Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 05

3188

1442 ജമാദുല്‍ ആഖിര്‍ 23

ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടി ജീവന്‍ കളഞ്ഞവനല്ല ശഹീദ്

ടി.ഇ.എം റാഫി വടുതല

വിശുദ്ധ ഖുര്‍ആനിലെ ഹൃദയസ്ഥാനീയമായ അധ്യായമായി സൂറത്ത് യാസീനെ കാണാം. ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ വിശ്വാസത്രയത്തെ ചെത്തിമിനുക്കിയ പദാവലികളിലൂടെ പ്രസരിപ്പിക്കുന്നു അതിലെ ഓരോ സൂക്തവും. ഒപ്പം പ്രവാചകാഗമനത്തിന് സാക്ഷ്യം വഹിച്ച ഒരു നാടിനെയും പ്രവാചക നിയോഗത്തെയും പ്രബോധിത സമൂഹത്തിന്റെ പ്രതിഷേധത്തെയും അനാവരണം ചെയ്യുന്നു. ഏത് ചാരക്കൂനയിലും ഒരു തീപ്പൊരി മറഞ്ഞിരിക്കുന്നുണ്ടാകും. തമോമയ രാവില്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമുണ്ടാകും. പ്രവാചകന്മാരെയും അവരുടെ ദര്‍ശനത്തെയും ദുശ്ശകുനമായി കണ്ട് കല്ലെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാചക പ്രതിയോഗികളുടെ സംഘങ്ങളില്‍നിന്ന് തന്നെ ഉദയം ചെയ്തു ഒരു ധീര കര്‍മസാക്ഷിയും രക്തസാക്ഷിയും. പട്ടണത്തിന്റെ അങ്ങേ അറ്റത്തുനിന്ന് ഓടിക്കിതച്ചു വന്ന ധീര പോരാളിയെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ 'ഹബീബുന്നജ്ജാര്‍' എന്നും 'സ്വാഹിബു യാസീന്‍' എന്നും പേരുവിളിച്ചു. അങ്ങനെ ഐതിഹാസികമായ ആ ജീവിത സമര്‍പ്പണവും രക്തസാക്ഷിത്വവും അനശ്വരമാക്കപ്പെട്ടു.
'സ്വാഹിബു യാസീന്‍' ഒരു നോവല്‍ കഥാപാത്രമോ ഭാവനാ ലോകത്തെ ഇതിഹാസ കഥാനായകനോ അല്ല. അദ്ദേഹം ഖുര്‍ആന്‍ അനശ്വരമാക്കിയ ചരിത്ര പുരുഷനാണ്. പ്രവാചകന്മാരെയും അവരുടെ കര്‍മപദ്ധതികളെയും നിശ്ചയദാര്‍ഢ്യത്തോടെ പിന്തുണച്ച യുഗപുരുഷന്‍. പ്രവാചകപ്രോക്തമായ ഇസ്‌ലാമിക ദര്‍ശനത്തോട് ഒരു ആദര്‍ശശാലിയായ വിശ്വാസി അനുവര്‍ത്തിക്കേണ്ട പ്രതിബദ്ധതയും സമര്‍പ്പണവും ധീര രക്തസാക്ഷിത്വവും സ്ഥൂലമായ കഥാവിവരണമേതുമില്ലാതെ വാചാലമായി അവതരിപ്പിക്കുന്നു ആ ധന്യജീവിതം. ഇസ്‌ലാമിക ദര്‍ശനത്തെയും പ്രവാചകന്മാരെയും പിന്തുണച്ചതിന്റെ പേരില്‍ ശത്രുപക്ഷം സ്വാഹിബു യാസീന്റെ ഉദരത്തില്‍ ആഞ്ഞു ചവിട്ടി. ഉദരം പൊട്ടി കുടല്‍മാല പുറത്തുവന്നു. അടിയറവ് പറയാത്ത ആദര്‍ശശാലി കാലം മായ്ക്കാത്ത രക്തസാക്ഷിത്വത്തിന്റെ അനശ്വര ചുമരില്‍ ഹൃദയരക്തം കൊണ്ട് ചരിത്രമെഴുതി, സ്വര്‍ഗലോകം പൂകി. കണ്ണുകള്‍ കാണാത്ത, കാതുകള്‍ കേള്‍ക്കാത്ത, മനുഷ്യ ഭാവനകള്‍ക്കതീതമായ, കരള്‍ കൊതിക്കുന്ന സ്വര്‍ഗീയ ജീവിതത്തിന്റെ ആനന്ദാനുഗ്രഹങ്ങള്‍ കണ്ട് വിസ്മയം കൊണ്ടു. തന്നെ ചവിട്ടിക്കൊന്ന ശത്രുപക്ഷം ആദര്‍ശമാര്‍ഗത്തിലൂടെ ലഭിക്കുന്ന സ്വര്‍ഗീയ ശുഭപര്യവസാനം ഒന്നറിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു. സംഭവിച്ച തെറ്റുകുറ്റങ്ങളൊക്കെയും പൊറുത്ത് രക്തസാക്ഷിത്വത്തിന്റെ മഹാപദവിയും ആദരവും തനിക്ക് ലഭിച്ച വിവരം വിവരമില്ലാതെപോയ തന്റെ ജനതയൊന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്ന് സ്വാഹിബു യാസീന്‍ ആഗ്രഹിച്ചു.
''തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളെന്റെ വാക്കു കേള്‍ക്കുക. 'നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് അദ്ദേഹത്തോട് പറഞ്ഞു: ഹാ, എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍ അഥവാ എന്റെ നാഥന്‍ എനിക്ക് മാപ്പേകിയതും എന്നെ ആദരണീയരിലുള്‍പ്പെടുത്തിയതും'' (യാസീന്‍ 25-27).
ബദ്ര്‍ യുദ്ധം കഴിഞ്ഞ സന്ദര്‍ഭം. ദൈവേതര ശക്തികള്‍ക്കെതിരെ ആദര്‍ശപോരാളികള്‍ വിജയം വരിച്ചുകഴിഞ്ഞിരുന്നു. ലോക ചരിത്രത്തിലെ വിസ്മയമായി അവശേഷിക്കുന്നു ഇന്നും ബദ്ര്‍. പക്ഷേ മിന്നുന്ന വിജയം ലഭിച്ചെങ്കിലും സ്വഹാബികളില്‍ ചിലര്‍ വധിക്കപ്പെട്ടത് മുസ്‌ലിം സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. രക്തസാക്ഷികളായവര്‍ക്ക് ഭൗതിക ലോകവും വീടും കുടുംബവുമൊക്കെ നഷ്ടപ്പെട്ടു പോയല്ലോ എന്ന് ചിലരെങ്കിലും പരിതപിച്ചു. ആകാശലോകം സ്വഹാബത്തിന്റെ ഹൃദയമന്ത്രം ശ്രവിച്ചു. ജിബ്‌രീല്‍ മാലാഖ പറന്നിറങ്ങി. കൊടും തണുപ്പിലും പ്രവാചകശരീരം വെട്ടി വിയര്‍ത്തു. ദുഃഖത്തിന്റെ കറുത്ത കാര്‍മേഘങ്ങള്‍ മരുഭൂമിയില്‍ ആലിപ്പഴമായി വര്‍ഷിച്ചു. ബദ്ര്‍ രണാങ്കണത്തില്‍ വധിക്കപ്പെട്ടവര്‍ ഒന്നും നഷ്ടപ്പെട്ടുപോയവരല്ല. പ്രത്യുത, സര്‍വവും നേടിയവരും നാഥന്റെ സമക്ഷത്തിങ്കല്‍ ആദരവ് ലഭിച്ചവരും സ്വര്‍ഗത്തിലെ സര്‍വാനുഗ്രഹങ്ങളും നല്‍കപ്പെടുന്നവരും മനുഷ്യരുടെ ഓര്‍മത്താളുകളിലും നാഥന്റെ സമക്ഷത്തിങ്കലും എന്നെന്നും ജീവിച്ചിരിക്കുന്നവരുമാണെന്ന് ഖുര്‍ആന്‍ ആ പ്രവാചക ശിഷ്യരെ ആശ്വസിപ്പിച്ചു.
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്നു കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിതവിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹത്തിലവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്നതിനാലാണിത്. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കാരണം അവര്‍ ആഹ്ലാദഭരിതരാണ്; സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫലം അല്ലാഹു തീരെ പാഴാക്കുകയില്ലെന്നതിലും'' (ആലു ഇംറാന്‍ 169-171).
സത്യദീനിന്റെ ധര്‍മസമര വീഥിയില്‍ സത്യവിശ്വാസി രക്തസാക്ഷിയാകും. രക്തം പുരണ്ട അതേ വസ്ത്രത്തില്‍ തന്നെ രക്തസാക്ഷിയുടെ ശരീരം മറമാടും. ആത്മാവോ ഹരിതപക്ഷിയുടെ ഉള്ളിലായിരിക്കും. അവ സ്വര്‍ഗത്തിലേക്ക് പാറിപ്പറക്കും. സ്വര്‍ഗീയ അരുവികള്‍ക്ക് മീതെയും വൃക്ഷച്ചില്ലകള്‍ക്കിടയിലൂടെയും പാറിപ്പറക്കും. ദൈവിക സിംഹാസനത്തിനു ചാരത്തെ വര്‍ണ വിളക്കുകളുടെ മാടത്തില്‍ വര്‍ണപ്പറവകളെപ്പോലെ കൂടണയും. കണ്‍കുളിര്‍മ നിറഞ്ഞതും രോമാഞ്ചദായകവും ഹൃദയാഹ്ലാദകരവുമായ പരലോക പ്രയാണമാണ് രക്തസാക്ഷികളുടെ സ്വര്‍ഗയാത്ര.
മസ്‌റുഖില്‍നിന്ന് നിവേദനം: 'ദൈവിക സരണിയില്‍ വധിക്കപ്പെട്ടവരെ മരിച്ചുപോയവരെന്ന് നീ വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു. തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക് വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു' (ആലു ഇംറാന്‍ 16) എന്ന സൂക്തത്തെക്കുറിച്ച് ഞങ്ങള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'ഞങ്ങള്‍ അതേക്കുറിച്ച് നബിയോട് ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അവരുടെ ആത്മാവുകള്‍ ഹരിത വര്‍ണമുള്ള പക്ഷികളുടെ ഉള്ളിലായിരിക്കും. അര്‍ശില്‍ തൂങ്ങിക്കിടക്കുന്ന വര്‍ണ വിളക്കുകള്‍ അവക്കുണ്ടായിരിക്കും. സ്വര്‍ഗാരാമത്തില്‍ യഥേഷ്ടം അവര്‍ മേഞ്ഞു നടക്കും. തുടര്‍ന്ന് ആ  വിളക്കുകള്‍ക്കടുത്ത് അവ കൂടണയും. അപ്പോള്‍ അവരുടെ നാഥന്‍ അവരെ നോക്കിയിട്ട് ചോദിച്ചു: നിങ്ങള്‍ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? അവര്‍ ചോദിക്കും: സ്വര്‍ഗാരാമത്തില്‍ ഇഷ്ടമുള്ളിടത്ത് സ്വതന്ത്രമായി പാറിപ്പറന്നുല്ലസിക്കുന്ന ഞങ്ങള്‍ ഇനി എന്ത് ചോദിക്കാനാണ്? മൂന്നു പ്രാവശ്യം അവരോട് ഇതേ ചോദ്യം അവന്‍ ആവര്‍ത്തിക്കും. എന്തെങ്കിലും ആവശ്യപ്പെടാതെ വിടില്ലെന്ന് കാണുമ്പോള്‍ അവര്‍ പറയും: നാഥാ, മറ്റൊരു പ്രാവശ്യം കൂടി നിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാന്‍ കഴിയുംവിധം ഞങ്ങളുടെ ആത്മാവുകളെ ഞങ്ങളുടെ ശരീരത്തിലേക്ക് നീ മടക്കിത്തരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റാവശ്യങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ അല്ലാഹു അവരെ വിടും' (മുസ്‌ലിം).
മുഹമ്മദ് നബി(സ)യുടെ മുഖഛായയും ശാരീരിക സൗന്ദര്യവുമുള്ള വ്യക്തിയായിരുന്നു ജഅ്ഫറുബ്‌നു അബീത്വാലിബ്. അബ്‌സീനിയന്‍ ഹിജ്‌റയിലെ യുവതാരകം. നജ്ജാശിയുടെ കൊട്ടാരത്തെ വശ്യമനോഹര ഗാംഭീര്യ പ്രഭാഷണം കൊണ്ട് വിസ്മയം കൊള്ളിച്ച ആദര്‍ശ പ്രബോധകന്‍. ജോര്‍ദാനു സമീപമുള്ള മുഅ്തയില്‍ രണ്ട് ലക്ഷം വരുന്ന റോമന്‍ സൈന്യത്തിന്റെ മലവെള്ളപ്രവാഹം. ഇസ്‌ലാമിന്റെ കൊടിവാഹകനായി ജഅ്ഫര്‍ ശത്രുപാളയത്തിലേക്ക് അസ്ത്രം പോലെ പ്രവേശിച്ചു. മുഅ്തയെ പുളകം കൊള്ളിച്ച മുന്നേറ്റത്തിനിടയില്‍ ശത്രുക്കളുടെ വെട്ടേറ്റ് വലതു കൈ നഷ്ടപ്പെട്ടു. ഇസ്‌ലാമിന്റെ ധ്വജം പെട്ടെന്ന് ഇടതു കൈയില്‍ മുറുകെപ്പിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇടതു കൈയും വെട്ടേറ്റ് നഷ്ടപ്പെട്ടു. മുറിഞ്ഞ കൈകളുടെ രക്തം ചീറ്റുന്ന അഗ്രം ചേര്‍ത്ത് ഇസ്‌ലാമിക പതാക മാറോടണച്ചുപിടിച്ച് ജഅ്ഫര്‍ ധീരരക്തസാക്ഷിത്വം വരിച്ചു. വിവരമറിഞ്ഞ പ്രവാചകവദനം മ്ലാനമായി. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അവരെ സാന്ത്വനപ്പെടുത്താന്‍ നബി ജഅ്ഫറിന്റെ വീട്ടിലെത്തി. പ്രിയതമന്റെ രക്തസാക്ഷിത്വമറിയാതെ അദ്ദേഹത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു പ്രിയതമ അസ്മാഅ്. സ്‌നേഹനിധിയായ വാപ്പയെ സ്വീകരിക്കാന്‍ സുഗന്ധം പൂശി സന്തോഷിച്ചിരിക്കുന്നു മക്കള്‍. പ്രവാചകനെ കണ്ട മാത്രയില്‍ കുട്ടികള്‍ക്ക് ആഹ്ലാദമായി. നബിയുടെ ശരീരത്തോട് അവര്‍ സ്‌നേഹത്തോടെ ചേര്‍ന്നുനിന്നു. പ്രവാചകന്റെ കവിളിണകള്‍ നനഞ്ഞു. വിറക്കുന്ന അധരങ്ങളോടെ നബി ജഅ്ഫറിന്റെ ശഹാദത്ത് കുടുംബത്തെ അറിയിച്ചു.
പ്രവാചകന്‍ (സ) നിശ്ശബ്ദനായി. ഹൃദയം നിറയെ ജഅ്ഫറിന്റെ ഗതകാല സ്മരണകള്‍. തിരുനബിയുടെ കണ്ണും കൈകളും ആകാശത്തേക്ക് ഉയര്‍ന്നു. പ്രാര്‍ഥനക്ക് ആമീന്‍ ചൊല്ലാന്‍ മലക്കുകള്‍ പറന്നെത്തി. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ആകാശകവാടങ്ങളെ മലര്‍ക്കെ തുറന്നു. 'അല്ലാഹുവേ, ജഅ്ഫറിന്റെ മക്കള്‍ക്ക് നീ പിന്‍ഗാമിയെ കൊടുക്കേണമേ, അല്ലാഹുവേ ജഅ്ഫറിന്റെ ഭാര്യക്ക് നീ പിന്‍ഗാമിയെ നല്‍കേണമേ.' ശേഷം പ്രവാചകന്‍ ജഅ്ഫറിന്റെ കുടുംബത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു: 'രക്തത്തില്‍ കുതിര്‍ന്ന രണ്ട് ചിറകുകളോടും ചെഞ്ചായമണിഞ്ഞ കൈകാലുകളോടും കൂടി  ജഅ്ഫറിനെ ഞാന്‍ സ്വര്‍ഗത്തില്‍ കണ്ടു. അറ്റുപോയ കൈകാലുകള്‍ക്കു പകരം അല്ലാഹു ജഅ്ഫറിന് രക്തശോഭയുള്ള ചിറകുകള്‍ നല്‍കി.  സുസ്‌മേരവദനനും ആഹ്ലാദഭരിതനുമായി ജഅ്ഫര്‍ മലക്കുകളുടെ സംഘത്തോടൊപ്പം പറുദീസയിലേക്ക് പാറിപ്പറന്നു.''
പ്രവാചകശിഷ്യന്‍ അനസുബ്‌നു നദ്ര്‍ ബദ്‌റില്‍ സംബന്ധിക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ്. ദൈവാനുഗ്രഹത്താല്‍ പ്രവാചകനോടൊപ്പം ഒരു പോരാട്ടത്തിന് അവസരം കിട്ടിയാല്‍ ബദ്‌റിനു പ്രായശ്ചിത്തം ചെയ്യുമെന്ന ദൃഢപ്രതിജ്ഞയിലാണ് അദ്ദേഹം. ഉഹുദിന്റെ പ്രഖ്യാപനം വന്നു. വിശ്വാസികള്‍ മുന്നോട്ടുവന്നു. കപടന്മാര്‍ പിന്നോട്ടടിച്ചു. യുദ്ധം കൊടുമ്പിരി കൊണ്ടു. ശത്രുക്കള്‍ ചിന്നിച്ചിതറി. പക്ഷേ വിജയസന്തോഷം അധികം നീണ്ടുനിന്നില്ല. ഉഹുദ് മലയുടെ ചാരത്തുനിന്ന് പിന്‍ഭാഗത്തുനിന്നുള്ള ശത്രുക്കളുടെ ആകസ്മിക ആക്രമണത്തില്‍ മുസ്‌ലിം സൈന്യം കൊടുങ്കാറ്റിലകപ്പെട്ട നൗകയെ പോലെ ആടിയുലഞ്ഞു. ജബലു റുമാത്തില്‍ പ്രവാചകന്‍ കാവല്‍ നിര്‍ത്തിയ വില്ലാളിവീരന്മാരും താഴേക്കിറങ്ങി. വിശ്വാസി സമൂഹത്തിന്റെ വിജയ സ്വപ്‌നങ്ങള്‍ ചിറകറ്റു വീണ നിമിഷങ്ങള്‍. സ്വഹാബികളില്‍ പലരും രക്തസാക്ഷികളായി. 
അനസുബ്‌നു നദ്ര്‍ സധൈര്യം മുന്നോട്ടുവന്നു. സ്വഹാബികളില്‍ പ്രമുഖരുമായി സംസാരിച്ചു. പ്രവാചകന്‍ വധിക്കപ്പെട്ടെങ്കില്‍ പിന്ന നാമെന്തിനു ജീവിച്ചിരിക്കണം?! നമുക്കും ആ മാര്‍ഗത്തില്‍ പോരാടി മരിക്കുന്നതല്ലേ ഉത്തമം? അനസ് സഹചാരികളോടുണര്‍ത്തി. ശത്രുനിരയെ ഭേദിച്ച് അനസ് മുന്നോട്ടു നീങ്ങി. പ്രവാചകനു ചുറ്റം പ്രതിരോധമതില്‍ പോലെ നില്‍ക്കുന്ന സ്വഹാബികള്‍ നദ്‌റിന് പ്രചോദനമായി. പ്രവാചകനെ ജീവനോടെ കണ്ടതിലുള്ള സന്തോഷം. അപ്പോഴും അനസിന്റെ മനസ്സ് മറ്റെന്തിനോ വേണ്ടി കൊതിച്ചുകൊണ്ടിരുന്നു. തീ പാറുന്ന വാളുകള്‍ കഥ പറയുന്ന ഉഹുദിന്റെ താഴ്‌വാരം അനസിന്റെ ചരിത്രവചനത്തിന് കാതോര്‍ത്തു; 'ഉഹുദിന്റെ താഴ്‌വരയില്‍ ഞാനിതാ പറുദീസയുടെ പരിമളം മണക്കുന്നു.' സമയം അധികം വൈകിയില്ല. ഉഹുദിന്റെ മണ്‍തരികള്‍ അസുബ്‌നു നദ്‌റിന്റെ ഹൃദയരക്തം ഏറ്റുവാങ്ങി, ചരിത്രം ഒരു ധീരരക്തസാക്ഷിയുടെയും. മലക്കുകള്‍ ആ രക്തസാക്ഷിയുടെ ആത്മാവിനെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുസ്‌ലിംകള്‍ രക്തസാക്ഷികളായവരെ ഓരോന്നായി തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. എവിടെ അനസ്? പ്രവാചകന്‍ ചോദിച്ചുകൊണ്ടേയിരുന്നു. ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാതിരുന്ന അനസിന്റെ ശരീരം സഹോദരി റബീഅ് ബിന്‍ത് നദ്ര്‍ വിരലടയാളം കൊണ്ട് തിരിച്ചറിഞ്ഞു. ആകാശലോകം അനസിന്റെ രക്തസാക്ഷിത്വത്തെ അനശ്വരമാക്കി. ഖുര്‍ആന്‍ പ്രോജ്ജ്വല വചനങ്ങള്‍ കൊണ്ട് കാലാതിവര്‍ത്തിയാക്കി:  ''സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിനൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല'' (അല്‍ അഹ്‌സാബ് 23).
ഹംസ (റ), മുസ്അബ്ബ്‌നു ഉമൈര്‍ (റ), ഹന്‍ദലത്തു ബ്‌നു അബീആമിര്‍ (റ), സൈദുബ്‌നു ഹാരിസ (റ).... രക്തസാക്ഷികളുടെ അനര്‍ഘസുന്ദര രക്തഹാരത്തില്‍ ജീവിതം തുന്നിച്ചേര്‍ത്തവര്‍ ഏറെയാണ്. രക്തസാക്ഷികള്‍ ജീവിക്കുന്നു എന്നത് ആധുനിക വിമോചന പ്രസ്ഥാനങ്ങളുടെ കണ്ടുപിടിത്തമല്ല. പതിനാല് നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ ലോകത്തിനു നല്‍കിയ അനശ്വര പ്രകാശസന്ദേശമാണ്. പാതയോരത്ത് പണിതുയര്‍ത്തിയ രക്തസാക്ഷി മണ്ഡപങ്ങള്‍ക്കും ബലികുടീരങ്ങള്‍ക്കുമപ്പുറം സ്വര്‍ഗത്തിലാണ് അവരുടെ ജീവിതം. ഭാര്യക്ക് ഭര്‍ത്താവിനെയും മക്കള്‍ക്ക് പിതാവിനെയും മാതാപിതാക്കള്‍ക്ക് മക്കളെയും  നഷ്ടപ്പെടുത്തി കടന്നുപോയവരല്ല ഇസ്‌ലാമിന്റെ രക്തസാക്ഷികള്‍. അവര്‍ക്കൊക്കെയും വേണ്ടി നാഥന്റെ സവിധത്തില്‍ ശിപാര്‍ശ ചെയ്യാന്‍ സ്വര്‍ഗലോകത്ത് കാത്തിരിക്കുന്നവരാണവര്‍. ദൈവേതര ശക്തികള്‍ക്കും ഭൗതികവാദ പ്രത്യയശാസ്ത്രങ്ങള്‍ക്കും വേണ്ടി കക്ഷിരാഷ്ട്രീയത്തിന്റെയും കുടിപ്പകയുടെയും ബലിത്തറയില്‍ ജീവിതം ഹോമിക്കുന്നവനല്ല ഇസ്‌ലാമിലെ ധീര ശഹീദ്. പ്രത്യുത, ദൈവനാമവും ദൈവിക നിയമങ്ങളും മഹോന്നതമാകാന്‍ ദൈവമാര്‍ഗം തെരഞ്ഞെടുത്ത ആദര്‍ശശാലിയാണ്. ആ മാര്‍ഗത്തിലെ സമര മരണമാണ് വിശ്വാസികളുടെ ഹൃദയത്തെ ത്രസിപ്പിക്കുന്ന മധുര മനോഹര ശഹാദത്ത്. ആ ശഹീദ് ഹരിതപ്പറവയായി സ്വര്‍ഗത്തിലണയും. മുറിവേറ്റ അതേ അവസ്ഥയില്‍ രക്തവര്‍ണത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബത്തിനും ആദര്‍ശ സമൂഹത്തിനും ഭൗതിക ലോകത്തെ ആ അന്ത്യയാത്ര ആത്മീയോല്‍ക്കര്‍ഷം പകരുന്ന തീര്‍ഥയാത്രയാകും. അനുഗ്രഹത്തിന്റെ മാലാഖമാര്‍ ആ ധീരാത്മാക്കളെ വര്‍ണപ്പട്ടുകളില്‍ സ്വര്‍ഗീയ സുഗന്ധം പൂശി സ്വീകരിക്കും. പക്ഷേ ജീവിതം ഇസ്‌ലാമിനു വേണ്ടിയാകണം. മരണം അല്ലാഹുവിന്റെ മാര്‍ഗത്തിലുമാകണം. ഖുര്‍ആന്‍ പഠിപ്പിച്ച ആദര്‍ശ പ്രതിജ്ഞ നാവിന്റെ പ്രഖ്യാപനമാകണം. ഹൃദയത്തിന്റെ അംഗീകാരമാകണം. മരണം അതിനു സാക്ഷിയാകണം.
''പ്രഖ്യാപിക്കുക. നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാ കര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍'' (അല്‍ അന്‍ആം 162,163).

Comments

Other Post

ഹദീസ്‌

ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (29-36)
ടി.കെ ഉബൈദ്‌