Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

ഗുരുവും ശിഷ്യനും

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ കാലത്ത് ജീവിച്ചിരുന്ന  പണ്ഡിതനായിരുന്നു ഹാതിം അല്‍ അസ്വമ്മ്. അബു അബ്ദുര്‍റഹ്മാന്‍ ബിന്‍ ഉല്‍വാന്‍ (ഉന്‍വാന്‍) എന്നാണ് യഥാര്‍ഥ പേര്. 'ലുഖ്മാനുല്‍ ഉമ്മ' എന്ന സ്ഥാനപ്പേരിലും അറിയപ്പെട്ടു. ജീവിത വിരക്തിയും വിനയവും ധൈര്യവും അദ്ദേഹത്തിന്റെ വിശിഷ്ട ഗുണങ്ങളായിരുന്നു. മഹാനും സൂഫിവര്യനുമായിരുന്ന ശഫീഖുല്‍ ബല്‍ഖിയുടെ കീഴില്‍ മുപ്പത്തിമൂന്ന് വര്‍ഷം വിദ്യയഭ്യസിച്ചു. ജ്ഞാനവും ശിക്ഷണവും നേടി പിരിഞ്ഞുപോവുന്ന സന്ദര്‍ഭത്തില്‍ ശിഷ്യനും ഗുരുവും തമ്മില്‍ നടന്ന സംഭാഷണമാണ് ചുവടെ.
ഗുരു: എത്ര കാലമായി  എന്റെ ശിഷ്യത്വം സ്വീകരിച്ച് ജ്ഞാനമാര്‍ജിക്കുന്നത്?
ശിഷ്യന്‍: മുപ്പത്തിമൂന്ന് വര്‍ഷം.
ഗുരു: ഈ ദീര്‍ഘ കാലത്തിനിടയില്‍ നീ എന്താണ് പഠിച്ചത്?
ശിഷ്യന്‍: ആദരണീയനായ ഗുരൂ, പ്രധാനമായും എട്ടു കാര്യങ്ങളാണ് ഞാന്‍ പഠിച്ചത്.
ഗുരു: ഇന്നാലില്ലാഹി..... ഇത്രയും വര്‍ഷങ്ങള്‍ എന്നോടൊപ്പം സഹവസിച്ചിട്ടും എട്ടു കാര്യങ്ങള്‍ മാത്രമാണോ നീ നേടിയത്?!
ശിഷ്യന്‍: കളവു പറയുന്നത് ഞാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. സത്യത്തില്‍ ഞാന്‍ താങ്കളില്‍നിന്നും എട്ടു കാര്യങ്ങള്‍ മാത്രമേ പഠിച്ചിട്ടുള്ളൂ.!
ഗുരു: ആ  എട്ടു കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയാലും.
ശിഷ്യന്‍: മാലോകരെക്കുറിച്ച് ഞാനാലോചിച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരു  പ്രേമഭാജനമുണ്ട്. അവരതിനെ പ്രണയിക്കുന്നു. അവസാനം എല്ലാവരും മരിക്കുന്നു. ഖബ്‌റടക്കപ്പെടുന്നു. പക്ഷേ അവന്റെ പ്രേമഭാജനം അവനോടൊപ്പം ഉണ്ടാവില്ല. അവന്‍ അവിടെ ഏകാകിയായിരിക്കും. എന്നാല്‍ എന്റെ പ്രേമഭാജനമായി ഞാന്‍ തെരഞ്ഞെടുത്തത് സല്‍ക്കര്‍മമാണ്. ഞാന്‍ മരണമടഞ്ഞാലും അതെന്നോടൊപ്പമുണ്ടാവും. അതൊരിക്കലും എന്നെ വിട്ടു പിരിയുകയില്ല.
ഗുരുവര്യന്‍ ശിഷ്യന്റെ മറുപടിയില്‍ അങ്ങേയറ്റം സന്തോഷിച്ചു. രണ്ടാമത്തെ കാര്യം പറയാന്‍ ആവശ്യപ്പെട്ടു.
ശിഷ്യന്‍: ഞാന്‍ എപ്പോഴും അല്ലാഹു എന്നോടൊപ്പം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. 'എന്നാല്‍ ആര്‍ തന്റെ നാഥന്റെ സംവിധാനത്തെ പേടിക്കുകയും ആത്മാവിനെ ശാരീരികേഛകളില്‍നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ, ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്' (അന്നാസിആത്ത്: 40,41).
അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് ഞാന്‍ നികൃഷ്ട വികാരങ്ങളില്‍നിന്നും അകന്നുനിന്ന് അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുന്നു. 
ഗുരു: മൂന്നാമത്തേതോ?
ശിഷ്യന്‍: മനുഷ്യര്‍ അവരുടെ കൈയിലുള്ള വിലപ്പെട്ട വസ്തുക്കള്‍ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്നു. അപ്പോഴാണ് ഞാന്‍ ഈ ഖുര്‍ആനിക സൂക്തം ഓര്‍ത്തത്; ''നിങ്ങളുടെ കൈയിലുള്ളത് നശിക്കും; അല്ലാഹുവിന്റെ പക്കലുള്ളത് എന്നെന്നും നിലനില്‍ക്കും'' (അന്നഹ്ല്‍ 96). അതിനാല്‍ എന്റെ പക്കലുള്ള വിലപ്പെട്ടതെല്ലാം ഞാന്‍ അല്ലാഹുവിന് കൈമാറും. കാരണം എന്റെ കൈയിലുള്ളത് നശിക്കും. അല്ലാഹുവിനെ ഏല്‍പിച്ചാല്‍ അതെനിക്കായി അനശ്വരമായി സൂക്ഷിക്കപ്പെടും.
ഗുരു: നാലാമത്തേതോ?
ശിഷ്യന്‍: മനുഷ്യരുടെ ജീവിതാവസ്ഥകള്‍ ഞാന്‍ നിരീക്ഷിച്ചു. പലരുടെയും ലക്ഷ്യം പണവും പ്രതാപവുമാണ്. ചിലരാകട്ടെ വംശീയമായ കുലീനതയും ഐഹികമായ പ്രശസ്തിയും നേടാന്‍ കഠിനാധ്വാനം ചെയ്യുന്നു. ഇവക്കൊന്നും യാതൊരു കഴമ്പും ഘനവുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഖുര്‍ആനിക സൂക്തം എന്റെ നിഗമനത്തെ ശരിവെക്കുന്നു; ''നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവനാണ്'' (അല്‍ഹുജുറാത്ത്: 13). അങ്ങനെ ഞാന്‍ എല്ലാ ദുഷ്‌കര്‍മങ്ങളില്‍നിന്നും മുക്തനായി; അല്ലാഹുവിങ്കല്‍ ഉന്നതനും സ്വീകാര്യനുമാവാന്‍.
ഗുരു: അഞ്ചാമത്തേതോ?
ശിഷ്യന്‍: ജനജീവിതം ഞാന്‍ പഠിച്ചപ്പോള്‍ അവര്‍ പരസ്പരം കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി കാണുന്നു. ഇത്തരം പാപങ്ങളുടെ മൂലകാരണം അസൂയ എന്ന മഹാരോഗമാണ്. ഞാന്‍ ഖുര്‍ആനിക സൂക്തം ഓര്‍ത്തു പോയി: ''ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ ജീവിതവിഭവം വീതം വെച്ചുകൊടുത്തത് നാമാണ്'' (അസ്സുഖ്‌റുഫ്: 32). അതിനാല്‍ ഞാന്‍ അസൂയ എന്ന വിപത്തില്‍നിന്നും രക്ഷപ്പെടാന്‍ തീരുമാനിച്ചു. ജനങ്ങളുടെ സംസാരം ഞാന്‍ അവഗണിച്ചു. അതിനാല്‍ തന്നെ എനിക്ക് ആരോടും അസൂയയും വിദ്വേഷവും തോന്നിയിട്ടില്ല. നീതിമാനും പക്ഷപാതിയുമല്ലാത്ത അല്ലാഹുവാണ് ഐഹിക ജീവിതവിഭവങ്ങള്‍ വീതിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ആരോടും പരിഭവവും ശത്രുതയുമില്ല.
ഗുരു: ആറാമത്തേതെന്താണ്?
ശിഷ്യന്‍: ജനങ്ങള്‍ പരസ്പരം ശത്രുതയിലും വിദ്വേഷത്തിലും വര്‍ത്തിക്കു ന്നതായി ഞാന്‍ കണ്ടു. അപ്പോഴാണ് അല്ലാഹുവിന്റെ വചനം ഞാന്‍ ഓര്‍ത്തത്; ''തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാണ്. അവനെ ശത്രുവായിത്തന്നെ ഗണിക്കുക'' (ഫാത്വിര്‍: 6). അങ്ങനെ ഞാന്‍ പരസ്യ ശത്രുവില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. അവനെ മാത്രം ശത്രുവായി കാണുകയും മറ്റുള്ളവരോടുള്ള ശത്രുത അവഗണിക്കുകയും ചെയ്തു. കാരണം അല്ലാഹു പിശാചിനെയാണ് തുറന്ന ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഗുരു: ഏഴാമത്തേതോ?
ശിഷ്യന്‍: തുഛമായ ഐഹിക വിഭവങ്ങള്‍ക്കു വേണ്ടി ജനം കിടമത്സരത്തിലാണ്. അതിനായി എന്ത് നീചവൃത്തിക്കും തയാര്‍. ഹലാലും ഹറാമും പ്രശ്‌നമാക്കുന്നുമില്ല. അപ്പോഴാണ് ഖുര്‍ആനിക വചനം ഓര്‍മിച്ചത്; ''ഭൂമിക്ക് മുകളിലുള്ള എല്ലാ ജീവികളുടെയും ആഹാരം അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലാണ്'' (ഹൂദ്: 6). ഭൂമിയില്‍ ജീവികളില്‍ ഒരു ജീവി മാത്രമാണ് ഞാനും. അവയുടെ ജീവനോപാധികള്‍ അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്നു. ഏതവസ്ഥയിലും അല്ലാഹു നല്‍കുന്ന രിസ്ഖിനെപ്പറ്റി  ഞാന്‍ അസ്വസ്ഥനായിട്ടില്ല. അങ്ങനെ പരിപൂര്‍ണ ഏകാഗ്രതതോടെ അല്ലാഹു എന്നില്‍ ചുമത്തിയ എല്ലാ ബാധ്യതകളും ഞാന്‍ കൃത്യമായി നിറവേറ്റി.
ഗുരു: എട്ടാമത്തേതോ?
ശിഷ്യന്‍: മനുഷ്യരെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു, അവരെല്ലാം നശ്വരവും ദുര്‍ബലവുമായ വസ്തുക്കളെയാണ് അവലംബിക്കുകയും ഭരമേല്‍പിക്കുകയും ചെയ്യുന്നത്. അത് സമ്പത്തോ ഐഹിക ജീവിത സാമഗ്രികളോ ആവാം; സ്വന്തം ശക്തി, ആരോഗ്യം, ജോലി തുടങ്ങിയവയുമാകാം. ഏതായാലും മനുഷ്യന്‍ അവനെപ്പോലെയുള്ള മനുഷ്യനെത്തന്നെയാണ് അത്താണിയായി കാണുന്നത്. അല്ലെങ്കില്‍ സ്വന്തം ശക്തിയില്‍ അഹങ്കരിക്കുന്നു. ഞാന്‍ ഒരു ഖുര്‍ആന്‍ വചനം ഓര്‍മിക്കുകയും അത് മുറുകെ പിടിക്കുകയും ചെയ്തു; ''ആര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവോ അവന് അല്ലാഹു മാത്രം മതി'' (അത്ത്വലാഖ്: 3). അങ്ങനെ എന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പിച്ചു, അവന്‍ എല്ലാം ഏറ്റെടുത്തു നടത്തും എന്ന ദൃഢവിശ്വാസത്തോടെ.
ഈമാനിക വികാരം ഉത്തേജിപ്പിക്കുന്ന ശിഷ്യന്റെ വാക്കുകള്‍ ഗുരുവര്യനായ ശഫീഖ് ബല്‍ഖിയെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. വൈജ്ഞാനിക-കര്‍മ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ ഉതവിയുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: 'ഖുര്‍ആനു പുറമെ പൂര്‍വവേദങ്ങളായ തൗറയും ഇഞ്ചീലും ഞാന്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ ദൈവിക ഗ്രന്ഥങ്ങളുടെ ആകത്തുക  ഈ എട്ട് അധ്യാപനങ്ങള്‍ തന്നെയാണ്.'  
(മൗലാനാ യുസുഫ് ഇസ്‌ലാഹിയുടെ 'റോഷന്‍ സിതാരെ' എന്ന കൃതിയില്‍നിന്ന്.

മൊഴിമാറ്റം:എം.ബി അബ്ദുര്‍റശീദ്, അന്തമാന്‍)

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌