Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള ജനുവരി ഇരുപതിന് നടക്കേണ്ടിയിരുന്നത് കേവലം അധികാരക്കൈമാറ്റ ചടങ്ങ് മാത്രമായിരുന്നു. വിജയാഹ്ലാദമൊക്കെ നേരത്തേ കഴിഞ്ഞിട്ടുണ്ടാകുമെന്നതിനാല്‍ പുതിയ ഭരണകൂടത്തിന്റെ നയപരിപാടികളെക്കുറിച്ചാവും ആ സമയത്ത് കാര്യമായ ചര്‍ച്ച. ഒരുപക്ഷേ രാജ്യചരിത്രത്തിലാദ്യമായി ആ പാരമ്പര്യവും കീഴ്വഴക്കവും അട്ടിമറിക്കപ്പെടുകയായിരുന്നു ഇത്തവണ. ഡൊണാള്‍ഡ് ട്രംപ് തോല്‍വി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, തന്റെ അനുയായികളെ ഇളക്കിവിടുകയും ചെയ്തു. ജനുവരി ആറിന് കാപിറ്റോള്‍ ഹില്ലില്‍ യു.എസ് കോണ്‍ഗ്രസ് സമ്മേളിച്ചുകൊണ്ടിരിക്കെ ട്രംപ് അനുയായികള്‍ ഹാളിലേക്ക് ഇരച്ചുകയറുകയും അഴിഞ്ഞാടുകയും ചെയ്തു. അഞ്ചു പേരാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലുമായി കൊല്ലപ്പെട്ടത്. സമുന്നതമായ സമത്വ ചിന്തയും ജനാധിപത്യ ബോധവും പുലര്‍ന്നുപോന്ന ഒരു നാട്ടില്‍ ട്രംപ് എന്നൊരാള്‍ അവതാരമെടുത്ത് എല്ലാം നശിപ്പിക്കുകയായിരുന്നു എന്ന മട്ടിലുള്ള ആഖ്യാനങ്ങളാണ് പൊതുവെ കണ്ടുവരുന്നത്. യഥാര്‍ഥത്തില്‍ അത്ര ലളിതമാണോ കാര്യങ്ങള്‍? ട്രംപും അനുയായികളും മാത്രമാണോ ഇതിനുത്തരവാദികള്‍? ജോസഫ് കോണ്‍റഡ് എഴുതിയ 'അന്ധകാര ഹൃദയം' എന്ന നോവലില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലേക്ക് കടന്നു ചെല്ലുന്ന ബ്രിട്ടീഷ് കൊളോണിയലിസ്റ്റായ മിസ്റ്റര്‍ കുര്‍സ് എന്ന കഥാപാത്രം പലതരം പൈശാചികതകളെ ആവാഹിക്കുകയും അയാളുടെ സാന്നിധ്യം തന്നെ തദ്ദേശീയരായ ആഫ്രിക്കന്‍ സമൂഹങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട്. 'പിശാചായി മാറുന്ന ഈ കുര്‍സിനെ നിര്‍മിച്ചെടുത്തിരിക്കുന്നത് മുഴുവന്‍ യൂറോപ്പും ചേര്‍ന്നാണ്' എന്ന നിഗമനത്തിലേക്കാണ് നോവലിസ്റ്റ് നമ്മെ കൊണ്ടെത്തിക്കുന്നത്. അതുപോലെ,  ട്രംപിനെയും കലാപത്തിനിറങ്ങിയ അയാളുടെ അനുയായികളെയും നിര്‍മിച്ചെടുത്തിരിക്കുന്നത് അമേരിക്ക മുഴുവന്‍ ചേര്‍ന്നാണ്. അതില്‍ ഡെമോക്രാറ്റ്/റിപ്പബ്ലിക്കന്‍ ഭരണം എന്ന വ്യത്യാസമൊന്നുമില്ല.
ഈ കലാപത്തെ വിശേഷിപ്പിക്കാന്‍ എന്തൊക്കെ പദങ്ങളാണ് രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഉപയോഗിച്ചതെന്ന് നോക്കുക. പലര്‍ക്കും അതൊരു 'അട്ടിമറി ശ്രമം' ആയിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തത്. ഒട്ടും അമേരിക്കനല്ലാത്തത് - ഇതാണ് മറ്റൊരു വിശേഷണം. ഇതൊക്കെ പാകിസ്താനിലും ബെലാറസിലും പതിവായിരിക്കാം; പക്ഷേ അമേരിക്കയില്‍ നടക്കില്ല എന്ന് 'ന്യൂയോര്‍ക്കര്‍' മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ സ്റ്റീവ് കോള്‍. ഇത്ര പരമ പരിശുദ്ധമാണോ അമേരിക്കയുടെ ചരിത്രം? സ്വാതന്ത്ര്യത്തിനു ശേഷമുള്ള അമേരിക്കയുടെ ആഭ്യന്തര ചരിത്രത്തില്‍ ഇത്തരമൊന്ന് ആദ്യത്തേതാകാം. പക്ഷേ അമേരിക്കയുടെ നാളിതു വരെയുള്ള വിദേശനയത്തിന്റെ സ്ഥിതിയെന്താണ്? അമേരിക്കന്‍ ജനാധിപത്യത്തെ ട്രംപും കൂട്ടരും അട്ടിമറിക്കുന്നു എന്ന് നിലവിളിക്കുന്നവര്‍, അമേരിക്കന്‍ ചാരസംഘടന കശാപ്പു ചെയ്ത ജനാധിപത്യ ഭരണകൂടങ്ങളുടെ കണക്കെടുത്തിട്ടുണ്ടോ?
ആ ജനാധിപത്യ കശാപ്പുകളുടെ ചെറിയൊരു പട്ടിക നമുക്ക് തയാറാക്കി നോക്കാം. 1953-ല്‍ ഇറാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുസ്വദ്ദിഖ് ഭരണകൂടത്തെ അമേരിക്കയുടെ സി.ഐ.എയും ബ്രിട്ടന്റെ എം16-ഉം ചേര്‍ന്ന് അട്ടിമറിച്ചു. 1958-ല്‍ പാകിസ്താനിലെ സൈനിക അട്ടിമറിക്ക് പിന്നിലും അമേരിക്കയുടെ ചരടുവലിയുണ്ടായിരുന്നു. 1960-ല്‍ കോംഗോയില്‍, 1964-ല്‍ ബ്രസീലില്‍, 1973 സെപ്റ്റംബര്‍ 11-ന് ചിലിയില്‍ (മറ്റേ 'സെപ്റ്റംബര്‍ 11' അല്ലേ നമ്മുടെ ഓര്‍മയിലുള്ളൂ), ഏറ്റവുമൊടുവില്‍ 2013-ല്‍ ഈജിപ്തിലെ മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ചത്...ഈ അട്ടിമറികളെക്കുറിച്ചൊന്നും അമേരിക്കന്‍ പൊതു സമൂഹമോ മാധ്യമങ്ങളോ ഒരു കാലത്തും വേവലാതിപ്പെട്ടു കണ്ടിട്ടില്ല. എന്നല്ല അതൊക്കെ വേണ്ടതാണ് എന്ന നിലപാടിലുമായിരുന്നു അവര്‍. അട്ടിമറി സ്വന്തം നാട്ടിലായാലും പുറം നാട്ടിലായാലും അട്ടിമറി തന്നെയല്ലേ? ഈ ഇരട്ടത്താപ്പിന്റെ മുഖത്തേറ്റ അടിയായി വേണം ജനുവരി ആറിലെ 'അട്ടിമറി ശ്രമ'ത്തെ കാണാന്‍.
ഏതായാലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ നാല്‍പ്പത്തി ആറാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേറ്റുകഴിഞ്ഞു. ട്രംപ് സഞ്ചരിച്ച വഴിയില്‍നിന്ന് താന്‍ മാറി നടക്കുമെന്നാണ് ബൈഡന്‍ പറയുന്നത്. വെള്ള വംശീയതക്കു വേണ്ടി നിലകൊണ്ടു എന്നാണല്ലോ ട്രംപിനെതിരെയുള്ള വലിയ കുറ്റപത്രം. ആ രാഷ്ട്രവും അതിന്റെ സ്ഥാപനങ്ങളും നിലകൊള്ളുന്നതു തന്നെ വെള്ള വംശീയതക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ്. വെള്ള വംശീയതക്ക് സര്‍വാത്മനാ വഴിപ്പെട്ടതുകൊണ്ടല്ലേ ഒബാമക്കും കമലാ ഹാരിസിനും ഉയര്‍ന്ന പദവികളില്‍ എത്താന്‍ കഴിഞ്ഞത്? മൗലികമായി ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് ചുരുക്കം. ഏതായാലും ട്രംപിനേക്കാള്‍ മെച്ചപ്പെട്ട ഭരണമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര