Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

കര്‍മ സന്നദ്ധതയുടെ അപൂര്‍വ വിസ്മയം

വി.കെ ജലീല്‍

ചില ചരമാനുഭവങ്ങള്‍ പൊടുന്നനെ നമ്മുടെ സജീവ സ്മരണയില്‍നിന്ന് വഴുതി വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടുപോകും. മറ്റു ചിലതാകട്ടെ ജ്വലിക്കുന്ന ഓര്‍മകള്‍ ഉണര്‍ത്തി ബോധോപരിതലത്തില്‍ ദീര്‍ഘകാലം ജീവത്തായി തുടിച്ചുനില്‍ക്കുകയും ചെയ്യും. എന്നെ സംബന്ധിച്ചേടത്തോളം, അനേകം സംയുക്ത നിര്‍വഹണ സ്മൃതികളുടെ കുത്തൊഴുക്ക് സൃഷ്ടിച്ച  ഒന്നായിരുന്നു സഹോദരന്‍ എ. ഫാറൂഖിന്റെ ആകസ്മിക നിര്യാണം.
ഞങ്ങളുടെ കൂട്ടുപ്രവര്‍ത്തനബന്ധം ആരംഭിക്കുന്നത് മുപ്പതു വര്‍ഷം മുമ്പ് ജിദ്ദയില്‍ വെച്ചാണ്. അവസാനമായി കാണുന്നത് മരണത്തിന് ഏതാനും നാളുകള്‍ക്കു മുമ്പ് അദ്ദേഹം വീട്ടില്‍ നേരിട്ട് വരുമ്പോഴും. ആ കാഴ്ച വിധി രൂപപ്പെടുത്തിയ മനോഹരമായ ഒരനുഭവമായിരുന്നു എന്ന് ഫാറൂഖിനെ മരണം പിടിച്ചിറക്കിക്കൊണ്ടുപോയപ്പോഴാണ് തീര്‍ച്ചപ്പെട്ടത്. മരണത്തിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ പോലും മൂന്നു എളിയ സേവനസംരംഭങ്ങളില്‍ ഫാറൂഖ് എനിക്ക് സഹായിയായിരുന്നു.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ ചരമത്തെ പ്രതിയാണത്രെ കേരളത്തിലെ കവികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം അനുശോചന കാവ്യങ്ങള്‍ രചിച്ചു വിലപിച്ചത്. ഫാറൂഖിന്റെ നൊമ്പരമുണര്‍ത്തിയ നിരാരോഗ്യാവസ്ഥയിലും വേദനാജനകമായ നിര്യാണത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രതികരണ ബാഹുല്യം, ഏതാണ്ട്  സമാനമായൊരു അതുല്യത ഫാറൂഖിനും ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ജീവിതത്തിലൊരിക്കലും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളില്‍ ഒന്നിലും ഫാറൂഖ് നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല. അഥവാ ആ മാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടേയില്ല. ഏറ്റവുമൊടുവില്‍, പത്‌നിയുടെ ഫോണിലേക്ക് താനുമായി ബന്ധപ്പെട്ട അവശ്യ സന്ദേശങ്ങള്‍ അയക്കാന്‍ ചുരുക്കം ചിലര്‍ക്ക് അനുമതി നല്‍കിയിരുന്നു എന്നു മാത്രം. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച നിറഞ്ഞ ഉത്കണ്ഠകളുടെയും, നിര്യാണത്തെത്തുടര്‍ന്നുളവായ വേദനയുടെയും രണ്ടു നാലു ദിവസങ്ങളില്‍, മലയാളികള്‍ സാധാരണ പെരുമാറാറുള്ള സമൂഹ മാധ്യമങ്ങള്‍ മുഴുവന്‍ സ്മര്യപുരുഷന് സംവരണം ചെയ്യപ്പെട്ടതാണെന്ന തോന്നലാണുളവാക്കിയിരുന്നത്. അത്രയും വികാരപ്രകടനങ്ങള്‍, നിലക്കാത്ത പ്രവാഹം കണക്കെ അതില്‍ വന്നുകൊണ്ടിരുന്നു. മനംനൊന്ത പ്രാര്‍ഥനകള്‍, ഫാറൂഖിനെ അനുഭവിച്ചവരുടെ വിങ്ങലുകള്‍, ജനസേവന രംഗത്തെ വ്യത്യസ്തങ്ങളായ അനുഭവ കഥകള്‍, മറ്റുള്ളവര്‍ക്ക് നേടിക്കൊടുത്തതിന്റെയും സ്വയം നഷ്ടപ്പെടുത്തിയതിന്റെയും കണ്ണ് നനക്കുന്ന വിവരണങ്ങള്‍.  അവയൊന്നും ഇവിടെ ഉദ്ധരിക്കുന്നില്ല. എന്നാല്‍ ആ വ്യക്തിത്വത്തിലെ നിരുപമ സേവന ഭാവത്തിന് പ്രചോദനങ്ങളായ പ്രധാന ഘടകങ്ങളെക്കുറിച്ച് ഏതാനും വാചകങ്ങള്‍ കുറിച്ചിടുക മാത്രമേ ചെയ്യുന്നുള്ളു.
പരേതന് ജന്മം നല്‍കിയ ആനമങ്ങാട് തറവാടും ശാന്തപുരം എന്ന പിറവി പ്രദേശവും പരേതന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഫാറൂഖിന്റെ പിതാവ് ആനമങ്ങാടന്‍ മുഹമ്മദ് എന്ന കുഞ്ഞാണി ഹാജി, ആ ദേശം മുഴുവന്‍ ആദരിക്കുന്ന പ്രമാണി ആയിരുന്നു. അയല്‍ ദേശങ്ങളിലേക്കും അദ്ദേഹത്തിന്റെ പൗരുഷ പ്രഭാവം പരന്നിരുന്നു. കുഞ്ഞാണി ഹാജിയുടെ  പ്രമാണിത്തത്തിന്റെയും മറ്റു ശ്രേഷ്ഠ ഗുണങ്ങളുടെയും പിതൃത്വവും അദ്ദേഹത്തിന്റെ വന്ദ്യപിതാവ് ആനമങ്ങാടന്‍ മൊയ്തു ഹാജിയില്‍ തന്നെയാണ് ചെന്നു ചേരുക. മൊയ്തു ഹാജിയെ അകന്നു നിന്ന് കണ്ടും, കുഞ്ഞാണി ഹാജിയെ അടുത്തിടപഴകി അനുഭവിച്ചും എനിക്ക് ധാരാളം പരിചയം ഉണ്ട്. മൊയ്തു ഹാജിയുടെ പിതാവ് കുഞ്ഞീമുട്ടി മുസ്‌ലിയാര്‍ ആനമങ്ങാട്ടു നിന്ന് വന്ന് മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പ്രദേശത്ത് പുരവെച്ച് താമസമുറപ്പിച്ചയാളാണ്. ഇന്ന് 'അല്‍ ജാമിഅ' കോമ്പൗണ്ടിലെ കാന്റീന്‍ നില്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഈ പുരയും അമ്പത്തി ഏഴ് സെന്റ് സ്ഥലവും മൊയ്തു ഹാജിയും, മറ്റൊരു പൗരപ്രമുഖന്‍ ആയിരുന്ന അബ്ദുഹാജി അടക്കമുള്ള കൂടപ്പിറപ്പുകളും ഇസ്‌ലാമിയാ കോളേജിനു ദാനമായി നല്‍കി.
മതപണ്ഡിതനായിരുന്ന കുഞ്ഞീമുട്ടി മുസ്‌ലിയാര്‍ ആനമങ്ങാട്ടു നിന്ന് ഇങ്ങോട്ട് ചേക്കേറാനുണ്ടായ പ്രേരണ എന്തായിരുന്നു എന്ന് ഈ കുറിപ്പുകാരനു അറിഞ്ഞുകൂടാ. സ്വാഭീഷ്ടപ്രകാരം ശാന്തത കൊതിച്ച് നല്ല ഭൂമിയിലേക്ക് വന്നതാവാം. അല്ലെങ്കില്‍ വല്ല മതാവശ്യങ്ങള്‍ക്കും ക്ഷണിക്കപ്പെട്ടെത്തി, നാട് പൊരുത്തപ്പെട്ടപ്പോള്‍, സ്ഥിരവാസി ആയതുമാവാം. ഏതായാലും ആനമങ്ങാട്ടു നിന്ന് വന്നവര്‍ ആയതുകൊണ്ട്  അവരുടെ കുടുംബനാമം 'ആനമങ്ങാടന്‍' എന്നായിത്തീര്‍ന്നു. ചെറു ഗിരിനിരകളാല്‍ ചുറ്റപ്പെട്ട ഈ വള്ളുവനാടന്‍  ഉള്‍നാടന്‍ ഗ്രാമത്തെ, ഇസ്‌ലാമിക പ്രസ്ഥാന ദീപ്തിയിലേക്ക്  നയിച്ചവരില്‍ പ്രമുഖനായ ഇസ്സുദ്ദീന്‍ മൗലവി, ദിവ്യമായ ഉള്‍പ്രേരണയാല്‍, പ്രദേശത്തിന് 'ശാന്തപുരം' എന്ന പേര് സമ്മാനിക്കുന്നത് പിന്നെയും കുറേ ദശാബ്ദങ്ങള്‍ കഴിഞ്ഞാണ്. 
മൊയ്തു ഹാജിയും കുടുംബവും  താമസിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ ഈ ഗൃഹത്തിനു അഗ്നി പറ്റി. അതിനാല്‍ അയല്‍വാസികള്‍ക്കിടയില്‍ 'വെന്ത പുര' എന്ന പേരില്‍ അതറിയപ്പെട്ടു. ഒരുപാടുകാലം, ഇസ്‌ലാമിയാ കോളേജിന് ഏറ്റവും ഉപകാരപ്പെട്ട പാചകപ്പുരയും ഊട്ടുപുരയുമായി പ്രസ്തുത കെട്ടിടം നിലനിന്നിരുന്നു. പ്രധാന കെട്ടിടത്തില്‍നിന്ന് ഇറക്കി കെട്ടിയ ഭാഗത്തിനു കീഴെ വിറകടുപ്പില്‍ വെച്ച വലിയ ചെമ്പില്‍ അരിയും ഒപ്പം, തെല്ലു കല്ലും കലര്‍ന്ന, മണമുള്ള റേഷനരിയും, ശര്‍ക്കര ചേര്‍ത്ത പരുക്കന്‍ ഗോതമ്പും ആ പട്ടിണിക്കാലത്ത് ഒരുപാട് തിളച്ചു വെന്തു. എന്റെ പത്തു വര്‍ഷക്കാലത്തെ അനുഭവത്തില്‍ ഒരു തവണ മാത്രമാണ് ആ അടുക്കളയില്‍ നിന്ന് ബിരിയാണിയുടെ മണം പുറത്തുവന്നത്. വിധിയുടെ സൗന്ദര്യം എന്നു പറയട്ടെ,  'വെന്ത പുര'യുടെ ചുമരുകള്‍ക്ക് പിന്നെയും തീയും പുകയും ഏല്‍ക്കാന്‍ തന്നെ ആയിരുന്നു വിധി. അതേ കെട്ടിടത്തോടു ചേര്‍ന്ന് നിര്‍മിച്ച, കോഴിയും കാക്കയും അകത്തു കടക്കാതിരിക്കാന്‍, മരപ്പട്ടികകള്‍ കൊണ്ട് അടച്ചുറപ്പാക്കിയ, നീണ്ട ഷെഡ്ഡിലിരുന്നു ഞങ്ങള്‍, കോളേജ് അന്തേവാസികള്‍, ഭക്ഷണം കഴിച്ച് വിശപ്പ് മാറാതെ ക്ലാസ് മുറികളിലേക്കും കിടക്കപ്പായകളിലേക്കും പോയി. അതൊക്കെ ഒരു കാലം.
ഫാറൂഖിന്റെ പാരമ്പര്യത്തെ കുറിച്ചാണ് പറഞ്ഞു വന്നത്. ധീരസാഹസികനായ കുഞ്ഞാണി ഹാജിയുടെ രക്തമാണ് ഫാറൂഖിന്റേത്.  ദീര്‍ഘകാലം സ്വദേശത്തും, പാകിസ്താനിലും ഗള്‍ഫ് മേഖലയിലും വ്യാപാരത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട ഹാജിയുടെ സമ്പൂര്‍ണ ചരിത്രം  രേഖപ്പെടുത്തപ്പെടേണ്ടതാണ്. നാട്ടില്‍നിന്ന് ഇ.എസ്.എസ്.എല്‍.സി (ഇന്നത്തെ എട്ടാം ക്ലാസ്) പൊതുപരീക്ഷ പാസായ ശേഷം, പിതാവിനോടൊപ്പം പാകിസ്താനില്‍ എത്തി. അവിടെ താമസിക്കവെ, രണ്ടുവര്‍ഷം കറാച്ചിയിലെ കീര്‍ത്തിപെറ്റ 'ഡോണ്‍' സ്‌കൂളിലും പഠിച്ചു. അന്ന് സുല്‍ഫിക്കര്‍ അലി ഭൂട്ടോ അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ ആയിരുന്നുവത്രെ. എത്രയോ ദീര്‍ഘമാണദ്ദേഹത്തിന്റെ സംഭവബഹുലമായ  ജീവിത കഥ.
ഫാറൂഖിനെ രൂപപ്പെടുത്തിയ പ്രധാന ഘടകം ഇസ്‌ലാമിക പ്രസ്ഥാനം തന്നെയാണ്; പ്രവാസ പ്രസ്ഥാനവും പ്രവര്‍ത്തകരും. കെ.ഐ.ജി അതിന്റെ സുവര്‍ണ ഘട്ടത്തിലേക്ക് കടന്ന നാളുകളിലാണ് ഫാറൂഖ് ജിദ്ദയിലെ പ്രവര്‍ത്തനവൃത്തത്തിലേക്ക് വന്നുചേരുന്നത്. അബൂബക്കര്‍ നദ്വി, ജമാല്‍ മലപ്പുറം, സുബൈര്‍ സാഹിബ്, പ്രഫസര്‍ മൊയ്തീന്‍കുട്ടി, വി.കെ. അബ്ദു തുടങ്ങിയവര്‍ ഈയുള്ളവനോടൊപ്പം പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കിയിരുന്ന കാലം. അന്ന് യോഗ്യതയും സന്നദ്ധതയുമുള്ള പ്രവര്‍ത്തകരെ പ്രസ്ഥാനം തേടിക്കൊണ്ടിരിക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ സവിശേഷാഭിമുഖ്യം പുലര്‍ത്തുന്നവരെ, കളരിയില്‍ സ്വതന്ത്രമായി വിടുകയും, അവരെ ഗുണകാംക്ഷാപൂര്‍വം നിരീക്ഷിക്കുകയും  ചെയ്യുക എന്നതായിരുന്നു അന്നത്തെ പ്രവര്‍ത്തനശൈലി. ഈ രീതി ഫാറൂഖ് അടക്കം ഒരുപാടുപേരെ വിവിധ മേഖലകളില്‍ അസൂയാര്‍ഹമാം വിധം വളരാന്‍ സഹായിച്ചുവെന്നതിന് അനുഭവങ്ങള്‍ സാക്ഷി.  ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ അലംഭാവം കാണിച്ചതിനല്ല, ചുമതലപ്പെടുത്തിയതിനപ്പുറം ചുവടുവെച്ചതിനാണ് ഫാറൂഖിനെ പലപ്പോഴും പുറകോട്ടു വലിക്കേണ്ടി വന്നിട്ടുള്ളത് എന്നോര്‍ത്തു പോകുന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ കര്‍മസന്നദ്ധതയുടെ അപൂര്‍വ വിസ്മയമായിരുന്നു പരേതന്‍. ഫാറൂഖിനെ അടുത്തറിയുന്നതുകൊണ്ട്,  കര്‍മമേഖലയില്‍ ഒരു അനവധാനതയും വരുത്തിയിട്ടില്ലെന്ന് പറയാന്‍ ഞാനാളല്ല. പക്ഷേ സ്വയംമറന്ന പരസേവനസന്നദ്ധതയുടെ ആ ദീപനാളത്തിനു സ്വാര്‍ഥതയുടെ കരിയും പുകയും ഒട്ടും ഉണ്ടായിരുന്നില്ല.
ഈ കുറിപ്പിന്റെ സമാപനമായി ഒരു കാര്യവും കൂടി. ഫാറൂഖിന്റെയും ജിദ്ദാ കെ.ഐ.ജിയുടെയും നിര്‍വഹണ വിസ്മയങ്ങളെക്കുറിച്ച് കൗതുകം കൂറുമ്പോള്‍, അശ്‌റഫ് അലി(കട്ടുപ്പാറ)യുടെ പേരുകൂടി  അവിടെ ഒരുപാട് സ്ഥലത്ത്  ചേര്‍ത്തുവെക്കണം. സുഊദി സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുമായി ഹൃദയബന്ധം സ്ഥാപിക്കാന്‍ ഉതകുന്നതായിരുന്നു അശ്‌റഫിന് കൈവന്ന ജോലി. ആ ബന്ധങ്ങള്‍ ഹാജിമാര്‍ക്കും, പ്രവാസികളായ അരക്ഷിത ജന്മങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച അശ്‌റഫിന് ഫാറൂഖിനെ കൂട്ടായി കിട്ടി. അറബി സംസാരഭാഷയില്‍ നല്ല ആശയവിനിമയ സാമര്‍ഥ്യം ഉണ്ടായിരുന്ന ഇരുവരും ലഭ്യമാവുന്ന ബന്ധങ്ങള്‍ സദുദ്ദേശ്യങ്ങളോടെ വളര്‍ത്തിയെടുത്തു. ക്രമേണ ജനജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും ഇരുവര്‍ക്കും ഗുണകാംക്ഷികളെ ലഭിച്ചു; 'തര്‍ഹീല്‍' മുതല്‍ 'മക്കാ ഗവര്‍ണറേറ്റ്' വരെ. രണ്ടു ലക്ഷത്തോളം പ്രവാസി മലയാളികള്‍ക്ക് വിവിധങ്ങളായ പ്രതിസന്ധികളില്‍, ഉചിതമായ സൗജന്യ നിയമസഹായമെത്തിക്കാന്‍ കഴിഞ്ഞുവെന്ന് പരേതനായ ഫാറൂഖ് എവിടെയോ കുറിച്ചുവെച്ചത് ഒട്ടും അതിശയോക്തിയല്ല. നിയമസഹായത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല ഇരുവരുടെയും കൂട്ടു പ്രവര്‍ത്തനം. അവയെല്ലാം പരലോകത്തും ഫലവത്തായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌