Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

ചൂരപ്പുലാക്കല്‍ പോക്കര്‍, രണ്ടത്താണി

അബ്ദുര്‍റശീദ് ചൂരപ്പുലാക്കല്‍

മലപ്പുറം ജില്ലയിലെ  രണ്ടത്താണി പ്രാദേശിക ജമാഅത്തിലെ  ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും ജമാഅത്തെ ഇസ്‌ലാമി അംഗവുമായിരുന്നു എന്റെ വല്യുപ്പ ചൂരപ്പുലാക്കല്‍ പോക്കര്‍ സാഹിബ് (99).1950-കളില്‍ പ്രദേശത്തെ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് വല്യുപ്പയും രണ്ടത്താണി മൊയ്തീന്‍ സാഹിബുമായിരുന്നു.
ഒരു നൂറ്റാണ്ടിനടുത്ത ജീവിതത്തില്‍ ഒരു വര്‍ഷം മുമ്പ് സ്ട്രോക്ക് വന്ന് കിടപ്പിലാകുന്നതുവരെ അദ്ദേഹം കര്‍മ നിരതനായിരുന്നു. തന്റെ ആരോഗ്യവും സമ്പത്തും സമയവും ദൈവമാര്‍ഗത്തില്‍ അര്‍പ്പിച്ച് പ്രദേശത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നില്‍ നടന്നു. നീണ്ട കാലം പ്രാദേശിക അമീറും സെക്രട്ടറിയുമായിരുന്നു. 
ആത്മാര്‍ഥത, സത്യസന്ധത, കഠിനാധ്വാനം, കൃത്യനിഷ്ഠ, വിശ്വസ്തത, കരാര്‍ പാലനം തുടങ്ങി വ്യക്തിജീവിതത്തില്‍ ഉണ്ടാകേണ്ട എല്ലാ നല്ല ഗുണങ്ങളും സമഞ്ജസമായി സമ്മേളിച്ച വ്യക്തിത്വം. ആ ഗുണങ്ങള്‍ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തു.
നാലാം ക്ലാസ് വരെയാണ് പഠിച്ചതെങ്കിലും ഖുര്‍ആനിലും മറ്റു ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും നല്ല അവഗാഹമുണ്ടായിരുന്നു. മുജാഹിദ് നേതാവായിരുന്ന മര്‍ഹൂം പി. സെയ്ത് മൗലവിയുടെ ഖുര്‍ആന്‍ പാഠശാലയിലെ സ്ഥിരം പഠിതാവായതിനാല്‍ ഖുര്‍ആന്‍ ഏറെ ഭാഗവും അര്‍ഥസഹിതം മനഃപാ ഠമായിരുന്നു.  
യാഥാസ്ഥിതിക കുടുംബ പശ്ചാത്തലമായതുകൊണ്ടു തന്നെ ബാല്യവും കൗമാരവും അന്ധവിശ്വാസങ്ങളിലൂടെയും അനാചാരങ്ങളിലൂടെയുമാണ് കടന്നുപോയത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള വെട്ടം അബ്ദുല്ല ഹാജിയുടെ 1940-ല്‍ രണ്ടത്താണിയില്‍ നടന്ന പ്രസംഗ പരമ്പര വല്യുപ്പയിലും വീണ്ടുവിചാരത്തിന് നിമിത്തമായി. വളവന്നൂര്‍ അന്‍സാറുല്ല സംഘത്തിന്റെ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. അവിടെയുണ്ടായിരുന്ന മുജാഹിദ്  നേതാക്കളില്‍ പ്രമുഖനായ പി. സെയ്ത് മൗലവി രണ്ടത്താണി മസ്ജിദു റഹ്മാനിയുടെ ഖത്വീബായി എത്തിയപ്പോള്‍ അദ്ദേഹവുമായുള്ള ബന്ധം വല്യുപ്പയെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക്  അടുപ്പിച്ചു. വളാഞ്ചേരിയിലേക്കുള്ള യാത്രകളാണ് പിന്നീട് ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്നത്.
അക്കാലത്ത് മൂത്താപ്പയുടെ റേഷന്‍ കടയില്‍ നിന്ന് ശേഖരിച്ചു കിട്ടുന്ന പൈസ വളാഞ്ചേരിയിലെ സപ്ലൈ ഓഫീസിലേക്ക് കൊണ്ടു പോയിരുന്നു വല്യുപ്പ. കാല്‍നടയായി പതിനഞ്ച് കിലോമീറ്ററോളം താണ്ടേണ്ടിയിരുന്നു വളാഞ്ചേരിയിലെത്താന്‍. പണമടക്കുന്ന ഓഫീസ് കെട്ടിടത്തിനു താഴെയായിരുന്നു വി.പി മുഹമ്മദലി ഹാജി സാഹിബിന്റെ ഭാര്യാപിതാവിന്റെ കടയുണ്ടായിരുന്നത്. സപ്ലൈ ഓഫീസില്‍നിന്നും റസിപ്റ്റ് കിട്ടുന്ന സമയം വരെ വല്യുപ്പ താഴെ വന്നിരിക്കും. കടയില്‍ മതപണ്ഡിതന്മാരുടെ സംസാരം കേള്‍ക്കാം. അതാണ് ഹാജി സാഹിബുമായി ബന്ധപ്പെടാന്‍ നിമിത്തമായത്. കറാച്ചിയിലുണ്ടായിരുന്ന പുളക്കോടന്‍ മൊയ്തീന്‍ സാഹിബ് ആയിടക്കാണ് നാട്ടില്‍ വന്നത്.  മൊയ്തീന്‍ സാഹിബ് മൗദൂദി സാഹിബിനെ നേരിട്ട് കണ്ടിരുന്നു. ജമാഅത്തിനെ കുറിച്ച് സാമാന്യ ധാരണയും ഉായിരുന്നു. ഇരുവരും പൂക്കാട്ടിരിയിലെ ജമാഅത്ത് ഓഫീസില്‍ പോയി ഹാജി സാഹിബിനെ കണ്ടു. പല പ്രാവശ്യം കൂടിക്കാഴ്ചകള്‍ നടത്തി. ഹാജി സാഹിബിനെയും ടി.കെ അബ്ദുല്ല സാഹിബിനെയും രണ്ടത്താണിയിലേക്ക് ക്ഷണിച്ചു. ഇരുവരും രണ്ടത്താണ്ടിയിലെ പ്രസിദ്ധമായ പാകിസ്താന്‍ പാ റയില്‍ വന്ന് പ്രസംഗിച്ചു. യുവാവായ ടി.കെയുടെ പ്രഭാഷണം ശ്രദ്ധിക്കപ്പെട്ടു. സി.പി മുഹമ്മദ്  സാഹിബ്, മൂര്‍ക്കത്ത് അഹ്മദ് സാഹിബ്, എന്‍.പി മൊയ്തീന്‍കുട്ടി സാഹിബ്, സി.പി അലവിക്കുട്ടി സാഹിബ്, പറമ്പാടന്‍ മുഹമ്മദ് സാഹിബ്, ടി.പി മുഹമ്മദ് കുട്ടി സാഹിബ്, തൈക്കാട് അബ്ദുസ്സലാം സാഹിബ് തുടങ്ങിയവര്‍ ജമാഅത്തുമായി സഹകരിക്കാന്‍ തുടങ്ങി.
1960-ലാണ് വല്യുപ്പ ജമാഅത്ത് അംഗമാവുന്നത്. പിന്നീടുള്ള ആറു പതിറ്റാണ്ടുകാലം പ്രസ്ഥാനത്തിന്റെ രണ്ടത്താണിയുടെ മുഖമായിരുന്നു അദ്ദേഹം. നാട്ടിലെ പല പൊതു സംരംഭങ്ങളുടെയും അമരത്തേക്ക്  ക്ഷണിക്കപ്പെടുകയും അവിടെയെല്ലാം തന്റെതായ കൈയൊപ്പ് ചാര്‍ത്തുകയും ചെയ്തു. രണ്ടത്താണി പൗരസമിതി, ജി.യു.പി സ്‌കൂള്‍, രണ്ടത്താണി ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെ അമരത്തിരിക്കാനും സ്തുത്യര്‍ഹമായ പല സേവനങ്ങളും ചെയ്യാനും അവസരം ലഭിച്ചു. രണ്ടത്താണി ജി.യു.പി സ്‌കൂള്‍, മുജാഹിദ് പള്ളി, മദ്‌റസ എന്നിവയുടെ നിര്‍മാണത്തില്‍ വല്യുപ്പയുടെ കൂടി വിയര്‍പ്പിന്റെ ഗന്ധമുണ്ട്.
പ്രസ്ഥാനത്തിനു കീഴിലുള്ള മസ്ജിദുല്‍ ഈമാനിന്റെ നിര്‍മാണത്തിന് സ്ഥലം കണ്ടെത്താനും മറ്റുമായി ഏറെ ഓടിനടന്നു. രണ്ടത്താണി  ജി.യു.പി സ്‌കൂളിന്റെ പുതിയ രണ്ടു നില  കെട്ടിടത്തിന്റെ പണി നടക്കുന്ന കാലത്ത് പി.ടി.എ പ്രസിഡന്റ്  വല്യുപ്പയായിരുന്നു. ദീര്‍ഘകാലം പ്രബോധനത്തിന്റെ ഏജന്റ് ആയിരുന്നു. പ്രദേശത്തെ മാധ്യമം പത്രത്തിന്റ വളര്‍ച്ചയിലും പ്രചാരണത്തിലും വലിയ പങ്കുവഹിച്ചു. ആലുവ സമ്മേളനം, മൂഴിക്കല്‍ സമ്മേളനം, മലപ്പുറം സമ്മേളനം, ദഅ്വത്ത് നഗര്‍ സമ്മേളനം തുടങ്ങി പ്രസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ വലിയ സമ്മേളനങ്ങളിലും വളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു.
ഹിറാ സമ്മേളനത്തിന്റെ മുന്നോടിയായി കോട്ടക്കല്‍ ഏരിയയില്‍ നടന്ന കാല്‍നട ജാഥയില്‍ കിലോമീറ്ററുകളോളം യുവാക്കളെ പോലും വെല്ലുന്ന രൂപത്തില്‍ ആദ്യാവസാനം വരെ  മുന്നില്‍ നടന്നത് മറക്കാനാവില്ല.
അറിയപ്പെട്ട കര്‍ഷകന്‍ കൂടിയായിരുന്നു വല്യുപ്പ. നെല്ല്, വെറ്റില, കവുങ്ങ്, തെങ്ങ്, മാവ്, പ്ലാവ്, കപ്പ, കുരുമുളക് അങ്ങനെ പലതും കൃഷിചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പഞ്ചായത്തിലെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് വല്യുപ്പയേ തേടിയെത്തിയിരുന്നു.
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലും സാമൂഹിക-സേവന-തൊഴില്‍ രംഗങ്ങളിലും ആത്മാര്‍ഥവും സത്യസന്ധവുമായ പ്രവര്‍ത്തനങ്ങളിലൂടെ കറകളഞ്ഞ ജീവിതത്തിന്റെ ആള്‍രൂപമായ വല്യുപ്പയുടെ പ്രവര്‍ത്തനങ്ങള്‍ വരും തലമുറകള്‍ക്ക് ഏറെ മാതൃകയുള്ളതാണ്.

 

 

സിദ്ദീഖുല്‍ അക്ബര്‍, കരൂര്‍

ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്വീഫ് സാഹിബിന്റെ മകനായിരുന്നു സിദ്ദീഖുല്‍ അക്ബര്‍ (37).
യുവത്വത്തെ സേവനം കൊണ്ട് ആവേശമാക്കിയ ചെറുപ്പക്കാരന്‍, സേവന വഴിയിലെ വേറിട്ട മുഖം. ചിരിച്ചുകൊണ്ടല്ലാതെ ഇടപെടാനറിയാത്ത സിദ്ദീഖ് മറ്റുള്ളവരുടെ പ്രയാസങ്ങള്‍ സ്വന്തം പ്രയാസങ്ങളായി കണ്ട് പൊതുജനങ്ങളുമായി ആത്മബന്ധം ഉാക്കിയിരുന്നു. കൊറോണക്കാലമായിരിന്നിട്ടും നൂറുകണക്കിനാളുകളാണ് ജനാസയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി അമ്പലപ്പുഴ മണ്ഡലത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്ന സമയത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഏറെ യത്‌നിച്ചു. പ്രളയത്തില്‍ മുങ്ങിക്കിടന്നിരുന്ന കുട്ടനാട്ടിലെ വീടുകളിലേക്ക് രാപ്പകലില്ലാതെ സഹായങ്ങളെത്തിച്ചു. കവളപ്പാറയില്‍ ടീം വെല്‍ഫെയറിനൊപ്പവും സിദ്ദീഖ് കര്‍മനിരതനായിരുന്നു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ അമ്പലപ്പുഴ മേഖലയില്‍ പണിതു നല്‍കിയ വീടുകള്‍ക്കു കല്ലും മണ്ണും ചുമന്നും, തൊഴിലാളികള്‍ക്ക് കൈത്താങ്ങായും സിദ്ദീഖ് നിറഞ്ഞുനി ന്നു. ഒരു വീടിന്റെ റൂഫ് കോണ്‍ക്രീറ്റ് നടന്നുകൊണ്ടിരിക്കെ സിമന്റ് ചുമക്കുന്നതിനിടയിലാണ് സിദ്ദീഖ് തലകറങ്ങി വീഴുന്നത്. പ്രസ്ഥാനം പണിതു നല്‍കിയ വീടുകളിലെ സിദ്ദീഖിന്റെ വിയര്‍പ്പുതുള്ളികള്‍ നാളെ അല്ലാഹുവിനോട് അദ്ദേഹത്തിനു വേണ്ടി സാക്ഷി പറയും, ഇന്‍ശാ അല്ലാഹ്.
കാന്‍സര്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനു മുമ്പ് വരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലഡ് ഡൊണേഷന്‍ രംഗത്ത് സജീവമായിരുന്നു. പറക്കമുറ്റാത്ത രണ്ടു മക്കളെ ഇസ്‌ലാമിക പ്രസ്ഥാനത്തെ ഏല്‍പിച്ചിട്ടാണ് സിദ്ദീഖ് അല്ലാഹുവിലേക്ക് യാത്രയായത്. ഭാര്യ: സബിത. മക്കള്‍: ഹംറാസ് (6) ഹന്‍സ (3)

കെ.എം ശാക്കിര്‍, നീര്‍ക്കുന്നം

 

ലൈല ആലുവ

പ്രപഞ്ചനാഥന്‍ തന്നിലര്‍പ്പിച്ച ജീവിത ദൗത്യം പൂര്‍ത്തിയാക്കി സഹോദരി ലൈല (58) അല്ലാഹുവിലേക്ക് മടങ്ങി. ആലുവ തായിക്കാട്ടുകര ദാറുസ്സലാം നഗറില്‍ മര്‍ഹൂം കെ.കെ ഹസൈനാര്‍ സാഹിബിന്റെ മകളും പൊന്നാന്തറ അബ്ദുല്‍ മജീദിന്റെ ഭാര്യയുമായിരുന്നു.
മധ്യകേരളത്തില്‍ ആദ്യമായി പ്രസ്ഥാന ഘടകം രൂപം കൊ ആലുവയില്‍ മര്‍ഹൂം ആലുവ ടി.കെ മുഹമ്മദ് സാഹിബിനൊപ്പം ആദ്യത്തെ ഹംദര്‍ദ് ഹല്‍ഖയില്‍ അംഗമായിരുന്നു പിതാവ് ഹസൈനാര്‍ സാഹിബ്. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ പ്രസ്ഥാനത്തെ കണ്ടും കേട്ടും പഠിച്ചറിഞ്ഞുമായിരുന്നു ലൈലത്ത വളര്‍ന്നത്. ബാല്യകാലം മുതല്‍ ലഭിച്ച ശിക്ഷണശീലങ്ങള്‍ ജീവിതത്തിലുടനീളം കൊണ്ടുനടക്കാനും അവര്‍ക്ക് കഴിഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അംഗവും ഐ.ആര്‍.ഡബ്ല്യു വളന്റിയറും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകയുമായിരുന്നു ലൈലത്ത. പ്രസ്ഥാന പരിപാടികളില്‍ പങ്കാളിയാകുന്നതിനൊപ്പം തന്നെ മറ്റുള്ളവരെ പങ്കെടുപ്പിക്കാനും എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു.  ജമാഅത്തെ ഇസ്‌ലാമി തായിക്കാട്ടുകര വനിതാ ഹല്‍ഖാ നാസിമത്ത്, ഏരിയാ - ജില്ലാ സമിതി അംഗം എന്നീ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചിരുന്നു.
കേരളത്തില്‍ ഐഡിയല്‍ റിലീഫ് വിംഗ് പ്രവര്‍ത്തനമാരംഭിച്ച ആദ്യകാലത്തു തന്നെ അതില്‍ അംഗത്വമെടുക്കുകയും സാമൂഹിക സേവന രംഗത്ത് താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.  മരണപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് ഐ.ആര്‍.ഡബ്ല്യു സംസ്ഥാന കണ്‍വീനറുടെ നേതൃത്വത്തിലുള്ള ടീം സന്ദര്‍ശനത്തിന് എത്തിയപ്പോള്‍, കിടന്നു കൊണ്ടാണെങ്കിലും ഏറെ സന്തോഷത്തോടെ സംസാരിക്കാന്‍ ലൈലത്ത ഔത്സുക്യം കാണിച്ചു.
അപകടത്തില്‍പെട്ട് മരണമടഞ്ഞവരുടെ മൃതദേഹങ്ങളും അനാഥ മയ്യിത്തുകളും കുളിപ്പിച്ച്, കഫന്‍ ചെയ്ത് അന്ത്യയാത്രക്ക് ഒരുക്കുന്നത് പ്രധാന ദൗത്യമായി ലൈലത്ത കരുതിയിരുന്നു. തല്‍സംബന്ധമായ ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഏത് സന്ദിഗ്ധ ഘട്ടത്തിലും ഓടിയെത്തി പ്രവര്‍ത്തനങ്ങളില്‍ മുഴുകും. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്കായി മയ്യിത്ത് സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍, സഹപ്രവര്‍ത്തകരുമൊത്ത്  പരിശീലനം നല്‍കിയിരുന്നു. പ്രളയനാളുകളില്‍ രക്ഷാ ക്യാമ്പുകളില്‍ സേവനമനുഷ്ടിച്ചു. പ്രളയബാധിതര്‍ക്കായി വിവിധകേന്ദ്രങ്ങളില്‍നിന്നെത്തിയ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും അര്‍ഹരുടെ കൈകളില്‍ എത്തിക്കുന്നതില്‍ ലൈലത്ത നിഷ്‌കര്‍ഷ കാണിച്ചു. പ്രളയമൊഴിഞ്ഞ വീടുകളില്‍നിന്നു മണ്ണും ചെളിയും നീക്കി അവ താമസയോഗ്യമാക്കാന്‍ സഹായവുമായി മുന്നിലുണ്ടായിരുന്നു.
പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനു ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഡോ. ഹൈദരാലിയുടെ നേതൃത്വത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ സജീവ വളന്റിയറായി ലൈലത്തയുമുണ്ടായിരുന്നു. കിടപ്പുരോഗികളെ പരിചരിക്കാനും കാന്‍സര്‍ ബാധിച്ച് വ്രണങ്ങളില്‍ പുഴുവരിക്കുന്ന രോഗികളെ പോലും ശ്രദ്ധയോടെ ശുശ്രൂഷിക്കാനും യാതൊരു മടിയും കാണിച്ചിരുന്നില്ല. സന്തതസഹചാരിയായി തോളില്‍ തൂക്കിക്കൊണ്ടു നടന്നിരുന്ന ബാഗില്‍ പ്രഥമ ശുശ്രൂഷക്കുള്ള സാധനങ്ങള്‍ എപ്പോഴും തയാറാക്കി വെച്ചിരുന്നു. മാതാപിതാക്കള്‍ മരണപ്പെട്ട ശേഷം ഞങ്ങള്‍ കുടുംബാംഗങ്ങളെ സംബന്ധിച്ചേടത്തോളം വലിയൊരു അത്താണിയും മാര്‍ഗദര്‍ശിയുമായിരുന്നു ലൈലത്ത.
സ്വന്തം ജീവിതത്തെ രോഗം പ്രയാസപ്പെടുത്തുന്ന ഘട്ടങ്ങളില്‍ പോലും അതിനെ തൃണവല്‍ഗണിച്ചുകൊണ്ട് അര്‍പ്പണബോധത്തോടെയും സന്തോഷത്തോടെയും സേവനപാതയില്‍ മുന്നോട്ടു ഗമിക്കാന്‍ ലൈലത്ത ശ്രദ്ധിച്ചു. പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് അലസത പ്രകടിപ്പിക്കുന്നവരെ സ്നേഹപൂര്‍വം ശാസിച്ച് ഊര്‍ജസ്വലരാക്കി മാറ്റിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.
മക്കള്‍: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം പി.എം ജസീല, ഫസീലാ അബ്ബാസ്, റശാദ് ആലുവ. മരുമക്കള്‍: ശംസുദ്ദീന്‍, അബ്ബാസ്, നസ്മിയ.

അബൂനജാദ്

 

പി.പി ഹുസൈന്‍

സേവന രംഗങ്ങളില്‍ നിസ്വാര്‍ഥതയും ഇസ്ലാമിക പ്രവര്‍ത്തന മേഖലയില്‍ ആത്മസമര്‍പ്പണവും മുഖമുദ്രയാക്കിയ വ്യക്തിത്വമായിരുന്നു പി.പി ഹുസൈന്‍ സാഹിബ്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ പലയിടങ്ങളിലായി ജോലി നോക്കിയതിനാല്‍ ഏറെ കാലം നാട്ടിലില്ലായിരുന്നു. ഐ.ഒ.സി മാനേജറായി വിശാഖപട്ടണം, കൊച്ചി, ഫറോക്ക്, ചേളാരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സ്വദേശമായ പുളിക്കല്‍ പെരിയമ്പലത്ത്  സ്ഥിരതാമസമാക്കിയത്. ഏറെക്കാലം ജോലിചെയ്ത കൊച്ചി നഗരത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും അദ്ദേഹത്തിന് അവസരമുായി. കൊച്ചിയിലെ മദീനാ മസ്ജിദിന്റെ സ്ഥാപക ട്രസ്റ്റ് അംഗമായിരുന്നു അദ്ദേഹം. ഡയലോഗ് സെന്റര്‍ കേരള, കിം തുടങ്ങിയ സ്‌നേഹസംവാദ വേദികളിലെ പിന്നണി പ്രവര്‍ത്തകനും.
പുളിക്കല്‍ മേഖലയില്‍ പലിശരഹിത നിധി, വെല്‍ഫെയര്‍ സൊസൈറ്റി, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവക്ക് നേതൃപരമായ പങ്ക് വഹിച്ചു. പുളിക്കലെ പലിശരഹിത വായ്പാ സംവിധാനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. കുണ്ടേരി ആലുങ്ങല്‍ റോഡ് നിര്‍മാണത്തിനും  ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നതിനും നാട്ടിലെ മറ്റുപല വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി സ്വന്തം സ്ഥലം വിട്ടു നല്‍കിയും അദ്ദേഹം മാതൃകയായി.
പുളിക്കലും പെരിയമ്പലത്തും മറ്റു പല സ്ഥലങ്ങളിലും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തു. അവധിക്കാലത്ത് കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
നാട്ടിലെ നിര്‍ധനരായ നിരവധി കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്തിരുന്നു ഫാമിലി-കരിയര്‍ കൗണ്‍സലിംഗും നല്‍കിയിരുന്നു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, ബൈത്തുസ്സകാത്ത് തുടങ്ങിയവയുടെ സജീവ പ്രവര്‍ത്തകനായതുകൊണ്ട്, പ്രയാസപ്പെടുന്ന ആരെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവരുടെ അടുത്ത് വളരെ രഹസ്യമായി എത്തുമായിരുന്നു ഹുസൈന്‍ സാഹിബ്. 
ചാമപ്പറമ്പ് ലക്ഷംവീട് കോളനിയിലും സമീപത്തെ മറ്റു പ്രദേശങ്ങളിലും വീടു നിര്‍മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സാധിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന അദ്ദേഹം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി, മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, ദഅ്‌വാ വിഭാഗം കണ്‍വീനര്‍, മാധ്യമം കോഡിനേറ്റര്‍, പുളിക്കല്‍ മസ്ജിദുത്തഖ്‌വ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 

അഫ്‌സല്‍ ഐക്കരപ്പടി

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്