Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

മസ്ജിദുകളിലെ മുസ്വല്ലകളിലേക്ക് വിശ്വാസികള്‍ തിരിച്ചു കയറട്ടെ

ടി.ഇ.എം റാഫി വടുതല

മസ്ജിദുകള്‍ അലമുറയിട്ടു കരയുന്നു
മഹാമാരി പടരുന്നു
സങ്കടമഖലിവും നാഥാ നിന്നിലര്‍പ്പിക്കുന്നു
ശോകം ദുഃഖസാന്ദ്രം
എവിടെ പ്രായാധിക്യം വന്ന വൃദ്ധന്മാര്‍?
എവിടെ ധീരയുവാക്കള്‍?
എവിടെ കുട്ടികളെ കൂട്ടി വന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍?
എവിടെ എന്റെ പ്രിയങ്കര സ്‌നേഹിതര്‍, ആത്മമിത്രങ്ങള്‍?
ഭക്തരുടെ സംഘത്തെ 
എനിക്ക് കാണാന്‍ കഴിയുന്നില്ലല്ലോ
മാനസം ദൈവസന്നിധിയില്‍ പാറിപ്പറന്ന,
ഉപാസക സംഘങ്ങളെവിടെ?
വിചാരണയോര്‍ത്ത് കരഞ്ഞ് 
കവിള്‍ നനഞ്ഞ വിശ്വാസികളെവിടെ?
ദിവ്യഗ്രന്ഥത്തിന്റെ പ്രോജ്ജ്വല പ്രകാശങ്ങള്‍...
ജുമുഅ ജമാഅത്തുകള്‍... എവിടെ?
ഖത്വീബില്ലാത്ത മിമ്പറുകള്‍... 
ഇമാമൊഴിഞ്ഞ മിഹ്‌റാബുകള്‍...
ഉത്തരം കിട്ടാന്‍ തുറന്നിട്ട പ്രാര്‍ഥനകളുടെ,
ആയിരമായിരം കവാടങ്ങള്‍...
പ്രഭാതം പൊട്ടിവിടര്‍ന്നു, ആരെയും കാണുന്നില്ലല്ലോ
നാഥാ, പരിഭവങ്ങളൊക്കെയും നിന്റെ സമക്ഷത്തിങ്കല്‍
മധ്യാഹ്ന നമസ്‌കാര സമയമെത്തി,
മസ്ജിദോ വിജനം.
നാഥാ, സങ്കടങ്ങളൊക്കെയും നിന്നിലര്‍പ്പിക്കുന്നു
സായാഹ്നമേ നീ വന്നണഞ്ഞില്ലായിരുന്നെങ്കില്‍
നാഥാ, ഇനി എത്ര നാളെന്റെ ഏകാന്ത മൗനരാഗം
പ്രദോഷമെത്തി, ഇരുള്‍ പരന്നു
എന്നിട്ടുമില്ലല്ലോ എന്റെ പ്രിയ സ്‌നേഹിതര്‍
നാഥാ നിന്നിലാണെന്റെ ശരണം, 
നിന്നില്‍ മാത്രമാണെന്റെ അഭയം.
എന്റെ പ്രതീക്ഷകള്‍ മരിച്ചിട്ടില്ല
വിശ്വാസിസമൂഹം വീണ്ടും മടങ്ങിയെത്തും
നാഥാ നീയാണെന്റെ ഏകാന്തതയിലെ കൂട്ട്
നാളെ എത്തുമെന്റെ പ്രിയപ്പെട്ടവര്‍ 
മടങ്ങിവരുമെന്റെ ആത്മമിത്രങ്ങള്‍.

ലോകം കോവിഡ് ഭീതിയില്‍ അകപ്പെട്ടു നില്‍ക്കെ പള്ളികളുടെ കവാടങ്ങള്‍ വിശ്വാസികള്‍ക്കു മുന്നില്‍ നീണ്ട നാളുകള്‍ കൊട്ടിയടക്കപ്പെട്ടപ്പോള്‍ ശൈഖ് മഹ്മൂദ് അല്‍ ഹസനാത്ത് തന്റെ എഫ്.ബി പേജിലെഴുതിയ അറബി കവിതയുടെ ആശയവിവര്‍ത്തനമാണ് മേലെ ഉദ്ധരിച്ചത്. 2019 നവംബറില്‍ െചെനയിലെ വുഹാനില്‍  തുടങ്ങി കാട്ടുതീ പോലെ പടര്‍ന്നുപിടിച്ച് ജനലക്ഷങ്ങളുടെ ജീവനെടുത്ത കോവിഡ് എന്ന മഹാമാരി. അത് കരയും കടലും ആകാശവും നിശ്ചലമാക്കി. ലോക ജനത ഏകാന്ത തുരുത്തുകളിലകപ്പെട്ടു. കുടുംബങ്ങള്‍ വീടകങ്ങളില്‍ ബന്ദികളാക്കപ്പെട്ടു. രോഗികള്‍ ഏകാന്ത ഭവനങ്ങളില്‍ അന്യവത്കരിക്കപ്പെട്ടു. ജനനിബിഡമായിരുന്ന ഇടങ്ങളൊക്കെയും നിശ്ചലമായി. മനുഷ്യസമൂഹത്തെ ആത്മീയ ലോകവുമായി ബന്ധിപ്പിച്ചിരുന്ന മസ്ജിദുകളും ആരാധനാലയങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അടച്ചുപൂട്ടി. മതത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടും കര്‍മശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍  മാനിച്ചും മഹാമാരിയുടെ വ്യാപ്തി ഉള്‍ക്കൊണ്ടും വിശ്വാസികള്‍ നമസ്‌കാരാദി അനുഷ്ഠാന കര്‍മങ്ങള്‍ വീടുകളില്‍ തന്നെ നിര്‍വഹിച്ചു. റമദാന്റെ ദിനരാത്രങ്ങളില്‍ പോലും മസ്ജിദുകള്‍ നിശ്ചലമായി. ഹജ്ജ് മാസങ്ങളില്‍ ജനലക്ഷങ്ങള്‍ പ്രവഹിക്കുന്ന മക്കാ ഹറം ലക്ഷങ്ങളില്‍നിന്ന് ആയിരത്തിലൊതുങ്ങി. കൊറോണാ കാലത്തെ അടച്ചുപൂട്ടലുകള്‍, കണ്ടുപരിചയിച്ച അനുഷ്ഠാന ശീലങ്ങള്‍ക്കപ്പുറം പുതിയ കര്‍മശാസ്ത്ര വഴികള്‍ രൂപപ്പെടുത്തി. പുറം ലോകത്തേക്കുള്ള സഞ്ചാര കവാടങ്ങള്‍ അടഞ്ഞപ്പോള്‍ കാലങ്ങളായി ആരൊക്കെയോ തുറക്കരുതെന്ന് ശഠിച്ച ഇജ്തിഹാദിന്റെ കവാടങ്ങളെ കോവിഡ് മലര്‍ക്കെ തുറപ്പിച്ചു.
ഭീതിജനകമായ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ഉണ്ടാകുന്ന അനിവാര്യമായ വിലക്കുകള്‍  ദൈവവിധിയെന്ന് സമാധാനിക്കുമ്പോഴും അടഞ്ഞുകിടക്കുന്ന പള്ളികളെ പ്രതി വിശ്വാസികളുടെ ഹൃദയവികാരം മനസ്സിനെ അലട്ടിയിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ആവേശത്തോടെ എത്താറുള്ള റമദാന്‍ രാവുകളില്‍ പോലും പള്ളികള്‍ അടഞ്ഞുകിടന്നത് പള്ളി മിനാരങ്ങളുടെ നേത്രങ്ങളെ മാത്രമല്ല,  വിശ്വാസികളുടെ കണ്ണുകളെയും ഈറനണിയിച്ചിരുന്നു. തറാവീഹും ഇഅ്തികാഫും ഇഫ്ത്വാറുകളും സന്തോഷപ്പെരുന്നാളിന്റെ തക്ബീറുകളും മൗനനൊമ്പരങ്ങളായി. ശരീരം വീടകങ്ങളിലെ മുസ്വല്ലകളില്‍ സുജൂദില്‍ വീണപ്പോള്‍ ആത്മാവ് ആകാശാരോഹണം നടത്തി മസ്ജിദുകളുടെ കവാടങ്ങള്‍ തുറക്കാന്‍ നാഥനോട് താണുകേണു പ്രാര്‍ഥിക്കുകയായിരുന്നു.  കാരണം അടഞ്ഞുപോയത് മസ്ജിദുകളുടെ വാതിലുകള്‍ മാത്രമല്ല, മസ്ജിദുകളില്‍നിന്ന് ലഭിക്കുന്ന ആത്മീയാനുഭൂതിയും ജമാഅത്ത് നമസ്‌കാരത്തിലൂടെ ലഭിക്കുന്ന സാമൂഹിക ബന്ധങ്ങളും ഇഅ്തികാഫിലൂടെ ആര്‍ജിക്കുന്ന ഏകാന്ത ഭക്തിസാന്ദ്രതയുമൊക്കെയായിരുന്നല്ലോ. ആളൊഴിഞ്ഞ മസ്ജിദുകളുടെ മിനാരങ്ങള്‍ക്കു മീതെ ദുഃഖത്തിന്റെ കാര്‍മുകിലുകള്‍ നിഴല്‍ വിരിച്ചു നിന്നു. ആളൊഴിഞ്ഞ മുസ്വല്ലകള്‍  പ്രിയപ്പെട്ട ഭക്തരെ കാണാന്‍  ഖല്‍ബ് നിറയെ പ്രതീക്ഷകളുമായി കാത്തിരുന്നു.
ദൈവാനുഗ്രഹത്താല്‍ ലോകം സാധാരണനിലയിലേക്ക് മെല്ലെമെല്ലെ വന്നുകൊണ്ടിരിക്കുന്നു. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ സംബന്ധിച്ച ആശങ്കകള്‍ ഒരു ഭാഗത്തുണ്ട്. അപ്പോഴും തെരുവുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. നഗരങ്ങള്‍ ജനനിബിഡമാകുന്നു. ഷോപ്പിംഗ് മാളുകള്‍ രാപ്പകലുകള്‍ ഭേദമില്ലാതെ നിറഞ്ഞൊഴുകുന്നു. വിവാഹവേദികളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശകരെക്കൊണ്ട് നിറയുന്നു. തെരഞ്ഞെടുപ്പ് ജയഘോഷങ്ങളും സത്യപ്രതിജ്ഞാ മാമാങ്കങ്ങളും വെടിക്കെട്ടുത്സവം നടത്തുന്നു. സാമൂഹിക അകലങ്ങളും വായ്മൂടി കെട്ടിയ മാസ്‌കിന്റെ മൗനങ്ങളും സാനിറ്റൈസറിന്റെ ആള്‍ക്കഹോള്‍ വാസനകളും അപ്രത്യക്ഷമാകുന്നു. കൊറോണയുടെ പേരില്‍ ആദ്യം അടച്ചതും അവസാനം തുറന്നതും ആരാധനാകേന്ദ്രങ്ങള്‍. അവസാനം അടച്ചതും ആദ്യം തുറന്നതും മദ്യശാലകള്‍. കൊറോണക്ക് ആരാധനാലയങ്ങളോട് അനുരാഗാത്മകമായ ഭ്രമമുള്ളതുപോലെയായിരുന്നു അധികാരികളുടെയും നിലപാടുകള്‍. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിന് മുന്നിലെ നീണ്ട നിരകളേക്കാളും ജനം തിക്കിത്തിരക്കുന്ന അങ്ങാടികളേക്കാളും സുരക്ഷിതത്വം മുമ്മൂന്ന് പ്രാവശ്യം അംഗശുദ്ധി വരുത്തി കൃത്യമായ അകലം പാലിച്ചു നില്‍ക്കുന്ന പള്ളിയിലെ നമസ്‌കാര വരികള്‍ക്കാണെന്നത് പച്ചപ്പരമാര്‍ഥം.
ഇസ്‌ലാമിക സമൂഹത്തില്‍ ഹൃദയസ്ഥാനമാണ് പള്ളികള്‍ക്കുള്ളത്. ആദര്‍ശപ്രവാഹത്തിന്റെ രക്തചംക്രമണ വ്യവസ്ഥയാണ് അത് ദിനേന നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ആത്മീയ ലക്ഷ്യങ്ങളുള്ളതു പോലെ സാമൂഹിക ദൗത്യത്തിന്റെ സിരാ കേന്ദ്രവും മസ്ജിദുകള്‍ തന്നെ. ശാരീരിക ബന്ധത്തേക്കാള്‍ ഹൃദയബന്ധമാണ് വിശ്വാസികള്‍ക്ക് അതിനോടുള്ളത്. അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാതിരിക്കുന്ന മഹ്ശറിലെ വിചാരണാ വേളയില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗത്തില്‍ ഒരു കൂട്ടര്‍ പള്ളികളുമായി ഹൃദയബന്ധമുള്ളവരാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. വാനഭുവനങ്ങളുടെ പ്രകാശമാണ് അല്ലാഹു (അന്നൂര്‍ 35). ആ പ്രകാശത്തിന്റെ പ്രസരണ കേന്ദ്രങ്ങളാണ് പള്ളികള്‍. തമോമയമായ മനുഷ്യജീവിതത്തില്‍ വിളക്കും വെളിച്ചവുമാകുന്ന സന്മാര്‍ഗത്തിന്റെ പ്രഭവകേന്ദ്രം കൂടിയാണത്. അവിടെനിന്നാണ് പ്രഭാതത്തിലും പ്രദോഷത്തിലും അല്ലാഹുവിനെ വാഴ്ത്തുന്ന ഭക്തന്മാര്‍ പിറവി കൊള്ളുന്നത്. കച്ചവടത്തിന്റെ തിരക്കുകളും ആരവങ്ങളും ദൈവസ്മരണക്ക് തടസ്സമാകാത്തവര്‍. നമസ്‌കാരം സമയബന്ധിതമായി നിര്‍വഹിക്കുകയും സകാത്ത് സാമൂഹിക പുരോഗതിക്കായി നീക്കിവെക്കുകയും ചെയ്യുന്നവര്‍. അതിഭീകരമായ പരലോക വിചാരണയെ ഭയപ്പെട്ട് അവര്‍  ജീവിതം ചിട്ടപ്പെടുത്തിയെടുക്കുന്നതും ആ മസ്ജിദുകളില്‍നിന്നുതന്നെ.
''ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു. കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനു തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളം തെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍'' (അന്നൂര്‍ 36,37).
മസ്ജിദുമായുള്ള വിശ്വാസിയുടെ ഹൃദയബന്ധത്തെ ഇമാം ഇബ്‌നുഹജര്‍ പള്ളിയില്‍ തൂക്കിയ റാന്തല്‍ വിളക്കിനോടാണ് ഉപമിച്ചത്. ഇമാം മുബാറക്പൂരി, പള്ളിയുമായുള്ള വിശ്വാസിയുടെയും കപട വിശ്വാസിയുടെയും ഹൃദയസമീപനത്തെ വര്‍ണിക്കുന്നുണ്ട്. ജലാശയത്തില്‍  ജീവിക്കുന്ന മത്സ്യത്തിന്റെ ആനന്ദവും സന്തോഷവും വിശ്വാസിക്കുണ്ടാകും. എന്നാല്‍ കൂട്ടിലകപ്പെട്ട പക്ഷിയുടെ അസ്വസ്ഥത കപടവിശ്വാസി പ്രകടിപ്പിച്ചുകൊണ്ടിരിക്കും. നമസ്‌കാരാനന്തരം വിശ്വാസി പള്ളിവിട്ട് അല്ലാഹുവിന്റെ അനുഗ്രഹം തേടി പോകുമ്പോഴും തന്റെ ഹൃദയം പള്ളി മിനാരത്തില്‍നിന്നുയരുന്ന ബാങ്കൊലികള്‍ക്കായി കൊതിച്ചുകൊണ്ടിരിക്കും. ഭൂമി മുഴുവന്‍  പള്ളിയായി ഉപയോഗിക്കാനുള്ള അനുവാദമുണ്ടാകുമ്പോഴും വിശ്വാസിയുടെ ഹൃദയത്തിന് എപ്പോഴും മസ്ജിദുകളുമായി സവിശേഷമായ ഒരു ആത്മബന്ധമുണ്ട്.
മസ്ജിദുമായുള്ള വിശ്വാസികളുടെ ഹൃദയബന്ധം ധാരാളം നന്മകള്‍ക്കുള്ള അവസരങ്ങള്‍ തുറന്നുനല്‍കുന്നുണ്ട്. അഞ്ചു നേരത്തെ നമസ്‌കാരത്തിനു വേണ്ടി പള്ളിയിലേക്കുള്ള വിശ്വാസിയുടെ സഞ്ചാരത്തിലും മടക്കത്തിലും ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ പ്രവാചകന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പള്ളികളിലേക്കുള്ള വിശ്വാസിയുടെ ഓരോ ചുവടുവെപ്പും തിന്മകളോരോന്നായി മായ്ച്ചുകളയും, നന്മകളോരോന്നായി രേഖപ്പെടുത്തും. അല്ലാഹുവിന്റെ ഭവനത്തില്‍ നമസ്‌കാരത്തിനായി കാത്തിരിക്കുന്നവന് അല്ലാഹു അവന്റെ സ്വര്‍ഗത്തില്‍ അതിഥിസല്‍ക്കാരം നല്‍കി ആദരിക്കും. രാവിന്റെ ഇരുളിനെ അവഗണിച്ചും പള്ളിയിലേക്ക് വരുന്നവന് അന്ത്യദിനത്തിന്റെ ഇരുട്ടിനിടയിലും പ്രകാശം ചൊരിഞ്ഞുകൊടുക്കും. ഒപ്പം ഐഹികലോകത്ത് സന്തോഷ ജീവിതവും പരലോകത്ത് ശുഭപര്യവസാനവും ലഭിക്കും. ഉപജീവനമാര്‍ഗത്തില്‍ എളുപ്പവും സ്വര്‍ഗപാതയില്‍ കാരുണ്യവും ലഭിക്കും. രാജ്യത്ത് പുതിയ നാഗരികതയും സമൂഹത്തില്‍ നിത്യനൂതന സംസ്‌കൃതിയും രൂപം കൊള്ളും. ഖലീലുല്ലാഹി ഇബ്‌റാഹീം കഅ്ബയുടെ കല്ലുകള്‍ ചേര്‍ത്തുവെച്ച് ഒരു പവിത്ര നാഗരികത സൃഷ്ടിച്ചു. മുഹമ്മദ് നബി (സ) ഈത്തപ്പനത്തടിയില്‍ പനയോല മറച്ച മസ്ജിദുന്നബവിയില്‍നിന്ന് സാര്‍വലൗകിക മോചനത്തിന്റെ ഒരു പ്രോജ്ജ്വല നഗരം നിര്‍മിച്ചു. 'മസ്ജിദുകളില്‍നിന്ന് ബാങ്കൊലി മുഴങ്ങിയിട്ട് എന്നെ അവിടെ കണ്ടില്ലെങ്കില്‍ നിങ്ങളെന്നെ മഖ്ബറയില്‍ അന്വേഷിച്ച് കൊള്ളുക' എന്ന് പ്രഖ്യാപിച്ച സഈദുബ്‌നുല്‍ മുസയ്യബിനെ പോലെയുള്ള പൂര്‍വസൂരികള്‍ ഈ ഉത്തമ സമുദായത്തിലാണ് ഉദയം ചെയ്തത്.
സമൂഹം കൊറോണാ ഭീതിയില്‍നിന്ന് മുക്തമായി നാടും നഗരവും ജനനിബിഡമാകുമ്പോഴും മലര്‍ക്കെ തുറന്നിട്ട മസ്ജിദുകളിലെ ആളൊഴിഞ്ഞ മുസ്വല്ലകള്‍ വിശ്വാസിസമൂഹത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മസ്ജിദുകളുമായി കുറേകാലമായി പാലിച്ച ശാരീരിക അകലം യുവതലമുറയില്‍ ആലസ്യം സൃഷ്ടിച്ചോ എന്ന ആശങ്ക മുസ്‌ലിം സംഘടനകളും സാരഥികളും പണ്ഡിതന്മാരും ഗൗരവത്തിലെടുക്കേണ്ടതുണ്ട്. അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ഖുര്‍ആന്‍ തന്നെ താക്കീത് നല്‍കിയിട്ടുണ്ട്:
''അവര്‍ക്കു ശേഷം വന്ന തലമുറ നമസ്‌കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ പ്രകാരം ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവര്‍ വൈകാതെ അഭിമുഖീകരിക്കാനിരിക്കുന്നു'' (മര്‍യം 59).
ശൈഖ് മഹ്മൂദ് അല്‍ ഹസനാത്തിന്റെ കാവ്യശകലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതീക്ഷാനിര്‍ഭരമായ വചനങ്ങള്‍ കടമെടുത്ത് അവസാനിപ്പിക്കാം:

വിശ്വാസിസമൂഹം വീണ്ടും മടങ്ങിയെത്തും
നാഥാ നീയാണെന്റെ ഏകാന്തതയിലെ കൂട്ട്
നാളെ എത്തുമെന്റെ പ്രിയപ്പെട്ടവര്‍
മടങ്ങിവരുമെന്റെ ആത്മമിത്രങ്ങള്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌