Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

പിറവത്തിനു ശേഷവും പ്രതിഛായ മങ്ങുക തന്നെയാണ്

പി.പി അബ്ദുര്‍റസ്സാഖ്

പിറവം ഉപതെരഞ്ഞടുപ്പിലെ അനൂപ് ജേക്കബിന്റെ വിജയം പ്രത്യക്ഷത്തില്‍ യു.ഡി.എഫിനു ആത്മവിശ്വാസം പകരുന്നതാണ്. അനൂപിന്റെ പിതാവ് ടി.എം ജേക്കബ് പിറവത്തുകാരനായിരുന്നു. മരണത്തില്‍ സഹതപിക്കുകയും എല്ലാം മറക്കുകയും ചെയ്യുന്ന ഒരുതരം വൈകാരികത ഇന്ത്യക്കാര്‍ പൊതുവെയും കേരളീയര്‍ വിശേഷിച്ചും പുലര്‍ത്തുന്നു. ഇത് നിസ്സാരമല്ലാത്ത അളവില്‍ ജനങ്ങളില്‍ അരാഷ്ട്രീയ വോട്ടായി മാറുന്നത് കൊണ്ടാണ് മരിച്ചുപോകുന്ന എം.എല്‍.എയുടെയും മന്ത്രിയുടെയും മക്കളെ ഇന്ത്യയിലുടനീളം മത്സരിപ്പിച്ചു ജയിപ്പിക്കുന്നതായി നാം കാണുന്നത്. അതേ തന്ത്രത്തിന്റെ ഭാഗമായിട്ടുകൂടിയാണ് അനൂപ് ജേക്കബിനെ തന്നെ യു.ഡി.എഫ് മത്സരിപ്പിച്ചതും ഡമ്മിയായി ടി.എം ജേക്കബിന്റെ ഭാര്യയെ നിര്‍ത്തിയതും.
ജയിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചതും അത് തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നു ഇലക്ഷന്‍ കമീഷന്‍ പ്രഖ്യാപിച്ചതും രണ്ടാമത്തെ ഘടകമായിരുന്നു. കേരളത്തിലെ ഓരോ മണ്ഡലത്തിലെയും ജനങ്ങളില്‍ ഒരു വിഭാഗം അവരുടെ മണ്ഡലത്തില്‍ നിന്ന് മന്ത്രിയുണ്ടാവണമെന്നു ആഗ്രഹിക്കുന്നവരും അങ്ങനെ മന്ത്രിയാകാന്‍ സാധ്യതയുള്ളവര്‍ക്ക് വോട്ടു ചെയ്യുന്നവരുമാണ്. ആ ഘടകം കൂടി കണക്കിലെടുത്താണ് യു.ഡി. എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. അതിനെ ഭയപ്പെട്ടതുകൊണ്ടാണ് എല്‍.ഡി.എഫ് ആവലാതിയുമായി തെരഞ്ഞടുപ്പ് കമീഷനെ സമീപിച്ചതും. തെരഞ്ഞടുപ്പ് കഴിയുന്നതിനു മുമ്പേ ഇത്തരം പ്രശ്‌നങ്ങളുമായി തെരഞ്ഞടുപ്പ് കമീഷനെ സമീപിച്ചത് എല്‍.ഡി.എഫിനു പറ്റിയ തന്ത്രപരമായ പാളിച്ചയായിരുന്നു. പെരിന്തല്‍മണ്ണക്കാര്‍ അലിക്ക് വോട്ടു ചെയ്യുമ്പോള്‍ അവര്‍ക്ക് അങ്ങനെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ് ഇപ്പോള്‍ അത് യു.ഡി.എഫില്‍ ലീഗിന്റെ അഞ്ചാം മന്ത്രി എന്ന പേരില്‍ ഒരു പ്രശ്‌നമായി പുകഞ്ഞു കൊണ്ടേയിരിക്കുന്നത്.
സാമുദായിക സംഘടനകള്‍ ഒന്നടങ്കം യു.ഡി. എഫിനൊപ്പമായിരുന്നു. എന്‍.എസ്.എസ്സും വെള്ളാപ്പള്ളി നടേശനും അത് കൃത്യമായും വ്യക്തമായും പറഞ്ഞിരുന്നു. അല്ലെങ്കിലും ഓടുന്ന നായക്ക് ഒരു മുഴം മുമ്പേ എറിയുന്ന സമുദായ സംഘടനകള്‍ പിറവത്ത് യു.ഡി.എഫിന്റെ വിജയം പ്രതീക്ഷിച്ചിരുന്നു. ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കത്തില്‍ യാക്കോബായക്ക് അനുകൂലമായി നിന്ന യു.ഡി.എഫ് അവരുടെ കൂടി പിന്തുണ ഉറപ്പിച്ചു. പിന്നെ കമ്യൂണിസ്റ്റ് യാക്കോബായേക്കാള്‍ കമ്യൂണിസ്റ്റ് ഇതര യാക്കോബായക്കാരനെ പിന്തുണക്കുന്ന സഭാ മനസ്സും യു.ഡി. എഫിനു അനുകൂലമായി. ഓര്‍ത്തഡോക്‌സുകാരാവട്ടെ, തങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രിയായിട്ടുള്ള ഒരു മന്ത്രിസഭ വീഴാന്‍ ഒരിക്കലും ആഗ്രഹിക്കില്ല എന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പാക്കുകയും ചെയ്തിരുന്നു. പിറവത്തെ മുസ്‌ലിം സാന്നിധ്യമാകട്ടെ അവഗണനീയവുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഉമ്മറപ്പടിക്കലില്‍ വെച്ച് നടന്ന സി.പി.ഐ-സി.പി.എം കാളപ്പോര് ഇടതുപക്ഷ മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്നതായി പൊതുജനങ്ങള്‍ക്ക് തോന്നിപ്പോയിരുന്നു. ശെല്‍വരാജിന്റെ രാജിയും തുടര്‍ന്ന് സിന്ധു ജോയിയെ കുറിച്ച് അച്യുതാനന്ദന്‍ നടത്തിയ അനുചിതവും അപക്വവുമായ പരാമര്‍ശങ്ങളും തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ മുഹൂര്‍ത്തത്തില്‍ യു.ഡി.എഫിനു പ്രചാരണപരമായ മേല്‍കൈയ്യും മനഃശാസ്ത്രപരമായ മുന്‍തൂക്കവും നല്‍കിയപ്പോള്‍, എല്‍.ഡി.എഫ് സ്വന്തം പോസ്റ്റില്‍ ഗോള്‍ അടിക്കുകയായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന അച്യുതാനന്ദന്‍ ഫാക്ടര്‍ അദ്ദേഹത്തിന്റെ തന്നെ അപക്വമായ പ്രസ്താവനകള്‍ കാരണമായും, പാര്‍ട്ടി തെരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ നടന്ന വിമര്‍ശനങ്ങളുടെയും യു.ഡി.എഫ് ഭരണകൂടം വളരെ സമര്‍ഥമായി അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ നടത്തിയ ഇടപെടലുകളുടെയും ഫലമായും പിറവത്തെ തെരഞ്ഞടുപ്പില്‍ നിഷേധ സ്വാധീനമാണ് ഉണ്ടാക്കിയിട്ടുണ്ടാവുക. പോളിംഗ് വര്‍ധിക്കുമ്പോള്‍ യു.ഡി.എഫിനു ഉണ്ടാകുന്ന സ്വാഭാവിക നേട്ടം ഇതിനു പുറമെയാണ്. എന്നിട്ടും 2011-ലേതിനേക്കാള്‍ എല്‍.ഡി.എഫിനു 4,340 വോട്ടുകള്‍ ഈ തെരഞ്ഞടുപ്പില്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫ് ഭരണത്തെ വിലയിരുത്തുന്നത് ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിഛായ പ്രതീതിയില്‍ നിന്നും വളരെ ഭിന്നമായാണെന്നാണ്. നിയമ വാഴ്ചയും സമഭാവനയും പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു ഭരണകൂടത്തിന്റെ കാര്യക്ഷമതയെ അളക്കാനുള്ള പരമ്പരാഗത മാപിനികളായി സ്വീകരിച്ചാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശരാശരിക്കും കീഴെയാണ് നിലകൊള്ളുന്നത്.
നിയമ വാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നേരെയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കഴിഞ്ഞ ഒമ്പതു മാസക്കാലത്തെ സമീപനം കൃത്യമായ ചില രൂപ മാതൃകകള്‍ നല്‍കുന്നുണ്ട്. ഈ രൂപ മാതൃകകളിലാവട്ടെ കേരള ജനതയെ അസ്വസ്ഥപ്പെടുത്തുന്ന അല്ലെങ്കില്‍ അസ്വസ്ഥപ്പെടുത്തേണ്ട ഒത്തിരി കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുമുണ്ട്.
ബാലകൃഷ്ണപ്പിള്ളയുടെ വിഷയത്തിലും തച്ചങ്കരി പ്രശ്‌നത്തിലും കാസര്‍കോട്ടെ വെടിവെപ്പ് അന്വേഷണത്തില്‍ നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഹനീഫയെ മാറ്റിയതിലും, കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ കോഴിക്കോട് ഉണ്ടായ വെടിവെപ്പിലെ മുഖ്യ കുറ്റാരോപിതന്‍ അസിസ്റ്റന്റ് പോലീസ് കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ സംരക്ഷിക്കുന്ന കാര്യത്തില്‍ സ്വീകരിച്ച സമീപനത്തിലും നാദാപുരത്തെയും മാറാട്ടെയും കൊലയുടെയും കലാപത്തിന്റെയും അന്വേഷണത്തില്‍നിന്ന് െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനെ മാറ്റുന്ന വിഷയത്തിലും നിയമവാഴ്ചയെ ഭരണകൂട താല്‍പര്യത്തിന്നു വേണ്ടി നോക്കുകുത്തിയാക്കി ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. മലബാര്‍ സിമന്റ് കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ജോണ്‍ മത്തായി, ബോര്‍ഡ് അംഗങ്ങളായിരുന്ന കൃഷ്ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവരെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ ഉത്തരവിട്ടതും, കേന്ദ്ര വനനിയമം ലംഘിച്ചുകൊണ്ടുള്ള മുത്തിക്കുളം സംരക്ഷിത വനത്തിലുള്‍പ്പെട്ട ശിരുവാണിയിലെ ജലവകുപ്പിന്റെ പ്രോജക്ട് ഹൗസ് നിര്‍മാണവും നിയമ വാഴ്ചയെ നോക്കുകൊത്തിയാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.
ഭരണമികവ് എന്നാല്‍ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിച്ചു ജനങ്ങളെ സുഖിപ്പിക്കലും നൂറു ദിന പരിപാടിയുടെ ഭാഗമായി തെക്കുവടക്ക് ഓടലും അല്ലെന്നു യു.ഡി.എഫ് സര്‍ക്കാര്‍ മനസ്സിലാക്കണം. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറായതുകൊണ്ട് കേരളത്തിന്റെ റെയില്‍ ഗതാഗത പ്രശ്‌നങ്ങളൊക്കെ ഈ വര്‍ഷത്തോട് കൂടി തീരുമെന്ന പ്രതീതി യു.ഡി.എഫ് മന്ത്രിമാര്‍ ദല്‍ഹിയില്‍ തമ്പടിച്ചു വാഗ്ദാനങ്ങളുടെ കുളിര്‍മഴ വര്‍ഷിച്ചപ്പോള്‍ സൃഷ്ടിച്ചിരുന്നു. റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും കേരളക്കാരന്റെ കഞ്ഞി ഇപ്പോഴും എപ്പോഴും കുമ്പിളില്‍ തന്നെ എന്ന് വീണ്ടും അടിവരയിട്ടു. കേന്ദ്രത്തില്‍നിന്ന് കേരളം അനുഭവിക്കുന്ന അവഗണനയുടെ ആഴവും തുടര്‍ച്ചയുമാണ് ഇത് കാണിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായതും ഇത് തന്നെയായിരുന്നു. വലിയ പ്രതീക്ഷകളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ദല്‍ഹിയില്‍ അതിനു പുല്ലു വില പോലും ഉണ്ടായിരുന്നില്ല. കാരണം, ദേശീയ പാര്‍ട്ടികളുടെ കളിയരങ്ങായ കേരളത്തേക്കാള്‍ കേന്ദ്രം ഭയപ്പെടുന്നത് പ്രാദേശിക പാര്‍ട്ടികളുടെ പറുദീസയായ തമിഴ്‌നാടിനെയാണ്. കേരളം ഫെഡറല്‍ ഘടനക്ക് ഭീഷണിയല്ലാത്തതിനാല്‍ അതിനോട് എന്ത് ചിറ്റമ്മ നയവും ആകാം. എന്നാല്‍, തമിഴ്‌നാടിന്റെ കഥ അതല്ലല്ലോ. കേന്ദ്രം ഇപ്പോള്‍ കേരളത്തോട് കാണിക്കുന്നതിലും എത്രയോ ലഘുവായ ചിറ്റമ്മനയം തന്നെ വിഘടനവാദം വരെ സൃഷ്ടിച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് അത്. പ്രത്യേക ഭാഷയും വ്യതിരിക്ത സംസ്‌കാരവും വ്യത്യസ്തമായ ഭൂ പ്രകൃതിയും ഭിന്നമായ ചരിത്രവുമുള്ള കേരളീയതയെ ഉള്ളടക്കമാക്കി ഒരു ശക്തമായ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി ഉണ്ടാവുന്നതുവരെ കേരളം ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും.
കേരള ബജറ്റ് പിറവത്തിനുശേഷം വരെ നീട്ടി വെച്ചത് തന്നെ പ്രാദേശികമായ അസന്തുലനത്തിനു പുറമേ വാറ്റിന്റെ വര്‍ധനവിലൂടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിലൂടെയുമൊക്കെ സാധാരണക്കാരെയും യുവാക്കളെയും ബാധിക്കുന്ന ഒത്തിരി പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ. എന്തുകൊണ്ടാണ് കര്‍ഷകരുടെ ആത്മഹത്യ യു.ഡി.എഫിന്റെ ഭരണം തുടങ്ങിയ ഉടനെ തന്നെ സമാരംഭിച്ചതെന്നു സര്‍ക്കാര്‍ പഠിക്കണം. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി സാധാരണക്കാരെ ബലി കൊടുക്കുമ്പോഴാണ് ഇതൊക്കെ സംഭവിക്കുക.
ജനങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന കളവ്, കൊല, അക്രമം, സ്ത്രീപീഡനം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് തീര്‍ച്ചയായും ഒരു മികച്ച ഭരണം നടക്കുമ്പോള്‍ ഉണ്ടാകാവതല്ല. ഒരേ സമയം ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്റെ കീഴിലെ പോലീസുകാരുടെ മേല്‍ പോലും നിയന്ത്രണം ഇല്ലാതിരിക്കുകയും, ഓടി നടന്നു തന്റെ കീഴിലെ ഉദ്യോഗസ്ഥരുടെയും വില്ലേജ് താലൂക്ക് ഓഫീസര്‍മാരുടെയും കൂടി ജോലി ഏറ്റെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി, മറ്റെന്തൊക്കെ പ്രത്യേകതകള്‍ അവകാശപ്പെട്ടാലും അത് ഭരണ പാടവത്തിന്റെയും നേതൃശേഷിയുടെയും ലക്ഷണമായി കാണാന്‍ കഴിയില്ല.
പ്രഖ്യാപനങ്ങള്‍ക്കല്ല വേഗത വേണ്ടത്, മറിച്ചു കര്‍മങ്ങള്‍ക്കാണ്. അതിവേഗതയില്‍ ചെയ്യാന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്ദേശിച്ച ഒരുകാര്യം, കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സിയെ ഒഴിവാക്കുക എന്നതായിരുന്നു. അതിന്റെ വഴിയില്‍ മീഡിയയുടെ വക കുറെ കുണ്ടും കുഴിയും സൃഷ്ടിക്കപ്പെട്ടത് കാരണം വണ്ടി വല്ലാതെ മുന്നോട്ടു പോവുകയുണ്ടായില്ല. ഈ വിഷയത്തില്‍ ആഗോള ടെണ്ടറിനു വേണ്ടിയുള്ള പുളി ഇനിയും തീര്‍ന്നിട്ടില്ലെന്നാണ് ചെലവ് വര്‍ധിപ്പിച്ചു കൊണ്ട് കേന്ദ്രത്തിനു സമര്‍പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം