Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

ഡോ. മുഹമ്മദ് റഫ്അത്ത്, പകരം വെക്കാനാവാത്ത വ്യക്തിത്വം

സയ്യിദ് സആദത്തുല്ലാ ഹുസൈനി - അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

പ്രഫസര്‍ മുഹമ്മദ് റഫ്അത്ത് സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി എന്ന രാത്രി വന്നെത്തിയ വിവരം ശരിക്കും മനസ്സിനേല്‍പ്പിച്ചത് മിന്നലാഘാതം തന്നെയായിരുന്നു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍..... പ്രഫസര്‍ സാഹിബിന്റെ വിടവാങ്ങല്‍ പ്രയാസങ്ങള്‍ നിറഞ്ഞ ഈ ഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനും വലിയ നഷ്ടം തന്നെയാണ്. അദ്ദേഹം മഹാനായ ധൈഷണിക മാര്‍ഗദര്‍ശിയായിരുന്നു, സമുന്നതനായ പണ്ഡിതനായിരുന്നു, ആധികാരികമായ വൈജ്ഞാനികാവലംബമായിരുന്നു, സമാനതകളില്ലാത്ത വഴികാട്ടിയുമായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി അദ്ദേഹവുമായി ഉണ്ടായിരുന്ന ആഴമാര്‍ന്ന ബന്ധങ്ങള്‍ ആ രാത്രി ഒരു ചലച്ചിത്രത്തിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞുകൊണ്ടിരുന്നു. എസ്.ഐ.ഒവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ധൈഷണിക, വൈജ്ഞാനിക ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് റഫ്അത്ത് സാഹിബിനെയായിരുന്നു.   യാതൊരു കുറിപ്പടിയും കൈയിലില്ലാതെ ഗഹനമായ ഒരു വൈജ്ഞാനിക വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതു കേട്ടാല്‍ എഴുതിക്കൊണ്ടു വന്ന പ്രബന്ധം നോക്കി വായിക്കുകയാണെന്നേ തോന്നുകയുള്ളൂ. ചോദ്യങ്ങള്‍ക്ക് കുറഞ്ഞ വാക്കുകളില്‍ ആറ്റിക്കുറുക്കിയ, എന്നാല്‍ നമ്മെ തൃപ്തിപ്പെടുത്തുന്ന മറുപടികള്‍;  ചിലപ്പോള്‍ തമാശയുടെയും മറ്റു ചിലപ്പോള്‍ കവിതയുടെയും അകമ്പടിയോടെ.
വിശ്രമമില്ലാത്ത പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചെറുപ്പം മുതല്‍ക്കേ ശീലമാക്കിയ പലതരം പുസ്തകങ്ങളുടെ വായനയാണ് ഡോക്ടര്‍ സാഹിബിന്റെ വ്യക്തിത്വത്തെ ഇത്രയേറെ ആകര്‍ഷകമാക്കുന്നത്. അറബി ഭാഷയില്‍ നല്ല അറിവ് നേടി ഇസ്‌ലാമിനെ അതിന്റെ മൂലസ്രോതസ്സുകളില്‍നിന്നു തന്നെ അദ്ദേഹം പഠിച്ചെടുത്തു. ചില തഫ്‌സീര്‍ ഭാഗങ്ങള്‍ ഉദ്ധരിക്കുന്നത് കേട്ടാല്‍ മുന്നില്‍ പുസ്തകം തുറന്നുവെച്ചിട്ടുണ്ടെന്ന് തോന്നും. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെയും മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെയും ഏതേത് പുസ്തകങ്ങളില്‍, ഏതൊക്കെ വിഷയങ്ങള്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍ത്തു പറയും. എന്നാല്‍ അദ്ദേഹം പഠിപ്പിച്ചിരുന്ന അക്കാദമിക് വിഷയമോ, ഠവലീൃലശേരമഹ ജവ്യശെര-െഉം. ശാസ്ത്ര വിഷയങ്ങളില്‍ മൂല കൃതികള്‍ വായിച്ച് നേടിയ ആധികാരിക അറിവ്. മിര്‍സാ ഗാലിബ്, മീര്‍ തഖീ മീര്‍ മുതല്‍ ജിഗര്‍  മുറാദാബാദി വരെയുള്ള ഉര്‍ദുവിലെ കവിസാമ്രാട്ടുകളുടെ കവിതകള്‍ കാണാപ്പാഠമാണെന്ന് മാത്രമല്ല, അവ ആവശ്യാനുസാരം നാവില്‍ വരികയും ചെയ്യും. അസാധാരണം തന്നെയാണ് ആ കഴിവ്. അദ്ദേഹത്തിന്റെ വീട്ടില്‍ ഇംഗ്ലീഷ് നോവലുകളുടെ കലക്ഷന്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രയധികം നോവലുകള്‍ ഒരു മുസ്‌ലിം ചിന്തകന്റെ ഗൃഹ ഗ്രന്ഥശാലയില്‍ വേറെ കണ്ടിട്ടില്ല. വായനയുടെ ഈ വൈവിധ്യമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഇത്ര ഹൃദ്യമാക്കുന്നത്. പുതുതലമുറ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെടാനും മറ്റൊന്നല്ല കാരണം. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അവരെ വളര്‍ത്തിയെടുക്കാന്‍ ഈ അവസരം അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു.
തത്ത്വവും പ്രയോഗവും (ഐഡിയലിസം/പ്രാഗ്മാറ്റിസം) തമ്മിലുള്ള ഉരസലും സംഘര്‍ഷവുമൊക്കെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആഭ്യന്തര ചര്‍ച്ചകളില്‍ അനുഗ്രഹമായാണ് ഭവിക്കാറുള്ളത്. ഈ ചര്‍ച്ചകളില്‍ റഫ്അത്ത് സാഹിബ് എപ്പോഴും തത്ത്വത്തിന്റെ പക്ഷത്തായിരിക്കും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ പക്ഷത്ത് അദ്ദേഹം മാത്രമേ കാണൂ. അദ്ദേഹത്തിന്റെ നിലപാടുകളോട് ചിലപ്പോഴൊക്കെ ശക്തമായ വിയോജിപ്പ് തോന്നിയിട്ടുണ്ടെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്ത് അത്തരം മറുവീക്ഷണങ്ങള്‍ വാഹനത്തിന്റെ ബ്രേക്ക് പോലെയാണ് അനുഭവപ്പെടുക. ബ്രേക്ക് വണ്ടി നിര്‍ത്താനല്ല, അത് വേഗത്തില്‍ ഓടിക്കാനുള്ള ആത്മവിശ്വാസമാണ് നമുക്ക് നല്‍കുക. ബ്രേക്ക് ദുര്‍ബലമെങ്കില്‍ കരുതലോടെ മാത്രമേ ഡ്രൈവര്‍ ആക്‌സലേറ്ററില്‍ കാല്‍ വെക്കൂ. കേന്ദ്ര ശൂറയിലും മറ്റു ബോഡികളിലും വര്‍ഷങ്ങളോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പോളിസി-പ്രോഗ്രാം തയാറാക്കല്‍, പ്രസ്ഥാനത്തിന്റെ ഭരണഘടനാ ഭേദഗതികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ശൂറ നിശ്ചയിക്കുന്ന സമിതികളിലും മിക്കപ്പോഴും ഞങ്ങള്‍ ഒന്നിച്ചുണ്ടാവും. ചില കാര്യങ്ങളില്‍ ഞങ്ങള്‍ യോജിക്കും; ചിലതില്‍ വിയോജിക്കും. പക്ഷേ അതൊന്നും ഞങ്ങളുടെ വ്യക്തിബന്ധങ്ങളെ ബാധിച്ചിരുന്നില്ല. എപ്പോഴും നല്ല സുഹൃത്തും വഴികാട്ടിയുമായി അദ്ദേഹം നിലകൊണ്ടു. ജീവിതത്തിന്റെ അവസാന നാളുകളില്‍ ലോക്ക് ഡൗണ്‍ കാലത്ത് കഷ്ടപ്പെടുന്ന സാധാരണക്കാരെ ഓര്‍ത്ത് ആ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. നമ്മില്‍നിന്ന് ഇത്രയും പെട്ടെന്ന് വിടപറഞ്ഞുപോയ ആ മഹദ് വ്യക്തിത്വത്തിന് പ്രപഞ്ചനാഥന്‍ കരുണ ചൊരിയുമാറാകട്ടെ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌