Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

ദിവ്യദര്‍ശനം സാധ്യമാണോ?

വി.എസ് സലീം

ദൈവം എവിടെ സ്ഥിതി ചെയ്യുന്നു? എന്തുകൊണ്ട് നാം ദൈവത്തെ കാണുന്നില്ല?
സന്ദേഹവാദികള്‍ മാത്രമല്ല, വിശ്വാസികള്‍ തന്നെയും ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിക്കാറുണ്ട്. ചിലര്‍ക്ക് ദൈവത്തെ ഒന്ന് കണ്ടേ തീരൂ എന്ന വാശി തന്നെയുള്ളതായി കാണാം!
മനസ്സിലെ വിശ്വാസം സമൂര്‍ത്തമായ ഒരു ബോധ്യമായി വളരുന്നതിന് കണ്ണു കൊണ്ടുള്ള കാഴ്ച അനിവാര്യമാണെന്ന് കരുതുന്ന ഇത്തരക്കാരെ നാം കുറ്റപ്പെടുത്തേണ്ടതില്ല. ദൈവികസന്ദേശങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങുന്ന പ്രവാചകന്മാര്‍ക്കു പോലും ഇത്തരം ആഗ്രഹങ്ങളുണ്ടായിട്ടുണ്ട്.
'കലീമുല്ലാഹ്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകനാണ് മോശെ. 'ദൈവം നേരിട്ട് സംസാരിച്ചയാള്‍' എന്നാണ് അതിന്റെ അര്‍ഥം. പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന, അജ്ഞാതവാസമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന പ്രവാസജീവിതത്തിനുശേഷം, കുടുംബസമേതം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ദൈവികമായ ഒരു മഹാ നിയോഗമേറ്റെടുക്കാനുള്ള തയാറെടുപ്പു കൂടിയായിരുന്നു ആ പ്രവാസജീവിതമെന്നു പറയാം.
ഈജിപ്തിലെ ഫറോവന്‍ ദുര്‍ഭരണത്തിനു കീഴില്‍ അടിമകളായി കഴിയുന്ന ഇസ്രായേല്‍ ജനതയുടെ വിമോചനമായിരുന്നു ആ നിയോഗം. അദ്ദേഹവും ആ വംശത്തില്‍പെട്ട വ്യക്തിയായിരുന്നല്ലോ.
തന്റെ ഏകാധിപത്യ ഭരണത്തിനെതിരെ വരാനിരിക്കുന്ന ഒരു ഭീഷണിയെ കിനാവു കണ്ട ഫറോവ, നാട്ടില്‍ ജനിച്ചുവീഴുന്ന ആണ്‍കുഞ്ഞുങ്ങളെയൊക്കെ വധിച്ചുകളയുന്നതു കണ്ട് മോശെയുടെ മാതാവ് താന്‍ പ്രസവിച്ച കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഒഴുക്കിവിടുകയായിരുന്നു.
രാജാവിനെതിരായ ഭീഷണി രാജകൊട്ടാരത്തില്‍ തന്നെ വളരട്ടെ എന്നതായിരുന്നു ദൈവനിശ്ചയമെന്നതിനാല്‍, സന്താനസൗഭാഗ്യമില്ലാതിരുന്ന ഫറോവയുടെ നല്ലവളായ പത്നി ആ കുഞ്ഞിനെയെടുത്ത് മകനെപ്പോലെ വളര്‍ത്തി.
യുവാവും അരോഗദൃഢഗാത്രനുമായ മോശെ ഒരു ദിവസം നഗരത്തില്‍ വെച്ച് ഒരു ഫറോവാ പക്ഷക്കാരനുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ഉണ്ടാവുകയും, അയാള്‍ കൊല്ലപ്പെടുകയും ചെയ്തു.
അനീതിയും അക്രമവും കണ്ടാല്‍ കൈയും കെട്ടി നോക്കിനില്‍ക്കാനാവാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. മനപ്പൂര്‍വമല്ലെങ്കിലും ഈ അപകൃത്യം സംഭവിച്ചുപോയതിലുള്ള കുറ്റബോധവും, രാജകിങ്കരന്മാര്‍ തന്നെ പിടികൂടുമെന്ന ഭയവും മൂലമാണ് അദ്ദേഹം നാടുവിട്ടത്.
ഫറോവന്‍ ഭരണത്തിന് പുറത്തുള്ള മദ്‌യന്‍ എന്ന ഒരു ഗ്രാമത്തില്‍ മോശെ സുരക്ഷിതനായി എത്തിച്ചേര്‍ന്നു. അവിടെ വന്ദ്യവയോധികനായ ഒരു പിതാവിന്റെ മകളെ വിവാഹം ചെയ്തതും, അവരുടെ ആടുകളെ മേയ്ക്കുന്ന ഇടയനായി ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞുകൂടിയതും ദൈവികമായ ഒരു തയാറെടുപ്പിക്കലിന്റെ ഭാഗം തന്നെയായിരുന്നു എന്ന് കരുതാനാണ് ന്യായം.
പക്ഷേ, വിമോചനസ്വപ്നവും വിപ്ലവവീര്യവുമുള്ള ഒരു വ്യക്തിക്ക് ഏറെക്കാലം അങ്ങനെ ഗാര്‍ഹസ്ഥ്യ ജീവിതത്തില്‍ ഒതുങ്ങിക്കഴിഞ്ഞുകൂടാനാവില്ലല്ലോ. ഒടുവില്‍ അദ്ദേഹം ഈജിപ്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഈ മടക്കയാത്രക്കിടയിലാണ് ദൈവം അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുന്നതും, മഹാനിയോഗം ഏല്‍പിക്കുന്നതും.
സംഭവം ഖുര്‍ആന്‍ പറയും പ്രകാരം ഏതാണ്ടി പ്രകാരമായിരുന്നു:
മോശെ കുടുംബത്തോടൊത്ത് യാത്ര തുടരുന്നു. കൃത്യമായ ദിശാനിര്‍ണയം സാധ്യമല്ലാത്തതിനാല്‍ രാത്രിയില്‍ അവര്‍ക്ക് വഴി തെറ്റുന്നു. ഒരിടത്ത് തമ്പടിക്കുന്നു. നല്ല ഇരുട്ടും അസഹ്യമായ തണുപ്പുമുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് അകലെയൊരു കുന്നിന്‍ ചെരുവില്‍ തീയെരിയുന്ന ദൃശ്യം കണ്ണില്‍ പെടുന്നത്. വല്ല യാത്രക്കാരും ഭക്ഷണം പാകം ചെയ്യുകയോ, തണുപ്പകറ്റാനായി തീ കത്തിക്കുകയോ ആവാം.
കുടുംബത്തെ അവിടെയിരുത്തി അദ്ദേഹം തീ കണ്ട ഭാഗത്തേക്ക് നടന്നു. യാത്രക്കാരാണെങ്കില്‍ അവരോട് വഴി ചോദിക്കുകയോ, അല്ലെങ്കില്‍ തന്റെ കുടുംബത്തിനും കുളിര് മാറ്റാനായി ഒരു തീക്കൊള്ളി കൊണ്ടുവരികയോ ചെയ്യാമല്ലോ.
ചെന്ന് നോക്കിയപ്പോള്‍ താന്‍ വിചാരിച്ചതൊന്നുമല്ല മൂസാ കണ്ടത്. ദിവ്യസാന്നിധ്യം കൊണ്ട് പവിത്രമായ ത്വുവാ താഴ്‌വരയില്‍ ദൈവത്തിന്റെ ഒരു വെളിപ്പെടലായിരുന്നു അവിടെ നടന്നത്. മൂസായെ അങ്ങോട്ടാകര്‍ഷിക്കാനുള്ള ഒരു നിമിത്തമായിരുന്നു, അഗ്നിയെന്ന് മൂസാ തെറ്റിദ്ധരിച്ച ആ ദിവ്യജ്യോതി!
സത്താപരമായി രണ്ട് വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ദൈവവും മനുഷ്യനും തമ്മില്‍ നടക്കാന്‍ പോകുന്ന സംവേദനത്തിന് പ്രത്യക്ഷമായ ഒരു മാധ്യമം ആവശ്യമായിരുന്നു.
അതായിരുന്നു ദിവ്യജോതി. അതിനെ സമീപിച്ച മൂസായോട് അരൂപിയായ ദൈവം സംസാരിച്ചു:
'മൂസാ, നീ ഒരു വിശുദ്ധ താഴ്‌വരയിലാണ്. ഭൂമിയില്‍ ഇന്നോളം ആരും അനുഭവിച്ചില്ലാത്ത ഒരു മഹാ സൗഭാഗ്യം നിനക്കു ലഭിക്കാന്‍ പോകുന്നു. ലോകരക്ഷിതാവായ തമ്പുരാന്‍ തന്റെ ഒരു സൃഷ്ടിയോട് മധ്യവര്‍ത്തിയില്ലാതെ സംസാരിക്കുന്നു. പാദുകങ്ങള്‍ അഴിച്ചുവെച്ച് നീ അതിന് തയാറെടുക്കുക. മഹാനിയോഗം ഏറ്റെടുക്കാന്‍ സന്നദ്ധനാവുക.'
സാമാന്യം ദീര്‍ഘമായ ആ ദിവ്യഭാഷണം ഖുര്‍ആന്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. താന്‍ ചെയ്യേണ്ട കാര്യങ്ങളൊക്കെ അതില്‍ മൂസായെ വ്യക്തമായി ഉപദേശിക്കുകയും, അതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ. നമ്മുടെ വിഷയം അതല്ലല്ലോ.
ഇവിടെ വിരുദ്ധമായ രണ്ട് സ്വത്വങ്ങള്‍ തമ്മില്‍ ഒരു ആശയസംവേദനം നടന്നു എന്നതാണത്. അതാകട്ടെ, അഗ്നിയെന്നോ ജ്യോതിയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു മാധ്യമത്തിലൂടെ മാത്രം.
മറ്റൊരിക്കല്‍, നാല്‍പതു ദിവസത്തെ ധ്യാനത്തിനും, ദൈവികവചനങ്ങള്‍ ഏറ്റുവാങ്ങുന്നതിനും വേണ്ടി പോയപ്പോള്‍ മൂസാ ദൈവത്തോട് ദര്‍ശനം ആവശ്യപ്പെട്ട കാര്യവും ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍ ദൈവം പറയുന്നത്, 'നിനക്കെന്നെ കാണാനാവില്ല' എന്നാണ്.
മൂസാ പിന്നെയും നിര്‍ബന്ധം പിടിച്ചപ്പോള്‍, ദൈവം പറഞ്ഞു: എങ്കില്‍, നീ ആ മലമുകളിലേക്ക് നോക്കൂ..! ഞാന്‍ അവിടെ പ്രത്യക്ഷനാകാം. പക്ഷേ, ഞാനവിടെ വെളിപ്പെട്ട ശേഷവും അതവിടെത്തന്നെയുണ്ടോയെന്ന് നീ നോക്കണം! അങ്ങനെ ദൈവം വെളിപ്പെട്ടപ്പോള്‍ ആ പര്‍വതം പൊട്ടിത്തകരുകയും മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു എന്നു പറഞ്ഞുകൊണ്ടാണ് ഖുര്‍ആന്‍ ആ ദിവ്യദര്‍ശനത്തിന്റെ കഥയവസാനിപ്പിക്കുന്നത്.
മനുഷ്യരായി പിറന്ന ആരും തന്നെ ഇന്നേ വരെ ദൈവത്തെ കണ്ടിട്ടില്ലെന്നും, അതിനുള്ള ജ്ഞാനേന്ദ്രിയം മനുഷ്യന് ഈ ജീവിതത്തില്‍ നല്‍കപ്പെട്ടിട്ടില്ലെന്നും ചുരുക്കം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍