Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

ഒരു ഇസ്‌ലാമിസ്റ്റ് കക്ഷിയുടെ സ്വത്വ പ്രതിസന്ധി

ചില അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നുകൊണ്ടിരിക്കെ, മൊറോക്കോ പ്രധാനമന്ത്രിയും ഭരണമുന്നണിയിലെ മുഖ്യ കക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലുമായ സഅ്ദുദ്ദീന്‍ ഉസ്മാനി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 23-ന് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'മൊറോക്കോ ഇസ്രയേലുമായി ഒരു കാരണവശാലും ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പോകുന്നില്ല. ഫലസ്ത്വീന്‍ ജനതയോട് ഇസ്രയേല്‍ ചെയ്യുന്ന അവകാശ ധ്വംസനങ്ങളെ അത് ശക്തിപ്പെടുത്തും.' മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഡിസംബര്‍ പത്തിന് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, തന്റെ രാജ്യം ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പോവുകയാണെന്ന്. ഇസ്‌ലാമിസ്റ്റ് പശ്ചാത്തലമുള്ള ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയെ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇത് തള്ളിവിട്ടത്. മൊറോക്കോയില്‍ പാര്‍ലമെന്റും അനുബന്ധ സംവിധാനങ്ങളും ഏറക്കുറെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ അധികാരം രാജാവിന്റെ കൈകളില്‍ തന്നെയാണ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാലും രാജാവ് ക്ഷണിച്ചാലേ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭ ഉണ്ടാക്കാനാകൂ. ആഭ്യന്തരം, രാജ്യരക്ഷ, വിദേശകാര്യം എന്നീ മൂന്ന് സുപ്രധാന വകുപ്പുകള്‍ രാജാവിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. അതുകൊണ്ടുതന്നെ ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുമെന്ന രാജാവിന്റെ പ്രസ്താവനയെ നിരാകരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധ്യമല്ല. അദ്ദേഹത്തിന് മുമ്പില്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ രാജശാസനയെ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയായി തുടരുക. അല്ലെങ്കില്‍ ഈ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മന്ത്രിസഭ പിരിച്ചുവിടുകയും ഇറങ്ങിപ്പോരുകയും ചെയ്യുക.
മന്ത്രിസഭ പിരിച്ചുവിട്ട് ഇറങ്ങിപ്പോരാന്‍ എന്താണ് തടസ്സം എന്നാണ് ആരും ചോദിക്കുക. അത് ചെയ്യാത്തത് കൊണ്ട് സഅ്ദുദ്ദീന്‍ ഉസ്മാനിയും അദ്ദേഹം നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയും ഇസ്‌ലാമിക വൃത്തങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പും ശകാരങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ തന്നെ ദഅ്‌വാ വിംഗായ ഹറകത്തുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹും ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അകത്തു നിന്നും പുറത്തു നിന്നും ഇത്രയേറെ സമ്മര്‍ദങ്ങളുണ്ടായിട്ടും ഭരണം വിട്ടിറങ്ങാത്തത് അധികാരക്കൊതി കൊണ്ടല്ല എന്ന് വ്യക്തം. മേഖലയിലെ അത്യന്തം സങ്കീര്‍ണമായ രാഷ്ട്രീയ സ്ഥിതിഗതികളും നാം കണക്കിലെടുക്കണം. മൊറോക്കോയില്‍ രണ്ടാം തവണയും ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയത് പശ്ചിമേഷ്യയില്‍ പിടിമുറുക്കിയ ഏകാധിപതികള്‍ക്കും പ്രതിവിപ്ലവ ശക്തികള്‍ക്കും ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ആ ഭരണകൂടത്തെ വീഴ്ത്താന്‍ അവസരം പാത്ത് കഴിയുകയാണവര്‍. ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കുമെന്ന് രാജാവ് പ്രഖ്യാപിച്ചപ്പോള്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി ഭരണം വിട്ടിരുന്നുവെങ്കില്‍ ഈജിപ്തില്‍ സംഭവിച്ചതുപോലെ പാര്‍ട്ടി നേതാക്കളെ മുഴുവന്‍ തുറുങ്കിലടപ്പിക്കാന്‍ പ്രതിവിപ്ലവ ശക്തികള്‍ക്ക് കഴിയുമായിരുന്നു. അങ്ങനെയൊരു ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ തന്നെയായിരിക്കുമോ കരാറില്‍ പ്രധാനമന്ത്രി സഅ്ദുദ്ദീന്‍ ഉസ്മാനി തന്നെ ഒപ്പുവെക്കണമെന്ന് രാജാവ് വാശി പിടിച്ചത്? വിദേശകാര്യ മന്ത്രിയോ അത്തരം പദവിയിലുള്ള മറ്റൊരാളോ ഒപ്പിട്ടാല്‍ മതിയായിരുന്നല്ലോ. ഇസ്രയേലുമായി മറ്റു അറബ് രാഷ്ട്രങ്ങള്‍ കരാറുണ്ടാക്കിയപ്പോള്‍ അവിടങ്ങളിലെ ഭരണാധികാരികളല്ലല്ലോ അതില്‍ ഒപ്പിട്ടത്. ഈ രീതിയിലാണ് പാര്‍ട്ടി പ്രശ്‌നത്തെ വായിച്ചതും വിലയിരുത്തിയതും. അണികളെ അത് കുറേയൊക്കെ ബോധ്യപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ കുറേയേറെ വിട്ടുവീഴ്ചകള്‍ ചെയ്ത് തന്ത്രപരമായ നിലപാടെടുത്തതുകൊണ്ടല്ലേ തുര്‍ക്കിയില്‍ ഉര്‍ദുഗാന് ഇന്നത്തെ നിലയിലെത്താന്‍ കഴിഞ്ഞത് എന്നും അവര്‍ ചോദിക്കുന്നു. ഭരണം തുടരാനുള്ള തീരുമാനത്തെ പാര്‍ട്ടിക്കകത്തു നിന്ന് ശക്തമായി എതിര്‍ക്കുമെന്ന് കരുതിയിരുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അബ്ദുല്‍ ഇലാഹ് ബെന്‍ കീറാന്‍ പാര്‍ട്ടി ലൈനിന് ഒപ്പം നിന്നത് ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍.
ഈ ന്യായീകരണങ്ങളൊന്നും ഫലസ്ത്വീനെ നെഞ്ചിലേറ്റുന്ന മൊറോക്കന്‍ ജനതക്ക് ബോധ്യമാവണമെന്നില്ല. ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകര്‍ത്ത നിലപാടായി ഇത് വിലയിരുത്തപ്പെടുകയും ചെയ്‌തേക്കാം. തല്‍ക്കാലം ഇതിന്റെ വിധിന്യായം നമുക്ക് ചരിത്രത്തിന് വിടാം.

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌