Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

ഫ്രഞ്ച് റിപ്പബ്ലിക്കിന് ഭീഷണിയാകുന്ന സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഇസ്‌ലാമോഫോബിയ

ഫ്രാന്‍സ്വാ ബുര്‍ഗ

കോണ്‍ഫ്‌ലാ സെന്റ് ഒരീനില്‍ തന്റെ സ്‌കൂളിന്റെ മുന്നില്‍ വെച്ച് സാമുവല്‍ പാറ്റി എന്ന ചരിത്ര അധ്യാപകനെ കഴുത്തറുത്തു കൊന്ന നടുക്കുന്ന സംഭവത്തിനു ശേഷം ഫ്രാന്‍സില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? സംഭവത്തോട് ഫ്രഞ്ച് ഭരണകൂടത്തില്‍നിന്നുണ്ടാവുന്ന പരിധിവിട്ട പ്രതികരണങ്ങള്‍ തന്നെയാണ് ആ ക്രൂരകൃത്യം ചെയ്ത ഭീകരന്മാര്‍ പ്രതീക്ഷിച്ചിരുന്നതും. അത്തരം വഴിതെറ്റിയ പ്രതികരണങ്ങള്‍ തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഭരണകൂടം ഭീകരന്മാരുടെ കൈയിലെ കളിപ്പാവയാവുകയും 'മനുഷ്യാവകാശങ്ങളുടെ ഫ്രാന്‍സ്' അപകടം നിറഞ്ഞ കളത്തിലേക്ക് ചെന്നെത്തുകയും ചെയ്യും. ഇപ്പോള്‍ നമുക്ക് വളരെ കൃത്യമായി മനസ്സിലായിവരുന്ന ഒരു കാര്യമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം മുഖ്യമായും പ്രചോദനമാവുന്നത് താനും രാജ്യത്തെ വലത് തീവ്രപക്ഷവും തമ്മില്‍ നടക്കാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് യുദ്ധമാണ്.
മുസ്‌ലിംകളെക്കുറിച്ച സംശയത്തില്‍നിന്ന്, ഭീതിയില്‍ നിന്ന്, അറിവില്ലായ്മയില്‍നിന്ന് ഉടലെടുക്കുന്ന ഇസ്‌ലാമോഫോബിക് ജല്‍പ്പനങ്ങള്‍ ഒരു കാലത്ത് തീവ്ര വലത് പക്ഷത്തിന്റേതു മാത്രമായിരുന്നു. പിന്നെയവര്‍ ഈ വിടുവായത്തങ്ങള്‍ക്ക് ഭരിക്കുന്ന യാഥാസ്ഥിതിക പാര്‍ട്ടികള്‍ക്കിടയില്‍ വന്‍പ്രചാരം നല്‍കി. ഇപ്പോള്‍ മൊത്തം സെക്യുലര്‍ (lacist) ഇടതു പക്ഷത്തിനും ഈ രോഗബാധയേറ്റിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക എന്നതിനേക്കാള്‍ ഭീഷണമായ ഒരു ചരിത്ര പരാജയമായി ഈ സ്ഥിതിവിശേഷത്തെ കാണേണ്ടിവരും.
ഇസ്‌ലാംപേടിയുടെ ഇടതുപക്ഷ മാതൃക എന്ന ഈ വിരോധാഭാസം കുറച്ചു കാലമായി ഒരു 'ഹാസ്യ' വാരികയുടെ മുഖമുദ്രയായിരുന്നു. അതിന്റെ ഡി.എന്‍.എ എന്നു പറയുന്നത് പൊതുജനത്തെ പ്രകോപിപ്പിക്കലാണ്. പിന്നെയവര്‍ ഇസ്‌ലാമോഫോബുകളായ ഇടതു ശക്തികളുമായി കൈകോര്‍ത്തു. സ്‌കൂള്‍ അധ്യാപകന്റെ കൊലപാതകത്തിനു ശേഷം ഫ്രഞ്ച് ഭരണകൂടം തന്നെ അതിന്റെ സകലവിധ സംവിധാനങ്ങളുമായി ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.
നേരത്തേ പറഞ്ഞ വാരികയില്‍ വന്നുകൊണ്ടിരിക്കുന്നത് അറുവഷളന്‍ കാര്‍ട്ടൂണുകളാണ്. അവയില്‍ എന്തെങ്കിലും പൊരുളോ നര്‍മമോ ഇല്ല. പൊതു സമൂഹത്തില്‍ ഏറ്റവും കൂടുതലായി പരിക്കേല്‍ക്കുന്ന, ഏറ്റവും കുറഞ്ഞ രാഷ്ട്രീയ പ്രതിനിധാനമുള്ള ഒരു വിഭാഗത്തെ (മുസ്ലിംകളെ) താഴ്ത്തിക്കെട്ടുക, അപഹസിക്കുക, മാനം കെടുത്തുക എന്ന ലക്ഷ്യമേ ആ കാര്‍ട്ടൂണുകള്‍ക്കുള്ളൂ. അതാണിപ്പോള്‍ ഫ്രഞ്ച് ഭരണത്തലവനും സകല 'ലയ്‌സിസ്റ്റ് - റിപ്പബ്ലിക്' വരേണ്യന്മാരും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മഹിത പ്രമാണം പോലെ ഏറ്റെടുത്തിരിക്കുന്നത്. മുസ്‌ലിം വിശ്വാസികളെ മുഴുവന്‍ യാതൊരു വിവേചനവുമില്ലാതെ ദുഷിച്ചു പറഞ്ഞുകൊണ്ടുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ വായ്ത്താരികള്‍ ആധികാരിക ഫ്രഞ്ച് റിപ്പബ്ലിക്കന്‍ മൂല്യ പ്രഘോഷണമായി ഉയര്‍ത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഈ വായ്ത്താരികളൊക്കെ മൊത്തമായി കടമെടുത്തിരിക്കുന്നത് 'റിപ്പബ്ലിക്കന്‍ വസന്തം' എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം വിളിക്കപ്പെടുന്ന ഒരു തലതിരിഞ്ഞ ഗ്രൂപ്പില്‍നിന്നാണ്. തോറ്റുപോയ ചില ഇടതു പക്ഷക്കാരെയും നിങ്ങള്‍ക്കവിടെ കാണാം. ഫ്രഞ്ച് മതേതരത്വത്തെ രക്ഷിക്കാനെന്ന പേരില്‍ (യഥാര്‍ഥത്തില്‍ അവരതിനെ വികലമാക്കുകയാണ്) കടുത്ത വിഭാഗീയ ആശയങ്ങളും ക്ലീഷേകളുമാണ് അവര്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ ആശയങ്ങളൊക്കെ ഒരു കാലത്ത് അവരുടെ ബദ്ധവൈരികളായ തീവ്ര വലതു പക്ഷക്കാര്‍ പ്രചരിപ്പിച്ചിരുന്നതാണു താനും.
ബര്‍നാഡ് ലൂയിസിന്റെ തിയറികളും (ഇദ്ദേഹമാണ് 'നാഗരികതകളുടെ സംഘട്ടന'ത്തിന്റെ ഉപജ്ഞാതാവ്. അമേരിക്കയിലെ നവയാഥാസ്ഥിതികര്‍ക്കിടയില്‍ വളരെ സ്വീകാര്യനുമാണ്) ഗില്‍സ് കെപലിന്റെയും അയാളുടെ സുഹൃത്ത് ബെര്‍നാഡ് റോഗ്യറുടെയും മുനവെച്ച സംസാരങ്ങളുമൊക്കെ ഫ്രഞ്ച് റിപ്പബ്ലിക്കന്‍ നിന്ദയുടെ മുസ്‌ലിം-അമുസ്‌ലിം ലക്ഷ്യങ്ങളെ വളരെ നാടകീയമായി വിപുലപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഫ്രഞ്ച് റിപ്പബ്ലിക് തന്നെ പരസ്പരവിരുദ്ധമായ, ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഇത്തരം തിയറികള്‍ക്ക് വിശ്വാസ്യത പകരുന്നു. അവരുടെ ഒരു പ്രയോഗം നോക്കൂ; 'ഇസ്‌ലാമിസ്റ്റ് ആവാസ വ്യവസ്ഥ' (Islamist Ecosystem)! എല്ലാവര്‍ക്കും പ്രവേശനമില്ലാത്ത ഇടങ്ങള്‍ (no-go-zones) എന്ന മട്ടിലുള്ള ചില അശാസ്ത്രീയ മിത്തുകള്‍ പ്രചരിപ്പിക്കാറുണ്ടല്ലോ, അതു പോലെ ഒന്നാണ് ഇതും. ഇത് യഥാര്‍ഥത്തില്‍ 'യൂറോപ്പിന്റെ ഇസ്‌ലാമികവല്‍ക്കരണം' എന്ന പ്രോപഗണ്ടയുടെ പുതിയ ഭാഷ്യം മാത്രമാണ്. ഈ തിയറികള്‍ അനുസരിച്ച്, ഒരു 'കണ്‍വെയര്‍ ബെല്‍റ്റ്' പോലെ ഈ 'ആവാസ വ്യവസ്ഥ'യെ നിയന്ത്രിക്കുന്നത് 'ഇസ്‌ലാമിസ്റ്റുകള്‍' ആയിരിക്കും. ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരപ്രാന്തങ്ങളിലും മറ്റുമായിരിക്കും അവര്‍ കേന്ദ്രീകരിക്കുക. 'ജിഹാദിസത്തെ മുളപ്പിച്ചെടുക്കുന്ന ഇടങ്ങള്‍' ആയിരിക്കും ഇവ. റിപ്പബ്ലിക്കിന് അകത്തു തന്നെയുള്ള ഇത്തരം 'വളച്ചുകെട്ടിയ ഇടങ്ങള്‍' (Enclaves) ഉല്‍പ്പാദിപ്പിക്കുന്ന ഹിംസാത്മക തീവ്രവാദം, തങ്ങളുടെ മത-സാംസ്‌കാരിക സ്വത്വങ്ങളില്‍ ദൃശ്യത വേണമെന്ന് ആഗ്രഹിക്കുന്ന മുസ്‌ലിംകളെയും പ്രതിപക്ഷ രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന മുസ്‌ലിംകളെയും പിറകില്‍നിന്ന് തള്ളിക്കൊണ്ടിരിക്കും. ഇങ്ങനെ പോകുന്നു തിയറികള്‍.
                
ഭയവും ഉത്കണ്ഠയും
പതിറ്റാണ്ടുകളായി ഫ്രഞ്ച് രാഷ്ട്രീയ -മീഡിയ വ്യവഹാരങ്ങളില്‍ നിറഞ്ഞാടുന്ന കുറേ ക്ലീഷെ പ്രയോഗങ്ങളുണ്ട്. 'ഇസ്‌ലാമിസ്റ്റ് നോ-ഗോ - സോണുകള്‍', 'ഫ്രഞ്ച് റിപ്പബ്ലിക്കിന് നഷ്ടപ്പെട്ട പ്രദേശങ്ങള്‍' പോലുള്ളവ. ഇതിനു പിന്നിലെ സത്യമെന്താണെന്ന് ഇപ്പോള്‍ ശരിക്കും തുറന്നുകാട്ടപ്പെട്ടിട്ടുണ്ടെങ്കിലും, അത്തരം ക്ലീഷേകള്‍ മുതലെടുത്തുകൊണ്ടു തന്നെയാണ് റോഗിയറിനെയും കെപലിനെയും പോലുള്ള ബുദ്ധിജീവികള്‍ പാശ്ചാത്യ ദേശത്ത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഇങ്ങനെയൊരു 'ഇസ്‌ലാമിക ചിന്താധാര'യെ പ്രതിനിധീകരിക്കുന്നത്. ഫ്രഞ്ച് റിപ്പബ്ലിക് ഒരു അസ്തിത്വ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് എന്ന് വരുത്തിത്തീര്‍ത്ത് ഭയവും ഉത്കണ്ഠയും ജനിപ്പിക്കുകയാണവര്‍. അതിന് ഉതകുന്ന ഏറ്റവും പുതിയ കുറേ ഇസങ്ങളും അവര്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ജിഹാദിസം, ഇസ്‌ലാമിസം, എക്‌സ്ട്രീമിസം, കമ്യൂണിനിറ്റേറിയനിസം എന്നിങ്ങനെ.... ഏറ്റവും ഒടുവിലായി ഇതാ 'ഇസ്‌ലാമിസ്റ്റ് സെപറേറ്റിസം!'
ഇവര്‍ കൊട്ടിഘോഷിക്കുകയും പെരുപ്പിച്ചു പറയുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെ അളക്കാനും കണ്ടെത്താനുമുള്ള സ്ഥിതിവിവരക്കണക്ക് തേടിപ്പോയാലോ നമുക്ക് മുന്നില്‍ പൂര്‍ണ ശൂന്യത തന്നെയായിരിക്കും. ചില കഥകളും കേട്ടുകേള്‍വികളും മാത്രമാണ് ഇവരുടെ കൈവശം ആകെക്കൂടിയുള്ളത്. ഉത്കണ്ഠയും ഭീതിയും ജനിപ്പിക്കുന്ന ഈ ബുദ്ധിജീവികളുടെ വായ്ത്താരികള്‍ യഥാര്‍ഥത്തില്‍ ഫ്രഞ്ച് റിപ്പബ്ലിക് മാത്രമല്ല, ആ ജനത തന്നെയും ചലനമറ്റുപോയതിന്റെ തെളിവാണ്.  ചലന ശേഷി നഷ്ടപ്പെട്ടതിന്റെ പ്രത്യാഘാതങ്ങള്‍ വിദേശത്തു നിന്ന് പ്ലാന്‍ ചെയ്യുന്ന 'ഇസ്‌ലാമിക് അധിനിവേശ'ത്തേക്കാള്‍ എത്രയോ കൂടുതലായിരിക്കുമെന്ന് ഓര്‍ക്കുക. ഫ്രാന്‍സിലെ ഭരണയന്ത്രം മുസ്‌ലിംകളെ അവഹേളിക്കുന്നതും അരിക്‌വല്‍ക്കരിക്കുന്നതുമാണ് പാരീസിന്റെ പ്രാന്തങ്ങളില്‍ മുസ്‌ലിം ഗെറ്റോകള്‍ ഉണ്ടായിവരുന്നതിനുള്ള ഒരു പ്രധാന കാരണമെന്ന് ഇവര്‍ അംഗീകരിക്കുമെങ്കിലും അത്തരം കാര്യങ്ങളൊന്നുമല്ല അവര്‍ ലക്ഷ്യം വെക്കുന്നത്.

മൂലകാരണങ്ങള്‍
ഇതിന്റെ പ്രത്യക്ഷ ഫലമെന്നോണം, മുഖ്യധാരാ സമൂഹത്തില്‍നിന്നും ദേശീയ ചുറ്റുപാടില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ട പ്രതി - സംസ്‌കാരങ്ങള്‍ (അവ മതകീയമോ അല്ലാത്തതോ ആവാം) ചിലപ്പോള്‍ അത്തരം അവഗണിക്കപ്പെട്ട വിഭാഗങ്ങളിലും തെരുവുകളിലും ഉയര്‍ന്നുവരാം. പക്ഷേ ഈ പ്രതി സംസ്‌കാരത്തിന്റെ മൂലകാരണങ്ങള്‍ അന്വേഷിക്കുന്നതില്‍ ഇവരുടെ 'ഗവേഷണ'ത്തിന് വന്നുഭവിച്ച ഉത്തരവാദിത്തരാഹിത്യവും കണ്ണുകാണായ്മയും അമ്പരപ്പിക്കുന്നതാണ്. വലിയ പ്രചാരവേലകളുമായി പുറത്തിറങ്ങിയ റോഗ്യറുടെ ഏറ്റവും പുതിയ പുസ്തകം പ്രശ്‌നത്തിന്റെ ബഹുമുഖ കാരണങ്ങള്‍ അന്വേഷിക്കുന്നതില്‍ പരാജയപ്പെടുന്നു. ഫ്രഞ്ച് റിപ്പബ്ലിക് ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏല്‍ക്കേണ്ടെന്നാണ് പുസ്തകം പറയുന്നത്. സകലതിന്റെയും ഉത്തരവാദിത്തം 'സലഫികളു'ടെയും 'ഇസ്‌ലാമിസ്റ്റുകളു'ടെയും അവരുടെ 'ഐഡിയോളജി'യുടെയും ചുമലില്‍ പുസ്തകം കെട്ടിവെക്കുന്നു.
ഒക്‌ടോബര്‍ 2-ന്  ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ നടത്തിയ, ഇപ്പോള്‍ പ്രശസ്തമായിക്കഴിഞ്ഞിരിക്കുന്ന ആ പ്രസംഗത്തില്‍ വളരെ കൃത്യമായി അദ്ദേഹം ഈ മൂലകാരണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട് എന്നതാണ് വിരോധാഭാസം. ഇതെല്ലാം മറന്നുകൊണ്ട് അടിച്ചമര്‍ത്തല്‍ നയങ്ങളാണ് ഇപ്പോള്‍ അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മക്രോണ്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്നത് നോക്കൂ: 'നമ്മള്‍ നമ്മുടേതായ സമുദായഭിന്നത (Separatism) ഉണ്ടാക്കിവെച്ചിരിക്കുന്നു. നമ്മുടെ നഗരപ്രാന്തങ്ങളിലും ഹൗസിംഗ് പ്രോജക്ടുകളിലും ആ മതഭേദം പ്രതിഫലിക്കുന്നുണ്ട്, അതായത് നമ്മുടെ റിപ്പബ്ലിക്കിന്റെ ഗെറ്റോവല്‍ക്കരണം.... അതങ്ങനെ ഉണ്ടായി വരാന്‍ നാം അനുവദിച്ചു... ദാരിദ്ര്യവും ദുരിതങ്ങളും നാം അവിടങ്ങളില്‍ കേന്ദ്രീകരിച്ചു നിര്‍ത്തിയിരിക്കുകയാണ്.... അതേ, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പ്രയാസങ്ങളെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ചിലയിടങ്ങളിലായി നാം കേന്ദ്രീകരിച്ചിരിക്കുന്നു.... അങ്ങനെ നാം ഫ്രഞ്ച് റിപ്പബ്ലിക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത അയല്‍പ്രദേശങ്ങള്‍ ഉണ്ടാക്കിവെച്ചു.'
അപ്പോള്‍,  'പാശ്ചാത്യ സെക്യുലര്‍ സമൂഹത്തിന്റെ മൂല്യങ്ങളോട് ശത്രുത' വളര്‍ത്തുന്നത്, കെപല്‍ വാദിക്കുന്നതു പോലെ, നഗരപ്രാന്തങ്ങളിലെ റാഡിക്കല്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെടുക്കുന്ന 'ജിഹാദി പരിസരം' (djihadisme atmospherique / ambient jihadism)  മാത്രമല്ലെന്ന് വരുന്നു. 'ഇസ്‌ലാമിസ്റ്റ് ആവാസ വ്യവസ്ഥ', 'ജിഹാദി പരിസരം' തുടങ്ങിയവയൊക്കെ വ്യാജ സാമൂഹികശാസ്ത്ര സംജ്ഞകളാണ് (അവയൊക്കെയും ശുദ്ധ ഇസ്‌ലാമോഫോബിക് സംജ്ഞകളുമാണ്). ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന ഏതാണ്ട് മുഴുവന്‍ മുസ്‌ലിംകളെയും 'ജിഹാദി പരിസരത്തി'ന്റെ വക്താക്കളായി ചിത്രീകരിക്കാനും എളുപ്പത്തില്‍ കഴിയും.
വര്‍ഷങ്ങളായി ഇത്തരമൊരു 'ജിഹാദി ഭീഷണി' നിര്‍മിച്ചെടുക്കുകയായിരുന്നു ഫ്രഞ്ച് ടി.വി ചാനലുകള്‍ (ഫ്രാന്‍സില്‍ ഫോക്‌സ് ന്യൂസിന് പകരം നില്‍ക്കുന്ന CNews മുതല്‍ LCI-യും ആഎങഠഢയും വരെ). 1989 ഒക്‌ടോബറിലെ ഹെഡ് സ്‌കാര്‍ഫ് വിവാദം മുതല്‍ സമൂഹത്തില്‍ ഭീതി ജനിപ്പിച്ചും കാര്യങ്ങള്‍ പെരുപ്പിച്ചുകാട്ടിയും ഈ ചാനലുകള്‍ വിശകലനമെന്ന പേരില്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന അസംബന്ധങ്ങള്‍ ഫ്രഞ്ച് ജനതയെ 'ഇസ്‌ലാമിസ്റ്റുകള്‍'ക്കെതിരെ മാത്രമല്ല, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ മൊത്തത്തില്‍ തന്നെ ഒരുതരം കൂട്ട ഉന്മാദത്തിലെത്തിച്ചിരിക്കുന്നു എന്നതാണ് വസ്തുത.
ഫ്രഞ്ച് മതേതരത്വത്തെ 'ശക്തിപ്പെടുത്താന്‍' കൊണ്ടുവരുന്ന നിയമം 'ഇസ്‌ലാമിസ്റ്റ് വിഭാഗീയത'ക്കെതിരെയുള്ള പോരാട്ടം എന്ന നിലക്കായിരുന്നു തുടക്കത്തില്‍ അവതരിപ്പിച്ചിരുന്നത്. പിന്നെയതിനെ 'റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള നിയമം' എന്ന് പൊതു സംജ്ഞയാക്കി പുനര്‍നാമകരണം ചെയ്തു. അതിന്റെ അര്‍ഥം, തീവ്രവാദത്തിന്റെ ഉത്ഭവവും കാരണങ്ങളും തേടി ഇനി അന്വേഷിച്ച് ചെല്ലുന്നത്  വഴിവിട്ട് ചിന്തിക്കുന്ന വ്യക്തികളെയും സംഘങ്ങളെയും മാത്രമായിരിക്കില്ല എന്നാണ്. ഫ്രഞ്ച് 'റിപ്പബ്ലിക്കി'ന്റെ മൂല്യങ്ങളുമായി വ്യത്യസ്തത പുലര്‍ത്തുന്ന വിശ്വാസ സംഹിതയും ആചാരങ്ങളുമൊക്കെ ടാര്‍ഗറ്റ് ചെയ്യപ്പെടും. ഇപ്പോള്‍ ഫ്രഞ്ച് ഗവണ്‍മെന്റ് മുഴുവന്‍ എന്‍.ജി.ഒകളെയും അസോസിയേഷനുകളെയും സ്‌പോര്‍ട്‌സ് ക്ലബ്ബുകളെയും വ്യാപാര സ്ഥാപനങ്ങളെയും ജീവകാരുണ്യ കൂട്ടായ്മകളെയും ലക്ഷ്യമിടുകയാണ് (ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന Baraka City  എന്ന കൂട്ടായ്മയെ കഴിഞ്ഞ ഒക്‌ടോബര്‍ 28-ന് ഫ്രഞ്ച് കാബിനറ്റ് പിരിച്ചുവിടുകയുണ്ടായി). സീസിയെപ്പോലുള്ള ഏകാധിപതികളുടെ പുസ്തകത്തില്‍നിന്ന് പേജുകള്‍ കടമെടുത്ത്, ഇസ്‌ലാമോഫോബിയയുടെ ഇരകള്‍ക്ക് നിയമസഹായം നല്‍കുകയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന CCIF  എന്നറിയപ്പെടുന്ന ഇസ്‌ലാമോഫോബിയവിരുദ്ധ കൂട്ടായ്മയെപ്പോലും പിരിച്ചുവിടാനൊരുങ്ങുകയാണ് മക്രോണ്‍. അതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കഴിഞ്ഞ നവംബര്‍ 19-ന് വന്നുകഴിഞ്ഞു. യഥാര്‍ഥത്തില്‍ ഫ്രഞ്ച് മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന എന്‍.ജി.ഒയാണിത്. വിരോധാഭാസമെന്നു പറയട്ടെ, ഫ്രഞ്ച് ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന അതിപ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി ഉണ്ടാകാതിരിക്കുന്നത് ഇതു പോലുള്ള എന്‍.ജി.ഒ കളുടെ സാന്നിധ്യം കൊണ്ടു കൂടിയാണ്.
2000-ല്‍ സാമി ദബാഗ് തുടക്കം കുറിക്കുകയും പിന്നീട് മര്‍വാന്‍ മുഹമ്മദ് എന്ന ഉജ്ജ്വല വ്യക്തിത്വത്തിന്റെ ഉടമ വര്‍ഷങ്ങളോളം നേതൃത്വം നല്‍കുകയും ചെയ്ത എന്‍.ജി.ഒ ആണ് CCIF . 'ഞങ്ങളും ദേശത്തിന്റെ ഭാഗമാണ്' (We (Too) Are the Nation) എന്ന പുസ്തകത്തില്‍ എന്തിനാണ് ഈ കൂട്ടായ്മ ഉണ്ടാക്കിയത് എന്ന് മര്‍വാന്‍ വിശദീകരിക്കുന്നുണ്ട്. ''പരമ്പരാഗതമായി വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നമുക്കുണ്ട്. ഇന്റര്‍നാഷ്‌നല്‍ ലീഗ് എഗന്‍സ്റ്റ് റേസിസം, ആന്റിസെമിറ്റിസം പോലെ.  പക്ഷേ അത്തരം സംഘടനകള്‍ക്ക് ഇസ്‌ലാമോഫോബിയ എങ്ങനെയാണ് പ്രവര്‍ത്തനക്ഷമമാവുന്നത് എന്ന് തിരിച്ചറിയാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല.'' 'യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സി'ന്റെയും യൂറോപ്യന്‍ സെക്യൂരിറ്റി കോര്‍പറേഷന്റെയും മറ്റു മനുഷ്യാവകാശ സംഘടനകളുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ എന്‍.ജി.ഒ, ഇസ്‌ലാമോഫോബിയയുടെ ഇരകള്‍ക്ക് സഹായമെത്തിക്കുന്നതോടൊപ്പം ആ വംശീയവെറിയെ തുറന്നുകാണിക്കുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയും, ചില പൊതുവ്യക്തികളിലൂടെയും മീഡിയയിലൂടെയും പുറത്തുവരുന്ന വിദ്വേഷ പ്രസംഗങ്ങളെയും സംശയങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെയും ചെറുക്കുകയും ചെയ്യുന്നുണ്ട്. ഈ എന്‍.ജി.ഒക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളത്രയും - 'ഐ.എസിന് ജിഹാദിസ്റ്റുകളെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്നു' എന്നു വരെ അതിലുണ്ട് - ഒട്ടും മര്യാദയില്ലാത്ത അസംബന്ധം എന്നേ പറയാനാവൂ. ഒരു വിശ്വാസ്യതയും ഇക്കൂട്ടര്‍ക്കില്ല. CCIF  അംഗങ്ങളോ അതിന്റെ അനുഭാവികളോ നടത്തുന്ന പ്രതിപക്ഷ വിമര്‍ശനങ്ങളാണ് ഈ ആരോപണങ്ങള്‍ക്കെല്ലാമുള്ള ഏക 'തെളിവ്.' ചില 'തീവ്രവാദികള്‍'ക്ക് ഇങ്ങനെയൊരു എന്‍.ജി.ഒ ഉണ്ടെന്നുള്ള വിവരമുണ്ടല്ലോ എന്നതും 'തെളിവാ'യി ഹാജരാക്കുന്നു!
യഥാര്‍ഥത്തില്‍ ഫ്രഞ്ച് ഗവണ്‍മെന്റ്  അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുക എന്ന വൈരുധ്യത്തിലാണ് ചെന്നു ചാടിയിരിക്കുന്നതെന്ന് വളരെ വ്യക്തം.  സി.സി.ഐ.എഫ് വിമര്‍ശകരൊക്കെ രംഗത്തു വരുന്നത് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായിട്ടാണല്ലോ. ഒരു രാഷ്ട്രത്തിന് റിപ്പബ്ലിക് എന്ന വിശേഷണം നിലനില്‍ക്കണമെങ്കില്‍ ഈ പൊതു സ്വാതന്ത്രൃങ്ങളൊക്കെ സംരക്ഷിക്കപ്പെടണം. എന്നാല്‍ ഫ്രഞ്ച് ഭരണകര്‍ത്താക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത് കളക്ടീവ് എഗന്‍സ്റ്റ് ഇസ്‌ലാമോഫോബിയ എന്ന ഈ കൂട്ടായ്മയെ തന്നെ നാടു കടത്തിവിടാനാണ്.

നീക്കങ്ങള്‍ ശത്രുതാപരം
ശത്രുതാപരവും ഒരിക്കലും നീതീകരിക്കാനാവാത്തതുമായ ഇത്തരം സമീപനങ്ങള്‍, ഫ്രഞ്ച് ഭരണകൂടം എന്താണോ ലക്ഷ്യം വെക്കുന്നത് അതിന് വലിയ തിരിച്ചടിയായിത്തീരും. ഒരു ചെറിയ വിഭാഗം വഴിതെറ്റിയ ഗ്രൂപ്പുകള്‍ അവരുടെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സായുധ പോരാട്ടങ്ങള്‍ക്ക് കോപ്പു കൂട്ടുമ്പോള്‍, ഇത്തരം ഹിംസാത്മക തീവ്രവാദ ആശയങ്ങള്‍ക്കെതിരെ പ്രതിരോധ മതില്‍ സൃഷ്ടിക്കുന്ന സി.സി.ഐ.എഫ് പോലുള്ള എന്‍.ജി.ഒകളെ ഭരണകൂടം തന്നെ അടിച്ചമര്‍ത്തുന്ന വൈരുധ്യമാണ് നാമിവിടെ കാണുന്നത്.
മുതലാളിത്തവിരുദ്ധ ഭീകരത തടയാനെന്ന പേരില്‍ ഫ്രാന്‍സ് ട്രേഡ് യൂനിയനുകളെ നിരോധിച്ചിട്ടുണ്ടായിരുന്നുവോ? തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും രംഗപ്രവേശം ചെയ്ത Action Directe പോലുള്ള മുതലാളിത്തവിരുദ്ധ ഭീകര ഗ്രൂപ്പുകളെ നിലക്കു നിര്‍ത്താനായി CGT, FO തുടങ്ങിയ മുഴുവന്‍ തൊഴിലാളി യൂനിയനുകളെയും, ഇടത് തീവ്രവാദികള്‍ മുതലാളിമാര്‍ക്കെതിരെ ഉന്നയിക്കുന്ന സമാനമായ വിമര്‍ശനങ്ങള്‍ ഈ യൂനിയനുകളും ഉന്നയിക്കുന്നുണ്ട് എന്ന ന്യായത്തില്‍ ഫ്രാന്‍സ് നിരോധിച്ചിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി! സെമിറ്റിക് വിരുദ്ധതക്കെതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളെ ഏതെങ്കിലും മധ്യയൂറോപ്യന്‍ രാജ്യം, ഇപ്പോള്‍ ഫ്രാന്‍സ് ഇസ്‌ലാമോഫോബിയക്കെതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കളെ ടാര്‍ഗറ്റ് ചെയ്യുന്നതു പോലെ ടാര്‍ഗറ്റ് ചെയ്തിരുന്നെങ്കില്‍ എന്തായിരിക്കും ഫ്രഞ്ച് ഗവണ്‍മെന്റിന്റെ പ്രതികരണം?
ഈ ഫ്രഞ്ച് 'സ്ട്രാറ്റജി'യുടെ ഏറ്റവും വലിയ അപകടം എന്താണെന്നു വെച്ചാല്‍ ഐ.എസ് പോലുളള ഭീകര സംഘങ്ങളുടെ സ്വീകാര്യത അത് വലിയ തോതില്‍ വര്‍ധിപ്പിക്കും എന്നതാണ്. ഫ്രാന്‍സിലുള്ളത് മുസ്‌ലിംകള്‍ക്കെതിരെ, അതിന്റെ പൗരന്മാര്‍ക്കെതിരെ പോലും വ്യവസ്ഥാപിതമായി നീങ്ങുന്ന ഒരു ഭരണകൂടമാണ് എന്ന ഭീകര ഗ്രൂപ്പുകളുടെ പഴകിയ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത പകര്‍ന്നുകൊടുക്കുകയും ചെയ്യും ഈ സ്ട്രാറ്റജി. ഈ കുറ്റാരോപണം ചെറുക്കാന്‍ ഫ്രാന്‍സ് വല്ലാതെ പ്രയാസപ്പെടേണ്ടിവരും; മുസ്‌ലിം ലോകത്ത് മാത്രല്ല, മറ്റിടങ്ങളിലും.
മുസ്‌ലിം ലോകത്ത് തനിക്കുണ്ടായ മോശം പ്രതിഛായ മാറ്റിയെടുക്കാന്‍ ആര്‍ക്കും ബോധ്യമാവാത്ത തരത്തിലുളള ചില നിഷേധ പ്രസ്താവങ്ങളൊക്കെ മക്രോണ്‍ നടത്തുകയുണ്ടായി. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വരെ മുസ്‌ലിം ലോകത്ത് ആഹ്വാനമുയര്‍ന്നിരുന്നവല്ലോ. പ്രതിഛായ മിനുക്കാനുളള ഇത്തരം ശ്രമങ്ങള്‍ നടക്കുമ്പോഴും ആ പഴയ ഭീതി സത്യമായി പുലരുകയാണെന്ന് തോന്നുന്നു. മക്രോണിയന്‍ റിപ്പബ്ലിക്കിന് അഭിമതരായ മുസ്‌ലികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ അല്ലാതായിത്തീര്‍ന്നിരിക്കും എന്ന ഭീതി.
എന്തായാലും ഫ്രാന്‍സിന്റെ സമീപകാല ചരിത്രത്തില്‍, മതമുള്ളവരും മതമില്ലാത്തവരുമായ വോട്ടര്‍മാരുടെ ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ ഉള്ള ഭാവിയെ ഇത്ര അപകടകരമാംവിധം ബാധിച്ച മറ്റൊരു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ (അല്ലെങ്കില്‍ അതിന് മുമ്പുള്ള കാമ്പയിന്‍) ഉണ്ടായിട്ടില്ല. 
(പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ആഴത്തില്‍ പഠനം നടത്തുന്ന ഫ്രഞ്ച് ഗവേഷകനാണ് ഫ്രാന്‍സ്വാ ബുര്‍ഗ /  Francois Burgat.  2008 മുതല്‍ 2013 വരെ ഫ്രഞ്ച് മിഡില്‍ ഈസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും 1997 മുതല്‍ 2003 വരെ സന്‍ആയിലെ  ഫ്രഞ്ച് സെന്റര്‍ ഫോര്‍ ആര്‍ക്കിയോളജി ആന്റ് സോഷ്യല്‍ സയന്‍സസിന്റെയും ചുമതലയുണ്ടായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം - þ Understanding Political lslam: A Research Trajectory on Islamic Alterity 1973- 2016)

 

ഛാഡിലെ കബ് - കബ് കൂട്ടക്കൊല 

ഫ്രഞ്ച് കൊളോണിയലിസം ആഫ്രിക്കയിലെ തദ്ദേശീയ സ്വാതന്ത്ര്യ സമരങ്ങളെ അതിഭീകരമായാണ് അടിച്ചമര്‍ത്തിയിരുന്നത്. മുസ്‌ലിം ഭരണകര്‍ത്താക്കളും പണ്ഡിതന്മാരും ബഹുജനങ്ങളുമാണ് പലപ്പോഴും ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ആഫ്രിക്കന്‍ രാഷ്ട്രമായ ഛാഡില്‍ ഉണ്ടായ ഒരു സംഭവം മാത്രം പറയാം. ഛാഡില്‍ ഇസ്‌ലാം എത്തുന്നത് ഏഴാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാല്‍ 666-ല്‍ ഉഖ്ബതു ബ്‌നു നാഫിഇന്റെ നേതൃത്വത്തില്‍. പതിനൊന്നാം നൂറ്റാണ്ടാകുമ്പോഴേക്ക് മേഖലയിലെ കാനിം (Kanem) രാജാക്കന്മാര്‍ ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞിരുന്നു. കിഴക്കന്‍ ഛാഡായിരുന്നു അവരുടെ ഭരണ മേഖല. അവിടത്തെ ഔദ്യോഗിക മതവും ഇസ്‌ലാം ആയിത്തീര്‍ന്നു. ഛാഡിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ബോര്‍നു രാജവംശവും തെക്ക് കിഴക്കുള്ള ബാഗിര്‍മി രാജവംശവും വിദൂര പൗരസ്ത്യ മേഖലയിലുള്ള വദ്ദായ് രാജവംശവും പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. പതിനാലാം നൂറ്റാണ്ടായപ്പോഴേക്ക് ധാരാളം അറബ് വംശജര്‍ ഈ മേഖലയിലേക്ക് കുടിയേറി. ഈ മേഖലയിലെ ഔദ്യോഗിക ഭാഷ അറബിയായിത്തീരുകയും ചെയ്തു.
ഈ നിലയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴാണ് ഫ്രഞ്ച് കൊളോണിയലിസം കടന്നുവന്നത്. ഛാഡിന്റെ വടക്ക് മുസ്‌ലിംകളും തെക്ക് ബഹുദൈവാരാധകരുമായിരുന്നു അക്കാലത്ത് കൂടുതല്‍. തെക്കുള്ളവര്‍ ശിഥിലമായ നിലയിലായിരുന്നു. അതിനാല്‍ അധിനിവേശം ഏറക്കുറെ എളുപ്പവുമായിരുന്നു. മുസ്‌ലിം അധിവാസകേന്ദ്രങ്ങളില്‍ അധിനിവേശം ദുഷ്‌കരമാകുമെന്ന് ഫ്രഞ്ചുകാര്‍ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. മേഖലയില്‍ സുഡാനിയായ റാബിഹു ബ്‌നു ഫദ്‌ലുല്ലയുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടക്കുന്ന സമയവുമാണ്. തെക്കില്‍നിന്നു തന്നെയായിരുന്നു ഫ്രഞ്ച് അധിനിവേശത്തിന്റെ തുടക്കം. അവിടെയുള്ള ബഹുദൈവാരാധകരെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരാനായി ഫ്രഞ്ച് അധിനിവേശ സേനയുടെ ശ്രമം. ആദ്യം പ്രലോഭിപ്പിച്ചു; വഴങ്ങാത്തവര്‍ക്കെതിരെ ബലപ്രയോഗമുണ്ടായി. പഴയ മതങ്ങളില്‍ ഉറച്ചുനിന്നവരെ റെയില്‍വെ പണികള്‍ക്കായി കോംഗോയിലേക്ക് നാടു കടത്തി.
മുസ്‌ലിംകള്‍ അധിവസിക്കുന്ന വടക്കന്‍ മേഖലക്ക് നേതൃത്വം നല്‍കുന്നത് പോരാളികളായ പണ്ഡിതന്മാരായതുകൊണ്ട് അവിടെ ഫ്രഞ്ച് കൊളോണിയല്‍ പടക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. റാബിഹു ബ്‌നു സുബൈര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം തങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് മനസ്സിലാക്കിയ ഫ്രഞ്ച് ഭരണാധികാരികള്‍ ക്യാപ്റ്റന്‍ പെര്‍ട്ടോണിയയുടെ നേതൃത്വത്തില്‍ മൂന്ന് സൈനിക വ്യൂഹങ്ങളെയാണ് അങ്ങോട്ടേക്കയച്ചത്. തുടര്‍ന്ന് നടന്ന പോരാട്ടങ്ങളില്‍ ഫ്രഞ്ച് സേനക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായി. അതിനിടെ 1900-ല്‍ റാബിഹ് രക്തസാക്ഷിയായെങ്കിലും മകന്‍ ഫദ്‌ലുല്ല നേതൃത്വമേറ്റെടുത്ത് പോരാട്ടം തുടര്‍ന്നു. 1909-ല്‍ ഫദ്‌ലുല്ലയും രക്തസാക്ഷിയായി. അങ്ങനെ മുഴുവന്‍ ഛാഡ് ഭൂമിയും ഫ്രഞ്ച് അധിനിവേശത്തിന് കീഴിലായി. ഭാവിയില്‍ ഇസ്‌ലാമിക ചെറുത്തുനില്‍പ്പുകള്‍ ഇല്ലാതാക്കാന്‍ ഇസ്‌ലാമിനും അറബി ഭാഷക്കുമെതിരെ കടുത്ത ആക്രമണം തന്നെയാണ് അധിനിവേശകര്‍ അഴിച്ചുവിട്ടത്.
1917 നവംബര്‍ 15-നാണ് ആ ഭീകര സംഭവം നടക്കുന്നത്. ഫ്രഞ്ച് അധിനിവേശ ഭരണകൂടം ഛാഡിലെ മുസ്‌ലിം നേതാക്കളുടെയും പണ്ഡിതന്മാരുടെയും ഒരു ഉന്നതതല സമ്മേളനം വിളിച്ചു. ഭരണസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്നായിരുന്നു അറിയിപ്പില്‍ കാണിച്ചിരുന്നത്. ഫ്രഞ്ചുകാര്‍ക്ക് സ്വീകാര്യനായ, മുസ്‌ലിമായ കേണല്‍ ദകൂമിനെ അധികാരമേല്‍പ്പിക്കാമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. അതു പ്രകാരം വദാഇ പ്രവിശ്യയിലുള്ള ആബശ നഗരത്തിലെ പള്ളി അങ്കണത്തില്‍ മുസ്‌ലിം പണ്ഡിതരും നേതാക്കളുമായ നാനൂറോളം പേര്‍ ഒത്തുചേര്‍ന്നു. പെട്ടെന്നാണ് ഫ്രഞ്ച് സേന അവര്‍ക്കെതിരെ നിറയൊഴിച്ചത്. ആ നാനൂറ് പേരും വധിക്കപ്പെട്ടു. അതില്‍ കേണല്‍ ദഖൂമും പെടും. ഒരാള്‍ പോലും രക്ഷപ്പെട്ടില്ല. മൃതശരീരങ്ങള്‍ ഉമ്മു കാമില്‍ എന്ന സ്ഥലത്ത് വലിയൊരു കുഴി കുഴിച്ച് കൂട്ടത്തോടെ മറമാടി. ഫ്രഞ്ച് ക്യാപ്റ്റന്‍ ജിറാറിന്റെ കൈപ്പിഴ എന്ന് പറഞ്ഞ് അയാളെ സൈന്യത്തില്‍നിന്ന് പിരിച്ചുവിട്ട് ഈ ആസൂത്രിത കൊലപാതകത്തിന്റെ ഉത്തരവാദിത്തമേല്‍ക്കാതെ കൈ കഴുകുകയായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടം. മുസ്‌ലിം നേതൃനിരയെ പൂര്‍ണമായി ഉന്മൂലനം ചെയ്തതോടെ ചെറുത്തുനില്‍പ്പുകളും ഇല്ലാതായി.
മുസ്‌ലിം നേതാക്കളെയും പ്രബോധകരെയും പണ്ഡിതന്മാരെയും ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത ഈ സംഭവം കബ് - കബ് കൂട്ടക്കൊല (ഫ്രഞ്ചില്‍ massacre des coupes - coupes) എന്നാണ് അറിയപ്പെടുന്നത്. ഫ്രഞ്ച് അധിനിവേശക്കാലത്ത് ഉത്തരാഫ്രിക്കയിലും മറ്റും സമാനമായ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഈയൊരു  കൊളോണിയല്‍ മനസ്സാണ് ഇസ്‌ലാം - മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ഫ്രഞ്ച് ഭരണകൂടവും കാത്തു സൂക്ഷിക്കുന്നത് എന്നാണ് ആരോപണം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്