Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

ഇബ്‌നുഖല്‍ദൂനും മൗദൂദിയും ദര്‍ശന വൈജാത്യങ്ങള്‍

സയ്യിദ് സആദത്തുല്ല ഹുസൈനി

(മൗദൂദീകൃതികളിലെ ചരിത്ര ദര്‍ശനം -4)

പ്രവാചകന്മാരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ ചരിത്രസംഭവങ്ങളെ എങ്ങനെ നോക്കിക്കാണണമെന്ന് പഠിപ്പിക്കുക കൂടിയാണ് തഫ്ഹീമുല്‍ ഖുര്‍ആനിലൂടെ മൗലാനാ മൗദൂദി ചെയ്യുന്നത്. ഏതൊരു പ്രവാചകന്‍ പരാമര്‍ശിക്കപ്പെടുമ്പോഴും അദ്ദേഹവും അദ്ദേഹത്തിന്റെ സമൂഹവും ജീവിച്ച കാലഘട്ടത്തെക്കുറിച്ച്, ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളെക്കുറിച്ച് ഒരു ഗവേഷണ പഠനം തന്നെയാണ് മൗലാന നടത്തുക. പുരാവസ്തു ഖനനങ്ങളെയും ലിഖിതങ്ങളെയും പ്രാചീന കൃതികളെയുമൊക്കെ അവലംബിച്ച് വളരെ ശാസ്ത്രീയമായി അക്കാലങ്ങളെക്കുറിച്ച വിശദമായ ഒരു ചിത്രം വരഞ്ഞിടുകയാണ് ചെയ്യുന്നത്. കഥപറയുന്ന മട്ടിലുള്ള അവതരണമേ അല്ല. ഉദാഹരണത്തിന്, നൂഹ് നബിയുടെ ചരിത്രം വിവരിക്കുമ്പോള്‍ ലഭ്യമായ രേഖകളെല്ലാം വെച്ച് അദ്ദേഹം സമര്‍ഥിക്കുന്നത്, നൂഹ് നബിയുടെ ആവാസ പ്രദേശം ഇറാഖിലെ മൗസ്വിലിനടുത്ത് അര്‍മീനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്തായിരുന്നു എന്നാണ്. ഭൂലോകം മുഴുവന്‍ വ്യാപിച്ച പ്രളയമായിരുന്നു അത് എന്ന ഇസ്രയേലീ ആഖ്യാനങ്ങളെയും അദ്ദേഹം നിരാകരിക്കുന്നു. യഥാര്‍ഥത്തില്‍ ഈ പ്രളയമുണ്ടായത് യൂഫ്രട്ടീസ് - ടൈഗ്രീസ് ഭാഗത്താണ്. ആ മേഖലയിലായിരുന്നു അക്കാലത്ത് ജനവാസമുണ്ടായിരുന്നത്. പ്രളയാനന്തരം അതില്‍നിന്ന് രക്ഷപ്പെട്ടവര്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ എത്തിപ്പെടുകയും അവിടങ്ങളിലെല്ലാം ഈ പ്രളയകഥ പ്രചാരത്തിലാവുകയും ചെയ്തു.1. ഇബ്‌റാഹീം നബി ജനിച്ച നഗരത്തെയും അന്നത്തെ സാമൂഹിക സ്ഥിതികളെയും കുറിച്ച് എഴുതുമ്പോള്‍, പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് സര്‍ ലിയോനാര്‍ഡ് വൂളി(1880-1960)യുടെ കണ്ടെത്തലുകളെ അദ്ദേഹം അവലംബിക്കുന്നുണ്ട്.2 ഇബ്‌റാഹീം നബി നടത്തിയ പ്രബോധന യാത്രകളെപ്പറ്റി എഴുതുമ്പോഴും പലതരം ലിഖിതങ്ങളെ അദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്.
ഈ ചരിത്ര വിവരണങ്ങളില്‍ മാതൃകയാക്കി എടുക്കാവുന്നതാണ് സബഅ് വിഭാഗത്തെക്കുറിച്ച് വന്നിട്ടുള്ളത്. ഇതിനു വേണ്ടി അദ്ദേഹം പുരാവസ്തുക്കള്‍ക്ക് പുറമെ യമനില്‍നിന്ന് കണ്ടെടുക്കപ്പെട്ട ആയിരക്കണക്കിന് അറബി, ഗ്രീക്ക്, റോമന്‍ രേഖകളും ബൈബിള്‍ വിവരണങ്ങളും പരതുകയുണ്ടായി. അതിനു ശേഷമാണ് സബഇന്റെ നാഗരിക, സാമ്പത്തിക, സാമൂഹിക, ധാര്‍മിക അവസ്ഥകളെക്കുറിച്ച് നമുക്കൊരു ചിത്രം നല്‍കുന്നത്. വിവിധ ചരിത്ര ഘട്ടങ്ങളായാണ് സബഇന്റെ ചരിത്രം വിവരിക്കുന്നത്. ഓരോ ഘട്ടത്തിലെയും വിശ്വാസാചാരങ്ങളും അടുത്ത ഘട്ടത്തില്‍ അവക്കുണ്ടാകുന്ന മാറ്റങ്ങളും അവ അറബികളിലും ഇതര സമൂഹങ്ങളിലും ഉണ്ടാക്കിയ സ്വാധീനങ്ങളും തുടര്‍ന്ന് വിവരിക്കുന്നു. ആ ജനവിഭാഗത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതാപം അസ്തമിച്ചതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങളാണ് പിന്നെ നടത്തുന്നത്. ഗ്രീക്കുകാരുമായും റോമക്കാരുമായും സബഉകള്‍ക്ക് വ്യാപാര, സൈനിക സംഘര്‍ഷങ്ങളിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. അത് അവരുടെ തകര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും, തകര്‍ച്ചയുടെ യഥാര്‍ഥ കാരണം ദൈവധിക്കാരപരമായ അവരുടെ സമീപനങ്ങളും ലഭിച്ച അനുഗ്രഹങ്ങളെ പ്രതിയുള്ള നന്ദികേടുമായിരുന്നു. ഇത്തരമൊരു ബൃഹദ് ചരിത്രാഖ്യാനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍ സമൂഹങ്ങളെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളുടെ പൊരുള്‍ എളുപ്പം തിരിഞ്ഞു കിട്ടും.3 സുലൈമാന്‍ നബിയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ കപ്പല്‍പട, ലോഹങ്ങള്‍ കൊണ്ടുള്ള ഉപകരണ നിര്‍മാണം, കപ്പല്‍ വഴി പടിഞ്ഞാറന്‍ ദേശങ്ങളുമായുള്ള അദ്ദേഹത്തിന്റെ കച്ചവട ബന്ധങ്ങള്‍ തുടങ്ങിയവ വിശദമാക്കുന്നു.4
തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഇടക്കിടെ ബൈബിള്‍ വിവരണങ്ങളും നമുക്ക് കാണാം. വിവരണങ്ങള്‍ നല്‍കുന്നതിലും ചില തത്ത്വങ്ങള്‍ ദീക്ഷിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ആഖ്യാനവുമായി ഒത്തുപോകുന്ന ബൈബിള്‍ വിവരണങ്ങളാണ് നല്‍കുക. ഉദാഹരണത്തിന്, ഇദ്രീസ്,5 ദുല്‍ഖര്‍നൈന്‍,6 ഇല്‍യാസ് 7 എന്നിവരെക്കുറിച്ച വിവരണത്തിന് കാര്യമായി ബൈബിളിനെ ആശ്രയിക്കുന്നുണ്ട്. ബൈബിള്‍ വിവരണങ്ങള്‍ ഖുര്‍ആനികാഖ്യാനങ്ങളുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഖുര്‍ആനിക വിവരണം എന്തുകൊണ്ട് സത്യാത്മകമാകുന്നു എന്ന് സ്ഥാപിക്കാനാവും അദ്ദേഹം ശ്രമിക്കുക. ഖുര്‍ആനിലുള്ളതെല്ലാം ബൈബിളില്‍നിന്നെടുത്തതാണ് എന്ന ഓറിയന്റലിസ്റ്റ് വാദങ്ങളെ പൊളിച്ചടുക്കാന്‍ ആ സന്ദര്‍ഭം അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്യും. പ്രവാചക ചരിത്രാഖ്യാനത്തില്‍ മൗലാനാ മൗദൂദി ദീക്ഷിക്കുന്ന മറ്റൊരു തത്ത്വം പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം (ഇസ്വ്മത്ത്) ആണ്. അതിനാല്‍ തന്നെ പ്രവാചകന്മാരുടെ വ്യക്തിത്വത്തെയും സ്വഭാവ ശുദ്ധിയെയും ചോദ്യം ചെയ്യുന്ന ബൈബിള്‍ പരാമര്‍ശങ്ങളെ അദ്ദേഹം ഖുര്‍ആന്റെ വെളിച്ചത്തില്‍ ഇഴകീറി പരിശോധിക്കും. ഫറോവയെ പേടിച്ച് മോസസ് തുടക്കത്തില്‍ പ്രവാചകത്വം ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല എന്ന ബൈബിള്‍ പരാമര്‍ശത്തെക്കുറിച്ച് അതിനെ നിരാകരിക്കുന്ന വിശകലനം കാണാം. ദാവൂദ് നബി അവിഹിത വേഴ്ച നടത്തിയെന്നും ഇബ്‌റാഹീം നബി കളവു പറഞ്ഞെന്നും പോലുള്ള ബൈബിള്‍ പരാമര്‍ശങ്ങളെയും അദ്ദേഹം ഖണ്ഡിച്ചിട്ടുണ്ട്. ഇതു പോലുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ മൗദൂദീകൃതികളിലുണ്ട്. അവയെക്കുറിച്ച വിശദമായ വിവരണം ഈ ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങില്ല.

മുസ്‌ലിംകളുടെ ചരിത്രവും ഇസ്‌ലാമിക ചരിത്രവും

ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയെപ്പോലെ മൗലാനാ മൗദൂദിയും മുസ്‌ലിം ചരിത്രത്തെയും ഇസ്‌ലാമിക ചരിത്രത്തെയും വേര്‍തിരിച്ചാണ് കാണുന്നത്. ഇബ്‌നുഖല്‍ദൂനെ പോലുള്ള മുസ്‌ലിം ചരിത്രകാരന്മാര്‍ ഈ അഭിപ്രായക്കാരല്ല. ഇസ്‌ലാമിക ചരിത്രത്തെ കണ്ടെടുക്കാന്‍ ഒരു വിശകലന രീതി വികസിപ്പിക്കുകയായിരുന്നു മൗലാനാ മൗദൂദി. അദ്ദേഹം എഴുതുന്നു:
''ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇസ്‌ലാമിക ചരിത്രവും മുസ്‌ലിംകളുടെ ചരിത്രവും ഒന്നല്ല എന്നതാണത്. ഇസ്‌ലാമിന്റെ ചരിത്ര ദര്‍ശനത്തെ ഇബ്‌നുഖല്‍ദൂന്റെ ചരിത്ര ദര്‍ശനവുമായി ബന്ധിപ്പിക്കുന്നതും ശരിയായിരിക്കില്ല. മുസ്‌ലിംകളായി അറിയപ്പെടുന്ന ജനസമൂഹത്തിന്റെ ഭാവനകള്‍, അറിവുകള്‍, സ്വഭാവ രീതികള്‍, ധാര്‍മിക-സദാചാര മൂല്യങ്ങള്‍, നാഗരികത, രാഷ്ട്രീയം, ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അവരുടെ മുഴുവന്‍ സാമൂഹിക ഘടന ഇവയെ രൂപപ്പെടുത്തുന്നതില്‍ ഇസ്‌ലാമിന്റെ പങ്ക് എന്ത് എന്നാണ് ഇസ്‌ലാമിക ചരിത്രം പരിശോധിക്കുക. അതോടൊപ്പം, ഇസ്‌ലാമേതര കലര്‍പ്പുകള്‍ എത്രത്തോളമുണ്ടെന്നും അവയുടെ സ്വാധീനഫലങ്ങള്‍ എങ്ങനെയായിരുന്നുവെന്നും പരിശോധിക്കും.8
ചരിത്രത്തെ ഇവ്വിധം നോക്കിക്കാണുന്ന രീതി ആവിഷ്‌കരിച്ചത് ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയാണ്. അദ്ദേഹം തന്റെ നിരവധി കൃതികളില്‍, വിവിധ ചരിത്ര സന്ദര്‍ഭങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ സാംസ്‌കാരികവും നാഗരികവും ധാര്‍മികവും ആത്മീയവുമായ അടിത്തറകള്‍ എന്തൊക്കെ ആയിരുന്നുവെന്നും, അവ ഉയര്‍ച്ചക്കാണോ തകര്‍ച്ചക്കാണോ വഴിവെച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഈ പഠനങ്ങള്‍ അധികവും ഖിലാഫത്തുര്‍റാശിദയെയോ ബനൂഉമയ്യ ഭരണകൂടത്തെയോ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിംകളെയോ ഒക്കെ മുമ്പില്‍ വെച്ചാണ് നടത്തിയിട്ടുള്ളത്. ഈയൊരു ചരിത്ര ദര്‍ശനത്തിന്റെ വികാസം തന്നെയാണ് മൗദൂദീകൃതികളിലും കാണാന്‍ സാധിക്കുക. ഈയൊരു വീക്ഷണകോണിലൂടെയാണ് വ്യത്യസ്ത മുസ്‌ലിം കാലഘട്ടങ്ങളെ അദ്ദേഹം നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുള്ളത്.

ഖിലാഫത്തും രാജവാഴ്ചയും

ചരിത്രസംബന്ധിയായി വിവാദപരമായ ചില നിലപാടുകള്‍ മൗലാനാ മൗദൂദി സ്വകരിച്ചിട്ടുണ്ട്. അതേക്കുറിച്ച് പറയാതെ ഈ ലേഖനം പൂര്‍ണമാവുകയില്ല. ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലേക്കും, പ്രത്യേകിച്ച് സാമൂഹിക മണ്ഡലങ്ങളിലേക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ദര്‍ശനമാണ് ഇസ്‌ലാമെന്ന് അദ്ദേഹം ഇടക്കിടെ ആവര്‍ത്തിക്കാറുള്ളതാണ്. ഇതില്‍ രാഷ്ട്രീയ മാര്‍ഗ നിര്‍ദേശങ്ങള്‍ വളരെ സുപ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാല്‍ മൗലാനാ മൗദൂദിയെ സംബന്ധിച്ചേടത്തോളം, ഖിലാഫത്തുര്‍റാശിദയുടെ പതനവും ഖിലാഫത്ത് രാജവാഴ്ചയായി രൂപാന്തരപ്പെട്ടതും ഇസ്‌ലാമിക ചരിത്രത്തിലെ മഹാ സംഭവം തന്നെയാണ്. മൊത്തം മുസ്‌ലിം ചരിത്രത്തില്‍ തന്നെ അത് നിഷേധാത്മകമായ വലിയ സ്വാധീനവും പ്രതിഫലനവുമുണ്ടാക്കി.  അദ്ദേഹം തന്റെ 'ഖിലാഫത്തും രാജവാഴ്ചയും' എന്ന കൃതിയില്‍ ഈ രാഷ്ട്രീയ തകിടംമറിച്ചിലിന്റെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രശ്‌നത്തിന്റെ കേവല രാഷ്ട്രീയ കാരണങ്ങള്‍ മാത്രം പരതിയാല്‍ മതിയാകില്ലെന്നും, മാര്‍ഗഭ്രംശം വന്ന വിഭാഗങ്ങളുടെ ആവിര്‍ഭാവം, ദഅ്‌വത്തീ പ്രവര്‍ത്തനങ്ങളും മറ്റും മന്ദീഭവിച്ചത് തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ അതിനുണ്ടെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.
ഇബ്‌നുഖല്‍ദൂനെപ്പോലുളള ചരിത്രകാരന്മാര്‍ക്ക്, ഖിലാഫത്ത് രാജവാഴ്ചയിലേക്ക് മാറിയത് അത്ര പ്രാധാന്യമുള്ള സംഭവമൊന്നുമല്ല. അവരെ സംബന്ധിച്ചേടത്തോളം സുരക്ഷിതത്വവും നിര്‍ഭയത്വവും നല്‍കലും നല്ല ഭരണം കാഴ്ചവെക്കലുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമാവേണ്ടത്. ഈ ലക്ഷ്യങ്ങള്‍ ഒരു രാജഭരണമാണ് നിറവേറ്റുന്നതെങ്കില്‍ അവരതില്‍ ന്യൂനതയൊന്നും കാണുകയില്ല. ഇബ്‌നുഖല്‍ദൂന്റെ ചരിത്രദര്‍ശനത്തിന്റെ അകക്കാമ്പ് എന്നു പറയുന്നത് 'സംഘബോധം' (അസ്വബിയ്യ) ആണ്. ശക്തമായ സംഘബോധത്തിന്റെ അഭാവത്തില്‍ മികച്ച ഭരണകൂടം ഉയര്‍ന്നുവരികയില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുആവിയക്കു ശേഷം ശക്തമായ സംഘബോധം നിലനിന്നിരുന്നുവെന്നും അതില്ലായിരുന്നുവെങ്കില്‍ മുആവിയയുടെ മകന്‍ യസീദിന് അപ്പുറം ഉമവി രാജവംശം നീളില്ലായിരുന്നുവെന്നും ഇബ്‌നുഖല്‍ദൂന്‍ എഴുതുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ അടിമത്തം മുമ്പില്‍ വെച്ച് ചിന്തിച്ചപ്പോള്‍, ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ അപ്രത്യക്ഷമാകലും ഈ കൊളോണിയല്‍ അടിമത്തവും തദ്ഫലമായുണ്ടായ പിന്നാക്കാവസ്ഥയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് മൗലാനാ മൗദൂദി കണ്ടെത്തി. മത- രാഷ്ട്രീയ മീമാംസയിലുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയും കൃത്യമായ ചരിത്രാവബോധവും കാലത്തെ വായിച്ചെടുക്കാനുള്ള ശേഷിയും കാരണം, മുസ്‌ലിം സമൂഹം അധഃപതിക്കുന്നതിനും അവര്‍ക്ക് മേല്‍ പാശ്ചാത്യര്‍ ആധിപത്യം നേടുന്നതിനുമുള്ള മൗലിക കാരണം ഖിലാഫത്തിന്റെ തകര്‍ച്ചയാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല. അദ്ദേഹം ഖിലാഫത്ത് എന്നു പറയുന്നത് ഏതെങ്കിലും സ്ഥാപനത്തെയോ ഘടനയെയോ അല്ല, ഇസ്‌ലാമിന്റെ മൗലിക രാഷ്ട്രീയ ദര്‍ശനത്തെയാണ്. ആ രാഷ്ട്രീയ തത്ത്വങ്ങളില്‍നിന്ന് വ്യതിചലിച്ചുപോയാല്‍ ഭരണകൂടം എത്ര ശക്തമാണെന്നു തോന്നിച്ചാലും അത് ഇസ്‌ലാമിന്റെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായിരിക്കില്ല. മുആവിയക്ക് ശേഷമുണ്ടായ രാജവാഴ്ചാ ഘടനയില്‍നിന്ന് മുക്തി നേടാന്‍ ഇന്നും മുസ്‌ലിം ലോകത്തിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇതൊരു ആഴത്തിലുള്ള വന്‍ വ്യതിചലനം തന്നെ. അദ്ദേഹം എഴുതുന്നത് കാണുക: ''തന്റെ ജീവന്‍ നല്‍കിയും ഈ അപകടം തടയാന്‍ ഉസ്മാന്‍ (റ) ശ്രമിച്ചെങ്കിലും അദ്ദേഹത്തിനത് സാധിച്ചില്ല. തുടര്‍ന്നു വന്ന അലി (റ) രാഷ്ട്രീയ അധികാരത്തെ ജാഹിലീമുക്തമാക്കാന്‍ പരമാവധി യത്‌നിച്ചെങ്കിലും പ്രതിവിപ്ലവം (ഇീൗിലേൃ ഞല്ീഹൗശേീി) അദ്ദേഹത്തിന്റെയും ജീവനെടുക്കുകയായിരുന്നു. ഒടുവില്‍ പ്രവാചകപാതയിലെ ഖിലാഫത്തിന് അന്ത്യം കുറിക്കപ്പെട്ടു; മുട്ടാളന്മാരായ രാജാക്കന്മാര്‍ പകരം വന്നു. ഇസ്‌ലാമിലായിരുന്നില്ല, ജാഹിലിയ്യത്തിലായിരുന്നു ഈ ഭരണകൂടങ്ങളുടെ നില്‍പ്പ്. അധികാരം പിടിച്ചെടുത്ത ഈ ജാഹിലിയ്യത്ത് പിന്നീട് സാമൂഹിക ജീവിതത്തില്‍ കാന്‍സര്‍ കണക്കെ പടര്‍ന്നു.''9
ഉമയ്യാ ഭരണത്തെക്കുറിച്ച് മുസ്‌ലിം ചരിത്രകാരന്മാര്‍ നടത്തിയ പഠനങ്ങള്‍ ശ്രദ്ധിച്ചാല്‍ അവ പൊതുവെ അധികാരത്തിലെത്തിയ വ്യക്തികളെ കേന്ദ്രീകരിച്ചാണെന്നു കാണാം. തങ്ങള്‍ക്ക് സ്വീകാര്യരായ വ്യക്തികളെ ആവോളം പുകഴ്ത്തുക; അവരുടെ എതിരാളികളെ പറ്റേ താറടിച്ചു കാണിക്കുക എന്ന രീതിയിലുള്ള ചരിത്രരചനയായിരിക്കും ഇതിന്റെ സ്വാഭാവിക ഫലം. അത്തരം രചനകളാണ് ശീഈ- നാസ്വിബീ ആത്യന്തിക വാദങ്ങള്‍ക്ക് കളമൊരുക്കിയത് എന്നു പറയാം. ഖിലാഫത്തിന്റെ ഗതി മാറ്റത്തില്‍ അസ്വസ്ഥരായി അഹ്‌ലുസ്സന്നയിലെ ഒരു വിഭാഗം പണ്ഡിതന്മാര്‍ ഇതു സംബന്ധമായി ഒന്നും എഴുതേണ്ടെന്നു തന്നെ വെച്ചു. മൗലാനാ മൗദൂദിയാകട്ടെ, വ്യക്തിശ്രേഷ്ഠതകളില്‍ ഊന്നുന്നതിനു പകരം ചില തത്ത്വങ്ങളില്‍ തന്റെ പഠനങ്ങളെ കേന്ദ്രീകരിച്ചു നിര്‍ത്തുകയാണ് ചെയ്തത്. മുആവിയ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്വഹാബികളുടെയും നീതിതല്‍പരതയെ അംഗീകരിച്ചും അവരെ ആദരിച്ചും കൊണ്ടു തന്നെ മേല്‍ അടിസ്ഥാനങ്ങളില്‍ സംഭവങ്ങളെ വിശകലനം ചെയ്യുകയായിരുന്നു മൗലാനാ മൗദൂദി. അദ്ദേഹം എഴുതുന്നു: ''എന്തുകൊണ്ട് നമുക്ക് ചരിത്ര സംഭവങ്ങളെ ധൈര്യപൂര്‍വം സമീപിച്ചുകൂടാ? നിഷ്പക്ഷമായി അവയെ വിലയിരുത്തി, എന്താണ് ഖിലാഫത്ത്? അതിന്റെ സവിശേഷതകളും സ്വഭാവങ്ങളും എന്ത്? ഖിലാഫത്തും രാജവാഴ്ചയും തമ്മിലുള്ള അന്തരമെന്ത്? അത് രാജവാഴ്ചയിലേക്ക് അധഃപതിച്ചത് എന്തുകൊണ്ട്? എങ്ങനെ? ഖിലാഫത്തിന്റെ സ്ഥാനം രാജവാഴ്ച കൈയേറ്റതു മൂലം നമ്മുടെ സാമൂഹിക ജീവിതത്തില്‍ എന്തെന്ത് മാറ്റങ്ങളാണ് ഉണ്ടായത്? അതുമൂലമുണ്ടായ നഷ്ടങ്ങളില്‍നിന്ന് സമുദായത്തെ രക്ഷപ്പെടുത്താന്‍ അതിന്റെ നേതൃത്വം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നു? എന്നെല്ലാമുള്ള കാര്യങ്ങള്‍ നമുക്ക് വ്യക്തമാക്കിക്കൂടേ? ഈ ചോദ്യങ്ങള്‍ക്കെല്ലാം നാം വ്യക്തവും യുക്തവുമായ മറുപടി നല്‍കാത്തേടത്തോളം ആശയക്കുഴപ്പങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല....
''ഇന്ന് ആളുകള്‍ രാഷ്ട്രമീമാംസയുടെ ഭാഗമായി ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ പഠിക്കുന്നുണ്ട്. അവര്‍ ഒരു വശത്ത് റസൂലിന്റെയും ഖുലഫാഉറാശിദുകളുടെയും കാലത്ത് നിലനിന്നിരുന്ന ഭരണക്രമവും മറുവശത്ത്, പില്‍ക്കാലത്ത് രംഗപ്രവേശം ചെയ്ത് ഇന്നും തുടര്‍ന്നുവരുന്ന രാജവാഴ്ചയും കാണുന്നു. രണ്ടിനുമിടയില്‍ അടിസ്ഥാനത്തിലും ലക്ഷ്യത്തിലും കര്‍മരീതിയിലും സ്വഭാവത്തിലും ചൈതന്യത്തിലുമെല്ലാം പ്രകടമായ അന്തരമുള്ളതായി മനസ്സിലാക്കുന്നു......... അതുപോലെ തന്നെ, ഇസ്‌ലാമിക ചരിത്രം പഠിക്കുന്നവര്‍ ഖിലാഫത്തുര്‍റാശിദ ഇസ്‌ലാമിക ഭരണക്രമത്തിന്റെ മികച്ച മാതൃക കാഴ്ചവെച്ചുകൊണ്ട് ഹി. 33-34 വരെ നിലനിന്നതായി കാണുന്നു. പിന്നീട് അതിന്റെ വ്യതിയാനം ആരംഭിക്കുകയാണ്. ഹി. അറുപതാമാണ്ട് ആകുമ്പോഴേക്കും അതിന്റെ എല്ലാ സവിശേഷതകളും അസ്തമിക്കുകയും തദ്സ്ഥാനത്ത് ഭൗതിക ഭരണകൂടങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. നിര്‍ബന്ധ ബൈഅത്ത്, കുടുംബ വാഴ്ച, കിസ്‌റാ- കൈസറുമാരുടെ പോലത്തെ ആഡംബര ജീവിതം, ഭരണാധികാരികളും ഭരണീയരും തമ്മിലുള്ള അകല്‍ച്ച, പൊതുമുതലിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലായ്മ, രാഷ്ട്രീയം ശരീഅത്തില്‍നിന്ന് മുക്തമായിത്തീരുക, നന്മ കല്‍പ്പിക്കാനും തിന്മ വിലക്കാനുമുള്ള മുസ്‌ലിംകളുടെ സ്വാതന്ത്രൃത്തിന് വിലക്ക് വീഴുക, കൂടിയാലോചനാ (ശൂറാ) സമ്പ്രദായം ഇല്ലാതാവുക തുടങ്ങി ഒരു ഭൗതിക ഭരണകൂടത്തെ ദീനീഭരണകൂടത്തില്‍നിന്ന് വേറിട്ടു നിര്‍ത്തുന്ന എല്ലാ സ്വഭാവങ്ങളും ഹി. 60-ാം ആണ്ടോടെ ഒരു മാറാരോഗം കണക്കെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മേല്‍ വന്നുപതിച്ചതായി കാണുന്നു.''10
 ഇതേ രീതി തന്നെയാണ് ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി തന്റെ 'ഇസാലത്തുല്‍ ഖഫാ അന്‍ ഖിലാഫത്തില്‍ ഖുലഫാ' എന്ന ഗ്രന്ഥത്തിലും സ്വീകരിച്ചിരിക്കുന്നത്.

നമ്മുടെ കാലത്തും തുടരുന്ന സ്തംഭനം

 സമീപകാല മുസ്‌ലിം ചരിത്രത്തെക്കുറിച്ചുള്ള മൗലാനാ മൗദൂദിയുടെ അന്വേഷണങ്ങളും പഠനങ്ങളുമാണ് ഇന്ത്യന്‍ മുസ്‌ലിംകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. അതാണ് പിന്നീട് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിലേക്ക് വഴിവെച്ചതും. സ്തംഭനത്തിന്റെ രണ്ട് നൂറ്റാണ്ട് കാലയളവിലാണ് മൗലാനാ മൗദൂദിയുടെ രംഗപ്രവേശം. പാശ്ചാത്യ ദേശത്ത് വന്‍ ധൈഷണിക, സാംസ്‌കാരിക കുതിപ്പുകള്‍ നടക്കുന്ന കാലമായിരുന്നു അത്. മുസ്‌ലിംകളാവട്ടെ, സ്തംഭനത്തിന്റെ ഇരകളും. പാശ്ചാത്യ യുക്തിമാത്രവാദവും ലിബറലിസവും വംശീയ ചിന്തകളും മുതലാളിത്ത - സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും വ്യാവസായിക വിപ്ലവവും  മുസ്‌ലിംകളെ വലിയ തോതില്‍ സ്വാധീനിച്ചുകൊണ്ടിരുന്നു. ഇത് രാഷ്ട്രീയ അടിമത്തത്തിന് മാത്രമല്ല ധൈഷണിക അടിമത്തത്തിനും നിമിത്തമായി. യൂറോപ്പിലെ ജ്ഞാനോദയ മൂല്യങ്ങളും ആശയങ്ങളും ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആ ചിന്തകളോട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് മുസ്‌ലിം സമുദായത്തില്‍നിന്നുണ്ടായത്.
ഇതിലൊരു പ്രതികരണം സര്‍ സയ്യിദ് അഹ്മദ് ഖാനെപ്പോലെ ചിന്തിക്കുന്നവരുടെ പക്ഷത്തു നിന്നുള്ളതാണ്. പാശ്ചാത്യ ദര്‍ശനത്തെയും നാഗരികതയെയും ചെറുക്കുക മുസ്‌ലിംകള്‍ക്ക് സാധ്യമല്ലെന്നും ചെറുത്താലും അതുകൊണ്ട് പ്രയോജനമില്ലെന്നും ഈ ചിന്താധാരയുടെ വക്താക്കള്‍ വാദിച്ചു. സര്‍ സയ്യിദ് തന്റെ നാവും പേനയും കാര്യമായി ഉപയോഗിച്ചത് ഇസ്‌ലാം പുതിയ ശാസ്ത്രത്തിന്റെയോ പാശ്ചാത്യ സംസ്‌കൃതിയുടെയോ ശത്രുവല്ല എന്ന് സ്ഥാപിക്കാനായിരുന്നു. പുതിയ ശാസ്ത്രവും കലകളും സ്വീകരിക്കാതിരുന്നതാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ പതന  കാരണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. പാശ്ചാത്യ കലാ ശാസ്ത്രങ്ങള്‍ മാത്രമല്ല അവ ഉത്ഭവിച്ച സംസ്‌കാരവും മുസ്‌ലിംകളുടെ ഉന്നതിക്ക് നിദാനമായിത്തീരുമെന്നും അദ്ദേഹം വിശ്വസിച്ചു. മറ്റൊരു പ്രതികരണം മുസ്‌ലിം പണ്ഡിത പക്ഷത്തു നിന്നുള്ളതായിരുന്നു. ദീനില്‍നിന്ന് അകന്നതാണ് മുസ്‌ലിംകളുടെ അധഃപതനത്തിന്റെ യഥാര്‍ഥ കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വളരെ പ്രയോജനകരമായ പാശ്ചാത്യ അറിവുകളെ വരെ അവര്‍ തള്ളിക്കളഞ്ഞു. ചിലര്‍ കുറേക്കൂടി മുമ്പോട്ടു പോയി ഇംഗ്ലീഷ് ഭാഷ തന്നെ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന് വിലക്കി. ഈ രണ്ട് നിലപാടുകളുമായിരുന്നില്ല മൗലാനാ മൗദൂദിയുടേത്. മധ്യകാല ഇന്ത്യന്‍ ചരിത്രത്തെ അവലോകനം ചെയ്തുകൊണ്ട് അദ്ദേഹം എഴുതി: ''ഇന്ത്യയിലേക്ക് മുസ്‌ലിംകള്‍ പടയോട്ടങ്ങളുമായി കടന്നുവന്നപ്പോള്‍ ആദ്യകാല മുസ്‌ലിംകളുടെ സ്വഭാവ സവിശേഷതകളൊക്കെ അവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു. അവര്‍ ഇവിടേക്ക് വന്നത് ഇസ്‌ലാം പ്രചരിപ്പിക്കാനായിരുന്നില്ല, തങ്ങളുടെ ഭരണപ്രദേശം വികസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ജനങ്ങളോട് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കൂ എന്നല്ല, തങ്ങളെ അനുസരിക്കൂ എന്നാണ് ആ പടയോട്ടക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിനാല്‍ തന്നെ അവര്‍ നൂറ്റാണ്ടുകളോളം ഭരണം നടത്തിയിട്ടും രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും ഇസ്‌ലാമിന്റെ സന്ദേശമെത്തിയില്ല. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ഇസ്‌ലാമികാധ്യാപനങ്ങളും ശിക്ഷണങ്ങളും നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുമില്ല. പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്നവരില്‍ അവരുടെ പല പഴയ ബഹുദൈവത്വ വിശ്വാസങ്ങളും ആചാരങ്ങളും ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു. പറഞ്ഞു വരുന്നത് ഇതാണ്: ഏതു കാലത്താണോ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ അവരുടെ രാഷ്ട്രീയ മേധാവിത്തം പ്രകടിപ്പിച്ചിരുന്നത് അക്കാലത്തു പോലും ഇവിടെ ഇസ്‌ലാമിന്റെ സ്വാധീനം കുറവായിരുന്നു. തെളിഞ്ഞ ഇസ്‌ലാമികാന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നില്ല. മുസ്‌ലികളില്‍ തന്നെ ഇസ്‌ലാമിക വിശ്വാസം നേരായ രീതിയില്‍ നിലനില്‍ക്കാതിരുന്നതുകൊണ്ട് തദ്ദേശവാസികള്‍ക്ക് ഇസ്‌ലാം പരിചയപ്പെടുത്താന്‍ അവര്‍ക്ക് കഴിയുകയുണ്ടായില്ല.''11
ഇങ്ങനെയൊരു അവസ്ഥയിലാണ് ഇന്ത്യ ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ അമരുന്നത്. ഈ ചരിത്രവസ്തുതകളൊക്കെ മുമ്പില്‍ വെച്ച് അദ്ദേഹം തന്റെ നിലപാട് മുന്നോട്ടു വെക്കുന്നു. സര്‍ സയ്യിദ് പക്ഷത്തിന്റെയും പണ്ഡിത പക്ഷത്തിന്റെയും നിലപാടുകള്‍ മുസ്‌ലിംകള്‍ക്ക് വിനാശകരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ അടിസ്ഥാന തകരാറ്' 12 എന്ന പുസ്തകത്തില്‍, പൗരാണികകൃതികള്‍ക്കു മേല്‍ അടയിരിക്കുന്ന പണ്ഡിത പക്ഷത്തെയും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്ന മറുപക്ഷത്തെയും അദ്ദേഹം വിചാരണ ചെയ്യുന്നുണ്ട്. ഇജ്തിഹാദീ ചിന്തയുടെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നത്. ഈ ചിന്തകള്‍ തന്റെ നിരവധി കൃതികളില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അവയുടെ കര്‍മാവിഷ്‌കാരമായിരുന്നു വ്യവസ്ഥാപിത ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രൂപവത്കരണം.
പുതിയകാല മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ട് മൗലാനയുടെ വീക്ഷണങ്ങളറിയാന്‍ 'ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി പ്രവര്‍ത്തന പരിപാടി',13  'മുസ്‌ലിംകള്‍: ഭൂതം, വര്‍ത്തമാനം, ഭാവി'14 എന്നീ രണ്ട് ചെറു കൃതികള്‍ പ്രയോജനപ്പെടും. ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നുകാലങ്ങളെയും ആഴത്തില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ കൃതികളിലെ വിശകലനം. ചരിത്രവിശകലനത്തില്‍ അദ്ദേഹത്തിന്റെ തന്നെ 'മുസ്‌ലിംകളും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയും'15 എന്ന കൃതിയും വളരെ പ്രയോജനപ്പെടും. ഈ ചരിത്ര വിശകലനങ്ങളിലൂടെ അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് അധഃപതനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ചിന്താപരം ആണ് എന്നാണ്. അതിനാല്‍ ചിന്തയെ സംസ്‌കരിക്കുകയും വളര്‍ത്തിയെടുക്കുകയുമാണ് ആദ്യമായി വേണ്ടത്. അധഃപതനത്തിന്റെ രണ്ടാമത്തെ കാരണം ദീനീ-ധാര്‍മിക ബോധത്തിന്റെ അഭാവമാണ്. അതിനാല്‍ വ്യക്തികള്‍ക്ക് സംസ്‌കരണം നല്‍കി അവരെ വ്യവസ്ഥാപിതമായി വളര്‍ത്തിയെടുക്കുകയാണ് രണ്ടാമത്തെ പ്രധാന ദൗത്യം. സമൂഹത്തിന്റെയും ഭരണ വ്യവസ്ഥയുടെയും സംസ്‌കരണമാണ് അദ്ദേഹം മൂന്നാമത്തെയും നാലാമത്തെയും സുപധാന ദൗത്യങ്ങളായി എണ്ണിയത്.16
ചില തത്ത്വങ്ങളില്‍ ഊന്നിയാണ് മൗലാനാ മൗദൂദിയുടെ ചരിത്ര അപഗ്രഥനങ്ങള്‍ എന്ന് നാം മനസ്സിലാക്കി. മൗലാനയുടെ ചില ആദ്യകാല രചനകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ചരിത്രം അദ്ദേഹത്തിന്റെ ബേസിക് വിഷയമായിരുന്നില്ല എന്നു കാണാം. എന്നാല്‍ പലപല വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോഴും ചരിത്രം അതില്‍ ഇടക്കിടെ കടന്നുവരുന്നുണ്ട്. മൗലാനയുടെ ചരിത്ര വിശകലന തത്ത്വങ്ങള്‍ ഉപയോഗപ്പെടുത്തി കുറച്ച് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ധാരാളം നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭൂതകാലത്തു നിന്ന് പാഠമുള്‍ക്കൊണ്ട് ഭാവിയിലേക്ക് ക്രിയാത്മകമായ കാല്‍വെപ്പുകളുമായി മുന്നേറാന്‍ നമുക്ക് സാധിക്കുകയുള്ളൂ.  

(അവസാനിച്ചു)

കുറിപ്പുകള്‍
1.    മൗലാനാ മൗദൂദി : തഫ്ഹീമുല്‍ ഖുര്‍ആന്‍, അധ്യായം അഅ്‌റാഫ്, വ്യാഖ്യാനക്കുറിപ്പ് - 47
2.    തഫ്ഹീം, അധ്യായം ഹാശിയ, വ്യാഖ്യാനക്കുറിപ്പ്-52
3.    തഫ്ഹീം, അധ്യായം സബഅ്, വ്യാഖ്യാനക്കുറിപ്പ് - 37
4.    തഫ്ഹീം, അധ്യായം അമ്പിയാഅ്, വ്യാഖ്യാനക്കുറിപ്പ് - 74
5.    തഫ്ഹീം, അധ്യായം മര്‍യം, വ്യാഖ്യാനക്കുറിപ്പ് - 33
6.    തഫ്ഹീം, അധ്യായം കഹ്ഫ് , വ്യാഖ്യാനക്കുറിപ്പ് - 62
7.    തഫ്ഹീം, അധ്യായം സ്വാദ്, വ്യാഖ്യാനക്കുറിപ്പ് - 50
8.    മൗദൂദി : തഅ്‌ലീമാത്ത് , ഇസ്‌ലാമിക് പബ്ലിക്കേഷന്‍സ്, ലാഹോര്‍ (1971), പേ: 121 - 122
9.    മൗദൂദി : തജ്ദീദ് വ ഇഹ്‌യാ എ ദീന്‍, മര്‍കസി മക്തബ, ന്യൂദല്‍ഹി (2007), പേ: 25
10.    മൗദൂദി : ഖിലാഫത്ത് വൊ മുലൂകിയ്യത്ത്, ഇദാറെ തര്‍ജുമാനുല്‍ ഖുര്‍ആന്‍, ലാഹോര്‍, പേ: 302
11.    മൗദൂദി : തന്‍ഖീഹാത്ത്, മര്‍കസി മക്തബ, ന്യൂദല്‍ഹി (2003), പേ: 20
12.    മേല്‍ പുസ്തകം, പേ: 142 - 146
13.    തഹ്‌രീകെ ഇസ്‌ലാമി ആഇന്‍ദ ലാഇഹെ അമല്‍
14.    മുസല്‍മാന്‍ കാ മാദി വല്‍ ഹാല്‍ ഔര്‍ മുസ്തഖ്ബല്‍ കേ ലിയേ ലാഇഹെ അമല്‍
15.    മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ്
16.    മൗദൂദി : തഹ്‌രീഖ് ഔര്‍ കാര്‍കുന്‍ , മര്‍കസി മക്തബ, ന്യൂദല്‍ഹി (2016), പേ: 74-79

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌