Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

കള്ളന്റെ നേര്

മജീദ് കുട്ടമ്പൂര്‍

വിശ്വാസവഴി തെരഞ്ഞെടുത്ത് സന്യാസിനിയാവാന്‍ ഇറങ്ങിത്തിരിച്ച ഇരുപത്തൊന്നുകാരി അഭയയെ കൊലപ്പെടുത്തി കോണ്‍വെന്റിലെ കിണറ്റില്‍ തള്ളിയത് അവള്‍ക്ക് സംരക്ഷകരാവേണ്ടിയിരുന്ന വൈദികനും കന്യാസ്ത്രീയുമാണെന്ന് ഇപ്പോള്‍ നീതിപീഠം കണ്ടെത്തിയിരിക്കുന്നു. ഇത്രയേറെ അട്ടിമറി ശ്രമങ്ങള്‍ നടന്ന ഒരു കേസ് നിയമചരിത്രത്തില്‍ തന്നെ അപൂര്‍വമായിരിക്കും. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരുടെ സമൂഹത്തിലെ സ്ഥാനവും നിയമക്കുരുക്കില്‍നിന്ന് അവരെ രക്ഷിച്ചെടുക്കാന്‍ തുനിഞ്ഞിറങ്ങിയ ശക്തമായ അദൃശ്യ കരങ്ങളും നിയമപാലകരും അവര്‍ക്കു പിന്നിലെ രാഷ്ട്രീയക്കാരുമെല്ലാം ചേര്‍ന്നാണ് ഈ കേസ് 28 വര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയത്. പ്രഥമ അന്വേഷണത്തില്‍തന്നെ സംശയങ്ങള്‍ക്കൊന്നും പഴുതില്ലാത്ത വിധം തെളിയിക്കാമായിരുന്ന കേസായിരുന്നിട്ടും, നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്ന തരത്തിലാണ് ഇതിന്റെ അന്വേഷണങ്ങളും നടപടിക്രമങ്ങളും മുന്നോട്ടുപോയത്. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ, സി.ബി.ഐ തന്നെയും മൂന്ന് തവണ അവസാനിപ്പിക്കാന്‍ തുനിഞ്ഞ ഒരു കേസാണിത്. നീതിക്കു വേണ്ടി പതിറ്റാണ്ടുകളോളം ഇഛാശക്തിയോടെ പൊരുതിയ ഏതാനും സാധാരണ മനുഷ്യരും ഈ വിധിപ്രസ്താവത്തോടെ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി.
തിരുവസ്ത്രങ്ങളണിഞ്ഞ് വിശ്വാസത്തിന്റെ മറപിടിച്ച് ദൈവിക നീതിയെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ മനസ്സാക്ഷിയുള്ള ഒരു സാധാരണ മോഷ്ടാവ് വന്നു നില്‍ക്കുന്നുണ്ട്. അതൊരു അപൂര്‍വ ശോഭയുള്ള നീതിസാക്ഷ്യമാണ്. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ മനസ്സാക്ഷിയുള്ള കള്ളനെ ഓര്‍മിപ്പിക്കുമാറ് മാനസാന്തരം സംഭവിച്ച് പിന്നീട് മോഷണം പോലും നിര്‍ത്തിയ സാധാരണക്കാരനായ അടക്കാ രാജുവിന്റേതാണ് ഈ നീതിസാക്ഷ്യം. പ്രതികള്‍ക്ക് ശിക്ഷയിലേക്കുള്ള വഴിയൊരുക്കിയ ഏക ദൃക്‌സാക്ഷി ഇദ്ദേഹം മാത്രമാണ്. സഭാ പക്ഷത്തു നിന്ന് അവഹേളനവും പോലീസില്‍നിന്ന് പീഡനവും കള്ളക്കേസുകളും ഒടുവില്‍ വലിയ പ്രലോഭനങ്ങളും എല്ലാം ഉണ്ടായിട്ടും അതെല്ലാം അതിജീവിച്ച് കേസിന്റെ അവസാന വിചാരണ വരെ അദ്ദേഹം അചഞ്ചലനായി താന്‍ പറഞ്ഞതില്‍ ഉറച്ചുനിന്നു. ജീവിതാവശ്യങ്ങള്‍ ഏറെയുള്ള ഈ സാധാരണക്കാരന്‍ തനിക്കൊരു മനസ്സാക്ഷിയുണ്ടെന്ന് തെളിയിച്ചു. മറുഭാഗത്ത് വൈദികരും കന്യാസ്ത്രീകളുമായ പലരും സാക്ഷികളാക്കപ്പെട്ടുവെങ്കിലും അവരെല്ലാം പ്രതികള്‍ക്കനുകൂലമായി കൂറുമാറുകയാണുണ്ടായത്. കൂറുമാറ്റം ഭയന്ന് സാക്ഷിവിസ്താരം പോലും പല തവണ മാറ്റിവെച്ചിട്ടുണ്ട്. സാക്ഷികളെല്ലാം പ്രതികളുടെ നിയന്ത്രണത്തിലാണെന്നും ഒരാള്‍ പോലും സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വരെ അന്വേഷണ ഏജന്‍സി കോടതിയില്‍ നിസ്സഹായത പ്രകടിപ്പിച്ചിരുന്നു. ആത്മീയ നേതൃത്വത്തെ വലയം ചെയ്ത ദുശ്ശക്തികള്‍ക്ക് ഇങ്ങനെ കേസന്വേഷണങ്ങളുടെ വഴിയടച്ചുകളയാനാവുമായിരുന്ന സന്ദര്‍ഭത്തില്‍ സത്യം രാജുവിന്റെ മൊഴിയിലൂടെ പുറത്തു വരികയായിരുന്നു.
നാട്ടുകാര്‍ കള്ളനെന്ന് വിളിക്കുന്ന ഒരാള്‍ കാത്തുസൂക്ഷിക്കുന്ന നീതിബോധമെങ്കിലും വെച്ചു പുലര്‍ത്താന്‍ ദൈവവഴിയിലെ സഞ്ചാരികള്‍ക്കോ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരെന്നവകാശപ്പെടുന്നവര്‍ക്കോ കഴിയാതിരുന്നതിനാലാവണം രാജുവെന്ന ഈ മനുഷ്യന്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ താരമായത്. പ്രതികള്‍ക്കു വേണ്ടി വക്കാലത്തേറ്റെടുക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ സ്വന്തം വിശ്വാസി സമൂഹത്തിനു മുന്നില്‍ 'സീറോ' ആവുകയായിരുന്നു. കുറ്റവാളികളെ വെള്ളപൂശാനിറങ്ങിയവരുടെ നീതിബോധം എപ്പോഴെങ്കിലും, അപ്രതീക്ഷിതമായ രീതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല; ഈ കേസില്‍ സംഭവിച്ചതുപോലെ. സഭയിലെ കുറച്ചാളുകളോ ഒരു കൂട്ടം വൈദികരോ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സഭയുടെ മൊത്തം കണക്കിലെഴുതാന്‍ അവര്‍ ഇടവരുത്തരുതായിരുന്നു. ദൈവത്തോടും സഭയോടും കൂറുള്ളവര്‍ തിരുവസ്ത്രത്തിനുള്ളില്‍ കുറ്റവാളികളെ ഒളിച്ചിരിക്കാന്‍ അനുവദിക്കില്ല. സമൂഹം കള്ളനെന്ന് വിളിച്ച, പിന്നീട് മാനസാന്തരം വന്ന് മോഷണം നിര്‍ത്തിയ ഒരു സാധാരണ മനുഷ്യന്റെ നീതിബോധത്തിന് മുന്നില്‍ മറ്റെല്ലാം ഒന്നുമല്ലാതായി പോയതും അതിനാലാണ്. അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ 'യഥാര്‍ഥ വിശുദ്ധര്‍ ആര്' എന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌