Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

ആരെല്ലാം മരിച്ചിട്ടില്ല എന്ന് തിരക്കുന്നവരുടെ രാവിലെകള്‍

മെഹദ് മഖ്ബൂല്‍

യുദ്ധങ്ങള്‍ക്കിടയില്‍ കിട്ടുന്ന നേരങ്ങളാണ് ചിലര്‍ക്കെല്ലാം ജീവിതം. ഏതു നേരവും മിസൈലുകള്‍ വന്ന് പതിക്കാം എന്ന ആധിയില്‍ ഉറക്കം കെട്ട് കിടക്കുന്നവരാണവര്‍. അറിയാതെയെങ്ങാനും ഉറങ്ങിപ്പോയാല്‍  തങ്ങളില്‍ ഇനി ആരെല്ലാമില്ല എന്നന്വേഷിച്ച് അവര്‍ ഞെട്ടിയുണരുന്നു.
 ഠവല ഉൃീില ഋമെേ ണശവേ ങല എന്ന ആത്വിഫ് അബൂസൈഫിന്റെ പുസ്തകം സംഘര്‍ഷങ്ങള്‍ വിടാതെ പിന്തുടരുന്ന ഗസ്സയെ കുറിച്ചാണ് പറയുന്നത്. 
2014-ല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണ പരമ്പരകള്‍ക്ക്  51 ദിവസത്തിന്റെ നീളമുണ്ടായിരുന്നു. അതൊരു റമദാന്‍ കാലം കൂടിയായിരുന്നു.
അത്താഴം കഴിക്കാനായി പുലര്‍ച്ചെ 3 മണിക്ക് എണീക്കുമ്പോള്‍  ഡ്രോണുകള്‍ അപ്പുറത്ത് ആക്രമണം തുടങ്ങിയതാണ് ആത്വിഫ് അബൂ സൈഫ് കാണുന്നത്, 'ഡ്രോണും എന്നോടൊപ്പം അത്താഴത്തിന് എണീറ്റിരിക്കുന്നു!'
ജര്‍മനിയും ബ്രസീലും തമ്മിലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്ന രംഗം പുസ്തകത്തില്‍ പറയുന്നുണ്ട്. ആത്വിഫിനോട് മകന്‍ മുസ്ത്വഫ പറയുന്നു:
'ഉപ്പാ, ഞാനും കളി കാണാന്‍ വരുന്നുണ്ട്.'
'വേണ്ട മോനേ, പെട്ടെന്നെങ്ങാനും ആക്രമണം ഉണ്ടായാല്‍ രണ്ടുപേര്‍ക്കും കൂടി ഓടാനാകില്ല.'
 നോക്കണേ.. തലക്കു മീതെ മരണം കറങ്ങി നടക്കുമ്പോഴും തങ്ങളുടെ ഇഷ്ടടീമുകളുടെ കളി കാണാന്‍ വെമ്പുന്ന മനുഷ്യര്‍!
അര്‍ജന്റീനയും നെതര്‍ലാന്റ്‌സും തമ്മിലായിരുന്നു രണ്ടാം സെമി ഫൈനല്‍. അത് കാണാന്‍ കൂട്ടം കൂടിയവരിലേക്ക് മിസൈല്‍ ആക്രമണമുണ്ടായി, ആറ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫൈനല്‍ കാണാന്‍ അവരെ ഇസ്രയേല്‍ സമ്മതിച്ചില്ല.  
 മിസൈല്‍ ആക്രമണം നടന്നുകൊണ്ടിരിക്കെ ആത്വിഫിന്റെ വീട്ടിലെ ലാന്റ് ഫോണ്‍ ശബ്ദിച്ചു. അപ്പുറത്ത് ഒരു സ്ത്രീയായിരുന്നു:
'ഹലോ ഇത് ഗസ്സയോണോ? നിങ്ങളൊരു ഫലസ്ത്വീനിയാണോ?' 
അതേയെന്ന് പറഞ്ഞപ്പോള്‍ ഞാനൊരു ഫ്രഞ്ചുകാരിയാണെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്നും അവര്‍ പറഞ്ഞു.
വാക്കു കൊണ്ടെങ്കിലും പിന്തുണ കൊടുക്കാതെ ഉറക്കം വരാത്ത ചില മനുഷ്യര്‍!
ബാഖിര്‍ കുടുംബത്തിലെ നാല് കുട്ടികള്‍ ഗസ്സ ഹാര്‍ബറിന് സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.  പെട്ടെന്ന് മിസൈലുകള്‍ വന്നു. മണലിലും കടല്‍വെള്ളത്തിലും ചോര കലര്‍ന്നു.     ഒരു കുട്ടി അപ്പോള്‍ തന്നെ മരിച്ചു, മറ്റുള്ളവര്‍ ഹോസ്പിറ്റലിലേക്കുള്ള വഴിയില്‍ വെച്ചും. 
'ഉപ്പാ.. യുദ്ധം നടക്കുമ്പോള്‍ ഫുട്‌ബോള്‍ കളിക്കാന്‍ പാടില്ലേ..'
ആത്വിഫിനോട് മകന്‍ മുസ്ത്വഫ ചോദിക്കുന്നു.
 ഗസ്സ സിറ്റിയുടെ വടക്കു ഭാഗത്താണ് ഹാത്വിമിന്റെ വീട്. കുറേക്കൂടി അപകടകരമായ സ്ഥലമായിരുന്നു ആ ഭാഗം. അവിടെനിന്ന് എല്ലാവരും ക്യാമ്പിലേക്ക് മാറി. എന്നിട്ടും ഹാത്വിം മാറിയില്ല. അവിടെ അവന്‍ വളര്‍ത്തുന്ന അമ്പതോളം പക്ഷികളുണ്ട്. പ്രാവുകളും കുരുവികളുമുണ്ട്. അവന്‍ പോന്നാല്‍ അവയെ ആര് പരിപാലിക്കും! ആ തെരുവില്‍ ഇസ്രയേല്‍ പട്ടാളക്കാരല്ലാതെ ഇപ്പോള്‍ ഹാത്വിം മാത്രമേ ഉള്ളൂ!
ഒരു വൃദ്ധനെ ക്യാമറയില്‍ പകര്‍ത്തുകയാണ് ഏതോ ചാനലിന്റെ ആള്‍. ആ വൃദ്ധന് അതിഷ്ടപ്പെടുന്നില്ല. 'നിങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിക്കാനാണിത്, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നെല്ലാം ആ  ക്യാമറാമാന്‍ പറയുന്നുണ്ട്.
'നിങ്ങള്‍ വലിയ കവറേജ് നല്‍കിയാല്‍ എനിക്കെന്റെ മക്കളുടെ ജീവന്‍ തിരികെ കിട്ടുമോ' എന്നയാള്‍ തിരിച്ച് ആക്രോശിക്കുന്നു. അയാളുടെ മൂന്ന് ആണ്‍കുട്ടികളും ഒരു മകളുമായിരുന്നു കൊല്ലപ്പെട്ടത്.  
പുസ്തകം അവസാനിക്കുമ്പോള്‍ ആത്വിഫ് അബൂ സൈഫിന്റെ വരികളില്‍ അഭ്യര്‍ഥന കലരുകയാണ്:
'മറ്റുള്ളവരുടെ ജീവിതം തകര്‍ത്തിട്ട്  കിട്ടുന്നതിന്റെ പേരല്ല ജീവിതം എന്ന് ഞങ്ങള്‍ക്കുമേല്‍ തീതുപ്പുന്ന ആ പൈലറ്റിനോടൊന്ന് ആരെങ്കിലും പറയുമോ.. ഞങ്ങള്‍ വീഡിയോ ഗെയ്മിലെ കഥാ പാത്രങ്ങളല്ലെന്നും. അയാള്‍ സ്‌ക്രീനില്‍ കാണുന്ന ബില്‍ഡിംഗുകളൊന്നും ഗ്രാഫിക്‌സുകളല്ലെന്നും... അവര്‍ തകര്‍ക്കുന്ന ഓരോ കെട്ടിടങ്ങളിലും അടുക്കളയും ബെഡ്‌റൂമുകളും ലിവിംഗ് റൂമുകളും കിടന്നുറങ്ങുന്ന കുട്ടികളും കരടിയും ദിനോസറുകളുമടങ്ങുന്ന അവരുടെ കളിപ്പാട്ടങ്ങളുമുണ്ടെന്ന് ആരെങ്കിലും അവരോടൊന്ന് അകം തൊട്ട് പറയുമോ..'  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌