Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 05

3188

1442 ജമാദുല്‍ ആഖിര്‍ 23

സാമൂഹിക പരിഷ്‌കരണം വെല്ലുവിളികള്‍, പ്രതിവിധികള്‍

സയ്യിദ് സആദത്തുല്ല ഹുസൈനി

ദീന്‍ നിലനിര്‍ത്തുക എന്ന ഇസ്‌ലാമിക സമൂഹത്തിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കില്‍ വളരെ അനിവാര്യമാണ് ആ സമൂഹം സംസ്‌കരിക്കപ്പെടുക എന്നതും അതിന്റെ പോരായ്മകള്‍ പരിഹരിക്കപ്പെടുക എന്നതും. ഇസ്‌ലാമിന്റെ കര്‍മമാതൃക ആ സമൂഹത്തിന് സമര്‍പ്പിക്കാനാവണം. മുസ്‌ലിം ഭൂരിപക്ഷ നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളവും ഇക്കാര്യം വളരെ പ്രധാനമാണ്. ദീനീ അധ്യാപനങ്ങളനുസരിച്ച് ജീവിക്കുന്ന ഒരു സമൂഹം ഉണ്ടായിവരിക എന്നത് ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തിന്റെ മര്‍മപ്രധാനമായ ഭാഗമാണല്ലോ. ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തിയിട്ടില്ലാത്തവര്‍ക്ക് അത് എത്തിക്കുക എന്നത് പരമപ്രധാനം തന്നെ. പക്ഷേ അങ്ങനെ ഇസ്‌ലാമിക പ്രബോധനം നടത്തണമെങ്കിലും അതിന് അര്‍ഹതയുള്ള ഒരു മാതൃകാ സമൂഹം ഉയര്‍ന്നുവരണമല്ലോ. ഇസ്‌ലാമിക അധ്യാപനങ്ങളുടെ കര്‍മമാതൃകകളില്‍നിന്ന് മുസ്‌ലിം സമൂഹം അകന്നുപോയത് ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തിലെ വലിയ തടസ്സമാണ്. നമ്മുടെ രാജ്യത്തും ഇതു തന്നെ അവസ്ഥ. ഇസ്‌ലാമിക പ്രബോധനം എന്നത് ഏതെങ്കിലും സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ മാത്രം ചുമതലയല്ല. മൊത്തം ഇസ്‌ലാമിക സമൂഹവും അത് ഏറ്റെടുക്കണം. പ്രബോധക സമൂഹമായി മാറുമ്പോഴേ അത് സാധ്യമാവുകയുള്ളൂ. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രഥമ അഭിസംബോധിതര്‍ എന്തുകൊണ്ട് മുസ്‌ലിംകളാവണം എന്നതിന് മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹി മൂന്ന് ന്യായങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഒന്ന്, മുസ്‌ലിം സമൂഹത്തിലെ മുഴുവന്‍ വ്യക്തികളും യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിശ്ശബ്ദരായ അംഗങ്ങളാണ്. എന്തെന്നാല്‍ താന്‍ മുസ്‌ലിം സമൂഹത്തിലെ അംഗമാണ് എന്ന് ഒരാള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം താന്‍ ഇസ്‌ലാമിക സന്ദേശത്തിന്റെ കൊടിവാഹകനാണ് എന്നാണല്ലോ. രണ്ട്, മുസ്‌ലിംകളാണെങ്കില്‍ അവര്‍ പരസ്പരം നന്മ ഉപദേശിക്കുകയും നന്മ കാംക്ഷിക്കുകയും (നസ്വീഹത്ത്) ചെയ്യണമല്ലോ. അതവരുടെ ബാധ്യതയായിട്ടാണ് ഖുര്‍ആന്‍ വിവരിച്ചിട്ടുള്ളത്. മൂന്നാമത്തേതാണ് ഏറ്റവും സുപ്രധാനം. ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് മറ്റു സമൂഹങ്ങള്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ ഇസ്‌ലാമിന്റെ പേരില്‍ നിലകൊള്ളുന്ന സമൂഹം യഥാര്‍ഥ മുസ്‌ലിംകളായേ പറ്റൂ. അവരുടെ ജീവിതം ഇസ്‌ലാമിക മൂല്യങ്ങളുടെ പ്രകാശനമായിരിക്കണം.1
മൂസാ നബി(അ)യുടെ കാലത്തെ അവസ്ഥയും ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയും തമ്മില്‍ അടുപ്പമുള്ളതായി കാണാം. ഭരണം കൈയാളുന്ന ഭൂരിപക്ഷ സമൂഹത്തെ ദൈവിക സന്ദേശത്തിലേക്ക് ക്ഷണിക്കാനാണ് മൂസാ നബി നിയോഗിക്കപ്പെടുന്നത്. താന്‍ ജനിച്ചു വളര്‍ന്ന ഇസ്രായേല്‍ സമൂഹത്തിന്റെ സമുദ്ധാരണവും അദ്ദേഹത്തിന്റെ നിയോഗലക്ഷ്യമായിരുന്നു. ''മൂസാ തന്റെ സഹോദരന്‍ ഹാറൂനിനോട് പറഞ്ഞു: എന്റെ സമൂഹത്തില്‍ താങ്കള്‍ എന്റെ പ്രതിനിധിയാവുക; അവരെ സമുദ്ധരിക്കുകയും ചെയ്യുക'' (അല്‍അഅ്‌റാഫ്: 142). പൊതു സമൂഹത്തിന് ദൈവിക സന്ദേശം പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ സ്വന്തം സമൂഹത്തെ സംസ്‌കരിക്കലും ആ പ്രവാചകന്റെ സുപ്രധാന നിയോഗ ദൗത്യമായിരുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ കര്‍മപരിപാടികള്‍ തയാറാക്കുമ്പോള്‍ ഇസ്‌ലാമിക പ്രബോധനം, രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുമായും നല്ല ബന്ധങ്ങളും സൗഹൃദവും ഉണ്ടാക്കിയെടുക്കുക, സത്യത്തിനും നീതിക്കും വേണ്ടി അടരാടുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം 'ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്‌കരണം' എന്ന ശീര്‍ഷകത്തിലും തുല്യ പ്രാധാന്യത്തോടെ വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കാറുണ്ട്.
സമുദായത്തിന്റെ സംസ്‌കരണം (ഇസ്വ്‌ലാഹ്) എന്നത് ഇക്കാലത്ത് എല്ലാ ദീനീ സംഘടനകളുടെയും അജണ്ടയില്‍ ഇടം പിടിച്ചിട്ടുണ്ട്. സംഘടനകളെ കൂടാതെ പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളുമെല്ലാം വ്യക്തിപരമായും ഈ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാണ്. ചെറുതും വലുതുമായ യുവജന കൂട്ടായ്മകളും ക്ലബ്ബുകളും മഹല്ല് കമ്മിറ്റികളും ഇപ്പോള്‍ സംസ്‌കരണ സംരംഭങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ഇവയൊക്കെയും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരമ്പരാഗത രീതിയിലാണ്. പ്രസംഗങ്ങള്‍, വഅ്‌ളുകള്‍ പോലുള്ള പരിപാടികള്‍ക്കപ്പുറം അവ പോകുന്നില്ല. സമൂഹത്തില്‍ പടര്‍ന്നിട്ടുള്ള  തിന്മകള്‍ക്കെതിരെ നെടുങ്കന്‍ പ്രഭാഷണങ്ങള്‍ നമുക്ക് കേള്‍ക്കാം. വ്യത്യസ്ത വിഷയങ്ങളില്‍ ഇസ്‌ലാമിക നിലപാടുകള്‍ വിശദീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ് മറ്റൊരു ഇനം. ഇതൊക്കെ ചെയ്താല്‍ തന്നെ സമുദായത്തിന്റെ സമുദ്ധാരണം സാധ്യമായിക്കൊള്ളും എന്നാണ് ധാരണ. അത്തരം പ്രഭാഷണങ്ങളുടെയും ചര്‍ച്ചകളുടെയും വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. ഇത്തരം പരിപാടികളുടെ പ്രാധാന്യത്തെയോ ഫലപ്രാപ്തിയെയോ വിലകുറച്ചുകാണുകയല്ല. ഇത്രയും പരിപാടികള്‍ നടത്തിക്കഴിഞ്ഞാല്‍ തന്നെ സംസ്‌കരണം നടന്നുകൊള്ളും എന്ന ധാരണയെ തിരുത്തുക മാത്രമാണ്. നാം ഇക്കാലത്ത് വളരെ ഗൗരവത്തോടെ അഭിമുഖീകരിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. പുതിയ കാലത്ത് സമുദായ സംസ്‌കരണം എന്ന് പറയുമ്പോള്‍ അതിന്റെ താല്‍പ്പര്യങ്ങള്‍ എന്തൊക്കെയാണ്? ഏതൊക്കെ മേഖലയിലാണ് ഊന്നല്‍ കൊടുക്കേണ്ടത്?
 
സമൂഹവും സമൂഹ നിയന്ത്രണവും

സമൂഹം എന്നു പറഞ്ഞാല്‍ എന്താണ്? സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ വിഷയമാണിത്. അതിന്റെ സാങ്കേതിക വശങ്ങളിലേക്കൊന്നും നാമിവിടെ പോകുന്നില്ല. കേവലം കുറേ വ്യക്തികളുടെ സംഘമല്ല സമൂഹം എന്ന കാര്യത്തില്‍ സാമൂഹികശാസ്ത്ര പണ്ഡിതന്മാരൊക്കെ ഒറ്റക്കെട്ടാണ്. വ്യക്തികള്‍ എന്നതിലുപരി ഒരു സമൂഹത്തിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത് ആ സമൂഹത്തില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളാണ്. ഒരു കൂട്ടായ്മയിലെ വ്യക്തികള്‍ പരസ്പരവും അവര്‍ക്ക് മറ്റു കൂട്ടായ്മയിലെ വ്യക്തികളുമായും മറ്റു സൃഷ്ടിജാലങ്ങളുമായും പ്രപഞ്ച സ്രഷ്ടാവുമായി തന്നെയും ഉള്ള ബന്ധങ്ങള്‍ എങ്ങനെ എന്നാണ് നോക്കുന്നത്. ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പരമപ്രധാനമാണ്. ഒന്ന്, സമൂഹത്തിലെ സ്ഥാപനങ്ങള്‍ (Institutions). രണ്ട്, സമൂഹത്തിന്റെ സംസ്‌കാരം (Culture). സ്ഥാപനങ്ങളില്‍ ഏറ്റവും അടിസ്ഥാനപരം കുടുംബമാണ്. ഗ്രാമസഭകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, മത സ്ഥാപനങ്ങള്‍ ഇതെല്ലാം അതില്‍ ഉള്‍പ്പെടും. സമുഹത്തിലെ ഏറ്റവും ശക്തമായ സ്ഥാപനം ഭരണകൂടം (State) ആണ്. സംസ്‌കാരം എന്ന് പറയുമ്പോള്‍ സമൂഹത്തിന്റെ പാരമ്പര്യം, ആചാര സമ്പ്രദായങ്ങള്‍, മതം മുതല്‍ രാഷ്ട്രത്തിലെ നിയമ വ്യവസ്ഥ വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു സമൂഹത്തെ നിര്‍മിക്കുന്നത് വ്യക്തികള്‍ മാത്രമല്ല, സ്ഥാപനങ്ങളും സംസ്‌കാരവും കൂടിയാണ് എന്നര്‍ഥം. വ്യക്തികള്‍ സമൂഹത്തെ സ്വാധീനിക്കുന്ന പോലെ സമൂഹം വ്യക്തികളെയും സ്വാധീനിക്കുന്നുണ്ട്. സമൂഹത്തിന്റെ സംസ്‌കാരവും സ്ഥാപനങ്ങളും വ്യക്തികളുടെ ധാര്‍മികതയെയും അഭിപ്രായങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വ്യക്തികളുടെ മനസ്സില്‍നിന്ന് ഭിന്നമായ ഒരു മനസ്സ് സമൂഹത്തിന് ഉണ്ടാവാമെന്ന് ചില സാമൂഹികശാസ്ത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ സമൂഹ മനസ്സിനെ (hive mind) സൃഷ്ടിക്കുന്നത് സമൂഹത്തിന്റെ വിശ്വാസാചാരങ്ങളും മതവും പാരമ്പര്യ മൂല്യങ്ങളുമൊക്കെയായിരിക്കും.2
സോഷ്യല്‍ കണ്‍ട്രോള്‍ / സാമൂഹിക നിയന്ത്രണം എന്നതും സാമൂഹിക ശാസ്ത്രത്തില്‍ ഒരു പ്രധാന വിഷയമാണ്.3 അതിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയം, ഏതൊരു സമൂഹത്തിന്റെയും ധാര്‍മികതയെയും സ്വഭാവചര്യകളെയും നിലപാടുകളെയും രൂപപ്പെടുത്തുന്നത് എന്തൊക്കെയാണ് എന്നതാണ്. ചില കാര്യങ്ങള്‍ സമൂഹത്തിന് സ്വീകാര്യമാവുന്നു, ചിലത് സ്വീകാര്യമാവുന്നില്ല - ഇതിന് കാരണമെന്താണ്? സാമൂഹിക നിലപാടുകള്‍ രൂപവത്കരിക്കുന്നതില്‍ ഭരണകൂടം, അതിന്റെ സ്ഥാപനങ്ങള്‍, അത് ആവിഷ്‌കരിക്കുന്ന നിയമങ്ങള്‍ ഇവയൊക്കെ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ മൗലിക ലക്ഷ്യം എന്തായിരിക്കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്: ''ഈയാളുകള്‍ അവര്‍ക്ക് നാം ഭൂമിയില്‍ അധികാരം നല്‍കിയാല്‍ നമസ്‌കാരം നിര്‍വഹിക്കുന്നവരും സകാത്ത് നല്‍കുന്നവരും നന്മ കല്‍പ്പിക്കുന്നവരും തിന്മ തടയുന്നവരുമായിരിക്കും'' (അല്‍ ഹജ്ജ്: 41). അതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം ഭരണ സംസ്‌കരണവും പരിഷ്‌കരണവും തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി എണ്ണിപ്പറയുന്നത്. ആ വശം മാറ്റിനിര്‍ത്തിയാല്‍ ഒരു പരിഷ്‌കരണ ഉദ്യമവും പൂര്‍ത്തിയാവുകയില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. ഭരണകൂടത്തിന്റെയല്ല, നമ്മുടെതന്നെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച.
ഏതൊരു സമൂഹത്തിനും അവര്‍ക്ക് സ്വീകാര്യമാവുന്ന അഭിപ്രായങ്ങള്‍ക്ക് പരിധികള്‍ ഉണ്ടായിരിക്കും. അതിനപ്പുറമുള്ള അഭിപ്രായങ്ങള്‍ സമൂഹത്തിന് സ്വീകാര്യമായിരിക്കില്ല. ആ സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിക്കും പുറത്തു നിന്ന് ആ സമൂഹത്തിലേക്ക് കടന്നുവന്ന വ്യക്തിക്കുമൊക്കെ നിയമമോ ആരുടെയെങ്കിലും നിര്‍ബന്ധമോ ഇല്ലാതെ തന്നെ ഈ പരിധികള്‍ പാലിക്കേണ്ടതായി വരും. സമൂഹത്തിന്റെ മതം, പാരമ്പര്യം തുടങ്ങിയവയാണ് ഈ പരിധികള്‍ നിര്‍ണയിക്കുക. സ്ഥാപനങ്ങള്‍ ആ പരിധികളെ സംരക്ഷിക്കുകയും പരിഷ്‌കരിക്കുകയും പുതിയവ ഉണ്ടാക്കുകയുമൊക്കെ ചെയ്യുന്നു. അതിനാല്‍ സമൂഹം കൊണ്ടുനടക്കുന്ന ഒരു അഭിപ്രായത്തെ തിരുത്തണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍  ആ സമൂഹത്തിന്റെ സംസ്‌കാരവും സ്ഥാപനങ്ങളുമൊക്കെ നമ്മുടെ സജീവ ശ്രദ്ധയില്‍ ഉണ്ടായിരിക്കണം. റോസി(Ross)ൈനെപ്പോലുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നത്, സമൂഹത്തിന്റെ അഭിപ്രായരൂപവത്കരണത്തെ ഏറ്റവും കൂടുതല്‍ നിയന്ത്രിക്കുന്നത് അതിന്റെ വിശ്വാസസംഹിത (Belief System)  ആയിരിക്കും എന്നാണ്.4 നമ്മള്‍ ഈമാന്‍ എന്ന് പറയുന്നതും അതിനെയാണ്. വിശ്വാസസംഹിതയുടെ നിയന്ത്രണം, ഭരണകൂടത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും നിയന്ത്രണങ്ങളേക്കാള്‍ ശക്തവും ആഴത്തിലുള്ളതുമായിരിക്കും.  ഇസ്‌ലാമിക വിശ്വാസസംഹിതയുടെ രൂപത്തില്‍ സാമൂഹിക നിയന്ത്രണത്തിനുള്ള ഏറ്റവും ശക്തമായ ഉപാധി കൈവശമുണ്ട് എന്നത് മുസ്‌ലിം സമൂഹത്തിന്റെ വലിയ ശക്തിയായി തന്നെ മനസ്സിലാക്കണം. ഈ ശക്തി കൈവശമുണ്ടെങ്കില്‍ സമൂഹത്തിലേക്ക് ഇസ്‌ലാമിക മൂല്യങ്ങളെ പ്രസരിപ്പിക്കുക എന്നത് വളരെ എളുപ്പമാണ്. ഇങ്ങനെയൊക്കെ ആയിട്ടും, സമൂഹത്തില്‍ ഇസ്വ്‌ലാഹ് / സമുദ്ധാരണം നടക്കുന്നില്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യണം.

സാമൂഹിക സംസ്‌കരണവും സോഷ്യല്‍ എഞ്ചിനീയറിംഗും

അടുത്ത കാലത്ത് വികസിച്ചു വന്ന പല രീതിശാസ്ത്രങ്ങളെയും സാമൂഹിക മാറ്റത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക എന്നത് ഇന്ന് വ്യാപകമാണ്. സോഷ്യോളജി, സോഷ്യല്‍ സൈക്കോളജി, ഡാറ്റാ സയന്‍സ്, ന്യൂറോ സയന്‍സ് തുടങ്ങിയ പഠനശാഖകളിലെ ഏറ്റവും നൂതനമായ തിയറികളുടെ സഹായത്തോടെ സാമൂഹിക മാറ്റത്തെക്കുറിച്ച പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. സാമൂഹിക മാറ്റത്തെക്കുറിച്ച അത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംജ്ഞയാണ് സോഷ്യല്‍ എഞ്ചിനീയറിംഗ്. വലിയ വ്യാപാര കമ്പനികളും പരസ്യ ഏജന്‍സികളുമാണ് അത് ഇന്ന് കുടുതലായി ഉപയോഗിക്കുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകണമെങ്കില്‍ ജനങ്ങളുടെ ജീവിതവീക്ഷണങ്ങള്‍, മതകീയ മാനദണ്ഡങ്ങള്‍, അവരുടെ സഹജ വികാരങ്ങള്‍, ധാര്‍മിക കാഴ്ചപ്പാടുകള്‍ ഇതിനെയൊക്കെ സ്വാധീനിക്കേണ്ടതുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. മുമ്പ് തുര്‍ക്കിയില്‍ ജനങ്ങളുടെ ഇസ്‌ലാമിക പൈതൃകവും വിശ്വാസാനുഷ്ഠാനങ്ങളും മാറ്റിമറിച്ച് തല്‍സ്ഥാനത്ത് പാശ്ചാത്യ ജീവിതശൈലി പ്രതിഷ്ഠിക്കാന്‍ വിപുലവും വ്യവസ്ഥാപിതവുമായ രീതിയില്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് പ്രക്രിയ നടന്നിരുന്നു.5 (ചില അറബ് രാജ്യങ്ങളും വിപുലമായ തോതില്‍ ഇപ്പോഴത് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്).
സോഷ്യല്‍ എഞ്ചിനീയറിംഗ് ടെക്‌നിക്കുകളെക്കുറിച്ചും ഇസ്‌ലാമിക വീക്ഷണത്തില്‍ അവയില്‍നിന്ന് സ്വീകരിക്കാവുന്നത് ഏത്, തിരസ്‌കരിക്കേണ്ടത് ഏത് എന്നതിനെക്കുറിച്ചും മറ്റൊരവസരത്തില്‍ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. നമുക്ക് സ്വീകരിക്കാവുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് മോഡല്‍ ഏത് എന്നും അപ്പോള്‍ വിശകലനം ചെയ്യാം. മുസ്‌ലിം സമൂഹത്തിനെതിരെ ഇതര ശക്തികള്‍ നടത്തുന്ന നിഷേധാത്മക പ്രചാരണങ്ങളെ എങ്ങനെ ചെറുക്കാമെന്നതും ഒരു പ്രധാന വിഷയമാണ്. പാശ്ചാത്യ ശക്തികള്‍ മാത്രമല്ല നമ്മുടെ രാജ്യത്തെ വിഭാഗീയ ശക്തികളും അതിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇന്‍ശാ അല്ലാഹ്, ആ വിഷയവും നാം പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യും. ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത് വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ്. സമൂഹ സമുദ്ധാരണത്തിന്റെ പാതയിലെ വലിയ തടസ്സങ്ങള്‍ എന്തൊക്കെ? ആ തടസ്സങ്ങള്‍ എങ്ങനെ നീക്കം ചെയ്യാം?

സമൂഹ പരിഷ്‌കരണത്തിന് പ്രാദേശിക പ്രോഗ്രാമുകള്‍

സമൂഹത്തെ ഉദ്ബുദ്ധമാക്കാനും പരിഷ്‌കരിക്കാനും ആദ്യം വേണ്ടത് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുക എന്നതാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പൊതു ചര്‍ച്ചകള്‍ വേണ്ടിവരുമെന്നത് ശരിയാണ്. പക്ഷേ ഇന്നത്തെ പ്രശ്‌ന സങ്കീര്‍ണതകളില്‍ ഇത് മാത്രം മതിയാവുകയില്ല. സമൂഹ സമുദ്ധാരണത്തിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് ഓരോ നഗരത്തിന്റെയും ഗ്രാമത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്തു വേണം. അടിയന്തര ശ്രദ്ധ ആവശ്യമുള്ള പ്രശ്‌നങ്ങള്‍ ഓരോ പ്രദേശത്തും ഉണ്ടാവും. അവ കണ്ടെത്തി അവക്കുള്ള പരിഹാരങ്ങളാണ് കര്‍മപദ്ധതിയില്‍ ഉണ്ടാവേണ്ടത്. ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ പ്ലാന്‍ തയാറാക്കുകയും മറ്റു പ്രദേശങ്ങള്‍ക്ക് മാതൃകയാവുന്ന വിധത്തില്‍ അത് നടപ്പാക്കുകയും വേണം. പൊതു ആലോചനകള്‍ കേന്ദ്ര തലത്തില്‍ നടക്കട്ടെ; പ്രയോഗം പ്രാദേശിക തലത്തിലും. അപ്പോഴേ ഓരോ പ്രദേശത്തെയും ജനങ്ങളില്‍ പിടിമുറുക്കിയ തിന്മകള്‍ കണ്ടെത്താനും സംസ്‌കരണ മാര്‍ഗത്തിലെ അത്തരം തടസ്സങ്ങള്‍ നീക്കാനുള്ള കൃത്യമായ സ്ട്രാറ്റജി രൂപവത്കരിക്കാനും കഴിയൂ.

തടസ്സങ്ങള്‍ നീക്കലും പരിഷ്‌കരണവും

സമുദായ പരിഷ്‌കരണത്തിന് ആദ്യമായി വേണ്ടത് തിന്മയെ കൃത്യമായി നിര്‍ണയിക്കുകയും അതിനെ ഉന്മൂലനം ചെയ്യാനുള്ള സ്ട്രാറ്റജി രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്. സകല തിന്മകളെയും ചെറുക്കാന്‍ ഒരൊറ്റ സ്ട്രാറ്റജി മതിയാവുകയില്ല. സമൂഹത്തില്‍  തിന്മകള്‍ പിടിമുറുക്കാനുള്ള കാരണങ്ങളിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.  ചില തിന്മകള്‍ സമൂഹത്തില്‍ വേരോടിയത് ഒന്നിലധികം കാരണങ്ങള്‍ കൊണ്ടാകാം. ഓരോ കാരണത്തെയും പ്രത്യേകം പ്രത്യേകം പഠിച്ചേ കര്‍മപദ്ധതി ഉണ്ടാക്കാവൂ.
1- തെറ്റായ വിശ്വാസങ്ങള്‍, കാഴ്ചപ്പാടുകള്‍.
ഒട്ടും അഭിലഷണീയമല്ലാത്ത ഒരു കാഴ്ചപ്പാട് സമൂഹത്തില്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഒന്നാമത്തെ കാരണം തെറ്റായ ചിന്തയാണ്. അതായത് പരിഷ്‌കര്‍ത്താവ് ചീത്തയായി കാണുന്നതിനെ ജനം ചീത്തയായി കാണുന്നില്ല. ലൈംഗിക ലിബറലിസം, നഗ്നത, സ്വവര്‍ഗ ലൈംഗികത ഇതിനെയൊന്നും പൊതുവെ പാശ്ചാത്യ സമൂഹം തിന്മയായി കാണാറില്ല. അവരെ സംബന്ധിച്ചേടത്തോളം അതെല്ലാം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണ്. പോസിറ്റീവ് മൂല്യങ്ങളായാണ് അത്തരം പ്രവണതകളെ കാണുന്നത് എന്നര്‍ഥം. അതിനാല്‍ പാശ്ചാത്യ നാടുകളില്‍ അത്തരം പ്രവണതകള്‍ വളരെ വ്യാപകവുമാണ്. ആ സമൂഹങ്ങളെ സംസ്‌കരിക്കണമെന്നുണ്ടെങ്കില്‍ ആദ്യം അതൊക്കെയും തിന്മകളാണെന്ന് അവരെ ബോധ്യപ്പെടുത്തണം.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, അവ മുസ്‌ലിംകളിലാവട്ടെ മുസ്‌ലിമേതര വിഭാഗങ്ങളിലാവട്ടെ, നന്മകളെന്ന് മനസ്സിലാക്കപ്പെട്ട ഇത്തരം തിന്മകള്‍ക്കെതിരിലുള്ളവയായിരുന്നു. ജാതിചിന്തയും സമൂഹത്തിലെ ജാതീയ വിഭജനവും നന്മയായാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. വിധവാ വിവാഹം ഒട്ടും അഭിലഷണീയമായിരുന്നില്ല. സതിയെ പുണ്യകര്‍മമായാണ് കണ്ടിരുന്നത്. സമൂഹത്തില്‍ വേരാഴ്ത്തിയ ഇത്തരം ചിന്തകളെ തിരുത്തുകയായിരുന്നു പരിഷ്‌കര്‍ത്താക്കള്‍. ആര്യസമാജം, ബ്രഹ്മ സമാജം, അംബേദ്കര്‍, ഫൂലെ, ഗാന്ധിജി തുടങ്ങിയ പ്രസ്ഥാനങ്ങളും വ്യക്തികളും ഈ തെറ്റായ ചിന്തകളെ തിരുത്താനാണ് ആദ്യം ശ്രമിച്ചത്. മുസ്‌ലിം നവോത്ഥാന നായകരും രംഗത്തു വന്നത് ദീനായി മനസ്സിലാക്കപ്പെട്ട ഖബ്ര്‍ പൂജക്കും മറ്റു ബിദ്ഈ അനാചാരങ്ങള്‍ക്കുമെതിരെയായിരുന്നുവല്ലോ. അത്തരം തെറ്റായ ധാരണകള്‍ തിരുത്താന്‍ അവര്‍ കഠിനയത്‌നം നടത്തുകയും ഏറക്കുറെ അതില്‍ വിജയിക്കുകയും ചെയ്തു. മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗം ഇന്ന് അത്തരം അന്ധവിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുന്നു. നവീന വിദ്യാഭ്യാസത്തെ അക്കാലത്ത് തിന്മയായും കണ്ടിരുന്നു. സര്‍ സയ്യിദിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളാണ് ആ ധാരണയെ തിരുത്തിയത്.
അറിവില്ലായ്മ, തെറ്റായ ചിന്താഗതികള്‍, തെറ്റായ വിശ്വാസങ്ങള്‍ ഇതൊക്കെയാണ് ഇത്തരം തിന്മകളെ നിലനിര്‍ത്തുന്നത്. യഥാര്‍ഥ അറിവുകള്‍ നല്‍കി പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമാണ് പരിഹാരം. പുസ്തകങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ ഇങ്ങനെ പല രീതിയില്‍ പൊതുജനത്തെ വിദ്യാഭ്യാസം ചെയ്യിക്കാം. തിന്മകള്‍ പലതും നന്മകളായി മനസ്സിലാക്കപ്പെട്ടുകൊണ്ടു തന്നെ ഇന്നും പ്രചാരത്തിലുണ്ട്. ജനങ്ങള്‍ക്ക് യഥാര്‍ഥ അറിവ് ലഭിക്കാത്തതുകൊണ്ടാണ് തെറ്റായ ചിന്താഗതികള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. ഇന്ന് അതിവേഗം വിവരങ്ങള്‍ എത്തിക്കാനുള്ള ധാരാളം നവീന മാധ്യമങ്ങള്‍ നമ്മുടെ കൈവശമുണ്ട്. ഗാനങ്ങള്‍, നാടകങ്ങള്‍, സിനിമകള്‍ പോലുള്ളവ  മുസ്‌ലിം സമുദായ പരിഷ്‌കരണത്തിന് ഇന്നും കുറഞ്ഞ അളവിലേ ഉപയോഗപ്പെടുത്തുന്നുള്ളൂ.
പക്ഷേ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. യഥാര്‍ഥ അറിവ് ലഭിക്കാത്തതിന്റെയോ ബോധവല്‍ക്കരണം നടക്കാത്തതിന്റെയോ പേരില്‍ നിലനില്‍ക്കുന്ന തിന്മകള്‍ അത്രയധികമില്ല. പല തിന്മകളും അവ തിന്മകളാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ജനം അവയുടെ പിറകെ പോകുന്നത്. ഈ പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്ന് ഗൗരവത്തില്‍ ആലോചിക്കണം.
2- സാമൂഹികാചാരങ്ങളും സമ്പ്രദായങ്ങളും (Mental Models). തിന്മകള്‍ പിഴുതുമാറ്റാന്‍ കഴിയാത്തതിന്റെ മറ്റൊരു വലിയ കാരണം ഇതാണ്. പരമ്പരാഗതമായി ലഭിച്ചതിനെയെല്ലാം സമൂഹം മുറുകെ പിടിക്കുകയും മാറാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അവ തിന്മകളാണെന്ന കാര്യത്തില്‍ ബഹുഭൂരിപക്ഷത്തിനും ഒരു തര്‍ക്കവുമുണ്ടാവുകയില്ല. എങ്ങനെയാണ് ഇത്തരം ആചാരങ്ങള്‍ ഉണ്ടാകുന്നത്? ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ആചാരങ്ങളെ ഭരണകൂടം നിയമങ്ങളായി സ്വീകരിക്കും. ചിലത് ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ ഉണ്ടായി വന്നതായിരിക്കും. ആ കാലം കഴിഞ്ഞിട്ടും അവ നിലനിന്നുപോരുന്നു. പക്ഷേ അധിക ആചാരങ്ങളും സമ്പ്രദായങ്ങളും സ്വാധീനമുള്ള വ്യക്തികളോ കുടുംബങ്ങളോ തങ്ങളുടെ കീഴിലുള്ളവര്‍ക്കു വേണ്ടി വ്യവസ്ഥാപിതമായി തുടങ്ങിവെക്കുന്നതായിരിക്കും. കുട്ടിക്കാലം മുതലേ അവരുടെ മനസ്സില്‍ തെളിയുന്ന മാതൃകകള്‍ (ങലിമേഹ ങീറലഹ)െ ഈ ആചാരങ്ങളായിരിക്കും. ആചാരബദ്ധമായ ആ വഴികളിലൂടെ സഞ്ചരിക്കുന്നത് പൊതുജനത്തിന് ഏതോ തരത്തിലുള്ള ആശ്വാസവും സമാധാനവും നല്‍കുന്നുണ്ട്. ജനം ആ ത്വരീഖത്തുകളില്‍ വിശ്വാസമര്‍പ്പിക്കുന്നു. ആരെങ്കിലും ആചാരം തെറ്റിക്കുന്നത് അതത് ഗ്രൂപ്പുകള്‍ക്ക് ഹൃദയഭേദകമായി അനുഭവപ്പെടും. അയാളുടെ അടുപ്പക്കാര്‍ അത് കൂറില്ലായ്മയായി കണക്കാക്കും. ആചാരങ്ങളുടെ ഈ കോട്ട ഭേദിച്ച് പുറത്തു കടക്കുക എളുപ്പമല്ല. ദുര്‍ബലരായ വ്യക്തികള്‍ തങ്ങള്‍ കൊണ്ടു നടക്കുന്ന ആചാരങ്ങള്‍ തെറ്റാണെന്ന് മനസ്സിലാക്കിയാലും അതില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാവും. വിവാഹവുമായും വിവാഹാഘോഷവുമായും ബന്ധപ്പെട്ട പല തരം ആചാരങ്ങള്‍ അവ തെറ്റാണെന്ന് ബോധ്യമായിട്ടും പലരും കൈയൊഴിക്കാത്തത് ഇതു കൊണ്ടാണ്. ആചാരങ്ങളുടെ ഈ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ രണ്ട് പ്രായോഗിക മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഇസ്‌ലാമികമായി സ്വീകാര്യവും നവീന സാമൂഹിക ശാസ്ത്രത്തിന്റെ പിന്‍ബലമുള്ളതുമാണ് അവ രണ്ടും:
എ) സാമൂഹിക സ്വാധീനമുള്ള വ്യക്തികളുടെ (Social elites) പ്രവര്‍ത്തനങ്ങള്‍. നല്ല സ്വാധീനമുള്ള ചില വ്യക്തികളും കുടുംബങ്ങളും ഏതൊരു സമൂഹത്തിലും പുതിയ സമ്പ്രദായങ്ങള്‍ കൊണ്ടുവരാനും പഴയവ മാറ്റാനും കെല്‍പ്പുള്ളവരായിരിക്കും. സമ്പ്രദായങ്ങളെ അരക്കിട്ടുറപ്പിക്കാനും, അതേ സമ്പ്രദായങ്ങളോട് വെറുപ്പ് ജനിപ്പിച്ച് ജനങ്ങളെ അവയില്‍നിന്ന് അകറ്റാനും അവര്‍ക്ക് കഴിയും. അതുകൊണ്ട് സ്വാധീനിക്കാന്‍ കഴിയുന്ന ഇത്തരക്കാരെ മുന്നില്‍ നിര്‍ത്തണം.
ചില ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ നബി (സ) തന്നെയും തന്റെ കുടുംബത്തെയും മുന്നിലേക്ക് നിര്‍ത്തുകയായിരുന്നു. ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ ചില സാമൂഹിക പരിഷ്‌കരണ പ്രഖ്യാപനങ്ങളുണ്ടായിരുന്നല്ലോ. അവയുടെ പ്രയോഗ രൂപങ്ങളും നബി (സ) ആ പ്രഖ്യാപനത്തില്‍ തന്നെ ഉള്‍ച്ചേര്‍ത്തിട്ടുണ്ടായിരുന്നു. ജാഹിലീ കാലത്ത് ചിന്തപ്പെട്ട രക്തത്തിനൊന്നും ഇനി പ്രതിക്രിയ ഉണ്ടാവില്ലെന്ന് നബി പ്രഖ്യാപിച്ചു. തൊട്ടുടനെ, ആ പ്രതിക്രിയ ആദ്യമായി ഒഴിവാക്കുന്നത് തന്റെ പിതൃസഹോദര പുത്രനായ റബീഅതു ബ്‌നു ഹാരിസ് ബ്‌നു അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ വധിക്കപ്പെട്ട കാര്യത്തിലാണെന്നും വ്യക്തമാക്കുന്നു (റബീഅയുടെ മകന്‍ ആദം, ബനൂ ബിക്ര്‍- ബനൂ ഹുദൈല്‍ ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അന്യായമായി കൊല്ലപ്പെടുകയായിരുന്നു. റബീഅ അതിന് പ്രതിക്രിയ ആവശ്യപ്പെടുകയും ചെയ്തിരുന്നു). അതേ പ്രസംഗത്തില്‍ അവിടുന്ന് വീണ്ടും: 'അല്ലാഹു വിധിച്ചിരിക്കുന്നു, ഇനി മുതല്‍ പലിശയില്ല.' തൊട്ടുടനെ ഇങ്ങനെയും മൊഴിഞ്ഞു: 'ഞാന്‍ ആദ്യമായി എടുത്തു കളയുന്നത് എന്റെ പിതൃവ്യന്‍ അബ്ബാസു ബ്‌നു അബ്ദില്‍ മുത്ത്വലിബിന് കിട്ടാനുള്ള പലിശയാണ്.'6
പ്രവാചക പത്‌നി സൈനബ് ബിന്‍ത് ജഹ്ശു(റ)മായി ബന്ധപ്പെട്ട ഒരു സംഭവം ആചാരങ്ങള്‍ എങ്ങനെ അവസാനിപ്പിക്കാമെന്നതിന് മാതൃകയാണ്. ചില ആചാരക്കോട്ടകളെ തകര്‍ക്കാന്‍ സമൂഹത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വത്തെ തന്നെ മുന്നില്‍ നിര്‍ത്തേണ്ടി വരും. നബിയുടെ പിതൃസഹോദരീപുത്രിയും ഉയര്‍ന്ന ഒരു കുടുംബത്തിലെ അംഗവുമായിരുന്നു സൈനബ്. അവിടുന്ന് നിര്‍ദേശിച്ച പ്രകാരം നബിയുടെ വിമോചിതനായ അടിമ സൈദുബ്‌നു ഹാരിസയുമായി സൈനബിന്റെ വിവാഹം നടന്നു. അതിശക്തമായ ഒരു ആചാരമാണ് അതൊടെ തകര്‍ക്കപ്പെട്ടത്. ഉന്നതകുലജാതയായ ഒരു സ്ത്രീ അടിമയായിരുന്ന ഒരാളെ വിവാഹം കഴിക്കുക എന്നത് അന്ന് സങ്കല്‍പ്പിക്കാന്‍ പോലുമായിരുന്നില്ല. പ്രസംഗിച്ചും ഉദ്‌ബോധിപ്പിച്ചും തകര്‍ക്കാനാവുന്ന ഒരു ആചാരമായിരുന്നില്ല അത്. നബി തിരുമേനി(സ) തന്റെ തന്നെ കുടുംബത്തില്‍ നിന്ന് ഒരാളെ കൊണ്ടുവന്ന് മനുഷ്യസമത്വത്തിന്റെ ഇസ്‌ലാമിക പാഠം പ്രായോഗികമായി കാണിച്ചുകൊടുത്തു. പിന്നെ അല്ലാഹുവിന്റെ തന്നെ അനുമതിയാല്‍ ആ വിവാഹബന്ധം വേര്‍പ്പെടുന്നു. അങ്ങനെ, നേരത്തേ പറഞ്ഞതു പോലുള്ള ശക്തമായ മറ്റൊരു ആചാരത്തെ തകര്‍ക്കാനുള്ള വേദിയൊരുങ്ങുകയായി. ആ വേദിയിലേക്ക് നിര്‍ത്തപ്പെടുന്നത് സൈനബിനൊപ്പം പ്രവാചകന്‍ തന്നെയാണ്. തന്റെ ദത്തുപുത്രനായ വിമോചിത അടിമ സൈദിന്റെ മുന്‍ ഭാര്യ സൈനബിനെ പ്രവാചകന്‍ തന്നെ വിവാഹം ചെയ്യണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന. അക്കാലത്ത് ദത്തുപുത്രന്‍ യഥാര്‍ഥ പുത്രന്റെ സ്ഥാനത്ത് തന്നെയായിരുന്നു. ത്വലാഖ് ചൊല്ലപ്പെട്ട ദത്തുപുത്രന്റെ ഭാര്യയെ കല്യാണം കഴിക്കുന്നത് വളരെ മോശവും നിന്ദ്യവുമായാണ് സമൂഹം കണ്ടിരുന്നത്. പക്ഷേ തെറ്റായ വിശ്വാസത്തില്‍ കെട്ടിപ്പടുത്ത ആ ദുരാചാരത്തെ തകര്‍ക്കാന്‍ ദൈവദൂതന്‍ തന്നെ മുന്നോട്ടു വന്നു. ഒരാളുടെയും ആക്ഷേപവും പരിഹാസവും അവിടുന്ന് വകവെച്ചില്ല. ഇന്നും ചിലര്‍ അതിന്റെ പേരില്‍ ആക്ഷേപങ്ങള്‍ തുടരുന്നുണ്ടല്ലോ. ദത്തുപുത്രന്‍ യഥാര്‍ഥ പുത്രനല്ല എന്ന് സ്ഥാപിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. സമൂഹം വെറുത്തിരുന്ന ഒരു കാര്യം പ്രവാചകന്‍ തന്നെ മുന്നോട്ടു വന്ന് അവര്‍ക്ക് സ്വീകാര്യമായ ഒന്നാക്കി മാറ്റിക്കൊടുക്കുകയായിരുന്നു. ഖുര്‍ആനില്‍ വരെ അതു സംബന്ധമായ പരാമര്‍ശങ്ങള്‍ വന്നു (അല്‍ അഹ്‌സാബ്: 37). ഇതൊരു ഖുര്‍ആനിക പദ്ധതി തന്നെയായിരുന്നു. ചില കടുത്ത ആചാരങ്ങളെ തകര്‍ക്കാന്‍ വഅ്‌ളുകള്‍ മതിയാകില്ലെന്നും അതിന് ഏറ്റവും സ്വാധീനമുള്ള വ്യക്തികള്‍ തന്നെ മുന്നോട്ടു വന്ന് മാതൃക കാണിക്കണമെന്നുമാണ് ഇത് നല്‍കുന്ന പാഠം. സമൂഹത്തിലെ സമുന്നതരായ പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, ധനികര്‍ ഒക്കെ തന്നെയാണ് കര്‍മമാതൃക കാണിച്ച് മുന്നില്‍ നില്‍ക്കേണ്ടത്. ഏതൊരു പ്രദേശത്തെയും പരിഷ്‌കരണ, സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ അവിടങ്ങളില്‍ ഏറ്റവും സ്വാധീനമുള്ളവരെ ഈ നിലയില്‍ അണിനിരത്താന്‍ കഴിയണം.
ബി) സ്വതന്ത്ര ആക്ടിവിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ആചാരങ്ങള്‍ക്കെതിരെ സ്വതന്ത്രരായ ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ നിരന്തരം രംഗത്തുണ്ടാവണം. അതുവഴി പൊതുജനത്തിന് അവയോട് വികര്‍ഷണമുണ്ടാക്കണം. നല്ലനല്ല മാതൃകകള്‍ കാഴ്ചവെക്കുകയും കണ്ടെത്തുകയും പൊതുജനസമക്ഷം അവതരിപ്പിച്ച് അവക്ക് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും വേണം. തിന്മയുടെ വിപാടനവും നന്മയുടെ പ്രചാരണവും എന്ന ഖുര്‍ആനിക ദൗത്യം ഏറ്റെടുക്കുന്ന യുവജന കൂട്ടായ്മകളെയും മറ്റും ഓരോ പ്രദേശത്തും ഒരുക്കിനിര്‍ത്തണം. ശഹീദ് ഹസനുല്‍ ബന്നായുടെ പ്രസ്ഥാനജീവിതത്തിന്റെ തുടക്കത്തിലെ വളരെ ചടുലമായ ആക്ടിവിസം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. പന്ത്രണ്ടു വയസ്സുകാരനായിരിക്കെയാണ് അദ്ദേഹം ഇസ്മാഈലിയ്യ പ്രവിശ്യയില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ജംഇയ്യത്തുല്‍ അഖ്‌ലാഖ് അല്‍ അദബിയ്യ എന്ന വേദിക്ക് രൂപം നല്‍കിയത്. പിന്നെ ദമന്‍ഹൂറില്‍ എത്തിയപ്പോള്‍ ഹസ്വാഫിയ്യ ഖൈരിയ്യ എന്ന സമപ്രായക്കാരുടെ മറ്റൊരു കൂട്ടായ്മ ഉണ്ടാക്കി. കെയ്‌റോയിലെത്തുമ്പോള്‍ അദ്ദേഹം മറ്റൊരു വേദി രൂപവത്കരിക്കുന്നതാണ് നാം കാണുന്നത് - ജംഇയ്യത്തു മകാരിമില്‍ അഖ്‌ലാഖ് അല്‍ ഇസ്‌ലാമിയ്യ. ഈ വേദികളുടെ ബാനറില്‍ യുവാക്കളെ സംഘടിപ്പിച്ച് അദ്ദേഹം വീടുകളിലും കടകളിലും ക്ലബ്ബുകളിലും കോഫി ഹൗസുകളിലും കയറിയിറങ്ങി. അധാര്‍മിക പ്രവണതകള്‍ക്കെതിരിലുള്ള ഒരു വലിയ മുന്നേറ്റം തന്നെയായിരുന്നു അത്.7 ഇത്തരം ചെറു ഗ്രൂപ്പുകള്‍ക്ക് ആചാരങ്ങള്‍ക്കെതിരെ ഫലപ്രദമായ ചെറുത്തുനില്‍പ്പുകള്‍ നടത്താനാവും.
3- താല്‍പ്പര്യങ്ങള്‍. ചില തിന്മകള്‍ നിലനില്‍ക്കേണ്ടത് സമുദായത്തിലെ ചിലരുടെ ഭൗതിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായതിനാല്‍ അവര്‍ക്ക് ആ തിന്മകള്‍ക്കെതിരിലുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുകയില്ല. അവര്‍ പരിഷ്‌കരണത്തെ ശക്തമായി എതിര്‍ക്കുക മാത്രമല്ല, ആ തിന്മ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. കൃഷിഭൂമി വിഭജിച്ചുപോകും എന്നു പറഞ്ഞ് അതിന്റെ ഉടമസ്ഥര്‍ പെണ്‍മക്കള്‍ക്ക് അതില്‍ അനന്തരാവകാശം നല്‍കാതിരിക്കുന്ന പ്രവണതയുണ്ട്. മദ്ഹബീ പക്ഷപാതിത്വത്തിന്റെ മറവില്‍ പലര്‍ക്കും സ്ഥാനമാനങ്ങള്‍ കൈവരികയും അത് വയറ്റുപ്പിഴപ്പിനുള്ള വഴിയായിത്തീരുകയും ചെയ്തതിനാല്‍ അവര്‍ ഇത്തരം തിന്മകള്‍ക്കെതിരെ രംഗത്തു വരും എന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇത്തരം താല്‍പ്പര്യങ്ങളെ തുറന്നുകാട്ടാതെ ആ തിന്മകളെ ഉന്മൂലനം ചെയ്യുക ദുഷ്‌കരമായിരിക്കും.
4- പ്രായോഗിക തടസ്സങ്ങള്‍. ചില തിന്മകള്‍ക്കെതിരെ രംഗത്തിറങ്ങുമ്പോള്‍ നിരവധി പ്രായോഗിക തടസ്സങ്ങള്‍ നേരിടും. അവയെ കണക്കിലെടുത്തില്ലെങ്കില്‍ പ്രശ്‌നപരിഹാരം സാധ്യമാവുകയില്ല. ചിലത് സൂചിപ്പിക്കാം:
* ശര്‍ഈ - മദ്ഹബീ പ്രശ്‌നങ്ങളാണ് അതിലൊന്ന്. ഉള്‍ക്കാഴ്ചയുള്ള ഇജ്തിഹാദിലൂടെ മാത്രമേ അവക്ക് പരിഹാരം കാണാനാവൂ. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഖുല്‍ഇലൂടെയോ ഫസ്ഖിലൂടെയോ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം ലഭിക്കുക എന്നത് വളരെ ദുഷ്‌കരമാണെന്നു മാത്രമല്ല, പലപ്പോഴും അസാധ്യവുമാണ്. കുടുംബങ്ങളില്‍ പല ഗുരുതര പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. ഇസ്‌ലാം അനുവദിച്ച ഈ രീതികള്‍ എളുപ്പത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അതുമായി ബന്ധപ്പെട്ട തിന്മകള്‍ ഇല്ലാതാവൂ. അല്ലാത്തപക്ഷം വഅ്‌ളുകളും പ്രഭാഷണങ്ങളും നിരര്‍ഥകമായിരിക്കും.
* ചില പ്രശ്‌നങ്ങള്‍ സ്ഥാപന പിന്തുണ(Institutional Support) യോടെ മാത്രമേ പരിഹരിക്കാനാവൂ. വൃക്തികള്‍ തമ്മിലും കുടുംബങ്ങള്‍ക്കകത്തും ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകുമല്ലോ. കൗണ്‍സലിംഗിലൂടെ അവക്ക് പരിഹാരം കാണാനും എളുപ്പമാണ്. ഫാമിലി കൗണ്‍സലിംഗ് സെന്റര്‍ ഇല്ലാത്ത ഒരു ചര്‍ച്ചും രാജ്യത്ത് ഉണ്ടാകാനിടയില്ല. പക്ഷേ, മുസ്‌ലിം ജനസാമാന്യത്തില്‍ എത്ര പേര്‍ക്ക് കൗണ്‍സലിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്? മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് എന്‍.ജി.ഒകള്‍ നടത്തുന്ന പല കൗണ്‍സലിംഗ് സെന്ററുകളും പാശ്ചാത്യ സംസ്‌കാരത്തെ പുണരാനും ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുമുള്ള പ്രേരണയാണ് നല്‍കുന്നത്. അതിനാല്‍ തര്‍ക്കങ്ങള്‍, കുടുംബ കലഹങ്ങള്‍, ഡ്രഗ് അഡിക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള കൗണ്‍സലിംഗ് സെന്ററുകള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
* ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ മികച്ച പകരങ്ങള്‍ (Alternatives) നാം നല്‍കേണ്ടിവരും. രാജ്യത്തെ നവ മീഡിയയും സിനിമകളും പരസ്യങ്ങളുമൊക്കെ ചില ജീവിത കാഴ്ചപ്പാടുകളും സംസ്‌കാരങ്ങളും പ്രസാരണം ചെയ്യുന്നുണ്ട്. പാശ്ചാത്യ അരാജക സംസ്‌കാരമായിരുന്നു ഈയടുത്ത കാലം വരെയും കൂടുതലായി വിനിമയം ചെയ്യപ്പെട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ തദ്ദേശീയമായ ബഹുദൈവത്വ സംസ്‌കാരങ്ങള്‍ മേല്‍ക്കൈ നേടിയിരിക്കുന്നു. കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന കാര്‍ട്ടൂണ്‍ ഫിലിമുകളുടെയും മറ്റും സ്വാധീനം ഫാഷന്‍ ഇന്‍ഡസ്ട്രിയിലും സ്റ്റേഷനറി ഇന്‍ഡസ്ടിയിലും പ്രകടമായി കാണാം (ചോട്ടാ ഭീം പെന്‍സില്‍, സ്‌പൈഡര്‍മാന്‍ ടീ ഷര്‍ട്ട് പോലെ). ബദലുകള്‍ നിര്‍മിച്ചുകൊണ്ടേ ഇത്തരം സാംസ്‌കാരിക പ്രവാഹങ്ങളെ തടഞ്ഞുനിര്‍ത്താനാവൂ.
* കൊടിയ ദാരിദ്ര്യവും പട്ടിണിയും ഉണ്ടാക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നഗരങ്ങളിലാണെങ്കില്‍ ഇടുങ്ങിയ ഗല്ലികളില്‍ ഒട്ടും സൗകര്യമില്ലാത്ത മുറികളിലാണ് ധാരാളമാളുകളുടെ താമസം. ഇസ്‌ലാമിലെ ഹിജാബ് പോലുള്ള സാമൂഹിക മര്യാദകള്‍ പാലിക്കാന്‍ കഴിയാതെ വരുന്ന സ്ഥിതിവിശേഷം ഇത് ഉണ്ടാക്കുന്നുണ്ട്. ദാരിദ്ര്യം കാരണം വിദ്യാഭ്യാസം നേടാന്‍ കഴിയാത്തതു മൂലമുണ്ടായിത്തീര്‍ന്ന അന്ധവിശ്വാസങ്ങള്‍ പോലുള്ള തിന്മകള്‍ വേറെയും ധാരാളം. അതിനാല്‍ തന്നെ സമുദായ സംസ്‌കരണത്തിന്റെ മര്‍മപ്രധാനമായ ഭാഗമാണ് ദാരിദ്ര്യനിര്‍മാര്‍ജനം.
ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് നാം സമുദായ പരിഷ്‌കരണത്തിനുള്ള കര്‍മപദ്ധതി തയാറാക്കുന്നതെങ്കില്‍ നല്ല റിസള്‍ട്ട് അത് നല്‍കുമെന്ന് തീര്‍ച്ച. 

കുറിപ്പുകള്‍
1.    മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹി - തഹ്‌രീകെ ഇസ്‌ലാമി ഹിന്ദ്, മര്‍കസി മക്തബ, പേ: 93
2.    McDougall W., The Group Mind. 1920, London: Cambridge at the University Press
3. സോഷ്യല്‍ കണ്‍ട്രോളിനെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കുക:
   Deflem Mathieu Ed.(2019), The Handbook of Social Control: Wiley Blackwell; Hoboken Wiley.
4.    Ross Edward Alsworth: (2009), Transaction Publishers; New Jersey, pages 126- 142
5.    മുസ്തഫ കമാല്‍ നടപ്പാക്കിയ സോഷ്യല്‍ എഞ്ചിനിയറിംഗ് പ്രോജക്ടിനെക്കുറിച്ചറിയാന്‍ വായിക്കുക:
   Lamprou Alexandros (2015), Nation Building in Modern Turkey; IB Tauris; London
6.    സ്വഹീഹ് മുസ്‌ലിം, കിതാബുല്‍ ഹജ്ജ്, ജാബിറു ബ്‌നു അബ്ദില്ല ഉദ്ധരിച്ച ഹദീസ്. ചീ: 4222
7.    ഖലീല്‍ ഹാമിദി (2016), ശഹീദ് ഹസനുല്‍ ബന്നായുടെ ഡയറി, മര്‍കസി മക്തബ, ന്യൂദല്‍ഹി, പേ: 77-97

Comments

Other Post

ഹദീസ്‌

ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (29-36)
ടി.കെ ഉബൈദ്‌