Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

സഭാപിതാക്കള്‍ തിരുത്തേണ്ട തെറ്റിദ്ധാരണകള്‍

എ.ആര്‍

1968 ജനുവരി 1 ലോക സമാധാന ദിനമായി ആചരിക്കാന്‍ റോമന്‍ കത്തോലിക്കരുടെ ആത്മീയ പിതാവായ മാര്‍പ്പാപ്പ പോള്‍ ആറാമന്‍ ലോകത്തെങ്ങുമുള്ള ക്രൈസ്തവരോടെന്നപോലെ ഇതര മതനേതാക്കളോടും മനുഷ്യസമൂഹത്തിന്റെ ഗുണകാംക്ഷികളായ എല്ലാവരോടും അഭ്യര്‍ഥിക്കുന്ന ഒരു സന്ദേശം പുറപ്പെടുവിച്ചിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിക്കും (1903-1979) പോപ്പിന്റെ സമാധാന സന്ദേശം ലഭിക്കുകയുണ്ടായി. സന്ദേശത്തിന്റെ സംക്ഷേപവും മൗദൂദിയുടെ മറുപടിയുടെ മുഖവുരയും ചുവടെ:

പോപ്പിന്റെ സന്ദേശം
(സംക്ഷേപം)

''പുതുവത്സരാരംഭമായ ജനുവരി 1-ന് ലോകമൊട്ടുക്കും സമാധാന ദിനമായി ആചരിക്കാന്‍ ലോകത്തിലെ ഗുണകാംക്ഷികളായ എല്ലാ മനുഷ്യരോടും നാം അഭ്യര്‍ഥിക്കുന്നു. ലോക സമാധാനം ഉന്നം വെക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ ജനതതികളും- എല്ലാ രാഷ്ട്രാന്തരീയ മതസംഘടനകളും രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങളും- ഇന്നത്തെ പരിതഃസ്ഥിതിയില്‍ സമാധാനത്തിന്റെ ആവശ്യകതയെയും അതിനെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന വിപത്തുകളെയും കുറിച്ച് ബോധവാന്മാരാണെന്നാണ് നമ്മുടെ വിശ്വാസം.
സമാധാന സംസ്ഥാപനത്തിന്റെ മാര്‍ഗത്തിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യേണ്ടത് അനുപേക്ഷ്യമാണ്. താഴെ പറയുന്നവ പ്രസ്തുത തടസ്സങ്ങളില്‍ ഉള്‍പ്പെടുന്നു:
* ലോക ജനസമുദായങ്ങള്‍ പരസ്പരബന്ധങ്ങളില്‍ സ്വാര്‍ഥത അനുവര്‍ത്തിക്കുന്നു.
* അന്തസ്സോടും മാന്യതയോടും കൂടി ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന ബോധം ചില ജനവിഭാഗങ്ങളെ പിടികൂടിയിരിക്കുന്നു. ഈ അവകാശം അംഗീകരിക്കപ്പെടാത്തതിന്റെ പേരില്‍ അവര്‍ 'ഗതികെട്ടാല്‍ യുദ്ധം' എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.
* രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നീതിപൂര്‍വമായും കൂടിയാലോചനകളിലൂടെയും പരിഹരിക്കാന്‍ സാധ്യമല്ല; അതിന് രക്തച്ചൊരിച്ചിലിനും നരഹത്യക്കുമുള്ള കണക്കറ്റ ആയുധങ്ങളും മാര്‍ഗങ്ങളും വിനിയോഗിക്കുന്ന യുദ്ധത്തെത്തന്നെ ആശ്രയിക്കണം എന്ന ചിന്താഗതിയും വിശ്വാസവും സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്നു.
സമാധാനവും ശാന്തിയും സഹവര്‍ത്തിത്വവും സ്ഥാപിതമാവാന്‍, ലോകജനതക്ക് സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സാര്‍വലൗകിക സഹകരണത്തിന്റെയും ശിക്ഷണം നല്‍കേണ്ടതുണ്ട്. കേവലം വാചകങ്ങളുടെ ശക്തിയാല്‍ സ്ഥാപിതമാവുന്നതല്ല സമാധാനവും നിര്‍ഭയത്വവും. അത്തരത്തിലുള്ള അധരസേവ പ്രത്യക്ഷത്തില്‍ ശുഭോദര്‍ക്കമായി തോന്നാം. കാരണം, അത് ഹൃദയത്തിന്റെ ശബ്ദമാണ്. പക്ഷേ മിക്കപ്പോഴുമത് നിഷ്‌ക്രിയത്വത്തെയും കാപട്യത്തെയും കവച്ചുവെക്കാനുള്ള മൂടുപടമായി ഉപയോഗിക്കപ്പെടുന്നുവെന്നു മാത്രമല്ല, പലപ്പോഴും പക്ഷപാതിത്വത്തിനും അക്രമത്തിനുമുള്ള ഉപകരണമായി വര്‍ത്തിക്കുക കൂടി ചെയ്യുന്നു. രാഷ്ട്രങ്ങള്‍ പരസ്പരവും വിവിധ രാഷ്ട്രങ്ങളിലെ ഭരണാധിപന്മാരും ജനങ്ങളും തമ്മിലും നിസ്വാര്‍ഥതയും നീതിയും തങ്ങളുടെ യഥാര്‍ഥ ചിഹ്നമായി അംഗീകരിക്കുന്നതു വരെ, വ്യക്തികള്‍ക്കും ജനതകള്‍ക്കും മത-സാംസ്‌കാരിക-ധാര്‍മിക രംഗങ്ങളില്‍ ചിന്താ-പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ സമാധാനത്തെക്കുറിച്ച സംസാരങ്ങള്‍ തികച്ചും നിരര്‍ഥകവും നിഷ്ഫലവുമാകുന്നു. സ്വാതന്ത്ര്യത്തിനും ശാന്തിക്കും അനിവാര്യമായ ഈ നിബന്ധനകള്‍ പൂര്‍ത്തിയാവാതെ അധികാരവും ശക്തിയും മുഖേന സമാധാനത്തിന്റെയും നിയമവാഴ്ചയുടെയും ബാഹ്യമായ ചട്ടക്കൂട് സ്ഥാപിതമായാല്‍ പോലും വിപ്ലവത്തിന്റെയും സ്പര്‍ധയുടെയും യുദ്ധത്തിന്റെയും അവിരാമവും അനിയന്ത്രിതവുമായ പരമ്പര തുടരുക തന്നെ ചെയ്യും.''

മൗലാനാ മൗദൂദിയുടെ മറുപടി
''പുതുവത്സരാരംഭം സമാധാന ദിനമായി ആചരിക്കാന്‍ കത്തോലിക്കാ ചര്‍ച്ചിന്റെ അനുയായികളോടെന്നപോലെ ലോകത്തിലെ എല്ലാ മതനേതാക്കളോടും, സദ്‌വിചാരമുള്ള മനുഷ്യരോടും അഭ്യര്‍ഥിച്ചുകൊണ്ട് താങ്കള്‍ പുറപ്പെടുവിച്ച വിലപ്പെട്ട സന്ദേശം ലാഹോറിലെ ലോയല്‍ ഹാള്‍ ഡയറക്ടര്‍ ഡോ. ആര്‍.എ ബട്‌ലര്‍ മുഖേന എനിക്ക് ലഭിച്ചു. ഈ സന്ദേശത്തെക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ വൈകാതെ താങ്കളെ അറിയിക്കേണ്ടതായിരുന്നു. പക്ഷേ, റമദാനും ഈദുല്‍ഫിത്വ്‌റും പ്രമാണിച്ചുണ്ടായ ജോലിത്തിരക്കുകള്‍ മൂലം അതിന് കഴിയാതെ പോയി. ഇപ്പോള്‍ കിട്ടിയ ഒഴിവില്‍ ആദ്യമായി താങ്കളുടെ സന്ദേശത്തിന് മറുപടി എഴുതുകയാണ്.
എല്ലാവരുടെയും പൊതുവായ ഒരു ലക്ഷ്യത്തിലേക്ക് ലോകത്തിലെ എല്ലാ മനുഷ്യരുടെയും ശ്രദ്ധ ക്ഷണിച്ചതിനും ആ ലക്ഷ്യം നേടുന്ന മാര്‍ഗത്തില്‍ നേരിടുന്ന പ്രധാന തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ചതിനും ഞാന്‍ താങ്കളെ അഭിനന്ദിച്ചുകൊള്ളട്ടെ. മനുഷ്യരാശിയുടെ വിജയ സൗഭാഗ്യങ്ങള്‍ക്കാസ്പദമായ പ്രഥമവും പ്രധാനവുമായ ആവശ്യങ്ങളിലൊന്നാണ് യഥാര്‍ഥത്തില്‍ സമാധാനം. പക്ഷേ, സമാധാനത്തിനുള്ള അഭിലാഷവും സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച ബോധവും ഉണ്ടായിരുന്നിട്ടും മനുഷ്യന് എന്നെന്നും സമാധാനം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ കാരണങ്ങള്‍ മിക്കതും താങ്കള്‍ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച അതേ കാര്യങ്ങള്‍ തന്നെയാണ്. പ്രായോഗിക രംഗത്ത് പ്രസ്തുത തടസ്സങ്ങള്‍ ദൂരീകരിക്കാന്‍ യാതൊന്നും ചെയ്യാതിരിക്കുന്നേടത്തോളം പരിശുദ്ധമായ അഭിലാഷങ്ങളും സഹകരണാഭിവാഞ്ഛയും പ്രകടിപ്പിച്ചതുകൊണ്ടു മാത്രം ലോകത്തിന് ഒരു വിധത്തിലും സമാധാനം കൈവരികയില്ല. അതിനാല്‍, എന്റെ അഭിപ്രായത്തില്‍, നമ്മില്‍ ഓരോ വ്യക്തിയും ഓരോ സമുദായവും മതവിഭാഗങ്ങളും മനുഷ്യസമുദായം ഒന്നടങ്കവും, തങ്ങള്‍ക്കും സഹജീവികള്‍ക്കും സമാധാനം നിഷേധിക്കപ്പെടാന്‍ കാരണമായ തങ്ങളുടെ ന്യൂനതകളെന്താണെന്ന് ആത്മാര്‍ഥമായി ഒരാത്മപരിശോധന നടത്തുകയും കഴിയുംവേഗം അവയെ ദൂരീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അപ്രകാരം തന്നെ നമ്മില്‍ ഓരോ വിഭാഗവും മറുവിഭാഗത്തിലെ സദുദ്ദേശികളായ ജനങ്ങളെ, അസ്വാരസ്യം സൃഷ്ടിക്കാനോ വളര്‍ത്താനോ ഉദ്ദേശിക്കാതെ തികച്ചും ഗുണകാംക്ഷയോടുകൂടി അറിയിക്കേണ്ടതുണ്ട്, പരസ്പരം ദ്രോഹകരമായിത്തീരുന്ന എന്തെന്ത് ചെയ്തികളാണ് ഓരോ വിഭാഗവും ചെയ്തുകൊണ്ടിരിക്കുന്നതെന്ന്. ഇതുവഴി അവയെ ദൂരീകരിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയും.''

ലോക സമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്ന മുഖ്യകാരണങ്ങള്‍ മാര്‍പ്പാപ്പ ചൂണ്ടിക്കാണിച്ചവ തന്നെയാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ മുസ്‌ലിം-ക്രൈസ്തവ സൗഹൃദത്തിനും, സമാധാന ഭഞ്ജനത്തിനും ഹേതുവായ പ്രധാന വസ്തുതകളിലേക്കും മൗദൂദി തന്റെ വിശദമായ മറുപടിയില്‍ പോപ്പിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പരിശുദ്ധ പ്രവാചകനു നേരെ ക്രൈസ്തവ പുരോഹിതന്മാരും പണ്ഡിതന്മാരും എഴുത്തുകാരും കാലാകാലങ്ങളില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ ആരോപണങ്ങളും പ്രവാചക നിന്ദയുമാണ് അതിലൊന്ന്. മറ്റൊന്ന് ക്രിസ്തീയ രാജ്യങ്ങളുടെ സാമ്രാജ്യത്വാധിനിവേശമാണ്. മൂന്നാമത്തേത് ഫലസ്ത്വീന്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനും അധിനിവിഷ്ട പ്രദേശങ്ങള്‍ വികസിപ്പിക്കാനും ഇസ്രയേലിന് നല്‍കുന്ന ക്രൈസ്തവ പിന്തുണയും സഹായവുമാണ്. സമാധാന മാര്‍ഗത്തിലെ ഈ വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ മാര്‍പ്പാപ്പ അദ്ദേഹത്തിന്റെ സൗമനസ്യവും സ്വാധീനവും ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ ഇസ്‌ലാമിക പ്രസ്ഥാന നായകന്‍ അദ്ദേഹത്തിന്റെ മറുപടിക്കത്ത് ഉപസംഹരിക്കുന്നത് (പ്രബോധനം 1968 ഫെബ്രുവരി 29).
അരനൂറ്റാണ്ട് മുമ്പത്തെ മാര്‍പ്പാപ്പയുടെ സന്ദേശവും മൗദൂദിയുടെ പ്രതികരണവും ഇപ്പോള്‍ ഓര്‍മിപ്പിക്കാനുള്ള പ്രത്യേക സാഹചര്യം കേരളത്തില്‍ സമീപകാലത്തായി ക്രൈസ്തവ സമൂഹത്തില്‍ പ്രബലരായ റോമന്‍ കത്തോലിക്കരില്‍ മുസ്‌ലിംകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വികാരങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കേണ്ടത് പരസ്പര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ മാത്രമല്ല, സാമുദായികാന്തരീക്ഷം സമാധാനപരമായിരിക്കാന്‍ കൂടി അനുപേക്ഷ്യമാണ് എന്ന് കരുതുന്നതിനാലാണ്. ആഗോളതലത്തില്‍ ഏറ്റവുമധികം അനുയായികളുള്ള ക്രൈസ്തവരും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മുസ്‌ലിംകളും തമ്മിലെ ഭിന്നതകള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ചരിത്രപരവും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങള്‍ കണ്ടെത്താനാവും. മധ്യകാലഘട്ടത്തില്‍ മൂന്ന് ശതകങ്ങളോളം നീണ്ട കുരിശു യുദ്ധങ്ങള്‍ ഒരു മുഖ്യകാരണം തന്നെ. പിന്നീട് മൗദൂദി തന്റെ പ്രതികരണത്തില്‍ സൂചിപ്പിച്ചപോലെ യൂറോപ്യന്‍ ക്രൈസ്തവ രാജ്യങ്ങളുടെ മുസ്‌ലിം രാജ്യങ്ങളിലേക്കുള്ള അധിനിവേശവും നൂറ്റാണ്ടുകളോളം തുടര്‍ന്ന കോളനിവാഴ്ചയും അക്കാലത്തെ മതപുരോഹിതരുടെയും സഭാപിതാക്കളുടെയും അക്രമാസക്തമായ മതപ്രചാരണവുമൊക്കെ ഒരേ സ്രോതസ്സ് പങ്കിടുന്ന രണ്ട് ലോകമതങ്ങള്‍ക്കിടയിലെ സ്പര്‍ധക്ക് നിമിത്തമായിരുന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ നിലവില്‍ വന്ന ശേഷവും രാജ്യങ്ങളും ജനസമൂഹങ്ങളും തമ്മിലെ ബന്ധങ്ങള്‍ സാധാരണ നില പ്രാപിച്ചിട്ടില്ല. വിശിഷ്യാ പൂര്‍വ യൂറോപ്പിലെ കമ്യൂണിസ്റ്റ് നാടുകള്‍ നിര്‍മതത്വവും മതേതരത്വവും ഉപേക്ഷിച്ച് പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുപോയപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. യൂഗോസ്ലാവ്യയുടെ വിഘടനത്തെ തുടര്‍ന്ന് നിലവില്‍വന്ന സെര്‍ബിയ അയല്‍നാടുകളായ ഹെര്‍സഗോവിന- ബോസ്‌നിയ മേഖലയിലെ മുസ്‌ലിം നിവാസികള്‍ക്കു നേരെ അഴിച്ചുവിട്ട ഭീകരാക്രമണങ്ങള്‍ കുരിശുയുദ്ധകാലത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കില്‍ നിരപരാധികളെ കശാപ്പ് ചെയ്ത സ്ലൊബാദാന്‍ മിലേസെവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വിചാരണ പോലും നേരിടേണ്ടി വന്നു. ലോക മനുഷ്യസ്‌നേഹികളെ ഞെട്ടിച്ച ഈ കൊടും ക്രൂരകൃത്യങ്ങള്‍ അരങ്ങേറുമ്പോള്‍ വത്തിക്കാന്‍ ഉള്‍പ്പെടെ ക്രൈസ്തവ യൂറോപ്പ് കാര്യമായി പ്രതികരിച്ചില്ലെന്നതും ദുരന്തത്തിന് ആക്കം കൂട്ടി.
ഇതൊക്കെ ചരിത്രം മറന്നിട്ടില്ലാത്ത രേഖകളും സംഭവങ്ങളുമായിരുന്നു. എന്നാല്‍, ഭിന്നമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെയും സ്വതന്ത്ര ഇന്ത്യയുടെയും അനുഭവം. മുസ്‌ലിം-ക്രൈസ്തവ സംവാദങ്ങളും പരസ്പര വിമര്‍ശനങ്ങളുമൊക്കെ അസാധാരണമായിരുന്നില്ലെങ്കിലും അതൊരിക്കലും ശാരീരിക ഏറ്റുമുട്ടലുകളിലേക്കോ കലാപങ്ങളിലേക്കോ നയിക്കുകയുണ്ടായില്ല. 1947-ലെ സ്വാതന്ത്ര്യം ഉപഭൂഖണ്ഡത്തില്‍ രണ്ടു രാഷ്ട്രങ്ങളിലായാണ് ആഘോഷിക്കപ്പെട്ടതെങ്കിലും പാകിസ്താന്‍ സുപ്രീംകോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ക്രൈസ്തവനായ എ.ആര്‍ കോണ്‍ലിയസ് ആയിരുന്നെന്ന് ഓര്‍ക്കുന്നത് കൗതുകകരമാവും. ഇന്ത്യയില്‍, വിശിഷ്യാ റോമന്‍ കത്തോലിക്കര്‍ കൂടുതലുള്ള കേരളത്തില്‍ ഇന്നുവരെ അവര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ എടുത്തുപറയാവുന്ന മതസ്പര്‍ധയോ കലാപമോ വര്‍ഗീയ സംഘട്ടനങ്ങളോ ഉണ്ടായില്ലെന്നത് അനുഭവ സത്യം. മറിച്ച് ഇരു സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളായ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും മിക്കപ്പോഴും ഒരേ മുന്നണിയുടെ ഘടകങ്ങളായാണ് പ്രവര്‍ത്തിച്ചുവന്നത്. പ്രഥമ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായ വിമോചന സമരത്തിലും രണ്ടു സമുദായങ്ങളുടെയും നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തില്‍ ഭരണകൂട ഇടപെടലുകള്‍ ഉണ്ടായതായിരുന്നു വിമോചന സമരത്തിന് ഒരു പ്രധാന ഹേതു എന്ന് കൂടെ ഓര്‍ക്കണം. ഏറെ വൈകാരിക തലങ്ങളുള്ള മതരംഗത്ത് പോലും പരസ്പര ബഹുമാനത്തില്‍ ഊന്നിയ ആശയസംവാദങ്ങളാണ് നടന്നത്. അത്തരം സംവാദങ്ങള്‍ക്ക് മുന്‍കൈയെടുത്തതും ഏറെ വിജയകരമായി നടത്തിയതും ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകമാണെന്നത് നിഷേധിക്കാനാവാത്ത സത്യം മാത്രം. എറണാകുളത്തും തൃശൂരിലും നടന്ന മതസംവാദങ്ങള്‍ ഇവിടെ എടുത്തുപറയേണ്ടതുണ്ട്. തൃശൂരില്‍ യശശ്ശരീരനായ ബിഷപ്പ് ജോസഫ് കുണ്ടുകുളമായിരുന്നു ക്രൈസ്തവതയെ പ്രതിനിധീകരിച്ചിരുന്നത്. പ്രാദേശിക തലങ്ങളിലും ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സംവാദ സദസ്സുകള്‍ ധാരാളം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അന്യോന്യം തോല്‍പിക്കാനോ പ്രതിരോധിക്കാനോ നടത്തപ്പെട്ട വാദ പ്രതിവാദങ്ങളായിരുന്നില്ല, പരസ്പരം മനസ്സിലാക്കാനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും അവസരമൊരുക്കിയ സുഹൃദ് സംഗമങ്ങളായിരുന്നു ഇവയെല്ലാം. 1967-ല്‍ മലപ്പുറത്ത് നടന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനത്തിലെ മുഖ്യാതിഥി കോഴിക്കോട് ബിഷപ്പ് എ.എം പത്രോണി ആയിരുന്നു. കോട്ടയം മാര്‍ത്തോമാ സെമിനാരിയിലും ആലുവ സെമിനാരിയിലും യുവവൈദികര്‍ക്കായുള്ള പരിശീലന പരിപാടിയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടത് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയായിരുന്നു എന്നും ഓര്‍ക്കുന്നു. ഇമ്മാതിരി അനുഭവങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ വേണ്ടത്രയുണ്ടെന്ന് ഇപ്പോള്‍ ചൂണ്ടിക്കാട്ടേണ്ടി വന്നത് അഭിവന്ദ്യനായ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം 'സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?' എന്ന ശീര്‍ഷകത്തില്‍ ദീപിക ദിനപത്രത്തില്‍ (2020 ഒക്‌ടോബര്‍ 28) എഴുതിയ ലേഖനം വായിച്ചപ്പോഴാണ്. ലേഖനത്തില്‍ സവിസ്തരം പ്രതിപാദിച്ച പിന്നാക്ക സമുദായ സംവരണം, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന വിവിധതരം ആനുകൂല്യങ്ങള്‍ എന്നീ കാര്യങ്ങളെപ്പറ്റി തല്‍ക്കാലം പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആര്‍ച്ച് ബിഷപ്പിന്റെ താഴെ ഉദ്ധരിക്കുന്ന പരാമര്‍ശത്തെപ്പറ്റി ഒന്നും പ്രതിപാദിക്കാതെ പോകുന്നത് തെറ്റിദ്ധാരണക്ക് ഇടനല്‍കും എന്ന് പറയാതെ വയ്യ: ''ഇപ്പോള്‍ ജമാഅത്ത് ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഒരു മുസ്‌ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളെ കഠിനശിക്ഷകള്‍ക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്ന് പറയുമ്പോള്‍ ഇവരുടെ ഭീകരതയുടെ ആഴം മനസ്സിലാകുമല്ലോ. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും?''
1971-ല്‍ ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തില്‍ അവാമി ലീഗ് പാകിസ്താന്റെ ഭാഗമായിരുന്ന കിഴക്കന്‍ പാകിസ്താനെ വേര്‍പെടുത്തി സ്വതന്ത്ര ബംഗ്ലാദേശ് രൂപീകരണം പ്രഖ്യാപിച്ചപ്പോള്‍ അതിനോട് വിയോജിച്ച പാര്‍ട്ടികളില്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടുന്നു. സ്വതന്ത്ര ബംഗ്ലാദേശ് യാഥാര്‍ഥ്യമായപ്പോള്‍ അവിടത്തെ പാക് അനുകൂല പാര്‍ട്ടികള്‍ മുഴുവന്‍ നിരോധിക്കപ്പെട്ടു. കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും. പില്‍ക്കാലത്ത് നിരോധം നീക്കിയതോടെ നിലവില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി ദേശീയ അസംബ്ലിയില്‍ സീറ്റുകള്‍ നേടുകയും ചിലപ്പോള്‍ ഭരണമുന്നണിയുടെ ഭാഗമാവുകയും ചെയ്തു. ഒടുവില്‍ അധികാരത്തിലേറിയ ഹസീന വാജിദ് തന്റെ സര്‍ക്കാരിന് സ്ഥിരം ഭീഷണിയാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി എന്ന് കണ്ടു. യു.എന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷന്റെ അംഗീകാരമില്ലാത്ത ട്രൈബ്യൂണല്‍ ഉണ്ടാക്കി ഏകപക്ഷീയമായ വിചാരണാ പ്രഹസനത്തിലൂടെ നേരത്തേ ബംഗ്ലാദേശ് രൂപവത്കരണത്തെ എതിര്‍ത്ത കുറ്റത്തിന് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖ നേതാക്കളെ വധശിക്ഷക്ക് വിധിച്ചതാണ് ആര്‍ച്ച് ബിഷപ്പ് തന്റെ ലേഖനത്തില്‍ തെറ്റിദ്ധാരണാജനകമായി അവതരിപ്പിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനകളില്‍ അമേരിക്കയോ ഐക്യരാഷ്ട്രസഭയോ ഉള്‍പ്പെടുത്തിയിട്ടില്ല. പേരിലെ സാമ്യതയല്ലാതെ 1948 മുതല്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അതുമായി ഒരു ബന്ധവും അന്നും ഇന്നും ഇല്ല. 1975-ലെ അടിയന്തരാവസ്ഥയിലും 1992-ലെ ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്നും നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റ് പോലും അങ്ങനെയൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. നിരോധനത്തിന് കാരണമായി ആരോപിക്കപ്പെട്ട കാര്യങ്ങളെ ഇന്ത്യയുടെ സുപ്രീംകോടതി നിരാകരിച്ച്, നിരോധം റദ്ദാക്കുകയും ചെയ്തതാണ്. തീര്‍ത്തും സമാധാനപരമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഭീകരമുദ്ര കുത്തുമ്പോള്‍ ആര്‍ച്ച് ബിഷപ്പിനെ പോലുള്ള ഒരു വന്ദ്യ വ്യക്തി അതിന്റെ സാധൂകരണവും നീതീകരണവും എന്തെന്ന് ആലോചിക്കേണ്ടതായിരുന്നു.
നിരീശ്വരവാദവും നാസ്തികതയും യുക്തിവാദവും സജീവമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍, താത്ത്വികമായി അതിനോടൊക്കെ യോജിക്കുന്ന സി.പി.എം പോലുള്ള പാര്‍ട്ടികള്‍ ഇസ്‌ലാമിനും ഇസ്‌ലാമിക സംഘടനകള്‍ക്കുമെതിരെ രാഷ്ട്രീയ ലാഭം മാത്രം ലാക്കാക്കി നടത്തുന്ന ദുഷ്പ്രചാരണങ്ങളില്‍ അഭിവന്ദ്യരായ ക്രൈസ്തവ മതാധ്യക്ഷന്മാര്‍ വഞ്ചിതരാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. വിശിഷ്യാ, മുസ്‌ലിം, ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയോട് കൂറുപുലര്‍ത്താനാവില്ലെന്ന് വിധിയെഴുതിയവരുടെ വിചാരധാരയെ പ്രമാണമാക്കി ഫാഷിസ്റ്റ് പാതയില്‍ ഇന്ത്യയെ മുന്നോട്ട് നടത്താന്‍ സര്‍വശ്രമങ്ങളും നടത്തുന്ന ശക്തികള്‍ ഭരണത്തിലിരിക്കെ മതന്യൂനപക്ഷങ്ങളുടെ അതിജീവന മാര്‍ഗം കണ്ടെത്തുന്നതിലായിരുന്നു ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. സൗഹൃദപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് അതിലേക്കുള്ള വഴി. നടേ സൂചിപ്പിച്ചപോലെ സംവാദങ്ങള്‍ക്കുള്ള വാതിലുകള്‍ തുടക്കം മുതല്‍ തുറന്നിട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌