Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

ഇനിയും കിട്ടാത്ത കിടപ്പാടങ്ങള്‍

മുഹമ്മദ് യൂനുസ്

ജാതിവ്യവസ്ഥയുടെ ബീഭത്സ കാലം കഴിഞ്ഞു പോയെങ്കിലും ഇനിയും അവശേഷിക്കുന്ന അതിന്റെ തുരുത്തുകളാണ് കേരളത്തിലെ കോളനികള്‍.  കൃഷിക്കളങ്ങള്‍ക്ക് അനുബന്ധമായി കന്നുകാലികളും തൊഴുത്തും  കറ്റമെതിക്കാനുള്ള കളങ്ങളും  പത്തായപ്പുരകളും ഉണ്ടായിരുന്നതുപോലെ അടിമപ്പണിക്കാരും അവരുടെ  കുടിലുകളും ഉണ്ടായിരുന്നു. ജന്മിമാരുടെ കൃഷിനിലങ്ങളുടെ കൂടെ കന്നുകാലികളെ പോലെ  വളര്‍ത്തിക്കൊണ്ടുവന്നിരുന്ന വിഭാഗമായിരുന്നു  കേരളത്തിലെ ദലിത് സമൂഹം. പാട്ടക്കാരന്‍ മാറുമ്പോഴും കൃഷിക്കളം വില്‍ക്കുമ്പോഴും ജന്മിയുടെ  മകള്‍ക്ക് സ്ത്രീധനമായി കൃഷിനിലം  കൊടുക്കുമ്പോഴും ദലിത് അടിമപ്പണിക്കാരെയും  അതിനൊപ്പം പറിച്ചു മാറ്റി കുടിയിരുത്തിക്കൊണ്ടിരുന്നു. ഈ രീതി കേരളത്തിലുടനീളം നടന്നിരുന്നു. 
അന്നവര്‍ പൊതുസമൂഹത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴും ബഹിഷ്‌കൃതരായിരുന്നു. കൃഷിക്കളങ്ങള്‍ക്കു ചുറ്റും  പ്രദക്ഷിണം ചെയ്ത് തളര്‍ന്നു വീണു തീരുന്ന ജീവിതങ്ങള്‍.
തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ എന്ന സ്ഥലത്ത് സെന്‍സസ് നടത്താന്‍ ചെന്നപ്പോള്‍ ഒരു കോളനിയിലെ നൂറ്റമ്പതോളം കുടുംബങ്ങളിലെ എല്ലാവര്‍ക്കും ഒരേ വീട്ടുപേര്. അവരാവട്ടെ പരസ്പരം ബന്ധമുള്ളവരായിരുന്നില്ല. അന്വേഷണത്തിലറിഞ്ഞത് അടുത്ത കൃഷിപ്പാടത്തിന്റെ പേരാണ് അവരുടെയെല്ലാം  വീട്ടുപേരായതെന്നാണ്.  അവര്‍ ജോലിചെയ്തിരുന്ന കൃഷിക്കളം തന്നെ അവരുടെ മേല്‍വിലാസമായി മാറി. ജന്മിയുടെ വയലിന്റെ അനുബന്ധമോ അടിക്കുറിപ്പോ  മാത്രമായി മാറിയവര്‍.  ലോകത്ത് തന്റേതായി  ഒന്നും അവകാശപ്പെടാനില്ലാത്തവര്‍. അവര്‍ക്ക്  എന്തിനൊരു വിലാസം? പൊടിമണ്ണിനേക്കാള്‍ നിസ്സാരരായവര്‍ക്ക് പണിയെടുക്കുന്ന മണ്ണിന്റെ തന്നെ വിലാസം. എന്തായിരുന്നു കേരളത്തിലെ ദലിതവസ്ഥ എന്നറിയാന്‍ മറ്റൊരുദാഹരണം ആവശ്യമില്ല. 

ജാതിയും ഭൂമിയും

ഭൂമിയുടെ അവകാശം ബ്രാഹ്മണരും രാജാക്കന്മാരും ഒഴികെയുള്ളവര്‍ക്ക് ജാതി നിയമങ്ങളനുസരിച്ചു തന്നെ നിഷിദ്ധമായിരുന്നു.  രാജസ്വം, ബ്രഹ്മസ്വം, ദേവസ്വം. ഇതായിരുന്നു കേരളത്തിലെ സകല ഭൂമിയും. ആദിയില്‍ കാടും മേടും തരിശുമായിക്കിടന്നിരുന്ന ഭൂമിയുടെ മേലുള്ള ആധിപത്യം സമൂഹത്തിലെ ഒരു വിഭാഗം പിടിച്ചടക്കി. വേദങ്ങള്‍ അങ്ങനെ ചെയ്യാന്‍ അനുവാദം നല്‍കുന്നുണ്ട് എന്നതായിരുന്നു അതിനുള്ള ന്യായം. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തെ 64 ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണര്‍ക്ക് നല്‍കി. അങ്ങനെ ഭൂമി മുഴുവന്‍ ബ്രാഹ്മണരുടെ സ്വന്തമായി. അവരുടെ അനുവാദത്തോടെയാണ് കേരളത്തില്‍ രാജാക്കന്മാര്‍ ഭരിച്ചത്. ജാതിയില്‍ താഴ്ന്ന രാജാക്കന്മാരുള്‍പ്പെടുന്ന  ക്ഷത്രിയര്‍ ബ്രാഹ്മണര്‍ക്ക് കീഴിലായിരുന്നു.  
ദൈവത്തിന്റെ കൈകാര്യാധികാരവും ബ്രാഹ്മണര്‍ക്കായിരുന്നതിനാല്‍ ദേവസ്വം എന്നാല്‍ ബ്രാഹ്മണരുടെ സ്വന്തം എന്നു തന്നെയാണര്‍ഥം. ഐതിഹ്യങ്ങളും അര്‍ധ സത്യങ്ങളും  കൂടിക്കലര്‍ന്ന ഈ കഥ ഒരു നൂറ്റാണ്ടു മുമ്പു വരെ യാഥാര്‍ഥ്യം തന്നെയായിരുന്നു.  കേരളത്തിലേക്കു കടന്നുവന്ന വിദേശീയ അധിനിവേശകരും ഈ സാമൂഹിക ഘടനയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചില്ല. ജന്മികളും കുടിയാന്മാരും അടിയാന്മാരും എന്ന ഈ ഘടന തന്നെയാണ് കേരളത്തില്‍ ക്രിസ്ത്യന്‍,  മുസ്‌ലിം  മതവിശ്വാസികള്‍ വര്‍ധിച്ചതിനു ശേഷവും പൊതുവില്‍  പിന്തുടര്‍ന്നു പോന്നത്. രാജാക്കന്മാര്‍ ബ്രാഹ്മണരേക്കാള്‍ ശക്തി നേടിയപ്പോള്‍ തങ്ങളുടെ സഹായികളായ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ചിലയിടങ്ങളില്‍ ഭൂവുടമാവകാശം നല്‍കുകയുണ്ടായി. അങ്ങനെ ജന്മികളായവരും മിക്കവാറും  ബ്രാഹ്മണ ജന്മികളെപ്പോലെ തന്നെയാണ് പെരുമാറിയിരുന്നത്. ഇങ്ങനെ നായര്‍. ഈഴവ, മുസ്‌ലിം, ക്രിസ്ത്യന്‍ ജന്മികളും അപൂര്‍വമായെങ്കിലും കേരളത്തിലുമുണ്ടായി. 

ആദിവാസികളുടെ നിശ്ശബ്ദ നിര്‍മൂലനം

ഒപ്പം തന്നെ പരാമര്‍ശിക്കപ്പെടേണ്ടതാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍. കാട്ടിനകത്തെ വിശാല ലോകത്ത് സ്വന്തമായി തീര്‍ത്ത സാമ്രാജ്യങ്ങളിലെ അധിപന്മാരായിരുന്നു അവര്‍. ഓരോ ആദിവാസി ഗോത്രവിഭാഗവും ഓരോ ദേശവും ദേശീയതയുമായിരുന്നു. സ്വന്തമായ ആചാരാനുഷ്ഠാനങ്ങളും ഭാഷയും കലകളും സംസ്‌കാരവും മുതല്‍ ഭരണകൂടങ്ങള്‍ വരെ ഓരോ ഗോത്രവിഭാഗങ്ങള്‍ക്കുമുണ്ടായിരുന്നു. വിശാലമായ കാടുമുഴുവന്‍ അവരുടെ സ്വന്തമായിരിക്കെ അവര്‍ക്ക് സ്വന്തം ഭൂമിയെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു. പാശ്ചാത്യ അധിനിവേശകര്‍ പ്ലാന്റേഷന്‍ ആരംഭിക്കുന്നതോടെയാണ് കാടിനകത്തും ഭൂമി സ്വന്തമാക്കുന്നത് ലാഭകരമാണ് എന്ന ചിന്ത നാട്ടുകാര്‍ക്കുമുണ്ടായത്. അതോടെ കാട് കൈയേറി ജന്മിമാരാവുന്ന പ്രവണതയും ഉടലെടുത്തു. പാശ്ചാത്യ അധിനിവേശകരോടൊപ്പം നാട്ടുപ്രമാണിമാരും കാടു കൈയേറാന്‍ തുടങ്ങി. ആദിവാസികളുടെ ആവാസ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെടുകയും അവരെ ആട്ടിയോടിക്കുകയും അടിമപ്പണിക്കാരാക്കി മാറ്റുകയുമൊക്കെ ചെയ്യുന്നത് അങ്ങനെയാണ്. നാട്ടിലെ ദലിത് വിഭാഗത്തെ പോലെ കാട്ടിലെ ആദിവാസികളും വലിയൊരു പരിധി വരെ അടിമ ജോലിക്കാരായി മാറി. പുറം ലോകമറിയാതെ നടന്ന നിശ്ശബ്ദ ചൂഷണങ്ങളുടെ രക്തമുറയുന്ന കഥകള്‍ ഇന്നും പഴയ ആദിവാസിപ്പാട്ടുകളില്‍ കേള്‍ക്കാന്‍ സാധിക്കും.  
എസ്.കെ പൊറ്റക്കാട്  തന്റെ 'ദേശത്തിന്റെ കഥ'യില്‍ ഗദ്ദ എന്നൊരു ക്രൂര വിനോദത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. മൈസൂര്‍ കാടുകളില്‍ നാട്ടാനകളുടെ സഹായത്തോടെ കാട്ടാനകളെ പിടിക്കുന്നതിന് പറഞ്ഞിരുന്ന പേരാണ് ഗദ്ദ. നാട്ടു ജന്മിമാരും ബ്രിട്ടീഷുകാരുമൊന്നിച്ച് പലപ്പോഴും കാടുകയറി ഉന്മാദോത്സവങ്ങള്‍ക്ക് വഴികള്‍ തേടാറുണ്ട്. മദ്യവും മയക്കുമരുന്നുമൊക്കെയുണ്ടായിരുന്ന ഇത്തരം അര്‍മാദ വേളകളില്‍ ആദിവാസി പെണ്ണുങ്ങളെ നാട്ടു പെണ്ണുങ്ങളുടെ സഹായത്തോടെ പിടിച്ചുകൊണ്ടുവന്നു കാടിനുള്ളിലെ മൈതാനത്ത് കൂട്ടമായി ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു.  ആ നിഷ്‌കളങ്ക ജന്മങ്ങളുടെ കൊലയിലാണ് ഈ പരിപാടി മിക്കപ്പോഴും അവസാനിക്കുക. 
ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന്  നാട്ടുജന്മികള്‍ ഇത് നടപ്പാക്കുന്നത് പൊറ്റക്കാട് വിവരിക്കുന്നുണ്ട്.  പലവിധങ്ങളായ ചൂഷണങ്ങളിലൂടെ ആദിവാസി വംശങ്ങളുടെ വേരറുക്കല്‍ തന്നെയാണ് തുടര്‍ന്നു പോന്നത്. വന്മരങ്ങള്‍ നിറഞ്ഞ കാട്ടിലെ പുല്‍ക്കൊടികള്‍ അവഗണിക്കപ്പെടുന്നതു പോലെ മനുഷ്യജീവിയെന്ന നിലയിലുള്ള കണ്‍നോട്ടങ്ങള്‍ പോലും കിട്ടാതെയാണ് കേരളത്തിലെ ആദിവാസി ദലിത് സമൂഹങ്ങള്‍ കഴിഞ്ഞുകൂടിയിരുന്നത്. കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണ നിയമങ്ങളൊന്നും ഇവരെ സ്പര്‍ശിക്കുക പോലും ചെയ്യാതിരുന്നത് അതുകൊണ്ടാണ്. 

പുറത്തുനിര്‍ത്തപ്പെട്ട പൗരവിഭാഗം 

എല്ലാ പൗരന്മാര്‍ക്കും വേണ്ടിയാണ് ജനാധിപത്യ സോഷ്യലിസ്റ്റ്  റിപ്പബ്ലിക്കുകളില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നത് എന്നാണ് സങ്കല്‍പം. ജന്മിത്വം അവസാനിപ്പിക്കാന്‍ നിയമമുണ്ടാക്കിയപ്പോള്‍ അവരില്‍ നിന്ന് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കുടിയാന്മാരെ മാത്രമേ നിയമനിര്‍മാതാക്കള്‍ കര്‍ഷകരായി പരിഗണിച്ചുള്ളു. കുടിയാന്മാര്‍ കാര്‍ഷിക സംരംഭകരായിരുന്നു. ചേറില്‍ ഇറങ്ങി അധ്വാനിച്ചിരുന്ന യഥാര്‍ഥ കര്‍ഷകര്‍ അതിലും താഴെയുള്ള ഭൂരിപക്ഷം വരുന്ന ദലിതുകളും മറ്റു പരമ ദരിദ്ര വിഭാഗങ്ങളുമായിരുന്നു. അവര്‍ എങ്ങനെ കര്‍ഷകരാവും, അവര്‍ അതിലും താഴ്ന്ന വെറും  തൊഴിലാളികള്‍ മാത്രമല്ലേ എന്ന പൊതുബോധം തന്നെയായിരുന്നു സമത്വത്തിന്റെ  ഏകദര്‍ശനമാണ് എന്നവകാശപ്പെടുന്ന സോഷ്യലിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും  വക്താക്കള്‍ക്കും ഉണ്ടായിരുന്നത്. ആദ്യവിഭാഗത്തിന് കൃഷിഭൂമി നല്‍കണമെന്ന് തീരുമാനമെടുത്തപ്പോള്‍ മറ്റേ വിഭാഗത്തിന് കുടിലുകെട്ടാനിടം മാത്രം കൊടുത്താല്‍ മതി എന്ന നിയമം ഉണ്ടാക്കിയത് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരായിരുന്നു. അതാവട്ടെ, അവര്‍ ഒട്ടും വെളളം ചേര്‍ക്കാത്ത  മാര്‍ക്‌സിസത്തിന്റെ വിപ്ലവ സ്വപ്‌നങ്ങളുടെ  വക്താക്കളായിരുന്ന കാലത്തും. 
നിയമത്തിലുണ്ടാക്കിവെച്ച  ഈയൊരു വിവേചനമാണ് കേരളത്തില്‍ പുരാതന സവര്‍ണ ഫ്യൂഡല്‍ ജാതിവ്യവസ്ഥയുടെ ഉല്‍പന്നമായ ഒരു  ജാതി വിഭാഗം തുടര്‍ന്നും അധഃസ്ഥിതരായി നിലനില്‍ക്കുന്നതിനിടയാക്കിയത്. മൂന്നര ലക്ഷത്തോളം ഭൂരഹിതരും ബഹിഷ്‌കൃതരുമായ കുടുംബങ്ങള്‍ കേരളത്തില്‍ ഇപ്പോഴും അവശേഷിക്കാന്‍ കാരണമതാണ്. അതുകൊണ്ടുതന്നെയാണ് സ്വന്തം ശേഷികള്‍ തിരിച്ചറിഞ്ഞു വളര്‍ത്തിയെടുത്ത് വിലപേശല്‍ ശക്തികളായി മാറാന്‍ ഈ വിഭാഗങ്ങള്‍ക്ക് മാത്രം കേരളത്തില്‍ സാധിക്കാതെ പോയതും. ആ വിഭാഗങ്ങളാവട്ടെ കേരള മണ്ണിന്റെ യഥാര്‍ഥ അവകാശികളായിരുന്നു. മണ്ണില്‍ അധ്വാനിച്ച് ജനതയെ മുഴുവന്‍ ഊട്ടിയത് അവരായിരുന്നു. സവര്‍ണ പൊതുബോധം തന്നെയാണ് അദൃശ്യമായി ഈ വിഭജനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളത്തിലെ ഭൂപരിഷ്‌കരണ പ്രസ്ഥാനം ഈ വിധം വിഭാഗീയമായതിന് മറ്റൊരു കാരണം കണ്ടെത്താന്‍ ഇതുവരെ സാധ്യമായിട്ടില്ല. പൊതു ബോധങ്ങള്‍ അബോധമായി പ്രവര്‍ത്തിച്ച് മാരകമായ പ്രതിഫലനങ്ങളുണ്ടാക്കുന്നവയാണ് എന്നതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണിത്. സമത്വത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെട്ടവര്‍ക്കു പോലും അതിനെ മറികടക്കാനായില്ല. 
പൊതുബോധങ്ങളുടെ ശക്തി എത്ര വലുതും അപകടകരവുമാണ് എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മുന്‍വിധികള്‍ നിറഞ്ഞ പൊതുബോധങ്ങളെ അടിസ്ഥാനമാക്കിയുള്ള  പൗരത്വ നിഷേധ നിയമവും ലൗ ജിഹാദ് പോലുള്ള പ്രയോഗങ്ങളും അതിനെയൊക്കെ അവലംബിച്ചുകൊണ്ടുണ്ടാക്കുന്ന നിയമങ്ങളും ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കും എന്ന് ഈ സാഹചര്യത്തില്‍ ഊഹിക്കാവുന്നതേയുള്ളു. 

പരിഷ്‌കാരങ്ങള്‍ കൊണ്ട് പറിച്ചെറിയപ്പെട്ടവര്‍

1957 ഡിസംബര്‍ 21-ന് ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്ന ആദ്യത്തെ ഐക്യ കേരള മന്ത്രിസഭയില്‍ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ പിന്നീട് ഭൂപരിഷ്‌കരണം എന്നറിയപ്പെട്ട അഗ്രേറിയന്‍ റിലേഷന്‍ ബില്ല് അവതരിപ്പിക്കുമ്പോള്‍ യഥാര്‍ഥ കര്‍ഷകത്തൊഴിലാളികളായ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ ചിത്രത്തിലെങ്ങും ഉണ്ടായിരുന്നില്ല. അതിനുമെത്രയോ മുമ്പ് 1929-ല്‍ തന്നെ ഭൂബന്ധങ്ങളെ ജാതിവ്യവസ്ഥയുണ്ടാക്കിയ ജന്മിത്വത്തില്‍നിന്ന് വേര്‍പെടുത്തുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ ആരംഭിച്ചിരുന്നു. 1929-ലെ മലബാര്‍ കുടിയായ്മാ നിയമം, 1934-ലെ കൊച്ചി വെറും പാട്ടം കുടിയാന്‍ നിയമം, 1950-ലെ തിരു-കൊച്ചി വിധി നടത്തുനിര്‍ത്തിവെക്കല്‍ നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധനനിയമം, 1954-ലെ തിരു-കൊച്ചി കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍, 1957-ലെ ഒഴിപ്പിക്കല്‍ നിരോധന നിയമം - ഇവയിലൊന്നും ഭൂരഹിതരായ ആദിവാസികളെയും ദലിതുകളെയും കണക്കിലെടുത്തിട്ടുണ്ടായിരുന്നില്ല.
ആദിവാസികള്‍ കൃഷിയോഗ്യമാക്കിയ ഭൂമിയുടെ കൈയേറ്റം സ്വാതന്ത്ര്യത്തിനു മുമ്പേ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് തോട്ടങ്ങളിലേക്ക് തൊഴിലാളികളെ ലഭിക്കുന്നതിനുവേണ്ടി അവര്‍ നാട്ടില്‍നിന്ന് കാട്ടിലേക്കുള്ള കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചു. കുടിയേറി വന്നവര്‍ പലവിധത്തില്‍  ആദിവാസി ഭൂമികള്‍ തട്ടിയെടുക്കാന്‍ തുടങ്ങി. 
സ്വാതന്ത്ര്യാനന്തരമാവട്ടെ കാടുകള്‍ കൈയ്യടക്കാന്‍ മോഹിച്ചെത്തിയവരുടെ കുത്തൊഴുക്കായിരുന്നു. തെക്കന്‍ കേരളത്തില്‍നിന്ന് വടക്ക് പാലക്കാടും വയനാടും കോഴിക്കോടും കണ്ണൂരുമെല്ലാം കുടിയേറ്റക്കാര്‍ കൂട്ടമായി ഒഴുകിയെത്തി. കാട് വെട്ടിപ്പിടിച്ചതിനൊപ്പം ആദിവാസികളുടെ കൃഷിഭൂമികള്‍ കൂടി അനായാസമായി കുടിയേറ്റക്കാരുടെ കൈകളിലെത്തി. കാട്ടിലെ രാജാക്കന്മാര്‍ നാട്ടിലെ കുടിയേറ്റക്കാരന്റെ കൂലിപ്പണിക്കാരായി. സി. അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത്  ആദിവാസി ഭൂനിയമം പാസ്സാക്കി. അന്യാധീനപ്പെട്ട മുഴുവന്‍ ആദിവാസി ഭൂമിയും തിരിച്ചുപിടിച്ചുകൊടുക്കാന്‍ നിയമം വിഭാവനം ചെയ്തു. പലവട്ടം കോടതി കയറിയും ചട്ടങ്ങളുണ്ടാക്കുന്നത് മാറ്റിവെക്കപ്പെട്ടും ആ നിയമം ഒരിക്കലും നടപ്പിലാക്കപ്പെടുകയുണ്ടായില്ല. ഏതെല്ലാം കോണുകളില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ടാവാം എന്ന് ഊഹിക്കാവുന്നതേയുള്ളു. കാടു നഷ്ടപ്പെട്ട ആദിവാസികള്‍  ഊരുകളിലെ കുടിലുകളിലൊതുങ്ങി. നാട്ടില്‍ ജനസംഖ്യാവിസ്‌ഫോടനം നടക്കുമ്പോള്‍ തൊട്ടപ്പുറത്ത് പട്ടിണിയും രോഗങ്ങളും ആദിവാസി ജനസംഖ്യ ഗണ്യമായി കുറച്ചുകൊണ്ടിരുന്നു. 1956-ല്‍ പാസ്സാക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമവും കോടതി കയറിയും മാറ്റിവെക്കപ്പെട്ടും ഭാഗികമായെങ്കിലും നടപ്പിലാക്കപ്പെട്ടത് 1970-നു ശേഷമാണ്. 
ഭൂമി പാട്ടത്തിനെടുത്ത കുടിയാന് കൃഷിഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചപ്പോള്‍  ഭൂരിഭാഗവും ദലിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് കുടിലുകെട്ടാനുള്ള കുടികിടപ്പവകാശമാണ് ലഭിച്ചത്. മതസ്ഥാപനങ്ങളെയും തോട്ടം മേഖലയെയും നിയമത്തില്‍നിന്ന് ഒഴിവാക്കിയതിലൂടെ വ്യാപകമായ വെട്ടിപ്പാണ് നടന്നത്. ട്രസ്റ്റുകള്‍ രൂപീകരിച്ചും വസ്തു ഭാഗം വെച്ച് കഷ്ണങ്ങളാക്കി മാറ്റി പരമാവധി 15 ഏക്കര്‍ എന്ന പരിധി മറികടന്നുമൊക്കെ ജന്മിമാര്‍ സ്വത്ത് നിലനിര്‍ത്തി. കുടികിടപ്പവകാശം നല്‍കുന്നതിലാണ്  ഇതിലും വലിയ തിരിമറികള്‍ നടന്നത്. ഗ്രാമങ്ങളില്‍ 10 സെന്റ്, ചെറിയ നഗരങ്ങളില്‍ 5 സെന്റ്, കോര്‍പറേഷനുകളില്‍ 3 സെന്റ് വീതമായിരുന്നു കുടികിടപ്പവകാശം.  കൃഷിഭൂമിയില്‍ അവകാശം ലഭിക്കാതിരുന്നതിനാല്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ജോലിക്കായി പഴയ പോലെ തന്നെ പുതിയ ജന്മികളുടെ ആശ്രിതരായി തന്നെ തുടരേണ്ടി വന്നു. ഭൂരിഭാഗം പേരും നിയമം നടപ്പാവുന്നതിനുമുമ്പ് കുടികിടപ്പുകാരെ ഒഴിപ്പിച്ച് പുറമ്പോക്കുകളിലേക്ക് തള്ളിമാറ്റി. നല്‍കിയ ഭൂമി തന്നെ പലരും പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചു വാങ്ങി. രേഖകള്‍ നല്‍കാതെ ചതിച്ചവരുമുണ്ട്. പട്ടയരേഖകള്‍ നല്‍കിയവര്‍ തന്നെ പിന്നീട് തിരിച്ചെഴുതി വാങ്ങിയെടുത്ത നിരവധി സംഭവങ്ങളുണ്ടായി.  ഇതിനൊന്നും തടയിടാന്‍ സര്‍ക്കാറുകള്‍ക്ക് സാധിച്ചില്ല. അതിനു വേണ്ടി നിയമങ്ങളുണ്ടാക്കാന്‍ ആരും താല്‍പര്യമെടുത്തില്ല. ഇതിന്റെയെല്ലാം  ഫലമായി  ഭൂപരിഷ്‌കരണത്തിനു ശേഷവും ലക്ഷക്കണക്കിന് ദലിതുകള്‍ കിടപ്പാടം പോലുമില്ലാത്ത  ഭൂരഹിതരായി അവശേഷിച്ചു. 
ഇത് തിരിച്ചറിഞ്ഞ സി.പി.എം തന്നെ എഴുപതുകളില്‍  എ.കെ.ജിയുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരം നടത്തിയെങ്കിലും കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതില്‍ അതൊന്നും വിജയിച്ചില്ല. കൃഷിക്കാരന് കൃഷിഭൂമി കിട്ടിയില്ല എന്നു മാത്രമല്ല ഭൂമി കിട്ടിയ പാട്ടക്കാരന്‍ കൃഷി അവസാനിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് തുടര്‍ന്ന് കേരളം കണ്ടത്. ഉപഭോഗ സംസ്ഥാനമായി മാറിക്കൊണ്ടിരുന്ന കേരളത്തില്‍ കുടിയാന്മാരുടെ അടുത്ത തലമുറ ലാഭകരമല്ലാതായിത്തീര്‍ന്ന കൃഷി ഉപേക്ഷിച്ചു. മറ്റു ജോലികളിലേക്ക് അവര്‍ മാറിയപ്പോള്‍ കൃഷി ഭൂമി തരിശായി. കേരളത്തിലെ മധ്യ-ഉപരി വിഭാഗങ്ങള്‍ ഭൂമിയെ നിക്ഷേപ വസ്തുവാക്കി മാറ്റിയതോടെ കൃഷിഭൂമികള്‍ വ്യാപകമായി പറമ്പുകളായി. ഭൂമിയുടെ വില  അസാധാരണമായ വിധത്തില്‍ വര്‍ധിച്ചു. അവയില്‍ വലിയ  വീടുകള്‍ നിറഞ്ഞു. 
ചുരുക്കത്തില്‍ ഭൂപരിഷ്‌കരണം കൊണ്ട് ആര്‍ക്കാണോ യഥാര്‍ഥത്തില്‍ നേട്ടമുണ്ടാവേണ്ടിയിരുന്നത് അവര്‍ക്ക് മാത്രം ഒന്നും കിട്ടിയില്ല. 

ലൈഫ് ഭവന സമുച്ചയങ്ങള്‍ പരിഹാരമല്ല 

1957-ല്‍ ഗൗരിയമ്മ ഭൂപരിഷ്‌കരണ ബില്ല്  അവതരിപ്പിക്കുമ്പോള്‍  21 ലക്ഷം ഏക്കര്‍ മിച്ചഭൂമിയുണ്ട് എന്നായിരുന്നു കണക്ക്. ഭൂരഹിതര്‍ക്ക് അഞ്ചേക്കര്‍ വീതം നല്‍കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 1968-ല്‍ നേരത്തേ പറഞ്ഞ അനേകം തിരിമറികള്‍ക്കു ശേഷം അതിന്റെ അളവ്  7.5 ലക്ഷം ഏക്കറായി കുറഞ്ഞു. അതില്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞത് ഒരു ലക്ഷത്തില്‍ താഴെ ഏക്കറുകള്‍ മാത്രം. 71400 ഏക്കറാണ് വിതരണം ചെയ്തത് എന്ന് തോമസ് ഐസക് പറയുന്നു. ഇതെല്ലാം ലഭിച്ചത് കുടിയാന്മാര്‍ക്കു മാത്രമാണ്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ അടക്കം ഇപ്പോള്‍ കേരളത്തില്‍ അഞ്ചര ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി ലഭ്യമാണെന്ന് ഡോ. രാജമാണിക്യം കമീഷന്‍ കണ്ടെത്തിയിരുന്നു. 
അടിയാന്മാരില്‍ കുറേപ്പേര്‍ക്ക് പത്ത് സെന്റ് വീതം  ഉദാരമതികളായ സഹൃദയന്മാരില്‍നിന്ന് ലഭിക്കുകയുണ്ടായി. ബാക്കിയുള്ള സമര്‍ഥര്‍ പലതരം തിരിമറികളിലൂടെ  അത് വിട്ടുകൊടുക്കുന്നത് ഒഴിവാക്കി. 
25 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി അവശേഷിച്ചു. അവര്‍ക്കു വേണ്ടി കൊണ്ടുവന്ന  വ്യത്യസ്ത പദ്ധതികളാണ് അവരെ കോളനിവാസികളാക്കിയത്. മൂന്നു സെന്റ് കോളനികളാണ് ആദ്യം വന്നത്. തുടര്‍ന്ന് ലക്ഷം വീട് കോളനികളുണ്ടായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഭവന പദ്ധതികളുണ്ടായി. ഇതെല്ലാം തന്നെ കോളനികളിലാണ് നടപ്പാക്കപ്പെട്ടത്. പണ്ട് കൃഷിപ്പണിക്കാരായിരുന്ന കാലത്ത് പൊതു സമൂഹത്തിനു നടുവില്‍ തന്നെ ബഹിഷ്‌കൃതരായവര്‍ കോളനിവല്‍ക്കരിക്കപ്പെട്ടപ്പോള്‍ പൊതുസമൂഹത്തിനു പുറത്തേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ട് സമ്പൂര്‍ണമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും  ബഹിഷ്‌കരിക്കപ്പെടുകയും ചെയ്തു.  ഇപ്പോള്‍ 337416 പേരാണ് ഭവനരഹിതരായി ലൈഫ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. നിയമസഭയില്‍ വെച്ച കണക്കനുസരിച്ച് ഇതില്‍ എല്ലാ ന്യൂനതകളും തീര്‍ത്ത യഥാര്‍ഥ ഭൂരഹിതരുടെ എണ്ണം 243928 ആണ്. 
കേരളത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതിനുള്ള കേരളാ സര്‍ക്കാര്‍  പദ്ധതിയെന്ന പ്രഖ്യാപനത്തോടെയാണ് ലൈഫ് പദ്ധതി ആരംഭിക്കുന്നത്.  ലൈഫ് പദ്ധതി ഗുണഭോക്താക്കളെ പരിഗണിക്കുന്നതിന്റെ ക്രമം തന്നെ വിമര്‍ശന വിധേയമാണ്. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് ആദ്യം. തുടര്‍ന്ന് ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള ഊഴമാണ്. അവസാനമായാണ് ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് അവസരം നല്‍കപ്പെടുന്നത്. ഭൂമിയും വീടും രണ്ടുമില്ലാത്തവരെയല്ലേ ആദ്യം പരിഗണിക്കേണ്ടിയിരുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ  വ്യത്യസ്ത ഭവന പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.  ഇ.എം.എസ് സമ്പൂര്‍ണ ഭവന പദ്ധതി, ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ), പ്രധാനമന്ത്രി ആവാസ് യോജന (നഗരം) - PMAY(U), പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) - ജങഅഥ(ഏ), രാജീവ് ആവാസ് യോജന (ഞഅഥ), ബേസിക് സര്‍വീസസ് ഫോര്‍ അര്‍ബന്‍  പുവര്‍ PMAY(G), സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (RAY), ഇവയുടെയെല്ലാം ഫണ്ടുകള്‍  സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. തനത് ഫണ്ടുകളും പൊതുജനങ്ങളില്‍നിന്നുള്ള സംഭാവനകളും ഉപയോഗപ്പെടുത്തുന്നുണ്ട്. 
മൂന്നാമത്തെ വിഭാഗമായ ഭൂരഹിതരായ ഭവനരഹിതര്‍ക്കു വേണ്ടി  ഓരോ പഞ്ചായത്തിലും  നൂറോ അതിലധികമോ കുടുംബങ്ങളെ ഒന്നിച്ചു താമസിപ്പിക്കാന്‍ കഴിയുന്ന ഫ്‌ളാറ്റ് / പാര്‍പ്പിട സമുച്ചയങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഏതാനും ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. 29 സമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നടന്നുകഴിഞ്ഞു. ഈ നിരക്കില്‍ മുന്നോട്ടു പോയാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത് പരമാവധി രണ്ടായിരം ഭൂരഹിത ഭവനരഹിതര്‍ക്ക് ഫ്‌ളാറ്റ് ലഭ്യമാക്കാന്‍ സാധിച്ചേക്കും. 
ഓരോ ഫ്ളാറ്റിന്റെയും വിസ്തീര്‍ണം പരമാവധി  450 സ്‌ക്വയര്‍ ഫീറ്റ് മാത്രമാണ്.  ഈ ഫ്‌ളാറ്റുകളുടെ ഉടമസ്ഥത സര്‍ക്കാറിനായിരിക്കും. താമസിക്കാനുള്ള അവകാശം മാത്രമാണ് ഗുണഭോക്താവിന് ലഭിക്കുക. 

ജാതി ചൂഷണങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യണം

സമൂഹത്തില്‍ തുല്യതയുള്ള പൗരനായി പരിഗണിക്കപ്പെടാന്‍  കോളനികള്‍ തന്നെ തടസ്സമാണെന്നിരിക്കെ  ഇവരെ ഇടുങ്ങിയ ഫ്‌ളാറ്റുകളിലേക്കു തള്ളുന്നത് പാര്‍ശ്വവല്‍ക്കരണം രൂക്ഷമാക്കാനാണ് ഇടവരുത്തുക .  അത്തരം ഫ്‌ളാറ്റുകള്‍ സംവരണം ചെയ്യപ്പെട്ടതുപോലെ ദലിതുകളോ ആദിവാസികളോ മത്സ്യത്തൊഴിലാളികളോ മാത്രം നിറഞ്ഞവയായി പരിണമിക്കും. പുറംലോകം അവര്‍ക്കു മുന്നില്‍ വാതിലടക്കും. അവരുമായുള്ള സമ്പര്‍ക്കം കൂടുതല്‍ പരിമിതപ്പെടും. വിവാഹം, ആഘോഷങ്ങള്‍ തുടങ്ങി എല്ലാ സാമൂഹിക-സാംസ്‌കാരിക ഇടപാടുകള്‍ക്കും മറ്റൊരു പ്രത്യേക ചേരി തുറക്കപ്പെടും. സാധാരണ ജനങ്ങള്‍ എന്ന പൊതു സമൂഹം അതിനെ റെഡ് സ്ട്രീറ്റ് എന്ന പോലെ ബഹിഷ്‌കൃതരുടെയോ അധഃസ്ഥിതരുടെയോ ഇടങ്ങളിലൊന്നായി അവമതിക്കും. അവിടെ താമസിക്കുന്നവരില്‍ ഈ അപകര്‍ഷത സ്വാഭാവികമായി അലിഞ്ഞുചേരും. അവരെ ഫ്‌ളാറ്റുകളിലാക്കുമ്പോള്‍ സംഭവിക്കുക കോളനികളിലാക്കിയപ്പോള്‍ സംഭവിച്ചതിനേക്കാള്‍ വലിയ സാമൂഹിക ബഹിഷ്‌കരണമായിരിക്കും. ചുരുക്കത്തില്‍ ജാതിവ്യവസ്ഥയുടെ ബഹിഷ്‌കരണം മറ്റൊരു രീതിയില്‍ തുടരും . 
സ്ഥിരമായ പാര്‍പ്പിടം കേരളത്തില്‍  വ്യക്തികളുടെ സാമൂഹികാംഗീകാരത്തിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്നാണ്. സമൂഹവുമായുള്ള ജൈവബന്ധമാണ് പാര്‍പ്പിടങ്ങളിലൂടെ സ്ഥാപിതമാവുന്നത്.  വര്‍ഷങ്ങളായി ഒരു നാട്ടില്‍ താമസിക്കുമ്പോള്‍ ഉണ്ടായിവരുന്നതാണ് സമൂഹത്തിലെ ജൈവിക ബന്ധങ്ങള്‍.  പൊതുവായ പാര്‍പ്പിട മേഖലകളില്‍നിന്നു മാറി  പ്രത്യേക സാമൂഹിക വിഭാഗത്തിന്റേതു മാത്രമായ ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്  അവരെ മാത്രം ഒറ്റപ്പെടുത്തുന്നതിനാണ് ഉപകരിക്കുക.  ഒരിടത്ത് താമസിച്ച് സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുമ്പോഴേക്ക് മറ്റൊരിടത്തേക്ക് പറിച്ചെറിയപ്പെടാന്‍ എക്കാലത്തും  വിധിക്കപ്പെട്ടവരായിരുന്നു കേരളത്തിലെ ദലിതരും  ആദിവാസികളുമടങ്ങുന്ന ഭൂരഹിതര്‍. 
നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയുടെ പ്രഹരങ്ങളേറ്റ് വളര്‍ച്ച തടയപ്പെട്ട  ഒരു ജനസമൂഹത്തോട്  പ്രായശ്ചിത്തം ചെയ്യേണ്ട ബാധ്യത നിശ്ചയമായും കേരള സമൂഹത്തിനുണ്ട്. അവരെ ഉന്നത നിലവാരത്തില്‍ തന്നെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം കേരള ജനതക്കു വേണ്ടി ഇവിടെയുള്ള സര്‍ക്കാറുകള്‍ ഏറ്റെടുക്കണം. എങ്കില്‍ മാത്രമേ കേരളത്തില്‍ സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ പൂര്‍ണതയിലെത്തൂ. അതല്ലെങ്കില്‍  അനീതികളുടെ സാക്ഷ്യമായി ഒരു വലിയ വിഭാഗം ജനസമൂഹങ്ങള്‍  നമ്മുടെ വികസന കാപട്യങ്ങളെ തുറന്നുകാണിക്കുന്ന വിധത്തില്‍ എക്കാലത്തും ഇവിടെ അവശേഷിക്കും. 
കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഏക്കര്‍  കൃഷിയോഗ്യമായ ഭൂമി തരിശായിക്കിടക്കുന്നുണ്ട്. കേരളത്തിന്റെ തെക്കുവടക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ തന്നെ ഇത് കാണാം.  ഡോ. എം.ജി രാജമാണിക്യം കണ്ടെത്തിയ തോട്ടഭൂമികള്‍ ഉള്‍പ്പെടുന്ന  അഞ്ചര ലക്ഷം ഏക്കര്‍ വേറെയുമുണ്ട്. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഒരേക്കറെങ്കിലും നല്‍കുകയാണ് വേണ്ടത്. അതിനടുത്ത് തന്നെ അവര്‍ക്ക്  വീടും നല്‍കണം. കൃഷി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പൊതുവായ പാര്‍പ്പിട പ്രദേശങ്ങളില്‍ തന്നെ ഭൂമിയും അതില്‍ വീടും നല്‍കുന്നതിനാണ് സര്‍ക്കാറുകള്‍ തയാറാവേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍