Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

പ്രതിസന്ധി ഇസ്‌ലാമിനോ ലിബറലിസത്തിനോ?

അസദ് ഡാന്‍ഡിയ

'ഇസ്‌ലാം ഇന്ന് ലോകത്താകമാനം പ്രതിസന്ധിയിലാണ്' -  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍  രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ വാക്കുകളാണിത്. അതേ പ്രഭാഷണത്തില്‍   ഒരു രാഷ്ട്രീയ അജണ്ട കൂടി അദ്ദേഹം അനാവരണം ചെയ്യുകയുണ്ടായി. മതത്തെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ പൊതുവ്യവഹാരങ്ങളില്‍നിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിക്കുന്ന  മതേതരത്വത്തിന്റെ ഫ്രഞ്ച് പതിപ്പായ 'ലൈസിറ്റി'(laicite)നെ ശക്തിപ്പെടുത്തുന്നു അത്. തൊട്ടുപിന്നാലെ നടന്ന സ്‌കൂളധ്യാപകന്റെ തലവെട്ടിയ സംഭവവും, രണ്ട് മുസ്‌ലിം സ്ത്രീകളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതും നയതന്ത്ര തര്‍ക്കവുമൊക്കെ ആഗോളതലത്തില്‍ 'ലൈസിറ്റ്'- ഇസ്‌ലാം പോരാട്ടത്തെക്കുറിച്ച  ആശങ്കകള്‍ക്ക് ഇന്ധനം പകര്‍ന്നിട്ടുണ്ട്.
തീവ്ര മതേതരത്വത്തെ ആയുധമാക്കി ഫ്രാന്‍സ് മുസ്ലിംകള്‍ക്കെതിരെ നടത്തിയ വിവേചനങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.  അതുപോലെ ഫ്രഞ്ച് ലിബറലിസത്തിന്റെ ന്യായം പറഞ്ഞാണ് ഏഷ്യന്‍ -ആഫ്രിക്കന്‍ നാടുകളിലെ ലക്ഷക്കണക്കിന് ജനങ്ങളെ അവര്‍ കോളനിവത്കരണത്തിന്റെ ക്രൂരതകള്‍ക്കിരയാക്കിയത്. അവര്‍ അതിനെ നാമകരണം ചെയ്തത്  Mission Civilisatrise  (സംസ്‌കരണ ദൗത്യം) എന്നാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം  എന്ന ഫ്രഞ്ച് വിപ്ലവ ചരിത്രത്തിലെ മുദ്രാവാക്യത്രയം പോലെ അതിനോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നതു തന്നെയാണ് ഈ കൊളോണിയല്‍ ഭൂതകാല അതിക്രമങ്ങളും.
എന്നാല്‍  ഫ്രാന്‍സ് ആധുനികതക്ക് നല്‍കിയ സംഭാവനകള്‍ പറയുമ്പോള്‍ ഈ മുദ്രാവാക്യത്രയത്തെ മാത്രമേ എടുത്തു പറയാറുള്ളൂ. ലിബറലിസത്തിന്റെ ഇരുണ്ട അധോലോകത്തെക്കുറിച്ച കണക്കുകൂട്ടലുകളൊന്നും എവിടെയും കാണാറില്ല. ചരിത്രത്തില്‍ തങ്ങളുടെ അപരന്മാരായി   പ്രതിഷ്ഠിച്ചുവെച്ചവര്‍ക്കെതിരെ അവര്‍ നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത അക്രമങ്ങളെക്കുറിച്ചും എങ്ങും പരാമര്‍ശമില്ല. പക്ഷേ മുസ്ലിംകള്‍ക്ക്, ഫ്രഞ്ചുകാരുടെയും മറ്റുള്ളവരുടെയും കോളനിവത്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും  വംശീയാതിക്രമങ്ങളുടെയും ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരെന്ന നിലക്ക് അതിനെപ്പറ്റി നല്ല ധാരണയുണ്ട്. അതിനാല്‍ തന്നെ, ഒരുപാട് പേരെ സംബന്ധിച്ചേടത്തോളം, ഇസ്ലാമിന്റെ 'പ്രബുദ്ധത'ക്കുവേണ്ടി  മാക്രോണ്‍ നടത്തുന്ന മുറവിളികള്‍ ആ കൊളോണിയല്‍ ചരിത്രത്തിലെ പുതിയൊരു സംഭവവികാസം മാത്രമാണ്.
ഇസ്ലാം പ്രതിസന്ധിയിലാണ് എന്ന മാക്രോണിന്റെ പരാമര്‍ശം ആദ്യം വായിച്ചപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിവന്ന ചോദ്യം ഇതായിരുന്നു; ആരാണ് ഈ 'ഇസ്ലാം?' ആരെങ്കിലും അവരെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ?  'ഇസ്ലാം' എന്ന പദപ്രയോഗത്തെ പ്രബുദ്ധ ലിബറലിസത്തിന്റെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകൊണ്ട് ഒരുപാട് ചര്‍ച്ചകള്‍ നടന്നതുകൊണ്ട് അതിലേക്കിവിടെ കടക്കേണ്ട ആവശ്യമില്ല. ഇനി മാക്രോണിന്റെ പരാമര്‍ശം ഇഴപിരിച്ചു നോക്കാം. യഥാര്‍ഥത്തില്‍ ഇസ്ലാം പ്രതിസന്ധിയിലാണോ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ ആദ്യം ആ പദത്തിന്റെ നിര്‍വചനത്തില്‍നിന്ന് ആരംഭിക്കണം.
ഇസ്ലാം എന്നതുകൊണ്ട് മാക്രോണ്‍ ഉദ്ദേശിച്ചത് വടക്കേ അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും മുസ്ലിംകളെയാണെങ്കില്‍, അവരെ സംബന്ധിച്ചേടത്തോളം മുസ്ലിമായിരിക്കുക എന്നത് ഇത്രയും ആവേശകരമായ മറ്റൊരു സന്ദര്‍ഭം വേറെയുണ്ടാകില്ല. വാസ്തവത്തില്‍,  മാക്രോണും അദ്ദേഹത്തിന്റെ മുന്‍ഗാമികളും  'ഇസ്ലാമി'ന്റെ മറുപക്ഷമായി അവതരിപ്പിക്കുന്ന 'പടിഞ്ഞാറ്' ഉണ്ടല്ലോ, ആ പടിഞ്ഞാറന്‍ നാടുകളിലാണ് മുസ്ലിംകളുമായി ബന്ധപ്പെട്ട അര്‍ഥവത്തായ സംവാദങ്ങള്‍ ഇന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.
ബഹുജന സാക്ഷരതയും വന്‍തോതിലുള്ള പലായനവും ഐ.ടി മേഖലയിലെ (സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെ) വളര്‍ച്ചയുമൊക്കെ ഗ്ലോബല്‍ നോര്‍ത്തിലുള്ള മുസ്ലിംകള്‍ക്കിടയില്‍ ചടുലമായ സംസ്‌കാര, ധൈഷണിക പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്. മുന്‍ തലമുറക്ക് ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ് ആ വളര്‍ച്ച. സര്‍ഗാത്മക പഠനങ്ങളിലും വ്യാഖ്യാനങ്ങളിലും മറുവായനകളിലും ഇത്രയേറെ മുസ്ലിംകള്‍ ഇതിനുമുമ്പ് ഭാഗഭാക്കായിട്ടില്ല. ഇന്നത്തേതുപോലെ മുമ്പെങ്ങും തങ്ങളുടെ പാരമ്പര്യത്തെ ഇത്രയേറെ അവര്‍ പ്രതിനിധാനം ചെയ്തിട്ടുമില്ല.
മുസ്‌ലിം സ്ത്രീകളാവട്ടെ ഒരു വെള്ള ലിബറല്‍ രക്ഷകന്റെയും സഹായമില്ലാതെ തന്നെ പരമ്പരാഗത ആഖ്യാനങ്ങളെയും വ്യാഖ്യാനങ്ങളെയും സദാചാരസംഹിതകളെയും രാഷ്ട്രീയ നിലപാടുകളെയുമൊക്കെ വെല്ലുവിളിക്കുകയും, തങ്ങളുടെ കര്‍തൃത്വം  ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കുകയുമാണ്. കറുത്ത വര്‍ഗക്കാരായ മുസ്‌ലിംകളും ആഫ്രിക്കന്‍ വംശജരായ മുസ്‌ലിംകളും അമേരിക്കയില്‍ നടത്തിയ നീണ്ടകാല പ്രതിരോധ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ നന്നായി രേഖപ്പെട്ടു കിടക്കുന്നുണ്ട്. അവരൊക്കെയും ഇന്ന് സാമൂഹിക നീതിക്കായുള്ള സംഘാടനത്തില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചിരിക്കുന്നു. ദേശരാഷ്ട്രത്തിന്റെ  തടവറ -പോലീസ് യുക്തികള്‍ക്കും അതിക്രമങ്ങള്‍ക്കുമപ്പുറത്ത് ഒരു വിശാലമായ ലോകവീക്ഷണത്തിലേക്ക് ജനങ്ങളെ അവര്‍ ഉദ്ബുദ്ധരാക്കിക്കൊണ്ടിരിക്കുന്നു.
അക്കാദമികവും അനക്കാദമികവുമായ തലങ്ങളില്‍, ചിലപ്പോള്‍ രണ്ടിന്റെയും കൂടിച്ചേരലിലൂടെ ഇംഗ്ലീഷ് ഭാഷയില്‍ ഇസ്ലാമിക വൈജ്ഞാനിക സാഹിത്യത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പണ്ഡിതോചിത വളര്‍ച്ച  ഇസ്ലാം പടിഞ്ഞാറ് പൂത്തുലയുന്നതിന്റെ സാക്ഷ്യമാണ്. ഇംഗ്ലീഷ് ഭാഷയെപ്പറ്റി നമുക്ക് ഇങ്ങനെ പറയാമെന്ന് തോന്നുന്നു; ആദ്യം അതൊരു സാമ്രാജ്യത്തിന്റെ ഭാഷയായിരുന്നു, പിന്നീട് ആ സാമ്രാജ്യത്തിന്റെ പ്രജകളും പിന്‍ഗാമികളും അതിനെ സ്വന്തമാക്കി. ഇപ്പോഴത് ആഗോളവത്കരിക്കപ്പെട്ട് പേര്‍ഷ്യന്‍, മലായ് ഭാഷകളെപ്പോലെ ഒരു 'ഇസ്ലാമിക' ഭാഷയായി രൂപാന്തരപ്പെട്ടിരിക്കുന്നു.
9/11-ന് തൊട്ടുടനെ മുസ്‌ലിംകള്‍ക്ക്, പ്രത്യേകിച്ച് അമേരിക്കയില്‍ 'അമേരിക്കന്‍ വ്യതിരിക്തതാ' (American Exceptionalism) മിത്തിനോട് ചേര്‍ന്നു നിന്ന് തങ്ങളെ ശുദ്ധ ദേശഭക്തരായി അവതരിപ്പിക്കേണ്ടിവന്നിരുന്നു. തങ്ങള്‍ അഞ്ചാം പത്തിക്കാരെന്ന് സംശയിക്കപ്പെടാതിരിക്കാന്‍ അത് ആവശ്യമായിരുന്നു. കുറേക്കാലമായി മുസ്ലിംകള്‍ തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ 'മേശയില്‍ ഒരിടം' തേടി നടക്കുകയായിരുന്നു. ഇന്ന് മുസ്‌ലിം സമുദായം തങ്ങളുടെ സമയം മേശയില്‍ ഇടം തേടുന്നതിനല്ല, സ്വന്തമായി മേശകള്‍ ഉണ്ടാക്കുന്നതിനാണ് കൂടുതലായും ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമോഫോബിയയുടെ പേരില്‍ അഴിച്ചുവിടപ്പെടുന്ന പലതരം ഹിംസകളെക്കുറിച്ച് സ്പഷ്ടമായ ബോധ്യം ഇന്നവര്‍ക്കുണ്ട്. അത്തരമൊരു അവബോധം പൊതുസമൂഹത്തിന് പകര്‍ന്നുനല്‍കാനും അവര്‍ക്ക് കഴിയുന്നു. ഈ ഹിംസകളാണ് മുസ്‌ലിംകള്‍ ആഗോളതലത്തില്‍ അന്യവത്കരിക്കപ്പെടുന്നതിനും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനും അവര്‍ സദാ നിരീക്ഷിക്കപ്പെടുന്നതിനും  മുഖ്യപങ്ക് വഹിക്കുന്നതെന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. അമേരിക്ക, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന ഭരണകൂട ഹിംസയെയും വെല്ലുവിളിക്കുക എന്നത് അതില്‍ ഉള്‍പ്പെടുക  സ്വാഭാവികമാണല്ലോ.
ബ്ലാക്, തദ്ദേശീയ, മാര്‍ക്‌സിസ്റ്റ്, ഫെമിനിസ്റ്റ്  പാരമ്പര്യങ്ങള്‍ (ഇവ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു) ലോകക്രമത്തിനു മേല്‍ അധീശത്വം നേടിയ വംശീയ മുതലാളിത്തത്തെയും സവര്‍ണ മേല്‍ക്കോയ്മയെയും  വെല്ലുവിളിക്കുന്ന പോലെ, അമേരിക്കകളില്‍നിന്ന് മൊറോക്കോ വരെയും പിന്നെ ഇന്തോനേഷ്യ വരെയും  വ്യാപിച്ചുകിടക്കുന്ന ആയിരത്തിനാനൂറിലധികം വര്‍ഷത്തെ മഹിത  ഇസ്ലാമിക പൈതൃകത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മുസ്‌ലിം സമൂഹത്തിനും അതിന്റേതായ ക്രിയാത്മക വിമര്‍ശങ്ങള്‍ മുന്നോട്ടു വെക്കാനുണ്ട്.  ഈ വൈവിധ്യതയും പരപ്പും മുസ്‌ലിം സമൂഹത്തിന്റെ നിശ്ചലതയെയോ പിന്നാക്കാവസ്ഥയെയോ അല്ല, അതിന്റെ ഊര്‍ജസ്വലതയെയും സമ്പന്നതയെയുമാണ് കുറിക്കുന്നത് എന്നാണ് ഞാന്‍ വാദിക്കുന്നത്.
ഇനിയൊരു പക്ഷേ മാക്രോണ്‍ 'ഇസ്ലാം' എന്നതുകൊണ്ട് അര്‍ഥമാക്കിയത്  മുസ്ലിം ലോകത്തെ തന്നെയാണോ?
നിസ്സംശയം, 'മുസ്ലിം ലോകം' (ഇങ്ങനെയൊരു വര്‍ഗീകരണം പ്രശ്‌നസങ്കീര്‍ണമായതുകൊണ്ടാണ് അത് ഉദ്ധരണി ചിഹ്നങ്ങള്‍ക്കകത്ത് കൊടുത്തത്) സംഘര്‍ഷത്തിലാണ്. അറബ് വസന്തം സമ്മിശ്ര ഫലങ്ങളാണ് നല്‍കിയത്.  സിറിയയിലും ലിബിയയിലും യമനിലും അതിന്റെ ആഘാതങ്ങള്‍ ഏറെ മാരകമായിരുന്നു. ഫലസ്ത്വീനും കശ്മീരുമൊന്നും ശാന്തമല്ല. തുര്‍ക്കിയിലും പാകിസ്താനിലുമൊക്കെ വലതു ദേശീയവാദ പ്രസ്ഥാനങ്ങള്‍ രാജ്യം കൈവശപ്പെടുത്തുകയോ ശക്തിയാര്‍ജിക്കുകയോ ചെയ്യുന്നുണ്ട്.
ഇറാനില്‍ ഗവണ്‍മെന്റിനെതിരെ ശബ്ദിക്കുന്നവര്‍ അഴിക്കുള്ളിലാണ്. പശ്ചിമേഷ്യയിലെ ഏകാധിപതികള്‍ സാമൂഹിക പുരോഗമനവാദത്തിന്റെ മറപിടിച്ച് രാഷ്ട്രീയ അവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇറാഖും അഫ്ഗാനിസ്താനും അമേരിക്കയുടെ അവസാനമില്ലാത്ത യുദ്ധങ്ങളുടെ നടുവില്‍ അസംഖ്യം അധികാര വടംവലികളുടെ കുരുക്കിലാണ്. ബാള്‍ക്കന്‍ ജനത ബോസ്നിയന്‍ വംശഹത്യയിലേക്ക് നയിച്ച അതേ 'മണ്ണിന്റെ മക്കള്‍' വാദത്തിന്റെ ആവര്‍ത്തനം മുന്നില്‍ കണ്ടുകൊണ്ടാണ് ജീവിക്കുന്നത്. ഇതേസമയം തന്നെ മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളും ഷിന്‍ജ്യാങില്‍ ഉയ്ഗൂര്‍ മുസ്ലിംകളും വംശഹത്യ നേരിട്ടുകൊണ്ടിരിക്കുന്നു.
ഇത്തരം  പ്രതിസന്ധികളില്‍ പലതും പരസ്പരം തള്ളിക്കയറി നില്‍ക്കുന്നവയാണ്.  ഇവയൊക്കെയും ചില പ്രത്യേക ചരിത്ര സന്ദര്‍ഭങ്ങളുടെ പ്രത്യാഘാതങ്ങള്‍ കൂടിയുമാണ്.  ആഴത്തിലുള്ള വിശകലനങ്ങള്‍ അതാവശ്യപ്പെടുന്നുണ്ട്. അത് ഈ ലേഖനത്തിന്റെ പരിധിക്കു പുറത്തുമാണ്. ഈ പ്രതിസന്ധികളെ രൂപപ്പെടുത്തിയ ഘടകങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍തന്നെ വ്യക്തമാകും, ഇത്തരം സങ്കീര്‍ണതകളെ 'ഇസ്ലാം പ്രതിസന്ധിയില്‍' എന്ന ഒരു പൊതു വ്യവഹാര ഭൂമികയിലേക്ക് കൊണ്ടുവരിക ഒട്ടും അഭികാമ്യമല്ല എന്ന്. ആ വാദം, 'മുസ്‌ലിം ലോക'ത്തെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ച സങ്കീര്‍ണ ചരിത്രങ്ങളെ മറച്ചുപിടിക്കാനുള്ള ഒരു യത്‌നം മാത്രമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്, അറബ് വസന്തത്തിന്റെ ആത്മാവ് ഇപ്പോഴും സജീവമാണെന്ന വസ്തുതയാണ്. അതിന്റെ കരുത്ത് ചോര്‍ന്നുപോയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇറാഖിലും അള്‍ജീരിയയിലും സുഡാനിലും ലബനാനിലുമൊക്കെ അത് വ്യാപിക്കുകയുണ്ടായി. നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി നടത്തിപ്പോരുന്ന പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് മറ്റിടങ്ങളിലും അറുതിയായിട്ടില്ല. തുര്‍ക്കിയിലും പാകിസ്താനിലും ഇറാനിലും വിവേചനങ്ങള്‍ക്കും പുരുഷാധിപത്യത്തിനും ഭരണകൂട അതിക്രമങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങള്‍ തുടരുന്നു. 
ഇന്ത്യന്‍ മുസ്‌ലിംകളാവട്ടെ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും വലിയ ജനാവലിയെയാണ്  തെരുവുകളിലിറക്കിയത്. ലോകം ഉയ്ഗൂര്‍ ജനതയുടെ വേദനകള്‍ കണ്ടില്ലെന്നു നടിച്ചിട്ടും അവിടത്തെ പോരാളികള്‍ നിശ്ശബ്ദരായില്ല.
ഈ പോരാട്ടങ്ങളില്‍ നീതി ലഭ്യമാവുമോ എന്നല്ല, എപ്പോള്‍ ലഭ്യമാവും എന്നേ ചോദിക്കേണ്ടതുള്ളു. ലോകം അതിന്റെ ഏറ്റവും വൃത്തികെട്ട മുഖം പുറത്തു കാണിക്കുന്ന ഈ ഘട്ടത്തില്‍, എല്ലാ പ്രതിബന്ധങ്ങളും വകഞ്ഞുമാറ്റി മുസ്‌ലിം ജനതയും അവരുടെ സഖ്യകക്ഷികളും തങ്ങളുടെ ഏറ്റവും മികച്ചതാണ് ലോകത്തിന് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്.  ഫറോവയുടെ മുന്നില്‍ മുസ്‌ലിംകള്‍ മൂസയാവും.
അവഗണിക്കപ്പെടുന്ന മറ്റൊരു വശം, തങ്ങള്‍ എതിര്‍ക്കുന്നു എന്ന് അമേരിക്കന്‍-ഫ്രഞ്ച് ലിബറല്‍ ഭരണകൂടങ്ങള്‍ അവകാശപ്പെടുന്ന ഒട്ടും ലിബറല്ലാത്ത അടിച്ചമര്‍ത്തലുകളെ അവര്‍ സ്വയം തന്നെ സ്വാംശീകരിക്കുന്നു എന്നതാണ്. ലോകത്തുള്ള മുഴുവന്‍ ഏകാധിപത്യ ഭരണകൂടങ്ങളുടെയും ഉറ്റ തോഴന്മാരാണ് അമേരിക്കയും ഫ്രാന്‍സും.  ഒരു വിമര്‍ശനവും ഇവര്‍ക്ക് അമേരിക്കന്‍, യൂറോപ്യന്‍ കൂട്ടുകെട്ടില്‍നിന്ന് പേടിക്കേണ്ടതില്ല. അവരുടെ സകല രക്ഷകര്‍തൃത്വവും ഈ ഏകാധിപതികള്‍ക്ക് സ്വന്തം. ആയുധങ്ങളും അവര്‍ യഥേഷ്ടം എത്തിച്ചുകൊടുക്കും. പടിഞ്ഞാറിന്റെ പ്രത്യക്ഷ ശത്രുവായ ഇറാന്റെ കാര്യം തന്നെ എടുക്കുക. അമേരിക്കയുടെ കടുത്ത ഉപരോധങ്ങളും ഇറാന്റെ പരമാധികാരത്തിനെതിരെ അത് ഉയര്‍ത്തുന്ന ഭീഷണികളും ഇറാനിയന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയാംഗീകാരവും നിയമാനുസൃതത്വവും നേടിക്കൊടുത്ത് അവരെ സഹായിക്കുകയാണ് ചെയ്യുന്നത്.
നോക്കൂ, അമേരിക്കന്‍ - ഫ്രഞ്ച് യുദ്ധവിമാനങ്ങളും കോര്‍പ്പറേറ്റുകളും അതിര്‍ത്തികള്‍ കടന്നുകയറുന്നു ഒരു വശത്ത്; മറുവശത്ത് അഭയാര്‍ഥികള്‍ കൂട്ടത്തോടെ പുറത്തേക്കൊഴുകുന്നു. ഇത് എന്തൊരു തരം ലിബറലിസമാണെന്ന് നമുക്ക് ചോദിക്കേണ്ടിവരും. ഈ ലിബറലിസത്തിന്റെ മുന്നേറ്റം ലിബറല്‍ വിരുദ്ധ ഭരണകൂടങ്ങളെയും അവയുടെ നയങ്ങളെയും അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയിരുന്ന കൊളോണിയല്‍ ചൂഷണങ്ങള്‍ പുതിയ കാലത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, കൊളോണിയലാനന്തര കാലത്ത് അന്തര്‍ദേശീയ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും  നടത്തുന്ന വെട്ടിപ്പിടിത്തങ്ങളായും ഉപരോധങ്ങളായും ഭീഷണികളായും നമുക്കവയെ വായിക്കാനാവും.
തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ അഭൂതപൂര്‍വമായ മുന്നേറ്റം നടത്തുകയും, ഭരണ സ്ഥാപനങ്ങള്‍ തകര്‍ന്ന് ദുര്‍ബലമാവുകയും, അസമത്വങ്ങള്‍ ഭീമാകാരരൂപം കൈക്കൊള്ളുകയും,  കാലാവസ്ഥാ ദുരന്തങ്ങള്‍ മഹാ ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇവര്‍ക്കൊക്കെ പറയാനുള്ളത് എന്താണെന്നു നോക്കൂ - ഇസ്‌ലാമും മുസ്‌ലിംകളുമൊക്കെ ഭയങ്കര പ്രതിസന്ധിയിലാണെന്ന്! നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ പരസ്പരബന്ധിതമാണെന്ന് മനസ്സിലാക്കണം. പ്രതിസന്ധിയുടെ ഏക വിശകലന യൂനിറ്റ് അല്ലെങ്കില്‍ വിശദീകരണ ഘടകം 'ഇസ്‌ലാം' ആണെന്ന് പറയുന്നത് അങ്ങേയറ്റം ദുര്‍ബലം എന്നേ പറയേണ്ടൂ.
ജഞാനോദയത്തില്‍നിന്ന് പിറവിയെടുക്കുകയും സ്വാതന്ത്ര്യവും സമത്വവും സ്വയംഭരണവും മുന്നോട്ടു വെക്കുകയും ചെയ്തിരുന്ന ലിബറലിസം എന്ന രാഷ്ട്രീയ തത്ത്വചിന്തയാണ് യഥാര്‍ഥത്തില്‍ പ്രതിസന്ധി നേരിടുന്നത്. ആ ആശയത്തിന്റെ ഉറവിടം  യൂറോപ്പ് മാത്രമാണെന്ന് പറയാന്‍ കഴിയില്ല. കാരണമത് ഒട്ടനവധി യൂറോപ്യനേതര പാരമ്പര്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ലോകത്ത് അധീശത്വം നേടിയിരിക്കുന്നത് അതിന്റെ യൂറോപ്യന്‍ ധാരയാണ്. ഇടത് കാഴ്ചപ്പാടില്‍, ലിബറലിസം കെട്ടിപ്പടുത്തിരിക്കുന്നത് അതിന്റെ 'ചരിത്രപരമായ അപരര്‍'ക്കു മേല്‍ നടത്തിയ വംശീയവും ഹിംസാത്മകവുമായ ചൂഷണങ്ങളുടെ പുറത്താണ്. ആ കടുത്ത ഇടത്പക്ഷ വിമര്‍ശകരില്‍ പ്രധാനികളാണ്  അമേരിക്കന്‍ തത്ത്വചിന്തകനായ കോര്‍ണല്‍ വെസ്റ്റും ഇന്ത്യന്‍ എഴുത്തുകാരനായ പങ്കജ് മിശ്രയും. തങ്ങള്‍ ചെയ്ത പാപങ്ങള്‍ തങ്ങള്‍ തന്നെ അനുഭവിച്ചിടാതെ വരുമോ എന്നു പറഞ്ഞ പോലെയാണ് ലിബറല്‍ സ്റ്റേറ്റുകളുടെ നില എന്നാണ് അവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.  കാരണം അവര്‍ ലോകജനതക്കു മേല്‍ നടത്തിയ ഹിംസകളെല്ലാം   മറനീക്കി പുറത്തുവന്നിരിക്കുന്നു. അവര്‍ തുന്നിവെച്ചിരിക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂടുപടം കൊണ്ട് അതിനെ ഇനി മറച്ചുവെക്കുക അസാധ്യമാണ്.  ഇടതുപക്ഷ വിമര്‍ശകര്‍ ലിബറലിസം മുന്നോട്ടു വെക്കുന്ന സ്വാതന്ത്ര്യത്തെ വിലമതിക്കുമെങ്കിലും, ലിബറലിസത്തിന്റെ വലതുപക്ഷ വിമര്‍ശകരായ  പാട്രിക് ഡെനീന്‍, അഡ്രിയാന്‍ വെര്‍മ്യൂള്‍ പോലെയുള്ള അമേരിക്കന്‍ പണ്ഡിതന്മാര്‍ അതിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. എല്ലാ അര്‍ഥത്തിലും മാനവികസമൂഹത്തെ സാമുദായിക, സാമൂഹിക പ്രതിബദ്ധതയില്‍നിന്ന് തടയിടുന്ന ഇടുങ്ങിയതും വീര്‍പ്പുമുട്ടിക്കുന്നതുമായ ഒരു പ്രത്യയശാസ്ത്രമായിട്ടാണ് അവരതിനെ നോക്കിക്കാണുന്നത്. ഇടതുപക്ഷവും വലതുപക്ഷവും പരിഹാര നടപടികളില്‍ വിയോജിക്കുമെങ്കിലും, ലിബറലിസത്തിന്റെ കണക്കെടുക്കാനുള്ള സമയമായി എന്ന് ഇരുകൂട്ടര്‍ക്കും നല്ല ബോധ്യമുണ്ട്. ലിബറലിസത്തിന്റെ പാലക പുണ്യവാളനായ അമേരിക്കന്‍ രാഷ്ട്രമീമാംസകന്‍ ഫുകുയാമ പോലും അപായ മണി മുഴക്കിത്തുടങ്ങിയിരിക്കുന്നു.
ലോകത്തെ പ്രതിസന്ധിയുടെ ഉച്ചിയില്‍ കൊണ്ടെത്തിച്ച ലിബറലിസത്തിന്റെ ചാമ്പ്യന്മാര്‍, തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അന്ത്യദിനം എണ്ണിക്കഴിയുമ്പോഴും നാശം വിതച്ച ഈ ഫോര്‍മുലയെ ന്യായീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ലിബറലിസം സമ്മാനിച്ച സ്വാതന്ത്ര്യം തങ്ങളുടെ അധ്വാനഫലമാണെന്ന് വാദിക്കുന്നവര്‍, അതിനെ നിലനിലര്‍ത്താന്‍ അവര്‍ സ്വീകരിച്ച അലിബറലിസ(Illiberalism)ത്തിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയാറാവുന്നുമില്ല. ലിബറലിസത്തിന്റെ നേട്ടങ്ങള്‍ -സ്വാതന്ത്ര്യം, സമത്വം, സ്വയംഭരണം - ഇതൊക്കെയും തങ്ങള്‍ക്ക്, ലിബറലിസത്തിന്റെ പരാജയങ്ങള്‍ - ആഗോള അസമത്വത്തിലേക്ക് വഴിവെച്ച നൂറ്റാണ്ടുകളുടെ ചൂഷണം, പരിസ്ഥിതി ദുരന്തങ്ങള്‍ പോലെയുള്ളവ - അതൊക്കെയും നമ്മുടെ എല്ലാവരുടെയും തലയിലേക്കും!
ബ്രിട്ടീഷ് നരവംശ ശാസ്ത്രജഞനായ തലാല്‍ അസദിന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം: 'വല്ലാത്തൊരു വിരോധാഭാസം തന്നെയാണിത്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം വരെ (അതിനു ശേഷമല്ല) യൂറോപ്യന്‍ / ക്രിസ്ത്യന്‍ നാഗരികത വിജയാഹ്ലാദം മുഴക്കിയിരുന്നത്, തങ്ങളാണ് ആധുനിക ലോകത്തിന്റെ സ്രഷ്ടാക്കള്‍ എന്നാണ്. ഇന്ന് വളരെ ഭീഷണമായ ഒരു ഭാവി മുമ്പില്‍ കാണുമ്പോള്‍ ആളുകള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു, മാനവ സമൂഹത്തിന്റെ സ്വയം നശീകരണത്തെക്കുറിച്ച്. ഈ ഭീഷണമായ ഭാവി സൃഷ്ടിച്ചതില്‍ വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മിലിറ്ററി കരിയറിസ്റ്റുകള്‍ക്കും ബാങ്കര്‍മാര്‍ക്കും ആയുധക്കച്ചവടക്കാര്‍ക്കുമുള്ള അതേ പങ്കാണ് പാവപ്പെട്ടവരായ കര്‍ഷകര്‍ക്കും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിനുമുള്ളത് എന്ന മട്ടില്‍!' കൊളോണിയല്‍വിരുദ്ധ തത്ത്വചിന്തകനായ ഫ്രന്‍സ് ഫനന്‍ പേരിട്ട് വിളിച്ച 'ഭൂമിയുടെ ഈ അധഃസ്ഥിതര്‍'ക്ക് ഒരിക്കലും ലിബറലിസത്തിന്റെ നേട്ടങ്ങളുടെ ഖ്യാതി ചാര്‍ത്തി നല്‍കുന്നില്ല. അത് ഉല്‍പ്പാദിപ്പിച്ച   വിഷങ്ങള്‍ക്ക് അവര്‍ മറുപടി പറയേണ്ടവരുമാണ്. എന്തുകൊണ്ട്?
ഇസ്ലാമിനെക്കുറിച്ചോര്‍ത്ത് മാക്രോണ്‍ വിയര്‍ക്കേണ്ടതില്ല. മുസ്‌ലിംകള്‍ അസംഖ്യം പ്രതിസന്ധികളെ തരണം ചെയ്തിട്ടുണ്ട്. ഇനിയും അങ്ങനെത്തന്നെയായിരിക്കും. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഒരുപോലെ ഭീഷണിയായ ആഗോളപ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍, മനുഷ്യരാശിയെക്കുറിച്ച് വിശാലമായി ചിന്തിക്കുന്നവരെല്ലാം ഒന്നിച്ചിരിക്കേണ്ട സമയമാണിത്.  നമുക്ക് പരസ്പരം ആശ്രയിക്കാം,  തുറന്ന മനസ്സോടെയും സഹാനുഭൂതിയോടെയും പരസ്പരം കേള്‍ക്കാം.
ഇനി, ഈ 'ഇസ്ലാമി'ന് ലിബറലിസം നേരിടുന്ന പ്രതിസന്ധികളെ ചെറുക്കാന്‍ ചിലതൊക്കെ സംഭാവന ചെയ്യാന്‍ കഴിയില്ലെന്ന് ആരുകണ്ടു! 

(വിദ്യാഭ്യാസ വിചക്ഷണനും കൊളംബിയ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസില്‍ വിദ്യാര്‍ഥിയുമാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്