Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ക്രൈസ്തവ-ഇസ്‌ലാം സാഹോദര്യവും

ഡോ. ഇ.എം സക്കീര്‍ ഹുസൈന്‍

''മുസ്‌ലിംകളെ ബഹുമാനപുരസ്സരമാണ് തിരുസഭ വീക്ഷിക്കുന്നത്. അവരും ഏകദൈവാരാധകരാണ്. സ്വയം സ്ഥിതനും കരുണാര്‍ദ്രനും സര്‍വശക്തനും ഭൂസ്വര്‍ഗസ്രഷ്ടാവും മനുഷ്യരോടു സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണവര്‍ ആരാധിക്കുന്നത്. തങ്ങളുടെ മതവിശ്വാസത്തെ അബ്രാഹത്തോട് ബന്ധപ്പെടുത്തുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് മുസ്‌ലിംകള്‍. അബ്രഹാം ചെയ്തതുപോലെത്തന്നെ അവരും ദൈവത്തിന്റെ അഗ്രാഹ്യമായ നിശ്ചയങ്ങള്‍ക്ക് പൂര്‍ണ ഹൃദയത്തോടെ കീഴ്പ്പെടാന്‍ യത്നിക്കുന്നു. ക്രിസ്തുവിനെ ദൈവമായി അവര്‍ അംഗീകരിക്കുന്നില്ലെങ്കിലും ഒരു പ്രവാചകനായി ആദരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ കന്യകാമാതാവായ മറിയത്തെയും അവര്‍ ആദരിക്കുന്നുണ്ട്; മാതൃകാ വനിതയായി അനുസ്മരിക്കുകയും ചെയ്യുന്നു. സര്‍വോപരി അന്തിമ വിധിദിവസത്തെയും അവര്‍ പ്രതീക്ഷിക്കുന്നു. അന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മനുഷ്യര്‍ക്ക് ദൈവം ജീവിത പ്രതിഫലം നല്‍കുമെന്നാണവരുടെയും വിശ്വാസം. ഇതുകൊണ്ടാണവര്‍ ധാര്‍മിക ജീവിതത്തെ വിലമതിക്കുന്നത്. ദൈവത്തെ അവര്‍ ആരാധിക്കുന്നു. പ്രത്യേകിച്ച് പ്രാര്‍ഥന, ദാനധര്‍മങ്ങള്‍, ഉപവാസം എന്നിവ വഴി.''
1965 ഒക്‌ടോബര്‍ 28-ന് വത്തിക്കാന്‍ കൗണ്‍സിലില്‍ എടുത്ത 'നോസ്ത്രെ അത്താത്തെ' എന്ന തലക്കെട്ടിലുള്ള തീരുമാനങ്ങളില്‍ പ്രധാനമായ ഒന്നാണ് ഇസ്‌ലാമിനോടുള്ള തുറവി. പ്രസ്തുത തീരുമാനങ്ങളിലെ ഒന്നാം ഖണ്ഡികയാണ് മുകളില്‍ ഉദ്ധരിച്ചത്.
ബഹുമാനാദരവുകളോടെ ഇസ്‌ലാമിനെ വീക്ഷിക്കുന്നുവെന്നും ഏകദൈവാരാധനയാണതിനു കാരണമെന്നും ഈ തീരുമാനങ്ങള്‍ ക്രൈസ്തവ സമൂഹത്തെയും മറ്റെല്ലാ മതസമൂഹങ്ങളെയും ബോധിപ്പിക്കാന്‍ സഭ ആഗ്രഹിക്കുന്നുവെന്നും ഇതില്‍നിന്ന് വ്യക്തമാണ്.
ഈ പാരസ്പര്യവും സാഹോദര്യവും എന്നും നിലനില്‍ക്കേണ്ടത് അത്യന്തം അനിവാര്യമാണ്. പരസ്പര ആദരവോടെയുള്ള സഹവര്‍ത്തിത്വങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്ന പ്രവണത ഇന്ന് കൂടിവരുന്നതായി കാണുന്നു. ഈ പ്രവണതകള്‍ക്ക് തടയിടാന്‍ സഭാനേതൃത്വങ്ങള്‍ തന്നെ മുന്നോട്ടു വരുന്നു എന്നത് ഏറെ പ്രതീക്ഷക്ക് വകനല്‍കുന്നതാണ്.

പാരസ്പര്യങ്ങളുടെ പ്രായോഗിക വഴികള്‍
ഇരു സമൂഹങ്ങള്‍ക്കും തുല്യമായ അധ്യാപനങ്ങള്‍ പങ്കുവെക്കല്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. ''അല്ലയോ വേദവിശ്വാസികളേ, നമുക്കും നിങ്ങള്‍ക്കും സമമായ ആശയങ്ങളിലേക്കു വരിക'' (ഖുര്‍ആന്‍ 3:64).
കശ്ശീശ, റമ്പാന്‍ തുടങ്ങി ക്രൈസ്തവ സമൂഹങ്ങള്‍ തങ്ങളുടെ പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും നല്‍കിയിരുന്ന സ്ഥാനപദവികള്‍ എടുത്തുപറഞ്ഞുകൊണ്ടു തന്നെയാണ് ഖുര്‍ആന്‍ അവരെക്കുറിച്ച് പറയുന്നത്:
''ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരെ വിശ്വാസികളോട് കൂടുതല്‍ സ്നേഹമുള്ളവരായി നിനക്കു കാണാം. അവരില്‍ പണ്ഡിതന്മാരും പുരോഹിതന്മാരും ഉണ്ടെന്നതും അവര്‍ അഹങ്കരിക്കുന്നില്ലെന്നതുമാണ് അതിനു കാരണം'' (ഖുര്‍ആന്‍ 5:82).
പരസ്പര ആദരവോടെ ഇരു സമൂഹങ്ങളിലെയും നേതാക്കള്‍ ഇടപഴകിയെങ്കിലല്ലാതെ മുമ്പേ പറഞ്ഞ ഒരു ആശയവും പ്രാവര്‍ത്തികമാവുകയില്ല. സമുദായനേതാക്കളും സഭാനേതൃത്വങ്ങളും ആഘോഷവേളകളിലും സന്താപവേളകളിലും പങ്കാളികളാവാതെ എങ്ങനെയാണ് സ്നേഹപൂര്‍ണവും ഊഷ്മളവുമായ ബന്ധങ്ങളുണ്ടാവുക? നേതാക്കള്‍ അന്യരെപ്പോലെ വര്‍ത്തിച്ചാല്‍ അനുയായികള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ എടുത്ത തീരുമാനങ്ങളും ഖുര്‍ആന്റെ ആഹ്വാനങ്ങളുമെല്ലാം എങ്ങനെ അറിയുകയും പ്രായോഗികമാക്കുകയും ചെയ്യും?

സെമിനാരികളും ഇസ്‌ലാമിക വിജ്ഞാനകേന്ദ്രങ്ങളും
ഇന്നത്തെ വിദ്യാര്‍ഥികള്‍ തന്നെയാവുമല്ലോ നാളെ ഇരു സമൂഹങ്ങളുടെയും നേതാക്കള്‍. അതിനാല്‍ പാരസ്പര്യങ്ങളുടെ പ്രാരംഭം വിദ്യാകേന്ദ്രങ്ങളില്‍നിന്ന് തന്നെയാവണം. ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം ഈ പാഠശാലകളില്‍നിന്നുമാണ് പ്രവഹിക്കേണ്ടത്. സഭാനേതൃത്വങ്ങളെ ധിക്കരിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയയിലൂടെയുള്ള ചില ഇസ്‌ലാമോഫോബുകളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ക്രിസ്തീയാന്തരീക്ഷം മലിനമാക്കുന്നത് സഭാനേതൃത്വങ്ങള്‍ ശ്രദ്ധിക്കുന്നതായും അവര്‍ക്കെതിരെ നടപടികളുമായി മുന്നോട്ടു പോകുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പക്വതയുള്ള സഭാനേതൃത്വം, തങ്ങളുടെ അനുയായികളില്‍ തീവ്രചിന്താഗതിയുള്ള ചിലര്‍ രംഗം കൈയടക്കുന്നത് നോക്കിനില്‍ക്കാനാവില്ലെന്ന തീരുമാനത്തിലെത്തുന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.
തിരുവനന്തപുരം കണ്ണമൂല സെമിനാരിയിലെയും ശാന്തപുരം അല്‍ജാമിഅയിലെയും വിദ്യാര്‍ഥികള്‍ രണ്ടു ദിനങ്ങള്‍ ഒരുമിച്ച് സെമിനാരിയില്‍ ഉണ്ടുറങ്ങിയും പരസ്പരം ആശയവിനിമയങ്ങള്‍ നടത്തിയും ആരാധനാരൂപങ്ങള്‍ ആദരവോടെ കണ്ട് മനസ്സിലാക്കിയും ചെലവഴിച്ചത് എല്ലാ പാഠശാലകള്‍ക്കും മാതൃകയാക്കാവുന്നതാണ്.

സംഭാഷണങ്ങള്‍
1986 ഫെബ്രുവരി അഞ്ചിന് മദ്രാസില്‍ വെച്ച് വിവിധ മതനേതാക്കളോടു നടത്തിയ പ്രഭാഷണത്തില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍, ഇന്ത്യയുടേതു പോലെ വൈവിധ്യത നിലനില്‍ക്കുന്ന നാട്ടില്‍ മതാന്തര സംവാദത്തിന്റെ പ്രസക്തിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ആ പ്രഭാഷണത്തില്‍ സംവാദത്തിന്റെ ഗുണഫലങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:
1. മതാന്തര സംവാദം മതങ്ങള്‍ തമ്മിലുള്ള മുന്‍വിധികളെയും തെറ്റിദ്ധാരണകളെയും അകറ്റുന്നു.
2. വിശ്വാസികള്‍ തമ്മിലുള്ള ആദരവും ഐക്യവും വര്‍ധിക്കുന്നതിനും ആഴപ്പെടുന്നതിനും അത് സഹായകമാണ്.
3. ആരോഗ്യകരമായ സംഭാഷണങ്ങള്‍ മനുഷ്യന്റെ ദുഃഖങ്ങളും ദുരിതങ്ങളുമകറ്റുന്നതിനുള്ള കൂട്ടായ്മയെ ശക്തിപ്പെടുത്തും. മതസ്വാതന്ത്ര്യം, മനുഷ്യ സാഹോദര്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ക്രമസമാധാനം എന്നീ തലങ്ങളില്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തിലേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കാനാവും.
4. സ്വതന്ത്രമായി, എന്നാല്‍ പരസ്പര ആദരവ് നിലനിര്‍ത്തി നടത്തുന്ന ചര്‍ച്ചകള്‍ സത്യം അന്വേഷിക്കുന്നതിനും അറിഞ്ഞ സത്യത്തെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും ക്രിയാത്മകമായ വേദികള്‍ ഒരുക്കും.
5. ജനതകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതുപോലെ ഈശ്വരനുമായി ഒന്നിപ്പിക്കുന്നതാണ് മതാന്തര മൈത്രീ പ്രവര്‍ത്തനങ്ങള്‍. സഹോദരങ്ങളുമായി സ്വരുമയും സ്നേഹവുമുണ്ടാകുമ്പോള്‍ സ്വാഭാവികമായും ദൈവത്തോട് കൂടുതല്‍ അടുക്കുകയാണല്ലോ ചെയ്യുന്നത് (പേ. 148, ഇതരമത ദൈവശാസ്ത്രം ഒരാമുഖം, ഡോ. വിന്‍സെന്റ് കുണ്ടുകുളം, ഫാ. ടോം ഓലിക്കരോട്ട്, കാരുണികന്‍ ബുക്സ്, കൊച്ചി, 2011).
എല്ലാ സഭകളെയും ഉള്‍ക്കൊള്ളുന്ന എക്യുമിക്കല്‍ പ്രസ്ഥാനങ്ങളെന്ന പോലെ മതാന്തര സംവാദ വേദികളും സജീവമാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പോപ്പിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഇവ്വിഷയകമായുള്ള പ്രഖ്യാപനങ്ങള്‍ എല്ലാ ക്രൈസ്തവ സമൂഹങ്ങളും തത്ത്വത്തില്‍ അംഗീകരിക്കുന്നവ കൂടിയാണ്. പരിധികള്‍ ലംഘിക്കുന്ന വ്യക്തികളും കൂട്ടായ്മകളും അപവാദങ്ങളായി ഉണ്ടാവുമെന്നത് സ്വാഭാവികവുമാണ്.

അല്‍മായര്‍
സാധാരണക്കാരായ ക്രിസ്ത്യാനികള്‍, മലബാര്‍ ദേശങ്ങളിലേക്കുള്ള അവരുടെ കുടിയേറ്റ വേളകളില്‍ ഇസ്‌ലാമിക സമൂഹങ്ങളുടെ ആതിഥ്യം ആവോളം അനുഭവിച്ചവരാണ്. പിന്‍ തലമുറകളുമായി അവരത് പങ്കുവെക്കാറുമുണ്ട്. പൂര്‍വഗാമികള്‍ തമ്മിലുണ്ടായിരുന്ന ഈ ഒത്തൊരുമയും സ്നേഹവും നഷ്ടമാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക മാത്രം ചെയ്താല്‍ മതിയാവും, വിദ്വേഷ വ്യാപാരികള്‍ പരാജയപ്പെടാന്‍.
നജ്റാനില്‍നിന്ന് വന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പ്രാര്‍ഥനാ വേളയില്‍ മസ്ജിദിന്റെ അകത്തളം വിട്ടുനില്‍കാന്‍ മാത്രം വിശാലമാണ് ഇസ്‌ലാമിന്റെ ദൈവശാസ്ത്രം എന്ന് ഓരോ ക്രൈസ്തവ സഹോദരനും അനുഭവിച്ചറിയുവാന്‍ കഴിയുംവിധം സമുദായ നേതൃത്വവും അണികളും സ്വയം പാകപ്പെടുമ്പോള്‍ ഇന്നുള്ള അപവാദ വ്യവസായങ്ങളെല്ലാം അസ്തമിച്ചുപോകുമെന്നതില്‍ സംശയമേയില്ല. 'ദൈവരാജ്യ'ത്തിനുവേണ്ടി തോളോടുതോള്‍ ചേര്‍ന്ന് പരിശ്രമിക്കുന്ന സഹോദരങ്ങളായി ക്രൈസ്തവ-ഇസ്‌ലാം മൈത്രിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇരു സമൂഹങ്ങളുടെയും നേതൃത്വങ്ങള്‍ക്ക് വമ്പിച്ച ഉത്തരവാദിത്തം ഉണ്ടെന്ന് സമകാലീന ഇന്ത്യ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാവണം ഇപ്രാവശ്യത്തെ ക്രിസ്മസ് സന്ദേശം:
''കഴിഞ്ഞ പല നൂറ്റാണ്ടുകളിലും ക്രൈസ്തവരും മുസ്‌ലിംകളും തമ്മിലുണ്ടായിട്ടുള്ള കലഹങ്ങളും ശത്രുതകളും കുറച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞതെല്ലാം അപ്പാടെ വിസ്മരിക്കണമെന്നതാണ് പരിശുദ്ധ സുനഹദോസിന്റെ താഴ്മയായുള്ള അപേക്ഷ. മാത്രമല്ല പരസ്പര ധാരണ സൃഷ്ടിക്കുന്നതിന് ഇരുകൂട്ടരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നാണ് സുനഹദോസ് എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നത്. അതോടൊപ്പം തന്നെ മാനവ സമുദായത്തിനുവേണ്ടി സാമൂഹികനീതിയും ധാര്‍മികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവുമെല്ലാം ഇരുകൂട്ടരും യോജിച്ചുനിന്ന് സംരക്ഷിക്കുകയും പ്രവൃദ്ധമാക്കുകയും വേണം''
(രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, നോസ്ത്രെ അത്താത്തെ 3).
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഈ കാഴ്ചപ്പാട് താഴെ തട്ടുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങള്‍ കൂടിയാണ് സഭാനേതൃത്വങ്ങള്‍ ഇക്കാലയളവില്‍ നടത്തേണ്ടത്. 'സ്വര്‍ഗത്തിലേപ്പോലെ അവിടുത്തെ ഇഷ്ടം ഭൂമിയിലും ആകേണമേ' എന്ന യേശുവിന്റെ പ്രാര്‍ഥനക്കനുസൃതം പ്രവര്‍ത്തിക്കാന്‍ ഇരുസമൂഹങ്ങളെയും അത് പ്രചോദിപ്പിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌