Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

ഒരു ജാതി, ഒരു മതം, ഒരു ദൈവം

മുഹമ്മദ് ശമീം

സംഘകാലത്തോ അതിനു മുമ്പോ ദക്ഷിണേന്ത്യയില്‍ ജാതിവിഭജനം അത്ര കര്‍ക്കശമായിരുന്നില്ല; ജാതീയതയോ ജാതിവിവേചനമോ ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് ഉത്തരേന്ത്യയില്‍ ബുദ്ധ, ജൈന മതങ്ങള്‍ ശക്തി പ്രാപിച്ചതോടെ ഗംഗാ സമതലത്തില്‍നിന്ന് കുടിയേറിയ ബ്രാഹ്മണരാണ് അയിത്തവും ജാതിവിവേചനവും ഇവിടെ കൊ് വന്നത്. ആദ്യം കര്‍ണാടകയിലും അതുവഴി കേരളത്തിലും തമിഴകത്തും പ്രവേശിച്ച ബ്രാഹ്മണര്‍ അവരുടെ വേദ മന്ത്ര തന്ത്ര ജ്ഞാനങ്ങള്‍ വഴിയും മറ്റും രാജാക്കന്മാരെ സ്വാധീനിച്ചു. ഇങ്ങനെ സ്വാധീനിക്കപ്പെട്ട കര്‍ണാടകത്തിലെ കദംബ സാമ്രാജ്യ സ്ഥാപകനായ മയൂരശര്‍മന് ക്ഷത്രിയപദവി നല്‍കിക്കൊണ്ടാണ് ആര്യ, ബ്രാഹ്മണ പ്രസ്ഥാനത്തിന് ദക്ഷിണേന്ത്യയില്‍ തുടക്കം കുറിച്ചത്. സി.ഇ 345 മുതല്‍ 365 വരെയാണ് മയൂരശര്‍മന്റെ ഭരണകാലം. സി.ഇ 566 വരെ നിലനിന്ന കദംബ രാജവംശം തെന്നിന്ത്യയിലെ ആദ്യത്തെ ക്ഷത്രിയവംശവുമായി. സാവകാശം ഇവിടെ മേല്‍ക്കൈ നേടിയ ബ്രാഹ്മണര്‍ ഇവിടെയുണ്ടായിരുന്ന ദ്രാവിഡ കുലങ്ങളെ ജാതികളാക്കി മാറ്റുകയും ജാതികള്‍ക്ക് പല പദവികള്‍ നിശ്ചയിക്കുകയും ചെയ്തു. തങ്ങളെ സൂര്യ, ചന്ദ്ര, യാദവ രാജവംശങ്ങളോട് ബന്ധിപ്പിച്ചത് വലിയ അനുഗ്രഹമായാണ് ഇവിടത്തെ രാജാക്കന്മാര്‍ കണ്ടത്. നേരത്തേ തന്നെ ഗോത്രപരവും സാമൂഹികവുമായ അനുഷ്ഠാനാചാരങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കിയിരുന്നവരെ ബ്രാഹ്മണരായി ഉപനയിച്ചു. 

മലയാളത്തിന്റെ ജാതി 

കേരളത്തില്‍ നമ്പൂതിരിമാരാണ് തദ്ദേശീയ ബ്രാഹ്മണര്‍. അയ്യര്‍, അയ്യങ്കാര്‍, ഗൗഡസാരസ്വത ബ്രാഹ്മണര്‍ എന്നിവര്‍ പരദേശി ബ്രാഹ്മണരാണ്. വേദപഠനം ത്യജിച്ചോ അതിന് പുറമെയോ യുദ്ധത്തിലും മറ്റും ഏര്‍പ്പെട്ടിരുന്ന വാള്‍നമ്പി, ചെങ്ങഴി നമ്പി, നമ്പിടി, നമ്പ്യാതിരി തുടങ്ങിയവരെ ബ്രാഹ്മണക്ഷത്രിയരായും ചാക്യാര്‍, മാരാര്‍, നമ്പീശന്‍ തുടങ്ങിയ അമ്പലവാസികളെ അന്തരാളജാതികളായും പരിഗണിച്ചു. 
പെരുമാള്‍ (വര്‍മ), തിരുമുല്‍പ്പാട്, തിരുപ്പാട്, തമ്പാന്‍, തമ്പുരാന്‍, രാജ എന്നൊക്കെ വിളിക്കപ്പെട്ട നാടുവാഴി, രാജവിഭാഗങ്ങളില്‍പെട്ടവരെയാണ് ക്ഷത്രിയരായി ഉയര്‍ത്തിയത്. തമ്പി, കര്‍ത്താ, കൈമള്‍, ചെമ്പകരാമന്‍, ഉണ്ണിത്താന്‍, വല്യത്താന്‍, മന്നാഡിയാര്‍, കിരിയത്ത് നായര്‍, നമ്പ്യാര്‍, പിള്ള, മൂപ്പില്‍ നായര്‍, പടനായര്‍, നായനാര്‍, അടിയോടി, മേനോന്‍, നെടുങ്ങാടി, ഏറാടി തുടങ്ങിയവര്‍ സാമന്ത ക്ഷത്രിയരാണ്. അതായത്, ക്ഷത്രിയ പദവിയുള്ള നായന്മാര്‍. പാരമ്പര്യത്തൊഴിലുകള്‍ ചെയ്തിരുന്ന വെളുത്തേടത്ത് നായര്‍, ചക്കാല നായര്‍, ഇടയനായര്‍, വിളക്കിത്തല നായര്‍, ചെമ്പുകൊട്ടി നായര്‍, ഓട്ടത്ത് നായര്‍, അത്തിക്കുറിശ്ശി നായര്‍, ചീതികന്‍ നായര്‍, ചാലിയന്‍ നായര്‍, കടുപ്പട്ടന്‍ നായര്‍ തുടങ്ങിയ മറ്റ് നായന്മാര്‍ക്ക് ശൂദ്രസ്ഥാനമാണ് നല്‍കപ്പെട്ടത്. 
വൈശ്യര്‍ എന്ന വര്‍ണവിഭാഗത്തിലേക്ക് ചേര്‍ക്കപ്പെട്ട ജാതികളൊന്നും കേരളത്തില്‍ ഇല്ല. സാമൂതിരി രാജാക്കന്മാര്‍ ക്ഷത്രിയരാക്കപ്പെട്ടതിനും തെളിവില്ല. സ്വത്ത് പലതായി വിഭജിക്കപ്പെടാതിരിക്കാന്‍ ബ്രാഹ്മണര്‍ കുടുംബത്തിലെ മൂത്താള്‍ക്ക് (മൂസാമ്പൂരി) മാത്രം സ്വജാതി വിവാഹം (വേളി) നിശ്ചയിക്കുകയും മറ്റുള്ളവര്‍ക്ക് (അപ്ഫന്‍ നമ്പൂതിരിമാര്‍) സാമന്തക്ഷത്രിയരായ നായര്‍ യുവതികളുമായുള്ള സംബന്ധം വിധിക്കുകയും ചെയ്തു. 
ഇത്രയും വിഭാഗങ്ങളെ സവര്‍ണരും അതിലെ ശൂദ്രവിഭാഗത്തെ കൂട്ടത്തില്‍ താഴ്ന്നവരുമായി പരിഗണിച്ച ശേഷം അല്ലാത്തവരെയെല്ലാം പഞ്ചമരും അവര്‍ണരുമായി പുറന്തള്ളി. ചെറുജന്മാവകാശികളായിരുന്ന കമ്മാളരും കണിയാന്മാരും, വെറും പാട്ടക്കാര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഈഴവരും തീയരും ചോമരും, പിന്നെ മലയന്‍, മണ്ണാന്‍, പണിയന്‍, എഴുത്തഛന്‍, ധീവരര്‍ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളും അവര്‍ണജാതികളായി. പുലയര്‍, പറയര്‍ തുടങ്ങിയവരെയും കാട്ടു ഗോത്ര വിഭാഗങ്ങളെയും പുറം ജാതിക്കാരായി തീര്‍ത്തും അകറ്റിനിര്‍ത്തുകയും ചെയ്തു. 
പ്രാചീനകാലത്ത് കേരളത്തില്‍ അധികാരം കൈയാളിയിരുന്നവരാണ് പുലയര്‍ എന്നും ആദിമ ചേരരാജാക്കന്മാരുടെ പിന്മുറക്കാരായിരുന്നു അവര്‍ എന്നും ബ്രാഹ്മണാധിനിവേശത്തെ ചെറുത്തുനിന്നതു നിമിത്തം അടിമകളാക്കപ്പെട്ടതാണെന്നും ഒരു ചരിത്രവായനയുണ്ട്. സംഘകാലത്തിനു മുമ്പ് ഇവരെക്കുറിച്ചുള്ള രേഖകളൊന്നും ലഭ്യമല്ലെങ്കിലും, കേരളത്തിലെ ആദിമനിവാസികളായിരുന്നു പുലയര്‍ എന്നതിനും യുക്ത്യധിഷ്ഠിതമായ തെളിവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ശിലായുഗത്തില്‍തന്നെ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്ന പ്രാചീന മനുഷ്യരുടെയും പിന്നീട് കടന്നുവന്ന ദ്രാവിഡാദി കുടിയേറ്റക്കാരുടെയും പിന്‍ഗാമികളാണ് കേരളത്തില്‍ പല ജാതികളായി അറിയപ്പെട്ടത്. 
കൃഷി ചെയ്തിരുന്നവരായതിനാലാണ് പുലയര്‍ എന്നറിയപ്പെട്ടത് എന്ന് ഒരു വാദം. പുലം എന്നാല്‍ ഭൂമി, നിലം എന്നൊക്കെ അര്‍ഥം. പുലങ്ങളില്‍ ജോലി ചെയ്തവന്‍ പുലയന്‍. തൊഴില്‍ വിഭജനമാണ് പുലയന്‍ തുടങ്ങി അരയന്‍, ആശാരി, കൊല്ലന്‍ തുടങ്ങിയ ജാതികളുടെയെല്ലാം അടിസ്ഥാനം. എന്നാല്‍ പുലയന് ചേരമന്‍ എന്നും പേരുണ്ട്. ചേര രാജാക്കന്മാരുടെ പിന്‍ഗാമികളായതിനാലാണത്രെ ആ പേര് വന്നത്. തിരുവനന്തപുരം ജില്ലയിലെ വേളികായലിന്റെ പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന 'പുലയ' രാജവംശം പുലയരില്‍ നിക്ഷിപ്തമായിരുന്ന രാജാധികാരത്തിന് തെളിവാണ്. രണ്ട് നൂറ്റാണ്ട് മുമ്പ് ഇവിടെ ഭരണം നടത്തിയിരുന്ന കാളിപ്പുലയന്റെ കോട്ടയായിരുന്നു ഇന്നും നിലനില്‍ക്കുന്ന പുലയനാര്‍ കോട്ട. കോട്ടയും സ്ഥലവുമൊക്കെ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലുമൊക്കെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും കൈയടക്കി. 
ബ്രാഹ്മണാധിപത്യത്തെ ചെറുത്തുനിന്നതിനാല്‍ ഇവര്‍ അടിമകളാക്കപ്പെട്ടു. നിലങ്ങളില്‍ അടിമപ്പണിയെടുക്കാന്‍ നിയോഗിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ ചെറുമരും പുലയരുമായി അറിയപ്പെട്ടത്. 
ഇതോടെ കേരളത്തില്‍ ശുദ്ധാശുദ്ധ നിയമങ്ങള്‍ ഉത്തരേന്ത്യയിലേതിനേക്കാള്‍ കര്‍ക്കശമായി ആചരിക്കപ്പെട്ടു തുടങ്ങി. ബ്രാഹ്മണനില്‍നിന്ന് നായര്‍ നാലടിയും ഈഴവന്‍ ഇരുപത്തെട്ടടിയും പുലയന്‍ തൊണ്ണൂറ്റാറടിയും അകന്നുമാറി നില്‍ക്കണമായിരുന്നു. അവര്‍ണനെ സ്പര്‍ശിക്കുന്ന കാറ്റിന് പോലും അയിത്തം കല്‍പിക്കപ്പെട്ടു. 
ബ്രാഹ്മണരുടെയും നാടുവാഴികളുടെയും പിന്തുണയോടെയാണെങ്കിലും അധികാരത്തിലും സമ്പത്തിലും മേല്‍ക്കൈ നേടിയ ക്ഷത്രിയനായന്മാര്‍ പിന്നീട് കേരളത്തിലെ സാമൂഹിക ശ്രേണിയില്‍ ഏറ്റവും തലപ്പത്ത് വന്നു. 

അയ്യാവഴി 

തെക്കന്‍ തിരുവിതാംകൂറിലെ അയ്യാവഴി എന്ന മതപ്രസ്ഥാനമാണ് അവര്‍ണര്‍ക്കു വേണ്ടി ശബ്ദിച്ച കേരളത്തിലെ ആദ്യമുന്നേറ്റമായി അറിയപ്പെടുന്നത്. കന്യാകുമാരി ജില്ല കേന്ദ്രമായാണ് വൈകുണ്ഠ സ്വാമി ഈ പ്രസ്ഥാനം സ്ഥാപിച്ചതെങ്കിലും തെക്കന്‍ തിരുവിതാംകൂറിലുടനീളം ഇതിന്റെ സ്വാധീനം നിലനിന്നു. 
മഹാവിഷ്ണുവിന്റെ അവതാരം എന്ന് സ്വയം അവകാശപ്പെട്ടിരുന്നു വൈകുണ്ഠ സ്വാമി. എന്നാല്‍ അദ്ദേഹം വൈദിക ഹിന്ദുമതത്തെയും ജാത്യാചാരങ്ങളെയും ശക്തമായി എതിര്‍ത്തു. ഒപ്പം ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെയും ചെറുത്തു നിന്നു. ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ (ചാന്നാര്‍) വിഭാഗത്തില്‍പെട്ട സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ടുകളോളം നീണ്ടുനിന്ന, മുലമാറാപ്പ് വഴക്ക് എന്നും മേല്‍ശീല കലാപം എന്നും കൂടി അറിയപ്പെടുന്ന, ചാന്നാര്‍ അഥവാ നാടാര്‍ ലഹളയുടെ കാലത്തായിരുന്നു വൈകുണ്ഠ സ്വാമിയുടെ പ്രവര്‍ത്തനം. മതം മാറിയാല്‍ ജാതീയമായ വിവേചനങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും രക്ഷപ്പെടാമെന്ന, ക്രിസ്ത്യന്‍ മിഷനറിമാരുടെ വാദത്തിന്റെ പൊള്ളത്തരമാണ് ചാന്നാര്‍ കലാപത്തിലൂടെ വെളിവായതെന്ന് വൈകുണ്ഠ സ്വാമി വിശ്വസിച്ചു. 
സമത്വസമാജം എന്ന സംഘടന സ്ഥാപിച്ച സ്വാമി ചാന്നാട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും എല്ലാവര്‍ക്കും ബാധകമാണ് വസ്ത്രധാരണസ്വാതന്ത്ര്യമെന്നും പ്രഖ്യാപിക്കുകയും അത് നടപ്പാക്കുന്നതിന് ധൈര്യം പകരുകയും ചെയ്തു. മേല്‍ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാന്‍ താഴ്ന്ന ജാതിക്കാരോട് ആവശ്യപ്പെട്ടു. ഹിന്ദുമതത്തിലെ ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും തള്ളിപ്പറയുകയും ഒരു കണ്ണാടി സ്ഥാപിച്ച് തലപ്പാവ് ധരിച്ച് സ്വന്തം പ്രതിഛായ അതില്‍ നോക്കി അതിനെ വണങ്ങാന്‍ അധഃസ്ഥിതരെ ഉപദേശിക്കുകയും ചെയ്തു. 
കൂലിയില്ലാത്ത, ഊഴിയവഴി എന്ന നിര്‍ബന്ധിത ജോലി ചെയ്തുവന്നിരുന്ന പുലയര്‍, പറയര്‍, കുറവര്‍, ചാന്നാര്‍ തുടങ്ങിയ അടിയാളരില്‍ ചെറുത്തുനില്‍പിന്റെ വിത്തുകള്‍ പാകിയത് സ്വാമിയായിരുന്നു. ജാതീയ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി സഹപന്തിഭോജനം ആരംഭിച്ചതും വൈകുണ്ഠ സ്വാമിയുടെ സമത്വസമാജമാണ്. 
വിഗ്രഹപൂജയെയും ബഹുദൈവാരാധനയെയും നിശിതമായി എതിര്‍ത്ത വൈകുണ്ഠ സ്വാമി അയ്യാവഴി എന്ന പേരില്‍ വേറിട്ടൊരു മതം തന്നെ സ്ഥാപിച്ചു. ഇന്നും ഈ മതവിഭാഗം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനെ വേറെ മതമായി ഇന്ത്യാ ഗവണ്‍മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. കാനേഷുമാരിക്കണക്കില്‍ ഇത് ഇപ്പോഴും ഹിന്ദുമതത്തിന്റെ ഭാഗമാണ്. 

പാണ്ടിപ്പറയന്റെ തത്ത്വശാസ്ത്രം 

ജനിച്ചത് മലബാറിലെങ്കിലും തിരുവിതാംകൂര്‍ കേന്ദ്രീകരിച്ചു തന്നെയായിരുന്നു സുബ്ബയ്യന്‍ എന്ന തൈക്കാട് അയ്യാ (അയ്യാവു) സ്വാമികളും പ്രവര്‍ത്തിച്ചത്. ആദ്യം വൈകുണ്ഠ സ്വാമിക്കൊപ്പം സമത്വസമാജത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അയ്യാവ് പിന്നീട് സ്വന്തമായ ഒരു വഴി സ്ഥാപിച്ചു. 
സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കി എന്നതാണ് അയ്യാ സ്വാമികളുടെ പ്രത്യേകത. അതുപോലെ ജാതി, മത, ലിംഗ, വര്‍ഗ, വര്‍ണ ഭേദമെന്യേ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയും താഴ്ന്ന വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് തനിക്കും മറ്റ് ബ്രാഹ്മണര്‍ക്കുമൊപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്തു. തിരുവനന്തപുരത്ത് തൈക്കാട് വെച്ച് തൈപ്പൂയ സദ്യക്ക് സവര്‍ണര്‍ക്കൊപ്പം പുലയനായ അയ്യന്‍കാളിയെ ഇരുത്തി പന്തിഭോജനം നടപ്പാക്കി. ഇതിന്റെ പേരില്‍ തന്നെ പാണ്ടിപ്പറയന്‍ എന്ന് വിളിച്ചാക്ഷേപിച്ച സവര്‍ണരോട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 
'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍.' ഇതാണ് പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രധാന മുദ്രാവാക്യമായിത്തീര്‍ന്നത്. 
പില്‍ക്കാലത്ത് കേരള സാമൂഹിക നവോത്ഥാനത്തില്‍ നിസ്തുലമായ പങ്കാളിത്തം വഹിച്ച വലിയൊരു ശിഷ്യസമ്പത്തിനുടമയായിരുന്നു തൈക്കാട് അയ്യാ സ്വാമികള്‍. സ്വാതി തിരുനാള്‍, കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, പേഷ്‌കാര്‍ മീനാക്ഷി അയ്യര്‍ എന്ന് തുടങ്ങി തമിഴ് കവിയും സൂഫി തത്ത്വചിന്തകനുമായ തക്കലെ പീര്‍മുഹമ്മദ് ഒലിയുല്ല (പീര്‍ മുഹമ്മദ് ആപ്പ), പേട്ട ഫെര്‍നാസ്, മക്കടി ലബ്ബ, തോട്ടത്തില്‍ രാമന്‍ കണിയാന്‍, സ്വയംപ്രകാശ യോഗിനിയമ്മ (കൊല്ലത്തമ്മ) എന്നിവരുള്‍പ്പെടെ വിവിധ മതവിഭാഗങ്ങളിലും സാമൂഹിക പദവികളിലുമുള്ള ധാരാളം ശിഷ്യന്മാര്‍. 
ജാതീയതക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍പ്പെട്ട മൂന്നു പേര്‍ തൈക്കാട് അയ്യാ സ്വാമികളുടെ പ്രിയ ശിഷ്യന്മാരിലുള്‍പ്പെടുന്നു. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി എന്നിവരാണ് അവര്‍. അവരുടെ ചരിത്രം കൂടി സംക്ഷിപ്തമായി ഒന്ന് പരിശോധിക്കേണ്ടതുണ്ട്. 

വരേണ്യരെ വെല്ലുവിളിച്ച 'ചട്ടമ്പി' 

തിരുവനന്തപുരത്തെ കൊല്ലൂരില്‍ ഒരു നായര്‍ കുടുംബത്തില്‍ പിറന്ന, അയ്യപ്പന്‍ എന്ന കുഞ്ഞന്‍ പിള്ളയാണ് പിന്നീട് ചട്ടമ്പി സ്വാമികള്‍ എന്നറിയപ്പെട്ടത്. പാഠശാലകളില്‍ കുട്ടികള്‍ക്ക് നേതാവായി നിയമിക്കപ്പെടുന്ന കുട്ടിയെ ആണ് ചട്ടമ്പി എന്ന് വിളിക്കുക. പഠിക്കുമ്പോള്‍ ചട്ടമ്പിയായിരുന്ന കുഞ്ഞന് ആ പേര് സ്ഥിരപ്പെടുകയായിരുന്നു. 
ജാതി വ്യവസ്ഥയുടെയും ജാത്യധികാരത്തിന്റെയും അര്‍ഥശൂന്യതയെ തുറന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ മലയാള കൃതികള്‍ ചട്ടമ്പി സ്വാമികളുടേതാണ്. വേദാധികാര നിരൂപണമാണ് ഇതില്‍ ഏറ്റവും പ്രധാനം. തെക്കന്‍ തമിഴ്‌നാട്ടിലെ ഒരു ചര്‍ച്ചില്‍ താമസിച്ച് അവിടത്തെ പുരോഹിതനില്‍ നിന്ന് ക്രിസ്തുമത സിദ്ധാന്തങ്ങള്‍ പഠിച്ച കുഞ്ഞന്‍ പിള്ള കന്യാകുമാരിയിലെ ഒരു മുസ്‌ലിം പണ്ഡിതനില്‍നിന്ന് ഖുര്‍ആന്‍, സൂഫിസം, അറബി ഭാഷ എന്നിവയും അഭ്യസിച്ചു. അതിനും മുന്നേ തന്നെ ദക്ഷിണേന്ത്യന്‍ തത്ത്വശാസ്ത്രം, സംസ്‌കാരം, ശൈവ സമ്പ്രദായം, സിദ്ധവൈദ്യം, ചരിത്രം തുടങ്ങിയവ പഠിച്ചിരുന്നു. ക്രിസ്തുമതത്തെപ്പറ്റി രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ക്രിസ്തുമതസാരം എന്ന ഒന്നാമത്തെ പുസ്തകം യേശു ക്രിസ്തുവിന്റെ ജീവിതത്തെയും പ്രബോധനത്തെയും അധ്യാപനങ്ങളെയും പറ്റി പ്രതിപാദിക്കുമ്പോള്‍ രണ്ടാം പുസ്തകമായ ക്രിസ്തുമതഛേദനം മിഷനറിമാര്‍ പ്രബോധനം ചെയ്യുന്ന സാമ്പ്രദായിക ക്രിസ്തുമതം എപ്രകാരം ക്രിസ്തുവിന്റെ യഥാര്‍ഥ അധ്യാപനങ്ങളില്‍നിന്ന് വേര്‍പെട്ടിരിക്കുന്നു എന്നാണ് വിശദീകരിക്കുന്നത്. 
സൈദ്ധാന്തികമായി ജാത്യധികാരത്തെ വെല്ലുവിളിക്കുന്നതോടൊപ്പം ജാതീയതക്കെതിരായ പ്രായോഗിക പ്രതിരോധം ഉയര്‍ത്തുന്നതിനും അയ്യാ സ്വാമികളും ചട്ടമ്പി സ്വാമികളുമൊക്കെ പരിശ്രമിച്ചിരുന്നു. എല്ലാ ജാതിയില്‍പെട്ടവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് എത്ര താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പോലും സാഹിത്യം, മതം മുതലായ വിഷയങ്ങള്‍ പഠിക്കാനും അവയില്‍ സംവാദങ്ങള്‍ നടത്താനും പ്രയോജനപ്പെടുത്താനും പറ്റുന്ന വിധത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ചട്ടമ്പി സ്വാമികള്‍ അനൗപചാരിക സുഹൃദ് സംഘങ്ങള്‍ രൂപീകരിച്ചു. ജ്ഞാനപ്രജാഗരം, സഹൃദയ സമാജം തുടങ്ങിയ പേരുകളിലുള്ള സംഘങ്ങള്‍. ഇവയിലൂടെ മതം, ദര്‍ശനം എന്നിവ തൊട്ട് സാഹിത്യാദി കലകള്‍ ഉള്‍പ്പെടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിലുമൊക്കെ സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളെ വരെ വിജ്ഞരും ഉദ്ബുദ്ധരുമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇത്തരം ചര്‍ച്ചകളില്‍ അവര്‍ക്ക് സജീവമാകാന്‍ സാധിക്കുമാറ് മലയാള ഭാഷയെ വികസിപ്പിക്കാനുള്ള പരിശ്രമങ്ങളിലും സജീവമായി. 
ഇത്തരം സംഘങ്ങളിലെ സംവാദത്തിനും മറ്റും വേണ്ടി തയാറാക്കിയ കുറിപ്പുകളുടെ ശേഖരങ്ങളാണ് സ്വാമികളുടെ കൃതികള്‍ മിക്കവയും. സകല കലകളിലും നിപുണനുമായിരുന്നു ചട്ടമ്പി സ്വാമികള്‍. സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങിയവയിലെല്ലാം നിഷ്ണാത പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന് പഠനവും ഗവേഷണവുമൊക്കെ നിരന്തര തപസ്യയായിത്തീര്‍ന്നു. 
വീട്ടിലെ ദാരിദ്ര്യം കാരണം പഠനം പാതിയിലുപേക്ഷിച്ച് പല ജോലികള്‍ ചെയ്യേണ്ടിവന്നു, കുഞ്ഞന്‍ പിള്ളക്ക്. സെക്രട്ടേറിയറ്റ് നിര്‍മാണത്തിന് ഇഷ്ടികയും മണലും ചുമക്കുന്ന ജോലി മുതല്‍ക്ക് കൊല്ലൂര്‍ മഠക്കാരുടെ കണക്കെഴുത്തുകാരന്‍, വക്കീല്‍ ഗുമസ്തന്‍, ആധാരമെഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം ജീവിച്ചതു കൊണ്ടു തന്നെ എല്ലാ തലങ്ങളിലും പെട്ട നിരവധി സൗഹൃദങ്ങള്‍ അദ്ദേഹത്തിനുണ്ടായി. അത്തരം സൗഹൃദങ്ങളെല്ലാം അദ്ദേഹം തന്റെ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. 
ബ്രാഹ്മണരും അവരുടെ അധികാരതാല്‍പര്യങ്ങളുമാണ് കേരളത്തിലും ജാതി വ്യവസ്ഥ സൃഷ്ടിച്ചതെന്ന് ചട്ടമ്പി സ്വാമികള്‍ തിരിച്ചറിഞ്ഞിരുന്നു. അവര്‍ണരുടെ മേല്‍ സവര്‍ണര്‍ക്കുണ്ടായിരുന്ന ആധിപത്യമാണ് ജാതി വ്യവസ്ഥയുടെ കാതല്‍. ഈ സാഹചര്യം മുന്‍നിര്‍ത്തി വര്‍ണാശ്രമ വ്യവസ്ഥയെത്തന്നെ സ്വാമികള്‍ തള്ളിക്കളഞ്ഞു. തങ്ങള്‍ മഹത്തായ ഒരു പാരമ്പര്യത്തിന് ഉടമകളാണെന്നും സമൂഹത്തില്‍ തുല്യസ്ഥാനവും അവസരങ്ങളും തങ്ങളുടെയും അവകാശമാണെന്നുമുള്ള ബോധം അവര്‍ണരില്‍ സൃഷ്ടിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍