Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

ഹറാം പ്രചാരണത്തിന്റെ രാഷ്ട്രീയം

എസ്.എം സൈനുദ്ദീന്‍

മുസ്‌ലിം സമൂഹത്തിന്റെ മതജീവിതത്തെ രൂപപ്പെടുത്തുന്ന വിജ്ഞാന ശാഖയായ ഫിഖ്ഹ്/കര്‍മശാസ്ത്ര കൃതികളില്‍ നിയമസംബന്ധിയായി വന്നിട്ടുള്ള ഹലാല്‍, ഹറാം എന്നീ പദങ്ങള്‍ തികച്ചും വ്യത്യസ്തമായ നിലയില്‍ വ്യവഹരിക്കപ്പെടുകയാണ് ഇന്ന്. ഇവ രണ്ടും ഭയക്കേണ്ടതോ വെറുക്കേണ്ടതോ ആണെന്ന ധാരണ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. അതിനായി ഈ പദങ്ങളെ മതപരമോ കര്‍മശാസ്ത്രപരമോ ആയ അതിന്റെ മണ്ഡലങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി അവയുമായി ഒരു ബന്ധവും ഇല്ലാത്ത മറ്റൊരു രാഷ്ട്രീയ പരിസരത്ത് വെച്ച് ദുര്‍വ്യാഖ്യാനിക്കുകയാണ് ചില തല്‍പര കക്ഷികള്‍. 'ഹറാം തിന്നുക, ഹലാല്‍ തിന്നാതിരിക്കുക' എന്ന പരിമിത ലക്ഷ്യമല്ല ഈ പ്രചാരണത്തിന്റെ പിന്നിലുള്ളത്.  മറിച്ച് ലോകമാകെ വ്യാപിച്ചു കഴിഞ്ഞ ഇസ്‌ലാംപേടിയുടെ മറപറ്റി കേരളത്തിലും സംഘ് അനുകൂല രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്തുക എന്നതാണ്. അറിഞ്ഞോ അറിയാതെയോ ചില ക്രൈസ്തവ വിഭാഗങ്ങള്‍ ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു എന്നത് ഏറെ അമ്പരപ്പിക്കുന്നതാണ്. താല്‍ക്കാലിക രാഷ്ട്രീയ, ഭൗതിക ലാഭങ്ങള്‍ ഇതുവഴി ഫാഷിസ്റ്റ് ഭരണകാലത്ത് അവര്‍ക്ക് ലഭിച്ചേക്കാമെങ്കിലും 'വിചാരധാര' പ്രകാരം ഉന്മൂലനം ചെയ്യപ്പെടേണ്ട  രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണ് ക്രൈസ്തവരും എന്ന വിചാരം, ഈ മുസ്‌ലിംവിരുദ്ധ ഹറാം പ്രചാരകര്‍ക്ക് ഉണ്ടായാല്‍ മതി.
വിപണിയില്‍നിന്ന് ഹലാല്‍ ഫുഡിനെ തുടച്ചുനീക്കാനല്ല ഈ കാമ്പയിന്‍. കാരണം ഇന്ത്യയിലും കേരളത്തിലും കച്ചവടത്തിലും വ്യവസായത്തിലും മുസ്‌ലിംകള്‍ക്കു മുന്നെ ഹലാല്‍ പ്രമോഷനിംഗ് നടത്തിയവരില്‍ പ്രമുഖര്‍ സംഘ് പരിവാര്‍ പശ്ചാത്തലമുള്ളവര്‍ തന്നെ ആയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യന്ത്രവല്‍കൃത മാംസ സംസ്‌കരണ ശാലയായ അല്‍ കബീര്‍ ബീഫ് എക്‌സ്‌പോര്‍ട്‌സ് ഉടമ സംഘ് സഹയാത്രികനായ  സതീഷ് സെബര്‍വാളാണ്. തെലങ്കാനയിലെ രുദ്രക് വില്ലേജില്‍ 400 ഏക്കര്‍ വിസ്തൃതിയിലാണ് അല്‍ കബീര്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നാം എന്‍.ഡി.എ ഭരണകാലത്ത് നിരവധി ബി.ജെ.പി എം.പിമാരും നേതാക്കളും ഇതിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരായത് വാര്‍ത്തയായിരുന്നു. മുസ്‌ലിംകള്‍ അല്ലാത്ത ശതക്കണക്കിന് ഹിന്ദു വ്യവസായികളാണ് ഹലാല്‍ മാംസവ്യാപാരത്തില്‍ മുതല്‍മുടക്കിയിട്ടുള്ളത്. പ്രതിവര്‍ഷം കോടികളുടെ വിറ്റുവരവാണ് ഓരോ കമ്പനിക്കും ഉള്ളത്. എന്നിട്ടും എന്തിനാണീ ബഹളം വെക്കല്‍ എന്ന് വിവേകമതികള്‍ ഇനിയും ആലോചിക്കുന്നില്ലെങ്കില്‍ കേരളം ഇതിനു കനത്ത വില നല്‍കേണ്ടി വരും. കശാപ്പു ജോലിയില്‍ ഏര്‍പ്പെട്ട മുസ്‌ലിംകളെയും ദലിതുകളെയും പച്ചക്ക് തല്ലിക്കൊല്ലാന്‍ കച്ചമുറുക്കിയവര്‍ തന്നെയാണ് ഇന്നത്തെ പ്രചാരണത്തിന്റെയും പ്രായോജകരും മുഖ്യ ഗുണഭോക്താക്കളും.
ഈ വിവാദം തീര്‍ത്തും നിരര്‍ഥകമാണ്. എല്ലാ വിവാദങ്ങളും നിരര്‍ഥകതളെ ചുറ്റിപ്പറ്റിയാണ് വളര്‍ന്നുവരുന്നത്. ഇതാരും തിരിച്ചറിയാറില്ല. വിവാദങ്ങള്‍ അവയുടെ ലക്ഷ്യത്തിലെത്തുമ്പോഴായിരിക്കും തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് പലരും തിരിച്ചറിയുക. നുണകളെ സത്യത്തേക്കാള്‍ ആധികാരികതയോടെ അവതരിപ്പിക്കുന്ന പ്രചാരണ രീതിയാണ് ഇവിടെയും സ്വീകരിച്ചുപോരുന്നത്. നാം ജീവിക്കുന്ന ഈ കാലം തന്നെ സത്യാനന്തര കാലമാണ്. ഒന്നിനെ പറ്റി നിലപാട് രൂപപ്പെടുത്താന്‍ വസ്തുതകള്‍ ആവശ്യമില്ലാത്ത കാലം. നുണകളും ഊഹങ്ങളും സത്യം പോലെ അവതരിപ്പിക്കപ്പെടുന്ന, സത്യം തിരോഭവിച്ച കാലം. അതുകൊണ്ട് പ്രചാരണ സാമഗ്രികള്‍ കൂടുതലുള്ളവര്‍ പടച്ചുവിടുന്ന നുണകള്‍ ലോകം ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.  
ഇസ്‌ലാമിനെ ഒരു പ്രശ്‌നമായി അവതരിപ്പിക്കുന്ന രീതി വളരെ വ്യവസ്ഥാപിതമായി നേരത്തേ തന്നെ ലോകത്ത് ഇസ്‌ലാംവിരുദ്ധര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസം ഉണ്ടായത് ഇതില്‍നിന്ന് വെള്ളവും വളവും വലിച്ചെടുത്താണ്. മുസ്‌ലിം സമം ഭീകരവാദി, ഇസ്‌ലാം സമം തീവ്രവാദം, ജീഹാദ് സമം ഭീകരയുദ്ധം എന്ന ബോധനിര്‍മിതിയിലൂടെ ഇസ്‌ലാമിനെയും മുസ്‌ലിമിനെയും ജിഹാദിനെയും വെറുക്കപ്പെട്ട പ്രതിഭാസങ്ങളാക്കി മാറ്റുന്നു. ഇതിനെ കുറിച്ച് എന്തും പറയാം. സോഴ്‌സ് പോലും നല്‍കേണ്ടതില്ല, ആധികാരിത സ്ഥാപിക്കേണ്ട. അതൊക്കെ കണ്ടെത്തേണ്ടതും അവാസ്തവമാണെന്ന് സ്ഥാപിക്കേണ്ടതും മുസ്‌ലിംകളുടെ കടമയാണ്. പുതിയ ഹലാല്‍ വിരുദ്ധ ഹറാം പ്രചാരണത്തിലും മുസ്‌ലിംകള്‍ വസ്തുത പറയേണ്ടവരായി. പറഞ്ഞാലും ആരും അത് വിശ്വസിക്കാന്‍ പോകുന്നില്ല. അത്രക്കും ആഴത്തിലും പരപ്പിലുമാണ് വലതുപക്ഷ പ്രചാരണങ്ങള്‍. മുസ്‌ലിംകള്‍ അപരവല്‍ക്കരിക്കപ്പെട്ട, ഹിന്ദു ദേശീയതയില്‍ വരിഞ്ഞുമുറുക്കപ്പെട്ട ഇന്ത്യയില്‍ മറ്റൊരു ഇരയായ ക്രൈസ്തവ വിഭാഗങ്ങള്‍ വേട്ടക്കാരുടെ കോടാലിക്കൈയാകുന്ന കാഴ്ചയാണ് പുതിയ വിവാദത്തില്‍ നാം കാണുന്നത്.
തൃശൂരില്‍നിന്ന് ഇറങ്ങിയ 'കത്തോലിക്കാ സഭ' എന്ന പേരിലെ ഒരു പത്രത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന 'റിപ്പോര്‍ട്ട്' വായിച്ചാല്‍ മൂക്കത്ത് വിരല്‍ വെച്ചു പോകും. അത്രമാത്രം വിവരക്കേടും വെറുപ്പും ആണതില്‍ അച്ചുനിരത്തിയിരിക്കുന്നത്. ഇറച്ചി ഭക്ഷണവുമായി മാത്രം ബന്ധപ്പെട്ട് ഇതുവരെ കേട്ടിരുന്ന ഹലാല്‍ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളിലും ബാധകമാക്കി. ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും ഹലാല്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നു എന്നാണ് ഒന്നാമത്തെ 'കണ്ടെത്തല്‍'. ഇതിലെന്ത് സത്യമാണുള്ളത്? ഹലാലും ഹറാമും ഇസ്‌ലാമിക നിയമത്തില്‍ ഭക്ഷണവുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങളല്ല. മതത്തിലും ജീവിതത്തിലും സമ്പത്തിലും രാഷ്ട്രീയത്തിലും തുടങ്ങി ജീവിതത്തിന്റെ എല്ലാ രംഗത്തും ഹലാലും ഹറാമുമുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഹറാം (നിഷിദ്ധം) വെടിയലും ഹലാല്‍ (അനുവദനീയം) സ്വീകരിക്കലും മതവിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനമാണ്.  
ഈ ഹറാം വര്‍ജിക്കല്‍ ജീവിതത്തിന്റെ നിലനില്‍പ്പിനെ ഒരു നിലക്കും പ്രതികൂലമായി ബാധിക്കുകയില്ല. ഉദാഹരണത്തിന് പലിശ. ഇസ്‌ലാമിക ശരീഅത്ത് പലിശയെ ഹറാമാക്കി. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഇനം പലിശകളും പാടേ ഉപേക്ഷിക്കണമെന്നാണ് ഖുര്‍ആന്റെ ശാസന. പലിശക്ക് നിയമസാധുത നല്‍കുന്നവരും പലിശ ഇടപാടുകള്‍ നടത്തുന്നവരും പലിശ വ്യാപാരം എന്നു പറഞ്ഞ് ഈ സാമ്പത്തിക ചൂഷണത്തെ ന്യായീകരിക്കുന്നതു കാണാം. പലിശ കച്ചവടം പോലെ ഒരിടപാടല്ല. കച്ചവടം ഹലാലും പലിശ ഹറാമുമാണ്. സാമ്പത്തിക രംഗത്തെ ബാധിച്ച ഈ അര്‍ബുദത്തെ ഈ നിലയില്‍ തന്നെ നിലനിര്‍ത്തണമെന്നാണോ ഹറാം വാദികളായ നവവലതുപക്ഷത്തിന്റെ വാദം? ഇസ്‌ലാം നിഷിദ്ധമാക്കിയ ശവവും രക്തവും പന്നിയിറച്ചിയും ദൈവനാമം ഉച്ചരിക്കാതെ അറുത്തതും ശ്വാസം മുട്ടിച്ചത്തതും തല്ലിക്കൊല്ലപ്പെട്ടതും വീണ് ചത്തതും മറ്റു മൃഗങ്ങളുടെ കുത്തേറ്റ് ചത്തതും വന്യമൃഗങ്ങള്‍ തിന്ന് ബാക്കിയാക്കിയതും പ്രതിഷ്ഠകള്‍ക്ക് ബലിയായി നല്‍കിയതും തിന്നണമെന്നാണോ ഇവര്‍ പറയുന്നത്? എങ്കില്‍ ഹലാല്‍വിരുദ്ധരായ സംഘ് പരിവാറും അവരുടെ മെഗാഫോണായി മാറിയ ചില ക്രൈസ്തവ ഗ്രൂപ്പുകളും തങ്ങളുടെ അനുയായികളോട് അതങ്ങ് തുറന്നുപറയുകയല്ലേ വേണ്ടത്? ഖുര്‍ആന്‍ നിഷിദ്ധ- ഹറാം-മാക്കിയ വേറെയും കാര്യങ്ങളുണ്ട്. വ്യഭിചാരം, പെണ്‍വാണിഭം, സ്ത്രീ പീഡനം, ഭ്രൂണഹത്യ, സ്വവര്‍ഗഭോഗം........ ഇനിയും നീളും പട്ടിക. ഇതെല്ലാം ചെയ്യണമെന്നാണോ ഹറാം പ്രചാരകരേ നിങ്ങളുടെ വാദം? നിങ്ങളെ കുറിച്ച് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!
സാമ്പത്തികരംഗം പലിശമുക്തമാക്കാന്‍ വേണ്ടിയുള്ള ശ്രമം ആഗോളവ്യാപകമായി നടക്കുന്ന ഒരു പ്രവര്‍ത്തനമാണ്. പലിശരഹിത ബാങ്ക്, ഇസ്‌ലാമിക് ബാങ്ക് എന്നീ പേരുകളില്‍ സാമ്പത്തിക വിശാരദന്മാര്‍ക്കിടയില്‍ വ്യവഹരിക്കപ്പെടുന്ന ഈ ഇസ്‌ലാമിക് ഇക്കോണമിയെ ഫിനാന്‍ഷ്യല്‍ ജിഹാദ് എന്നാണ് ഹറാംവാദികള്‍ ആക്ഷേപിക്കുന്നത്. ഈ അടുത്ത് കൊല്ലം ജില്ലയിലെ ഒരു ദേശസാല്‍കൃത ബാങ്കിന്റെ ബ്രാഞ്ചിലേക്ക് വിളിച്ച് അവിടത്തെ ഫോണ്‍ അറ്റന്ററോട് ഇസ്‌ലാമിക സാമ്പത്തിക ഇടപാടിനെ കുറിച്ച് കയര്‍ത്തു സംസാരിക്കുന്ന ഒരു സംഘ് പരിവാറുകാരന്റെ ടെലഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യയുടെ ഭരണത്തെ നിയന്ത്രിക്കുന്ന സംഘ് പരിവാറിന്, കേന്ദ്ര ധനമന്ത്രാലയത്തെക്കൊണ്ട് ഒരു സര്‍ക്കുലര്‍ ഇറക്കി പരിഹരിക്കാവുന്ന ഒന്ന് ഈ നിലക്ക് കൈകാര്യം ചെയ്യുന്നത് എന്തിനാണ്? വര്‍ഗീയ ചേരിതിരിവും വെറുപ്പും പ്രചരിപ്പിക്കാന്‍ ഈ രീതി അവലംബിച്ചാലേ സാധിക്കൂ എന്ന് ഈ പ്രതിലോമശക്തികള്‍ക്കറിയാം. 
2011-ല്‍ വി.എസ് ഗവണ്‍മെന്റിന്റെ കാലത്ത്  'അല്‍ ബറക' ഇസ്‌ലാമിക് ബാങ്ക് കേരള സര്‍ക്കാര്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പലിശരഹിത ബാങ്കിംഗ് സംവിധാനം എന്ന നിലയില്‍ വലിയ സ്വീകാര്യതയായിരുന്നു അതിന് ലഭിച്ചത്. ആ വര്‍ഷം ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കേരള ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടിയെടുക്കാനും സര്‍ക്കാറിനായി.  അല്‍ ബറകയും എ.ഐ.സി.എല്‍ മുതലായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇസ്‌ലാമിക സാമ്പത്തിക സംരംഭത്തെ കുറിച്ച് ദേശീയ സെമിനാര്‍ വരെ സംഘടിപ്പിച്ചു. പക്ഷേ എന്തു സംഭവിച്ചു എന്ന് നമുക്കറിയാം. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി സുപ്രീം കോടതിയില്‍ കേസിന് പോയി. കേരള സര്‍ക്കാറിന് പദ്ധതി ഉപേക്ഷിക്കേണ്ടതായും വന്നു. ഇതിന് സംഘ് പരിവാറിനെ പ്രേരിപ്പിച്ചത് കടുത്ത ഇസ്‌ലാംവിരുദ്ധതയായിരുന്നു. 
വ്യാപാര രംഗത്ത് ഹലാല്‍ മുദ്ര കടന്നുവരുന്നതോടെ ഉല്‍പന്നങ്ങള്‍ ഹലാല്‍-ഹറാം എന്ന് വേര്‍തിരിക്കപ്പെടും. മുസ്‌ലിംകള്‍ അല്ലാത്തവര്‍ വ്യാപാരരംഗത്തു നിന്ന് പിന്തള്ളപ്പെടും.  അതുവഴി ഹലാല്‍ ജിഹാദികള്‍ നമ്മുടെ സമ്പദ്ഘടനയില്‍ പിടിമുറുക്കും. ഹലാല്‍ വ്യവസായത്തിലൂടെ ലഭിക്കുന്ന ലാഭം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കും.... ഹറാംപ്രചാരകര്‍ പരത്തുന്ന നുണകള്‍ ഇങ്ങനെ പോകുന്നു.
ഹറാം വര്‍ജിക്കുന്നത് ഒന്നിനെയും അട്ടിമറിക്കാനല്ല. പരിശുദ്ധമായ അടിത്തറയില്‍ ജീവിതത്തെ കെട്ടിപ്പടുക്കാനാണ്. അല്ലെങ്കില്‍ തന്നെ ജനസംഖ്യയുടെ പതിനഞ്ചോ ഇരുപതോ ശതമാനം വരുന്ന മുസ്‌ലിംകള്‍ പന്നിയിറച്ചിയും ചത്തതും കൊന്നതുമായ മൃഗമാംസവും പലിശയും മദ്യവും ചൂതും പൂഴ്ത്തി വെപ്പും അഴിമതിയും കൈക്കൂലിയും- ഇതൊക്കെയാണല്ലോ ഈ പറയുന്ന ഹറാമുകള്‍ - ഒഴിവാക്കിയാല്‍ ഇന്ത്യന്‍ സമ്പദ്ഘടന മുസ്‌ലിം ആധിപത്യത്തിനു കീഴില്‍ വരുമെന്നത് ശുദ്ധ അസംബന്ധം അല്ലാതെ മറ്റെന്താണ്! 
ഈ വിദ്വേഷ പ്രചാരണം കണ്ടിട്ടും ഇതിനെതിരില്‍ ഒന്നും പ്രതികരിക്കാത്ത ഇടതുപക്ഷവും കേരള സര്‍ക്കാറും കേരളത്തിലെ പ്രതിപക്ഷവും താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടം കൊയ്‌തേക്കാം. ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയും സാധ്യമായേക്കാം.  എന്നാല്‍ ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ അവസാനനേട്ടം സംഘ് പരിവാറിനായിരിക്കും. രാജ്യത്തിന്റെ അലകും പിടിയും അഴിച്ചുപണിയാന്‍, ആര്‍.എസ്.എസിന്റെ സമഗ്രാധിപത്യം സാധ്യമാക്കാന്‍ വേണ്ടി ഫാഷിസത്തിന്റെ ലബോറട്ടറിയില്‍ വിരിയിച്ചെടുത്ത ഈ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ പ്രചാരകരും സുവിശേഷകരുമായി ക്രൈസ്തവ സമൂഹം മാറാതിരുന്നാല്‍ അവര്‍ക്കും നന്ന്; രാജ്യത്തിനും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര