Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

വാഴക്കാടും കൊയപ്പത്തൊടിയും പ്രസ്ഥാനവീഥിയിലെ നിയമപോരാട്ടങ്ങളും

എം.എ അഹ്മദ് കുട്ടി / സദ്‌റുദ്ദീന്‍ വാഴക്കാട്

വിജ്ഞാനം വഴി വിശ്രുതമായ വാഴക്കാടിന്റെ മണ്ണിലാണ്  എം.എ അഹ്മദ് കുട്ടി ജനിച്ചു വളര്‍ന്നത്. കൃഷിയും കച്ചവടവും വിദ്യാഭ്യാസ, വികസന പ്രവര്‍ത്തനങ്ങളും മുഖമുദ്രയാക്കിയ കൊയപ്പത്തൊടി കുടുംബത്തിന്റെ പാരമ്പര്യവും, പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വവും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കര്‍മമണ്ഡലവും അദ്ദേഹത്തിന്റെ  വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും പ്രവര്‍ത്തങ്ങളെ മുന്നോട്ട് നയിക്കുകയും ചെയ്തു. തൊണ്ണൂറ്റിരണ്ട് വര്‍ഷത്തെ  സംഭവബഹുലമായ ജീവിതം അനുഭവങ്ങളുടെ നിറവാണ്. കൃഷിയും കച്ചവടവും കരാര്‍ പണികളുമായി തൊഴില്‍ ജീവിതത്തിന്റെ ആദ്യഘട്ടം കടന്നുപോയി. വായനയും പ്രമുഖ സാഹിത്യകാരന്മാരുമായുള്ള സഹവാസവും ഇതിനിടയില്‍ ജീവിതത്തെ പുഷ്‌കലമാക്കിക്കൊണ്ടിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പബ്ലിക് റിലേഷനും ശൂറാ അംഗത്വവും പ്രബോധനം വാരികയുടെ മാനേജിംഗ് ഉത്തരവാദിത്വവും മാധ്യമത്തിന്റെ പി.ആര്‍ വര്‍ക്കും ശ്രദ്ധേയമായ കേസുകളുടെ നടത്തിപ്പും പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് അദ്ദേഹത്തെ കര്‍മോത്സുകനാക്കി. മങ്ങിത്തുടങ്ങിയ ഓര്‍മകളില്‍നിന്ന്  ചികഞ്ഞെടുത്ത അനുഭവങ്ങള്‍ എം.എ അഹ്മദ് കുട്ടി സാഹിബ്്  പങ്കുവെക്കുന്നു. 
 
ജനനം, കുടുംബം
കൊയപ്പത്തൊടി കുടുംബത്തിന്റെ വേരുകള്‍ ചെന്നുനില്‍ക്കുന്നത് എവിടെയാണെന്ന് തീര്‍ത്തു പറയാന്‍ പറ്റുന്നില്ല. കോഴിക്കോട് ജില്ലയിലെ തിക്കോടിയോടു ചേര്‍ന്ന പൂക്കോത്ത് നിന്നോ, തലശ്ശേരിയില്‍ നിന്നോ വന്ന് വാഴക്കാട്ട് താമസമാക്കിയ പ്രമുഖ കുടുംബമാണ്, പില്‍ക്കാലത്ത് കൊയപ്പത്തൊടി എന്ന പേരില്‍ അറിയപ്പെട്ടത്. ഞങ്ങളുടെ പൂര്‍വികരായ രായിന്‍കുട്ടി, ആലിക്കുട്ടി എന്നിവരാണ് ആദ്യം വാഴക്കാട്ട് താമസം തുടങ്ങിയത്. ഇവരില്‍ ആലിക്കുട്ടി വാങ്ങിയത് 'കൊയപ്പന്മാര്‍' (കുശവന്മാര്‍) താമസിച്ചിരുന്ന ഭൂമിയാണ്. അങ്ങനെയാണ് കുടുംബം 'കൊയപ്പത്തൊടി' എന്ന് അറിയപ്പെട്ടത്. കൊയപ്പത്തൊടി കുടുംബത്തിലെ മുഹമ്മദ് വാഴക്കാട് മണന്തലക്കടവിലാണ് താമസിച്ചിരുന്നത്. ഈ പരമ്പരയില്‍ രായിന്‍ മുഹമ്മദ്, സീമാന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. 
കൊയപ്പത്തൊടി കുടുംബത്തിലെ മമ്മദ്കുട്ടി ഒരു കാലത്ത് ശിരസ്തദാര്‍ പദവി വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പരമ്പരയിലുള്ളവരാണ് ഇന്ന് കൊയപ്പത്തൊടിക്കാര്‍ എന്ന് അറിയപ്പെടുന്ന ഞങ്ങളെല്ലാവരും. ശിരസ്തദാര്‍ മമ്മദ്കുട്ടി നിര്‍മിച്ചതാണ് വാഴക്കാട് പ്രദേശത്തെ ആദ്യത്തെ മാളിക വീടുകളിലൊന്നായ 'മച്ചിങ്ങല്‍' തറവാട്ടുവീട്. ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ പല കാലഘട്ടങ്ങളിലായി ഞങ്ങളുടെ കുടുംബത്തില്‍ ജീവിച്ചിരുന്നിട്ടുണ്ട്.  എന്റെ സഹോദരന്‍ അഡ്വ. എം.എ മുഹമ്മദ്കുട്ടി ഈയടുത്താണ് മരണപ്പെട്ടത്.
വാഴക്കാട് കേന്ദ്രമായി മദ്‌റസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും ദാറുല്‍ ഉലൂം സ്ഥാപിച്ചതുമായിരിക്കും കൊയപ്പത്തൊടി കുടുംബം നിര്‍വഹിച്ച സുപ്രധാനമായ ഇസ്‌ലാമിക സേവനം. പില്‍ക്കാലത്ത്, ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായതും ഈ കുടുംബ പാരമ്പര്യത്തിന്റെ പ്രചോദനം കൊണ്ടു കൂടിയാകാം. വാഴക്കാട്ടെ കൃഷി സംരക്ഷിക്കാനായി  എടക്കടവ് തോട് നിര്‍മിച്ച് നാടിന്റെ കാര്‍ഷിക പുരോഗതിയില്‍ നിര്‍ണായകമായ സംഭാവനയര്‍പ്പിച്ചു. ഖാന്‍ സാഹിബിന്റെ നേതൃത്വത്തില്‍, ചീക്കോട് വാച്ചാക്കലിലെ അണക്കെട്ട് വഴി അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി ഭാഗത്ത് ജലസേചന സൗകര്യമൊരുക്കിയത് കാര്‍ഷിക വളര്‍ച്ചക്ക് കാരണമായി.
നിര്‍ധനര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ധാരാളം സ്വത്ത് ഞങ്ങളുടെ പൂര്‍വികര്‍ വഖ്ഫ് ചെയ്തിരുന്നു. പിന്നീട്, ദാറുല്‍ ഉലൂം ഉള്‍പ്പെടെ ദീനീ വിദ്യാഭ്യാസത്തിന് വമ്പിച്ച സ്വത്തുവകകള്‍ വഖ്ഫ് ചെയ്തതായും കാണാം. 
ഈ മഹത്തായ കുടുംബ പാരമ്പര്യത്തിലാണ്, 1928 ജൂലൈയില്‍, വാഴക്കാട് മേച്ചീരി വീട്ടില്‍ ഞാന്‍ ജനിക്കുന്നത്. എന്റെ ഉമ്മയാണ് കൊയപ്പത്തൊടി കുടുംബാംഗം; എടവണ്ണ വലിയകത്ത് ബീവി ഉമ്മ. ഉമ്മയുടെ തറവാടാണ് മേച്ചീരി. എടവണ്ണയിലെ വല്യുപ്പ വാങ്ങിയതാണ് വാഴക്കാട് മേച്ചീരിയിലെ സ്ഥലം. വാപ്പ കൊയിലാണ്ടിക്കടുത്ത്, തിക്കോടിയിലെ മുസ്‌ലിയാരകത്ത് ഹംസ. 'മുസ്‌ലിയാര്‍ അകത്ത്' എന്നാണ് എം.എയുടെ പൂര്‍ണ രൂപം. വാപ്പയുടെ ഉമ്മകുടുംബം പാരമ്പര്യമായി മുസ്‌ലിയാക്കന്മാരായിരുന്നു. പൊന്നാനിയിലെ മഖ്ദൂം പാരമ്പര്യത്തിലുള്ളവരാണ് മുസ്‌ലിയാരകത്ത് എന്ന പേരില്‍ അറിയപ്പെടുന്നതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിലമ്പൂരില്‍ കൊയപ്പത്തൊടി കുടുംബം നടത്തിയിരുന്ന മരക്കച്ചവടത്തിന്റെ മാനേജറായിരുന്നു വാപ്പ. അങ്ങനെയാണ് വിവാഹബന്ധം ഉണ്ടാകുന്നത്. ലഹളക്കാലത്ത് ഉമ്മ വാഴക്കാട്ടു നിന്ന് തിക്കോടിയില്‍ പോയി താമസിച്ചിരുന്നു. തിക്കോടി ഭാഗത്തൊന്നും 1921-ലെ സമരം പൊതുവില്‍ ബാധിച്ചിരുന്നില്ല. എന്റെ ഉമ്മക്ക്  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒട്ടും ഉണ്ടായിരുന്നില്ല. അന്നത്തെ അനാചാരപരമായ നാട്ടുനടപ്പുകളൊന്നും വീട്ടില്‍ നടപ്പില്ലായിരുന്നു. അതേസമയം,  കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. 'ബീവി ഹജ്ജുമ്മാ' എന്നാണ് കണ്ണിയത്ത് ഉമ്മയെ വിളിച്ചിരുന്നത്.  ഉമ്മക്ക് അന്ധവിശ്വാസ, അനാചാരങ്ങളിലൊന്നും താല്‍പര്യമില്ല എന്ന് ബോധ്യമുണ്ടായിരുന്നിട്ടും സമസ്തയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് മുസ്‌ലിയാര്‍ മേച്ചീരി വീടുമായും ഞങ്ങളുടെ കുടുംബവുമായുമുള്ള സൗഹൃദ ബന്ധം മുറിച്ചു കളഞ്ഞിരുന്നില്ല.  
ഉപ്പാക്കും ഉമ്മാക്കും ഞങ്ങള്‍ എട്ടു മക്കളാണ്. ഖാദര്‍ കുട്ടി, ബീരാന്‍ കുട്ടി ഹാജി, ആലിക്കുട്ടി, അഹ്മദ് കുട്ടി, അഡ്വ. മുഹമ്മദ് കുട്ടി, ഫാത്വിമ, ഇത്തിക്കുട്ടി ഉമ്മ, റാബിയ.

വിദ്യാഭ്യാസം, ഗുരുനാഥര്‍
ദീനീ, ഭൗതിക വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചതായിരുന്നു എന്റെ കുട്ടിക്കാലം. 1935-'43 കാലത്ത് വാഴക്കാട് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ശേഷം ഒരു വര്‍ഷം മലപ്പുറം ഹൈസ്‌കൂളില്‍ പഠിച്ചു. മലബാറിലെ പ്രധാന സ്‌കൂളുകളിലൊന്നായിരുന്നു അത്. ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഭക്ഷണം ശരിയാകാത്തതു കൊണ്ട് അവിടത്തെ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് 1946-'49 കാലത്ത് പഠനം കോഴിക്കോട്ടേക്ക് മാറി. എന്റെ പെങ്ങളെ കോഴിക്കോട്ടേക്ക് കല്യാണം കഴിച്ചത്, അവിടെ താമസിച്ച് പഠിക്കാന്‍ സഹായകമായി. 1949-ല്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് യൂറോപ്യന്‍ ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. 1950-'51-ല്‍ ഫസ്റ്റ് ഗ്രൂപ്പില്‍, മാത്‌സ് എടുത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠനമാരംഭിച്ചെങ്കിലും, 1951 ല്‍ ഉപ്പയുടെ മരണത്തോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു.
കൊയപ്പത്തൊടി കുടുംബം തന്നെ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ മദ്‌റസയിലായിരുന്നു എന്റെ ദീനീ വിദ്യാഭ്യാസം. അവിടെ പ്രഗത്ഭരായ ഗുരുനാഥന്മാരെ ലഭിച്ചു. എം.സി.സി അബ്ദുര്‍ഹ്മാന്‍ മൗലവി, കെ.സി അബ്ദുല്ല മൗലവി, എം.ടി.  അബ്ദുറഹ്മാന്‍ മൗലവി, ഉര്‍ദു പണ്ഡിതന്‍ ശൈഖ് ആദം എന്നിവരുടെ കീഴില്‍ രണ്ടുവര്‍ഷം ദാറുല്‍ ഉലൂമില്‍ ദീനീ പഠനം നടത്തി. അക്കാലത്തെ മികച്ച അധ്യാപകരും പണ്ഡിതന്മാരുമായിരുന്നു ഇവര്‍. ഉര്‍ദു ഭാഷ പഠിച്ചത് ഇവിടെ വെച്ചാണ്. അഫ്ദലുല്‍ ഉലമായുടെ എന്‍ട്രന്‍സ് പരീക്ഷ ഞാന്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ കുറേ ഭാഗങ്ങള്‍ ഹിഫ്‌ളാക്കുകയും ചെയ്തു. ദീനീ വിജ്ഞാനത്തിന്റെ കേന്ദ്രം എന്ന നിലക്ക് വാഴക്കാട് അന്ന് പ്രസിദ്ധമാണ്. 1871-ല്‍ സ്ഥാപിച്ച ദാറുല്‍ ഉലും അപ്പോഴേക്കും ഏറെ വളര്‍ന്നുകഴിഞ്ഞിരുന്നു.  വലിയ പണ്ഡിതന്മാരുണ്ടായിരുന്ന ദര്‍സും ദാറുല്‍ ഉലൂം കോളേജും തന്നെയാണ് വാഴക്കാടിന്റെ പേരും പെരുമയും പുറം ലോകത്ത് എത്തിച്ചത്. 

തൊഴിലിന്റെ തുടക്കം
1952-'53 കാലത്ത് മദിരാശിയിലെ ഒരു കമ്പനിയിലാണ് ഞാന്‍ ജോലി ആരംഭിച്ചത്. കുടുംബാംഗങ്ങളില്‍ ചിലര്‍ മദിരാശിയില്‍ ഉണ്ടായിരുന്നതാണ്  അവിടെ പോകാന്‍ കാരണം. മദ്രാസിലുണ്ടായിരുന്ന അഡ്വ. ബി. പോക്കര്‍ സാഹിബ് എന്റെ ബന്ധുവാണ്. കുറച്ചുകാലം അദ്ദേഹത്തിന്റെ സഹായിയായും ജോലി ചെയ്തു. 1953-ല്‍ കാസര്‍കോട്ടേക്ക് മാറി. അവിടെ ഒരു മരക്കമ്പനിയില്‍ ജോലി ആരംഭിക്കുകയും, വൈകാതെ അതിന്റെ പാര്‍ട്ട്ണറാവുകയും ചെയ്തു. സ്വന്തമായി മരക്കച്ചവടം ആരംഭിക്കുന്നത് ഇങ്ങനെയാണ്. 1957 വരെ അവിടെ തുടര്‍ന്നു. അതിനിടക്ക്  ബോംബെയിലും ദല്‍ഹിയിലും ജോലി തേടിപ്പോയിരുന്നു. ഒന്നും ശരിയാകാതെ തിരിച്ചുപോരുകയാണുണ്ടായത്. 
1958-ല്‍ ഞാന്‍ വിവാഹിതനായി. ടി.സി മമ്മിക്കുട്ടി സാഹിബിന്റെ മകള്‍ കെ.പി ജമീലയാണ് ഭാര്യ. പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് മുമ്പ് മുതലേ അവരും സജീവമാണ്. അതോടെ  വാഴക്കാട്ടായി എന്റെ താമസം.  മുജാഹിദ് പ്രസ്ഥാനം പ്രദേശത്ത് വേരുപിടിച്ച് വരുന്ന കാലമായിരുന്നു അത്. 1968-ല്‍ വാഴക്കാട്ട് നടന്ന മുജാഹിദ് - സുന്നി വാദപ്രതിവാദത്തില്‍, എം.ടി അബ്ദുര്‍ഹ്മാന്‍ മൗലവിയും ചേകനൂര്‍ അബുല്‍ ഹസന്‍ മൗലവിയുമാണ് മുജാഹിദ് പക്ഷത്ത് അണിനിരന്നത്. ഇ.കെ ഹസന്‍ മുസ്‌ലിയാരും കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുമായിരുന്നു എതിര്‍പക്ഷം. ഈ വാദപ്രതിവാദത്തില്‍ ഏതെങ്കിലുമൊരു പക്ഷം വിജയം നേടിയെന്ന് പറയാനാകില്ല.
ഇടക്കാലത്ത് മാവൂര്‍ ഗ്രാസിം കമ്പനിയിലെ കോണ്‍ട്രാക്ട് വര്‍ക്ക് ഞാന്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഗ്വാളിയോര്‍ റയോണ്‍സിന്റെ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണമാണ് കരാര്‍ എടുത്തിരുന്നത്. കേണല്‍ രാജനായിരുന്നു അന്ന് കമ്പനി മാനേജര്‍. അദ്ദേഹം പൊതുവെ നല്ല മനുഷ്യനായിരുന്നുവെന്നാണ് എന്റെ അനുഭവം. മലയാളിയെ ഒഴിവാക്കി, തങ്ങളുടെ ആളായ ആര്‍.എന്‍ സാബുവിനെ അവര്‍ നിയമിച്ചു. മാര്‍വാടിയായ അദ്ദേഹം നല്ല സമീപനക്കാരനായിരുന്നില്ല. സാബുവിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും അഴിമതിക്കും വഴങ്ങാതിരുന്നപ്പോഴാണ് ആ കരാര്‍ പണിയില്‍നിന്ന് ഞാന്‍ ഒഴിവായത്.  
ഗ്രാസിം ഫാക്ടറി വന്നതോടെ മാവൂര്‍, വാഴക്കാട് മേഖലയില്‍ വലിയ വികസനമുണ്ടായി. ഇതിനൊരു മറുവശമുണ്ടായിരരുന്നു. കടുത്ത മലിനീകരണം വാഴക്കാട്ടെ ജീവിതം ദുസ്സഹമാക്കി. വായുവും ചാലിയാറിലെ വെള്ളവും മലിനമായി. പുഴയിലേക്ക് തുറന്നുവിട്ട കറുത്ത വെള്ളം, പ്രദേശത്തിന്റെ ജനജീവിതം തന്നെ തകര്‍ത്തു. വേലിയേറ്റ സമയത്ത് അരീക്കോട് വരെയും അതിനപ്പുറവും മലിന ജലമെത്തി. ഇതിനെല്ലാം ഞാന്‍ സാക്ഷിയാണ്. കെ.എ റഹ്മാനും നാട്ടുകാരും നടത്തിയ കടുത്ത സമരത്തിനൊടുവിലാണ് കമ്പനി അടച്ചുപൂട്ടിയത്. 
പിന്നീട് എടവണ്ണയിലെ സ്വന്തം തോട്ടത്തിന്റെ നടത്തിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കുടിയാന്മാരുടെ പ്രശ്‌നവും മറ്റും കാരണം ഇടക്കാലത്ത് തോട്ടം അടച്ചിട്ടിരുന്നു. ആറ് ഏക്കറോളം സ്ഥലം നഷ്ടപ്പെടുകയും ചെയ്തു. ഒരു വ്യക്തിയാണ് ഇത് കൈയേറിയത്. ഇടക്ക് അവിടെ നക്‌സല്‍ ആക്രമണ ഭീഷണിയും ഉണ്ടായി. നക്‌സല്‍ കുഞ്ഞാണിയൊക്കെയായിരുന്നു പ്രധാനി. ഒട്ടും പേടിയില്ലാത്ത പ്രകൃതമായതുകൊണ്ട്, നക്‌സല്‍ ഭീഷണി വകവെക്കാതെയാണ് ഞാന്‍ അവിടെ പോയിരുന്നത്. 
ഇടതുപക്ഷത്തുനിന്ന്
ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക്
1950-കളില്‍ എനിക്ക് ഇടതുപക്ഷത്തോട് നല്ല ആഭിമുഖ്യമുണ്ടായിരുന്നു. അക്കാലത്തെ നിരവധി ചെറുപ്പക്കാര്‍ കമ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചവരായിരുന്നു. ചൂഷകരായ മുതലാളിമാര്‍ക്കെതിരെ ശബ്ദിക്കാന്‍ നല്ല ആവേശമായിരുന്നു അന്ന്. പാവങ്ങളെ പീഡിപ്പിക്കുന്നവരോടുള്ള എതിര്‍പ്പായിരുന്നു യുവാക്കളെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. ആ സംഘത്തില്‍ ഞാനും ഉള്‍പ്പെട്ടു. യൗവനത്തിന്റെ ഉശിര് കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളിലേക്കാണ് എന്നെ ആകര്‍ഷിച്ചത്. എടവണ്ണയിലും നിലമ്പൂരിലും ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് സഖാവ് കുഞ്ഞാലിയുമായി പരിചയമുണ്ടായിരുന്നു. കോഴിക്കോട് എം.എം സ്‌കൂളില്‍ അധ്യാപകനായിരുന്ന എ.കെ.ജിയുമായും എനിക്ക് അക്കാലത്ത് അടുപ്പമുണ്ടായിരുന്നു. കോഴിക്കോട്ടെ ജീവിതവും കൊയപ്പത്തൊടി കുടുംബത്തിന്റെ മേല്‍വിലാസവും, കമ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായിരുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് ഭാഗത്തെ ജോലിയുമൊക്കെ ഈ ബന്ധത്തിന് കാരണമായി. കൊയപ്പത്തൊടി പോലെയുള്ള ഒരു കുടുംബത്തില്‍ നിന്ന്, മുതലാളിമാര്‍ക്കെതിരെ, കമ്യൂണിസ്റ്റ് പക്ഷത്തുനിന്ന് സംസാരിക്കാന്‍ ഒരാളെ കിട്ടിയാല്‍ എ.കെ.ജി വിട്ടുകളയില്ലല്ലോ! എ.കെ.ജിയോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തിനായി പലയിടത്തും യാത്ര ചെയ്തിട്ടുണ്ട്.  1957-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച എ.കെ.ജിക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ ജീപ്പുമായി പോയത് ഓര്‍മയുണ്ട്. എ.കെ.ജിയാണ് അന്ന് വിജയിച്ചത്. ഇതിനിടക്ക് ഖാദിയാനി ആശയങ്ങളോടും ആകര്‍ഷണം തോന്നിയിരുന്നു. പുതിയത് അന്വേഷിക്കുന്ന മനസ്സാണ് ഖാദിയാനിസത്തിലേക്ക് ചായാന്‍ നോക്കിയത്. ഖാദിയാനിസത്തില്‍നിന്നും കമ്യൂണിസത്തില്‍നിന്നും എന്നെ രക്ഷിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്.
ചേന്ദമംഗല്ലൂരിലെ ഒരു വാര്‍ഷിക സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. ജമാഅത്തിന്റെ അന്നത്തെ അമീര്‍ ഹാജി സാഹിബിനെ കണ്ടത് അവിടെ വെച്ചാണ്. 1961-ല്‍ വാഴക്കാട് മദ്‌റസയില്‍ അധ്യാപകനായിരുന്ന കടന്നമണ്ണ അബ്ദുര്‍റഹ്മാന്‍ മൗലവിയില്‍ നിന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സാഹിത്യങ്ങള്‍ ലഭിച്ചത്. അവ വായിച്ചു തുടങ്ങിയതോടെ, ജമാഅത്തിന്റെ യോഗങ്ങളില്‍ പങ്കെടുക്കാനും പ്രസ്ഥാനവുമായി കൂടുതല്‍ അടുക്കാനും തുടങ്ങി. ജമാഅത്തിന്റെ മുത്തഫിഖായി പേര് ചേര്‍ത്തു. അന്ന് മുത്തഫിഖാവുകയെന്നത് തന്നെ ഗൗരവമുള്ള കാര്യമാണ്. കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് വാഴക്കാട്ട് വരുമ്പോള്‍ ഞങ്ങളുടെ വീടും സന്ദര്‍ശിക്കാറുണ്ടായിരുന്നു. കൊണ്ടോട്ടി, ഫറോക്ക്, കീഴുപറമ്പ്, അരീക്കോട് പ്രദേശങ്ങളില്‍ കാല്‍നടയായി സ്‌ക്വാഡ് പോയത് ഓര്‍മയുണ്ട്. അബ്ദുര്‍റഹ്മാന്‍ സാഹിബ്, ഉണ്ണീന്‍ കുട്ടി മൗലവി, ബീരാന്‍ കുട്ടി മാസ്റ്റര്‍, ദേവതിയാല്‍ തങ്ങള്‍ എന്നിവരാണ് കൂട്ടിനുണ്ടായിരുന്നത്. 1966-ല്‍ ഞാന്‍ വാഴക്കാട് ഹല്‍ഖാ നാസിമായി. ഉസ്താദ് എം.ടി അഹ്മദ് കുട്ടി മൗലവി, കളത്തിങ്ങല്‍ ഇമ്പിച്ചിമോയി (എവറസ്റ്റ് ഹോട്ടല്‍) തുടങ്ങിയവര്‍ അക്കാലത്തെ പ്രവര്‍ത്തകരായിരുന്നു.  
മലപ്പുറം ജില്ലാ സമിതിയിലും ഇസ്‌ലാമിക് ഗൈഡന്‍സ് ബ്യൂറോയിലും ഞാന്‍ അംഗമായിരുന്നു. സി.വി ഉമ്മര്‍ സാഹിബ്, സൈനുദ്ദീന്‍ ഹാജി പൊന്നാനി, കുഞ്ഞിമുഹമ്മദ് മൗലവി വളാഞ്ചേരി, പ്രഫ. എം. മൊയ്തീന്‍ കുട്ടി സാഹിബ്, പ്രഫ. മുഹമ്മദ് സാഹിബ് മോങ്ങം, കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ അന്ന് സമിതിയിലുണ്ടായിരുന്നു. പിന്നീട്  പ്രബോധനം, ഐ.എസ്.ടി എന്നിവയുടെ മാനേജറായി. ഒരു ടേമില്‍ കേരള ശൂറാ അംഗമായി. ജമാഅത്ത് അംഗമാവുന്നത് 1974-ല്‍. ആദ്യഘട്ടത്തില്‍ മാധ്യമം പി.ആര്‍.ഒ ആയും  പ്രവര്‍ത്തിച്ചു. 1990-2000 കാലത്ത് കോഴിക്കോട് ജില്ലാ സമിതിയിലും അംഗമായിരുന്നു. നിലവില്‍ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ്, കാലിക്കറ്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, അല്‍ മദീന ചാരിറ്റബ്ള്‍ ട്രസ്റ്റ്, റിലീജ്യസ് എജുക്കേഷന്‍ ട്രസ്റ്റ്, കാലിക്കറ്റ് വിമന്‍സ് വെല്‍ഫെയര്‍ ട്രസ്റ്റ്, ഇബാദുര്‍റഹ്മാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് മൂഴിക്കല്‍ തുടങ്ങിയവയില്‍ അംഗമാണ്.

അടിയന്തരാവസ്ഥയും മുതലക്കുളം സമ്മേളനവും
1975 ജൂണ്‍ 26-ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. മൈസൂരിലായിരുന്നതുകൊണ്ട് അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ടു. തിരിച്ചെത്തിയ ശേഷം എടവണ്ണയിലെ തോട്ടത്തിലും മറ്റും കഴിഞ്ഞതിനാല്‍,  അന്വേഷിച്ചു വരുന്ന പോലീസിന് എന്നെ കിട്ടിയില്ല. ജയില്‍മോചിതനായ ശേഷം ടി.കെ അബ്ദുല്ലാ സാഹിബിനൊപ്പം മദ്രാസ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്തു.  ദല്‍ഹിയില്‍ പോയപ്പോള്‍, കര്‍ണാടക അമീര്‍ സിറാജുല്‍ ഹസന്‍ സാഹിബിനുള്ള പ്രത്യക കത്ത് എത്തിക്കാന്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ പഠിച്ചിരുന്ന മകന്‍ മുഹ്‌സിന്‍ വഴിയാണ് ആ കത്ത് ഞാന്‍ അദ്ദേഹത്തിന് എത്തിച്ചത്. ദല്‍ഹി സന്ദര്‍ശന വേളയിലാണ്, തുര്‍ക്കുമാന്‍ ഗേറ്റിലും മറ്റും സഞ്ജയ് ഗാന്ധി നടത്തിയ പരാക്രമങ്ങളുടെ ദുരന്ത ദൃശ്യങ്ങള്‍ നേരിട്ട് കാണാനായത്. കണ്ണ് നിറക്കുന്ന കാഴ്ചയായിരുന്നു അത്. ഹരിയാനാ അതിര്‍ത്തിയിലും യമുനാ നദീതീരത്തുമായിരുന്നു അന്ന് ആട്ടിയോടിച്ച മുസ്‌ലിംകള്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നത്. മൊറാര്‍ജി ദേശായിയുടെ ഗവണ്‍മെന്റാണ് പിന്നീട് അവര്‍ക്ക് താമസമൊരുക്കി പുനരധിവസിപ്പിച്ചത്. 1977-ല്‍ അടിയന്തരാവസ്ഥ നീങ്ങിയപ്പോള്‍ കോഴിക്കോട് മുതലക്കുളത്ത് ഐതിഹാസികമായൊരു സമ്മേളനം നടത്തുകയുണ്ടായി. അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് അതില്‍ പങ്കെടുത്തിരുന്നു. ജമാഅത്തിന്റെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സമ്മേളനമായിരുന്നു ഇത്. സംഭവബഹുലമായിരുന്നു ആ കാലം. 

വെള്ളിമാട്കുന്നിലേക്ക്
അടിയന്തരാവസ്ഥക്കു ശേഷം പ്രബോധനം പ്രസിദ്ധീകരണം പുനരാരംഭിച്ചപ്പോള്‍ എന്നെ മാനേജറായി നിയമിച്ചു, 1977-ലായിരുന്നു ഇത്. ഇക്കാലത്താണ് കേരള ശൂറയിലേക്കും ഞാന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് വര്‍ഷം പ്രബോധനത്തില്‍ തുടര്‍ന്നശേഷം ഞാന്‍ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ (ഐ.എസ്.ടി) മാനേജറായി. ടി. മുഹമ്മദ് സാഹിബായിരുന്നു സെക്രട്ടറി. രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രകൃതക്കാരായിരുന്നു ടി.എമ്മും ടി. ഇസ്ഹാഖലി മൗലവിയും. ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പോലും ടി.എമ്മിന്നെ ഓര്‍മിപ്പിക്കേണ്ടി വന്നിരുന്നു. ടി.എമ്മിന്റെ സേവനം ഐ.പി.എച്ചിനും പ്രബാധനത്തിനും വില മതിക്കാനാകാത്തതാണ്. ടി. എമ്മിന്റെ പുസ്തക രചനക്ക് വേണ്ടി ഒരിക്കല്‍ വടകര കോട്ടക്കലുള്ള കുഞ്ഞാലി മരക്കാര്‍ സ്മാരകം ഞങ്ങള്‍ ഒന്നിച്ച് സന്ദര്‍ശിക്കുകയുണ്ടായി. ഐ.എസ്.ടിക്ക് അന്നൊരു വാന്‍ ഉണ്ടായിരുന്നു, അതിലായിരുന്നു യാത്ര. ടി.എമ്മുമായുള്ള സഹവാസം എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രബോധനത്തില്‍ ചുമതലയേറ്റതോടെയാണ് ഞാന്‍ വാഴക്കാട്ടു നിന്ന് മൂഴിക്കലിലേക്ക് താമസം മാറ്റുന്നത്.
മൂഴിക്കല്‍ പള്ളി പുതുക്കിപ്പണിതതും ഇക്കാലത്താണ്. അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബാണ് തറക്കല്ലിട്ടത്. ലക്കി മമ്മദ് കോയ ഹാജി, മരക്കാര്‍ ഹാജി, പക്രുട്ടി മാസ്റ്റര്‍, ചേക്കുട്ടി മാസ്റ്റര്‍ മുതലായവര്‍ പുനര്‍നിര്‍മാണത്തിന്റെ മുന്നിലുണ്ടായിരുന്നു. കാര്യമായൊരു സാമ്പത്തിക സഹായം ലഭിച്ചപ്പോഴാണ് പുനര്‍നിര്‍മാണം നടത്തിയത്. 
അടിയന്തരാവസ്ഥക്കു ശേഷം ജമാഅത്ത് നല്ല വളര്‍ച്ച നേടുന്ന കാലമായിരുന്നു ഇത്. സംഘടന കൂടുതല്‍ ഭദ്രമാവുകയും ചെയ്തു. 1982-ലെ ദഅ്‌വത്ത് നഗര്‍ സമ്മേളനം ഈ വളര്‍ച്ചയുടെ അടയാളപ്പെടുത്തലായിരുന്നു. ഈ സമ്മേളനത്തിലും പബ്ലിക് റിലേഷന്‍ ചുമതല എനിക്കായിരുന്നു. എ.കെ അബ്ദുല്‍ഖാദിര്‍ മൗലവിയായിരുന്നു സമ്മേളന നാസിം. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനും ഭാഗ്യമുണ്ടായി. ഈ സമ്മേളനത്തില്‍ സുകുമാര്‍ അഴീക്കോടും എന്‍.പി മുഹമ്മദും പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തിന് എത്തിയ അച്ചടക്കമുള്ള ജനസഞ്ചയത്തിനു മുമ്പില്‍ പ്രസംഗം തുടരാനാകാതെ സുകുമാര്‍ അഴീക്കോട് കുറച്ചു സമയം വാക്കുകള്‍ മുറിഞ്ഞ് സ്തംഭിച്ചുനിന്നുപോയതും നേരില്‍ കണ്ടു. ജമാഅത്ത് സമ്മേളന സദസ്സിന്റെ പ്രൗഢിയും ഗാംഭീര്യവുമായിരുന്നു കാരണം.

സാഹിത്യ, സാംസ്‌കാരിക നായകരുമായുള്ള ബന്ധം
അക്കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ചിരുന്ന സാഹിത്യ, സാംസ്‌കാരിക നായകന്മാരില്‍ പലരുമായും എനിക്ക് അടുപ്പമുണ്ടായിരുന്നു. ജമാഅത്തില്‍ എത്തുന്നതിനു മുമ്പേയുള്ള കോഴിക്കോട്ടെ ജീവിതം, കുടുംബത്തിന്റെ മേല്‍വിലാസം, തുടക്കത്തിലെ ഇടതുപക്ഷ പ്രവര്‍ത്തനം തുടങ്ങിയവ ഈ ബന്ധത്തിന് വഴിതുറന്ന ഘടകങ്ങളാണ്. അക്കാലത്ത് സാഹിത്യകാരന്മാരെ  സന്ദര്‍ശിക്കുകയും അവരുടെ ചര്‍ച്ചകളിലും മറ്റും പങ്കാളിയാവുകയും ചെയ്യുമായിരുന്നു. എം.ടി വാസുദേവന്‍ നായര്‍, സുകുമാര്‍ അഴിക്കോട്, എന്‍.പി മുഹമ്മദ്, എന്‍.വി കൃഷ്ണവാര്യര്‍, എസ്.കെ പൊറ്റക്കാട്, കെ.എ കൊടുങ്ങല്ലൂര്‍, അരവിന്ദന്‍ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു ആ സൗഹൃദവൃന്ദത്തില്‍. എസ്.കെ പൊറ്റക്കാടിനെ പുതിയറയിലെ വീട്ടില്‍ കുടുംബസമേതം സന്ദര്‍ശിക്കുമായിരുന്നു.
ഞങ്ങളുടെ കുടുംബാവസ്ഥ സാഹിത്യകാരന്മാരുമായുള്ള ബന്ധം എളുപ്പമാക്കി. എം.പി.കെയും ഞാനും ആ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായ എം.പി.കെക്ക് ആ മേല്‍വിലാസത്തില്‍ ബന്ധം സാധ്യമായി. ഞങ്ങളുടെ സഹവാസം വഴി  എന്‍.പി മുഹമ്മദില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. ജമാഅത്ത് വിമര്‍ശകനായിരുന്നു ആദ്യകാലത്ത് എന്‍.പി മുഹമ്മദ്. പിന്നീട്, ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം ഏറെ മാറിയിരുന്നു. ജമാഅത്തുമായി അകല്‍ച്ച കുറഞ്ഞു, മതിപ്പ് കൂടി. ദീനിനെക്കുറിച്ച് കുറേയൊക്കെ മനസ്സിലാക്കിയിരുന്നു അദ്ദേഹം.  

കോടതിയും കേസുകളും 
ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപനങ്ങളും സംഘടനയുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ നടത്തിപ്പാണ് എന്റെ പ്രസ്ഥാനജീവിതത്തിലെ പ്രധാന സംഭവങ്ങള്‍. കോഴിക്കോട് എം.പി റോഡിലെ ഐ.എസ്.ടി ബില്‍ഡിംഗ്, ലുലു പള്ളി, ജമാഅത്ത് നിരോധം എന്നിവയായിരുന്നു ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രധാന കേസുകള്‍. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാറ്റിലും നമുക്കായിരുന്നു വിജയം.
വെള്ളിമാട്കുന്നിലെ ഐ.എസ്.ടി ബില്‍ഡിംഗിന്റെ ഒന്നാം നില പണിതതും എം.പി റോഡിലെ ബില്‍ഡിംഗിന് തറക്കല്ലിട്ടതും 1982 കാലത്താണ്. കോഴിക്കോട് എം.പി റോഡിലെ ബില്‍ഡിംഗിന്റെ പണി നടന്നുകൊണ്ടിരിക്കെ അടുത്തുള്ള ഹോട്ടല്‍ അധികൃതര്‍ നമുക്കെതിരെ കേസ് കൊടുത്തു. നമ്മുടെ ബില്‍ഡിംഗില്‍ നിന്ന് വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട ഈ കേസ് അഞ്ച് വര്‍ഷം നടന്നു, നമുക്ക് അനുകൂലമായി വിധി വന്നു. കോഴിക്കോട് മാവൂര്‍ റോഡില്‍ ലുലു മസ്ജിദിന് വേണ്ടി സ്ഥലം വാങ്ങി, കരാര്‍ ഒപ്പിട്ടു. പണിതുടങ്ങി, ഫൗണ്ടേഷന്‍ ഇട്ടു. സ്ഥലം ഉടമ പ്രശ്‌നമുണ്ടാക്കിയതിനാല്‍ കോടതി വ്യവഹാരത്തില്‍ എത്തിച്ചേര്‍ന്നു. ഫൗണ്ടേഷന്‍ ഇട്ട ശേഷം പണി നിര്‍ത്തിവെക്കേണ്ടി വന്നു. എട്ടു വര്‍ഷങ്ങള്‍ കേസ് നീണ്ടു. ആദ്യ വര്‍ഷങ്ങള്‍ ആ ഫൗണ്ടേഷന്‍ അങ്ങനെത്തന്നെ കിടന്നുവെങ്കിലും പിന്നീട് പണി തുടങ്ങി. കേസ് നടത്തിപ്പ്  എ.കെയും ഞാനുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിക്ക് അകത്തും പുറത്തും ഞങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഈമാനിന്റെ ഉരക്കല്ലായിരുന്നു. അതിന്റെ വിശദാംശങ്ങളൊന്നും ഇനി ചര്‍ച്ച ചെയ്യുന്നില്ല. 
1983-ല്‍,  ഹൈദറാബാദ് വാദി ഹുദയില്‍ അഖിലേന്ത്യാ സമ്മേളനം നടക്കുമ്പോള്‍, ലുലു മസ്ജിദ് കേസ്  സങ്കീര്‍ണമായിരുന്നു. സമ്മേളനത്തിന് പാലക്കാട്ടു നിന്ന് സ്പഷ്യല്‍ ട്രെയ്ന്‍ ഉണ്ടായിരുന്നു, എന്റെ ഭാര്യയെ ട്രെയ്‌നില്‍ അയച്ചു. കേസുള്ളതുകൊണ്ട് എനിക്ക് അവരോടൊപ്പം പോകാനായില്ല. ഇല്ലു ഹാജിയും സെയ്തലവി സാഹിബും കുടുംബത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. കേസിന്റെ അടിയന്തര കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഞങ്ങള്‍ ഹൈദറാബാദിലേക്ക് പോയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം ടൗണില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാറി മദ്രാസ് റോഡിലായിരുന്നു. 
നീണ്ട കേസുനടത്തിപ്പിനൊടുവില്‍ കോടതിയില്‍ മറു കക്ഷി പരാജയപ്പെടുന്ന അവസ്ഥ വന്നു. ഇടക്ക് ചില വീണ്ടുവിചാരങ്ങളും അവര്‍ക്ക് ഉണ്ടായെന്ന് തോന്നുന്നു. ഏതായാലും പ്രശ്‌നം പരിഹരിച്ചു. 1989-ല്‍ പള്ളിയുടെ പണി പൂര്‍ത്തീകരിക്കുകയും കെ.സിയുടെ ജുമുഅ ഖുത്വ്ബയോടെ ഉദ്ഘാടനം നടക്കുകയും ചെയ്തു, അല്‍ഹംദു ലില്ലാഹ്! പള്ളികള്‍ക്ക് എതിരു നില്‍ക്കുന്നവരും കേസ് കൊടുക്കുന്നവരും മറ്റും  ഈ അനുഭവങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. 
1992-ല്‍ സംഘ് പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചു. അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബ് വിദേശത്തായിരുന്നതിനാല്‍, അമീറിന്റെ ചുമതലയുണ്ടായിരുന്ന അബ്ദുല്‍ അഹദ് തങ്ങളും കെ.സിയും മറ്റു ശൂറാ അംഗങ്ങളില്‍ ചിലരും കൂടിയാലോചിച്ച്, നിരോധനത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. ഞാനായിരുന്നു അന്യായക്കാരന്‍. എറണാകുളത്തെ സീനിയര്‍ അഡ്വക്കറ്റ് ശ്രീകുമാരന്‍ നായര്‍ വഴി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതുവരെയുള്ള കേസുകളിലും നിയമനടപടികളിലും ജമാഅത്തെ ഇസ്‌ലാമിയെ ഗവണ്‍മെന്റ് പ്രതിസ്ഥാനത്താണ് നിര്‍ത്തിയിരുന്നത്. എന്നാല്‍, ഈ കേസോടു കൂടി, ജമാഅത്ത് അന്യായക്കാരനും ഇന്ത്യാ ഗവണ്‍മെന്റ് പ്രതിസ്ഥാനത്തുമായി. ഇന്ത്യന്‍ പ്രസിഡന്റ്, കേന്ദ്ര ആഭ്യന്തര മന്ത്രി, കേരള ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്നിവരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു കേസ് ഫയല്‍ ചെയ്തത്. 'എം.എ അഹ്മദ് കുട്ടി വേഴ്‌സസ് ഇന്ത്യാ ഗവണ്‍മെന്റ്' എന്നായിരുന്നു കേസ്. ജസ്റ്റിസ് കെ.ടി തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിശദമായി വാദം കേട്ടതിനു ശേഷം ജസ്റ്റിസ് തോമസ് ജമാഅത്തിന് അനുകൂലമായി വിധി പറഞ്ഞു. ജമാഅത്തിന്റെ നിരോധം വിധിയിലൂടെ എടുത്തുകളഞ്ഞു.
പക്ഷേ, വിധി വന്ന ഉടന്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധികള്‍, സോളിസിറ്റര്‍ ജനറലും മറ്റും പറന്നെത്തി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. തോമസിന്റെ വിധി സ്റ്റേ ചെയ്തു. നിരോധം വീണ്ടും നിയമപരമായി തുടര്‍ന്നു. കേസ് അവസാനിപ്പിക്കാന്‍ മനസ്സ് വന്നില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. നരിമാനെ സമീപിച്ചെങ്കിലും ജമാഅത്തിന്റെ  കേസ് ഏറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് പ്രസിദ്ധനായ അഡ്വ. സോളി സൊറാബ്ജിയെ സമീപിച്ചു. അദ്ദേഹം ജമാഅത്തിന് വേണ്ടി കോടതിയില്‍ ഹാജരായി. വാദങ്ങള്‍ക്കൊടുവില്‍ ജസ്റ്റിസ് ചെല്ലയ്യ ജമാഅത്തിന് അനുകൂലമായി ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചു. 
ജമാഅത്തിന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച അഡ്വ. നരിമാന്‍, വിധി വന്ന ശേഷം സോളി സൊറാബ്ജിയോട് ഖേദം പ്രകടിപ്പിക്കുകയുണ്ടായി.  കേസ് ഏറ്റെടുക്കാതിരുന്നത് തെറ്റായിപ്പോയി എന്നാണ് നരിമാന്‍ പറഞ്ഞത്. എന്റെ പ്രസ്ഥാനജീവിതത്തില്‍ ഏറ്റവും സന്തോഷവും അഭിമാനവും തന്ന സംഭവമായിരുന്നു ഇത്. ഈ വിധിക്കു ശേഷമാണ് ഭാര്യാസമേതം ഹജ്ജിന് പോയത്.

മാധ്യമം പി.ആര്‍.ഒ
1985-ലാണ് മാധ്യമം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കെ.എം രിയാലു സാഹിബ് അന്ന് രംഗത്തുണ്ടായിരുന്നു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വേണ്ടി ജമാഅത്ത് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെ ചുമതലപ്പെടുത്തി. അതോടെ, മാധ്യമം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ തുടങ്ങി. സിദ്ദീഖ് ഹസന്‍ സാഹിബ് കഠിനാധ്വാനം ചെയ്തു. അദ്ദേഹത്തെ സഹായിക്കാനായി 1986-ല്‍ എന്നെ ചുമതലപ്പെടുത്തി.
പത്രത്തിന്റെ നിയമപരമായ കാര്യങ്ങള്‍ ശരിയാക്കാനായി തിരുവനന്തപുരത്തും ദല്‍ഹിയിലും പല തവണ യാത്ര ചെയ്തു. രജിസ്‌ട്രേഷനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്നു. പ്രസ്ഥാനത്തിന്റെ എതിരാളികള്‍ പത്രത്തിന്റെ രജിസ്‌ട്രേഷനെതിരെ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍, പ്രതിസന്ധികളെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മറികടന്നു. ഖാദര്‍ കുട്ടി മാരേക്കാടും ഞാനും ദല്‍ഹിയില്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് പോയി. അവിടെ നിന്ന് പെര്‍മിഷന്‍ കിട്ടേണ്ടതുണ്ടായിരുന്നു. ഒ.വി വിജയന്റെ മരുമകന്‍ കാര്‍ട്ടൂണിസ്റ്റ് രവിശങ്കര്‍ അന്ന് ദല്‍ഹിയിലുണ്ട്. അദ്ദേഹത്തിന്റെ സഹായത്തോടെ ദല്‍ഹി പ്രസ് ക്ലബ്ബില്‍ ഒരു ടീം ഉണ്ടാക്കി. അതു വഴിയാണ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാറിനെ ബന്ധപ്പെടാന്‍ കഴിഞ്ഞത്. പ്രസ് ക്ലബില്‍ രണ്ടു മൂന്ന് സിറ്റിംഗ് കഴിഞ്ഞപ്പോള്‍ പത്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഏകദേശ ധാരണ കിട്ടി. ആര്‍.കെ പുരത്ത് മാധ്യമത്തിന്റെ ആദ്യത്തെ ബ്യൂറോ സ്ഥാപിക്കുകയും ചെയ്തു. മാധ്യമത്തിന്റെ തുടക്കത്തിലും എന്റെ ജീവിതത്തിലും പ്രധാനപ്പെട്ട സംഭവമായിരുന്നു ഈ ദല്‍ഹി യാത്ര. 
ഇത് സംബന്ധിച്ച് ടി.എന്‍ ഗോപകുമാര്‍ എഴുതിയിട്ടുണ്ട്; 'ദല്‍ഹിയിലെ ഒരു വിഷാദ നിമിഷത്തില്‍ മലബാറിലെ രണ്ട് നല്ല മനുഷ്യര്‍ കേരള ഹൗസില്‍ എന്നെ കണ്ടുമുട്ടുന്നതിന്റെ ഒരു കാരണം കാര്‍ട്ടൂണിസ്റ്റ് രവിശങ്കറായിരുന്നു. അഹ്മദ് കുട്ടി, ഖാദര്‍കുട്ടി എന്ന ആ നല്ല മനുഷ്യരുടെ വരവും വരവിന്റെ ലാളിത്യവും ഞങ്ങളെ ചെറുതാക്കി എന്ന് അന്ന് രവിശങ്കറും ഞാനും തമ്മില്‍ സമ്മതിക്കുകയായിരുന്നു. മാധ്യമം പ്രതിനിധികളുടെ ഓരോ വരവും നിശ്ചയദാര്‍ഢ്യത്തിന്റെ കാല്‍വെപ്പുകളാണെന്ന് പിന്നീട് ബോധ്യമാവുകയായിരുന്നു. മാധ്യമം ദല്‍ഹി ബ്യൂറോ സ്ഥാപിക്കുമ്പോള്‍ ഈ സ്വഭാവഗുണങ്ങള്‍ എന്നിലും മറ്റു പലരിലും പകര്‍ന്നുവെന്നതാണ് സത്യം. അതിനു ശേഷമായിരുന്നു മാധ്യമത്തിന്റെ പ്രകാശന കര്‍മം.' 1987 ജൂണില്‍ മാധ്യമം പത്രം പുറത്തിറങ്ങിയപ്പോള്‍, ഞാന്‍ പി.ആര്‍.ഒ ആയി തുടര്‍ന്നു.
പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കേരള ഇസ്‌ലാമിക് മിഷന്റെ ചുമതല ഏറ്റെടുക്കുന്നതും പിന്നീടാണ്. നാലു വര്‍ഷം കിമ്മിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇസ്‌ലാമിക് വിമന്‍സ് ട്രസ്റ്റിന്റെ പ്രസിഡന്റായും നാല് വര്‍ഷം ഉണ്ടായിരുന്നു. മുന്നൂറോളം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും നൂറ് പെണ്‍കുട്ടികളുടെ വിവാഹവും അക്കാലത്ത് ട്രസ്റ്റ് നടത്തിയതായി ഓര്‍ക്കുന്നു.

അല്‍ ഹറമൈന്‍ 
1995-ല്‍ രൂപീകൃതമായ കാലിക്കറ്റ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴിലാണ് അല്‍ ഹറമൈന്‍ സ്‌കൂള്‍ സ്ഥാപിച്ചത്. തുടക്കം മുതല്‍ അതിന്റെ മാനജരായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. ആ ചുമതല ഇപ്പോഴും തുടരുന്നു. കോഴിക്കോട് ടൗണില്‍ ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന, നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടപ്പോഴാണ് ഇതിന് പ്രസ്ഥാനം മുന്നിട്ടിറങ്ങിയത്. അല്‍ഹറമൈന്‍ എന്ന പേരിട്ടത് വലിയ പ്രതീക്ഷയോടെയായിരുന്നു. തുടക്കത്തില്‍ കുറേ കാലം കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ചില രാഷ്ട്രീയക്കാരായിരുന്നു എതിര്‍പ്പിനു പിന്നില്‍ കാര്യമായി ഉണ്ടായിരുന്നത്. ഈ എതിര്‍പ്പുകളെ പേടിയില്ലാതെ നേരിടാന്‍, സംഘടനാ പിന്തുണയോടെ സാധിച്ചു. 
എത്രയോ രാത്രികളില്‍ അല്‍ ഹറമൈനു വേണ്ടി ഉറക്കമിളച്ചിട്ടുണ്ട്. സിദ്ദീഖ് ഹസന്‍ സാഹിബ്, ഡോ. അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ രാത്രി വൈകിയും മൂഴിക്കലെ വീട്ടില്‍ വന്നും  ഓഫീസില്‍ വെച്ചും യോഗം ചേരുമായിരുന്നു. സ്‌കൂളിനു വേണ്ടി ചില പ്രധാന യാത്രകളും നടത്തുകയുണ്ടായി. ഇന്നിപ്പോള്‍ അല്‍ ഹറമൈന്‍ ഏറെ വളര്‍ന്നു, കോഴിക്കോട്ടെ പ്രമുഖ സ്‌കൂളുകളിലൊന്നായി മാറി. മുന്‍ തലമുറ അതിനു വേണ്ടി സഹിച്ച ത്യാഗം ഓര്‍ത്തുകൊണ്ട്, സ്ഥാപനത്തെ ഇനിയും വളര്‍ത്തേണ്ടതുണ്ട്.

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌