Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

ദൈവത്തെ കണ്ടെത്തല്‍

വി.എസ് സലീം

ആരാണ് ദൈവം? മനുഷ്യരില്‍ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളാണെങ്കിലും അധികപേര്‍ക്കും ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരമുണ്ടാവില്ല. കാരണം, അതേക്കുറിച്ച് നന്നായി ആലോചിച്ച് സ്വന്തം ബുദ്ധിക്കും യുക്തിക്കും തൃപ്തികരമായ ഒരു തീര്‍പ്പിലെത്തിയിട്ടല്ല പലരും വിശ്വസിക്കുന്നത്. ഭൂരിപക്ഷം മനുഷ്യരുടെയും 'വിശ്വാസം' പാരമ്പര്യലബ്ധമാണ്. എന്നുവെച്ചാല്‍ ജന്മനാ കിട്ടിയത്. അതുതന്നെയും, മാതാപിതാക്കള്‍ സ്വന്തം കുട്ടികളെ പഠിപ്പിച്ച് യുക്തിപൂര്‍വം ബോധ്യപ്പെടുത്തിയതോ, മക്കള്‍ ചിന്തിച്ചുറപ്പിച്ച് സത്യമെന്ന് കണ്ടെത്തിയതോ അല്ല. തീര്‍ത്തും അന്ധമായ അനുകരണം! അതുകൊണ്ടുതന്നെ മിക്കവാറും യുക്തിരഹിതവും.
ദൈവത്തെക്കുറിച്ചുള്ള ആലോചന മനുഷ്യന്‍ തന്നില്‍നിന്നാണ് തുടങ്ങേണ്ടത്. തന്റെ ബുദ്ധിയും വിവേകവും പക്വമായി എന്ന് തോന്നിയ നിമിഷം മുതല്‍ ഓരോ മനുഷ്യനും ചിന്തിക്കണം; താന്‍ ആരാണ്? എവിടെനിന്ന് വന്നു? ആരുടെ തീരുമാനപ്രകാരം? ആരാണ് തന്നെയിവിടെ കൊണ്ടുവന്നത്? എന്തിന് കൊണ്ടുവന്നു? ഇനി എങ്ങോട്ട്, എന്തിന് കൊണ്ടുപോകുന്നു?
ഇതൊന്നും താന്‍ സ്വയമേവ ചെയ്യുന്നതല്ലെങ്കില്‍ ഇതിനു പിന്നില്‍ ഏതോ ഒരു ശക്തിയുടെ നിയന്ത്രണമില്ലേ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞാല്‍ അത് മനുഷ്യനെ സ്വാഭാവികമായും ദൈവത്തിലെത്തിക്കും. അത്തരമൊരു ശക്തിയെ കണ്ടെത്തിയാല്‍ അടുത്ത ചോദ്യം അതെവിടെ സ്ഥിതിചെയ്യുന്നു; എന്തുകൊണ്ട് നമുക്കതിനെ കാണാന്‍ കഴിയുന്നില്ല എന്നെല്ലാമാണ്.
അതിനുള്ള മറുപടിയിതാണ്: ദൈവമെന്നാല്‍ ഒരു വസ്തുവല്ല; ഊര്‍ജമോ ഊര്‍ജസ്രോതസ്സോ ആണെന്ന് പറയാം. മറ്റൊന്നിനോടും ആ ശക്തിയെ തുലനം ചെയ്യാനാവില്ല. എങ്കിലും, എളുപ്പം മനസ്സിലാകാന്‍ വേണ്ടി പറയാം, ദൈവം വെളിച്ചം പോലെയാണ്. വേദങ്ങള്‍ ദൈവത്തിന്റെ സത്തയെ വെളിച്ചത്തോടുപമിച്ചത് അതുകൊണ്ടാവാം.
'ദൈവം ഈ പ്രപഞ്ചത്തിന്റെ വെളിച്ചമാണെ'ന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ആ വെളിച്ചത്തിന്റെ സവിശേഷതകളെ ഒട്ടൊക്കെ മനുഷ്യബുദ്ധിക്കു മനസ്സിലാകുംവിധം വിവരിച്ചിട്ടുമുണ്ട്. അത് വിളക്കുമാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്കിന്റെ വെളിച്ചം പോലെയാണ്. ആ വിളക്കിരിക്കുന്നത് ധ്രുവനക്ഷത്രംപോലെ വെട്ടിത്തിളങ്ങുന്ന ഒരു പളുങ്കുപാത്രത്തിനകത്താണ്. പാശ്ചാത്യമോ പൗരസ്ത്യമോ അല്ലാത്ത ഒരു വൃക്ഷത്തിന്റെ ഇന്ധനമുപയോഗിച്ചാണ് ആ വിളക്ക് കത്തുന്നതെന്നും, ആ ഇന്ധനം അഗ്നിസ്പര്‍ശമില്ലാതെ സ്വയം പ്രകാശിക്കുന്നതാണെന്നും കൂടി മനോഹരമായ ഖുര്‍ആന്‍ വാക്യങ്ങള്‍ കാല്‍പനികമായ കാവ്യഭാഷയില്‍ പറഞ്ഞുവെക്കുന്നു; വെളിച്ചത്തിന്റെ വെളിച്ചം! ആ വെളിച്ചം കൊണ്ടാണ് ദൈവം മനഷ്യരെ നേര്‍വഴി കാണിക്കുന്നത്.
ദൈവത്തെക്കുറിച്ച അന്വേഷണവും, ആ അധീശശക്തിയെ കണ്ടെത്താനുള്ള പരിശ്രമവും മനുഷ്യന്‍ വളരെ പണ്ടുമുതലേ ആരംഭിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളെല്ലാം ആത്മീയ പിതാവായി കരുതുന്ന പ്രവാചകനായ അബ്രഹാം ഈ അന്വേഷണം നടത്തി ദൈവത്തെ 'കണ്ടെത്തിയ' കഥയും ഖുര്‍ആനില്‍ തന്നെ വായിക്കാം. എല്ലാ മനുഷ്യരെയും പോലെ ദൈവത്തെ തേടിയുള്ള അദ്ദേഹത്തിന്റെ കണ്ണുകള്‍, തന്നെപ്പോലുള്ള 'കൃമി-കീടങ്ങള്‍' ജീവിക്കുന്ന ഭൂമിയിലേക്കല്ല ആദ്യം തിരിഞ്ഞത്. തന്നോടൊപ്പം ഇവിടെ ജീവിക്കുന്ന പാമ്പും തേളും പഴുതാരയും, പുലിയും സിംഹവുമെല്ലാം ഇതര ജീവികളെ ഉപദ്രവിക്കാന്‍ കഴിവുള്ളവയാണ്; സംശയമില്ല. ആടും പശുവും ഒട്ടകവും ഒട്ടേറെ ഉപകാരം തരുന്നവയാണെന്നതും സത്യം. മാനും മയിലും കുയിലും കണ്ണിനും കാതിനും മനസ്സിനും ആനന്ദലഹരി പകരുന്നു എന്നതും ശരിതന്നെ. പക്ഷേ, ഇവക്കൊന്നും സര്‍വസംരക്ഷകനായ ദൈവമാകാന്‍ യോഗ്യതയില്ലല്ലോ.  അതുകൊണ്ട്, അറ്റമില്ലാത്ത അത്ഭുതങ്ങളുടെയും അളവില്ലാത്ത ഊര്‍ജത്തിന്റെയും പ്രഭവസ്ഥാനമായ ആകാശത്തേക്കാണ് ആദ്യമായി അബ്രഹാമിന്റെ അന്വേഷണദൃഷ്ടി തിരിഞ്ഞത്.
ഒരു രാത്രി അദ്ദേഹം അന്വേഷണം ആരംഭിക്കുന്നു.  ലക്ഷക്കണക്കായ നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്ന രാത്രി. അക്കൂട്ടത്തിലൊന്ന് ദൈവമാകാനിടയുണ്ട്! അതേ, അതില്‍ സാമാന്യം വലിയ ഒന്നിനെ പ്രത്യേകം കാണുന്നു. ഒരുപക്ഷേ, അതാവാം താന്‍ അന്വേഷിക്കുന്ന ദൈവം! അബ്രഹാം കുറേ കഴിഞ്ഞ് നോക്കുമ്പോള്‍ ആ നക്ഷത്രത്തെ കാണാനില്ല. അത് അസ്തമിച്ചു മറഞ്ഞിരിക്കുന്നു. അങ്ങനെ അസ്തമിച്ചുപോകുന്നവ ദൈവമാകാന്‍ പറ്റില്ലല്ലോ.
അബ്രഹാമിന്റെ മനസ്സ് വീണ്ടും അന്വേഷണമാരംഭിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് പൂനിലാപ്പുഞ്ചിരി പൊഴിച്ചുകൊണ്ട് പൗര്‍ണമിച്ചന്ദ്രന്റെ കടന്നുവരവ്. കൊള്ളാം, ഇതായിരിക്കാം തന്റെ ദൈവം.
കുറേ കഴിഞ്ഞപ്പോള്‍, നക്ഷത്രങ്ങളും പൗര്‍ണമിച്ചന്ദ്രനുമെല്ലാം പ്രശോഭിച്ചിരുന്ന ആകാശത്ത് പ്രഭാതത്തിന്റെ അരുണിമ പരക്കാന്‍ തുടങ്ങുന്നു. നിമിഷനേരം കൊണ്ട് എല്ലായിടത്തും വെള്ളിവെളിച്ചം നിറയുന്നു. അതോടെ നേരത്തേ കണ്ട 'ദൈവ'ങ്ങളെല്ലാം അപ്രത്യക്ഷമാവുന്നു..! തല്‍സ്ഥാനത്തതാ പുതിയൊരു 'ദൈവ'ത്തിന്റെ എഴുന്നള്ളത്ത്. സാക്ഷാല്‍ സൂര്യന്‍!
ഇദ്ദേഹം ഒരു മഹാസംഭവം തന്നെ! ഇദ്ദേഹം തന്നെ സര്‍വശക്തനായ ദൈവം തമ്പുരാന്‍.
പക്ഷേ, ആ തീര്‍പ്പിനും ഏതാനും വിനാഴികയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വെള്ളിവെളിച്ചത്തിന്റെ അത്ഭുതശോഭയുമായി തേരോട്ടം തുടങ്ങിയ 'സൂര്യഭഗവാന്‍' പോകപ്പോകെ പ്രഭാവംകെട്ട്, പരിക്ഷീണിതനായി പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങിയപ്പോള്‍ അബ്രഹാം നിരാശനായി.
ഇനിയെന്തു വഴി? എവിടെ തന്റെ ദൈവം? താന്‍ അന്വേഷിക്കുന്ന ഒരിക്കലും അസ്തമിക്കാത്ത ആ നിത്യസത്യം? സാക്ഷാല്‍ പരമേശ്വരനായ ആ ദൈവം തന്നെ വഴികാണിച്ചില്ലെങ്കില്‍ താന്‍ പിഴച്ചുപോയതുതന്നെയെന്ന് അബ്രഹാം മനസ്സില്‍ പറഞ്ഞു. കാരണം, ഇനി തന്റെ മുന്നിലുള്ള ഒരേയൊരു വഴി അങ്ങനെയൊരു ദൈവം തന്നെയില്ലെന്ന നിഷേധാത്മകമായ ഒരു തീര്‍പ്പിലെത്തുകയാണല്ലൊ.
അതിനാകട്ടെ, മനസ്സാക്ഷി സമ്മതിക്കുന്നുമില്ല!
ഒടുവില്‍, സാക്ഷാല്‍ ദൈവം അദ്ദേഹത്തിനു നേര്‍വഴി കാട്ടി. അത്ഭുത പ്രപഞ്ചത്തിന്റെ പരംപൊരുളായി അബ്രഹാമിന്റെ മനസ്സില്‍ അവന്‍ പ്രത്യക്ഷനായി; സത്യസ്വരൂപനായി പ്രകാശിതനായി.

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌