Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

തെരഞ്ഞെടുപ്പിലെ താരം അഴിമതിയോ വികസനമോ?

ബഷീര്‍ മാടാല

സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വിജയിച്ചാല്‍ പ്രതിപക്ഷവും ബി.ജെ.പിയും കണക്കുകൂട്ടുന്ന അഴിമതി ആരോപണങ്ങളാകും തദ്ദേശ തെരഞ്ഞെടുപ്പിലെയും അസംബ്ലി തെരഞ്ഞെടുപ്പിലെയും മുഖ്യ വിഷയമായി മാറുക. ഇതിനെ നേരിടണമെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മൂക്കുകയറിടാന്‍ സര്‍ക്കാരിനും ഇടതുപക്ഷത്തിനും കഴിയണം. 
ഇരുമുന്നണികളും കിണഞ്ഞു ശ്രമിക്കുന്നത് തങ്ങളുടെ മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കാനാണ്. വികസന പ്രവര്‍ത്തനങ്ങളില്‍, അത് ലൈഫായാലും കെഫോണായാലും കിഫ്ബിയായാലും അഴിമതിയാണ് ഇതിലെല്ലാം അരങ്ങേറിയതെന്ന് തെളിയണമെന്നാണ് പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ആഗ്രഹം. എന്നാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മുന്നേറാന്‍ കഴിയൂ. 
കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിക്കു വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷണം നടത്തുന്നുവെന്ന് സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അതിന്റെ ഭാഗമായിട്ടാണ് ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ സര്‍ക്കാരും ഇടതുമുന്നണിയും സംയുക്തമായി  പ്രചാരണ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എ. വിജയരാഘവനാണ്  പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇടതുമുന്നണിയുടെ എല്ലാ പ്രമുഖ നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രചാരണത്തിന് നേതൃത്വം നല്‍കി. 
കഴിഞ്ഞ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ യു.ഡി.എഫ് സംസ്ഥാനത്തുടനീളം അഴിമതിക്കെതിരെയുള്ള പ്രചാരണം നടത്തിയിരുന്നു. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ചുകഴിഞ്ഞു. വികസനത്തിന് ഒരു വോട്ട് എന്നതു തന്നെയാകും ഇടതുമുന്നണിയുടെ മുദ്രാവാക്യം. ബി.ജെ.പി ഇരുമുന്നണികള്‍ക്കുമെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ മാറിമാറി കേരളം ഭരിച്ച ഇരുമുന്നണികളും തുല്യരാണ് എന്ന് സ്ഥാപിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. പിണറായി സര്‍ക്കാരിനെതിരെ  ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍, തിരിച്ച് മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ആരോപണങ്ങളും അവര്‍ സജീവമായി കൊണ്ടുവരുമെന്ന് ഉറപ്പ്. 
യു.ഡി.എഫിനെതിരെ എല്‍.ഡി.എഫ്  കഴിഞ്ഞ കാലത്തെ അഴിമതിയാരോപണങ്ങള്‍ പൊടി തട്ടിയെടുക്കുകയും നിലവില്‍ ഉയര്‍ന്ന പല ആരോപണങ്ങളും അന്വേഷിക്കുകയുമാണ്. ലീഗ് നേതാക്കളായ ഇബ്‌റാഹീം കുഞ്ഞും കെ.എം ഷാജിയും ഖമറുദ്ദീനും അടക്കമുള്ള എം.എല്‍.എമാരും മുന്‍ മന്ത്രിമാരായ ശിവകുമാറും കെ. ബാബുവും അനില്‍കുമാറും അന്വേഷണങ്ങള്‍ നേരിടുകയാണ്. അഴിമതി ആരോപണം ഉയര്‍ത്താന്‍ യു.ഡി.എഫിന് ധാര്‍മികമായി അവകാശമില്ലെന്ന് സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രണ്ട് മുന്നണികളും നടത്തുന്ന ഈ ആക്രമണ പ്രത്യാക്രമണങ്ങളുടെ ഗുണഫലം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ സ്വപ്‌നം. 
വികസനത്തിനെതിരെയാണ് യു.ഡി.എഫ് നിലകൊള്ളുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി അത് വോട്ടാക്കി മാറ്റുകയാണ് ഇടതുപക്ഷത്തിന്റെ അജണ്ട. അതിന്റെ ഭാഗമായിട്ടാണ് ലൈഫ് മിഷന്‍ അന്വേഷണത്തിനും കിഫ്ബിക്കെതിരെയുള്ള എ.ജിയുടെ അന്വേഷണത്തിനും തടയിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അന്വേഷണങ്ങളുടെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ ഉദ്യോഗസ്ഥരുടെ മുകളില്‍ വട്ടമിട്ട് പറക്കുന്നു എന്ന ആരോപണം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി ആവര്‍ത്തിക്കുകയുണ്ടായി. സത്യം പുറത്തുകൊണ്ടുവരാനല്ല, മറിച്ച്, ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ അടക്കമുള്ള നേതാക്കളുടെയും ആരോപണം. 
ഇതിന് തടസ്സമായി അവര്‍ കണ്ടത് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മകന്‍ ബിനീഷ് മയക്കുമരുന്ന് കേസില്‍ അകപ്പെട്ടതാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരിയെ ചികിത്സാ കാരണം പറഞ്ഞ് അവധിയില്‍ അയച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷത്തിനും യു.ഡി.എഫ് ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ് എന്ന് സ്ഥാപിക്കണമെങ്കില്‍ കോടിയേരിയുടെ സാന്നിധ്യം ഒഴിവാക്കിയേ പറ്റൂ. അത് നടപ്പിലാക്കിയതോടെ യു.ഡി.എഫിനെതിരെ ആഞ്ഞടിക്കാനുള്ള ഊര്‍ജം തങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് ഇടതുപക്ഷം കരുതുന്നത്.  ഒരേസമയം പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലാകുന്ന സാഹചര്യം ഇതോടെ ഒരുപരിധി വരെ മറികടന്നതായിട്ടാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. 
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ശിവശങ്കറിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ് മറ്റൊരു ലക്ഷ്യം. ലോക്കറിലെ സ്വര്‍ണം കള്ളക്കടത്തിന്റെ പ്രതിഫലമായിരുന്നു എന്നാണ് എന്‍.ഐ.എയും കസ്റ്റംസും തുടക്കത്തില്‍ കണ്ടെത്തിയത്. ഇതിനു വിരുദ്ധമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണക്കടത്തിലും ലൈഫിലും സംസ്ഥാന വിജിലന്‍സിന്റെ രംഗപ്രവേശവും നടപടിയും സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. വിജിലന്‍സും ഇ.ഡിക്ക് സമാനമായ കണ്ടെത്തലുകളാണ് ഈ രണ്ട് സംഭവങ്ങളിലും നടത്തിയത്. അഴിമതിക്കേസിന്റെ കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ തള്ളിപ്പറയാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ ശിവശങ്കറിനെ പ്രതിയാക്കിയ വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ എങ്ങനെയാണ് മറികടക്കാന്‍ കഴിയുക? വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയാണ് വിജിലന്‍സിന്റെ നടപടികള്‍. 
ഇതിനു പിന്നാലെയാണ് ഓഡിറ്റര്‍ ജനറല്‍ കിഫ്ബി വിദേശ പണം സ്വീകരിച്ചത് നിയമലംഘനമാണെന്ന് കണ്ടെത്തിയത്. കിഫ്ബിക്കെതിരെ അന്വേഷണം വന്നാല്‍ അതിനെ നേരിടാനാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം കൂട്ടി എന്ന മട്ടില്‍ ധനമന്ത്രി ഐസക്ക് അട്ടിമറി ആരോപണം പുറത്തുവിട്ടത്. അതാകട്ടെ, കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിയമസഭയുടെ മേശപ്പുറത്ത് വെക്കേണ്ട എ.ജിയുടെ റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ട് എന്നുപറഞ്ഞാണ് മന്ത്രി പരസ്യപ്പെടുത്തിയത്. അതിന് പിന്നാലെയാണ് നവംബര്‍ 4-ന് തന്നെ എ.ജി ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഇക്കഴിഞ്ഞ 11-ന് പത്രക്കുറിപ്പ് പുറപ്പെടുവിച്ച വാര്‍ത്ത ഒരു ചാനല്‍ പുറത്തുവിട്ടത്. 
എ.ജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ട ധനമന്ത്രി തന്നെ പുറത്തുവിട്ടത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചുകഴിഞ്ഞു. ഇ.ഡിക്കെതിരെ നിയമസഭാ എത്തിക്സ് കമ്മിറ്റി അവകാശലംഘനവുമായി മുന്നോട്ടുപോകുമ്പോഴാണ് അതിനെ കടത്തിവെട്ടുന്ന തരത്തില്‍ സഭയുടെ അവകാശം ധനമന്ത്രി ഐസക്ക് തന്നെ ലംഘിച്ചിരിക്കുന്നത്. ഇ.ഡിയാകട്ടെ, തങ്ങള്‍ എടുത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കര്‍ നേതൃത്വം നല്‍കിയ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനും തെളിവെടുക്കാനും അധികാരമുണ്ടെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇ.ഡിയുടെ ഈ മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതാണ് മറ്റൊരു വിവാദമായി സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. നിയമസഭയുടെ നാഥനായ സ്പീക്കര്‍ ഈ രണ്ട് സംഭവങ്ങളിലും എന്ത് നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. ഒരുഭാഗത്ത് ഇ.ഡിയും മറുഭാഗത്ത് മറ്റൊരു ഭരണഘടനാ സ്ഥാപനമായ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും. ഇ.ഡിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച നിയമസഭാ കമ്മിറ്റികള്‍ തന്നെ ഇതോടെ പ്രതിസന്ധിയിലാണ്. രണ്ട് വിഷയങ്ങളിലും നടപടി എടുക്കുക എളുപ്പമാവില്ല. അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. തെരഞ്ഞെടുപ്പിനിടയില്‍ അത്തരം ഒരു സമ്മേളനം വിളിച്ചുകൂട്ടിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയായി മാറുമോ എന്ന ആശങ്കയും സജീവമാണ്..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍