Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

ഒരു സെക്‌സ് കള്‍ട്ട് ആചാര്യന്റെ പതനം

അലക്‌സ് മക്‌ഡൊണാള്‍ഡ്‌

തുര്‍ക്കിയിലെ അദ്‌നാന്‍ ഒക്തര്‍ അറിയപ്പെടുന്നത് ഹാറൂന്‍ യഹ്‌യ എന്ന തൂലികാനാമത്തിലാണ്. 'സെക്‌സ് കള്‍ട്ട് ലീഡര്‍' എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ഈ അറുപത്തിനാലുകാരനെ തുര്‍ക്കി കോടതി ശിക്ഷിച്ചിരിക്കുന്നത് 1,075 വര്‍ഷത്തെ തടവിനാണ്. ലൈംഗികാതിക്രമം, ബാലപീഡനം, തട്ടിപ്പ്, രാഷ്ട്രീയ അട്ടിമറി ഗൂഢാലോചന തുടങ്ങിയ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ അയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മതപ്രഭാഷകന്‍, ടെലിവിഷന്‍ അവതാരകന്‍, ഗ്രന്ഥകര്‍ത്താവ്, സിനിമാ നിര്‍മാതാവ് തുടങ്ങി പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അയാളുടെ പൊതുജീവിതത്തിന് ഇതോടെ അന്ത്യമായി.
തൊള്ളായിരത്തി എണ്‍പതുകളില്‍ തീപ്പൊരി പ്രസംഗകനായാണ് ഹാറൂന്‍ യഹ്‌യയുടെ രംഗപ്രവേശം. ജൂതന്മാര്‍, ഫ്രീമാസന്മാര്‍, ചാള്‍സ് ഡാര്‍വിന്‍ ഒക്കെയായിരുന്നു വിമര്‍ശനത്തിന്റെ ഇരകള്‍. പിന്നെയാണ് ടി.വി ഷോകള്‍ തുടങ്ങിയത്. അയാള്‍ ടി.വി പരിപാടിയില്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍ വിവരിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്‍പ വസ്ത്രധാരികളായ സ്ത്രീകള്‍ അയാള്‍ക്ക് ചുറ്റും നാടന്‍ സംഗീതത്തിനൊത്ത് നൃത്തം ചെയ്തുകൊണ്ടിരിക്കും. ഈ സ്ത്രീകളെ ഒക്തര്‍ തന്റെ 'പൂച്ചക്കുട്ടികള്‍' എന്നാണ് വിളിക്കുക.
മുസ്‌ലിം വൃത്തങ്ങളില്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍ കൊണ്ടു നടക്കുന്ന സൃഷ്ടിവാദ(Creationism)ത്തിന് പ്രചാരം നല്‍കിയവരിലൊരാളാണ്. 800 പേജുള്ള 'അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍' എന്ന തന്റെ പുസ്തകത്തില്‍ സൃഷ്ടിവാദത്തെ ഉയര്‍ത്തിക്കാട്ടുകയും പരിണാമവാദത്തെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട് ഹാറൂന്‍ യഹ്‌യ. ഇങ്ങനെയൊരു പൊതുമുഖം ഉണ്ടാക്കിയെടുക്കുമ്പോള്‍ തന്നെയാണ് ലൈംഗികാതിക്രമങ്ങളുടെയും ബലാല്‍ക്കാരങ്ങളുടെയും ഒരു അധോലോകവും അയാള്‍ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് ലോകം തിരിച്ചറിയുന്നത്. 'തനിക്ക് ആയിരത്തിനടുത്ത് പെണ്‍ സുഹൃത്തുക്കള്‍ ഉണ്ട്' എന്നാണ് അയാള്‍ കോടതിയില്‍ പറഞ്ഞത്. മുമ്പും പലതവണ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ഒക്തര്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
ഒക്തറിനെയും അയാളുടെ കള്‍ട്ടിനെയും സംബന്ധിച്ച് പുറത്തു വന്ന അക്കാദമിക് പഠനമായ ഠവല The Mahdi Wears Armani എന്ന കൃതിയില്‍ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു കുടുംബത്തിലാണ് അയാളുടെ ജനനം എന്നു പറയുന്നുണ്ട്. തുര്‍ക്കിയിലെ മതാചാര്യന്മാരില്‍ ഏറ്റവും പ്രമുഖനായ സഈദ് നൂര്‍സിയുടെ അനുയായികളെ സംഘടിപ്പിച്ച് അദ്‌നാനിസ്റ്റുകള്‍ (Adnancilar) എന്ന ഒരു സര്‍ക്കിളിന് രൂപം നല്‍കി. മതാധ്യാപനങ്ങളെ ശാസ്ത്ര തത്ത്വങ്ങളുമായി ഘടിപ്പിക്കുക എന്ന നൂര്‍സിയന്‍ ആശയത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഇതിന്റെ സംഘാടനം. നൂര്‍സി പ്രസ്ഥാനത്തിന്റെ മറ്റൊരു ധാരയായ ഫത്ഹുല്ലാ ഗുലന്റെ പ്രസ്ഥാനവുമായി ഒക്തറിന് ബന്ധമുണ്ടെന്നും  അതിനാല്‍ 2016-ലെ സൈനിക അട്ടിമറി ശ്രമത്തില്‍ ഒക്തര്‍ ഗ്രൂപ്പിനും പങ്കുണ്ടെന്നും ആരോപണമുണ്ട്.
ഒക്തര്‍ ഗ്രൂപ്പ് രൂപം നല്‍കിയതാണ് സയന്‍സ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (BAV). കമാല്‍ അത്താതുര്‍ക്കിന്റെ ആശയങ്ങളുടെ പ്രചാരകരാണ് തങ്ങളെന്നും ഈ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്. ഈ ബാനറില്‍ ഒക്തര്‍ പുറത്തിറക്കിയ 'അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍' എന്ന പുസ്തകം പ്രാഥമിക ശാസ്ത്ര പരിശോധനയുടെ കടമ്പ തന്നെ കടക്കുകയില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1996-ല്‍ ഫൗണ്ടേഷന്‍ The Holocaust Deception  എന്ന പുസ്തകം പുറത്തിറക്കി. ജൂതന്മാരെ കൂട്ട ഉന്മൂലനം ചെയ്യാന്‍ നാസികള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നാണ് അതില്‍ പറയുന്നത്. അതേ ഫൗണ്ടേഷന്‍ പത്തു വര്‍ഷം കഴിഞ്ഞ് 2006-ല്‍ The Holocaust Violence  എന്ന പുസ്തകമിറക്കിയപ്പോള്‍ ജൂതന്മാരുടെ കൂട്ട ഉന്മൂലനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് മലക്കം മറിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് താന്‍ ഹോളോകാസ്റ്റിനെ നിഷേധിച്ചിട്ടേ ഇല്ല എന്നായി ഒക്തര്‍.
'തുര്‍ക്കി ജനതയുടെ ആധ്യാത്മിക, മത, ധാര്‍മിക മൂല്യങ്ങളെ തകര്‍ത്ത് അവരെ കേവലം മൃഗങ്ങളെപ്പോലെയാക്കാന്‍' ജൂതന്മാര്‍ പദ്ധതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്ന ഒക്തര്‍ ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാക്കളായ യഹൂദാ ഗ്‌ളിക്ക്, റബി മെയര്‍ ലാവു പോലുള്ളവര്‍ സംഘടിപ്പിക്കുന്ന നിരവധി പരിപാടികളില്‍ സംബന്ധിക്കുകയും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേലീ മീഡിയാ ഔട്ട്‌ലെറ്റുകളില്‍ കോളങ്ങളും ചെയ്തുകൊണ്ടിരുന്നു. അല്‍ അഖ്‌സ്വാ കോമ്പൗണ്ടില്‍ ജൂതന്മാര്‍ക്ക് പ്രാര്‍ഥിക്കാന്‍ അവസരം നല്‍കണം എന്ന ആവശ്യത്തെ പിന്തുണച്ചതുകൊണ്ടാവാം ഒക്തറിനെ തീവ്ര വലതു പക്ഷം പിന്തുണച്ചത്. അല്‍ അഖ്‌സ്വായുടെ സ്ഥാനത്ത് 'മൂന്നാം ജൂത ടെംപ്ള്‍' നിര്‍മിക്കണമെന്ന തീവ്ര വലതുപക്ഷത്തിന്റെ ആവശ്യത്തോടും ഒക്തറിന് എതിരഭിപ്രായമുണ്ടായിരുന്നില്ല.
('മിഡില്‍ ഈസ്റ്റ് ഐ' പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം, അറിമി ഛസമേൃ: Adnan Oktar: The rise and fall of a Turkish sex cult leader  എന്ന ശീര്‍ഷകത്തില്‍ വായിക്കാം)  

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര