Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

നാരായണീയം

മുഹമ്മദ് ശമീം

അയിത്തം, വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്ന ആചാരങ്ങള്‍, പ്രാകൃതാചാരങ്ങള്‍ തുടങ്ങിയവക്കെതിരെ പോരാട്ടം നയിച്ച ശ്രീനാരായണ ഗുരുവാണ് കേരള നവോത്ഥാനത്തില്‍ ഏറ്റവും സ്വാധീനം സൃഷ്ടിച്ച വ്യക്തി. 
ഈഴവ കുടുംബത്തിലാണ് നാരായണ ഗുരു പിറന്നത്. തീണ്ടലും തൊടീലുമുള്ള അയിത്ത ജാതിയാണ് അക്കാലത്ത് ഈഴവനും. ഈഴവര്‍ തൊട്ട് നായാടി വരെയുള്ളവര്‍ക്ക് ക്ഷേത്രപ്രവേശം, വിദ്യാഭ്യാസം, ഉയര്‍ന്ന ജോലി എന്നിവ നിഷിദ്ധമായിരുന്നു. ഡോ. പല്‍പ്പുവിനെപ്പോലെ അപൂര്‍വം ചിലര്‍ ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും അഞ്ച് രൂപക്കു മേല്‍ മാസശമ്പളം വാങ്ങാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. തലക്കരം, മുലക്കരം തുടങ്ങിയ അതിവിചിത്രമായ നികുതികളും അവര്‍ണരില്‍നിന്ന് പിടിച്ചെടുത്തു. 
ജന്മം കൊണ്ട് സിദ്ധമാകുന്ന ഒന്നാണ് ജാതി എന്നാണ് സങ്കല്‍പം. ജാതി എന്നതിന്റെ പദാര്‍ഥവും അതാണ്. ജാ ഇതി (ഇങ്ങനെ ജനിച്ചത്) എന്നതാണ് ജാതി എന്നതിന്റെ നിഷ്പത്തി. എന്നാല്‍ ജനനത്താല്‍ സിദ്ധമാകുന്ന ഒരു സാമൂഹികപദവിയെയും ഗുരു അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 
മനുഷ്യാണാം മനുഷ്യത്വം 
ജാതിര്‍ ഗോത്വം ഗവാം യഥാ 
ന ബ്രാഹ്മണാദിരസൈ്യവം 
ഹാ! തത്വം വേത്തി കോ പി ന 
        - ജാതിനിര്‍ണയം 
(മനുഷ്യരുടെ ജാതി മനുഷ്യത്വം ആകുന്നു. ഗോക്കളുടെ ജാതി ഗോത്വം ആയതുപോലെ. ബ്രാഹ്മണാദി നാമങ്ങള്‍ മനുഷ്യത്വമോ ഗോത്വമോ പോലുള്ള ജാതികളാണോ? ആരറിയാന്‍ ഈ തത്ത്വം!). 
'ജാതിനിര്‍ണയം' എന്ന കൃതിയില്‍ തുടര്‍ന്ന് ഇപ്രകാരം വായിക്കാം. 

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍ 
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നിടുന്നു സന്തതി 
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം 
നരജാതിയില്‍ നിന്നത്രെ പിറന്നിടുന്നു വിപ്രനും 
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍ 
പറച്ചിയില്‍ നിന്നു പണ്ടു പരാശര മഹാമുനി 
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍ 
ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍ 
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ. 

മതവൈവിധ്യങ്ങളോടും വിശ്വാസഭേദങ്ങളോടും ക്രിയാത്മകമായ സമീപനമായിരുന്നു ഗുരു വെച്ചുപുലര്‍ത്തിയത്. ജാതിഭേദത്തെ നിരാകരിക്കുന്ന അദ്ദേഹം തൊട്ടുടനെ മതദ്വേഷം എന്ന പദമാണ് പ്രയോഗിക്കുന്നത്. മതഭേദം അപലപനീയമല്ല, മറിച്ച് മതത്തിന്റെ പേരിലുള്ള ദ്വേഷവും ദ്രോഹവുമത്രെ ഗര്‍ഹണീയം. എല്ലാ മതത്തിന്റെയും സാരം, അടിത്തറ ഏകം തന്നെയാണെന്നും അത് മനസ്സിലാക്കാതെയാണ് ആളുകള്‍ പരസ്പരം ദ്വേഷിക്കുന്നതെന്നും അദ്ദേഹം വിശ്വസിച്ചു. 
പലമതസാരവുമേകമെന്നു പാരാ- 
തുലകിലൊരാനയിലന്ധരെന്ന പോലെ, 
പലവിധയുക്തി പറഞ്ഞു പാമരന്മാ- 
രലവതു കണ്ടതലയാതമര്‍ന്നിടേണം. 

അദ്വൈത ദര്‍ശനത്തെയാണ് അദ്ദേഹം പിന്തുടര്‍ന്നത്. എന്നാല്‍ ജാതിഭ്രമങ്ങളുടെ പേരില്‍ ശങ്കരാചാര്യരെ കഠിനമായി വിമര്‍ശിച്ചിട്ടുണ്ട്. അപശൂദ്രാധികരണം എന്ന തത്ത്വം അവതരിപ്പിക്കുകയും അതിനെ ന്യായീകരിക്കാന്‍ തത്ത്വശാസ്ത്രം കൊണ്ട് കസര്‍ത്ത് കളിക്കുകയും ചെയ്തയാളായിരുന്നു ശങ്കരന്‍. വാദത്തില്‍ അദ്ദേഹത്തോടേറ്റ് മുട്ടുകുത്തിച്ച ഒരു ചണ്ഡാലന്റെ കഥ പറയാറുണ്ട്. കുളിച്ച് ശുദ്ധി വരുത്തി ഉപാസനക്ക് പുറപ്പെട്ട ശങ്കരന്‍, എതിരെ വരുന്ന ചണ്ഡാലനോട് മാറിപ്പോ ചണ്ഡാലാ എന്ന് കല്‍പിച്ചത്രെ. ഒരു കൂസലുമില്ലാതെ അടുത്തേക്ക് വന്ന ചണ്ഡാലന്‍ മാറേണ്ടത് ദേഹമോ ദേഹിയോ എന്ന് ചോദിച്ചുപോല്‍. ശങ്കരന്‍ തന്നെ പഠിപ്പിക്കുന്ന അദ്വൈത തത്ത്വമനുസരിച്ച് ദേഹം മിഥ്യാബോധവും സകല ദേഹങ്ങളിലും ചൈതന്യമായി വര്‍ത്തിക്കുന്ന ദേഹി പരമാത്മാവ് തന്നെയും ആണല്ലോ. അതിനാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ശങ്കരാചാര്യര്‍ക്ക് പറ്റുമായിരുന്നില്ല. ഒരുപക്ഷേ ഇത് ചരിത്രത്തില്‍ സംഭവിച്ചതാവാം. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം എന്ന സ്ഥലത്ത് നിലനില്‍ക്കുന്ന ഒരു ഐതിഹ്യമനുസരിച്ച് അലങ്കാരന്‍ എന്ന പുലയനാണ് ആചാര്യരോട് ഇപ്രകാരം ചോദിച്ചത്. അങ്ങനെയെങ്കില്‍ ശൂദ്രരെയും അവര്‍ണരെയും സ്വാഭിമാനത്തിലേക്കുയര്‍ത്തിയ ബുദ്ധമത സ്വാധീനമാവാം ഈ 'അഹങ്കാരം' പ്രവര്‍ത്തിക്കാനുള്ള തന്റേടം ചണ്ടാലന് നല്‍കിയത്. മറുത്തൊന്നും മൊഴിയാനാവാതെ നിസ്സഹായനായിപ്പോയ ആചാര്യരെ രക്ഷിക്കാന്‍ വേണ്ടിയാവണം, പിന്നീട് കഥകളില്‍ ഈ ചണ്ഡാലന്‍ ശങ്കരനെ പരീക്ഷിക്കാന്‍ വന്ന പരമശിവനായി മാറിയത്. എന്നിട്ടോ, ആ 'പരീക്ഷണ'ത്തില്‍ വിജയിക്കാന്‍ ആചാര്യര്‍ക്ക് കഴിഞ്ഞില്ലെന്നു വേണം അനുമാനിക്കാന്‍. എന്തെന്നാല്‍ ശങ്കരന്‍ അതിനു ശേഷവും, നാരായണഗുരുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ജാതി സ്ഥാപിക്കാന്‍ വേണ്ടി ബുദ്ധി കൊണ്ട് പറന്നുകൊണ്ടേയിരുന്നു. 
ജാതീയതയെയും സവര്‍ണാധിപത്യത്തെയും പ്രതിരോധിക്കുക എന്നതിനപ്പുറം അവയെ കടന്നാക്രമിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് ശ്രീനാരായണ ഗുരു സ്വീകരിച്ചത്. അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ ആക്രമണത്തിന് തുടക്കം കുറിച്ചത്. സവര്‍ണര്‍ സ്വന്തമാക്കിവെച്ചിരുന്ന അധികാരത്തെ കവര്‍ന്നെടുക്കുകയാണ് ഇതിലൂടെ ഗുരു ചെയ്തത്. ഇത് ജാതിമേല്‍ക്കോയ്മയെ അങ്ങേയറ്റം അസ്വസ്ഥരും പ്രകോപിതരുമാക്കി. അവരോട് അദ്ദേഹം പറഞ്ഞ മറുപടിയാകട്ടെ, താന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നും. ഇതിലൂടെ ദൈവത്തെത്തന്നെ ഈഴവന്‍ (അവര്‍ണന്‍) ആയി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. 
ക്ഷേത്രോപാസനയും വിഗ്രഹപ്രതിഷ്ഠയുമൊക്കെ സാമൂഹിക നവോത്ഥാനത്തിന്റെ കരുക്കളായി സ്വീകരിച്ചിരുന്ന ഗുരു, പക്ഷേ ഇത്തരം ഉപാസനാരീതികളെ ഉത്തമമായി കണ്ടതൊന്നുമില്ല. അദ്ദേഹം പ്രതിഷ്ഠകള്‍ നടത്തുകയല്ലാതെ, ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നില്ലത്രെ. കലാപമായിരുന്നു അദ്ദേഹത്തിന് ഓരോ പ്രതിഷ്ഠയും. 1888-ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയാണ് അദ്ദേഹം 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന് പ്രഖ്യാപിച്ചത്. ശിവഗിരി ശാരദാ പ്രതിഷ്ഠ ഉള്‍പ്പെടെ നിരവധി പ്രതിഷ്ഠകള്‍ക്കിടയില്‍ മുരുക്കുംപുഴയില്‍ നിര്‍മിച്ചിരുന്ന കാലകണ്‌ഠേശ്വര ക്ഷേത്രത്തില്‍, പിന്നീട് 1921-ല്‍ അദ്ദേഹം വാക്കുകള്‍ (സത്യം, ധര്‍മം, സ്‌നേഹം, ദയ) പ്രതിഷ്ഠിച്ചു. അതുപോലെ കളവംകോടത്തെ ദേവീക്ഷേത്രത്തില്‍ 1927-ല്‍ ഓംകാരം ആലേഖനം ചെയ്ത കണ്ണാടിയും. ഇതിനിടയില്‍ 1914-ല്‍തന്നെ ആലുവയില്‍ അദ്വൈതാശ്രമവും സ്ഥാപിച്ചു. 
'നാണൂ, നീ അകംപൊരുളാണോ പുറംപൊരുളാണോ തേടുന്നത്' എന്ന്, നാടൊട്ടുക്കും അദ്ദേഹം നടത്തിയ ക്ഷേത്രപ്രതിഷ്ഠകളെ ഉദ്ദേശിച്ച് അയ്യാ സ്വാമികള്‍ ചോദിച്ചതായി ഒരു കഥയുണ്ട്. താന്‍ തേടുന്നത് അകംപോരുള്‍ തന്നെയാണെന്നും പ്രതിഷ്ഠ താന്‍ നിര്‍വഹിക്കുന്നത് സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായാണെന്നും ശ്രീനാരായണന്‍ വിശദീകരിക്കുകയും ചെയ്തത്രെ. സംഭവം ഉള്ളതായാലും ഇല്ലാത്തതായാലും ഇപ്പറഞ്ഞതിനെ സാധൂകരിക്കുന്നുണ്ട്, ആദ്യകാലത്ത് വിഗ്രഹപ്രതിഷ്ഠകള്‍ നടത്തിയ ഗുരു പില്‍ക്കാലത്ത് അക്ഷരങ്ങളെയും ദീപത്തെയും കണ്ണാടിയെയുമൊക്കെ പ്രതിഷ്ഠിച്ച നടപടി. 
അതേസമയം ഇത്തരം പ്രതിഷ്ഠകളിലൂടെ ഉയര്‍ച്ച കൈവരിച്ച ഈഴവ സമുദായം തങ്ങളുടെ ക്ഷേത്രങ്ങളില്‍ പുലയര്‍ക്ക് പ്രവേശനം അനുവദിക്കാത്ത കാഴ്ച അവസാനകാലത്ത് ഗുരുവിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു (തമിഴ്‌നാട്ടില്‍ നമ്മാള്‍വാരുടെ സമുദായമായ വെള്ളാളര്‍ എന്ന ശൂദ്ര സമുദായത്തെ ജാതിവിവേചനത്തിനെതിരായ സമരത്തിന്റെ ഭാഗമായി രാമാനുജാചാര്യര്‍ ഉപനയനം ചെയ്ത് ബ്രാഹ്മണരാക്കിയ ഒരു കഥയുണ്ട്. അവര്‍ പക്ഷേ പിന്നീട് തമിഴ്‌നാട്ടിലെ ജാതിശ്രേണിയിലെ ഏറ്റവും ഉയര്‍ന്നവരും ആഢ്യരുമായി മാറി, അയ്യങ്കാര്‍ എന്ന പേരില്‍). 
ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം: 
1) ജാതി ഉണ്ടെന്ന് പോലും വിശ്വസിക്കരുത്. സ്വാര്‍ഥന്മാരായ സവര്‍ണരുടെ കെട്ടുകഥ മാത്രമാണ് മേല്‍ജാതിയും കീഴ്ജാതിയും. താന്‍ മേല്‍ജാതിയാണെന്ന് കരുതുന്നവന്‍ അഹങ്കാരം കൊണ്ട് പിശാചായി മാറും. താന്‍ കീഴ്ജാതിയാണെന്ന് കരുതുന്നവന്‍ സ്വന്തം സ്വാതന്ത്ര്യത്തെയും സ്വഛന്ദതയെയും തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിക്കും. അതിനാല്‍ ജാതി ഇല്ലെന്നു തന്നെ കരുതണം. 
2) മനുഷ്യരെല്ലാവരും വിദ്യാഭ്യാസം വര്‍ധിപ്പിക്കണം. 
3) മതദ്വേഷങ്ങളും മതപരമായ മൂഢവിശ്വാസങ്ങളും ദുര്‍ദേവതകളുടെ ഉപാസനകളും ഉപേക്ഷിക്കണം. 
4) വ്യവസായവും സാധുക്കള്‍ക്കുള്ള തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കണം. 
5) വലിയ ലാഭമുണ്ടായാല്‍പോലും പാപകരമായ തൊഴിലുകളൊന്നും ചെയ്യരുത്. 
6) മദ്യം ഉണ്ടാക്കരുത്, കുടിക്കരുത്, വില്‍ക്കരുത്. 
7) പ്രാണിഹിംസ പാടേ ഉപേക്ഷിക്കണം. ജന്തുക്കളെ ബലിയര്‍പ്പിക്കുന്ന ക്ഷേത്രങ്ങളില്‍ പോകരുത്, അവിടെ തൊഴരുത്. 
ഡോ. പല്‍പ്പുവിന്റെ നിര്‍ദേശപ്രകാരം 'ശ്രീനാരായണ ധര്‍മ പരിപാലന യോഗം' രൂപീകരിച്ചെങ്കിലും ജാതിബോധമുള്ള മറ്റൊരു സമുദായമായി ഈഴവര്‍ മാറുന്നതുള്‍പ്പെടെ, തന്റെ ഉപദേശങ്ങള്‍ക്ക് വിരുദ്ധമായ പല പ്രവണതകളും ഉണ്ടായതില്‍ മനം നൊന്ത് ഗുരു യോഗത്തില്‍നിന്ന് രാജിവെച്ചു. 'യോഗത്തിന്റെ നിശ്ചയങ്ങള്‍ പലതും നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മുടെ കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുമ്പേ തന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതു പോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും നാം യോഗത്തെ ഉപേക്ഷിച്ചിരിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ രാജിക്കത്ത്. 

ചരിത്രത്തിലേക്കോടിക്കയറിയ വില്ലുവണ്ടി 

പുലയര്‍, പറയര്‍ എന്നീ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു മേല്‍ ചുമത്തപ്പെട്ടിരുന്ന ജാതീയവും തൊഴില്‍പരവുമായ പീഡനങ്ങളാണ് അയ്യന്‍കാളി എന്ന വിപ്ലവകാരിയായ പരിഷ്‌കര്‍ത്താവിനെ സൃഷ്ടിച്ചത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ഒരു പുലയ സമുദായത്തിലാണ് അയ്യന്‍കാളി ജനിച്ചത്. 
കേരളത്തില്‍ തീര്‍ത്തും അധഃസ്ഥിതരായ, പുറംജാതി എന്ന് തള്ളപ്പെട്ടിരുന്നവരുടെ ഇടയില്‍നിന്ന് തന്നെ ഉയര്‍ന്നുവന്ന ആദ്യസ്വരമാണ് അയ്യന്‍കാളി. ജാതിബോധത്തിന് വിധേയപ്പെട്ടിരുന്ന സ്വന്തം സമുദായം തന്നെ അദ്ദേഹത്തെ എതിര്‍ത്തു. എന്നാല്‍ അദ്ദേഹം പ്രത്യക്ഷയുദ്ധത്തിനു തന്നെ രംഗത്തിറങ്ങി. അതിനായി 'സാധുജനപരിപാലന യോഗം' രൂപീകരിച്ചു. ചെറുപ്പക്കാരെ സംഘടിപ്പിക്കുകയും ജന്മിമാരുടെ കായികമിടുക്കിനെ നേരിടാന്‍ അവരെ അടിതടകള്‍ പരിശീലിപ്പിക്കുകയും ചെയ്തു. അയ്യന്‍കാളിയുടെ സ്വാധീനമേഖലകളിലെല്ലാം അദ്ദേഹത്തിന്റെ സേനയും ജന്മിമാരുടെ മാടമ്പികളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. 
തിരുവിതാംകൂറില്‍ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം നയിച്ചത് അയ്യന്‍കാളിയാണ്. അധഃസ്ഥിതര്‍ക്കും വിദ്യാഭ്യാസത്തിന് അവസരം നല്‍കുക എന്നതായിരുന്നു പ്രധാന ആവശ്യം. പാടങ്ങള്‍ തരിശിടലുള്‍പ്പെടെ പല പീഡനമുറകളും സമരത്തിനെതിരെ ജന്മിമാര്‍ കൈക്കൊണ്ടെങ്കിലും തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഒരു പരിധി വരെയെങ്കിലും അംഗീകരിച്ചുകൊണ്ടാണ് 1905-ല്‍ ഈ സമരം ഒത്തുതീര്‍പ്പായത്. 
അയ്യന്‍കാളിയുടെ ചരിത്രത്തിലെ ഏറ്റവം പ്രധാനപ്പെട്ട അധ്യായമാണ് വില്ലുവണ്ടി സമരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് തിരുവിതാംകൂറില്‍ റോഡുകള്‍ വരുന്നത്. രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടുതരം റോഡുകളാണ് ഉണ്ടായിരുന്നത്. 1886-ല്‍ എല്ലാ ജാതിമതസ്ഥര്‍ക്കും രാജവീഥി ഉപയോഗിക്കാം എന്ന പ്രഖ്യാപനമുണ്ടായെങ്കിലും സവര്‍ണ ജന്മിമാര്‍ സമ്മതിച്ചില്ല. പുലയന്‍ എന്ന നിലക്ക് ചെറുപ്പം തൊട്ടേ നേരിടേണ്ടി വന്ന സഞ്ചാരസ്വാതന്ത്ര്യനിഷേധത്തോട് കടുത്ത അമര്‍ഷം വെച്ചുപുലര്‍ത്തിയിരുന്ന അയ്യന്‍കാളി ഒരു കാളവണ്ടി വാങ്ങി, ജന്മിമാരുടെ വില്ലുവണ്ടി പോലെ അതണിയിച്ചൊരുക്കി, മുണ്ടും വെളുത്ത ബനിയനും മേല്‍മുണ്ടും വലിയ തലപ്പാവും ധരിച്ച് രാജവീഥിയിലൂടെ സഞ്ചരിക്കുകയും എതിര്‍ക്കാന്‍ വന്ന മാടമ്പിമാരെ കത്തി വീശി വിരട്ടിയോടിച്ച് ജന്മിമാരെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് യാത്ര തുടരുകയും ചെയ്തു. 
സവര്‍ണരുടെ മതാധികാരത്തെ നിഷേധിക്കുകയാണ് വൈകുണ്ഠ സ്വാമിയും അയ്യാ സ്വാമികളും ചട്ടമ്പി സ്വാമികളുമൊക്കെ ചെയ്തതെങ്കില്‍ ആ അധികാരത്തെ അവരില്‍നിന്നും കടന്നെടുക്കുകയായിരുന്നു ശ്രീനാരായണ ഗുരു. അയ്യന്‍കാളിയാകട്ടെ, സവര്‍ണാധികാരങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. ആവേശഭരിതരായ പുലയരും പറയരും മറ്റ് പുറംജാതിക്കാരും അദ്ദേഹത്തെ അയ്യന്‍കാളി യജമാനന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. 
ഈ സംബോധനയെ അദ്ദേഹം തടഞ്ഞില്ല. എന്തെന്നാല്‍ സവര്‍ണര്‍ കുത്തകയാക്കി വെച്ചിരുന്ന സംബോധനകളിലൊന്നായിരുന്നു അത്. ഭാഷയിലും പദങ്ങളിലുമുണ്ടല്ലോ അധികാരവും രാഷ്ട്രീയവുമൊക്കെ. പ്രത്യേകിച്ചും മലയാളത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് ഒട്ടേറെ സവര്‍ണ, ഫ്യൂഡല്‍ പദപ്രയോഗങ്ങള്‍. സാധാരണക്കാര്‍ 'പ്രസവിക്കുമ്പോള്‍', ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരമൊന്നുമില്ലെങ്കിലും പഴയ രാജാക്കന്മാരുടെ തലമുറകളില്‍പ്പെട്ട പെണ്ണുങ്ങള്‍ ഇന്നും 'തിരുവയറൊഴിയാറേ'യുള്ളൂ. ഇന്നത്തെ മാധ്യമങ്ങള്‍ക്കു പോലും രാജകുടുംബക്കാര്‍ മരിക്കാറില്ല, തീപ്പെടാറും കാലം ചെയ്യാറുമേയുള്ളൂ. അമൃതേത്തും പള്ളിനീരാട്ടുമൊക്കെ വാര്‍ത്തകളല്ലാത്തതുകൊണ്ടു മാത്രമാണ് ദൈനംദിന വാര്‍ത്തകളില്‍ നാം കേള്‍ക്കാത്തത്. 
പുറംജാതിക്കാരനായ ഒരാള്‍ സവര്‍ണര്‍ക്ക് തുല്യമായ പദങ്ങളില്‍ സംബോധന ചെയ്യപ്പെടുക എന്നത് ജാത്യധികാരത്തിന്റെ കൊത്തളങ്ങളില്‍ ഇടിത്തീ വീഴ്ത്തുന്ന സംഭവം തന്നെയായിരുന്നു. യജമാനന്‍ എന്ന് പുലയരും പറയരും വിളിച്ചപ്പോള്‍ അയ്യന്‍കാളി അത് തടയാതിരുന്നതിന്റെ കാരണവും അതു തന്നെ. 
വില്ലുവണ്ടി സമരം പോലെ പ്രസിദ്ധമായ മറ്റൊരു സമരമാണ് കല്ലുമാല സമരം. പുലയ, പറയ സമുദായങ്ങളിലെ സ്ത്രീകള്‍ കല്ലുമാലയും കാതില്‍ ഇരുമ്പു വളയങ്ങളും ധരിക്കണമെന്നാണ് ജാതിശാസനം. അവര്‍ക്ക് മാറ് മറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നുമില്ല. കൊല്ലത്തെ പീരങ്കി മൈതാനത്ത് സമ്മേളനം വിളിച്ചുകൂട്ടിയ അയ്യന്‍കാളി കല്ലുമാലകള്‍ അറുത്തെറിയാനും ശരീരത്തില്‍ മുലക്കച്ച ധരിക്കാനും ആഹ്വാനം ചെയ്തു. ആവേശഭരിതരായ സ്ത്രീകള്‍ അത് കേട്ട ഉടനെ അവരുടെ കല്ലുമാലകള്‍ വലിച്ചെറിഞ്ഞതാണ് ചരിത്രം. 

നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ച 

നവോത്ഥാന സംരംഭങ്ങളുടെയും ജാതിവിരുദ്ധസമരങ്ങളുടെയുമൊക്കെ ശക്തമായ പാരമ്പര്യത്തെ ഇന്ത്യയില്‍ പലേടത്തും ഇന്ന് കവര്‍ന്നെടുത്തത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് എന്നതാണ് സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ വൈരുധ്യവും ദുരന്തവും. ഏറ്റവും ശക്തമായ പോരാട്ടങ്ങള്‍ അരങ്ങേറിയ മഹാരാഷ്ട്ര പോലും ഇതിനുള്ള തെളിഞ്ഞ ഉദാഹരണമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അധിനിവേശത്തെ ഇത്രയും കാലം വലിയൊരു പരിധിവരെയെങ്കിലും അതിജയിച്ച സംസ്ഥാനമാണ് പക്ഷേ കേരളം. ഈ യാഥാര്‍ഥ്യത്തിന്റെ വിശകലനത്തില്‍ നാം ചെന്നെത്തുന്ന ചില നിഗമനങ്ങളുണ്ട്. 
ജാതിബോധത്തെയും മതദ്വേഷത്തെയും നിര്‍മാര്‍ജനം ചെയ്യുന്നതില്‍ ശ്രീനാരായണ ഗുരു ഉള്‍പ്പെടെ കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തകരുടെ രീതിശാസ്ത്രം താരതമ്യേന കൂടുതല്‍ ഫലവത്തായിരുന്നു എന്നതാണത്. ജാതിഭേദത്തിന്റെ കാര്യത്തില്‍ അത്രത്തോളം ആശാവഹമായ അവസ്ഥയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ (താരതമ്യത്തില്‍ മാത്രം) അല്‍പം (മാത്രം) മെച്ചം കണ്ടെത്താന്‍ പറ്റും. മതദ്വേഷവും സ്പര്‍ധയുമാകട്ടെ, ഈ താരതമ്യത്തില്‍ കേരളത്തില്‍ തീരെ കുറവാണെന്ന് മാത്രമല്ല, വിവിധ മതങ്ങള്‍ തമ്മില്‍ ഉപരിപ്ലവമായെങ്കിലും അല്‍പസ്വല്‍പം ബഹുമാനവും കൂടി ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്വതന്ത്രമായ ചിന്ത, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിലൊന്നും യാതൊരു സഹിഷ്ണുതയും ഇപ്പോഴും ഇല്ലെങ്കിലും. 
ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട എല്ലാ സങ്കല്‍പങ്ങളെയും നിരാകരിക്കുമ്പോഴും ബ്രാഹ്മണന്‍ എന്ന സ്വത്വത്തെ ശ്രീനാരായണ ഗുരുവോ ചട്ടമ്പി സ്വാമികളോ ഒന്നും അകറ്റിനിര്‍ത്തിയിരുന്നില്ല. അത്തരത്തില്‍ ഒരു എക്‌സ്‌ക്ലൂഷന്‍ ജാതിവിവേചനത്തിന്റെ എല്ലാ കെടുതികളും അതിന്റെ തീവ്രതയില്‍തന്നെ അനുഭവിച്ചുകൊണ്ടിരുന്ന സമുദായത്തില്‍ പിറന്ന കലാപകാരിയായിരുന്നിട്ടും അയ്യന്‍കാളിയും കൈക്കൊണ്ടില്ല. 
പ്രത്യേകിച്ചൊരു മതവുമില്ല നമുക്ക് എന്ന് പ്രഖ്യാപിക്കുമ്പോഴും മതം എന്ന യാഥാര്‍ഥ്യത്തെ വിമര്‍ശിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല ഇവരാരും. ഹിന്ദു മതത്തോടുള്ള നിലപാടും അതു തന്നെയായിരുന്നു. സംജ്ഞകളെയല്ല, മറിച്ച് സങ്കല്‍പങ്ങളെയാണ് ഗുരു അപനിര്‍മിച്ചത്. ബ്രാഹ്മണന്‍ ഉള്‍പ്പെടെയുള്ള സങ്കല്‍പങ്ങളുടെ കാര്യത്തില്‍ ബുദ്ധന്‍ സ്വീകരിച്ചതും ഇതേ നിലപാടായിരുന്നല്ലോ. ഹിന്ദുമതത്തെ നിഷേധിക്കാതെ തന്നെ ബ്രാഹ്മണന്‍ കൈവശം വെച്ചുപോന്നിരുന്ന അവകാശങ്ങളെയെല്ലാം ഈഴവനായ ഗുരു കവര്‍ന്നെടുത്തു. അതേസമയം ശ്രേണിയെ തലതിരിച്ചിട്ടാല്‍ ജാതീയത അവസാനിക്കും എന്ന വിചാരം പുലര്‍ത്തിയതുമില്ല. 
ഈഴവശിവന്‍ എന്ന പ്രഖ്യാപനത്തില്‍ ദൈവത്തെയും തങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്ന സ്വത്വധാര്‍ഷ്ട്യം ഉണ്ട്. ഒപ്പം തന്നെ മനുഷ്യന് ഒരേയൊരു ജാതിയേയുള്ളൂ എന്ന മുദ്രാവാക്യം സ്വത്വപരമായ സങ്കുചിതത്വങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. കേരളത്തില്‍ പൊതുസമൂഹത്തിന് ഗുരു സ്വീകാര്യനായിത്തീര്‍ന്നതും അതുകൊണ്ടു തന്നെയാണ്. 
രാഷ്ട്രീയമായി ഈ പ്രക്രിയയുടെ തുടര്‍ച്ചയെ ഹൈജാക്ക് ചെയ്യാന്‍ കേരളത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് സാധിച്ചില്ല; ആര്‍.എസ്.എസ്സിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നായിട്ടു പോലും. അതാകട്ടെ, കേരളത്തിന്റെ രാഷ്ട്രീയമായ സവിശേഷതകളുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ചും ശക്തമായ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ സാന്നിധ്യം. മാനസികമായി ഹിന്ദുത്വാനുകൂലമായ പശ്ചാത്തലം രൂപപ്പെട്ടുവരുന്നതിന്റെ അടയാളങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞിട്ടും, പല മേഖലകളിലും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞിട്ടും അതിനെയൊന്നും രാഷ്ട്രീയമായ മുന്നേറ്റമാക്കി മാറ്റാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്ന് കാണേണ്ടതാണ്. ഇത്തരം സമകാലിക യാഥാര്‍ഥ്യങ്ങളെ ചരിത്രത്തിലേക്ക് ചേര്‍ത്തു വായിക്കുമ്പോഴാണ് ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രത കൂടുതല്‍ വെളിവാകുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌