Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

എ. അബൂബക്കര്‍ മാസ്റ്റര്‍ എന്റെ ഗുരുവര്യന്‍

ടി. ആരിഫലി

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വാഴക്കാട് മുണ്ടുമുഴിയിലെ  എ. അബൂബക്കര്‍ മാസ്റ്റര്‍. പരിചിത വൃത്തത്തില്‍ എ.കെ.സി മൗലവി എന്ന് അറിയപ്പെട്ട അദ്ദേഹം നവംബര്‍ 27-നാണ് അല്ലാഹുവിലേക്ക് യാത്രയായത്. പരിണിതപ്രജ്ഞനായ അധ്യാപകനെയും സേവനസമ്പന്നനായ സുഹൃത്തിനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഞങ്ങള്‍ വാഴക്കാട്ടുകാര്‍ക്ക് നഷ്ടമായത്. ഈ മേഖലയിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനവും വഴികാട്ടിയുമായിരുന്നു അദ്ദേഹം. 
മലപ്പുറം ജില്ലയിലെ ആക്കോട് ഗ്രാമത്തില്‍ പണ്ഡിത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ആക്കോട് മഹല്ല് ഖാദിയായിരുന്ന കളത്തിങ്ങല്‍ സെയ്തു മുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ അമ്മാവനാണ്. അനാഥത്വവും ദാരിദ്ര്യവും അനുഭവിച്ചാണ് അദ്ദേഹം വളര്‍ന്നത്. അതുകൊണ്ടു തന്നെ ഔപചാരിക വിദ്യാഭ്യാസം പ്രാഥമിക തലത്തില്‍ അവസാനിച്ചു. പിന്നീട്, സ്വപ്രയത്‌നത്താല്‍ അറബി ഭാഷ പഠിക്കുകയും അറബി അധ്യാപകനാവുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, ഉളിയില്‍, തലശ്ശേരി, മലപ്പുറം ജില്ലയിലെ കണ്ണമംഗലം, മുതുവല്ലൂര്‍, ചാലിയപ്പുറം, ആക്കോട് പ്രദേശങ്ങളിലെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടു്. 2002-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചതിനു ശേഷം, വാഴക്കാട് കൊയപ്പത്തൊടി ഇംഗ്ലീഷ് സ്‌കൂളിന്റെ മാനേജറായിരുന്നു. മാവൂര്‍, മുണ്ടുമുഴി, തിരുത്തിയാട്, വാഴക്കാട് മദ്റസകളില്‍ അധ്യാപകനും പള്ളികളില്‍ ഖത്വീബുമായിരുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും വൈമനസ്യമില്ലാതെ ഖുത്വ്ബ ഏറ്റെടുക്കുമായിരുന്നു. വായനയിലൂടെ നേടിയ അറിവാണ് ഇതിനെല്ലാം അടിത്തറയായത്.
1960-കളില്‍ തന്നെ അബൂബക്കര്‍ മാസ്റ്റര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. ആക്കോട്, ഊര്‍ക്കടവ് ഹല്‍ഖകളുടെ നാസിമായിരുന്നു. പ്രസ്ഥാനത്തിന്റെ തണലും സുരക്ഷിതത്വവുമാഗ്രഹിച്ചാണ് ആക്കോട്ടു നിന്ന് 1995-ല്‍, അദ്ദേഹം മുണ്ടുമുഴിയിലേക്ക് താമസം മാറ്റിയത്. മുണ്ടുമുഴിയിലെ ശിഷ്യഗണങ്ങളും പ്രസ്ഥാന പ്രവര്‍ത്തകരും അവസാനം വരെ ആ സ്‌നേഹവും കരുതലും അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. തന്റെ വിദ്യാര്‍ഥികളും അല്ലാത്തവരുമായ കുട്ടികളില്‍  ശേഷിയുള്ളവരെ പ്രത്യേകം നോട്ടമിടുകയും അവരുടെ കഴിവുകള്‍ മനസ്സിലാക്കി പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ ശിക്ഷണം നല്‍കി വളര്‍ത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. ഞാന്‍ മുണ്ടുമുഴി മദ്‌റസയില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം എനിക്ക് പ്രസംഗം എഴുതിത്തന്നതും, അത് പരിശീലിപ്പിച്ചതും, വാഴക്കാട് ഫര്‍കയിലെ വിവിധ പൊതുവേദികളില്‍ എന്നെക്കൊണ്ട് പ്രസംഗിപ്പിച്ചതും മറക്കാനാകില്ല. എന്റെ പ്രഭാഷണശേഷിയുടെ വളര്‍ച്ചക്ക് അടിത്തറയിട്ടത് ഇതാണ്. എന്റെ പ്രസ്ഥാന പ്രവര്‍ത്തനരംഗത്തെ ആദ്യത്തെ നാഴികക്കല്ലുകളായിരുന്നു അന്നത്തെ ഈ പൊതു പ്രസംഗങ്ങള്‍ എന്നു പറയാം. ഇങ്ങനെ നിരവധി പേരെ പ്രസ്ഥാന പ്രവര്‍ത്തകരും അധ്യാപകരുമൊക്കെയാക്കി അദ്ദേഹം വളര്‍ത്തിയെടുത്തിട്ടുണ്ട്. വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തുന്നതില്‍ ഏറെ ഉത്സുകനായിരുന്നു അദ്ദേഹം. അവസാന ഘട്ടമായപ്പോഴേക്കും പഴയകാല ബന്ധങ്ങളില്‍ പലതും ഓര്‍ത്തെടുത്ത് പുതുക്കുകയും ഫോണ്‍ വഴി അവ സജീവമാക്കുകയും ചെയ്തു. 
പ്രാദേശിക തലങ്ങളില്‍ പ്രഭാഷണങ്ങളും ഖുത്വ്ബകളും അബൂബക്കര്‍ മൗലവി ധാരാളം നിര്‍വഹിക്കുകയുണ്ടായി. വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. ഏത് വലിയ ആശയങ്ങളും ലളിതമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. ഖുര്‍ആനിക ആശയങ്ങളാണ് പലപ്പോഴും അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ അടിത്തറ. പ്രസ്ഥാന സാഹിത്യങ്ങളുടെ വെളിച്ചവും ഓരോ പ്രസംഗത്തിലും ഉണ്ടായിരിക്കും. പ്രസ്ഥാന പ്രവര്‍ത്തകരുടെ ഏത് വിളിക്ക് എപ്പോള്‍ വേണമെങ്കിലും ഉത്തരം നല്‍കാന്‍ അദ്ദേഹം സജ്ജനായിരുന്നു. പ്രഭാഷണത്തില്‍ മാത്രമല്ല, സേവന രംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. വാഴക്കാട് പഞ്ചായത്തിലെ ഊര്‍ക്കടവ് അല്ലമ്പ്ര കുന്നിലെ കുടിവെള്ള പദ്ധതി സഫലമാക്കാന്‍ മുന്നില്‍ നിന്ന് കഠിനാധ്വാനം ചെയ്തത് അബൂബക്കര്‍ മൗലവിയായിരുന്നു. കുടുംബത്തിലും പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ അദ്ദേഹം ഏറെ താല്‍പര്യപ്പെട്ടു. കുടുംബത്തിലെ പുതിയൊരു ഡയാലിസിസ് രോഗിക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ സംവിധാനമുണ്ടാക്കിയത് മരിക്കുന്നതിന്റെ നാലുനാള്‍ മുമ്പാണെന്ന് അറിയാനായി.
ഞാന്‍ ദല്‍ഹിയില്‍നിന്ന് വരുമ്പോഴൊക്കെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചിരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അഖിലേന്ത്യാ തലത്തിലുളള പ്രവര്‍ത്തനങ്ങളെയും തലസ്ഥാന നഗരിയില്‍ നടക്കുന്ന മാറ്റങ്ങളെയും കുറിച്ചും അവ ഇസ്‌ലാമിക പ്രസ്ഥാനത്തെയും മുസ്‌ലിം സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുമെന്നും ചോദിച്ചറിയാനും തന്റേതായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാനും അദ്ദേഹം മറന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രസ്ഥാന നേതാക്കളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും അദ്ദേഹം താല്‍പര്യപ്പെട്ടു. പ്രമേഹരോഗത്തിന്റെ കാഠിന്യത്തിലും അദ്ദേഹം പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കിഡ്‌നി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം, ഏതാണ്ട് എട്ടു വര്‍ഷമായി ഡയാലിസിസ് ചെയ്യുകയായിരുന്നു; ആഴ്ചയില്‍ മൂന്ന് വീതം. ഇത്ര ദീര്‍ഘകാലം ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോഴും തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുടക്കവും വരുത്തിയിരുന്നില്ല. അദ്ദേഹത്തിന് കൈമുതലായിരുന്ന ഈമാനും ഇഛാശക്തിയും കൃത്യനിഷ്ഠയും ധൈര്യവുമാണ്, കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ ഒരു രോഗിയാണെന്ന് തോന്നിക്കാത്ത വിധം സജീവമാകാന്‍ അദ്ദേഹത്തെ സഹായിച്ചത്. ഈ ഇഛാശക്തിയും ധൈര്യവും പുതിയ തലമുറക്ക് വലിയ പ്രചോദനമാകേണ്ടതാണ്. 
സ്വന്തം മക്കളെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാതയില്‍ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനനുസരിച്ച വിദ്യാഭ്യാസവും സംസ്‌കാരവും അവര്‍ക്ക് നല്‍കി. മരുമക്കളെ തെരഞ്ഞെടുക്കുമ്പോഴും പ്രാസ്ഥാനികതയായിരുന്നു മാനദണ്ഡം. പ്രബോധനം വാരിക സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് അദ്ദേഹത്തിന്റെ മൂത്ത പുത്രനാണ്. രണ്ടാമത്തെ മകന്‍ നിഅ്മത്തുല്ലയും പെണ്‍മക്കള്‍ സാലിഹ, ഹബീബ, നാസിഹ എന്നിവരും  പ്രവര്‍ത്തകര്‍ തന്നെ. വാഴക്കാട് മര്‍ഹൂം എം.ടി അഹ്മദ് കുട്ടി മൗലവിയുടെ മകള്‍ ജുവൈരിയയാണ് ഭാര്യ.  ഇത്തരമൊരു കുടുംബം അദ്ദേഹത്തിന്റെ കണ്‍കുളിര്‍മയാണ്. രോഗബാധിതനായ അദ്ദേഹത്തെ പരിചരിക്കുന്നതില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ മാതൃകാപരമായി പിന്തുടരാന്‍  കുടുംബത്തിന് കഴിഞ്ഞതും ഈ വളര്‍ത്തുഗുണം കൊണ്ടാകണം. സ്‌നേഹനിധിയായ സഹപ്രവര്‍ത്തകനും കുടുംബനാഥനുമായി കര്‍മരംഗത്ത് മാതൃക കാണിച്ചുകൊണ്ടാണ് അബൂബക്കര്‍ മൗലവി വിടവാങ്ങിയത്. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കുമാറാകട്ടെ - ആമീന്‍.

 

പി.സി ഹംസ ഹാജി പൊന്നാനി

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഹയാത്രികനും പൊന്നാനിയുടെ മത-സാംസ്‌കാരിക-ജീവകാരുണ്യ-വ്യാപാര മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു പി.സി ഹംസ ഹാജി. ദീനീ പ്രതിബദ്ധത, ചിട്ടയാര്‍ന്ന ജീവിതം, അത്യുദാരത, ലാളിത്യം, കഠിനാധ്വാനം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ ശക്തമായ നിലപാട്, ഇസ്‌ലാമിക പ്രസ്ഥാനത്തോടുള്ള കൂറും സ്‌നേഹവും തുടങ്ങിയവയാല്‍ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 
പ്രസ്ഥാനത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും പൊതുസംരംഭങ്ങളും കെട്ടിപ്പടുക്കുന്നതില്‍ സാമ്പത്തികമായും ബുദ്ധിപരമായും പ്രവര്‍ത്തിച്ചു. ഐ.എസ്.എസ് സ്ഥാപനങ്ങള്‍ക്ക് ഭൂമിയും കെട്ടിടവും വഖ്ഫായി നല്‍കി. 
ചമ്രവട്ടം ജംഗ്ഷനില്‍ പള്ളി അനിവാര്യമാണെന്ന് ബോധ്യമായപ്പോള്‍ ടി.കെ ഉബൈദ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ സ്ഥലമന്വേഷണം ആരംഭിച്ചു. ഭീമമായ വിലയ്ക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പകച്ചുപോയെങ്കിലും അവര്‍ പ്രതീക്ഷയോടെ ഹംസ ഹാജിയെ സമീപിച്ചു. താന്‍ കെട്ടിടനിര്‍മാണത്തിനായി തയാറാക്കിയ പ്ലാന്‍ തിരുത്തി പള്ളിനിര്‍മാണത്തിനാവശ്യമായ ഭൂമി സൗജന്യമായി അവിടെ നല്‍കുകയായിരുന്നു. പ്രസ്തുത സ്ഥലത്താണ് ദയ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴിലുള്ള മസ്ജിദുസ്സലാം നിര്‍മിച്ചത്. പള്ളിയുടെ നിത്യച്ചെലവിനായി 6 മുറികളുള്ള ഒരു കെട്ടിടം സൗജന്യമായി നിര്‍മിച്ചു നല്‍കുകയും ചെയ്തു. നേരത്തേ പൊന്നാനി ജിംറോട്ടിലും പള്ളിനിര്‍മാണത്തിനാവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നല്‍കിയിരുന്നു. 
പ്രസ്ഥാന നേതൃത്വവും പോഷക സംഘടനാ ഭാരവാഹികളും വിവിധ സംരംഭങ്ങള്‍ക്കായി സാമ്പത്തിക സഹായം തേടി പൊന്നാനിയില്‍ എത്തുമ്പോള്‍ സമീപിക്കേണ്ട ഉദാരമതികളുടെ പട്ടികയില്‍ ആദ്യം ഇടം പിടിക്കുക ഹംസ ഹാജി തന്നെയായിരിക്കും. വിധവകളും അനാഥകളും അശരണരുമായ ധാരാളം കുടുംബങ്ങള്‍ക്ക് വീടൊരുക്കിയും ജീവിതവിഭവങ്ങള്‍ സംഘടിപ്പിച്ചു നല്‍കിയും വിവാഹച്ചെലവ് ഏറ്റെടുത്തും വിദ്യാഭാസ ചെലവ് സ്‌പോണ്‍സര്‍ ചെയ്തും ഹാജി ഉദാരതയുടെയും സഹാനുഭൂതിയുടെയും ആള്‍രൂപമായി. 
അതിഥി സല്‍ക്കാരത്തിന് ഏറെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന്റെ വീട് പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അത്താണിയായിരുന്നു. റമദാന്‍ മുഴുവനായി പാവങ്ങളെ കണ്ടെത്തി നോമ്പുതുറപ്പിക്കാനും തന്റെ സകാത്ത് കൃത്യമായി പ്രസ്ഥാന സംവിധാനങ്ങളെ ഏല്‍പിക്കാനും ജാഗ്രത പാലിച്ചു. തൃപ്തികരമായ സാമ്പത്തിക നിലയിലായിട്ടും വീട്, വാഹനം, മക്കളുടെ വിവാഹം എന്നിവയില്‍ മാതൃകാപരമായ ലാളിത്യം  പുലര്‍ത്തി. ഏതൊരു വിഷയവും നന്നായി പഠിക്കുകയും ബന്ധപ്പെട്ടവരോട് കൂടിയാലോചിക്കുകയും കബളിപ്പിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും ചെയ്യുമായിരുന്നു. സാമ്പത്തിക സഹായം തേടിയെത്തുന്നവര്‍ക്ക് ഉടനെ കാശെടുത്ത് കൊടുക്കുന്നതിനു പകരം ആഗതരോട് വിലാസവും ആവശ്യവും ചോദിച്ചറിയുകയും അനേഷണത്തില്‍ ആവശ്യങ്ങള്‍ ന്യായമെന്ന് ബോധ്യം വന്നാല്‍ പ്രതീക്ഷിച്ചതിനപ്പുറമുള്ള സഹായം എത്തിക്കുകയുമായിരുന്നു പതിവ്.  
പൊന്നാനി ഐ.എസ്.എസ് പ്രസിഡന്റ്, എം.എസ്.എസ് സംസ്ഥാന സമിതിയംഗം, വേദംപള്ളി മഹല്ല് പ്രസിഡന്റ്, പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഭരണസമിതി അംഗം, ദയ ചാരിറ്റബ്ള്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ സേവനം ചെയ്തു.
ഭാര്യമാര്‍: പരേതയായ സാറു, സൈനബ (ചേന്ദമംഗല്ലൂര്‍).  മക്കള്‍: നസീമ, ഇസ്മാഈല്‍, ഇസ്ഹാഖ്, ഫാത്വിമ, നജീബ്, നജ്മ.
മരുമക്കള്‍: പരേതനായ സര്‍ദാര്‍ മൊയ്തീന്‍കുട്ടി കോലക്കാട്ട്, എ.പി.എം അഷ്റഫ്, താഹിറ എടപ്പാള്‍, റസീന.

അബൂശമീം പൊന്നാനി

 

എ.ആര്‍ ബശീര്‍ കുഞ്ഞ്

മുപ്പത് വര്‍ഷത്തിലേറെ പ്രവാസ ജീവിതം നയിച്ച ശേഷമാണ് എ.ആര്‍ ബശീര്‍ കുഞ്ഞ് എന്ന വഞ്ചുവം ബശീര്‍ നാട്ടിലേക്ക് തിരികെയെത്തിയത്. പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായിരുന്ന പ്രദേശമാണ് തിരുവനന്തപുരം ജില്ലയിലെ വഞ്ചുവവും ചുള്ളിമാനൂരും. മര്‍ഹൂം നാദിര്‍ഷാ സാഹിബായിരുന്നു അക്കാലത്ത് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ പ്രസ്ഥാനവുമായി അടുക്കാന്‍ തുടങ്ങി. വീട്ടില്‍ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചു. ഞാറയില്‍കോണം അബ്ദുല്‍ഖാദിര്‍ സാര്‍, ഷഹീര്‍ മൗലവി, സുമൈസ ടീച്ചര്‍, സുഹൈല സാഹിബ, മര്‍ഹൂം നസീമ സാഹിബ തുടങ്ങിയവര്‍ ക്ലാസെടുക്കാന്‍ വന്നു. എല്ലാറ്റിനും സംഘാടകനായി ഓടിനടന്നത് ബശീര്‍ സാഹിബായിരുന്നു. മേഖലാ നാസിമായിരുന്ന മര്‍ഹൂം സി.ടി സ്വാദിഖ് മൗലവി വീട്ടില്‍ വന്ന് ഖുര്‍ആന്‍ ക്ലാസെടുത്തത് വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഞങ്ങള്‍ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായതോടെ പലകോണുകളില്‍നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ടായിരുന്നു. വനിതകളുടെ തറാവീഹ് നമസ്‌കാരം വീട്ടില്‍ സംഘടിപ്പിച്ചു. പ്രദേശത്തെ വനിതകളില്‍ അധികവും ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു തറാവീഹ് നമസ് കരിക്കുന്നത്. 1999-ല്‍ ചുള്ളിമാനൂരില്‍ ജമാഅത്തിന്റെ പുരുഷ-വനിതാ ഘടകങ്ങള്‍ രൂപീകരിച്ചപ്പോള്‍ അവയുടെ നേതൃത്വം ഞങ്ങളെയാണ് ഏല്‍പിച്ചത്.
ജില്ലാ-ഏരിയാ തലങ്ങളില്‍ ബശീര്‍ സാഹിബ് നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. അവസാന കാലത്ത് എട്ട് ഉത്തരവാദിത്തങ്ങളാണ് നിര്‍വഹിച്ചിരുന്നത്. പ്രസ്ഥാനം ഏല്‍പ്പിക്കുന്നതെന്തും അദ്ദേഹം ഏറ്റെടുത്തു. ഏരിയാ സെക്രട്ടറിയായും സംഗമം ട്രഷററായും മാധ്യമം ജില്ലാ കോഡിനേറ്ററായും പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രാദേശിക ജമാഅത്ത് നാസിമായുമൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു. 
തലസ്ഥാനത്ത് നടന്ന വലിയ സമ്മേളനങ്ങളിലെല്ലാം അദ്ദേഹം വളന്റിയര്‍ ക്യാപ്റ്റനായിരുന്നു. പാര്‍ട്ടിയുടെ ഐതിഹാസികമായ രാജ്ഭവന്‍ ഉപരോധത്തില്‍ രാവും പകലും വളന്റിയര്‍ ഡ്യൂട്ടി ചെയ്തു. പരിപാടി കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ പ്രദേശം വൃത്തിയാക്കി അദ്ദേഹവും സംഘവും നഗരസഭയെ വിസ്മയിപ്പിച്ചു. അവിടെനിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ അദ്ദേഹം സ്വന്തം പറമ്പിലെത്തിച്ചാണ് നശിപ്പിച്ചത്. ദഅ്‌വാ പരിശീലനം നേടിയ ദാഇയുമായിരുന്നു ബശീര്‍ സാഹിബ്. തിരുവനന്തപുരത്ത് ഷഹീര്‍ മൗലവിയുടെ നേതൃത്വത്തില്‍ സുഗതകുമാരി ടീച്ചറോടൊപ്പം ശാന്തിസമിതി രൂപീകരിച്ചപ്പോള്‍ അദ്ദേഹമതിന്റെ സംഘാടകനായി.
ബശീര്‍ സാഹിബിന്റെ ജീവശ്വാസമായിരുന്നു ഐ.ആര്‍.ഡബ്ല്യൂ. നിരവധി വര്‍ഷങ്ങള്‍ ജില്ലയിലെ ഐ.ആര്‍.ഡബ്ല്യൂവിനെ നയിച്ചത് അദ്ദേഹമായിരുന്നു. ഭൂകമ്പങ്ങളിലും സുനാമിയിലും പ്രളയത്തിലും അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നു. അസമിലേക്കുള്ള കേരളത്തില്‍നിന്നുള്ള ദൗത്യസംഘത്തിലും ഉള്‍പ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ വേട്ടയാടിയിരുന്ന ശ്വാസകോശസംബന്ധമായ അസുഖത്തെ അദ്ദേഹം ഇഛാശക്തികൊണ്ട് അതിജീവിച്ചു. എപ്പോഴും കൈയില്‍ കരുതിയിരുന്ന മഫ്‌ളറും ജാക്കറ്റും തൊപ്പിയും അദ്ദേഹത്തിന്റെ രക്ഷാകവചങ്ങളായിരുന്നു. കൊടുംതണുപ്പിലും ഈ 'പടച്ചട്ട' കളണിഞ്ഞാല്‍ അദ്ദേഹം പ്രവര്‍ത്തനനി രതനാവും. മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തവെ കുത്തൊഴുക്കില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട് അദ്ദേഹം. പ്രസ്ഥാന മാര്‍ഗത്തില്‍ കര്‍മനിരതനായിരിക്കുേമ്പാള്‍ തന്റെ രക്ഷിതാവിലേക്ക് മടങ്ങണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.
വഞ്ചുവം ബശീര്‍ ഒരു പ്രഭാഷകനോ പണ്ഡിതനോ ആയിരുന്നില്ല. എതിര്‍പ്പുകളെ മറുവാദങ്ങള്‍ കൊണ്ടല്ല ചെറുപുഞ്ചിരി കൊണ്ടാണ് അദ്ദേഹം മറികടന്നത്. എല്ലാവരെയും തനിക്കൊപ്പമോ തനിക്ക് മുകളിലോ പരിഗണിച്ചു. അതിനാല്‍ അദ്ദേഹത്തോട് ഇടപെടാന്‍ എല്ലാവരും ഇഷ്ടപ്പെട്ടു. ഇണയായ എനിക്കും അദ്ദേഹം വേ പരിഗണനകള്‍ നല്‍കി. എന്നോടൊപ്പം ഖുര്‍ആന്‍ ക്ലാസുകള്‍ക്കായി സഞ്ചരിച്ചു. ഒരു മടിയും കൂടാതെ ക്ലാസുകള്‍ കഴിയുന്നതുവരെ കാത്തിരുന്നു. 43 വര്‍ഷങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്ന സൗമ്യസാന്നിധ്യം ഇന്ന് നഷ്ടമായിരിക്കുന്നു. ആ ശൂന്യത എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. പക്ഷേ നാഥന്റെ തീരുമാനം ഞാന്‍ അംഗീകരിക്കുന്നു. എല്ലാ ദൈവവിധികളിലും മറഞ്ഞിരിക്കുന്ന നന്മകളുണ്ട് എന്ന കാര്യം വീണ്ടും വീണ്ടും ഓര്‍ക്കുകയാണ്. ദൈവമാര്‍ഗത്തിലെ ആ കര്‍മയോഗിയുടെ പ്രവര്‍ത്തനങ്ങള്‍ നാഥന്‍ സ്വീകരിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.  

നദീറാ ബശീര്‍ വലിയകോണം, വഞ്ചുവം
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌