Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

റാജി ഫാറൂഖി പൗരസ്ത്യ ഉത്കണ്ഠകളുമായി പാശ്ചാത്യ ലോകത്ത് ജീവിച്ച ദാര്‍ശനികന്‍

മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

ഫലസ്ത്വീനിലെ യാഫാ പട്ടണത്തില്‍ 1921ലാണ് ഡോ. ഇസ്മാഈല്‍ റാജി അല്‍ഫാറൂഖിയുടെ ജനനം. അവിടെ ഔദ്യോഗിക ഖാദി(ന്യായാധിപന്‍) യായിരുന്ന പിതാവിന്റെ സഹായത്തോടുകൂടിയാണ് വീട്ടിലും പള്ളിയിലുമായി അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ പ്രാഥമിക പഠനം ആരംഭിക്കുന്നത്. ഫ്രഞ്ച് ഡൊമനിക് സ്‌കൂളിലായിരുന്നു പ്രൈമ്രറി, സെക്കന്ററി വിദ്യാഭ്യാസം. 1941-ല്‍ ബൈറൂത്തിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴില്‍ അല്‍ ജലീല്‍ പ്രവിശ്യയുടെ ഗവര്‍ണറായി ജോലി ചെയ്തു.   ഇസ്രയേല്‍  പിറവിയെടുത്തതോടു കൂടി തന്റെ സേവനമവസാനിപ്പിച്ച് കുറച്ച് കാലം ഇസ്രയേലിനെതിരെയുള്ള ചെറുത്തുനില്‍പ്പു പോരാട്ടങ്ങളില്‍ പങ്കാളിയായി. പിന്നീട് അമേരിക്കയിലേക്ക് പോയി മതതത്ത്വചിന്തയില്‍ രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടി.  ആദ്യത്തേത് 1949-ല്‍ ഇന്ത്യാനാ യൂനിവേഴ്‌സിറ്റിയില്‍നിന്നും, രണ്ടാമത്തേത് 1952-ല്‍ ഹാര്‍ഡ്‌വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്നും. 1952-ല്‍ ഇന്ത്യാനാ യൂനിവേഴ്‌സിറ്റിയില്‍നിന്നു തന്നെ ഡോക്ടറേറ്റ് നേടി. ustifying the Good: Metaphysics and Epistemology of Value  എന്നതായിരുന്നു  ഗവേഷണ വിഷയം.
പാശ്ചാത്യ തത്ത്വശാസ്ത്രം, ജൂത-ക്രൈസ്തവ മതപഠനം, അവയുടെ ചരിത്രം എന്നീ മേഖലകളിലെ അന്വേഷണങ്ങള്‍ക്കാണ് അമേരിക്കയിലെ പഠനകാലത്ത് ഫാറൂഖി ഊന്നല്‍ നല്‍കിയത്. ഇതിനു ശേഷമാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ ആഴമേറിയ പഠനങ്ങളുടെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ബോധവാനാകുന്നത്. തുടര്‍ന്ന് ഈജിപ്തിലെ  അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നാല് വര്‍ഷം (1954-'58) പഠനം. ഈ കാലയളവില്‍ തനതായ ഇസ്‌ലാമിക സംസ്‌കാരം ആര്‍ജിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധ്യമായി. പിന്നീട്  കാനഡയിലെ മക്ഗില്‍ (McGill) യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനും അതേ സര്‍വകലാശാലയില്‍ തന്നെ ദൈവശാസ്ത്ര വിഭാഗത്തില്‍ ഗവേഷകനുമായി ചേര്‍ന്നു. ഇവിടെ വെച്ചാണ് അദ്ദേഹത്തിന്റെ Ethics: A Historical and Systematic Analysis of Its Dominant Ideas എന്ന ശ്രദ്ധേയ ഗ്രന്ഥം പിറവിയെടുക്കുന്നത്. 1961-ല്‍ കറാച്ചിയിലെ മഅ്ഹദ് അല്‍ ബുഹൂസുല്‍ ഇസ്‌ലാമിയ്യ(ഇസ്‌ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്)യുടെ രൂപീകരണത്തില്‍ പങ്കുചേരാന്‍ പാകിസ്താനിലേക്ക് പോയി. വീണ്ടും അമേരിക്കയിലേക്ക്  മടങ്ങി ചിക്കാഗോ  യൂനിവേഴ്‌സിറ്റിയില്‍ 1963 മുതല്‍ '64 വരെയും സിറക്യൂസ് (Syracuse) യൂനിവേഴ്‌സിറ്റിയില്‍ 1964 മുതല്‍ '68 വരെയും അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1968 മുതല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വരെ, നീണ്ട 18 വര്‍ഷക്കാലം അദ്ദേഹം ജീവിച്ചതും സേവനമനുഷ്ഠിച്ചതും ടെംബ്ള്‍ (Temple) യൂനിവേഴ്‌സിറ്റിയിലായിരുന്നു.
വഞ്ചിക്കപ്പെട്ട രാഷ്ട്ര പ്രതിനിധി
സന്ദേശവാഹകരായെത്തുന്ന രാഷ്ട്ര പ്രതിനിധികളെ വധിക്കാതിരിക്കുക എന്നത്  പണ്ട് മുതലേ രാജാക്കന്മാര്‍ നിഷ്‌കര്‍ഷിച്ചുവന്നിരുന്ന സമ്പ്രദായമായിരുന്നു. ആ രാഷ്ട്രീയ മര്യാദയെ മനുഷ്യത്വത്തിന്റെയും ഔന്നത്യത്തിന്റെയും അടയാളമായാണ് അവര്‍ കണ്ടിരുന്നത്. എന്നാല്‍  പാശ്ചാത്യ ലോകത്തേക്ക് ഇസ്‌ലാമിക പൗരസ്ത്യ ലോകത്തിന്റെ പ്രതിനിധിയായെത്തിയ  ഇസ്മാഈല്‍ റാജി ഫാറൂഖി ചതിയിലൂടെയും വഞ്ചനയിലൂടെയും കൊല ചെയ്യപ്പെടുകയാണുണ്ടായത്. തന്നെ അപകടപ്പെടുത്താന്‍ സാധ്യതയുള്ള സന്ദേശവുമായാണ്  പാശ്ചാത്യലോകത്തേക്ക് ഫാറൂഖിയുടെ ആഗമനം. ക്രിസ്തുമതത്തിന്റെ സ്ഥാനത്ത് ഇസ്രയേല്‍ഭക്തി പ്രതിഷ്ഠിച്ച പാശ്ചാത്യ ലോകത്ത് അദ്ദേഹത്തെ കാത്തിരുന്നത് വലിയ അപായ സാധ്യതകളായിരുന്നു. സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും അതിന്റെ വംശീയ വേരുകളെയും തുറന്നുകാണിച്ചു, ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പു പോരാട്ടങ്ങളോട് ചേര്‍ന്നു നിന്നു, അമേരിക്കന്‍ ജനസഞ്ചയത്തിന് ഇസ്‌ലാമിനെയും അതിന്റെ സംസ്‌കാരത്തെയും പരിചയപ്പെടുത്തി തുടങ്ങിയ 'മഹാപാപങ്ങള്‍' കാരണമായാണ് ഫാറൂഖി കൊല്ലപ്പെടുന്നത്.  1986 മെയ് 27, ഹിജ്‌റ വര്‍ഷം 1406 റമദാന്‍ 17-ന് അദ്ദേഹവും ഭാര്യയും  നരാധമരാല്‍ കുത്തേറ്റ് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ലംയാഅ് അല്‍ഫാറൂഖി കലയിലും ഇസ്‌ലാമിക വാസ്തുവിദ്യയിലും വിദഗ്ധയായിരുന്നു. വധിക്കപ്പെട്ടെങ്കിലും, സ്വേഛാധിപത്യത്തിനെതിരെ ഫാറൂഖി സഞ്ചരിച്ച ദുര്‍ഘട പാതയില്‍ സത്യമാര്‍ഗത്തിന്റെ വഴിവെട്ടി പാഥേയമൊരുക്കിയ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.

സര്‍വവിജ്ഞാനകോശമായ പണ്ഡിതന്‍
'സര്‍വവിജ്ഞാന കോശമായ മുസ്‌ലിം പണ്ഡിതന്‍' എന്ന് ഇസ്മാഈല്‍ റാജി അല്‍ഫാറൂഖിയെ വിശേഷിപ്പിക്കാം. തത്ത്വചിന്ത, മതങ്ങള്‍, ചരിത്രം തുടങ്ങി വിവിധ മാനവിക വിഷയങ്ങളില്‍ അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. അറബി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്  ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം പ്രസ്തുത മൂന്ന് ഭാഷകളിലും എഴുതിയിട്ടുണ്ട്. മൂന്ന് ഭാഷകളും മാതൃഭാഷയെന്ന പോലെ  കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1972-ല്‍ റാജി അല്‍ഫാറൂഖിയെ തന്റെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ച ഒരനുഭവം ഡോ. ജമാല്‍ അല്‍ബര്‍സന്‍ജി വിവരിക്കുന്നുണ്ട്. ക്ഷണിക്കപ്പെട്ട ഇതര മതസ്ഥരായ അതിഥികളോട് ഒരു മണിക്കൂറോളം അദ്ദേഹം സംവദിച്ചു. സംഭാഷണത്തിനു ശേഷം സദസ്സിലുണ്ടായിരുന്ന ഒരു പുരോഹിതന്‍ പറഞ്ഞു: ''എന്റെ മുപ്പത് വര്‍ഷക്കാലത്തെ പഠനത്തിനിടയില്‍ ഞാന്‍ നേടിയെടുത്ത അറിവിനേക്കാള്‍ കൂടുതല്‍ ക്രിസ്തുമതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ഒറ്റ രാത്രി കൊണ്ട് എനിക്ക് സാധ്യമായി.''
ഫാറൂഖി അനന്തരമായി ഇട്ടേച്ചുപോയത് അദ്ദേഹത്തിന്റെ വ്യതിരിക്തമായ ചിന്തകളാണ്. ഇരുപത്തിയഞ്ച് പുസ്തകങ്ങളും നൂറിലധികം പഠന-ഗവേഷണങ്ങളുമാണ് അദ്ദേഹം വൈജ്ഞാനിക ലോകത്തിന് സംഭാവന ചെയ്തത്. ഒട്ടുമിക്ക പുസ്തകങ്ങളും രചിച്ചിട്ടുള്ളത് ഇംഗ്ലീഷിലാണ്. മുസ്‌ലിംകളുടെ ചിന്തകളെ സ്വതന്ത്രമാക്കിയതിലും ഇസ്‌ലാമിക ചിന്തകളുടെ നവജാഗരണത്തിലും ഫാറൂഖിയുടെ രചനകള്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. മതങ്ങളില്‍ അവഗാഹം നേടാന്‍  അദ്ദേഹം ഒരു മുഖ്യാവലംബമാണ്. ഫാറൂഖി അവതരിപ്പിച്ച നവോത്ഥാന ചിന്തകളെ നമുക്ക് നാല് ഇനങ്ങളിലായി  ക്രമീകരിക്കാം. ഇസ്‌ലാമിക സംസ്‌കൃതി, മതതാരതമ്യം, അറിവിന്റെ ഇസ്‌ലാമിക വല്‍ക്കരണം, സയണിസ്റ്റ് പദ്ധതി എന്നിവയാണവ.

ഇസ്‌ലാമിക സംസ്‌കൃതി
ഇസ്‌ലാമിക സംസ്‌കാരത്തെ കുറിച്ച് ഫാറൂഖിയും ഭാര്യ ലംയാഉം ചേര്‍ന്ന് രചിച്ച ബൃഹത്തും മൂല്യവത്തുമായ ഗ്രന്ഥമാണ് The Cultural Atlas of Islam.  'അനാഥയായി പിറന്നത്' എന്നാണ് ആമുഖമെഴുതിയ ഡോ. ഹിശാമുത്ത്വാലിബ് ആ പുസ്തകത്തെ വിശേഷിപ്പിച്ചത്. കാരണം, ഗ്രന്ഥം അച്ചടിശാലയിലായിരിക്കെ ഫാറൂഖിയും ഭാര്യയും രക്തസാക്ഷിത്വം വരിച്ചിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവരുടെ പരിശ്രമങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷിയായി ആ വിശിഷ്ട ഗ്രന്ഥം പിന്നീട് പുറത്തിറങ്ങുകയുണ്ടായി. ഇരുവരുടെയും മൂര്‍ച്ചയേറിയ ആലോചനകളുടെയും പാണ്ഡിത്യത്തിന്റെയും മൂര്‍ത്തമായ ചിന്തകളാണ് ഈ പുസ്തകം. 'വഞ്ചകന്റെ കത്തിയേക്കാള്‍ മൂര്‍ച്ചയേറിയതാണ് പണ്ഡിതന്റെ മഷിത്തുള്ളികള്‍' എന്ന് ഫാറൂഖിയെ കുറിച്ച് പര്‍വേസ് മന്‍സൂര്‍ എഴുതിയ അനുശോചന കുറിപ്പിലെ വാക്കുകളെ ശരിവെക്കുകയാണ് ഈ പുസ്തകം. കാല-ദേശങ്ങള്‍ക്ക് അനുസൃതമായി കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്നു എന്നതാണ്  ഈ രചനയെ വ്യതിരിക്തമാക്കുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തെ പ്രതി വിരചിതമായ  പുസ്തകങ്ങളില്‍ സമാനതകളില്ലാത്ത വിധം ഇസ്‌ലാമിന്റെ സംസ്‌കൃതിയെ അവതരിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചത്, വ്യത്യസ്ത മതങ്ങളുടെ (പ്രത്യേകിച്ചും ജൂത-ക്രൈസ്തവ മതങ്ങള്‍) ചരിത്രത്തെ കുറിച്ച ഫാറൂഖിയുടെ പരന്ന ജ്ഞാനവും, ഇസ്‌ലാമിക കലയിലും വാസ്തുവിദ്യയിലും ലംയാഅ് ആര്‍ജിച്ചെടുത്ത ആഴമേറിയ അനുഭവങ്ങളും അതിലേക്ക് ചേര്‍ത്തുവെച്ചതുകൊണ്ടാണ്. നൂതനമായ രീതിശാസ്ത്രമാണ് രചനയില്‍ ഇരുവരും സ്വീകരിച്ചിട്ടുള്ളത്. ഇസ്‌ലാമിക സംസ്‌കാരം പിറവിയെടുത്ത സന്ദര്‍ഭം, അതിനെ വലയം ചെയ്തു നില്‍ക്കുന്ന ഏകദൈവത്വ വിശ്വാസസംഹിത, ആ സംസ്‌കാരം സ്വയം ആവിഷ്‌കരിക്കുന്ന രൂപഘടന, അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ എന്നീ നാല് ആശയങ്ങളിലായാണ് ഈ പുസ്തകം രൂപപ്പെടുത്തിയിട്ടുള്ളത്.

മതതാരതമ്യം
മതതാരതമ്യ പഠനമേഖലയില്‍ ഫാറൂഖി നടത്തിയ ശ്രദ്ധേയമായ ഇടപെടലാണ് Historical Atlas of the Religions of the World  എന്ന കൃതി. ഇസ്‌ലാമിനെ കുറിച്ച് ഒരു പ്രത്യേക അധ്യായം തന്നെ അതിലുണ്ട്. ഇസ്‌ലാമിക സന്ദേശത്തിന്റെ ഗാംഭീര്യവും അതിന്റെ ആശയമേല്‍ക്കോയ്മയും തുറന്നു കാണിക്കുന്ന വിശാലമായ പ്രവേശന കവാടമായി അതിനെ കാണാം. യുക്തിഭദ്രമായ ശൈലിയില്‍ മുന്‍കാല ദൈവിക സന്ദേശങ്ങളുടെ സവിശേഷതകള്‍ അനാവരണം ചെയ്യുകയാണതില്‍. ക്രിസ്ത്യാനികളുടെ ഒന്നാം പ്രമാണം മുമ്പില്‍ വെച്ച്  അവരുടെ മതത്തിന്റെ ചരിത്രപരവും പ്രാമാണികവുമായ അടിസ്ഥാനങ്ങളെ വിശകലനം ചെയ്യുന്നതാണ് ഇവൃശേെശമി ഋവേശര െഎന്ന ഫാറൂഖിയുടെ മറ്റൊരു കൃതി.  ഇത് ക്രിസ്തീയ വായനക്കാരുടെ ഹൃദയത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച് വിശ്വാസ വ്യതിചലനത്തിന് വഴിയൊരുക്കുമെന്ന് ആരോപിച്ച് മാക്ഗില്‍ യൂനിവേഴ്‌സിറ്റിയിലെ നിരവധി ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ഇതിന്റെ പ്രസിദ്ധീകരണം തടയാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. അത്തൗഹീദു വമുഖ്തളയാത്തുഹൂ ഫില്‍ ഫിക്‌രി വല്‍ ഹയാത്ത്, അല്‍ ഇസ്‌ലാമു വദ്ദിയാനാത്തുല്‍ ഉഖ്‌റാ, സലാസിയത്തുല്‍ ഹിവാറില്‍ യഹൂദിയ്യ വല്‍ മസീഹിയ്യ വല്‍ ഇസ്‌ലാമിയ്യ തുടങ്ങിയ പുസ്തകങ്ങളും മതങ്ങളെ കുറിച്ച് ഫാറൂഖി രചിച്ചിട്ടുണ്ട്.

അറിവിന്റെ ഇസ്‌ലാമികവല്‍ക്കരണം
മുസ്‌ലിംകളുടെ അസ്തിത്വത്തെയും ആദര്‍ശത്തെയും ആത്മവിശ്വാസത്തെയും സംരക്ഷിച്ചുകൊണ്ടുതന്നെ, അവരുടെ സംസ്‌കാരത്തെ പോഷിപ്പിക്കുംവിധം സമകാലീന മാനവിക സാമൂഹിക വിജ്ഞാനങ്ങളെ ഇസ്‌ലാമികമായി പുനര്‍നിര്‍മിക്കാനുള്ള സൈദ്ധാന്തിക അടിത്തറ പാകിയത് ഫാറൂഖിയാണ്. ഇതാണ് അറിവിന്റെ ഇസ്‌ലാമിക വല്‍ക്കരണം കൊണ്ട് അര്‍ഥമാക്കുന്നത്. പുതിയകാല മുസ്‌ലിം സമൂഹത്തിന്റെ നിലവിലുള്ള വിദ്യാഭ്യാസ-ചിന്താ പദ്ധതികളുടെ രോഗാതുരത നിര്‍ണയിക്കുകയും അവരുടെ സംസ്‌കാരത്തിന് ശക്തമായ പ്രചോദനത്തിന്റെയും ചലനാത്മക ചിന്തയുടെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുകയാണ് അദ്ദേഹം. വിദ്യാഭ്യാസത്തെ സാമ്പ്രദായിക മത വിദ്യാഭ്യാസമെന്നും സമകാലീന സിവില്‍ വിദ്യാഭ്യാസമെന്നും വേര്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതികളുടെ അനന്തരഫലം, പൂര്‍വപിതാക്കളെയോ മതത്തെയും സംസ്‌കാരത്തെയും വേര്‍തിരിച്ച പാശ്ചാത്യരെയോ അനുകരിക്കാന്‍ മാത്രം അറിയുന്ന വിഘടിതവും ഉലഞ്ഞതുമായ സ്വത്വമാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. അതിനു പകരമായി, എല്ലാ യൂനിവേഴ്‌സിറ്റികളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുക വഴി ഇസ്‌ലാമിന്റെ ചൈതന്യം പ്രവഹിക്കുന്ന ഏക വിദ്യാഭ്യാസ രീതിയാണ് വേണ്ടത്.  ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ സമകാലീന ബൗദ്ധിക -സാംസ്‌കാരിക നിലവാരം കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ സൈദ്ധാന്തിക അടിത്തറ  കെട്ടിപ്പടുക്കുകയും, സ്വത്വത്തെ പരിപോഷിപ്പിക്കുകയും ചെയ്യാന്‍ പുതിയകാല മാനവിക-വിജ്ഞാനീയങ്ങളില്‍ കൂടി പ്രാവിണ്യം നേടേണ്ടതുണ്ട്. ഇത്തരമൊരു രചനാത്മക സംസ്‌കാരത്തിന്റെ ആസൂത്രണത്തിനും സിദ്ധാന്തവല്‍ക്കരണത്തിനുമുള്ള ആസ്ഥാനമായാണ് അദ്ദേഹം അബ്ദുല്‍ ഹമീദ് അബൂ സുലൈമാനുമായി ചേര്‍ന്ന് കിലേൃിമശേീിമഹ കിേെശൗേലേ ീള കഹെമാശര ഠവീൗഴവ േസ്ഥാപിച്ചത്.

സയണിസ്റ്റ് പദ്ധതി
ഇസ്‌ലാമും ഇസ്രയേല്‍ എന്ന പ്രശ്‌നവും, ജൂതമതത്തില്‍ സയണിസത്തിന്റെ അടിസ്ഥാനങ്ങള്‍, ജൂതമതത്തിലെ പുതിയ ചിന്താധാരകള്‍ തുടങ്ങി സയണിസ്റ്റ് പ്രതിഭാസത്ത തുറന്നുകാണിക്കുന്ന മൂന്ന് പുസ്തകങ്ങള്‍ ഫാറൂഖി രചിച്ചിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയിലും ജൂതമത ചരിത്രത്തിലും പ്രാവിണ്യം നേടിയ ഫാറൂഖി ഇവ രണ്ടിന്റെയും ചരിത്രപരമായ പരിപ്രേക്ഷ്യത്തിലാണ് സയണിസത്തെ അവതരിപ്പിക്കുന്നത്. മുസ്‌ലിംകള്‍ അവരുടെ മുഖ്യശത്രുവായ ഇസ്രയേലിനെ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലെന്നും പാശ്ചാത്യ അധിനിവേശ പദ്ധതി അല്ലെങ്കില്‍ കുരിശുയുദ്ധങ്ങളുടെ ആവര്‍ത്തനം എന്നിങ്ങനെയുള്ള കേവല ആഖ്യാനങ്ങള്‍ക്കപ്പുറം സൂക്ഷ്മമായി ഈ പ്രതിയോഗിയെ മനസ്സിലാക്കണമെന്നും ഫാറൂഖി നിരീക്ഷിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ ആദിപാപ പരിഹാര സിദ്ധാന്തം, ജൂതസമൂഹത്തിന് സമത്വം നേടിക്കൊടുക്കുമെന്ന  ജ്ഞാനോദയ കാലത്തെ വാഗ്ദാനങ്ങളില്‍നിന്നുള്ള  പിന്മാറ്റം, ജൂത മതത്തിന്റെ വംശീയ കേന്ദ്രീകരണം എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് ചിന്തകളാണ്  ഇസ്രയേലിന്റെ പിറവിയിലേക്ക് നയിച്ചതെന്ന് ഫാറൂഖി വിലയിരുത്തുന്നു. അങ്ങനെ ജൂതസമൂഹം യൂറോപ്പില്‍നിന്ന് തങ്ങളുടെ വേരുകള്‍ പിഴുതെടുത്ത് ഫലസ്ത്വീന്‍ മണ്ണിലേക്ക് പറിച്ചുനട്ടു. യഥാര്‍ഥത്തില്‍, ജൂതന്മാരുടെ പ്രശ്‌നപരിഹാരം വൈകിപ്പോയെന്നും ഇസ്രയേലിന്റെ രൂപീകരണം അവരുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമേ ആകുന്നുള്ളൂവെന്നുമാണ് ഫാറൂഖിയുടെ നിഗമനം. അത് യഥാര്‍ഥത്തില്‍ ഒരു പാശ്ചാത്യ ക്രിസ്തീയ പ്രശ്‌നമാണ്. ഇന്ന് ചരിത്രവേദിയിലേക്ക് വീണ്ടും കടന്നുവരുന്ന ഒരു മഹത്തായ സമുദായത്തിന്റെ ചെലവിലായിരുന്നില്ല അത് പരിഹരിക്കേണ്ടിയിരുന്നതെന്നും  അദ്ദേഹം അഭിപ്രായപ്പെടുന്നു. ശഹീദ് ഫാറൂഖിക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ. 

(വിവ: സി. ജവാദ്,  അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍