Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

ഇസ്‌ലാം ഗോത്ര മതമോ?

 ടി.കെ.എം ഇഖ്ബാല്‍

ഇസ്‌ലാമിനെതിരെ നാസ്തികരും സമാന ചിന്താഗതിക്കാരും സ്ഥിരമായി ഉന്നയിക്കുന്ന വിമര്‍ശനമാണ് അത് ഗോത്രീയ മൂല്യങ്ങളിലും ആചാരങ്ങളിലും അധിഷ്ഠിതമായ മതമാണ് എന്നത്. പതിനാല് നൂറ്റാണ്ട് മുമ്പ് നിലനിന്ന അറേബ്യയുടെ ഗോത്ര സംസ്‌കൃതിയില്‍ നിന്ന് ഉത്ഭവിച്ചതാണ് ഇസ്‌ലാം എന്നും പരിഷ്‌കൃതമെന്നും ആധുനികമെന്നും കരുതപ്പെടുന്ന ഇന്നത്തെ ലോകത്ത് അതിന് പ്രസക്തിയില്ല എന്നുമാണ് വിമര്‍ശനം. ഈ കാഴ്ചപ്പാടില്‍, മറ്റു മതങ്ങളെപ്പോലെ ഇസ്‌ലാമിന്റെയും മൂല്യങ്ങളും ആശയങ്ങളും പഴഞ്ചനും പിന്തിരിപ്പനുമാണെന്നും ആധുനികതയുടെ 'പുരോഗമന' മൂല്യങ്ങളോട് ചേര്‍ന്നുപോവാന്‍ അതിന് സാധ്യമല്ലെന്നും അവര്‍ വിലയിരുത്തുന്നു.
മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച അറബികള്‍ക്ക് പരിചയമുണ്ടായിരുന്ന പുരാണ കഥകളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം ഉണ്ടാക്കിയതാണ് ഇസ്‌ലാം എന്ന് സമര്‍ഥിക്കാന്‍ പാടുപെടുന്ന ധാരാളം യുക്തിവാദികളെ കാണാം. അന്നത്തെ അറബികള്‍ക്ക് അറിവില്ലാതിരുന്ന എന്തെങ്കിലും പുതിയ സത്യങ്ങള്‍ ഖുര്‍ആനില്‍ കാണിച്ചുതന്നാല്‍ താന്‍ യുക്തിവാദം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കുമെന്ന് കേരളത്തിലെ തലമുതിര്‍ന്ന ഒരു യുക്തിവാദി ഈയിടെ വെല്ലുവിളിക്കുകയുണ്ടായി. വര്‍ഷങ്ങളായി ഇസ്‌ലാം വിമര്‍ശനം മുഖ്യതൊഴിലായി സ്വീകരിച്ച യുക്തിവാദികള്‍ പോലും ഇസ്‌ലാമിനെക്കുറിച്ച സാമാന്യധാരണ പോലും ഇല്ലാതെയാണ് സംസാരിക്കുന്നത് എന്നാണ് ഇത്തരം വിമര്‍ശനങ്ങള്‍ തെളിയിക്കുന്നത്. ഒന്നുകില്‍ അവര്‍ അജ്ഞരാണ്, അല്ലെങ്കില്‍ അജ്ഞത നടിക്കുന്നു.
ഇസ്‌ലാം ഗോത്രീയ മൂല്യങ്ങളാണ് മുന്നോട്ടുവെക്കുന്നത് എന്ന് വിമര്‍ശിക്കുന്ന നാസ്തികര്‍ സമര്‍പ്പിക്കുന്ന മൂല്യങ്ങള്‍ എന്താണ്? നാസ്തികരില്‍ പലതരം കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഉണ്ടെങ്കിലും ഏതാണ്ടെല്ലാ നാസ്തികരും യുക്തിവാദികളും ഒരു വിശ്വാസപ്രമാണം പോലെ കൊണ്ടുനടക്കുന്നതാണ് പരിണാമ സിദ്ധാന്തം. പരിണാമ സിദ്ധാന്തത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവികള്‍ക്കും പ്രകൃതി നിശ്ചയിച്ച ലക്ഷ്യം അതിജീവനത്തിനു വേണ്ടി മറ്റ് ജീവികളോട് മത്സരിക്കുകയും പുനരുല്‍പാദനത്തിലൂടെ ജീനുകള്‍ കൈമാറ്റം ചെയ്യുകയും തലമുറകളെ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. അര്‍ഹതയുള്ളതാണ് പ്രകൃതിയില്‍ അതിജീവിക്കുക. മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള ഒരേയൊരു അന്തരം പരിണാമ പ്രക്രിയയിലൂടെ കുറേക്കൂടി വികസിതമായ തലച്ചോറ് മനുഷ്യന് ലഭ്യമായി എന്നതാണ്. മനുഷ്യന്‍ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തനായി പെരുമാറുന്നത് ഈ തലച്ചോറിന്റെ പ്രവര്‍ത്തനം കൊണ്ടാണ്. അതിലപ്പുറം മനുഷ്യജീവിതത്തിന് മൃഗങ്ങള്‍ക്ക് ഇല്ലാത്ത എന്തെങ്കിലും ലക്ഷ്യമോ മൂല്യമോ ഇല്ല. ഇതാണ് ജീവിതത്തെക്കുറിച്ച നാസ്തികരുടെ കാഴ്ചപ്പാട്.
മനുഷ്യന്‍ എന്തുകൊണ്ട് ധാര്‍മിക ജീവിയായി എന്നത് നാസ്തിക ദാര്‍ശനികരെ നിരന്തരം കുഴക്കുന്ന ചോദ്യമാണ്. പരിണാമ സിദ്ധാന്തം മുന്നോട്ടു വെക്കുന്ന പ്രകൃതിവാദത്തെ അടിസ്ഥാനമാക്കി ധാര്‍മികതയെയോ മാനവികതയെയോ വിശദീകരിക്കാന്‍ നാസ്തികര്‍ക്ക് സാധ്യമല്ല. അത് അറിയാവുന്നതുകൊണ്ടാണ് ചില യുക്തിവാദികള്‍ 'മാനവികത പ്രകൃതി വിരുദ്ധമാണ്, ശാസ്ത്രവിരുദ്ധമാണ്' എന്നൊക്കെ പരസ്യമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. മാനവികത അസ്വീകാര്യമാണ് എന്ന അര്‍ഥത്തിലല്ല ഇത് പറയുന്നത്, ശാസ്ത്രവിരുദ്ധമായാല്‍ പോലും അത് സ്വീകരിക്കണം എന്ന അര്‍ഥത്തിലാണ്. ആധുനിക, മാനവിക മൂല്യങ്ങളുടെ വക്താക്കളായി ചമയുന്ന നാസ്തികര്‍ക്ക് അവരുടെ 'ശാസ്ത്രീയ' കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് സമര്‍പ്പിക്കാന്‍ കഴിയുക മൃഗങ്ങളുടേതില്‍നിന്ന് മൗലികമായി ഭിന്നമല്ലാത്ത സമീപനങ്ങളും ജീവിതരീതികളും മാത്രമാണ്. പുരോഗമന മൂല്യങ്ങള്‍ എന്നു പറഞ്ഞ് അവര്‍ കൊണ്ടുനടക്കുന്ന പലതും ഈ കാഴ്ചപ്പാടിനോട് നീതി പുലര്‍ത്തുന്നതുമാണ്. സദാചാരം, ധാര്‍മികത, സ്വതന്ത്ര ലൈംഗികത തുടങ്ങിയവയുമായി ബന്ധപ്പെട്ട് നാസ്തികര്‍ ഉന്നയിക്കുന്ന ആശയങ്ങള്‍ ഉദാഹരണം. ഇതല്ലാതെ മനുഷ്യര്‍ പൊതുവില്‍ അംഗീകരിക്കുന്ന എന്തെങ്കിലും ധാര്‍മിക, മാനവിക മൂല്യങ്ങള്‍ അവര്‍ ഉദ്‌ഘോഷിക്കുന്നുണ്ടെങ്കില്‍ അത് മുഴുവന്‍ മറ്റുള്ളവരില്‍നിന്ന് കടമെടുത്തതായിരിക്കും. നാസ്തികര്‍ ഇസ്‌ലാമിന്റെ മേല്‍ ആരോപിക്കുന്ന ഗോത്രീയ മൂല്യങ്ങളെ വിമര്‍ശിക്കാന്‍ അവരെ അര്‍ഹരാക്കുന്ന, അതിനേക്കാള്‍ ഉയര്‍ന്ന എന്തെങ്കിലും മൂല്യബോധമോ മൂല്യസങ്കല്‍പ്പമോ നാസ്തികതക്ക് ഇല്ല എന്നാണ് പറഞ്ഞു വന്നതിന്റെ ചുരുക്കം.

ഇസ്‌ലാം അറബികളുടെ മതമോ?

മുഹമ്മദ് നബിയാണ് ഇസ്‌ലാമിന്റെ സ്ഥാപകന്‍ എന്നും പ്രവാചകന്‍ ജീവിച്ച കാലത്തെ അറേബ്യയില്‍ നിന്നാണ് ഇസ്‌ലാമിന്റെ തുടക്കം എന്നുമുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയില്‍ നിന്നാണ് ഇസ്‌ലാമിനെതിരായ വിമര്‍ശനങ്ങള്‍ പലതും ആരംഭിക്കുന്നത്. ബൈബിളിലും ഖുര്‍ആനിലും കാണുന്ന സമാനതയുള്ള വിവരണങ്ങളും ചരിത്ര സംഭവങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് അതൊക്കെയും മുഹമ്മദ് നബി ക്രിസ്ത്യാനികളില്‍നിന്നും ജൂതന്മാരില്‍നിന്നും കോപ്പിയടിച്ചതാണെന്ന് വിമര്‍ശകര്‍ പറയും. ബൈബിളിന്റെയും ഖുര്‍ആന്റെയും വിവരണങ്ങള്‍ തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങള്‍ പഠിച്ചിട്ടൊന്നുമല്ല ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ആദ്യ മനുഷ്യനായ ആദമിന് അവതരിച്ചതും പിന്നീട് നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്മാരുടെ ദീര്‍ഘപരമ്പരയിലൂടെ പ്രബോധനം ചെയ്യപ്പെട്ടതും അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിയിലൂടെ പരിപൂര്‍ത്തി കൈവരിച്ചതുമായ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പേരാണ് ഇസ്‌ലാം എന്ന ഖുര്‍ആനിന്റെ മൗലികമായ അധ്യാപനം വിമര്‍ശകര്‍ വിസ്മരിക്കുന്നു. മുന്‍ പ്രവാചകന്മാര്‍ക്ക് ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ടും സത്യപ്പെടുത്തിക്കൊണ്ടുമാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്: ''സത്യസമേതം അവന്‍ (അല്ലാഹു) നിനക്ക് ഗ്രന്ഥം ഇറക്കി. അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട്. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി മുമ്പ് തൗറാത്തും ഇന്‍ജീലും അവന്‍ ഇറക്കി. ഫുര്‍ഖാന്‍ (സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്ന മാനദണ്ഡം) ഇറക്കിയതും അവനാണ്'' (ഖുര്‍ആന്‍ 3: 2,3).
പൂര്‍വവേദങ്ങളില്‍ പുരോഹിതന്മാരും മതനേതാക്കളും അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തിയ കൈകടത്തലുകളെ നിശിതമായി വിമര്‍ശിക്കുകയും തിരുത്തുകയും അവയിലെ ദൈവികവചനങ്ങളെ അംഗീകരിക്കുകയും മഹത്വപ്പെടുത്തുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായി ഇറക്കപ്പെട്ട ദൈവപ്രോക്തമായ പൂര്‍വവേദങ്ങളുടെ തുടര്‍ച്ചയാണ് ഖുര്‍ആന്‍ എന്ന് പറയുന്നതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശത്തിന്റെ സാര്‍വലൗകികതയെയും മതങ്ങളുടെ പൊതുവായ ഉറവിടത്തെയും ഊന്നിപ്പറയുകയാണ് ഖുര്‍ആന്‍. ഇസ്‌ലാം അറബികള്‍ക്കു വേണ്ടി ഉണ്ടാക്കിയ ഗോത്രീയ മതമാണ് എന്ന ധാരണയെ അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്നതാണ് ഖുര്‍ആന്റെ ഈ നിലപാട്. ഏകനായ ദൈവത്തിനുള്ള സമ്പൂര്‍ണമായ അനുസരണത്തിലേക്കും പരലോക ബോധത്തിലേക്കും മനുഷ്യരെ ക്ഷണിക്കുക, നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക - ഇതാണ് എല്ലാ പ്രവാചകന്മാരുടെയും നിയോഗദൗത്യമായി ഖുര്‍ആന്‍ വിവരിക്കുന്നത്.
നമസ്‌കാരം, നോമ്പ് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ മുഹമ്മദ് നബി ഇതര മതങ്ങളില്‍ നിന്ന് കടമെടുത്തതാണ് എന്ന് ആരോപിക്കുന്നവര്‍, ഇത്തരം ആരാധനാകര്‍മങ്ങള്‍ പൂര്‍വപ്രവാചകന്മാരുടെ ജനതകള്‍ക്കും അനുശാസിക്കപ്പെട്ടിരുന്നു എന്ന ഖുര്‍ആന്റെ പ്രസ്താവനയെക്കുറിച്ച് അറിവില്ലാത്തവരോ, അജ്ഞത നടിക്കുന്നവരോ ആണ്.

ഇസ്‌ലാമിന്റെ സാര്‍വലൗകികത

മുഹമ്മദ് നബിയുടെ സന്ദേശത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സാര്‍വലൗകികതയും മാനവികതയുമാണെന്ന് ഖുര്‍ആന്‍ മുന്‍വിധികളില്ലാതെ വായിക്കുന്ന ഒരാള്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിയും. ഇത് അറിയാവുന്നതുകൊണ്ടു തന്നെയാവണം എതിരാളികള്‍ ബോധപൂര്‍വം അതിനെ ഗോത്രീയ മതമായി ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നത്. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് 'ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും മാര്‍ഗദര്‍ശനത്തിന്റെ വിശദീകരണവും സത്യവും അസത്യവും വേര്‍തിരിക്കുന്ന മാനദണ്ഡവും (ഫുര്‍ഖാന്‍)' ആയിട്ടാണ് (അല്‍ബഖറ 185).
മുഹമ്മദ് നബിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'മുഴുവന്‍ ലോകത്തിന്റെയും അനുഗ്രഹം' (റഹ്മതുന്‍ ലില്‍ ആലമീന്‍) എന്നാണ് (അല്‍ അന്‍ബിയാഅ് 107). ഇവിടെ 'ആലമീന്‍' എന്ന പ്രയോഗം മനുഷ്യരെ മാത്രമല്ല, ഭൂമിയിലെ സര്‍വ സൃഷ്ടികളെയും ഉള്‍ക്കൊള്ളുന്നതാണ്.
''മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല; സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി. പക്ഷേ, അധിക മനുഷ്യരും കാര്യം ഗ്രഹിക്കുന്നില്ല'' (ഖുര്‍ആന്‍ 34:28).
ഗോത്രപരവും കുടുംബപരവുമായ പക്ഷപാതിത്വങ്ങളുടെയും മേല്‍ക്കോയ്മാവാദത്തിന്റെയും പേരില്‍ പരസ്പരം കലഹിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്ന അറബികളുടെ മുന്നില്‍, മുഴുവന്‍ മനുഷ്യസമൂഹത്തെയും അഭിസംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ നടത്തിയ പ്രഖ്യാപനം വിശ്വപ്രസിദ്ധമാണ്:
''മനുഷ്യസമൂഹമേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. പിന്നീട് നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനും വേണ്ടിയാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഏറ്റവുമധികം ദൈവഭയവും ജീവിതവിശുദ്ധിയും പുലര്‍ത്തുന്നവനാണ്. എല്ലാം സൂക്ഷ്മമായി അറിയുന്നവനും നിരീക്ഷിക്കുന്നവനുമാണ് അല്ലാഹു'' (ഖുര്‍ആന്‍: 49:13).
''നാം ഇറക്കിയ അനുഗൃഹീത ഗ്രന്ഥമാണിത്; അതിന് മുമ്പുള്ളവയെ സത്യപ്പെടുത്തിക്കൊണ്ട്. 'നഗരങ്ങളുടെ മാതാവി' നും (മക്ക) അതിന് ചുറ്റുമുള്ളവര്‍ക്കും താങ്കള്‍ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയും'' (ഖുര്‍ആന്‍ 6:92). ഈ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മുഹമ്മദ് നബി ആശയപ്രചാരണം മക്കയിലും പരിസര പ്രദേശങ്ങളിലും പരിമിതപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും പിന്നീട് മക്കക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതാണെന്നും ചില ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ വാദിച്ചിട്ടുണ്ട്. ഇസ്‌ലാം അറബികളുടെ ഗോത്ര മതമാണെന്ന് സമര്‍ഥിക്കാന്‍ വേണ്ടി ചില യുക്തിവാദികളും ഓറിയന്റലിസ്റ്റുകളില്‍നിന്ന് കടമെടുത്ത ഈ വാദം ഉന്നയിക്കാറുണ്ട്. ഹജ്ജ് തീര്‍ഥാടനത്തിന്റെ കേന്ദ്രമായ മക്കയെന്ന കേന്ദ്രനഗരിയില്‍നിന്നാണ് ഇസ്‌ലാം അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്കും അതിന് പുറത്തേക്കും പരന്നൊഴുകിയത്. നേരത്തെ ഉദ്ധരിച്ച പ്രവാചക സന്ദേശത്തിന്റെ സാര്‍വലൗകികത ഊന്നിപ്പറയുന്ന ഖുര്‍ആന്‍ വചനങ്ങളും ഇസ്‌ലാമിന്റെ ആരംഭകാലത്ത് മക്കയില്‍ തന്നെ അവതരിച്ചതാണ്. ഖുര്‍ആന്റെ വചനങ്ങളിലൂടെ മക്കാ നിവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രവാചകന്‍ അവതരിപ്പിച്ച ഇസ്ലാമിന്റെ സന്ദേശം മുഴുവന്‍ മനുഷ്യസമൂഹത്തിന് വേണ്ടിയുമുള്ളതാണ് എന്ന യാഥാര്‍ഥ്യമാണ് സംശയത്തിനിടമില്ലാത്ത വിധം ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ഖുര്‍ആനെ തള്ളിപ്പറയുന്ന വിമര്‍ശകര്‍ തന്നെ പ്രത്യക്ഷ വായനയില്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ പറ്റുന്നതെന്ന് തോന്നുന്ന സൂക്തങ്ങള്‍ ഖുര്‍ആനില്‍ കണ്ടെത്തുമ്പോള്‍ അതും പൊക്കിപ്പിടിച്ചു വരുന്ന വിരോധാഭാസമാണ് ഇത്തരം വാദങ്ങളില്‍ തെളിഞ്ഞുകാണുന്നത്.
മഹത്വത്തിന്റെ മാനദണ്ഡമായി മനുഷ്യര്‍ കരുതിപ്പോന്ന വംശം, ഗോത്രം, വര്‍ണം, ജാതി, കുടുംബം തുടങ്ങിയ വേര്‍തിരിവുകളുടെ സ്ഥാനത്ത് മനുഷ്യന്റെ കര്‍മത്തെയും ധാര്‍മിക വിശുദ്ധിയെയും പ്രതിഷ്ഠിക്കുകയാണ് ഇസ്‌ലാം ചെയ്തത്. മുസ്‌ലിം എന്ന് ഖുര്‍ആന്‍ വിളിക്കുന്നത് ഏതെങ്കിലും പ്രത്യേക ജാതിയിലോ ഗോത്രത്തിലോ സമുദായത്തിലോ പിറന്നു വീഴുന്ന ആളുകളെയല്ല. പ്രവാചകന്മാരുടെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട് ദൈവത്തിന് കീഴ്‌പ്പെടുന്ന എല്ലാ മനുഷ്യരും മുസ്‌ലിംകളാണ്. കാഫിര്‍ എന്ന് ഖുര്‍ആന്‍ വിളിക്കുന്നത് മുസ്‌ലിം സമുദായത്തിന് പുറത്തു നില്‍ക്കുന്ന ആളുകളെയല്ല, ദൈവത്തെ അറിഞ്ഞുകൊണ്ട് നിഷേധിക്കുന്ന ധിക്കാരികളെയാണ്. മുസ്‌ലിം കുടുംബത്തില്‍ പിറന്നുവീണതുകൊണ്ട് ഒരാള്‍ യാന്ത്രികമായി മുസ്‌ലിം ആവുകയില്ല. അയാള്‍ ഇസ്‌ലാമിനെ അംഗീകരിക്കുകയും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും വേണം. ഒരു ദൈവനിഷേധി മുസ്‌ലിം കുടുംബത്തില്‍ പിറന്ന ആള്‍ ആയാല്‍ പോലും ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ കാഫിര്‍ ആണ്. മുഴുവന്‍ മനുഷ്യരുടെയും കൂട്ടത്തിലെ വിശ്വാസികളെയും നിഷേധികളെയുമാണ് മുഅ്മിന്‍, കാഫിര്‍ എന്നീ പദങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ വ്യവഹരിക്കുന്നത്. ഖുര്‍ആന്‍ അവതരിച്ചു തുടങ്ങുകയും മുഹമ്മദ് നബി സത്യപ്രബോധനം ആരംഭിക്കുകയും ചെയ്ത കാലത്ത് മുസ്‌ലിംകള്‍ എന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന ഒരു സമുദായം നിലവിലില്ലായിരുന്നു എന്നോര്‍ക്കണം. നബിയുടെ സന്ദേശം സ്വീകരിച്ച് ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തുടങ്ങിയതിനു ശേഷമാണ് മുസ്‌ലിംകളുടെ സമൂഹം രൂപം കൊണ്ടത്. സ്വര്‍ഗവും നരകവും മുസ്‌ലിംകള്‍ ഉള്‍പ്പെടെ ഏതെങ്കിലും മതസമുദായത്തിന് സംവരണം ചെയ്യപ്പെട്ടതാണ് എന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം നിരാകരിക്കുന്നു. ജൂതന്മാരും ക്രിസ്ത്യാനികളും സ്വര്‍ഗം അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്തിരുന്നു എന്ന് ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും വിശ്വാസവും കര്‍മവുമാണ് പരലോക മോക്ഷത്തിന്റെ മാനദണ്ഡമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മനുഷ്യന്റെ ഉത്കൃഷ്ടതക്ക് ദൈവഭയത്തെയും ജീവിത വിശുദ്ധിയെയും അടിസ്ഥാനമാക്കിയ ഇസ്‌ലാം, ഗോത്രം, വംശം, വര്‍ണം, ജാതി, മതം തുടങ്ങിയ ഐഡന്റിറ്റികളുടെ മേല്‍ കെട്ടിപ്പൊക്കിയ മേല്‍ക്കോയ്മാ സിദ്ധാന്തങ്ങളുടെ അടിവേരറുക്കുകയാണ് ചെയ്തത്.
ഗോത്രീയവും വംശീയവുമായ വിഭാഗീയതകളെയും പക്ഷപാതിത്വങ്ങളെയും ഇസ്ലാം തള്ളിക്കളയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ നീതിക്കു വേണ്ടി നിലക്കൊള്ളുകയും അല്ലാഹുവിന് സാക്ഷികളാവുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുജനങ്ങള്‍ക്കോ എതിരായിട്ടു വന്നാല്‍ പോലും. ധനികനായാലും ദരിദ്രനായാലും, അല്ലാഹുവിലാണ് അവരുടെ കാര്യങ്ങള്‍ അര്‍പ്പിതമായിരിക്കുന്നത്. ദേഹേഛയെ പിന്തുടര്‍ന്ന് നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്'' (ഖുര്‍ആന്‍: 4:135). സ്വന്തം കുടുംബത്തോടും ഗോത്രത്തോടും സമുദായത്തോടുമൊക്കെ മനുഷ്യര്‍ക്ക് സ്വാഭാവികമായി ഉണ്ടാവുന്ന സ്‌നേഹത്തെയും കൂറിനെയും ഇസ്‌ലാം അംഗീകരിക്കുകയും വംശീയതയില്‍നിന്നും വര്‍ഗീയതയില്‍നിന്നും അതിനെ വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു. വസീല ഇബ്‌നു അല്‍ അസ്ഖയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഞാന്‍ (അല്‍ അസ്ഖാ) നബിയോട് ചോദിച്ചു: 'തിരുദൂതരേ, ഒരാള്‍ സ്വന്തം ആളുകളെ സ്‌നേഹിക്കുന്നത് വംശീയ പക്ഷപാതിത്വത്തിന്റെ (അസ്വബിയ്യത്ത്) ഭാഗമാണോ?''
പ്രവാചകന്‍ പറഞ്ഞു: 'അല്ല, സ്വന്തം സമുദായത്തില്‍പെട്ട ആളുകള്‍ അക്രമം ചെയ്യുമ്പോള്‍ അവരുടെ പക്ഷം ചേരുന്നതാണ് അസ്വബിയ്യത്ത്' (ഇബ്‌നുമാജ).
'വംശീയതയുടെ കൊടിക്കു കീഴെ, അതിലേക്ക് ആഹ്വാനം ചെയ്തുകൊണ്ട് മരിച്ചുവീണവന്‍ ജാഹിലിയ്യത്തില്‍ മരിച്ചവനാണ്' എന്നര്‍ഥം വരുന്ന മറ്റൊരു ഹദീസ് സ്വഹീഹു മുസ്‌ലിമില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുകയും നീതിക്ക് സാക്ഷികളാവുകയും ചെയ്യുക. ഒരു ജനതയോടുള്ള വിദ്വേഷം അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതിയില്‍ അടിയുറച്ചു നില്‍ക്കുക. അതാണ് തഖ്‌വയോട് (ദൈവഭയം) ഏറ്റവും അടുത്ത് നില്‍ക്കുന്നത്' (അല്‍ മാഇദ 8) എന്ന ഖുര്‍ആന്‍ വചനം വംശീയവും വര്‍ഗീയവുമായ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും അടിപ്പെടാതിരിക്കാന്‍ മുസ്‌ലിംകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. അനുയായികളുടെ മനസ്സില്‍ ഒളിഞ്ഞുകിടന്നിരുന്ന ഗോത്രമഹിമയുടെയും ശാത്രവങ്ങളുടെയും കനലുകള്‍ ഊതിപ്പടര്‍ത്താന്‍ മുസ്‌ലിം സമൂഹത്തിനകത്തു നിന്നും പുറത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലൊക്കെ പ്രവാചകന്‍ അതിശക്തമായ ഭാഷയില്‍ അതിനെതിരെ പ്രതികരിച്ച സംഭവങ്ങള്‍ ചരിത്രത്തില്‍ കണ്ടെടുക്കാന്‍ കഴിയും.
ഏകദൈവത്വത്തിലും മനുഷ്യ സാഹോദര്യത്തിലും അധിഷ്ഠിതമായ ലോകവീക്ഷണത്തിലൂടെ അറബികളുടെ ജീവിതത്തെ ഇസ്‌ലാമും പ്രവാചകനും സമൂലമായി മാറ്റിപ്പണിയുകയും ആ കാലഘട്ടത്തിന് പരിചിതമല്ലാതിരുന്ന ഒരു പുതിയ രാഷ്ട്രീയ, സാമൂഹിക ഘടനയുടെയും സംസ്‌കാരത്തിന്റെയും വാഹകരാക്കി അവരെ മാറ്റുകയും ചെയ്തതെങ്ങനെ എന്നത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. അറബികള്‍ക്കോ പ്രവാചകന്നോ മുമ്പ് അറിവില്ലാതിരുന്ന ഒരു ആശയപ്രപഞ്ചം, ഖുര്‍ആന്റെ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചു എന്നതാണ് ഖുര്‍ആന്റെ ദൈവികതയുടെ ഏറ്റവും വലിയ തെളിവ്. മനുഷ്യബുദ്ധിയെയും ചിന്തയെയും തൊട്ടുണര്‍ത്തുന്ന തരത്തില്‍ പ്രപഞ്ചത്തിലെ അത്ഭുതങ്ങളിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത് തൗഹീദ് (ഏകദൈവത്വം), ആഖിറത്ത് (പരലോകം) തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാനാശയം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ്. ഖുര്‍ആന്റെ ആശയ ചക്രവാളത്തെയും അത് ഒരു ജനതയില്‍ വരുത്തിയ സമൂലമായ പരിവര്‍ത്തനത്തെയും കാണാതെ ഖുര്‍ആനില്‍ ശാസ്ത്രസത്യങ്ങള്‍ കാണിച്ചുതരാമോ എന്ന് വെല്ലുവിളിക്കുന്നത് മിതമായി പറഞ്ഞാല്‍ അല്‍പത്തമാണ്.

ഇസ്‌ലാമില്‍ വിഗ്രഹാരാധനയോ?

ഇതിനേക്കാള്‍ വലിയ അല്‍പത്തങ്ങളും വിവരക്കേടുകളും മുഹമ്മദ് നബി ഉണ്ടാക്കിയ ഗോത്രീയ മതമാണ് ഇസ്ലാം എന്ന് സമര്‍ഥിക്കാന്‍ വേണ്ടി നാസ്തികരും യുക്തിവാദികളും എഴുന്നള്ളിക്കാറുണ്ട്. അതില്‍ പെട്ടതാണ് അറബികള്‍ ആരാധിച്ചിരുന്ന ഏറ്റവും വലിയ വിഗ്രഹത്തിന്റെ പേരാണ് അല്ലാഹു എന്നും അല്ലാഹു എന്ന ദൈവത്തെ സ്വന്തമാക്കിക്കൊണ്ട് അറബികളെ സംഘടിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത് എന്നും മറ്റുമുള്ള ജല്‍പനങ്ങള്‍. ഇസ്‌ലാമിന്റെ മൂലശിലയായ ഏകദൈവസങ്കല്‍പം മുഹമ്മദ് നബി ആവിഷ്‌കരിച്ചതല്ല, ആദ്യ മനുഷ്യനും ദൈവദൂതനുമായ ആദമില്‍നിന്ന് തുടങ്ങി നിരവധി പ്രവാചകന്മാരിലൂടെ പ്രബോധനം ചെയ്യപ്പെട്ടതാണ് എന്നാണ് ഖുര്‍ആന്‍ തന്നെ പറയുന്നത്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന അറബികള്‍ക്കിടയില്‍ എല്ലാ വിഗ്രഹങ്ങള്‍ക്കും മേലെ സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ച ബോധം നിലനിന്നിരുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ആരാണ് എന്ന് ചോദിച്ചാല്‍ അല്ലാഹു എന്നവര്‍ മറുപടി പറയും എന്ന് മക്കയിലെ ബഹുദൈവാരാധകരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിനെക്കുറിച്ച അറിവ് പ്രവാചകന്മാരിലൂടെ അവര്‍ക്ക് പകര്‍ന്നു കിട്ടിയിരുന്നു എന്നാണ് ചരിത്രവിവരണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുക. പക്ഷേ, ബഹുദൈവാരാധനയിലൂടെ അവര്‍ അതിനെ വികലമാക്കിക്കളഞ്ഞിരുന്നു. അതുകൊണ്ടാണ് വിഗ്രഹാരാധനയുടെ അര്‍ഥശൂന്യത തുറന്നുകാണിക്കുകയും അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ പേരില്‍ ഇത്രയധികം എതിര്‍പ്പുകളും പീഡനങ്ങളും സ്വന്തം ജനതയില്‍നിന്ന് പ്രവാചകനും അനുയായികളും ഏറ്റുവാങ്ങേണ്ടിവന്നത്. അറബികളുടെ നേതൃത്വം സൂത്രത്തില്‍ കൈയിലെടുക്കാന്‍ വേണ്ടിയായിരുന്നോ അവരുടെ വിഗ്രഹാരാധനയെയും ഗോത്രീയ പക്ഷപാതിത്വങ്ങളെയും പിഴച്ച ജീവിതരീതികളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് മുഴുവന്‍ അറബ് ഗോത്രങ്ങളുടെയും ശത്രുത പ്രവാചകന്‍ സമ്പാദിച്ചത്? ഈ പ്രബോധന പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന് പകരമായി അറബികളുടെ നേതൃത്വം അവര്‍ പ്രവാചകന് വെച്ചുനീട്ടിയിട്ടും എന്തിനു വേണ്ടിയാണ് അദ്ദേഹം അത് തിരസ്‌കരിച്ചത്? നാസ്തികരുടെ മുന്‍പറഞ്ഞ വാദങ്ങള്‍ ഒരു മറുപടി പോലും അര്‍ഹിക്കുന്നില്ലെങ്കിലും എത്രമാത്രം അസംബന്ധജടിലമായ ആരോപണങ്ങളാണ് പ്രവാചകനെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും അവര്‍ ഉന്നയിക്കുന്നത് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്. പരസ്പരം പോരടിച്ചുകൊണ്ടിരുന്ന അറബി ഗോത്രങ്ങളെ ശക്തരായ ഒരു ജനതയായി പ്രവാചകന്‍ പരിവര്‍ത്തിപ്പിച്ചു എന്നത് ശരിയാണ്. പക്ഷേ, അത് കലര്‍പ്പില്ലാത്ത തൗഹീദിന്റെ സന്ദേശത്തിലൂടെയും അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹം കൊണ്ട് പ്രവാചകന് കൈവന്ന അതുല്യമായ വ്യക്തിഗുണങ്ങളിലൂടെയും നേതൃശേഷിയിലൂടെയും ആയിരുന്നു. ആ വ്യക്തിത്വത്തിന്റെ പ്രഭാവം കണ്ട് കണ്‍മിഴിച്ചുപോയതു കൊണ്ടാണ് 'തന്ത്രജ്ഞനായ നേതാവ്' എന്ന് യുക്തിവാദി നേതാക്കന്മാര്‍ പോലും അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ബന്ധിതരാവുന്നത്. കറുത്ത കണ്ണട ധരിച്ചാല്‍ സൂര്യന്റെ വെളിച്ചം കെടുത്തിക്കളയാമെന്നാണ് ഇവരുടെ വിചാരം!

ഇസ്‌ലാമിലെ ഗോത്രീയാചാരങ്ങള്‍!

ഏതു സമൂഹത്തിലും നിലനില്‍ക്കുന്ന നന്മകളെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും തിന്മകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ് ഇസ്‌ലാമിന്റെ രീതി. നന്മയെ കുറിക്കുന്ന മഅ്‌റൂഫ് (അറിയപ്പെട്ടത്, പരിചിതമായത്), തിന്മയെ കുറിക്കുന്ന മുന്‍കര്‍ (തിരസ്‌കരിക്കപ്പെട്ടത്) എന്നീ ഖുര്‍ആന്റെ പ്രയോഗങ്ങള്‍ വിശാലമായ ഈ ആശയത്തെ ധ്വനിപ്പിക്കുന്നതാണ്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ നന്മയെന്നത് മനുഷ്യസമൂഹത്തിന് പൊതുവെ പരിചിതമായ മൂല്യങ്ങളാണെന്നും തിന്മയെന്നത് മനുഷ്യര്‍ തിരസ്‌കരിച്ച കാര്യങ്ങളാണെന്നും ഈ പദപ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നു.
അറബികള്‍ക്കിടയില്‍ അതിശക്തമായി നിലനിന്നിരുന്ന ഗോത്രീയബോധത്തെ ഒരു സാമൂഹിക യാഥാര്‍ഥ്യമായി അംഗീകരിക്കുകയും അതുമായി ഇടപഴകിക്കൊണ്ട് അതിന്റെ നല്ലവശങ്ങളെ ഉപയോഗപ്പെടുത്തുകയും ദൂഷ്യവശങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. ഗോത്രീയബോധത്തോടൊപ്പം തന്നെ, ധീരത, അഭിമാനബോധം, സ്വാതന്ത്ര്യബോധം, കാവ്യസിദ്ധി, ഉയര്‍ന്ന ആതിഥ്യമര്യാദ, കുടുംബ ബന്ധങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങി നിരവധി ഗുണങ്ങള്‍ അറബികള്‍ക്ക് ഉണ്ടായിരുന്നു. തുടക്കത്തില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അതിശക്തമായി എതിര്‍ത്ത അറബികള്‍ പിന്നീട് അതിന്റെ വാഹകരും പ്രചാരകരുമായി മാറിയതില്‍ അവരുടെ സഹജ ഗുണങ്ങള്‍ക്ക് സവിശേഷമായ പങ്കുണ്ട്. അറബികളുടെ ഗോത്രീയാചാരങ്ങളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും വിഗ്രഹാരാധാനയുടെ എല്ലാ അംശങ്ങളും തുടച്ചുനീക്കുകയും ഗോത്രീയ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്ത പ്രവാചകന്‍ അറേബ്യയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ഗോത്രങ്ങളുമായി ക്രിയാത്മകമായി എന്‍ഗേജ് ചെയ്യുന്നതു കാണാം. പ്രവാചകനും അനുയായികളും മക്കയില്‍ ഒറ്റപ്പെടുത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സമയത്ത് അറേബ്യയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ഗോത്രങ്ങയുടെ സഹായം പ്രവാചകന്‍ തേടുന്നുണ്ട്. ഓരോ വ്യക്തിയോടും അദ്ദേഹം ഇടപഴകിയത് അവരുടെ കുടുംബപരവും ഗോത്രപരവുമായ സാഹചര്യങ്ങളും സവിശേഷതകളും മനസ്സിലാക്കിക്കൊണ്ടായിരുന്നു. പ്രവാചകന്റെ വിവാഹങ്ങളില്‍ പലതും ഗോത്രത്തലവന്മാരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാനും അതുവഴി ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കാനുമുള്ള രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ ഭാഗമായിരുന്നു. 'നേതാക്കന്മാര്‍ ഖുറൈശികളില്‍നിന്നാണ്' എന്ന അര്‍ഥത്തില്‍ പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെട്ട വചനത്തെ രാഷ്ട്രീയ സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ ഖുറൈശികള്‍ മാത്രമേ നേതാവാകാന്‍ പാടുള്ളൂ എന്ന അര്‍ഥത്തിലല്ല. അറബ് ഗോത്രങ്ങള്‍ക്കിടയില്‍ അന്ന് നേതൃസ്ഥാനം ഖുറൈശികള്‍ക്കായിരുന്നു. ഗോത്രമേല്‍ക്കോയ്മയെ ഇസ്‌ലാം അംഗീകരിക്കുന്നു എന്ന തരത്തില്‍ വിമര്‍ശകര്‍ ഇത്തരം പരാമര്‍ശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുകൊണ്ടാണ് ഇതിവിടെ സൂചിപ്പിച്ചത്.
അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിഗ്രഹാരാധാനപരമായ പല ആചാരങ്ങളെയും ഇസ്‌ലാം നിലനിര്‍ത്തി എന്ന് വിമര്‍ശനം ഉന്നയിക്കുന്നവരുണ്ട്. മൃഗബലി, സ്വഫാ- മര്‍വാ മലകള്‍ക്കിടയിലുള്ള ഓട്ടം, കഅ്ബാ പ്രദക്ഷിണം, ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍ തുടങ്ങിയവയാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ അനുഷ്ഠാനങ്ങളൊക്കെയും വിഗ്രഹാരാധനയുമായിട്ടല്ല, ഹജ്ജ് കര്‍മവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് തെറ്റിദ്ധരിപ്പിക്കല്‍. ഏകദൈവത്തെ ആരാധിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട ഭൂമിയിലെ ആദ്യത്തെ ആരാധനാകേന്ദ്രം എന്നാണ് കഅ്ബയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അറബികളുടെ പ്രപിതാമഹന്മാരായ ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈലും ചേര്‍ന്ന് കഅ്ബ പുതുക്കിപ്പണിത ചരിത്രം ഖുര്‍ആന്‍ പറയുന്നുണ്ട്. ഏകദൈവരാധനയുടെ ഈ ആദിമ കേന്ദ്രത്തിലേക്കുള്ള വിശുദ്ധ തീര്‍ഥാടനം (ഹജ്ജ്) പ്രവാചകന്‍ ജനിക്കുന്നതിനും മുന്നേ അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. ബഹുദൈവാരാധകരായ അറബികള്‍ കഅ്ബയെ വിഗ്രഹങ്ങളാല്‍ നിറക്കുകയും ഹജ്ജിന്റെ ചടങ്ങുകളില്‍ വിഗ്രഹാരാധനാപരമായ ആചാരങ്ങളും ചിഹ്നങ്ങളും കൂട്ടിക്കലര്‍ത്തുകയും ചെയ്തു. മക്കയില്‍ ഇസ്‌ലാമിന്റെ സമ്പൂര്‍ണ വിജയം സംഭവിക്കുകയും ബഹുദൈവാരാധകര്‍ കൂട്ടമായി ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തതോടെ പ്രവാചകന്‍ കഅ്ബയെ വിഗ്രഹങ്ങളില്‍നിന്ന് ശുദ്ധമാക്കി. ഇബ്‌റാഹീമിന്റെയും പത്‌നി ഹാജറിന്റെയും മകന്‍ ഇസ്മാഈലിന്റെയും സ്മരണയുമായി ബന്ധപ്പെട്ട ഹജ്ജിന്റെ ചടങ്ങുകള്‍ നിലനിര്‍ത്തി. നേരത്തേ പരാമര്‍ശിക്കപ്പെട്ട ചടങ്ങുകള്‍ എല്ലാം തന്നെ ഈ വിധത്തില്‍ നിലനിര്‍ത്തപ്പെട്ടവയാണ്. കഅ്ബക്കും ഹജറുല്‍ അസ്‌വദിനും സ്വഫാക്കും മര്‍വക്കും എന്തെങ്കിലും ദൈവികമായ കഴിവുകള്‍ ഉണ്ടെന്ന് വിശ്വസിച്ചുകൊണ്ടല്ല മുസ്‌ലിംകള്‍ ഹജ്ജിന്റെ ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്. 'സ്വഫായും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്' എന്ന് ഹജ്ജിന്റെ കര്‍മങ്ങള്‍ വിവരിക്കവെ ഖുര്‍ആന്‍ പറയുന്നു. ഹജറുല്‍ അസ്‌വദിന്റെ മുമ്പില്‍ നിന്ന് ഖലീഫാ ഉമര്‍ പറഞ്ഞ വാക്കുകള്‍ ഈ യാഥാര്‍ഥ്യത്തെയാണ് ഊന്നിപ്പറയുന്നത്: 'ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ലു മാത്രമാണ് നീ എന്ന് എനിക്കറിയാം. റസൂല്‍ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല' (മുസ്‌ലിംകളുടെ മനസ്സില്‍ ഹജറുല്‍ അസ്‌വദിനെക്കുറിച്ച് എന്തെങ്കിലും തെറ്റായ ധാരണകള്‍ കടന്നുകൂടാതിരിക്കാന്‍ വേണ്ടി പറഞ്ഞ ഈ വാക്കുകളെ ചില യുക്തിവാദികള്‍ വ്യാഖ്യാനിക്കുന്നത്, കല്ലിനെ ചുംബിക്കാന്‍ നിര്‍ദേശിച്ച നബിയുടെ നടപടി ഉമറിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ്!). ഇസ്‌ലാമിലെ മൃഗബലി ഏതെങ്കിലും വിഗ്രഹത്തിന്റെ മുമ്പിലല്ല അര്‍പ്പിക്കപ്പെടുന്നത്; ഏകനായ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ടും ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ത്യാഗസ്മരണകള്‍ അയവിറക്കിക്കൊണ്ടുമാണ്. തീര്‍ഥാടനം എന്ന ആത്മീയാനുഭവത്തെ ബഹുദൈവത്വപരമായ ചടങ്ങുകളില്‍നിന്നും ആചാരങ്ങളില്‍നിന്നും മോചിപ്പിച്ച് ആത്മവിശുദ്ധിയുടെയും ഏകദൈവത്തിനുള്ള സമര്‍പ്പണത്തിന്റെയും പാപമോചനത്തിന്റെയും ഉന്നതമായ വിതാനത്തിലേക്ക് ഉയര്‍ത്തുകയാണ് ഇസ്‌ലാം ചെയ്തത്. തൗഹീദിന്റെയും മനുഷ്യ സമത്വത്തിന്റെയും ഉജ്ജ്വലമായ വിളംബരം കൂടിയാണ് ഹജ്ജ്. വിമര്‍ശിക്കുന്നവര്‍ക്ക് എന്തിനെയും വിമര്‍ശിക്കാം. നമസ്‌കാരത്തില്‍ സുജൂദ് ചെയ്യുന്നത് ഭൂമിപൂജയാണെന്നു വരെ വാദിക്കാം. ഇതിനൊക്കെ മറുപടി പറഞ്ഞ് സമയം പാഴാക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയില്ല.

ഇസ്‌ലാമും 'ആധുനിക' മൂല്യങ്ങളും

പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു ഗോത്രീയ സംസ്‌കൃതിയില്‍ ഇസ്‌ലാം മുന്നോട്ടു വെച്ച മൂല്യങ്ങള്‍ക്ക് ആധുനിക ലോകത്ത് പ്രസക്തിയില്ല എന്നതാണ് ഈ വിഷയകമായി ഉന്നയിക്കപ്പെടുന്ന ഏറ്റവും കാതലായ വിമര്‍ശനം. മനുഷ്യബുദ്ധിയുടെയും ചിന്തയുടെയും വികാസത്തിനനുസരിച്ച് മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നവരുടെ പ്രധാന വാദം. അവരുടെ കാഴ്ചപ്പാടില്‍ മതമൂല്യങ്ങള്‍ പഴഞ്ചനും പിന്തിരിപ്പനും ആധുനികമൂല്യങ്ങള്‍ പുരോഗമനപരവുമാണ്. ആധുനികത എന്ന് വ്യവഹരിക്കപ്പെടുന്ന ആശയം അതുത്ഭവിച്ച പാശ്ചാത്യ ലോകത്തു തന്നെ വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആധുനിക മൂല്യങ്ങള്‍ എന്നത് കൃത്യമായി നിര്‍വചിക്കപ്പട്ടതും സര്‍വാംഗീകൃതവുമായ പദപ്രയോഗമല്ല എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് പറഞ്ഞത്. മനുഷ്യന്റെ ബുദ്ധിവികാസമനുസരിച്ച് മനുഷ്യര്‍ ഉണ്ടാക്കിയെടുക്കുന്ന മൂല്യങ്ങളെ മതത്തിന്റെ ദൈവപ്രോക്ത മൂല്യങ്ങളുമായി താരതമ്യം ചെയ്യാമോ എന്നതാണ് അടിസ്ഥാനപരമായ ഒരു പ്രശ്‌നം. മനുഷ്യന്റെ ബുദ്ധി വികസിക്കുന്നതിനനുസരിച്ച് അവന്റെ അടിസ്ഥാന പ്രകൃതം മാറുന്നുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. വ്യഭിചാരം, സ്വവര്‍ഗ ലൈംഗികത, ആത്മഹത്യ, പോര്‍ണോഗ്രഫി ഇതൊക്കെ പുരോഗമനപരമാണെന്ന് ആധുനികതയുടെ വക്താക്കള്‍ പറഞ്ഞാല്‍ മനുഷ്യസമൂഹം അത് അംഗീകരിച്ചുകൊടുക്കേണ്ടതുണ്ടോ? ആധുനിക മൂല്യങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ ഉപയോഗിക്കുന്ന ലോജിക് അനുസരിച്ചുതന്നെ, ഇപ്പോള്‍ ആധുനികമെന്ന് കരുതപ്പെടുന്ന മൂല്യങ്ങള്‍ കുറച്ചുകാലം കഴിയുമ്പോള്‍ പഴഞ്ചനായി മാറണമല്ലോ. അങ്ങനെ വരുമ്പോള്‍ മൂല്യങ്ങള്‍ക്ക് ശാശ്വതമായ ഒരു മാനദണ്ഡം ആവശ്യമല്ലേ? അത് ആരാണ് നിര്‍ണയിക്കേണ്ടത്? മനുഷ്യബുദ്ധിയുടെ വികാസത്തിനനുസരിച്ച് മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ മനുഷ്യരില്‍ ഏത് വിഭാഗത്തിന്റെ ബുദ്ധിയാണ് പുതിയ മൂല്യങ്ങള്‍ കണ്ടു പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്ന ചോദ്യം പ്രധാനമായി വരുന്നു. ഈ ചോദ്യം വളരെ പ്രധാനമായതുകൊണ്ടാണ് അധീശ വിഭാഗത്തിന്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും ലോകത്തിലെ ഇതര ജനസമൂഹങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളെ അടയാളപ്പെടുത്തുന്നതിനു വേണ്ടി കള്‍ച്ചറല്‍ ഇംപീരിയലിസം എന്ന വാക്ക് പുതിയ ജ്ഞാനവ്യവഹാരങ്ങളില്‍ സാര്‍വത്രികമായിത്തീര്‍ന്നത്. 'ആധുനിക മൂല്യങ്ങളാണ് പുരോഗമനപരം' എന്ന പ്രസ്താവന ഒരു പ്രാപഞ്ചിക സത്യം പോലെ പുറപ്പെടുവിക്കാവുന്നതോ ഉള്‍ക്കൊള്ളാവുന്നതോ അല്ല എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം.
ഇസ്‌ലാമിന്റെ മൂല്യങ്ങളും ആശയങ്ങളും മനുഷ്യനെക്കുറിച്ചും മനുഷ്യപ്രകൃതിയെക്കുറിച്ചും ഏറ്റവും നന്നായറിയുന്ന സ്രഷ്ടാവായ ദൈവം ഉണ്ടാക്കിയതായതിനാല്‍ അത് കാലഹരണപ്പെടുകയില്ല എന്നാണ് അതിന്റെ വക്താക്കളുടെ വാദം. എല്ലാ മതങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളില്‍ സമാനതകള്‍ കണ്ടെത്താന്‍ കഴിയുന്നത് അവ ദൈവത്തില്‍നിന്ന് ഉത്ഭവിച്ച മൂല്യങ്ങള്‍ ആയതുകൊണ്ടാണ്. മനുഷ്യര്‍ തിന്മയെന്നും നന്മയെന്നും കരുതുന്ന ധാരാളം കാര്യങ്ങള്‍ എല്ലാ കാലത്തും തിന്മയും നന്മയുമായി പരിഗണിക്കപ്പെടുന്നത് മനുഷ്യന്റെ അടിസ്ഥാനപ്രകൃതം സ്ഥായിയായി നിലനില്‍ക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് കാലപ്പഴക്കം മൂലം ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ കാലഹരണപ്പെട്ടു എന്ന വാദം നിലനില്‍ക്കുന്നതല്ല. കാലത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ക്കും വികാസത്തിനുമനുസരിച്ച് അടിസ്ഥാന മൂല്യങ്ങളില്‍ നിന്നു കൊണ്ട് നിയമങ്ങള്‍ ആവിഷ്‌കരിക്കാനും വികസിപ്പിക്കാനുമുള്ള കവാടം ഇസ്‌ലാം തുറന്നുവെച്ചിട്ടുണ്ടു താനും. ഇതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്. ഇജ്തിഹാദിലൂടെയാണ് പുതുതായി ഉത്ഭവിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ നിന്നു കൊണ്ട് പണ്ഡിതന്മാര്‍ ഉത്തരം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങളുടെ ശാശ്വതമായ പ്രസക്തി കൊണ്ടും ഇസ്‌ലാമിക നിയമങ്ങളുടെ വികാസക്ഷമത കൊണ്ടുമാണ് ഇസ്ലാം ഇന്നും വിശ്വാസങ്ങളുടെയും പ്രമാണങ്ങളുടെയും ഒരു സാകല്യം എന്നതിനപ്പുറം, കോടിക്കണക്കിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ അനുധാവനം ചെയ്യപ്പെടുന്ന ആശയസംഹിതയായി നിലനില്‍ക്കുന്നത്. മനുഷ്യരുടെ വ്യക്തി, സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ ഈ പ്രത്യേകതയാണ് അതിന് ഇത്രയധികം എതിരാളികളെ നേടിക്കൊടുക്കുന്നതും.

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌