Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

ലൗ ജിഹാദ് അവസാനിക്കാത്ത കള്ളപ്രചാരണങ്ങള്‍

വി.എം റമീസുദ്ദീന്‍

യു.പിയിലെ മുറാദാബാദില്‍ റാശിദ് എന്ന മുസ്ലിം യുവാവിനെ പുതിയ 'മതപരിവര്‍ത്തന നിരോധന നിയമം'  ചുമത്തി ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം പോലീസ് അറസ്റ്റുചെയ്തു. ഭാര്യ പിങ്കി എന്ന 22 വയസ്സുകാരിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന പേരില്‍ ലൗ ജിഹാദ് ആരോപിച്ചായിരുന്നു അറസ്റ്റ്. ഗര്‍ഭിണിയായിരുന്ന പിങ്കിയെ 'നാരി നികേതന്‍' എന്ന സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്ക് അയക്കുകയും അവിടെ വെച്ച് യുവതിയുടെ ഗര്‍ഭം അലസിപ്പോവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു.  ഡിസംബര്‍ പകുതിയോടെ കേസില്‍ തെളിവൊന്നും കണ്ടെത്താന്‍ കഴിയാതെ റാശിദിനും ഒപ്പം അറസ്റ്റു ചെയ്ത സലീമിനും കോടതി ജാമ്യം അനുവദിച്ചു. 
ഉത്തര്‍പ്രദേശില്‍ 2020 നവംബര്‍ 24-ന് 'നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം' പാസ്സായതിനു ശേഷം ഒരു മാസത്തിനുള്ളില്‍ ലൗ ജിഹാദ് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട മുപ്പതോളം മുസ്ലിം യുവാക്കളില്‍ ഒരാളുടെ മാത്രം കഥയാണിത്. നിയമം പാസ്സായി പിറ്റേ ദിവസം തന്നെ, യു.പി പോലീസ് അത് ചുമത്തി ഒരു മുസ്ലിം യുവാവിനെ അറസ്റ്റുചെയ്തു. ലൗ ജിഹാദെന്ന സംജ്ഞ ഇന്ത്യയില്‍,  പ്രത്യേകിച്ച് കേരളത്തില്‍ ഒരു മുഖവുര ആവശ്യമില്ലാത്തവിധം പരിചിതമായിക്കഴിഞ്ഞതും അതിന്റെ പേരില്‍ രാജ്യത്ത് നടന്ന വിവിധ കോലാഹലങ്ങള്‍ക്ക് ജനം സാക്ഷിയായതുമാണ്.  കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലൗ ജിഹാദ് സംബന്ധമായി കൃത്യമായ ഇടവേളകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും നിയമവ്യവഹാരങ്ങളിലും പാര്‍ലമെന്റിലും ഉയര്‍ത്തപ്പെട്ടിരുന്നു. നിരപരാധികളായ പൗരന്മാരും മുസ്ലിം സമുദായവും അതിനു വിലയൊടുക്കേണ്ടിവന്നിട്ടുമുണ്ട്. ഒടുവില്‍, പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അത്തരമൊരു ലൗ ജിഹാദ് രാജ്യത്തുള്ളതിന് തെളിവില്ലെന്നും പറഞ്ഞ് പല വൃത്തങ്ങളും വിഷയമവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ആ പ്രയോഗവും ചര്‍ച്ചയും വീണ്ടും ഉയര്‍ന്നു വരാനുള്ള സാഹചര്യം എന്തായിരിക്കും? 2020 ഒക്‌ടോബര്‍ 26-ന് ഹരിയാനയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ നികിത തോമര്‍ എന്ന ഹിന്ദു യുവതിയെ തൗസീഫ് എന്ന മുസ്‌ലിം യുവാവ് വെടിവെച്ചു കൊന്നതിനെത്തുടര്‍ന്നാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍ ചൂടുപിടിച്ചത്. സംഭവത്തെത്തുടര്‍ന്ന് സംഘ് പരിവാര്‍ സംഘടനകളുടെ വിദ്വേഷപ്രചാരണങ്ങളാണ് ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ ലൗ ജിഹാദ് തടയുന്നതിനുള്ള നിയമനിര്‍മാണങ്ങളിലേക്ക് വേഗത കൂട്ടിയത്. 2020 നവംബര്‍ 24-ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കാനായി ഓര്‍ഡിനന്‍സ് മുഖേന പ്രത്യേക നിയമം പാസ്സാക്കുകയുണ്ടായി. ആരോപണം തെളിഞ്ഞാല്‍ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന നിയമമാണ് നിലവില്‍ വന്നിട്ടുള്ളത്. മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് അവിടത്തെ ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അല്‍പം ചരിത്രം

എന്താണ് ലൗ ജിഹാദ്? തീവ്രവാദ പ്രവര്‍ത്തനങ്ങളും മുസ്‌ലിം ജനസംഖ്യാ വര്‍ധനവും ലക്ഷ്യമിട്ട് മുസ്‌ലിം യുവാക്കള്‍ ആസൂത്രിതമായി ഹിന്ദു യുവതികളെ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം ചെയ്യിക്കുന്നുവെന്ന ആരോപണത്തെയാണ് ലൗ ജിഹാദെന്ന പേരില്‍ ഹിന്ദു തീവ്ര വലതുപക്ഷ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.  ഇത്തരത്തില്‍ വിവാഹം ചെയ്യുന്ന ഹിന്ദു പെണ്‍കുട്ടികളെ അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വില്‍ക്കുകയാണെന്നും, ഈ ആസൂത്രിത പ്രവര്‍ത്തനത്തിന് തീവ്രവാദ സംഘടനകള്‍ പണവും മൊബൈല്‍ ഫോണും ബൈക്കുമൊക്കെ ലഭ്യമാക്കുന്നുണ്ടെന്നും പ്രചാരണങ്ങള്‍ വ്യാപിക്കുന്നു. ലൗ ജിഹാദ് വിദ്വേഷ പ്രചാരണങ്ങള്‍ക്കായി സജീവം പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളും ഫേസ് ബുക്ക് പേജുകളുമുണ്ട്.  പുസ്തകങ്ങളും ലഘുലേഖകളും പോസ്റ്ററുകളും ഇറക്കി തീവ്ര വലതുപക്ഷ സംഘടനകള്‍ പ്രചാരണം കൊഴുപ്പിക്കുന്നു. 
1920-കളില്‍ ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഹിന്ദു യുവതികളെ മുസ്‌ലിം പുരുഷന്മാര്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നുവെന്ന തരത്തില്‍ വ്യാപകമായ കാമ്പയിനുകള്‍ സംഘടിപ്പിക്കുകയും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായി 1990-2000 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപത്തിന്റെ സമയത്ത് സംഘ് പരിവാര്‍ സംഘടനകള്‍ ലൗ ജിഹാദെന്ന പദം ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതായും കാണാം.  കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 2007-ല്‍ ഹിന്ദു ജനജാഗ്രതി സമിതി, സനാതന്‍ സന്‍സ്ഥ് പോലുള്ള ഹിന്ദുത്വ സംഘടനകള്‍ ലൗ ജിഹാദിന്റെ പേരില്‍ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയുണ്ടായി. 2009-ല്‍ പത്തനംതിട്ടയിലെ ഒരു സ്വാശ്രയ കോളേജില്‍നിന്ന് രണ്ട് ഹിന്ദു പെണ്‍കുട്ടികളെ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി അവരെ മതം മാറ്റാന്‍  ശ്രമിച്ചുവെന്ന് കേസരി വാരിക ആരോപിച്ചപ്പോള്‍ അതുമായി ബന്ധപ്പെടുത്തി കേരളകൗമുദി ദിനപത്രമാണ് ലൗ ജിഹാദെന്ന പദം കേരളത്തില്‍ ആദ്യമായി പ്രയോഗിക്കുന്നത്. തുടര്‍ന്ന് കലാകൗമുദി വാരിക, മനോരമ, മാതൃഭൂമി, മംഗളം, രാഷ്ട്ര ദീപിക എന്നു തുടങ്ങി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ വെബ്‌സൈറ്റില്‍ കണ്ട വസ്തുതാവിരുദ്ധമായ കണക്കുകളും വാര്‍ത്തകളുമെല്ലാം പരമ്പരകളായും മറ്റും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു.  നാലു വര്‍ഷത്തിനിടെ നാലായിരത്തോളം ലൗ ജിഹാദ് മതപരിവര്‍ത്തനങ്ങളെന്ന് കൗമുദി വലിയ തലക്കെട്ട് കൊടുത്തു.
2009 ഡിസംബര്‍ 9-ന് കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് കെ.ടി ശങ്കരന്‍ ലൗ ജിഹാദിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. കേരളത്തിലെയും കര്‍ണാടകയിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങി മറ്റു ഹൈന്ദവ സംഘടനകളും ബി.ജെ.പിയും പ്രസ്തുത ആവശ്യവുമായി രംഗത്തുവന്നു. ഇപ്പറഞ്ഞ വിധം ലൗ ജിഹാദ് സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് അന്വേഷണത്തിനു ശേഷം കോടതിക്കു മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. 
കര്‍ണാടകയിലുടനീളം ലൗ ജിഹാദ് മുഖേന 30000 ഹിന്ദുപെണ്‍കുട്ടികള്‍ തിരോധാനം ചെയ്യപ്പെട്ടുവെന്ന് ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. ഈ ആരോപണത്തെത്തുടര്‍ന്ന് ദക്ഷിണ കന്നട പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ 2009 സെപ്റ്റംബര്‍ വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതെന്ന ഔദ്യോഗിക വിശദീകരണം വന്നു. അതില്‍ 332 പേരെ കണ്ടെത്തിയതായും ബാക്കിയുള്ള 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നതായും പോലീസ് വ്യക്തമാക്കി.  എന്നിട്ടും, ഹിന്ദുത്വ വെബ്‌സൈറ്റുകളും ഫേസ്ബുക്ക് പേജുകളുമെല്ലാം ലൗ ജിഹാദ് ആരോപണങ്ങള്‍ മുറപോലെ തുടര്‍ന്നു. ഇപ്പോഴും ജനജാഗ്രതി സമിതിയുടെ വെബ്സൈറ്റില്‍ ലൗ ജിഹാദെന്ന പേരില്‍ ഒട്ടേറെ വാര്‍ത്തകള്‍ വന്നിട്ടുള്ളതായി കാണാം.

കേരളവും ലൗ ജിഹാദും

കേരളത്തില്‍ ലൗ ജിഹാദിന്റെ പ്രചാരണം വിവിധ ഘട്ടങ്ങളില്‍ വളരെ വിജയകരമായി നടപ്പിലാക്കാന്‍ സംഘ് പരിവാറിന് സാധിച്ചിട്ടുണ്ട്. 2009-ല്‍ ലൗ ജിഹാദില്ലെന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനും സത്യവാങ്മൂലത്തിനും ശേഷം, 2017 മേയില്‍ ഹാദിയ കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ലൗ ജിഹാദ് ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്. ഹാദിയയുടെ മതസ്വാതന്ത്ര്യത്തെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെയും ഹനിക്കുന്ന  ഹൈക്കോടതി വിധിയുടെ മറപിടിച്ച് ലൗ ജിഹാദ് ആരോപണങ്ങളുമായി സംഘ് പരിവാര്‍ വീണ്ടും ഗൂഢനീക്കങ്ങളുമായി രംഗത്തെത്തി. കമലാ സുറയ്യയുടെ മതപരിവര്‍ത്തനം മുതല്‍ പുരോഗമന കേരളത്തിന്റെ ഇസ്ലാമോഫോബിക് അസ്വസ്ഥതകളെല്ലാം പുറത്തേക്കിട്ടുകൊണ്ടായിരുന്നു ഹാദിയ കേസില്‍  ഇടതുപക്ഷ സര്‍ക്കാര്‍- പോലീസ്- മാധ്യമ- പൊതുസമൂഹ പ്രതികരണങ്ങളെല്ലാം. തൃപ്പൂണിത്തുറ ഘര്‍വാപ്പസി കേന്ദ്രത്തിനെതിരെ തെളിവും സാക്ഷിമൊഴികളുമുണ്ടായിട്ടും നടപടിയെടുക്കാത്ത ഭരണകൂടത്തിന് ലൗ ജിഹാദെന്ന സംഘ് പരിവാര്‍ കെട്ടുകഥക്ക് പിന്നാലെ പോയി മുസ്ലിം സംഘടനകളെയും, സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു ഉത്സാഹം.
കേസില്‍ ലൗ ജിഹാദാരോപണം അന്വേഷിക്കാന്‍ എന്‍.ഐ.എ രംഗത്തെത്തുന്നത് ഈ ഘട്ടത്തിലാണ്. കേരളത്തില്‍ മിശ്രവിവാഹിതരായ 89 ദമ്പതികളെ എന്‍.ഐ.എ ചോദ്യം ചെയ്തു. അന്വേഷണത്തിനൊടുവില്‍ ലൗ ജിഹാദ് ഇല്ല എന്ന നിഗമനത്തില്‍ എന്‍.ഐ.എയും എത്തി. 2017 ആഗസ്റ്റില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി.

ക്രൈസ്തവ സഭകളുടെ ലൗ ജിഹാദ് ആരോപണങ്ങള്‍

ക്രൈസ്തവ സഭകള്‍ ലൗ ജിഹാദ് ആരോപണവുമായി കേരളത്തില്‍ രംഗത്തെത്തിയതാണ് മറ്റൊരു സവിശേഷമായ സാഹചര്യം. സീറോ മലബാര്‍ സഭയുടെ ഇടയലേഖനം മുസ്‌ലിം യുവാക്കള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്നുവെന്ന തരത്തില്‍ വ്യാജ പ്രചാരണവുമായി രംഗത്തുവന്നു. ഭീകര സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ പകുതി പേരും ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് മതം മാറ്റിയവരാണെന്നും ആരോപിച്ചിരുന്നു. ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ട് നടപടിയില്ലെന്നും  സിറോ മലബാര്‍ സഭ പറഞ്ഞിരുന്നു. വിഷയത്തില്‍ ബെന്നി ബെഹനാന്‍ എം.പി ലോക്‌സഭയില്‍ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന ചോദ്യം ഉന്നയിക്കുകയും ലൗ ജിഹാദ് എന്നൊന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കുകയും ചെയ്തതാണ്. ശേഷവും, സീറോ മലബാര്‍ സഭ തങ്ങളുടെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയും അത് സഭയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലൗ ജിഹാദ് നിഷേധിച്ചുകൊണ്ടുള്ള പ്രസ്താവന വന്നിട്ടും, ഇന്നും ചില ക്രൈസ്തവ സഭകള്‍ അതേ ആരോപണങ്ങളുമായി രംഗത്തുണ്ട്. ലൗ ജിഹാദിനു പുറമെ, ഐ.എസ് റിക്രൂട്ട്മെന്റ്, ന്യൂനപക്ഷ ക്ഷേമനിധിയില്‍ മുസ്ലിംകള്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നു തുടങ്ങിയ പരാതികളുമായി ചില ക്രൈസ്തവ സഭകളുടെ അവാസ്തവ പ്രചാരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ക്രിസ്മസിന് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു ക്രൈസ്തവസഭയുടെ പേരിലുള്ള കത്ത് വലിയ വിവാദമായിരുന്നു. കത്തിനു പിന്നില്‍ സംഘ് പരിവാറാണെന്ന് തെളിഞ്ഞത് മറ്റു ആരോപണങ്ങളുമായി ചേര്‍ത്തുവെച്ച് വായിക്കണം. ആരോപണങ്ങളുടെ വസ്തുതാവിരുദ്ധത തെളിയിക്കുന്ന കണക്കുകള്‍ മുന്നിലുണ്ടായിട്ടും ദുഷ്പ്രചാരണങ്ങള്‍ നിര്‍ബാധം തുടരുന്നത് ഹിന്ദുത്വ ശക്തികളുടെ കേരളത്തിലെ വലിയ സ്വാധീനത്തിനു തെളിവാണ്. ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി കത്തോലിക്കാ സഭയുടെ കീഴിലുള്ള വാരികയും, ചില പുരോഹിതന്മാരുമെല്ലാം രംഗത്തുവന്നിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍