Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

കൂട്ടുസംരംഭങ്ങളിലെ ഉപാധികള്‍

മുശീര്‍

ചെന്നൈയില്‍ എന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം ഒരാള്‍ക്ക് നടത്തിപ്പിനായി ഏല്‍പ്പിച്ചുകൊടുത്തു. ഞങ്ങള്‍ തമ്മിലുള്ള വ്യവസ്ഥ കച്ചവടത്തിലെ ലാഭനഷ്ടങ്ങള്‍ പങ്കുവെച്ചുള്ളതല്ല, മറിച്ച് എത്ര കച്ചവടം ചെയ്താലും എനിക്ക് മാസാമാസം അമ്പതിനായിരം രൂപ തരണം എന്നതാണ്. ഈ വ്യവസ്ഥ ഇസ്‌ലാമികമായി പൊരുത്തപ്പെടുന്നതാണോ?


ലാഭമുദ്ദേശിച്ച് നടത്തപ്പെടുന്ന ഏത് കൂട്ടുസംരംഭങ്ങളും ശറഇന്റെ വീക്ഷണത്തില്‍ ഹലാലാവണമെങ്കില്‍ ചില നിബന്ധനകള്‍ ഇരുകക്ഷികളും പാലിച്ചേ പറ്റൂ. ഇതാണ് സര്‍വാംഗീകൃതമായ നിയമം. ഇക്കാര്യത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ തര്‍ക്കമില്ല.
ഉപാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാഭനഷ്ടങ്ങളിലെ പങ്കാളിത്തം. നഷ്ടം വഹിക്കേണ്ടതില്ലാത്തതിന്റെ ലാഭം പറ്റുന്നത് നബി (സ) വിലക്കിയിരിക്കുന്നു.

عَنْ عَبْدِ اللهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: « لا يَحِلُّ سَلَفٌ وَبَيْعٌ، وَلا شَرْطَانِ فِي بَيْعٍ، وَلا رِبْحُ مَا لَمْ يُضْمَنْ، وَلا بَيْعُ مَا لَيْسَ عِنْدَكَ »

'അബ്ദുല്ലാഹിബ്‌നു അംറില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: കടവും വില്‍പ്പനയും ഒന്നിച്ച് അനുവദനീയമല്ല, ഒരു വില്‍പ്പനയില്‍ രണ്ട് ഉപാധിയും അനുവദനീയമല്ല, നഷ്ടബാധ്യത ഏല്‍ക്കേണ്ടതില്ലാത്ത ലാഭവും അനുവദനീയമല്ല, അതുപോലെ നിന്റെ കൈവശമില്ലാത്തതിന്റെ വില്‍പ്പനയും അനുവദനീയമല്ല' (തിര്‍മിദി: 1279, അഹ്മദ്: 6671, അബൂദാവൂദ്: 3506, നസാഈ: 1279).

عَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللَّهُ تَعَالَى عَنْهَا قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « الْخَرَاجُ بِالضَّمَانِ ».

'ആഇശ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ) വിധിച്ചു: നഷ്ടം വഹിക്കാനുള്ള ഉത്തരവാദിത്വമനുസരിച്ചാണ് ആദായം പറ്റാനുള്ള അവകാശം' (തിര്‍മിദി: 1332).
ഈ പറഞ്ഞിന്റെ അര്‍ഥം ഏതിടപാടിലായാലും നഷ്ടം വഹിക്കേണ്ട ബാധ്യതയുണ്ടെങ്കില്‍ മാത്രമേ ലാഭം പറ്റല്‍ അനുവദനീയമാവുകയുള്ളൂ എന്നാണ് (തുഹ്ഫത്തുല്‍ അഹ്‌വദി: 1155).
ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, സ്ഥാപനം നല്ല നിലയില്‍ നടക്കുമ്പോള്‍ നല്ല വരുമാനം ലഭിക്കും. അപ്പോള്‍ പാര്‍ട്ട്ണര്‍മാര്‍ക്കും നല്ല ലാഭവിഹിതം നല്‍കാന്‍ കഴിയും. നഷ്ടത്തിലാണെങ്കിലോ, അപ്പോഴാണ് പ്രശ്‌നം. മുടക്കുമുതല്‍ പോലും കിട്ടാത്ത അവസ്ഥ വരുമ്പോള്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ചതു പ്രകാരം, 50,000 രൂപ മറുകക്ഷി എവിടെനിന്ന് എടുത്തുകൊടുക്കും? ഇവിടെയാണ് ശരീഅത്ത് വിധിവിലക്കുകളുടെ പ്രസക്തിയും പ്രാധാന്യവും.
അതിനാല്‍ ചോദ്യകര്‍ത്താവ് വിശദീകരിച്ച രൂപത്തിലുള്ള ഇടപാട് അനുവദനീയമല്ല. നിങ്ങള്‍ക്ക് രണ്ടാലൊരു രൂപത്തില്‍ കാര്യങ്ങള്‍ ചെയ്യാം: ഒന്ന്, അദ്ദേഹത്തിന്റെ അധ്വാനത്തിന് നിശ്ചിത വേതനം നിശ്ചയിച്ച് അതദ്ദേഹത്തിന് നല്‍കുക. ലാഭമായാലും നഷ്ടമായാലും അതിന് താങ്കള്‍ മാത്രമാണ് ഉത്തരവാദിയാവുക. ഇവിടെ നഷ്ടം സംഭവിച്ചാല്‍ അത് ഈ വേതനം പറ്റുന്നയാള്‍ വഹിക്കേണ്ടിവരികയില്ല. സ്വാഭാവികമായും എത്ര വലിയ ലാഭം കിട്ടിയാലും അത് പറ്റാനും അയാള്‍ക്ക് അര്‍ഹതയുണ്ടാവില്ല.
രണ്ട്, സ്ഥാപനവും അതിലെ ചരക്കുകളുമുള്‍പ്പെടെ എല്ലാം താങ്കളുടെ വിഹിതമാക്കുക. അധ്വാനം മറുകക്ഷിയുടേതുമാക്കുക. എന്നിട്ട് ലാഭം കിട്ടിയാല്‍ അതില്‍ എത്ര ശതമാനം ഈ അധ്വാനിക്കുന്നവനുണ്ടാവും എന്ന് തുടക്കത്തില്‍തന്നെ കരാറെഴുതുക. സ്വാഭാവികമായും നഷ്ടം സംഭവിച്ചാല്‍ അധ്വാനിക്കുന്നവന് തന്റെ അധ്വാനം നഷ്ടമാവും, താങ്കള്‍ക്ക് താങ്കള്‍ ഇറക്കിയ മുതലും പോവും. ഇങ്ങനെയാവുമ്പോള്‍ ലാഭം പരമാവധി വര്‍ധിപ്പിക്കാനായിരിക്കും ഈ പാര്‍ട്ണര്‍ ശ്രമിക്കുക. കാരണം അതിനനുസരിച്ച് അദ്ദേഹത്തിനു മെച്ചമുണ്ടാവും, മുതല്‍മുടക്കിയ താങ്കള്‍ക്കും ആനുപാതികമായ ലാഭം ലഭിക്കും.
ഇവ്വിഷയകമായി ശരീഅത്ത് പഠിപ്പിച്ച ചില അടിസ്ഥാന തത്ത്വങ്ങള്‍:
1. ആരാണോ നഷ്ടം വഹിക്കേണ്ടത് അവര്‍ക്കേ ലാഭം പറ്റാനും അവകാശമുള്ളൂ.
2. ആര്‍ക്കെല്ലാം ലാഭത്തിന് അര്‍ഹതയുണ്ടോ, അവര്‍ക്കെല്ലാം നഷ്ടം വഹിക്കേണ്ട ബാധ്യതയും ഉണ്ട്.
3. ലാഭം പറ്റാന്‍ അവകാശമുണ്ടായിരിക്കുകയും നഷ്ടം (സാമ്പത്തിക നഷ്ടമോ അധ്വാന നഷ്ടമോ) വഹിക്കേണ്ടിവരാത്തതുമായ എല്ലാതരം കൂട്ടുസംരംഭങ്ങളും ഹറാമാണ്.
4. സംരംഭകര്‍ക്ക് മൂലധനം ഗ്യാരണ്ടിയാണെന്ന് ഉറപ്പുനല്‍കിക്കൊണ്ട്, ലാഭമെന്ന പേരില്‍ നല്‍കപ്പെടുന്ന എല്ലാ ആനുകൂല്യങ്ങളും ഹറാമാണ്.

ഫാന്‍സി നമ്പറുകള്‍ അധിക വിലയ്ക്ക് വാങ്ങാമോ?

ഒരു സഹോദരന് മൊബൈല്‍ സിംകാര്‍ഡ് വില്‍പനയുടെ കച്ചവടമുണ്ട്. ഒരു നിശ്ചിത കമ്പനിയുടെ സിം കാര്‍ഡ് ഹോള്‍സെയില്‍ ആയി വാങ്ങി വില്‍ക്കുകയാണ് ചെയ്യുന്നത്. എല്ലാ സിംകാര്‍ഡുകള്‍ക്കും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. എന്നാല്‍ നമ്പറുകളുടെ ആകര്‍ഷകത്വം അനുസരിച്ച് ഉപഭോക്താക്കളില്‍നിന്ന് വന്‍ വില ഈടാക്കുന്നു. ഫാന്‍സി നമ്പര്‍ എന്ന പേരിലാണിത്. മറ്റു നമ്പറുകള്‍ കമ്പനി നിഷ്‌കര്‍ഷിച്ച വിലയ്ക്കും വില്‍ക്കുന്നു. ഈ രീതി ശരിയാണോ?

ഇത്തരം വിഷയങ്ങളില്‍ ഒറ്റയടിക്ക് ഹറാമാണെന്നോ ഹലാലാണെന്നോ മറുപടി പറയാന്‍ കഴിയില്ല. ഓരോ കേസും പ്രത്യേകം പരിശോധിച്ചുമാത്രമേ വിധിപറയാനൊക്കൂ.
തനിക്ക് ഓര്‍ത്തുവെക്കാനും, മറന്നുപോകാതിരിക്കാനും, ഒരുപാടുപേര്‍ക്ക് എളുപ്പം ഓര്‍ത്തിരിക്കാനും പറ്റുന്ന ഒരു നമ്പര്‍ കരസ്ഥമാക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നതിന് തെറ്റൊന്നുമില്ല. അത് പലര്‍ക്കും ഗുണകരമാവുകയും ചെയ്‌തേക്കും. അപ്പോള്‍ അത്തരം നമ്പറുകള്‍ സാധാരണ വിലയേക്കാള്‍ അധികം കൊടുത്ത് വാങ്ങേണ്ടിവരുമെന്നതും സ്വാഭാവികമാണ്. ധൂര്‍ത്തിന്റെ പരിധിയിലെത്തുന്നില്ലെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ അങ്ങനെയുള്ള നമ്പറുകള്‍ അധികവില കൊടുത്തു വാങ്ങിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല.
അതേസമയം കേവലം പൊങ്ങച്ചത്തിനും സമൂഹത്തില്‍ ആളാവാനും വേണ്ടി വലിയ സംഖ്യകൊടുത്ത് അത്തരം ഫാന്‍സി നമ്പറുകള്‍ വാങ്ങിച്ച് വിലസുന്നതിന് ശറഇയ്യായ എന്തെങ്കിലും ന്യായമുണ്ടെന്ന് തോന്നുന്നില്ല. ചിലപ്പോഴൊക്കെ ഇത് എല്ലാ അതിരും കടന്ന് വാങ്ങിച്ച വാഹനത്തിന്റെ വിലയേക്കാള്‍ വലിയ വില നല്‍കി ഫാന്‍സി നമ്പറുകള്‍ വാങ്ങിക്കുന്നതുവരെ എത്താറുണ്ട്.
ഒരുനേരത്തെ അന്നത്തിന് വകയില്ലാതെയും ഉടുതുണിക്ക് മറുതുണിയില്ലാതെയും കഴിയുന്നവരുടെ, ചികിത്സാ ചെലവിന് പോലും ഗതിയില്ലാതെ മരണത്തോട് മല്ലടിക്കുന്നവരുടെ, കടംവീട്ടാന്‍ വഴിയില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെയൊക്കെ വാര്‍ത്തകള്‍ നിത്യേന വന്നുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്തും ദുര്‍വ്യയവും ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ല.

സ്വന്തം ധനമാണെങ്കിലും അതു പാഴാക്കലും അമിതവ്യയം ചെയ്യലും വലത്തോട്ടും ഇടത്തോട്ടും വാരിവിതറലും നിഷിദ്ധമാണ്. കാരണം, വ്യക്തികളുടെ സമ്പത്തില്‍ സമൂഹത്തിന് അവകാശമുണ്ട്. വ്യക്തികളേക്കാള്‍ ഉപരിയായ ഉടമസ്ഥത സമൂഹത്തിനുണ്ട്. അതിനാലാണ് തന്റെ ധനം നശിപ്പിക്കുന്ന വിഡ്ഢിയെ തടയാനുള്ള അവകാശം ഇസ്‌ലാം സമൂഹത്തിന് നല്‍കിയത്. കാരണം, സമ്പത്ത് അടിസ്ഥാനപരമായി സമൂഹത്തിന്റേതാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് നിലനില്‍പ്പിന്നാധാരമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്ന നിങ്ങളുടെ ധനം മൂഢന്മാര്‍ക്ക് കൈവിട്ടുകൊടുക്കരുത്. എന്നാല്‍, അതില്‍നിന്ന് നിങ്ങളവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുകയും അവരോട് നല്ലവാക്ക് പറയുകയും ചെയ്യുക'' (അന്നിസാഅ്: 5).
മനുഷ്യന്റെ ജീവിതാശ്രയമായ, ജീവിത നിലനില്‍പിന് അവലംബമായ ധനം തെറ്റായ മാര്‍ഗത്തില്‍ വ്യയംചെയ്യാന്‍ കാരണമായിത്തീരുമാറ് വിഡ്ഢികളുടെ കൈയില്‍ വിട്ടുകൊടുക്കാന്‍ പാടുള്ളതല്ല. അത്തരക്കാരെ ധനത്തിന്മേല്‍ സ്വതന്ത്രമായ കൈകാര്യത്തിന് അനുവദിച്ചുകൂടാ. നാഗരികതയുടെയും സമ്പദ്ഘടനയുടെയും, സദാചാരത്തിന്റെ തന്നെയും വ്യവസ്ഥ താറുമാറാവുകയായിരിക്കും അതിന്റെ ഫലം. വ്യക്തികള്‍ക്ക് തങ്ങളുടെ വസ്തുവകകളിന്മേല്‍ സ്വകാര്യ ഉടമാവകാശം ഇസ്ലാമിക വ്യവസ്ഥയില്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നത് വാസ്തവം തന്നെ; എന്നാല്‍, ആ ഉടമാവകാശം നിരുപാധികമോ അനിയന്ത്രിതമോ അല്ല. ശരിയായ മാര്‍ഗേണ ഉപയോഗപ്പെടുത്താന്‍ അര്‍ഹതയില്ലാത്തവരോ, സ്വതന്ത്രമായ ഉപയോഗം കൊണ്ട് സാമൂഹിക-സാമ്പത്തിക വ്യവസ്ഥക്ക് ഹാനി വരുത്തിത്തീര്‍ക്കുന്നവരോ ആയ വ്യക്തികളില്‍നിന്ന് പ്രസ്തുത ഉടമാവകാശം തിരിച്ചെടുക്കാവുന്നതാണ്. 
അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്കായി ചെലവഴിക്കലാണ് ദുര്‍വ്യയം. അത് അല്‍പമായാലും അധികമായാലും ശരി. തനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി ധനം നശിപ്പിച്ചു പാഴാക്കുന്നതും മഹാപാതകം തന്നെ. ധനം പാഴാക്കുന്നത് നബി വിലക്കിയിരിക്കുന്നു (ബുഖാരി). സ്വയംപര്യാപ്തി ഇല്ലാതാക്കുംവിധം അനാവശ്യ വ്യയത്തില്‍ ഉദാരത പ്രകടിപ്പിക്കുന്നതും ധൂര്‍ത്തില്‍ പെടുന്നു. അല്ലാഹു നമ്മോടിങ്ങനെ കല്‍പിക്കുന്നു: ''അടുത്ത കുടുംബങ്ങള്‍ക്ക് അവന്റെ അവകാശം കൊടുക്കുക, അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമുള്ളത് അവര്‍ക്കും. എന്നാല്‍ ധനം ധൂര്‍ത്തടിക്കരുത്. നിശ്ചയം ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടാളികളത്രെ'' (അല്‍ഇസ്‌റാഅ്: 26, 27). ''നിന്റെ കൈ പിരടിയോട് ചേര്‍ത്തുപിടിക്കരുത്. കൈകള്‍ അപ്പാടെ വിടര്‍ത്തിയിടുകയുമരുത്' (അല്‍ഇസ്‌റാഅ്: 29). അല്ലാഹു പറയുന്നു: ''ചെലവഴിക്കുമ്പോള്‍ അമിതത്വവും ലുബ്ധും കാട്ടാത്തവരാണവര്‍'' (അല്‍ ഫുര്‍ഖാന്‍: 67).

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌