Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

രേഖ മാറ്റി വരച്ചാല്‍ തീരുമോ ഇന്ത്യയുടെ ദാരിദ്ര്യം?

ഒ.കെ ഫാരിസ്

ദാരിദ്ര്യ രേഖയുടെ അളവുകോല്‍ ആസൂത്രണ കമീഷന്‍ താഴ്ത്തി നിശ്ചയിച്ചു. പ്രതിദിനം ഗ്രാമങ്ങളില്‍ 22.42 രൂപയും നഗരങ്ങളില്‍ 28.65 രൂപയും ഉണ്ടാക്കാന്‍ കഴിയുന്നവരെ ബി.പി.എല്‍ വിഭാഗത്തില്‍ പെടുത്തേണ്ടതില്ലെന്നാണ് കമീഷന്‍ വിലയിരുത്തിയത്. ഇതോടെ ഇപ്പോഴുള്ള കണക്ക് പ്രകാരം ദാരിദ്ര്യ രേഖയുടെ താഴെയുള്ള ആറു കോടി പേര്‍ ദാരിദ്ര്യരേഖയുടെ മുകളിലാകും. അഥവാ ബി.പി.എല്‍ സബ്‌സിഡി ഇനത്തില്‍ ഗവണ്‍മെന്റിന് ചെലവു കുറക്കാം! ഇന്ത്യയില്‍ ദാരിദ്ര്യ രേഖക്ക് അളവുകോല്‍ നിശ്ചയിക്കാന്‍ നിയോഗിച്ച ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ 2012 മാര്‍ച്ചില്‍ സമര്‍പ്പിച്ച പഠനം പ്രകാരമാണിത്.
അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം എന്നിവക്കെങ്കിലും വകയില്ലാത്തവരെ ദരിദ്രരായി കാണാന്‍ ഗവണ്‍മെന്റിന് കഴിയണം. എന്നാല്‍ ഇപ്പോള്‍ നിശ്ചയിച്ച 22.42 രൂപ ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയുമോ എന്ന് സംശയമാണ്. 'ദാരിദ്ര്യം ഇങ്ങനെയാണോ ഇല്ലാതാക്കുന്നത്? അങ്ങനെയെങ്കില്‍ പാവങ്ങളെ വെടിവെച്ചോ വിഷം കൊടുത്തോ കൊല്ലുക' - രോഷാകുലനായ ശരത് യാദവ് പാര്‍ലമെന്റില്‍ പറഞ്ഞു. അന്താരാഷ്ട്ര ദാരിദ്ര്യരേഖ പ്രതിദിനം 1.25 ഡോളര്‍ ആണ് (ഏകദേശം 63 രൂപ). ഏതാണ്ട് അതിന്റെ മൂന്നില്‍ ഒന്നായാണ് ഇന്ത്യയില്‍ നിശ്ചയിക്കാന്‍ പോകുന്നത്. ദരിദ്ര ജനകോടികള്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇത് കാരണമാകും.

ബി പി എല്‍ കണക്കുകളിലെ ഇന്ത്യ
2004-'05ല്‍ 37.2 ശതമാനമായിരുന്ന ബി.പിഎല്ലുകാര്‍ 2009-'10ല്‍ 7.3 ശതമാനം കുറഞ്ഞ് 29.8 ശതമാനമായതായാണ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍, വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം നേരെ മറിച്ചാണ്. 2004-നെ അപേക്ഷിച്ച് 2009-ല്‍ 10 കോടി ജനങ്ങള്‍ കൂടി ദരിദ്രരായിത്തീരുകയും 27.5 ശതമാനം ഉണ്ടായിരുന്നത് 37.2 ശതമാനമായി വര്‍ധിക്കുകയുമാണ് ചെയ്തത്. അഥവാ ദാരിദ്ര്യം മാറ്റിയല്ല, മറിച്ച് ദാരിദ്ര്യരേഖ മാറ്റിവരച്ചാണ് ഇന്ത്യ ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുന്നത്! 1993-'94 മുതല്‍ 2004-'05 വരെ ഉള്ള കാലയളവിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ അര്‍ജുന്‍ സെന്‍ ഗുപ്ത റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 77 ശതമാനം ജനങ്ങളും ദിവസം 20 രൂപ വരുമാനമില്ലാത്തവരാണ്. ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇനീഷിയേറ്റീവിന്റെ Multi – Dimensional Poverty Index (MPI) പ്രകാരം ഇന്ത്യയില്‍ 65 കോടി ജനത (ജനസംഖ്യയുടെ 53.7 ശതമാനം) ദാരിദ്ര്യത്തിലാണ്. ഇതില്‍ 42.1 കോടി ബീഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഢിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നീ 8 സംസ്ഥാനങ്ങളിലാണ്. 42 കോടി പാവങ്ങളുള്ള ആഫ്രിക്കയിലെ 26 പട്ടിണി രാഷ്ട്രങ്ങളില്‍ ഉള്ളതിലും കൂടുതലാണിത്.
ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ മതങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മുസ്‌ലിംകളാണ് കൂടുതല്‍ ദരിദ്രര്‍. പട്ടണങ്ങളില്‍ 33.9 ശതമാനം ദരിദ്രരും മുസ്‌ലിംകളാണ്. ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നത് നാല് സംസ്ഥാനങ്ങളിലാണ്. 2001 മുതല്‍ തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന ആസ്സാമിലാണ് മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കം- 53.6 ശതമാനം. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മുലായം സിംഗിന്റെ സമാജ് വാദി പാര്‍ട്ടിയും മാറി മാറി ഭരിക്കുന്ന ഉത്തര്‍പ്രദേശ് 44.4 ശതമാനം. ഇടതിന്റെ സ്വന്തമായിരുന്ന വെസ്റ്റ് ബംഗാള്‍ 34.4 ശതമാനം. ബി.ജെ.പിയുടെ ഗുജറാത്ത് 31.4 ശതമാനം. ഏതു പാര്‍ട്ടി ഭരിച്ചാലും മുസ്‌ലിംകള്‍ പിന്നാക്കം തന്നെ.

കുട്ടികളിലെ പോഷകാഹാരക്കുറവ്
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ മൊത്തം ഭാരക്കുറവുള്ള കുട്ടികളില്‍ 49 ശതമാനവും വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളില്‍ 34 ശതമാനവും ഇന്ത്യയിലാണ്. യൂനിസെഫിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം പോഷകാഹാരക്കുറവുള്ള ലോകത്തിലെ മൊത്തം കുട്ടികളില്‍ മൂന്നിലൊന്നും കാണപ്പെടുന്നത് ഇന്ത്യയിലാണ്. അഞ്ച് വയസ്സിന് താഴെയുള്ള 42 ശതമാനം കുട്ടികളും ഭാരക്കുറവുള്ളവരാണ്. വേള്‍ഡ് ബാങ്ക് കണക്കില്‍ സബ് സഹറാന്‍ ആഫ്രിക്കയില്‍ ഭാരക്കുറവുള്ള കുട്ടികള്‍ 24 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് ഏതാണ്ട് ഇരട്ടിയാണ് (47 ശതമാനം). ഇത്തരം കുട്ടികള്‍ക്ക് കൃത്യമായി സ്‌കൂളില്‍ പോകാനോ വിദ്യാഭ്യാസം നേടാനോ കഴിയാതെ പോകുന്നു. വീട്ടുകാര്‍ക്ക് അത്താണിയായി മാറേണ്ട ഇവര്‍ ഭാരമായി മാറുന്നു. ഭാരക്കുറവുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ Integrated Childhood Development Service (ICDS)ന് ഇന്ത്യാ ഗവണ്‍മെന്റ് 1975-ല്‍ തന്നെ തുടക്കം കുറിച്ചു. കുട്ടിക്കള്‍ക്ക് വേണ്ടിയുള്ള ലോകത്തെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയാണ് ഇത്. പക്ഷേ, ഫലത്തില്‍ ഇത് വിജയിച്ചില്ലെന്ന് മേല്‍ സൂചിപ്പിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
ഭവന രഹിതര്‍
2001 സെന്‍സസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ഭവനരഹിതരുടെ എണ്ണം 7.8 കോടിയാണ്. യു.എന്‍ മനുഷ്യാവകാശ കമീഷന്റെ 2005-ലെ കണക്കില്‍ ലോകത്താകെയുള്ളത് 10 കോടി ഭവന രഹിതര്‍ മാത്രമാണ്. എന്നിരിക്കെ ഇത് ഭീതിപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്. അനധികൃത സ്ഥലങ്ങളിലെ ചേരികളില്‍ താമസിക്കുന്ന ആളുകളാണ് കൂടുതലായും ഭവന രഹിതരാകുന്നത്. മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമൊക്കെ ചേരി നിര്‍മാര്‍ജനം ചെയ്യുമ്പോള്‍ ഇവര്‍ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു. 2000-നു ശേഷം ഡല്‍ഹിയില്‍ മാത്രം ഒരു ലക്ഷം ചേരികള്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങളും കൂടുതലായിക്കാണുന്നു. ഉത്തരേന്ത്യയില്‍ അതിശൈത്യം കാരണം ഓരോ വര്‍ഷവും മരണപ്പെടുന്നവരില്‍ കൂടുതലും ഇവരാണ്. കടത്തിണ്ണകളിലൊക്കെ താമസിക്കുന്ന ഇവര്‍ പട്ടണങ്ങളിലാണ് കൂടുതലായും കേന്ദ്രീകരിക്കപ്പെടുന്നത്. ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങളും കൂടുതലായി കാണുന്നു.

കര്‍ഷക ആത്മഹത്യകള്‍
2001-ലെ സെന്‍സസ് പ്രകാരം 1991-2001 കാലഘട്ടത്തില്‍ 80 ലക്ഷം കര്‍ഷകരാണ് കാര്‍ഷികരംഗം വിട്ട് മറ്റു മേഖലകള്‍ തേടിപ്പോയത്. National Crime Records Bureau (NCRB)യുടെ കണക്കുകള്‍ പ്രകാരം 2009-ല്‍ മാത്രം 17,368 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2008-നെ അപേക്ഷിച്ച് 1,172 പേര്‍ കൂടുതലാണിത്. 1997-2009 കാലയളവില്‍ 216500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇന്ത്യയില്‍ മൊത്തം ആത്മഹത്യകളില്‍ 15.2 ശതമാനം കര്‍ഷകരാണ്. Center for Human Rights and Global Justice - New York റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും രണ്ട് കര്‍ഷകര്‍ വീതം ആത്മഹത്യ ചെയ്യുന്നു. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയവ കാരണം കൃഷി നാശം വരുന്നതും തുടര്‍ന്ന് പലിശയടക്കം കടം തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതുമാണ് മുഖ്യ കാരണം (86.5 ശതമാനം). വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ് നഷ്ടത്തിലാകുമ്പോഴേക്ക് ജനങ്ങള്‍ നല്‍കിയ നികുതിപ്പണം കൊണ്ട് സഹായം വാഗ്ദാനം ചെയ്യുന്ന നമ്മുടെ സര്‍ക്കാറിന് കര്‍ഷകരുടെ കാര്യത്തില്‍ ചത്താലെന്ത്, ജീവിച്ചാലെന്ത് എന്ന നിലപാടാണ്. ആത്മഹത്യ ചെയ്തവരുടെ കടം ചിലപ്പോള്‍ എഴുതിത്തള്ളാറുണ്ട്. ഇത് മറ്റു കര്‍ഷകര്‍ക്ക് കൂടി ആത്മഹത്യ ചെയ്യാന്‍ പ്രേരണ നല്‍കലാണ്.

മനുഷ്യ വിഭവശേഷി
ഇന്ത്യയുടെ ജി.ഡി.പിയുടെ ഏറ്റവും കൂടുതല്‍ പങ്ക് (57.2 ശതമാനം) സേവന മേഖലയില്‍ നിന്നാണ് ലഭ്യമാക്കുന്നത്. സേവന മേഖലയുടെ സുപ്രധാന ഘടകമാണ് മനുഷ്യ വിഭവശേഷി. ദാരിദ്ര്യത്തിന്റെ കാരണങ്ങളില്‍ ഒന്നായി ജനസംഖ്യാ വര്‍ധനവിനെ ചിലര്‍ കുറ്റപ്പെടുത്തുമ്പോഴും ഇന്ത്യയുടെ മുഖ്യ വിഭവം മനുഷ്യനാണെന്ന് ആര്‍ക്കും സംശയമില്ല. എന്നാല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങള്‍ക്ക് രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് എന്തു നല്‍കാന്‍ കഴിയും? 1985 മുതല്‍ Ministry of Human Resource Development-ന്റെ കീഴില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വെവ്വേറെ ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. പക്ഷേ, കൃത്യമായ രൂപരേഖയില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിഭാഗത്തിന് വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

ജി.ഡി.പിയും ആളോഹരി വരുമാനവും
ആളോഹരി വരുമാനം പ്രകാരം ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാണെന്ന് ഇക്കണോമിക് സര്‍വേ. ആഭ്യന്തര വരുമാനം ജി.ഡി.പി വെച്ച് നോക്കിയാല്‍ ഒമ്പതാം സ്ഥാനത്തും. യഥാര്‍ഥത്തില്‍ രാഷ്ട്രത്തിന്റെ ദാരിദ്ര്യാവസ്ഥകളെ ഇത്തരം കണക്കുകള്‍ കാണിച്ച് മറച്ചുവെക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 2010-'11 ലെ ആളോഹരി വരുമാനം 53331 രൂപയാണ്. മാസത്തില്‍ 4444 രൂപ. അഞ്ച് പേരടങ്ങുന്ന ഒരു കുടുബത്തിന് മാസം 22220 രൂപ. ഇന്ത്യയില്‍ ഇത്തരത്തിലുള്ള എത്ര കുടുബം കാണും? ജി.ഡി.പിയെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് ആളോഹരി വരുമാനം കാണുന്നത്. എന്നാല്‍ ഇന്ത്യയിലെ മൊത്തം ജി.ഡി.പിയുടെ 16 ശതമാനം (1206375 കോടി രൂപ) 100 കോടീശ്വരന്മാരുടെ കൈകളിലാണ്. അഥവാ ആളോഹരി വരുമാനം കണക്കാക്കുന്നതില്‍ യാതൊരര്‍ഥവുമില്ല. കണക്കുകള്‍ കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുക മാത്രമാണ് ചെയ്യുന്നത്.
ഇന്ത്യയില്‍ ജനസംഖ്യയുടെ 60 ശതമാനവും ജീവിക്കുന്നത് കൃഷിയെ ആശ്രയിച്ചാണ്. എന്നാല്‍ ജി.ഡി.പിയുടെ വെറും 8 ശമതാനം മാത്രമാണ് കാര്‍ഷിക മേഖലക്കായി നല്‍കുന്നത്. കാര്‍ഷിക രംഗത്ത് അനുവദിക്കപ്പെടുന്ന സാമ്പത്തിക സഹായങ്ങള്‍ പോലും ഭൂമിയുള്ളവര്‍ക്കാണ് ലഭിക്കുന്നത്. കൃഷി ചെയ്യാന്‍ സ്വന്തമായി കൃഷി ഭൂമി പോലുമില്ലാത്ത ആളുകളാണ് കൂടുതലും. കാര്‍ഷിക രംഗത്ത് തൊഴില്‍ ലഭിക്കുന്നു എന്ന പരോക്ഷ നേട്ടം മാത്രമേ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്ക് ലഭ്യമാകുന്നുള്ളൂ. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് പ്രത്യേക സംവിധാനങ്ങളൊരുക്കാന്‍ ഗവണ്‍മെന്റിന് കഴിയണം. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ആരോഗ്യ മേഖല തുടങ്ങിയ രംഗങ്ങളിലും ഗവണ്‍മെന്റ് സഹായങ്ങള്‍ വളരെ പരിമിതമാണ്. നവ ഉദാരവല്‍ക്കരണം, അഴിമതി, സബ്‌സിഡികള്‍ വെട്ടിച്ചുരുക്കല്‍, ജാതി വ്യവസ്ഥ തുടങ്ങിയവയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു. പട്ടിണി മാറ്റാനുള്ള സാമ്പത്തിക ശേഷിയൊക്കെ ഇന്ത്യ കൈവരിച്ചിട്ടുണ്ട്. അതിന്റെ വിതരണത്തിലാണ് പാളിച്ചകള്‍ സംഭവിക്കുന്നത്. ആദ്യം മാറേണ്ടത് ഭരണാധികാരികള്‍ക്ക് പട്ടിണിപ്പാവങ്ങളോടുള്ള നിലപാടുകളാണ്.
okfaris@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം