Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

ഡോ. മുഹമ്മദ് റഫ്അത്ത് വിജ്ഞാനവും വിനയവും സമ്മേളിച്ച സാത്വികന്‍

ഡോ. മുഹമ്മദ് റദിയ്യുല്‍ ഇസ്‌ലാം നദ്‌വി

ഡോ. മുഹമ്മദ് റഫ്അത്തിന്റെ മരണാനന്തര ചടങ്ങില്‍ (2021 ജനുവരി 9 ശനി) സംബന്ധിച്ച ശേഷമാണ് ഈ കുറിപ്പ് എഴുതാനിരിക്കുന്നത്. മരണവിവരം അറിഞ്ഞതു മുതല്‍ അദ്ദേഹത്തെ പറ്റി അനേകം ഓര്‍മകള്‍ മനസ്സില്‍ അലതല്ലുകയാണ്. തലേന്ന് രാത്രി 10.30-ന് മരണവിവരം അറിഞ്ഞപ്പോള്‍  അവിശ്വസനീയമായി അനുഭവപ്പെട്ടു. കാരണം ജനു. എട്ടിന് നടന്ന ജുമുഅയിലും തുടര്‍ന്ന് അസ്വ്ര്‍ നമസ്‌കാരത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ഓടിക്കിതച്ച് ആശുപത്രിയിലെത്തിയപ്പോള്‍ അദ്ദേഹം നീണ്ട ഉറക്കത്തിലേക്ക് നീങ്ങിയ പോലെ.... നാല്‍പ്പതിലധികം വര്‍ഷത്തെ ബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍. അതില്‍ കഴിഞ്ഞ പത്തു വര്‍ഷം അദ്ദേഹത്തോടൊപ്പം ഒരേ ഓഫീസിലായിരുന്നു പ്രവര്‍ത്തിച്ചത്. ഇഴപിരിയാനാവാത്ത ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. അതിനാല്‍ ഉറ്റബന്ധു വേര്‍പിരിഞ്ഞ വേദന അനുഭവിക്കുകയാണ്. ഒന്നും എഴുതാന്‍ കഴിയാത്തത്ര വലിയ ആഘാതമാണ് ആ വേര്‍പാട് മനസ്സിന് ഏല്‍പ്പിച്ചിട്ടുള്ളത്.
ഡോ. റഫ്അത്തിന്റെ വിയോഗം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കു മാത്രമല്ല, ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും മുസ്‌ലിം ഉമ്മത്തിനും വലിയ നഷ്ടമാണ്. നമ്മുടെ കാലത്തെ പ്രഗത്ഭനായ ചിന്തകനും വഴികാട്ടിയും ബുദ്ധിജീവിയും ദാര്‍ശനികനുമായിരുന്നു അദ്ദേഹം. ഇസ്‌ലാമിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നല്ലൊരു വിഭാഗം യുവ സമൂഹം അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നവരാണ്. ഇസ്‌ലാമിനു വേണ്ടി ജീവിക്കാനും സമര്‍പ്പിക്കാനും അവരെ അദ്ദേഹം പാകപ്പെടുത്തി. പുതു തലമുറയുടെ കൂടി പ്രിയപ്പെട്ട നേതാവാണ് മണ്‍മറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗവും വര്‍ഷങ്ങളോളം യുവതയില്‍ ആന്ദോളനം സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹ്ര്‍ ആണ് ജന്മ നാടെങ്കിലും, അദ്ദേഹത്തിന്റെ ഇപ്പോഴും ജീവിച്ചിരിപ്പുള്ള പിതാവ് ഹാജി ബന്ദൂ ഖാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ അലീഗഢിലേക്ക് താമസം മാറുകയായിരുന്നു. അസിസ്റ്റന്റ് തഹസില്‍ദാറായി സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്ന് വിരമിച്ചയാളാണ് പിതാവ്.
അലീഗഢ് യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു റഫ്അത്ത്. 1976-ലാണ് അദ്ദേഹം അലീഗഢില്‍നിന്ന് എം.എസ്.സി ഫിസിക്‌സ് പാസായത്. പിന്നീട് ഐ.ഐ.ടി കാണ്‍പൂരില്‍ അഡ്മിഷന്‍ നേടി 1984-ല്‍ അവിടെ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. ഒരു വര്‍ഷം കഴിഞ്ഞ് ദല്‍ഹി ജാമിഅ മില്ലിയ്യയില്‍ അധ്യാപകനായി നിയമനം ലഭിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലയ്ഡ് സയന്‍സ് ആന്റ് ഹ്യൂമാനിറ്റീസ്, ഫാക്കല്‍റ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ഫിസിക്‌സ് എന്നീ വകുപ്പുകളിലെ പ്രഗത്ഭനായ അധ്യാപകനായി മാറിയ അദ്ദേഹം ലക്ചറര്‍, റീഡര്‍, പ്രഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ എന്നീ നിലകളിലൊക്കെ സേവനം ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് 2020 ജൂലൈ 31-നാണ് വിരമിച്ചത്. ഫിസിക്‌സില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി കാലം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധം പുലര്‍ത്തിയ ഡോ. റഫ്അത്തിന്റെ ശ്വാസത്തില്‍ പ്രസ്ഥാനം അലിഞ്ഞുചേര്‍ന്നിരുന്നു. സയ്യിദ് മൗദൂദി, മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി, മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി തുടങ്ങി പ്രഗത്ഭരായ നേതാക്കളുടെ ചിന്തകള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അവരുടെ ചിന്തകളുടെ ശേഖരവും അവലംബവുമായിരുന്നു അദ്ദേഹം എന്നും പറയാം. അലീഗഢിലും കാണ്‍പൂരിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആ ചിന്തകള്‍ അദ്ദേഹം നട്ടുവളര്‍ത്തി. 1975-ല്‍ അടിയന്തരാവസ്ഥ കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനം നിരോധിക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിക കൂട്ടായ്മകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി രൂപീകരിക്കപ്പെട്ട സ്വതന്ത്ര വേദിയായ സിമിയുടെ പ്രഥമ പ്രസിഡന്റായും ഡോ. റഫ്അത്ത് തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് ജമാഅത്ത് അംഗമായതോടെ പ്രസ്ഥാനത്തിന്റെ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം. തുടക്കത്തില്‍ ദല്‍ഹി അബുല്‍ ഫസല്‍ എന്‍ക്ലേവ് പ്രാദേശിക അമീറായിരുന്നു. പിന്നീട് 1995 മുതല്‍ തുടര്‍ച്ചയായി 16 വര്‍ഷം ദല്‍ഹി, ഹരിയാന സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 2011 മുതല്‍ 2015 വരെ ജമാഅത്ത് കേന്ദ്ര ഓഫീസില്‍ തര്‍ബിയ വിഭാഗം സെക്രട്ടറിയായി. 2011 - 2019 കാലത്ത് ഗ്രന്ഥരചന അക്കാദമിയുടെ ചുമതലയും വഹിച്ചു. നിലവില്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് എന്ന ഗവേഷണ വകുപ്പിന്റെ ഡയറക്ടറായിരുന്നു. കേന്ദ്ര ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് അക്കാദമി ട്രസ്റ്റി കൂടിയായിരുന്ന ഡോ. റഫ്അത്ത് അതിന്റെ മേല്‍നോട്ടത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിലെ ഫാക്കല്‍റ്റി മെമ്പറുമായിരുന്നു.  1999 മുതല്‍ ജമാഅത്ത് കേന്ദ്ര പ്രതിനിധി സഭയിലും കേന്ദ്ര കൂടിയാലോചനാ സമിതിയിലും അംഗമാണ്. സംഘടനയുടെ നയപരിപാടികളുടെ ക്രോഡീകരണം, ഭരണഘടനാ ഭേദഗതി തുടങ്ങിയ സുപ്രധാന ദൗത്യങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം രൂപീകരിക്കുന്ന പ്രധാന കമ്മിറ്റികളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഡോ. റഫ്അത്ത്. പ്രസ്ഥാനത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരനായിരുന്ന അദ്ദേഹം വിവിധ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ആലോചനാപൂര്‍വം തന്റെ സുചിന്തിത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമായിരുന്നു.
വൈവിധ്യമാര്‍ന്ന ഗ്രന്ഥങ്ങളുടെ വായനക്കാരനായിരുന്നു ഡോ. റഫ്അത്ത്. പുതിയ ചിന്തകളെയും ആശയങ്ങളെയും അദ്ദേഹം ആഴത്തില്‍ പഠനവിധേയമാക്കും. ഒപ്പം ഇസ്‌ലാമിക വിജ്ഞാനീയങ്ങളും ഗൗരവപൂര്‍വം പഠിച്ചു. പ്രഗത്ഭരുടെ ഉദ്ധരണികള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ധാരാളമായി കടന്നുവരുമായിരുന്നു. സാഹിത്യത്തില്‍ അഭിരുചിയുണ്ടായിരുന്നതിനാല്‍ താന്‍ മനപ്പാഠമാക്കിയ കവിതകള്‍  എഴുത്തിലും പ്രസംഗത്തിലും ആവശ്യാനുസാരം കയറിവരും. പ്രഭാഷണശൈലിയും വേറിട്ടതു തന്നെ.  ജീവിതത്തില്‍ പകര്‍ത്താനുതകുന്ന അനുഭവ പാഠങ്ങള്‍ അതില്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ടായിരിക്കും. കുറിപ്പടിയില്ലാതെ ഏതു വിഷയവും അവതരിപ്പിക്കും. പ്രഭാഷണത്തില്‍ സമയനിഷ്ഠ കര്‍ശനമായും പാലിക്കും. അനുവദിച്ചതില്‍നിന്ന് ഒരു മിനിറ്റ് അധികമെടുക്കുന്നത് കണ്ടിട്ടില്ല. പ്രഭാഷണാനന്തരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് തെളിവു സഹിതം യുക്തിഭദ്രമായും സംക്ഷിപ്തമായും മറുപടി നല്‍കും.
ഡോ. എഫ്.ആര്‍ ഫരീദിയുടെ വിയോഗശേഷം ജമാഅത്തിന്റെ ഔദ്യോഗിക മാസികയായ 'സിന്ദഗി നൗ'വിന്റെ എഡിറ്ററായി നിയമിക്കപ്പെട്ടത് ഡോ. മുഹമ്മദ് റഫ്അത്താണ്. പത്തു വര്‍ഷം ആ ചുമതല നിര്‍വഹിച്ചു. 'സിന്ദഗി'യില്‍ അക്കാലത്ത് എഴുതിയ ഇശാറാത്ത് / ആമുഖ ലേഖനങ്ങള്‍ വൈജ്ഞാനികവും മതപരവും പ്രാസ്ഥാനികവുമായ വൃത്തങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വശ്യവും ലളിതവും പൊതുജനത്തിന് ഗ്രാഹ്യവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുശൈലി. ഉള്ളടക്കമാവട്ടെ ആഴമുള്ളതും ആശയസമ്പുഷ്ടവും.
2011-ലാണ് അലീഗഢില്‍നിന്ന് ഞാന്‍ ദല്‍ഹിയിലെത്തുന്നത്. കേന്ദ്ര ജമാഅത്തിന്റെ പുസ്തക പ്രസാധനാലയമായ മര്‍കസീ മക്തബ ഇസ്‌ലാമി(എം.എം.ഐ)യുടെ പ്രസിദ്ധീകരണ വിഭാഗം സെക്രട്ടറിയായിരുന്നു അക്കാലത്ത് ഡോ. റഫ്അത്ത്. അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരിയായിരുന്നു അപ്പോഴത്തെ എം.എം.ഐ ഡയറക്ടറേറ്റ് ചെയര്‍മാന്‍. 2015-ല്‍ ഞാന്‍ അതിന്റെ സെക്രട്ടറിയായപ്പോള്‍, ഡോ. റഫ്അത്താണ് ചെയര്‍മാനായി നിയമിതനായത്. എട്ടു വര്‍ഷം അവിടെ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ആ കാലയളവില്‍ നിരവധി പുതിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എം.എം.ഐക്കു സാധിച്ചു. ഉര്‍ദുവില്‍നിന്ന് ഇംഗ്ലീഷിലേക്കുള്ള പ്രാസ്ഥാനിക ഗ്രന്ഥങ്ങളുടെ മൊഴിമാറ്റവും ധാരാളമായി നടന്നു അക്കാലത്ത്. ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന അദ്ദേഹത്തില്‍നിന്ന് ജോലി സംബന്ധമായി ഒരു തടസ്സവും എനിക്കുണ്ടായിട്ടില്ല. പ്രസിദ്ധീകരിക്കാനുള്ള ഉര്‍ദു പുസ്തകങ്ങള്‍ ആദ്യം ഞാനും രണ്ടാമത് അദ്ദേഹവും പരിശോധിക്കും.  ഇംഗ്ലീഷ് പുസ്തകങ്ങള്‍ അദ്ദേഹം തന്നെ എഡിറ്റ് ചെയ്യും. നിരവധി പുസ്തകങ്ങളുടെ ഭാഷയും ശൈലിയും ഉള്ളടക്കവും മികവുറ്റതാക്കുന്നതില്‍ അദ്ദേഹത്തിന്റെ വിലപ്പെട്ട കര സ്പര്‍ശമുണ്ട്. ആ ജോലിക്കിടയില്‍ തന്നെയാണ് 'സിന്ദഗി നൗ' എഡിറ്റിംഗും നടന്നുപോന്നത്. അതും ഞങ്ങളൊന്നിച്ചാണ് നിര്‍വഹിച്ചത്. എന്നല്ല എഡിറ്റോറിയല്‍ എഴുതാനും എനിക്ക് അദ്ദേഹം അവസരം തന്നു. 'സിന്ദഗി'യില്‍ ചോദ്യോത്തരം (റസാഇല്‍ വ മസാഇല്‍) അക്കാലത്ത് കൈകാര്യം ചെയ്തതും ഞാന്‍ തന്നെയായിരുന്നു.  ആ പംക്തി ഒരു വ്യക്തിയല്ല, ഒരു പണ്ഡിത ടീം ആണ് കൈകാര്യം ചെയ്യേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നുവന്നെങ്കിലും അത് സ്വീകരിക്കാതെ അദ്ദേഹം തുടര്‍ന്നും ആ പംക്തി എന്നെത്തന്നെ ഏല്‍പ്പിച്ചു. അക്കാലത്ത് ഞാന്‍ അദ്ദേഹം 'സിന്ദഗി നൗ' മാസികയിലെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് അവ പുസ്തകരൂപത്തിലിറക്കാന്‍ ഗ്രന്ഥരചനാ വിഭാഗത്തിന്റെ അനുമതി വാങ്ങിച്ചു. ജമാഅത്തിന്റെ അഞ്ച് സവിശേഷതകള്‍ (2010), മുസ്‌ലിം ഉമ്മത്ത്: ദൗത്യവും സമര്‍പ്പണവും (2015), വ്യക്തി സമൂഹം രാഷ്ട്രം: ഇഖാമത്തുദ്ദീനിന്റെ വീക്ഷണത്തില്‍ (2015), മുസ്‌ലിം ഉമ്മത്തിന്റെ സാമൂഹിക വ്യവസ്ഥ (2018), വിജ്ഞാനവും ഗവേഷണവും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ (2018), പ്രബോധനവും പോരാട്ടവും: ഇസ്‌ലാമിക കാഴ്ചപ്പാട് (2018), മുസ്‌ലിംകളും ഇന്ത്യയും (2019) എന്നിവ ഇങ്ങനെ പിറവിയെടുത്ത ഡോ. റഫ്അത്തിന്റെ പുതിയ കൃതികളാണ്. 'ഇസ്‌ലാമിക ചിന്ത: വഴിയും വെളിച്ചവും' എന്ന പേരില്‍ അദ്ദേഹത്തിന്റെ മറ്റു ചില ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ ദല്‍ഹി ഹിദായത്ത് പബ്ലിഷേഴ്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയ്യിദ് ജലാലുദ്ദീന്‍ ഉമരിയുടെ 'ഇസ്‌ലാം മനുഷ്യാവകാശത്തിന്റെ കാവലാള്‍' എന്ന ഉര്‍ദു ഗ്രന്ഥം കഹെമാ, വേല ആമേെശീി ീള ഔാമി ഞശഴവെേ എന്ന പേരില്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്ന ഡോ. മുഹമ്മദ് റഫ്അത്ത് ജീവിതത്തില്‍ ഒട്ടും കൃത്രിമത്വം കൊണ്ടു നടന്നില്ല. വിനയം അദ്ദേഹത്തിന്റെ പ്രകൃതത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. ഒരു സ്വൂഫിയും ദര്‍വേശുമായാണ് നമുക്ക് അദ്ദേഹത്തെ അനുഭവിക്കാനാവുക. യാതൊരു ജാഡകളുമില്ലാത്ത സാത്വികന്‍.
ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി സാഹിബിന്റെ മൂത്ത പുത്രി നുസ്‌റത്താണ് ജീവിത പങ്കാളി. സഅ്ദ്, മുആദ്, റശാദ്, ജുവൈരിയ, ഹഫ്‌സ്വ എന്നിവര്‍ മക്കളും. വീട്ടിലെ അംഗത്തെപ്പോലെയാണ് ഇവരെല്ലാം എന്നെ കണ്ടിരുന്നത്. അദ്ദേഹം രോഗിയായപ്പോള്‍ നിരവധി തവണ അവിടെ സന്ദര്‍ശിച്ചു. ഇടക്ക് കാണാതായാല്‍ മക്കളെ കൊണ്ട് ഫോണ്‍ വിളിപ്പിച്ച് എന്നെ വരുത്തും. മറ്റു ചിലപ്പോള്‍ മക്കളുടെ സഹായത്തോടെ ഓഫീസില്‍ വന്ന് അല്‍പമിരുന്ന് മടങ്ങും. 2020 മാര്‍ച്ചില്‍ ഹീമോഗ്ലോബിന്‍ കുറഞ്ഞതിനാല്‍ രക്തം കയറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. ഒടുവില്‍ റദിയ്യുല്‍ ഇസ്‌ലാം പറഞ്ഞാല്‍ അതിന് സമ്മതിക്കാമെന്നായി. രക്തം കയറ്റല്‍ അനിവാര്യമാണെന്ന് ഞാന്‍ എഴുതി നല്‍കിയ ശേഷമാണ് അദ്ദേഹം സമ്മതിച്ചത്. രോഗിയായിരിക്കെയും മുഴുവന്‍ നമസ്‌കാരങ്ങള്‍ക്കും പള്ളിയിലെത്തി. നമസ്‌കാരാനന്തരം ചിലപ്പോള്‍ വീട്ടിലേക്ക് കൂടെ കൂട്ടി ഏതെങ്കിലും ഖുര്‍ആന്‍ അധ്യായം പാരായണം ചെയ്യാന്‍ എന്നോട് പറയും. ആ പാരായണം സശ്രദ്ധം കേട്ടുകൊണ്ടിരിക്കും.
അല്ലാഹുവിന്റെ മുഴുവന്‍ ദാസന്മാര്‍ക്കും ഇസ്‌ലാമിന്റെ അടിസ്ഥാന സന്ദേശമെത്തിക്കണമെന്ന വല്ലാത്ത ആഗ്രഹമായിരുന്നു അവസാനകാലത്ത്. അത് നമ്മുടെ ബാധ്യതയാണെന്ന് ഉണര്‍ത്തിക്കൊണ്ടിരുന്നു. പ്രബോധനം പ്രമേയമായ വിവിധ ഭാഷകളിലെ നിരവധി ഗ്രന്ഥങ്ങള്‍ സംഘടിപ്പിച്ച് ധാരാളം പേര്‍ക്ക് അദ്ദേഹം അയച്ചുകൊടുത്തു. ആ വിഷയത്തിലെ ഇംഗ്ലീഷ് പുസ്തകം നിലവാരം പുലര്‍ത്തുന്നില്ലെന്നും നമ്മള്‍ പകരമൊന്ന് ഇറക്കണമെന്നും നിര്‍ദേശിച്ചത് മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. സത്യസന്ദേശത്തിന്റെ പ്രബോധനത്തിന് അന്നൂര്‍ എന്ന പേരില്‍ ഒരു പദ്ധതിയും അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു. വിധാതാവ് ആ കര്‍മയോഗിയെ ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ. 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌