Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

ഒബാമ ആയിരിക്കുക എന്ന അസഹ്യമായ ലഘുത്വം

ഹാമിദ് ദബാശി

പഴയ രാഷ്ട്രീയക്കാര്‍ തങ്ങള്‍ ഭരണസാരഥ്യം വഹിച്ച കാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കിക്കൊണ്ടെഴുതുന്ന ഓര്‍മക്കുറിപ്പുകള്‍ വാങ്ങി വായിച്ച് അവര്‍ക്ക് പണമുണ്ടാക്കി കൊടുക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ല. പക്ഷേ കഴിഞ്ഞ മാര്‍ച്ച് മുതലുള്ള ക്വാറന്റയിന്‍ കാലം എല്ലാവരെയും എന്നപോലെ എന്നെക്കൊണ്ടും പുതിയത് പലതും ചെയ്യിച്ചു.
ഒബാമയുടെ പുതിയ പുസ്തകം 'എ പ്രോമിസ്ഡ് ലാന്‍ഡ്' (വാഗ്ദത്ത ഭൂമി) ഇതിനകം തന്നെ ഒരു സാമൂഹിക പ്രതിഭാസമായി മാറിക്കഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് ഞെരുക്കത്തിലായ പുസ്തകശാലകളെ അത് സഹായിച്ചേക്കാമെന്ന് പലരും പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ആത്മകഥയായ 'ബികമിംഗി'നൊപ്പം രണ്ട് ഭാഗങ്ങളിലായി ഇറക്കാനുദ്ദേശിച്ച പുസ്തകങ്ങളില്‍ ആദ്യത്തേതാണിത്. 65 ദശലക്ഷം ഡോളറി(!)നാണ് ഇവയുടെ പകര്‍പ്പവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന് വിറ്റിരിക്കുന്നത്.
ലോകവ്യാപകമായി ഈ പുസ്തകങ്ങള്‍ വിറ്റഴിച്ച് ഒബാമ കുടുംബത്തിന് നല്‍കിയ 65 ദശലക്ഷം ഡോളറിനേക്കാള്‍ അധികം തിരിച്ചുപിടിക്കാമെന്ന് പ്രസാധകര്‍ തീര്‍ച്ചയായും കരുതുന്നുണ്ടാകണം. ഒരു കോപ്പി വാങ്ങി ആ വമ്പിച്ച നിക്ഷേപം തിരിച്ചുപിടിക്കാനുള്ള അവരുടെ പരിശ്രമങ്ങളിലേക്ക് ഞാനും എന്റെ എളിയ സംഭാവന നല്‍കി. ആമസോണില്‍ തന്നെ അത് ഓര്‍ഡര്‍ ചെയ്യുന്നതുവഴി ജെഫ് ബോസിനും അല്‍പം ലാഭമുണ്ടാക്കിക്കൊടുക്കാമെന്ന് കരുതി. 24 മണിക്കൂറിനകം ആ കനത്ത പുസ്തകം എന്റെ കൈകളിലെത്തി.

അല്‍ ജസീറ: അറബ് ലോകത്തിന്റെ ഫോക്സ് ന്യൂസ്!
ഒബാമയുടെ പുസ്തകത്തിലൂടെ വിരലോടിച്ചുകൊണ്ട്, ഒരു കപ്പ് ചായയുമായി ഞാനിരുന്നു. അതിനുള്ളിലെ മിനുസമുള്ള ഫോട്ടോകളും നോക്കി, ആമുഖവും മറ്റും വായിച്ചശേഷം കട്ടിയുള്ള പുറംചട്ടയും ഫോട്ടോ ക്രെഡിറ്റുമെല്ലാം പരിശോധിച്ചു. പിന്നീട്  ഉള്ളടക്കത്തിലേക്ക് കടന്നു. ഫ്രഞ്ച് സാഹിത്യ സൈദ്ധാന്തികനായ ജെറാര്‍ഡ് ജെനെറ്റ് 'പാരാടെക്സ്റ്റ്' എന്ന് വിശേഷിപ്പിച്ച അപ്രധാനമെന്ന് തോന്നിയേക്കാവുന്ന ഘടകങ്ങള്‍ യഥാര്‍ഥത്തില്‍ ഓരോ പുസ്തകത്തിന്റെ കാര്യത്തിലും നിര്‍ണായകമാണ്. മുഖ്യ ഉള്ളടക്കം പൊതുജനങ്ങളിലേക്ക് എത്തുന്ന, അവര്‍ അതിനെ വ്യാഖ്യാനിക്കുന്ന രീതികളെ രൂപപ്പെടുത്തുന്നത് ഈ ഘടകങ്ങളാണ്.
768 പേജുകളുള്ള ഈ സ്മരണികയുടെ സസൂക്ഷ്മം തയാറാക്കപ്പെട്ട പാരാടെക്സ്റ്റ് - മുന്‍ചട്ടയില്‍ നല്‍കിയിട്ടുള്ള സുമുഖനായ, വാര്‍ധക്യം അരിച്ചിറങ്ങിക്കൊണ്ടിരിക്കുന്ന ഒബാമയുടെ ചിത്രം മുതല്‍ പിന്‍ചട്ടയിലെ, ഓവല്‍ ഓഫീസിന്റെ ജനലിലൂടെ വാഷിംഗ്ടണ്‍ സ്മാരകത്തിലേക്ക് നോക്കിനില്‍ക്കുന്ന ഒബാമചിത്രം വരെ - പ്രതാപവാനായ ഒരു ഭരണാധികാരിയുടെ പ്രഭാവലയം തീര്‍ക്കുന്നുണ്ട്. എന്നാല്‍ പുസ്തകത്തിന്റെ പേജുകളിലൂടെ പോകുമ്പോള്‍, തനിക്ക് കൊന്നുതീര്‍ക്കാനുള്ളവരുടെ പട്ടികയും അനവധി ഡ്രോണുകളുടെ വ്യൂഹവുമുള്ള ഒരു സൈനിക കമാന്ററെയാണ് കാണാന്‍ സാധിക്കുക.
ഉള്ളടക്കസൂചികയായിരിക്കണം ഒരുപക്ഷേ പാരാടെക്സ്റ്റിന്റെ പ്രധാനഭാഗം. കാരണം ഏതേതു വിഷയങ്ങളും പേരുകളുമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് അത് വായനക്കാരോട് പറയുന്നു. അതുകൊണ്ട് കുറച്ചുസമയം അവിടെ കാര്യമായിത്തന്നെ പരിശോധിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒബാമയുടെയും അദ്ദേഹത്തിന്റെ എഡിറ്ററുടെയും മുന്‍ഗണനകളെ കുറിച്ച് അറിയാമല്ലോ. 'ഫലസ്ത്വീന്‍', 'ഫലസ്ത്വീനിയന്‍' എന്നീ വാക്കുകളാണ് ഞാന്‍ ആദ്യം തിരഞ്ഞത്. ഫലസ്ത്വീനെക്കുറിച്ച് പുസ്തകത്തില്‍ പലയിടത്തും പറയുന്നുണ്ടെങ്കിലും ഉള്ളടക്കസൂചികയില്‍ ഈ വാക്കുകള്‍ കണ്ടെത്താന്‍ എനിക്കായില്ല. ഉദാഹരണത്തിന്, ഒബാമ എഴുതുന്നുണ്ട്, 2009-ലെ 'യു.എസ് - മുസ്ലിം ബന്ധങ്ങള്‍ക്ക് ഒരു പുതിയ തുടക്കം' എന്ന കെയ്‌റോയിലെ പ്രസംഗത്തിനു ശേഷം തിരിച്ചുവരവെ അദ്ദേഹം തെല്‍ അവീവ് സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കെയ്‌റോ പ്രസംഗത്തിന്റെ  'പ്രഥമ ഊന്നല്‍' ഫലസ്ത്വീന്‍ പ്രശ്‌നമാണ്, അല്ലെങ്കില്‍ 'അറബ്-ഇസ്രയേലി പ്രതിസന്ധിയാണ് മിഡില്‍ ഈസ്റ്റിലെ പ്രക്ഷുബ്ധതകളുടെ മൂലകാരണം' എന്ന ധാരണ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ അവര്‍ ഒബാമയുടെ ആ അപേക്ഷ നിരസിക്കുകയായിരുന്നു.
ഈ വെളിപ്പെടുത്തലുകള്‍ പോലും ഫലസ്ത്വീന്‍ എന്ന വാക്ക് ഉള്ളടക്കസൂചികയില്‍ ഇടംനേടാന്‍ മതിയാവാതിരിക്കെ, ഇസ്രയേല്‍, അറബ്-ഇസ്രയേലി 'സംഘര്‍ഷം' എന്നിവക്ക് കീഴില്‍ ഒരുപാട് വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ഫലസ്ത്വീനികളും അവരുടെ മാതൃഭൂമിയും മാത്രമാണ് ഒബാമയുടെ ഉള്ളടക്കസൂചികയില്‍ ഇടംപിടിക്കാത്തത് എന്നുതോന്നുന്നു. ആകാംക്ഷ മൂലം ഈ കോളം അച്ചടിച്ച് വരുന്ന അല്‍ജസീറയുടെ പേര് ഉള്ളടക്ക സൂചികയില്‍ എവിടെയെങ്കിലുമുണ്ടോ എന്നും ഞാന്‍ പരിശോധിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയവഞ്ചനകളില്‍ പങ്കാളിയാവാന്‍ വിസമ്മതിച്ച ഫലസ്ത്വീന്‍ അഥോറിറ്റി നേതാവ് മഹ്മൂദ് അബ്ബാസിന്റെ നയത്തില്‍ പരാതിപ്പെടുന്ന ഒരു വിഭാഗത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് അതവിടെ ഉണ്ടായിരുന്നു.
ഫലസ്ത്വീനിലെ അനധികൃത കുടിയേറ്റം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം നിരസിച്ച അബ്ബാസിന്റെ നടപടിയെ 'അര്‍ഥശൂന്യം' എന്ന് വിമര്‍ശിക്കുമ്പോള്‍, സമാന നിലപാട് സ്വീകരിക്കാന്‍ മറ്റ് അറബ് രാഷ്ട്രീയ നേതാക്കളെ പ്രേരിപ്പിച്ചതിന് അല്‍ ജസീറയെ ഒബാമ കുറ്റപ്പെടുത്തുന്നു. അദ്ദേഹം എഴുതുന്നു: 'മറ്റ് അറബ് നേതാക്കള്‍ അബ്ബാസിന്റെ ഈ വിഷയത്തിലുള്ള താല്‍പര്യത്തെ വളരെ പെട്ടന്ന് ഏറ്റെടുക്കുന്നു. അറബ് മേഖലയിലെ ഏറ്റവും പ്രബലമായ വാര്‍ത്താ സ്രോതസ്സായി മാറിക്കഴിഞ്ഞ ഖത്തര്‍ നിയന്ത്രിത മാധ്യമമായ അല്‍ ജസീറ തങ്ങളുടെ എഡിറ്റോറിയലുകള്‍ വഴി അറബികള്‍ക്കിടയില്‍ കോപവും അമര്‍ഷവും ജ്വലിപ്പിച്ചുകൊണ്ട് തങ്ങളുടെ ജനകീയത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. വെളുത്ത വര്‍ഗക്കാരായ യാഥാസ്ഥിതിക വോട്ടര്‍മാര്‍ക്കിടയില്‍ ഫോക്സ് ന്യൂസ് പ്രയോഗിച്ച തന്ത്രങ്ങളാണ് അതേ കൃത്യതയോടെ ഇവിടെയും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.'
അത്ഭുതാവാഹം തന്നെ! ഒബാമയുടെ ഉദാര സാമ്രാജ്യത്വത്തോട് കൃതജ്ഞതയില്ലാത്ത അറബ് - മുസ്ലിം ലോകത്തെ ഒരേയൊരു വിമര്‍ശനാത്മക ശബ്ദം. അതിനെ അദ്ദേഹം യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും മലിനമായ വംശീയ പ്രകടനങ്ങളോട് താരതമ്യപ്പെടുത്തുന്നു!
തുടര്‍ന്ന് ഞാന്‍ നോക്കിയത് ഇറാന്‍ എന്ന വാക്കാണ്.  സി.ഐ.എയും, എം 16-ഉം ചേര്‍ന്ന് ഇറാനിലെ ജനാധിപത്യ ഭരണത്തെ അട്ടിമറിച്ച വര്‍ഷം തെറ്റിച്ചാണ് നല്‍കിയിരിക്കുന്നതെങ്കിലും ഉള്ളടക്കസൂചികയില്‍ 'ഇറാന്‍' ഉണ്ടായിരുന്നു. അവിടെ പറയുംപോലെ ആ അട്ടിമറി 1951-ലായിരുന്നില്ല, 1953-ലായിരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം കീഴ്‌മേല്‍ മറിച്ച ഒരു സുപ്രധാന തീയതി ശരിയായി നല്‍കാന്‍ പോലും ഈ പുസ്തകം തയാറാക്കാനായി ഒബാമയെ സഹായിച്ച ഗവേഷകര്‍ക്കും കേട്ടെഴുത്തുകാര്‍ക്കും എഡിറ്റര്‍മാര്‍ക്കും കഴിഞ്ഞില്ല എന്നതിനെപ്പറ്റി ഒന്ന് ആലോചിച്ചുനോക്കുക.
ഉള്ളടക്കസൂചിക പരിശോധിച്ച ശേഷം പതിയെ ഞാന്‍ പുസ്തകത്തിലേക്ക് കടന്നു. വായിച്ച് അവസാനത്തിലെത്തുമ്പോള്‍ പുസ്തകം നമ്മെ നിരാശപ്പെടുത്തുകയോ ആശ്ചര്യപ്പെടുത്തുകയോ ചെയ്യുന്നില്ല. പുസ്തകത്തില്‍ ഇത്രയേ ഉള്ളൂ: ഒബാമയുടെ  പ്രിയങ്കരമായ ഉദാരതാവാദങ്ങള്‍ തന്റെ ദശലക്ഷക്കണക്കിന് ആരാധകരെ പ്രീണിപ്പിക്കുംവിധം മനോഹരമായി പൊതിഞ്ഞവതരിപ്പിച്ചിരിക്കുന്നു. 'എ പ്രോമിസ്ഡ് ലാന്‍ഡ്' അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയുടെ, രാഷ്ട്രീയ എതിരാളികളുടെ, നല്ല ഉദ്ദേശ്യങ്ങളുടെ, അധാര്‍മികതയിലേക്കെത്തുന്ന ആശയക്കുഴപ്പങ്ങളുടെ ആത്മകഥയാണ്. പുസ്തകത്തിലുടനീളം ആരാലും കാണാതെ ചുറ്റിക്കറങ്ങുന്ന ഒരു പ്രേതവുമുണ്ട്. ഇതെഴുതുകയായിരുന്നപ്പോള്‍ വൈറ്റ് ഹൗസിലെ ഒബാമ പാരമ്പര്യത്തെ തകര്‍ത്തെറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഉന്മൂലന മത്സരങ്ങള്‍ നിറഞ്ഞ ഭരണകാലത്തെക്കുറിച്ച അമിത അപകര്‍ഷബോധത്തോടെയുള്ള വിവരണമായും വൈറ്റ് ഹൗസിലെ ഒബാമ വര്‍ഷങ്ങളെക്കുറിച്ച സ്തുതിഗീതങ്ങളായും ഈ പുസ്തകത്തെ കാണാം.
അമേരിക്കന്‍ ചരിത്രത്തിലെ ഒരു സവിശേഷഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം കപട പരിസ്ഥിതിവാദി, 'താരതമ്യേന' സൗമ്യനും ദയാലുവുമായ യുദ്ധക്കൊതിയന്‍, 'ഉദാര' സയണിസ്റ്റ് എന്നീ നിലകളില്‍ എനിക്ക് ഒബാമയോടുള്ള പുഛത്തെ മറികടക്കുന്നുണ്ട്.
ഒബാമയെ വായിക്കുമ്പോള്‍, നിങ്ങള്‍ക്ക് അദ്ദേഹത്തോട് എത്ര വിയോജിപ്പുണ്ടെങ്കിലും, മൂന്നോ നാലോ വാചകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അര്‍ഥപൂര്‍ണമായ ഒരു ഖണ്ഡിക എഴുതാന്‍ കഴിവുള്ളയാളാണ് അദ്ദേഹം എന്ന് ഉറപ്പിക്കാനാവും. മറ്റു രാജ്യങ്ങളിലുള്ളവരെ സംബന്ധിച്ച് ഇത് ഒരു പ്രധാനപ്പെട്ട സംഗതിയല്ലായിരിക്കാം. പക്ഷേ, അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തലതിരിഞ്ഞ ട്വീറ്റുകള്‍ നിറഞ്ഞാടിയ നാലു വര്‍ഷത്തിനു ശേഷവും അമേരിക്കന്‍ പ്രസിഡന്റുമാരില്‍ കൃത്യമായി വാദമുഖങ്ങള്‍ രൂപപ്പെടുത്താന്‍ കഴിവുള്ളവരും ഉണ്ട് എന്ന അറിവ് ആശ്വാസകരം തന്നെയാണ്.
പക്ഷേ 'എ പ്രോമിസ്ഡ് ലാന്‍ഡ്' മുമ്പില്‍ വെച്ച് ട്രംപിന്റെ എതിര്‍പക്ഷത്ത് ഒബാമയെ നിര്‍ത്തുമ്പോള്‍ ട്രംപിന്റെ നിരക്ഷരത മാത്രമല്ല ഒബാമയുടെ ബോധ്യമില്ലായ്കയും അടയാളപ്പെടുത്തപ്പെടുന്നുണ്ട്.
ഡബ്ല്യു ബി. യേറ്റ്സിന്റെ പ്രശസ്ത കവിത 'രണ്ടാം വരവ്' ഒബാമക്കും ട്രംപിനും വേണ്ടി എഴുതപ്പെട്ടതു പോലെ തോന്നുന്നു:
The best lack all conviction, while
the worst
Are Full of passionate intensity
(ഏറ്റവും മികച്ചതിന് എല്ലാ ബോധ്യങ്ങളും നഷ്ടമാകുമ്പോള്‍
ഏറ്റവും മോശമായത്
വികാരവിക്ഷോഭങ്ങളാല്‍
നിറഞ്ഞിരിക്കുന്നു).

വംശീയ ഭ്രാന്തെടുക്കുമ്പോള്‍ ട്രംപിനുണ്ടാകുന്ന അത്യാവേശത്തിന്റെ ഒരംശമെങ്കിലും ഒബാമയുടെ ഉദാരതാഭിലാഷങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍! ഒബാമക്ക് എല്ലാറ്റിലും ഒരു വിശ്വാസമില്ലായ്മ ഉണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്  ഇതിലെ ഓരോ അധ്യായവും പേജും. ഈ ഓര്‍മക്കുറിപ്പില്‍ ഒബാമ, ഒരു പ്രസിഡന്റ് എന്ന നിലയില്‍ എടുത്ത അധാര്‍മികവും പ്രതിലോമകരവുമായ തീരുമാനങ്ങള്‍ക്ക് ദുര്‍ബലമായ ന്യായങ്ങളും വിശദീകരണങ്ങളും നല്‍കുക മാത്രമാണ് ചെയ്യുന്നത്.
രണ്ടു തവണ പ്രസിഡന്റായിരുന്ന കാലത്തെ മാരകമായ ഡ്രോണ്‍ ആകമണങ്ങള്‍ക്ക്  പുതിയ സൈനിക യുക്തികള്‍ ഒബാമ ചമയ്ക്കുന്നുണ്ട്.  അമേരിക്കന്‍ പോലീസിന്റെ പരിപൂര്‍ണമായ സൈനികവല്‍ക്കരണവും ഒബാമയുടെ മേല്‍നോട്ടത്തിലാണ് പൂര്‍ണമായത്. നീതിരഹിതവും ക്രൂരവുമായ കുടിയേറ്റ നയങ്ങള്‍ കാരണം അദ്ദേഹം 'ഡിപ്പോര്‍ട്ടര്‍ ഇന്‍ ചീഫ്' എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ട്രംപിന്റെ കുപ്രസിദ്ധ 'മുസ്ലിം നിരോധനം' യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത് ഒബാമയുടെ കാലത്താണ്. എന്നാല്‍ ഈ വസ്തുതകളെല്ലാം ഓര്‍മക്കുറിപ്പില്‍ ഈ മുന്‍ പ്രസിഡന്റിന്റെ വാചാലതയുടെ നൂലാമാലകളില്‍ നഷ്ടമായിരിക്കുന്നു. ഓര്‍മക്കുറിപ്പില്‍നിന്ന് വീണുപോയവയില്‍ ധാര്‍മികതയുമുണ്ട്. തീര്‍ത്തും ഉപയോഗശൂന്യമായിരുന്ന തന്റെ ഭരണത്തെ ന്യായീകരിക്കാനായി വാക്കുകളുടെ പ്രവാഹം തന്നെ അഴിച്ചുവിടുകയാണ് ഒബാമ. തന്റെ സ്ഥാനത്തെ, പ്രബലരെ കൂടുതല്‍ പ്രബലരാക്കാനും അശരണരെ കൂടുതല്‍ യാതനകളിലേക്ക് തള്ളിവിടാനുമാണ് അദ്ദേഹം വിനിയോഗിച്ചത്. അദ്ദേഹം യഥാര്‍ഥ ക്രിസ്തുമത വിശ്വാസിയാണെങ്കില്‍ മാത്യുവിന്റെ ഈ വചനങ്ങള്‍ (16:26) ഓര്‍മിക്കുകയും സ്വയം ചോദിക്കുകയും ചെയ്യുമായിരുന്നു: 'സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നവന്, ലോകം മുഴുവന്‍ നേടിയാല്‍ തന്നെ എന്ത് പ്രയോജനം?'
നമുക്ക് ഒബാമയുടെ ആത്മാവിന്റെ കാര്യം വിട്ട് അദ്ദേഹത്തിന്റെ അതിഭാഷണത്തിലേക്ക് കടക്കാം. ഒബാമയുടെ ഓര്‍മക്കുറിപ്പ് മറ്റെന്തിനേക്കാളും താന്‍ പ്രസിഡന്റായിരുന്ന കാലയളവിനെക്കുറിച്ചുള്ള സുഖകരവും ഗാഢവും മൃദുലവുമായ ഓര്‍മകളുടെ ശേഖരം മാത്രമാണ്. പക്ഷേ, ട്രംപിന്റെ ഭീതിദമായ നാല് വര്‍ഷങ്ങള്‍ക്കു ശേഷം അത് വായിക്കുന്നത് അമേരിക്കക്കാരെ സംബന്ധിച്ചേടത്തോളം എത്രത്തോളം സമാശ്വാസകരവും ധൈര്യം പകരുന്നതുമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ സാധിക്കും.
ഒബാമ തന്റെ വൈറ്റ് ഹൗസിലേക്കുള്ള വരവിനെക്കുറിച്ചും ആ പുതിയ അന്തരീക്ഷത്തിലെ ജീവിതത്തെയും ജോലിയെയും കുറിച്ചുമെല്ലാം തുറന്നെഴുതുന്നുണ്ട്. അവിടത്തെ ഏറ്റവും പരിചയസമ്പന്നരായ പാചകക്കാരെക്കുറിച്ച്, 'ചരിത്രത്തിന്റെ മുന്‍നിരയില്‍ ഇടം നേടിയെന്ന തിരിച്ചറിവുള്ള, മികച്ച നര്‍മബോധമുള്ള ആ വലിയ തൊപ്പി ധരിച്ച കറുത്ത മനുഷ്യരെ'ക്കുറിച്ച് സ്‌നേഹപൂര്‍വമാണ് അദ്ദേഹം എഴുതുന്നത്.
ഒബാമ പറയുന്നു: ''അവരോട് തങ്ങളെ ഔപചാരികത അല്‍പം കുറച്ച് പരിഗണിച്ചാല്‍ മതി എന്ന് ആവശ്യപ്പെടുമ്പോള്‍ അവര്‍ പറയുമായിരുന്നു: താങ്കളെ മറ്റെല്ലാ പ്രസിഡന്റുമാരെയും പരിചരിച്ചതുപോലെ തന്നെ പരിചരിക്കുന്നു എന്ന് ഉറപ്പുവരുത്തലാണ് ഞങ്ങളുടെ ലക്ഷ്യം. താങ്കളും താങ്കളുടെ പത്‌നിയും ഇവിടെ ഉള്ളത് ഞങ്ങള്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ക്കറിയുകയേയില്ല.''
ഇനിയും ഇത്തരം മോഹിപ്പിക്കുന്ന നിമിഷങ്ങള്‍ ഈ പുസ്തകത്തിലുണ്ട് - അദ്ദേഹത്തിന് യാഥാര്‍ഥ്യം അറിയാമെന്ന് നമുക്ക് ഉറപ്പുള്ളവ.
ഈ വാക്കുകള്‍ കാണുക: 'കെട്ടുകഥകളെ നിരാകരിക്കാന്‍ സമയമായെന്ന് വിശ്വസിക്കുന്നവരുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു.' ഒബാമ എഴുതുകയാണ്: 'അമേരിക്കയുടെ ഭൂതകാലത്തെക്കുറിച്ച് പഠിച്ചാലും ഇന്നത്തെ വാര്‍ത്തകള്‍ നോക്കിയാലും വ്യക്തമാകുന്ന ഒരു കാര്യം, കീഴ്‌പ്പെടുത്തലുകളും വംശീയ ജാതി വ്യവസ്ഥയും മുതലാളിത്തവുമൊക്കെ കഴിഞ്ഞ് രണ്ടാം സ്ഥാനത്തേ ഈ രാജ്യത്തിന്റെ മൂല്യങ്ങളും ആശയങ്ങളും വരുന്നുള്ളൂ എന്നതാണ്.  മറിച്ചാണ് എന്ന് നടിക്കുന്നത് തുടക്കം മുതലേ അട്ടിമറിക്കപ്പെട്ട  ഒരു കളിയിലെ പാപത്തിന്റെ പങ്ക് പറ്റലായിത്തീരും.'
'വൈറ്റ് ഹൗസിലെ ഒരു കറുത്ത വര്‍ഗക്കാരന്‍ കബളിപ്പിച്ച ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വംശീയ ആശങ്കകള്‍ക്ക് മറുമരുന്ന്' ട്രംപ്  വാഗ്ദാനം ചെയ്തു എന്ന് പറയുമ്പോള്‍, അദ്ദേഹം ട്രംപിന്റെയും തന്റെ തന്നെയും തെരഞ്ഞെടുപ്പിനെ തെറ്റായാണ് വായിച്ചിരിക്കുന്നത്.
എത്ര  ദാരുണമായ തെറ്റ്...! ജീവിതത്തിന്റെ നാനാ മേഖലകളിലുള്ള അമേരിക്കന്‍ ജനത വളരെ ആവേശത്തോടെ അദ്ദേഹത്തെ തങ്ങളുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് രണ്ടു തവണയാണ്. അദ്ദേഹത്തെ  വെറുക്കുന്ന വംശീയവാദികളായ ഒരു വിഭാഗം അമേരിക്കയിലുണ്ടെന്ന് തീര്‍ച്ചയാണ്. അത്തരക്കാരുടെ അധമവികാരങ്ങളെയാണ് ട്രംപ് അഭിസംബോധന ചെയ്തത് എന്നതും നേര്. പക്ഷേ ട്രംപിന്റെ പ്രതിയോഗിയായ ഹിലരി ക്ലിന്റന്റെ അഴിമതി അദ്ദേഹം കാണുന്നില്ല.    ഡെമോക്രാറ്റിക് ദേശീയ സമിതിയുടെ അഴിമതി ഒബാമ തന്നെ കണ്ടില്ലെന്നു നടിച്ചതും ട്രംപിന്റെ വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുതയും വിസ്മരിക്കുന്നു.
അബദ്ധങ്ങളെല്ലാം വളരെ അര്‍ഥവത്താണ്. ഈ പുസ്തകത്തിലൂടെ  കടന്നുപോകുമ്പോള്‍ ഒരു 'മാന്യ വ്യക്തി'യുടെ സാന്നിധ്യം നിങ്ങള്‍ക്ക് അനുഭവിക്കാനാവുന്നുണ്ട്. അയാളാണെങ്കിലോ ഒട്ടും മാന്യതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉല്‍പ്പന്നവും. അയാള്‍ക്കാകട്ടെ ശരിയായ ദിശയില്‍ ഒരിഞ്ച് നീങ്ങാനാവുന്നുമില്ല.
തന്റെ ഭരണകാലയളവിന്റെയോ ജീവിതകാലത്തിന്റെയോ അന്തിമ ചരിത്രമെഴുത്തുകാരനല്ല ഒബാമ; എത്ര വാചാലതയും രചനാപാടവവും അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും. ഒബാമ നെതന്യാഹുവിന് അയച്ചുകൊടുത്ത ആയുധങ്ങള്‍ തീര്‍ക്കുന്ന യാതനകള്‍ അനുഭവിക്കുന്ന ഗസ്സയിലെ ഒരു ഫലസ്ത്വീനി ബാലന്‍, അല്ലെങ്കില്‍ യമനില്‍ തീതുപ്പുന്ന അമേരിക്കന്‍ പീരങ്കികള്‍ കാരണം പട്ടിണിയിലായ ഒരു യമനി കുട്ടി ഒബാമയേക്കാള്‍ എത്രയോ വാചാലമായി സംസാരിക്കുന്നുണ്ട്. ഒരു അമേരിക്കന്‍ പ്രസിഡന്റിന് വാള്യങ്ങള്‍ തയാറാക്കാന്‍ കൂട്ടിരിക്കുന്ന ഒട്ടനവധി ഗവേഷകരേക്കാളും എഡിറ്റര്‍മാരേക്കാളും വാചാലതയോടെ ആ കുട്ടികള്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോഴും പ്രതീക്ഷകളെ തോല്‍പ്പിക്കുന്ന പ്രതീക്ഷകളുമായി 'വാഗ്ദത്ത ഭൂമി' കാത്തു കഴിയുന്ന അമേരിക്കക്കാര്‍ക്ക് മില്യന്‍ കണക്കിന് ഡോളര്‍ റോയല്‍റ്റി പറ്റി അവര്‍ ഈ വക പുസ്തകങ്ങള്‍ വിറ്റുകൊണ്ടേയിരിക്കും. 

(ഹാമിദ് ദബാശി കൊളംബിയ യൂനിവേഴ്സിറ്റിയിലെ ഇറാനിയന്‍ സ്റ്റഡീസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം പ്രഫസറാണ്. വിവ: തമന്ന സുല്‍ത്താന)

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌