്രമാണ് നുഴഞ്ഞു കയറ്റം പോലുള്ള ആരോപണങ്ങള്‍.
അസമില്‍ നിലനിന്നിരുന്ന വളരെ പ്രധാനപ്പെട്ട  വിദ്യാഭ്യാസ സംവിധാനമായിരുന്നു മദ്‌റസകള്‍. ആ സംവിധാനത്തെ കുഴിച്ചുമൂടാനാണ് അവര്‍ ലക്ഷ്യമിടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരെ  വിദ്യാര്‍ഥികള്‍ വന്ന് പഠിക്കുന്ന ശക്തമായ ഈ വിദ്യാഭ്യാസ ശൃംഖലയെ ഇല്ലാതാക്കുന്നത്  വലിയ രാഷ്ട്രീയ നേട്ടമായിട്ടാണ് അവര്‍ ഉപയോഗിക്കാന്‍ പോകുന്നത്. 'ഇസ്‌ലാം വെറുപ്പാണ്' ഇപ്പോള്‍ ഇതിലൂടെയെല്ലാം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് .

മദ്‌റസകളെ ഒരുതരത്തിലുള്ള റെഗുലേഷന് വിധേയമാക്കും എന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നുണ്ട്. എത്രത്തോളം നിയമപരമാണ് ഈ നീക്കങ്ങള്‍?

വിദ്യാര്‍ഥികള്‍ക്ക് വേണ്ട 90 ശതമാനം പൊതുവിദ്യാഭ്യാസം മദ്‌റസ ബോര്‍ഡ് നല്‍കുന്നുണ്ട്.  പക്ഷേ ഭരണകൂടം പൂര്‍ണമായും മദ്‌റസ എജുക്കേഷന്‍ ബോര്‍ഡിന്റെ സിലബസുകളെ തന്നെ നിരാകരിക്കുകയാണ്. രാജ്യത്തെ  ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന അനുവദിച്ചു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്  നടന്നുകൊണ്ടിരിക്കുന്നത്. അത് ഒരു പ്രത്യേക മത വിഭാഗത്തെ കേന്ദ്രീകരിച്ചാണു നടന്നുകൊണ്ടിരിക്കുന്നത് എന്നതും വളരെ പ്രധാനമാണ്.
'ഗവണ്‍മെന്റ് നല്‍കുന്ന പണം ഉപയോഗിച്ച് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ കഴിയില്ല' എന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. അത്തരത്തില്‍ അനുവദിക്കുകയാണെങ്കില്‍ മറ്റു മതങ്ങള്‍ക്കും അത് അനുവദിച്ചു നല്‍കേണ്ടിവരുമെന്നും അതിനാല്‍ ഒരു ഏകീകരണം കൊണ്ടുവരാനാണ് തങ്ങള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്. പക്ഷേ, നേരത്തേ പറഞ്ഞതു പോലെ,  എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നത് വ്യക്തം. ആധുനികവല്‍ക്കരണത്തിന്റെ മറവിലാണ് ഇതൊക്കെ നടക്കുന്നത് എന്ന് മാത്രം.

മദ്‌റസ എന്ന വാക്ക് നീക്കം ചെയ്യപ്പെടുന്നതോടെ എല്ലാ ഹൈ മദ്‌റസകളും സെക്യുലര്‍ ആകും എന്നാണല്ലോ വിദ്യാഭ്യാസ മന്ത്രി പറയുന്നത്?

സ്റ്റേറ്റ് മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് ഓഫ് അസമിന്റെ വെബ്‌പേജില്‍ വളരെ കൃത്യമായി മദ്‌റസ എന്ന വാക്കിനെ നിര്‍വചിച്ചിട്ടുണ്ട്. വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനം എന്നതിന്റെ അറബി പദപ്രയോഗമാണ് അത്. ആ വാക്കിനെ  പോലും എടുത്തു കളഞ്ഞ് കടുത്ത അസഹിഷ്ണുതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. 

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്  അംഗം ജീലാനി സുപ്രീം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിലെ നിയമ പോരാട്ടങ്ങളെ കുറിച്ച് ...?

അസമിലെ മുസ്‌ലിം നേതാക്കള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും ഒക്കെ കടുത്ത പ്രതിഷേധം ഉള്ളവര്‍ തന്നെയാണ്. AAMSU [ All Assam Minority Students Union] ഗവണ്‍മെന്റിന്റെ ഈ തീരുമാനം തികച്ചും വര്‍ഗീയവും വിഭാഗീയവുമാണ് എന്ന് തുടക്കത്തിലേ വിലയിരുത്തിയിട്ടുണ്ട്. എന്നിരുന്നാലും പലതരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന അസമിലെ മുസ്‌ലിം സമുദായത്തിന് എത്രത്തോളം ഈ നീക്കത്തെ ചെറുക്കാനാകുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. സുപ്രീം കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം.

SMEBA [State Madrasa Education Board, Assam] അമൈാപയിലെ അധ്യാപകരുടെ അവസ്ഥ എന്താകും?

അവരെ സ്‌കൂളുകളിലേക്ക് നിയമിക്കും. പക്ഷേ അറബിക് അധ്യാപകരും ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകരും പുറന്തള്ളപ്പെടും.

Comments

Other Post

ഹദീസ്‌

ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (29-36)
ടി.കെ ഉബൈദ്‌