Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

ചുവപ്പു പുതപ്പിച്ചവര്‍ സിരാകേന്ദ്രങ്ങളില്‍ കയറിപ്പറ്റിയാല്‍...

എ.ആര്‍

കാഞ്ഞങ്ങാട്ട് ഡിസംബര്‍ 23 ബുധനാഴ്ച രാത്രി നിഷ്ഠുരമായ ഒരു കൊലപാതകം നടന്നു. എസ്.വൈ.എസ് പ്രവര്‍ത്തകന്‍ എന്ന് സുന്നി കാന്തപുരം വിഭാഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ എന്ന് സി.പി.എമ്മും അവകാശപ്പെട്ട മുണ്ടത്തോട് അബ്ദുര്‍റഹ്മാന്‍ ഔഫ് ആണ് കൊല ചെയ്യപ്പെട്ടത്. രാത്രി പത്തരയോടെ സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന 32-കാരനായ ഔഫിനെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കുത്തി വീഴ്ത്തുകയായിരുന്നു എന്നാണ് വാര്‍ത്ത. ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. കേസില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രാദേശിക ഭാരവാഹികള്‍ മുഹമ്മദ് ഇര്‍ശാദ്, ഹസന്‍, ഇസ്ഹാഖ് എന്നിവരെ കസ്റ്റഡിയിലെടുത്ത പോലീസ് അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് വിവരം. വന്‍ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കൊല്ലപ്പെട്ടയാളുടെ വീട് സന്ദര്‍ശിച്ച വഖ്ഫ്-ഹജ്ജ് മന്ത്രി കെ.ടി ജലീലും ഡി.വൈ.എഫ്.ഐ നേതാക്കളും കുറ്റപ്പെടുത്തുമ്പോള്‍, സംഭവത്തിന്റെ പിറ്റേദിവസം തന്നെ പരേതന്റെ വീട് സന്ദര്‍ശിക്കാന്‍ ധൈര്യപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഗൂഢാലോചനാ ആരോപണം നിഷേധിക്കുന്നു. പ്രതിയോഗികളുടെ കൊലപാതകം ലീഗിന്റെ നയമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രതികളെ ഉടനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായും വെളിപ്പെടുത്തുന്നു. കൊലപാതകത്തെ അദ്ദേഹം ശക്തിയായി അപലപിച്ചിട്ടുമുണ്ട്.
കൊലപാതകക്കുറ്റത്തിലെ പ്രതികളും കൊല്ലപ്പെട്ടവനും മുസ്‌ലിംകളാണ്, സുന്നികളുമാണ്. കൊലക്കുറ്റവാളിയെപ്പോലും നിയമപാലകരുടെ മുന്നില്‍ ഹാജരാക്കുകയല്ലാതെ നിയമം കൈയിലെടുക്കാനോ അയാളെ കൊല്ലാനോ രാജ്യനിയമമോ ഇസ്‌ലാമിക ശരീഅത്തോ അനുവദിക്കുന്നില്ല. ഇതറിയാത്തവരാവില്ല ഔഫ് വധക്കേസിലെ പ്രതികള്‍. പക്ഷേ രാഷ്ട്രീയമോ മതപരമോ രണ്ടും കൂടിയതോ ആയ വൈരാഗ്യം മൂര്‍ഛിച്ചാല്‍ അപരന്റെ ജീവനെടുക്കാന്‍ പോലും മടിക്കാത്ത സാഹചര്യം കേരളത്തില്‍ ഇല്ലാതാവുകയല്ല, ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. സി.പി.എം, ആര്‍.എസ്.എസ് തുടങ്ങിയ ഹിംസ ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗമായി അംഗീകരിക്കുന്ന പ്രസ്ഥാനങ്ങളുടെ ചോരക്കളി സംസ്ഥാനത്ത് സാധാരണമായിട്ട് സംവത്സരങ്ങള്‍ കഴിഞ്ഞു. അതിനെ തള്ളിപ്പറയുന്ന കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പോലുള്ള പാര്‍ട്ടികളും ചില ഘട്ടങ്ങളില്‍ കൊലക്കത്തി രാഷ്ട്രീയം പ്രയോഗിക്കുന്ന സംഭവങ്ങളുണ്ടാവുന്നു. കാഞ്ഞങ്ങാട്ടെ കൊലക്കേസ് പ്രതികള്‍ മുസ്‌ലിം ലീഗുകാരാണ്. തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച കശപിശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടും. എന്നാല്‍ കൊല്ലപ്പെട്ടയാള്‍ സുന്നി എ.പി വിഭാഗം പ്രവര്‍ത്തകനാണെന്നതുകൊണ്ട് സംഭവത്തിന് മത വിഭാഗീയതയുടെ ഛായയും കൈവന്നു. അതെന്തുമാവട്ടെ മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ മറവിലായാലും ഹിംസയെ ഒരിക്കലും ഒരു ജനാധിപത്യത്തില്‍ ന്യായീകരിക്കാനാവില്ല. കുറ്റവാളികളെ മുഴുവന്‍ പിടികൂടി നീതിപീഠത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് രാഷ്ട്രീയമോ മതപരമോ ആയ ബന്ധം തടസ്സമാവാനും പാടില്ല. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും മുസ്‌ലിം ലീഗിനില്ല എന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയത് സന്ദര്‍ഭോചിതമായി.
ഈ വിഷയത്തില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും അദ്ദേഹത്തിന്റെ സംഘടനക്കും പോഷക സംഘടനകള്‍ക്കും നേതാക്കള്‍ക്കുമെല്ലാമുള്ള വേദനയും പ്രതിഷേധവും മനസ്സിലാക്കാന്‍ കഴിയും. അവരത് തുറന്നു പ്രകടിപ്പിക്കുന്നതിലും കുറ്റപ്പെടുത്താനാവില്ല. പക്ഷേ തങ്ങളുടെ പ്രവര്‍ത്തകന്റെ കൊലയെപ്പറ്റി 'ലീഗ് കൊലക്കത്തി താഴെ വെക്കണം' എന്ന തലക്കെട്ടില്‍ എ.പി സുന്നി വിഭാഗത്തിന്റെ ഔദ്യോഗിക ജിഹ്വ എഴുതിയ മുഖപ്രസംഗ(2020 ഡിസംബര്‍ 25)ത്തില്‍ അസ്ഥാനത്തും അനവസരത്തിലും ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴക്കാന്‍ നടത്തിയ സാഹസം വിചിത്രവും പരിഹാസ്യവുമായി എന്നേ പറയാനാവൂ. 'കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് വലിയ പങ്കുണ്ട്. ഇസ്‌ലാമിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അഡ്രസ്സുണ്ടാക്കിക്കൊടുക്കുന്നത് ലീഗാണ്. അബുല്‍ അഅ്‌ലാ മൗദൂദിയുടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അടിന്തരാവസ്ഥ കാലത്ത് നിരോധിക്കപ്പെടുകയും ചെയ്ത ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിംഗാണ് വെല്‍ഫെയര്‍ പാര്‍ട്ടി.' 'ഇവരുമായി സഹകരിക്കരുതെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ സമുദായത്തെ ഉണര്‍ത്തിയതാണ്. എന്നിട്ടും മുസ്‌ലിം ലീഗ് നേതൃത്വം ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില പ്രദേശങ്ങളില്‍ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കി' എന്നും മുഖപ്രസംഗം തുടരുന്നു.
ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ അതിനെതിരായ 'ബോധവത്കരണം' മുസ്‌ലിയാക്കളും മൗലവിമാരും നിരന്തരം നടത്തിവരുന്നതാണ്. ഊരുവിലക്കും പന്തിവിലക്കും പള്ളിവിലക്കുമൊക്കെ യഥേഷ്ടം പയറ്റിയിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്രീയക്കാരുടെ പിന്തുണയും നിര്‍ബാധം ലഭിച്ചിട്ടുണ്ട്. ഇതൊക്കെ നേരിട്ടാണ് ഇന്ന് കാണുന്ന വിധം സംസ്ഥാനത്തിലെ മുഖ്യ രാഷ്ട്രീയ ചര്‍ച്ചാ വിഷയം  ജമാഅത്തെ ഇസ്‌ലാമിയാവുന്നതെങ്കില്‍ സംഘടനയുടെ പ്രതിഛായ പ്രതിയോഗികളെ അലോസരപ്പെടുത്താന്‍ മാത്രം മെച്ചപ്പെട്ടതാണെന്നേ കരുതാനാവൂ. അബുല്‍ അഅ്‌ലാ മൗദൂദി പറഞ്ഞതും എഴുതിയതുമൊക്കെ എക്കാലത്തും വിപണിയില്‍ ലഭ്യമാണെന്നിരിക്കെ, മൗദൂദീചിന്തകളാണ് തീവ്രവാദത്തിന് വഴിമരുന്നിട്ടതെന്ന നാസ്തിക നിര്‍മത വാദികളുടെ ആരോപണം നമ്മുടെ മതപണ്ഡിതന്മാര്‍ ഏറ്റുപറയേണ്ട ഗതികേടിലെത്തേണ്ട കാര്യമില്ല. 
'ജമാഅത്തെ ഇസ്‌ലാമി ഇന്നോളവും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ല. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടേ എന്നും അത് പ്രവര്‍ത്തിച്ചിട്ടുള്ളൂ' (ഇസ്തിഫ്‌സാറാത്ത് പേജ് 243).
'മക്കയില്‍ അറബ് യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം (മൗലാനാ മൗദൂദി) പറഞ്ഞു: 'എന്റെ അവസാനത്തെ ഉപദേശമിതാണ്. നിങ്ങള്‍ രഹസ്യ സംഘടനകളുണ്ടാക്കുകയോ സായുധ വിപ്ലവത്തിന് ശ്രമിക്കുകയോ ചെയ്യരുത്. ഇതും അക്ഷമയുടെയും ധൃതിയുടെയും മറ്റൊരു രൂപമാണ്. ഫലം കണക്കിലെടുക്കുമ്പോള്‍ മറ്റു രൂപങ്ങളേക്കാള്‍ വിനാശകരവും' (തഫ്ഹീമാത്ത് 3/362).
'എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചുകൊണ്ടുതന്നെ സമാധാന മാര്‍ഗത്തിലൂടെ സത്യവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന്റെ ഫലമായി തടവറയില്‍ കഴിയേണ്ടിവന്നാലും കൊലക്കയറില്‍ കയറേണ്ടിവന്നാലും ശരി' (തസ്‌രീഹാത്ത്, പേജ് 57). ഉദ്ധരണികള്‍ ഭീകരവാദവും ഇസ്‌ലാമും എന്ന ഐ.പി.എച്ച് പ്രസിദ്ധീകരണത്തില്‍നിന്ന്.
1956-ലാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സംഘടനയുടെ ഭരണഘടനക്ക് അംഗീകാരം നല്‍കുന്നത്. അതില്‍ ഖണ്ഡിക നാലില്‍ സംഘടനയുടെ ലക്ഷ്യം ഇഖാമത്തുദ്ദീന്‍ (ദീന്‍ നിലനിര്‍ത്തുക) ആണെന്ന് വ്യക്തമാക്കിയ ശേഷം പ്രവര്‍ത്തന മാര്‍ഗം വിശദീകരിക്കുന്ന ഖണ്ഡിക അഞ്ചില്‍ രേഖപ്പെടുത്തിയതിങ്ങനെ: 'ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ വര്‍ഗീയ വിദ്വേഷവും വര്‍ഗ സംഘട്ടനവും ഭൂമുഖത്ത് നാശവും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും അത് സ്വീകരിക്കുന്നതല്ല.'
വെറുതെ എഴുതിവെക്കുക മാത്രമല്ല, ഇന്ത്യയുടെ ഇന്നോളമുള്ള ചരിത്രത്തില്‍ ഇതില്‍നിന്ന് വിപരീതമായതൊന്നും ജമാഅത്തിന്റെ ഭാഗത്തുനിന്ന് സംഭവിച്ചതായി ഒരന്വേഷണ ഏജന്‍സിയോ കോടതിയോ കണ്ടെത്തിയിട്ടില്ല. മറ്റേത് സംഘടനക്കാണ് ഇതവകാശപ്പെടാന്‍ കഴിയുക? അടിയന്തരാവസ്ഥയില്‍ നിരോധിക്കപ്പെട്ടിരുന്നു എന്നതാണ് വലിയ കണ്ടുപിടിത്തം. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ മുഴുവന്‍ സസ്‌പെന്റ് ചെയ്ത്, കോണ്‍ഗ്രസ്സൊഴിച്ചുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ മുഴുവന്‍ ജയിലിടച്ച് കുറേ സംഘടനകളെ ഇന്ദിരാഗാന്ധി നിരോധിച്ച കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെട്ടിരുന്നു. 1977-ല്‍ അവര്‍ തന്നെ നടത്തിയ പൊതു തെരഞ്ഞെടുപ്പില്‍ അവരും പാര്‍ട്ടിയും ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ റദ്ദാക്കുകയും സംഘടനകളുടെ നിരോധം പിന്‍വലിക്കുകയും ചെയ്തു. ഇതിലെന്ത് കുറ്റമാണ്  ജമാഅത്തിന്? സംഘടന കഥാവശേഷമായെന്ന് മനപ്പായസമുണ്ണിയവരുണ്ടെങ്കില്‍ അവരെ വിഷണ്ണരാക്കിക്കൊണ്ട് ജമാഅത്ത് ഇന്നും നെഞ്ചു വിരിച്ച് നടക്കുന്നു, നാട്ടിലുടനീളം. ജമാഅത്തുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഹകരിക്കരുതെന്ന് ഭൂരിപക്ഷം മുസ്‌ലിംകളുടെ ഭൂരിപക്ഷം മതസംഘടനകളുടെ പണ്ഡിതന്മാരും സമുദായത്തെ ഉണര്‍ത്തിയിട്ടുണ്ടത്രെ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിയ പണ്ഡിത സംഘടനകളാണ് സമുദായത്തെ മതപരമായി നയിക്കുന്നതെങ്കില്‍ അവയിലേതെങ്കിലും സംഘടനയുടെ നേതൃത്വങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുമായോ വെല്‍ഫെയറുമായോ സഹകരിക്കരുതെന്ന് അടുത്ത കാലത്തൊന്നും ആഹ്വാനം ചെയ്തതായോ ഫത്‌വ പുറപ്പെടുവിച്ചതായോ കണ്ണില്‍ പെട്ടിട്ടില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഴുവന്‍ മുസ്‌ലിം സംഘടനകളും കൊച്ചിയില്‍ പ്രതിഷേധ റാലി നടത്തിയപ്പോള്‍ ജിഫ്‌രി തങ്ങളും എ.പി അബൂബക്കര്‍ മുസ്‌ലിയാരുമടക്കമുള്ളവരുടെ കൂടെ ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസും വേദി പങ്കിട്ടിരുന്നു. ആരും പ്രതിഷേധിച്ചിറങ്ങിപ്പോയതായി കണ്ടില്ല. അടുത്തിടെ കാരന്തൂര്‍ മര്‍കസ് സ്ഥാപനങ്ങളുടെ മുഖ്യസാരഥി അബ്ദുല്‍ ഹകീം അസ്ഹരി കേരള ജമാഅത്തെ ഇസ്‌ലാമി നേതാക്കളോട് ദീര്‍ഘനേരം സംവദിച്ചതായും അറിയാം. സഹകരണത്തെക്കുറിച്ചാണ്, നിസ്സഹകരണത്തെക്കുറിച്ചല്ല അവര്‍ സംസാരിച്ചതെന്നും വിവരമുണ്ട്. അതിനു മുമ്പ് ഇതെഴുതുന്ന ആളുമായി ഹകീം അസ്ഹരി ഒന്നര മണിക്കൂറോളം സംസാരിച്ചപ്പോഴും സമുദായ സംഘടനകള്‍ പൊതു വിപത്തിനെ നേരിടാന്‍ സഹകരിച്ചുനീങ്ങേണ്ടതിന്റെ അത്യാവശ്യകതയാണ് ഊന്നിപ്പറഞ്ഞത്. ശുഭോദര്‍ക്കമായ ഈ നീക്കങ്ങളില്‍ അസ്വസ്ഥരായ പാരവെപ്പുകാര്‍ സിരാകേന്ദ്രങ്ങളില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണവരെ താക്കീതു ചെയ്യേണ്ടത്. 
അവസാനമായി ഒരു കാര്യം കൂടി. കൊലക്കത്തിക്കിരയായ അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ മൃതദേഹത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ചെങ്കൊടി പുതപ്പിച്ച ദൃശ്യം ചാനലുകളില്‍ കണ്ടു. വെള്ള പുതപ്പിച്ചു കിടത്തി പ്രാര്‍ഥനകള്‍ ഉരുവിടേണ്ട വൈകാരികാന്തരീക്ഷത്തില്‍ ഇങ്ങനെയൊരു അനിഷ്ട സംഭവം അരങ്ങേറിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെ ചാവേറുകളാവാന്‍ വിശ്വാസികളും ഭക്തരുമായ യുവാക്കളെ വിട്ടുകൊടുക്കുന്നവര്‍ ആരായാലും അവര്‍ നാളെ അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരും എന്നോര്‍ക്കുന്നത് നന്ന്.

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌