Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

അന്ത്യദൂതനെ കണ്ടെത്തുന്നു

ജി.കെ എടത്തനാട്ടുകര

(ജീവിതം - 7)


നമസ്‌കാരവും നോമ്പുമൊക്കെ പരസ്യമായ രഹസ്യം പോലെയായി.  കുടുംബ ബന്ധങ്ങളെല്ലാം പഴയപോലെ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ ഇസ്‌ലാം എന്ന് ബോധ്യപ്പെടുത്താനായി കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തി. ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം വിശദീകരിക്കുമ്പോള്‍ പലപ്പോഴും 'മുസ്‌ലിം അനുഭവങ്ങള്‍' ആണ് പലരും പങ്കുവെക്കാറുള്ളത്. മുസ്‌ലിംകളുടെ ഭാഗത്തു നിന്നുണ്ടായ ചില ദുരനുഭവങ്ങള്‍ പറയുമ്പോള്‍, എന്താണ് ഇസ്‌ലാം എന്നതിനേക്കാള്‍ എന്തല്ല ഇസ്‌ലാം എന്ന് പറയേണ്ടി വരും. അത് പറയാനാണ് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നിട്ടുള്ളത്. ഇങ്ങനെ പറയേണ്ടിവരുന്നത് വല്ലാതെ സങ്കടമുണ്ടാക്കിയിരുന്നു.    
രണ്ടാമത്തെ സഹോദരി ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞത്, 'എങ്കില്‍ നിനക്ക് ക്രിസ്ത്യാനി ആയിക്കൂടായിരുന്നോ' എന്നാണ്!
കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ചിലര്‍ നിസ്സഹായത പ്രകടിപ്പിക്കും. ഒരു ദിവസം അമ്മായിയുമായി കുറേ സംസാരിച്ചു. മോഹനന്റെ അമ്മയും കൂടെയുണ്ടായിരുന്നു. മരിച്ചുകഴിഞ്ഞാലൊരു ജീവിതമുണ്ടെന്ന കാര്യം അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഉറക്കത്തില്‍ കാണുന്ന സ്വപ്‌നത്തോട് ഉപമിച്ച് മരണാനന്തര ജീവിതത്തെ വിശദീകരിച്ചു: ''ഉറങ്ങിക്കിടക്കുമ്പോള്‍ നമ്മള്‍ എവിടെയാണ് കിടക്കുന്നതെന്നറിയുന്നില്ലല്ലോ? സമയം എത്രയായി എന്നറിയുന്നില്ല. മരിച്ച പോലെത്തന്നെയല്ലേ?''
''അതേ''
''നമ്മുടെ ആത്മാവിനെ ദൈവം പിടിച്ചുവെക്കുന്ന സമയമാണത്. ഖുര്‍ആന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. ചിലര്‍ ഉണരും, ചിലര്‍ ഉണരാതെ ഉറങ്ങും. അപ്പോള്‍ അത് മരണമായി മാറും. പിന്നെന്താണ് ആത്മാവിന് സംഭവിക്കുക?''
''ആര്‍ക്കാണതറിയുക?''
''മരിച്ച വ്യക്തിക്കും ദൈവത്തിനുമറിയും.''
''ദൈവം അത് പറഞ്ഞുതന്നിട്ടുണ്ടോ?''
''ഉണ്ട്. അതാണ് വേദങ്ങളിലൊക്കെ പറഞ്ഞിട്ടുള്ളത്. ദൈവദൂതന്മാര്‍ അത് വിശദീകരിച്ചുതന്നിട്ടുമുണ്ട്. അതിനൊരു ഉദാഹരണമാണ് സ്വപ്‌നം. പുലി പിടിക്കാന്‍ വരുന്നത് സ്വപ്‌നം കാണുമ്പോള്‍ നമ്മള്‍ രക്ഷിക്കണേ എന്നും പറഞ്ഞ് ഓടില്ലേ? അപ്പോള്‍ നമ്മുടെ ശരീരം അവിടെത്തന്നെ കിടക്കുന്നുണ്ടാവും. ശരീരത്തെപ്പറ്റി നമ്മളൊന്നും അറിയുകയില്ല. പക്ഷികളെപ്പോലെ മാനത്ത്  പാറിപ്പറക്കുന്നത് സ്വപ്‌നം കാണുകയാണെങ്കിലും ശരീരം അവിടെത്തന്നെ കിടക്കുന്നുണ്ടാവും. നമ്മള്‍ മറ്റൊരു ലോകത്താണുണ്ടാവുക. അതിനര്‍ഥം ആ കിടക്കുന്ന ശരീരമല്ല നമ്മള്‍ എന്നല്ലേ? ശരീരമില്ലാതെത്തന്നെ  നേരനുഭവങ്ങള്‍ ഉണ്ടാവുന്നില്ലേ? ഇതിനര്‍ഥം, ശരീരത്തെ കുഴിച്ചുമൂടിയാലും കത്തിച്ചുകളഞ്ഞാലും ആത്മാവ് നശിക്കില്ല എന്നല്ലേ?''
''അതേ.''
''മരിച്ചാലുടനെ ആത്മാവ് ഏതാണ്ട് ഇങ്ങനെ ഒരവസ്ഥയിലാണ് എത്തിച്ചേരുക. നല്ലത് ചെയ്തവര്‍ക്ക് നല്ലതനുഭവിക്കാം. ചീത്ത ചെയ്തവര്‍ക്ക് ചീത്തയും.''
'ശരിയാണ്... പക്ഷേ, ഞങ്ങളൊക്കെ ഈ അവസാന കാലത്ത് ഇനി എന്ത് ചെയ്യാനാണ്!' എന്ന നിസ്സഹായതയാണവര്‍ പ്രകടിപ്പിക്കുക.
മോഹനന്റെ അമ്മ പിന്നീട് അവന്റെ സഹോദരി വഴി സ്വകാര്യമായി ആദര്‍ശപ്രതിജ്ഞ നടത്തിയിട്ടുണ്ട്. രോഗാവസ്ഥയില്‍ കിടക്കുമ്പോഴായിരുന്നു അത്. അവര്‍ക്കു വേണ്ടി പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയാണ് ചെയ്തത്. മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. പരസ്യമായി ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത നജ്ജാശി രാജാവിനു വേണ്ടി പ്രവാചകന്‍ മയ്യിത്ത് നമസ്‌കരിച്ച ചരിത്രമുണ്ടല്ലോ.   
ആ പ്രദേശത്ത് ഉള്ളില്‍ വിശ്വാസം ഒളിപ്പിച്ചുവെച്ച പലരുമുണ്ടായിരുന്നു (പേരുകള്‍ പറയുന്നില്ല). 'മക്കാ കാലഘട്ട'ത്തിന്റെ ഒരാവര്‍ത്തനം പോലെ! മക്കാ വിജയ സന്ദര്‍ഭത്തിലാണല്ലോ അവിടെ പല കുടുംബങ്ങളിലും വിശ്വാസികളുണ്ടെന്ന കാര്യം പൊതു സമൂഹം അറിയുന്നത്. 'മാപ്പിള'യായിപ്പോയാല്‍ വരാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചാണ് ചിലര്‍ക്ക് പറയാനുണ്ടായിരുന്നത്. ഒരു സഹോദരിയുടെ ഭര്‍ത്താവിന്റെ അമ്മ കാണുമ്പോഴെല്ലാം അക്കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. 'നമ്മുടെ സ്രഷ്ടാവായ ദൈവത്തെ വിശ്വസിച്ച് ആ ദൈവത്തെ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നു. ഒരു തെറ്റും ചെയ്യാതെ ജീവിക്കാനാണ് ദൈവം പറഞ്ഞിട്ടുള്ളത്. പരമാവധി അതിന് ശ്രമിക്കുന്നു. ഇതല്ലാത്ത ഒന്നും ചെയ്തിട്ടില്ല' എന്നൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും അതുള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. 'മാപ്പിള'യായി പോയിട്ടില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടപ്പോഴാണ് അത്തരം സംസാരങ്ങള്‍ നിര്‍ത്തിയത്.
അതിനിടയിലാണ് തീവ്ര സാമുദായിക ഗ്രൂപ്പിന്റെ ഒരു യോഗം നടന്നെന്നും, ഇസ്‌ലാമില്‍നിന്ന് തിരിച്ചെടുക്കാന്‍ ബന്ധുക്കള്‍ ആ യോഗത്തില്‍ വെച്ച് ചര്‍ച്ച നടത്തിയെന്നും വിവരം കിട്ടുന്നത്. അവിചാരിതമായി ഒരു സുഹൃത്ത് ആ ചര്‍ച്ച കേള്‍ക്കാനിടയായതാണ്. അസീസ് സാഹിബ് വഴിയാണ് ആ വിവരം അറിഞ്ഞത്. 
അന്ന് രാത്രി ഡയറിയില്‍ കുറിച്ചു: ''എന്നെ ഇസ്‌ലാമില്‍നിന്ന് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി ദൈവാനുഗ്രഹത്താല്‍ അറിഞ്ഞു. ഭീഷണി മുഴക്കുമ്പോഴേക്കും പിന്തിരിയാന്‍ മാത്രം നിസ്സാരമല്ലല്ലോ ഈ മാര്‍ഗം. അവര്‍ ഒരുപക്ഷേ തട്ടിക്കൊണ്ടുപോയെന്നു വരാം; ഭീഷണിപ്പെടുത്താം; പീഡിപ്പിക്കാം; വധിക്കാം. എന്നാലും എന്നെ മാറ്റുന്നതെങ്ങനെ? ദൈവിക മാര്‍ഗത്തില്‍ രക്തസാക്ഷിയാവുക എന്നത് ദൈവത്തിങ്കല്‍ ശ്രേഷ്ഠമാണെന്ന് അവരുണ്ടോ അറിയുന്നു. നാഥാ, ഞാനൊരു രക്തസാക്ഷിയാവട്ടെ! അവര്‍ക്ക് നീ സന്മാര്‍ഗം നല്‍കേണമേ''- ഇത്രയും കുറിച്ചു  അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു.
'ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിതവിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും'- വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അധ്യായം 169-ാം വാക്യത്തിലെ ഈ വാഗ്ദാനം എപ്പോഴും  ദാഹം പോലെ കൂടെയുണ്ടായിരുന്നു. രക്തസാക്ഷിത്വത്തെ  മഹാഭാഗ്യമായി കാണുന്നവര്‍ക്ക് മറ്റെന്ത് സുരക്ഷിതത്വമാണ് വേണ്ടത്!
ജീവിതത്തോടുള്ള കാഴ്ചപ്പാട് ഇതായതിനാല്‍ ആ വാര്‍ത്ത ഒരുള്‍ഭയവും ഉണ്ടാക്കിയില്ല. അത്തരമൊരു നീക്കം പ്രതീക്ഷിച്ചതുമായിരുന്നു.   
അങ്ങനെയുള്ള സംഭവങ്ങള്‍ നടക്കേണ്ടതില്ല എന്നാണ് ദൈവ തീരുമാനമെങ്കില്‍ പിന്നെ ചിലന്തിവല പോലും വന്മതിലാവുന്ന ചരിത്രമാണല്ലോ മുന്നിലുള്ളത്. സൗര്‍ ഗുഹയില്‍ മറഞ്ഞിരിക്കെ, 'ശത്രുക്കളെങ്ങാനും കണ്ടാലോ' എന്ന് അബൂബക്ര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞല്ലോ: 'മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടാളുകളെക്കുറിച്ച് അബൂബക്‌റേ താങ്കള്‍ എന്താണ് വിചാരിച്ചത്?'
ഒരു ചിലന്തിവല ഗുഹാമുഖത്ത് 'വന്മതില്‍' ആയി മാറിയെങ്കില്‍ പിന്നെ ആരെപ്പേടിക്കാനാണ്?
ഏതൊരു പ്രതിസന്ധി ഘട്ടത്തിലും  താങ്ങും തുണയുമായി ഈ ചരിത്രം കടന്നുവരാറുണ്ട്.
ദൈവവിധിയെ  ആര്‍ക്ക് മറികടക്കാനാവും!  ഇന്നല്ലെങ്കില്‍ നാളെ മരണം വരാതെ നിവൃത്തിയില്ല. രോഗശയ്യയില്‍ കിടന്ന്, രോഗാണുക്കളുടെ ദംശനമേറ്റ് മരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം ദൈവമാര്‍ഗത്തില്‍ അക്രമികളുടെ അടിയേറ്റ് മരിക്കുന്നതല്ലേ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. പിന്നീട് അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഏറക്കുറെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയ പോലെയായി. അതിനിടയിലാണ് ചുണ്ടോട്ടുകുന്ന് മസ്ജിദുല്‍ ഇഹ്‌സാന്റെ ഉദ്ഘാടനം നിശ്ചയിക്കുന്നത്. അതോടെ പള്ളിയില്‍ പോയിത്തുടങ്ങാം എന്ന് തീരുമാനിച്ചു.
ചുണ്ടോട്ടുകുന്ന് 'മസ്ജിദുല്‍ ഇഹ്‌സാന്‍' ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. മഹല്ല് പള്ളി അല്‍പം ദൂരെയാണ്. അടുത്തൊന്നും പള്ളികളില്ല. അടുത്തൊരു പള്ളി ഉണ്ടായിരുന്നെങ്കില്‍ എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. അസീസ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ഒരു പള്ളിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്നു. സ്ഥലം കിട്ടിയാല്‍ പള്ളി നിര്‍മിക്കാന്‍ കഴിഞ്ഞേക്കും. പല ഭാഗങ്ങളിലും പള്ളിക്ക് സ്ഥലമന്വേഷിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം സുഹൃത്തുക്കളായ മോഹനനും നാസറുമൊത്ത് നടന്നുപോകുമ്പോള്‍, മസ്ജിദുല്‍ ഇഹ്‌സാന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം ചൂണ്ടിക്കൊണ്ട് 'ഈ ഭാഗത്തെവിടെയെങ്കിലും പള്ളിക്ക് സ്ഥലം കിട്ടിയാല്‍ നന്നായിരുന്നു' എന്ന് ഞങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു! മനുഷ്യന്റെ യുക്തിയുടെ പരിധിയില്‍ വരാത്ത, ഭക്തി കൊണ്ട് മാത്രം ഉത്തരം കണ്ടെത്താവുന്ന ഇതുപോലെ വേറെയും പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കാര്യകാരണബന്ധങ്ങളില്ലാത്ത, യുക്തിക്ക് ഒരിടവുമില്ലാത്ത ഇത്തരം സംഭവങ്ങള്‍ക്ക് പറയുന്ന പേരെന്താണെന്നറിയില്ല.
പള്ളിപ്പണി തുടങ്ങി. തറക്കല്ലിടല്‍ മുതല്‍ അതിന്റെ ഓരോ നിര്‍മാണ ഘട്ടത്തിലും ആവേശത്തോടെയാണ് ഞങ്ങള്‍ പങ്കാളികളായത്. 1995 മെയ് 17-ന് മസ്ജിദുല്‍ ഇഹ്‌സാന്റെ ഉദ്ഘാടനം നടന്നു. അസ്വ്ര്‍ ബാങ്ക് വിളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. എടത്തനാട്ടുകരയിലെ വട്ടമണ്ണപ്പുറത്തുള്ള അബ്ദുന്നാസറാണ് ബാങ്കുവിളിച്ചത്. അദ്ദേഹത്തിന്റെ അന്നത്തെ ആ ബാങ്ക് വിളി ഇന്നും 'ദൈവവിളി' പോലെ കാതുകളില്‍ മുഴങ്ങുന്നു. നല്ല സ്വരവും നല്ല ഈണവും ചേര്‍ന്നാല്‍ ബാങ്കുവിളി ആത്മാവിന്റെ ആഴങ്ങളില്‍ അലയൊലികളുണ്ടാക്കാറുണ്ട്.
ബാങ്കുവിളിയുടെ അര്‍ഥം അറിഞ്ഞപ്പോള്‍ യഥാര്‍ഥത്തിലത് 'സത്യത്തിന്റെ ഇടിമുഴക്കം' തന്നെയെന്ന് തോന്നി.
'ദൈവം ഏറ്റവും വലിയവനാണ്, ആരാധിക്കപ്പെടേണ്ടതും എങ്ങനെ ജീവിക്കണം എങ്ങനെ ജീവിക്കാന്‍ പാടില്ല എന്ന് പറയേണ്ടതും ആ ദൈവം മാത്രമാണ് എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.'
ഈ അടിസ്ഥാന കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടാണല്ലോ 'നമസ്‌കാരത്തിലേക്ക് വരുവിന്‍, വിജയത്തിലേക്ക് വരുവിന്‍' എന്നാഹ്വാനം ചെയ്യുന്നത്.
ഈ 'സത്യത്തിന്റെ ഇടിമുഴക്കം' നടക്കാത്ത ഒരു നിമിഷവും ഭൂമിയിലില്ല എന്നതും അത്ഭുതകരമാണ്. സൂര്യന്റെ ഗതി ഭൂമിയില്‍ മാറിമാറി വരുന്നതനുസരിച്ച് ബാങ്കൊലിയും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. അണമുറിയാത്ത ഈ സത്യത്തിന്റെ പ്രഖ്യാപനം ഒരുനാള്‍ ലോകത്ത് പുലരുമെന്നുറപ്പല്ലേ. ഈ പ്രതീക്ഷ ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള പാഥേയമാണ്.
അസീസ് സാഹിബിന്റെ നേതൃത്വത്തിലാണ് നമസ്‌കാരം നടന്നത്. പള്ളിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. പള്ളി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ജാതിമതഭേദമന്യേ ധാരാളം ആളുകള്‍ പങ്കെടുത്തു. അബുല്‍ ബശാഇര്‍ ശര്‍ഖിയായിരുന്നു മുഖ്യ പ്രഭാഷകന്‍. എന്തായിരിക്കണം  പള്ളി എന്നതിനെ കേന്ദ്രീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഒരു നാട്ടില്‍ പള്ളിയുടെ ദൗത്യമെന്തായിരിക്കണം എന്ന്  എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചു.
പള്ളി ഉദ്ഘാടനം കഴിഞ്ഞതോടെ വീണ്ടും പള്ളിയില്‍ പോകാന്‍ തുടങ്ങി. അതോടെ കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ വീണ്ടും പുകഞ്ഞു. വീട്ടില്‍നിന്ന് പുറത്താക്കാനുള്ള ആലോചനകള്‍ നടന്നു. ജ്യേഷ്ഠന്‍ തീവ്ര സാമുദായിക ഗ്രൂപ്പില്‍ മെമ്പറായിരുന്നു. അവര്‍ ജ്യേഷ്ഠനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. 'ഇനി അവനെ വീട്ടിലേക്ക് വരാന്‍ സമ്മതിക്കരുത്' എന്നവര്‍ പറഞ്ഞെങ്കിലും ജ്യേഷ്ഠന്‍ അതിനു തയാറായില്ല. 'അവന്‍ എന്തെങ്കിലും ചെയ്‌തോട്ടെ. നമ്മള്‍ അതൊന്നും ശ്രദ്ധിക്കണ്ട' എന്ന മറുപടിയാണത്രെ ജ്യേഷ്ഠന്‍ അവരോട് പറഞ്ഞത്.
അവിടെത്തന്നെ നിന്നാല്‍ കുടുംബങ്ങള്‍ സഹകരിക്കില്ല എന്ന അവസ്ഥ വന്നു. ജ്യേഷ്ഠനും കുടുംബവും ഒറ്റപ്പെടും. പല പ്രയാസങ്ങളും അനുഭവിക്കേണ്ടി വരും. അതിനാല്‍ മാറിത്താമസിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നിത്തുടങ്ങി. മാറിത്താമസിക്കുന്നതിനെപ്പറ്റി അസീസ് സാഹിബുമായി കൂടിയാലോചിച്ചു.  ജോലിയുടെ പേരില്‍ മാറിത്താമസിക്കുന്നതാവും നന്നാവുക എന്ന നിഗമനത്തിലെത്തി. വിവരം അമ്മയെ അറിയിച്ചു. അമ്മ വഴി ജ്യേഷ്ഠനറിഞ്ഞു. ജ്യേഷ്ഠന്റെ പ്രതികരണം പിന്നീട് അമ്മ പറഞ്ഞിരുന്നു. 'അവനെവിടെപ്പോയാലും തെരഞ്ഞുപോയി കൊണ്ടുവരും' എന്നാണത്രെ ജ്യേഷ്ഠന്‍ പ്രതികരിച്ചത്. അമ്മ അത് പറഞ്ഞപ്പോഴുണ്ടായ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. സന്തോഷം കൊണ്ട് 'സങ്കടം' വന്ന സന്ദര്‍ഭം.
ജ്യേഷ്ഠന്റേത് വ്യക്തിവിദ്വേഷമല്ല; ഇസ്‌ലാമിനോടുള്ള വെറുപ്പാണെന്ന് മനസ്സിലായത് അന്നാണ്. അതിനു കാരണമാകട്ടെ ഇസ്ലാം എന്താണെന്നറിയാത്തതും. വഴിവിട്ട ജീവിതമായിരുന്നെങ്കിലും ജ്യേഷ്ഠന്റെ ഉള്ളില്‍ അന്നും നന്മകളുണ്ടായിരുന്നു. തീവ്ര സാമുദായിക വിഭാഗക്കാര്‍ ചെയ്ത നെറികേടുകള്‍ക്കൊന്നും അന്നും കൂട്ടു നിന്നിട്ടില്ല. പരസ്പരം ശത്രുതയുണ്ടാക്കാനും അതിലൂടെ കാര്യം നേടാനും കള്ള പ്രചാരണങ്ങള്‍ മുതല്‍ കട കത്തിക്കല്‍ വരെ ആ വിഭാഗം നടത്തിയിരുന്നുവത്രെ. അതിലൊന്നും അന്നും ജ്യേഷ്ഠന് യോജിപ്പുണ്ടായിരുന്നില്ല. നെറികേടുകളോട് വെറുപ്പുണ്ടാവുമ്പോഴാണ് മനുഷ്യന്‍ നേര്‍വഴി തേടാന്‍ തുടങ്ങുക. നേര്‍വഴി തേടുന്നവര്‍ക്ക് അത് കാണിച്ചുകൊടുക്കാനുള്ള നിമിത്തമാവുക എന്നതാണ് വിശ്വാസികളുടെ കര്‍ത്തവ്യം.
അതിനിടയിലാണ് കോളേജില്‍ പഠിക്കുന്ന കാലത്തെ സുഹൃത്തായിരുന്ന നൂറുദ്ദീന്‍ പുതിയൊരു വാദവുമായി വരുന്നത്. 'മുഹമ്മദ് നബി അവസാനത്തെ പ്രവാചകനല്ല, ഈസാ നബി മരിച്ചിരിക്കുന്നു.' ഇതായിരുന്നു അവന്റെ രണ്ട് പ്രധാന വാദമുഖങ്ങള്‍. ഖാദിയാനികള്‍ എന്നൊരു കൂട്ടരെക്കുറിച്ചറിയുന്നതപ്പോഴാണ്. ഈസാ നബി മരിച്ചാലും ഇല്ലെങ്കിലും അത് വിശ്വാസത്തെ ബാധിക്കുന്ന വിഷയമല്ല. മുഹമ്മദ് നബി അന്ത്യപ്രവാചകനല്ല എന്നത് വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി എന്നൊരു 'പ്രവാചകന്' ഇസ്‌ലാമില്‍ ഇനി ഇടമുണ്ടോ എന്നത് ഗൗരവതരമായ ഒരു ചിന്താവിഷയമായി മാറി.  പല ചര്‍ച്ചകളും നടന്നുകൊണ്ടിരുന്നു. പിന്നീടത് ആളിപ്പടര്‍ന്ന് വിവാദങ്ങളിലേക്ക് നീങ്ങി. സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഖാദിയാനികള്‍ എടത്തനാട്ടുകര, അലനല്ലൂര്‍, തിരുവിഴാംകുന്ന് തുടങ്ങി പല ഭാഗങ്ങളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍, ഖാദിയാനി വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തിയ കൊടിയത്തൂരിലെ 'അഞ്ചുമന്‍ ഇശാഅത്ത്' എന്ന സംഘടനയിലെ അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍, കാക്കീരി അബ്ദുല്ല പോലെയുള്ള പ്രഗത്ഭരുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുസമ്മേളനം സംഘടിപ്പിക്കുന്നിടത്തേക്കു വരെ കാര്യങ്ങളെത്തി. വമ്പിച്ച ജനപങ്കാളിത്തത്തോടെ അലനല്ലൂരിലെ ചന്തപ്പടിയില്‍ വെച്ചായിരുന്നു പരിപാടി.
ഈ വിഷയത്തില്‍ കൂടുതല്‍ പഠിക്കാനും ചിന്തിക്കാനും ഇത്തരം സംഭവവികാസങ്ങള്‍ കാരണമായി. ഇനി ഒരു പ്രവാചകന്റെ ആവശ്യം എന്തുകൊണ്ടില്ല? ഈ ചോദ്യം ഖാദിയാനിസത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുതന്നെ ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ ഇതൊരു വല്ലാത്ത ചോദ്യമാണല്ലോ. കാരണം, ലോകാവസ്ഥ നോക്കിയാല്‍ ഒരുപാട് പ്രവാചകന്മാര്‍ ഒന്നിച്ച് വരേണ്ടതുണ്ട് എന്ന് തോന്നിപ്പോകും. അത്രമാത്രം അധര്‍മം കൊടികുത്തിവാഴുന്നു.
സ്വന്തത്തോട് നിരന്തരം ചോദിച്ചിരുന്ന ഒരു ചോദ്യമാണ്, 'ഇനി എന്തുകൊണ്ട് പ്രവാചകന്മാര്‍ വരികയില്ല?' എന്നത്. സമൂഹത്തില്‍നിന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യം കൂടിയാണിത്. അതിനാല്‍ ഖാദിയാനിസത്തെക്കുറിച്ച പഠനത്തേക്കാള്‍ മുഹമ്മദ് നബി എന്തുകൊണ്ട് അന്ത്യദൂതനാണ് എന്ന് പഠിക്കാനാണ് പിന്നെ ശ്രമിച്ചത്.
ഒരു സഹോദരനുമായി സംസാരിച്ചുകൊണ്ടിരിക്കെ ഈ ചോദ്യം കടന്നുവന്നു. കണ്ടെത്തിയ ഉത്തരം മൂന്ന് പോയിന്റുകളില്‍ കേന്ദ്രീകരിച്ചാണ് വിശദീകരിച്ചത്. പ്രവാചകന്മാര്‍ അയക്കപ്പെടേണ്ടിവരുന്ന ആവശ്യങ്ങള്‍ പലതാണ്. അതിലൊന്ന്, പ്രവാചകന്മാരെ ദൈവം നിയോഗിക്കുന്നത് ഏകദൈവത്വത്തിലധിഷ്ഠിതമായ ജീവിതം മനുഷ്യരെ പഠിപ്പിക്കാനാണ്. മുന്‍കാല പ്രവാചകരെല്ലാം പഠിപ്പിച്ചത് അതായിരുന്നെങ്കിലും പില്‍ക്കാലത്ത് പ്രവാചകന്മാരില്‍തന്നെ ദിവ്യത്വം ആരോപിക്കപ്പെടുകയും ദൈവകല്‍പനകളിലും ഏകദൈവത്വത്തിലും വെള്ളം ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍, മുഹമ്മദ് നബിയില്‍ ഇന്നേവരെ ദിവ്യത്വം ആരോപിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ ആരും ആരാധിക്കുന്നുമില്ല. അദ്ദേഹത്തിന്റെ അനുയായികള്‍ ആരാധനാലയങ്ങളില്‍ പോകുന്നത് സ്രഷ്ടാവായ ഏകദൈവത്തെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് ഏകദൈവത്വം എന്ന അടിസ്ഥാന യാഥാര്‍ഥ്യത്തെ ഒരു സമൂഹം ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇത് പഠിപ്പിക്കാന്‍ ഇനി ഒരു പ്രവാചകന്‍ വരുന്നതെന്തിനാണ്?
മാത്രമല്ല, മുഹമ്മദ് നബിക്കു മുമ്പും ശേഷവും ധാരാളം മഹാന്മാരുണ്ടായിട്ടുണ്ട്. അവരില്‍ മിക്കവരുടെയും ചിത്രങ്ങളോ വിഗ്രഹങ്ങളോ ഉണ്ടായിട്ടുണ്ടല്ലോ. എന്നാല്‍ മുഹമ്മദ് നബിയുടെ ഒരു വിഗ്രഹമോ, ഒരു ചിത്രം പോലുമോ ഇല്ല! ഇത് വല്ലാതെ അത്ഭുതപ്പെടുത്തിയ  കാര്യമാണ്. കാരണം, നേതാവിന്റെ കാലശേഷം അനുയായികള്‍ അദ്ദേഹത്തിന്റെ വിഗ്രഹങ്ങളോ ചിത്രങ്ങളോ ഉണ്ടാക്കി സൂക്ഷിക്കുകയോ അത് വെച്ച് ആരാധിക്കുകയോ ചെയ്യുക എന്നത് മനുഷ്യചരിത്രത്തില്‍ കാണപ്പെടുന്ന ഒരു പ്രവണതയാണ്. എന്നിട്ടും എന്തുകൊണ്ട് പ്രവാചകന്റെ ഒരു ചിത്രമോ വിഗ്രഹമോ ഉണ്ടാവുന്നില്ല? കാരണം വ്യക്തമാണ്; പ്രവാചകന്‍ ആരാധിക്കപ്പെട്ടാല്‍ ഏകദൈവത്വം എന്ന അടിസ്ഥാന യാഥാര്‍ഥ്യത്തിലാണ് വെള്ളം ചേര്‍ക്കപ്പെടുക. അങ്ങനെ സംഭവിച്ചാല്‍ ഇനിയും പ്രവാചകനെ അയക്കേണ്ടിവരുമെന്നുറപ്പാണല്ലോ. അതിനാല്‍ ദൈവത്തിന്റെ തന്നെ ഒരു ഇടപെടലല്ലാതെ മറ്റെന്താണിത്?  എന്തൊക്കെ ജീര്‍ണതകളുണ്ടെങ്കിലും ഏകദൈവത്വം എന്ന അടിസ്ഥാന ആശയത്തെ ഇന്നും ഒരു സമൂഹം നിലനിര്‍ത്തിപ്പോരുന്നു. അതു കൊണ്ടു തന്നെ ഇത് പഠിപ്പിക്കാന്‍ ഇനി ഒരു പ്രവാചകന്‍ വരേണ്ടതില്ല എന്ന് വ്യക്തമല്ലേ?
'എല്ലാം മനസ്സിലാവുന്നുണ്ട്' എന്ന് വിരിഞ്ഞ കണ്ണുകളോടെ അദ്ദേഹം പ്രതികരിച്ചു. ബാക്കി കാര്യങ്ങള്‍ ആവേശത്തോടെ വിശദീകരിച്ചു: 
രണ്ടാമതായി, ദൈവകല്‍പനകള്‍ ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥങ്ങള്‍ നല്‍കാന്‍ പ്രവാചകന്മാര്‍ വരേണ്ടതുണ്ടല്ലോ. അങ്ങനെ നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ ഒന്നാണ് വിശുദ്ധ ഖുര്‍ആന്‍. ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ അതേ അവസ്ഥയില്‍ ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. ഇതൊരത്ഭുതം തന്നെയല്ലേ?
മാത്രമല്ല, ഒരു വേദഗ്രന്ഥം എല്ലാ കാലത്തേക്കും പ്രസക്തമാകണമെങ്കില്‍ അത് മാറ്റമില്ലാതെ നിലനിന്നാല്‍ മാത്രം മതിയാവുകയില്ല. അതിന്റെ ഭാഷ മാറ്റമില്ലാത്തതും ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമാവണം. അഥവാ എന്നന്നേക്കുമുള്ള വേദത്തിന്റെ ഭാഷ നിത്യഹരിതമാവണമെന്നര്‍ഥം. മാറിക്കൊണ്ടിരിക്കുന്ന ഒരു ഭാഷയിലാണ് വേദം അവതരിപ്പിക്കപ്പെട്ടതെങ്കില്‍, കുറേ കഴിയുമ്പോള്‍ അതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാവാതെ വരും. പ്രവാചകന്റെ കാലത്ത് പുഷ്പിച്ചു നില്‍ക്കുന്ന  ഭാഷയായിരുന്നു അറബി. അറബി ഭാഷയുടെ വ്യാകരണനിയമങ്ങള്‍ തന്നെ ഖുര്‍ആനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാല്‍ ആ ഭാഷ അടിസ്ഥാനപരമായി ഇനി മാറ്റത്തിനു വിധേയമാവുകയില്ല.
ഒരു വേദഗ്രന്ഥത്തിന്റെ ഭാഷയെ അടിസ്ഥാനപ്പെടുത്തി വ്യാകരണം നിശ്ചയിച്ച ഒരേയൊരു ഭാഷയാണ് അറബി എന്നതും അങ്ങനെയുള്ള ഒരു ഭാഷയിലാണ് അന്ത്യവേദമെന്നതും ഒരു ചിന്താവിഷയം തന്നെയല്ലേ?
മാത്രമല്ല, വിശുദ്ധ ഖുര്‍ആനിന്റെ മുഴുവന്‍ കോപ്പികളും വാരിക്കൂട്ടി കടലിലെറിഞ്ഞാലും അത് പിന്നെയും നിലനില്‍ക്കും. കാരണം, ലക്ഷക്കണക്കിന് വിശ്വാസികള്‍ ഖുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കിക്കൊണ്ടേയിരിക്കുന്നു. എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാന്‍ പറ്റുന്ന ഘടനയിലാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
ഇതിനെല്ലാം പുറമെ, മനുഷ്യസമൂഹത്തിന് എക്കാലത്തേക്കും പറ്റുന്ന നിയമനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതും എല്ലാ കാലത്തേക്കുമുള്ള ഒരു വേദഗ്രന്ഥത്തിന്റെ സവിശേഷതയാവണമല്ലോ. ഖുര്‍ആനിലെ നിയമങ്ങള്‍ എക്കാലത്തെയും ഏത് ജനതകള്‍ക്കും പ്രായോഗികമാക്കാവുന്നവയാണെന്നതും അതിന്റെ ദൈവികതക്കും സാര്‍വലൗകികതക്കും അടിവരയിടുന്ന കാര്യങ്ങളാണ്.
ഇങ്ങനെ എല്ലാ അര്‍ഥത്തിലും സുരക്ഷിതവും സമഗ്രവുമായ ഒരു വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ആ വേദഗ്രന്ഥം മാനവ സമൂഹത്തെ ഒന്നടങ്കം അഭിസംബോധന ചെയ്തുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു; അതിന്റെ യഥാര്‍ഥ ഘടനയില്‍, അതിന്റെ യഥാര്‍ഥ ഭാഷയില്‍! എന്നിരിക്കെ ഇനി വേദഗ്രന്ഥം നല്‍കാന്‍ ഒരു പ്രവാചകന്‍ വരേണ്ടതുണ്ടോ?
'ഇല്ല' എന്ന അദ്ദേഹത്തിന്റെ ഭാവം മൂന്നാമത്തെ പോയിന്റ് വിശദീകരിക്കാന്‍ ആവേശം കൂട്ടി.  മൂന്നാമതായി, ആദ്യ മനുഷ്യന്റെ കാലത്ത് അഥവാ മാനവ സമൂഹം ഉടലെടുത്ത കാലത്ത് ഇന്നത്തെ സമൂഹത്തിന് ആവശ്യമായത്ര നിയമങ്ങളുടെ (ശരീഅത്ത്) ആവശ്യമുണ്ടാവുകയില്ലല്ലോ. അതിനാല്‍ മാനവസമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് ദൈവം പ്രവാചകന്മാരിലൂടെ പുതിയ നിയമങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. ഒടുവില്‍ മുഹമ്മദ് നബിയിലൂടെ അത് പൂര്‍ത്തീകരിക്കപ്പെട്ടു. ഇതനുസരിച്ച് ഇസ്ലാമില്‍ വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ എങ്ങനെ ആയിരിക്കണം എന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഒരു പ്രവാചകന്‍ വന്നാല്‍ തന്നെ പുതിയതായി ഒന്നും പറയാനില്ല. അന്ത്യപ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ട ജീവിതവ്യവസ്ഥയില്‍ ഇനി പൂരിപ്പിക്കേണ്ടതായിട്ടൊന്നുമില്ലെന്നര്‍ഥം. മനഷ്യന്റെ ഇഹപര രക്ഷക്ക് എന്തെല്ലാമാണോ വേണ്ടത് അതിനാവശ്യമായ അടിസ്ഥാന നിയമനിര്‍ദേശങ്ങളെല്ലാം പഠിപ്പിച്ചുതന്നിരിക്കുന്നു.
പ്രസക്തമായ മറ്റൊരു കാര്യം. ലോക ചരിത്രത്തില്‍ മുഹമ്മദ് നബിക്കു മുമ്പും ശേഷവും മഹാന്മാര്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ മിക്കവരുടെയും ജീവചരിത്രം പല സ്വഭാവത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍, മുഹമ്മദ് നബിയുടെ ജീവചരിത്രം രേഖപ്പെടുത്തപ്പെട്ടതുപോലെ സൂക്ഷ്മമായും സമഗ്രമായും മറ്റൊരാളുടെ ചരിത്രവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചെരുപ്പ് ധരിക്കുമ്പോള്‍ ഏതു കാലിലെ ചെരുപ്പ് ആദ്യം ധരിക്കണം എന്നതു മുതല്‍ രാജ്യം ഭരിക്കുമ്പോള്‍ എങ്ങനെ ഭരിക്കണം എന്നതടക്കം എല്ലാം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരാളുടെ ജീവിതത്തിലെ ഓരോ ചുവടുവെപ്പും ഇത്ര സൂക്ഷ്മവും കൃത്യവുമായി എന്തിനായിരിക്കും രേഖപ്പെടുത്തപ്പെട്ടത്? കാരണം, വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തിലുള്ള പ്രവാചകന്റെ ജീവിതചലനങ്ങള്‍ മനുഷ്യസമൂഹത്തിനുള്ള മാതൃകയാണ്. ഖുര്‍ആനിലുള്ളത് തത്ത്വങ്ങളാണ്. അതിന്റെ പ്രായോഗിക ജീവിത മാതൃകയാണ് പ്രവാചക ജീവിതം. ഇത് പകല്‍വെളിച്ചം പോലെ ലഭ്യമല്ലെങ്കില്‍ ഖുര്‍ആനിലെ ദൈവിക വെളിപാടുകളെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ മനുഷ്യര്‍ക്ക് കഴിയാതെ വരില്ലേ? അതിനാല്‍, അന്ത്യവേദമാകുന്ന ഖുര്‍ആന്‍ ലഭ്യമാകുന്നതു പോലെ അന്ത്യപ്രവാചകന്റെ ജീവിതരേഖയും ലഭ്യമാവല്‍ അനിവാര്യമാണ്.
ഇത്രയും കൃത്യവും സൂക്ഷ്മവുമായി ജീവചരിത്രം രേഖപ്പെടുത്താന്‍ മറ്റു മഹാന്മാരുടെ അനുയായികള്‍ക്ക് തോന്നാതിരിക്കുകയും മുഹമ്മദ് നബിയുടെ അനുയായികള്‍ക്ക് മാത്രം തോന്നുകയും ചെയ്തതില്‍ ദൈവിക ഇടപെടല്‍ കണ്ടെത്താന്‍ പ്രയാസമില്ലല്ലോ. മുഹമ്മദ് നബി ലോകത്തോട് വിടവാങ്ങിയെങ്കിലും അദ്ദേഹത്തിലൂടെ ഉളവായ പ്രവാചകത്വം ഇന്നും നിലനില്‍ക്കുന്നു എന്ന് ചുരുക്കം. അതിനാല്‍ ഇനി ഒരു പ്രവാചകന്‍ വരേണ്ട ഒരു കാര്യവുമില്ലെന്ന് വ്യക്തമല്ലേ?
'അതേ.'   

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര