Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

സ്മൃതി വാതായനങ്ങള്‍ തുറന്ന ഒരു വിയോഗക്കുറിപ്പ്

വി.കെ ജലീല്‍

വര്‍ത്തമാന പത്രത്തില്‍,  ചരമ വൃത്താന്തങ്ങള്‍ക്ക് സവിശേഷമായി നീക്കിവെച്ച താളിന്റെ  മൂന്നാം  കള്ളിയില്‍, സ്വാഭാവിക മട്ടില്‍ 'മരിച്ചുകിടന്ന' ആ വിയോഗക്കുറിപ്പ് കണ്ണില്‍പെട്ടത് ഹൃദയബന്ധം ഒന്നുകൊണ്ടുതന്നെയാവണം. കാരണം ആറു മാസത്തിലേറെയായി പത്രം നേരിട്ട് കൈയിലെടുത്ത് വായിക്കാറില്ല. കഴിഞ്ഞ ജൂണില്‍ കണ്ണുകള്‍ക്ക് ബാധിച്ച താല്‍ക്കാലിക രോഗാവസ്ഥ തൊട്ട്,  ശാന്തപുരം പഠനകാല (1964-74) സുഹൃത്തും, എന്നെപ്പോലെ എഴുപതില്‍ വിരാജിക്കുന്ന മുന്‍ അധ്യാപകനുമായ  എം.കെ മുഹമ്മദ്, പത്രം ഫോണ്‍ വഴി വായിച്ചുകേള്‍പ്പിക്കുകയാണ് പതിവ്.
പാലക്കാട് ജില്ലയിലെ തൃക്കടീരി സ്വദേശിയാണ് മണിമാഷ് എന്നു സ്‌നേഹപ്പേരുള്ള സര്‍ഗധനനും ഉറ്റ മിത്രവുമായ മുഹമ്മദ് മാസ്റ്റര്‍. ദിനേന പുലര്‍കാലേ, ഏകദേശം ഒരു മണിക്കൂര്‍ നേരം ഫോണ്‍ വഴി പത്രപാരായണം  നടക്കുന്നു (ദിനപത്രത്തിനു പുറത്ത് ശ്രദ്ധേയമായി വല്ലതും ഉണ്ടെങ്കില്‍  എന്‍.എം ബഷീറും വായിച്ചുതന്നിരുന്നു). എന്റെ വായനാ നിരോധ കാലാവധി പര്യവസാനിക്കുകയും  കാഴ്ച സാധാരണ നില കൈവരിക്കുകയും ചെയ്തപ്പോഴേക്കും, ഞങ്ങള്‍ക്കത് അവസാനിപ്പിക്കാന്‍ പറ്റാത്ത ശീലമായി. പത്രവായനക്കിടയില്‍ വാര്‍ത്താവിശകലനവും, അഞ്ചര ദശകം പിന്നിട്ട അഭിരാമ സൗഹൃദ നവീകരണവും നടക്കുന്നതിനാല്‍, ഇപ്പോള്‍ ദിനാ ദ്യത്തിലെ ഹൃദയഹാരിയും നിത്യനവീനവുമായ   പതിവനുഭവമായി ദിനപത്ര 'വിവരവിനിമയം' മാറിയിരിക്കുന്നു! ഇല്ലെങ്കില്‍, ഉത്തരവാദപ്പെട്ടവര്‍ തന്നെ നടത്തുന്ന വര്‍ഗീയ വിഷപ്രചാരണങ്ങളും സ്വര്‍ണക്കടത്തും 'സ്വപ്‌ന'വര്‍ണനകളും  ശിവശങ്കര സങ്കീര്‍ത്തനങ്ങളും ഇ.ഡിയും  പീഡനാനന്തര ക്രൂരഹത്യകളും കോവിഡും മനുഷ്യാവകാശ ലംഘനങ്ങളുടെ കണ്ണീര്‍കഥകളും, കോടിയേരികളും  പാലാരിയും ഫാഷന്‍ ഗോള്‍ഡും സര്‍ക്കാരിന്റെ  സചിത്ര പ്രമോഷന്‍ വിജ്ഞാപനങ്ങളും തദ്ദേശീയ പോര്‍മുഖ വിടുവായത്തങ്ങളും നിറഞ്ഞെത്തുന്ന പത്രങ്ങള്‍, വര്‍ത്തമാനകാല പ്രഭാതങ്ങളെ  വല്ലാതെ വിരസമാക്കിയേനെ.
വാര്‍ത്താകുറിപ്പിനോടൊപ്പം ചേര്‍ത്ത പരേതന്റെ മങ്ങിയ ചിത്രം പേര്‍ത്തും പേര്‍ത്തും നിരീക്ഷിച്ചു. ആളു തെറ്റിയിട്ടില്ല.  പേരിനോടു ചേര്‍ന്ന കൊച്ചു ആവരണ ചിഹ്നത്തിനകത്ത് '(90)' എന്ന്, പരേതന്റെ ആകെ ജീവിതകാലം രേഖപ്പെടുത്തിയതില്‍ കണ്ണുടക്കി. സ്വയം നന്നായി അറിയാവുന്നതുപോലെ സുദീര്‍ഘമായ ഒമ്പത് ദശാബ്ദക്കാലം വിവിധ ജീവിത  നിയോഗങ്ങള്‍ സൗമ്യമായും സരസമായും സഹനത്തോടെയും നിര്‍വഹിച്ചുകൊണ്ടാണ് അദ്ദേഹം മണ്ണിലേക്ക്  മടങ്ങുന്നത് എന്നോര്‍ത്തു. എന്നിട്ടും അത്യന്തം ഹ്രസ്വമായിരുന്നു ആ ചരമകുറിപ്പ്. പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ സ്വയം തയാറാക്കി ധൃതിയില്‍  പത്രത്തിനു എത്തിച്ചുകൊടുത്തതാവാം ആ കുറിപ്പ് എന്നു ഊഹിച്ചു.
1929-ലോ 1930-ലോ വാഴക്കാട് ദേശത്തെ പ്രൗഢ കുടുംബങ്ങളില്‍ ഒന്നിലായിരുന്നു മേച്ചീരി ആയംകുടി (എം.എ) മുഹമ്മദ് കുട്ടിയുടെ പിറവി. ബിരുദാനന്തര ബിരുദം നേടിയ ശേഷം നിയമബിരുദവും സമ്പാദിച്ചു. അന്നത്തെ അവസ്ഥയില്‍, ഒരു മാപ്പിള വിദ്യാര്‍ഥിക്ക് പ്രാപിക്കാവുന്ന വളരെ ഉന്നതമായ വിദ്യാഭ്യാസ വിതാനം തന്നെയായിരുന്നു അത്.
1975-ന്റെ തുടക്കത്തിലാണ് ഈയുള്ളവന്‍ ആദ്യമായി, 'എം.എ മുഹമ്മദ് കുട്ടി വക്കീലു'മായി ബന്ധപ്പെടുന്നത്. ഇപ്പോള്‍ കോഴിക്കോട് മൂഴിക്കലിലെ സ്വഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ എം.എ അഹ്മദ് കുട്ടി സാഹിബ് മുഖേനയായിരുന്നു വക്കീലുമായി ആദ്യം ബന്ധം സ്ഥാപിച്ചത്. പ്രാസ്ഥാനിക  വൃത്തങ്ങളില്‍ 'എം.എ' എന്ന രണ്ടക്ഷരം കൊണ്ട് ഏറെ സുപരിചിതനായ  അഹ്മദ് കുട്ടി സാഹിബിനെക്കുറിച്ചും പുതുതലമുറയോട് രണ്ടു വാക്ക് പറയാതിരിക്കുന്നത് നന്ദികേട് ആവും.
പോയ നൂറ്റാണ്ട് അതിന്റെ സംഭവബഹുലമായ മധ്യദശകങ്ങളിലേക്ക് പ്രയാണം ചെയ്ത് എത്തുന്നതിനുമുമ്പ് കോഴിക്കോട് നഗരത്തെ  ത്രസിപ്പിച്ച ഒരുപറ്റം യുവാക്കള്‍ ഉണ്ടായിരുന്നു. എസ്.കെ പൊറ്റക്കാട്, എം.ടി വാസുദേവന്‍ നായര്‍,  കെ.എ കൊടുങ്ങല്ലൂര്‍ തുടങ്ങി മുല്ലവീട്ടില്‍ അബ്ദുര്‍റഹ്മാന്‍ വരെ എത്തുന്ന, കുറേ അംഗങ്ങളുള്ള ഒരു സര്‍ഗാത്മകസംഘം ആയിരുന്നു അത്. അവരില്‍ ഒരംഗമായിരുന്നു, അത്യാവശ്യം ആധുനിക വിദ്യാഭ്യാസവും, ഉയര്‍ന്ന ഭൗതിക സാഹചര്യങ്ങളും നല്ല ആകാര സുഭഗതയും ഉണ്ടായിരുന്ന  എം.എ അഹ്മദ് കുട്ടി. പില്‍ക്കാലത്ത് വഴിപിരിഞ്ഞു സഞ്ചരിച്ച് കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന കൂടിയാലോചനാ സമിതി അംഗം വരെയായി അദ്ദേഹം. പ്രബോധനം മാനേജര്‍, മാധ്യമത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍  എം.എ  വ്യക്തിമുദ്ര പതിപ്പിച്ചു. ജമാഅത്ത് വലിച്ചിഴക്കപ്പെടുന്ന നിയമ വ്യവഹാരങ്ങള്‍ ഒരുകാലത്ത് കൊണ്ടുനടന്നിരുന്നത്  അദ്ദേഹമായിരുന്നു.
ഇനി സ്മര്യപുരുഷനെ മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍ കൂടി പറയാം. പഠനാനന്തരം, പാസ്‌പോര്‍ട്ട് നേടാനുള്ള ചിന്ത ഉണര്‍ന്നതാണ് അഡ്വക്കറ്റ് മുഹമ്മദ് കുട്ടി സാഹിബുമായി ബന്ധപ്പെടാന്‍ ഇടയാക്കിയത്.  അന്ന് കേരളത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഉണ്ടായിരുന്നില്ല. അപേക്ഷ തയാറാക്കി മദിരാശി(ചെന്നൈ) യിലേക്ക് അയക്കണം. മാസങ്ങള്‍ കഴിഞ്ഞ് പോലീസ് അന്വേഷണം നടക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ അവിചാരിതമായി വരുമ്പോള്‍, അപേക്ഷകനെ കാണുന്നതിനു മുമ്പ് ബന്ധപ്പെടാന്‍ ഇടയുള്ള  ആളുകളെ നേരത്തേ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി വെക്കണം. ഇല്ലെങ്കില്‍ അബദ്ധം സംഭവിച്ചേക്കാം. അന്വേഷണത്തിന് വരുന്ന ആള്‍ക്ക് കൈമടക്കും അനിവാര്യ മര്യാദയാണ്. പിന്നെയും അനിശ്ചിതമായ കാത്തിരിപ്പാണ്. പാസ്‌പോര്‍ട്ടിന് അപേക്ഷ അയച്ച് ഒന്നര വര്‍ഷം തപാല്‍ ശിപായിയെ ധ്യാനിച്ച് കണ്ണുതുറന്നിരുന്ന ചിലര്‍ എന്റെ പരിചിത വൃത്തത്തില്‍ തന്നെ ഉണ്ടായിരുന്നു.
എന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ ഏതെങ്കിലുമൊന്നില്‍ അംഗമായ ഒരാളുടെ  സാക്ഷ്യപ്പെടുത്തലോടെ  അപേക്ഷിച്ചാല്‍ നൂലാമാലകള്‍ കുറേ കുറഞ്ഞുകിട്ടും. താമസംവിനാ പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്യും. അഡീഷണല്‍ ഡിസ്ട്രിക്ട്  മജിസ്‌ട്രേറ്റുമാര്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സാക്ഷ്യപ്പെടുത്താനുള്ള അധികാരം നല്‍കപ്പെട്ടിരുന്നു. അന്ന് മലപ്പുറത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഇതൊരു സേവനാവസരമായി തന്നെ ഏറ്റെടുത്തിരുന്നു. തല്‍ഫലമായി, ആദരണീയരായ സുലൈമാന്‍ സേട്ട് സാഹിബിന്റെയും ബനാത്ത്‌വാല സാഹിബിന്റെയും ഇ. അഹ്മദ് സാഹിബിന്റെയും  കൈയൊപ്പുകളോടെ  ആയിരക്കണക്കിന് അപേക്ഷകള്‍, ലീഗ് ഓഫീസ് മുഖേനയും അല്ലാതെയും പാസ്‌പോര്‍ട്ട് ഓഫീസിലെത്തി. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള എം.പിമാര്‍ ഇവരായിരിക്കണം. പ്രത്യക്ഷത്തില്‍ വളരെ ചെറിയതെന്നു തോന്നാവുന്ന ഈ സേവനം, മലപ്പുറം പരിസരങ്ങളെ ഐശ്വര്യഹരിതമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് വിസ്മരിച്ചുകൂടാ.
അന്നൊക്കെ, സാമുദായിക രാഷ്ട്രീയത്തോട് ആശയപരമായി തുറന്ന വേദികളില്‍ കലഹിച്ചുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നതുകൊണ്ടാവണം, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മുസ്‌ലിംലീഗില്‍ ഉണ്ടായിരുന്നിട്ടും, പാസ്‌പോര്‍ട്ട് അപേക്ഷയുമായി മേല്‍പ്പറഞ്ഞ എം.പിമാരെ സമീപിക്കാന്‍ വൈമനസ്യം തോന്നിയത്. അവരെ ആശ്രയിക്കുന്നില്ലെങ്കില്‍ പിന്നെ എ.ഡി.എമ്മിന്റെ  സഹകരണം ലഭിക്കണം. അന്ന് ഒ.വി. അബൂബക്കര്‍ ആയിരുന്നു മലപ്പുറം എ.ഡി.എം. അക്കാലത്ത് താനൂരില്‍ അഭിഭാഷക വൃത്തിയില്‍  ഏര്‍പ്പെട്ടിരുന്ന മുഹമ്മദ് കുട്ടി വക്കീലിന് ഇദ്ദേഹവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം മുഖേന എ.ഡി എമ്മില്‍നിന്ന് അപേക്ഷ സാക്ഷ്യപ്പെടുത്തി വാങ്ങി അയച്ചു. ഉടനെ പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്തു.  പക്ഷേ, അത് ഉപയോഗപ്പെടുത്തി ജിദ്ദയില്‍ എത്താന്‍ ഏഴു വര്‍ഷത്തെ കാലതാമസമുണ്ടായി. എന്നാല്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ വക്കീല്‍ ജോലി ഉപേക്ഷിച്ച് മുഹമ്മദ് കുട്ടി സാഹിബ് എനിക്ക് നാലു വര്‍ഷം മുമ്പേ, അതായത് 1978-ല്‍ ജിദ്ദയില്‍ എത്തിച്ചേരുകയും സാമാന്യം നല്ല ജോലി സമ്പാദിക്കുകയും ചെയ്തിരുന്നു. അദ്ദേഹം മക്കാ റോഡില്‍, കിലോ 5-ലും ഞാന്‍  ശറഫിയ്യയിലും ആയിരുന്നു താമസമെങ്കിലും, ഹ്രസ്വഹമായ ഇടവേളകളില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുകൊണ്ടിരുന്നു. ഇരുവര്‍ക്കും ഒരുപാടു പേര്‍ പൊതു സുഹൃത്തുക്കളായി ഉണ്ടായിരുന്നു എന്നതാണ് ഇതിനു പ്രധാന കാരണം.  ഊഷ്മളമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അദ്ദേഹത്തിന്റെ ചരമക്കുറിപ്പ് കണ്ടപ്പോള്‍ തികട്ടി വന്ന ഓര്‍മകളില്‍ ചിലത് നന്ദിപൂര്‍വം കുറിച്ചു എന്നേയുള്ളൂ. ഓര്‍മകളുടെ തിരകള്‍ അടങ്ങുന്നേയില്ല. അങ്ങേയറ്റം സാത്വിക ജീവിതം നയിച്ച  ആ മാന്യ ദേഹത്തിന്റെ ചരമവൃത്താന്തം അറിഞ്ഞിട്ടില്ലാത്ത കുറെ പേര്‍ ഈ വരികള്‍ കാണുമെന്നും പരേതാത്മാവിനു വേണ്ടി പ്രാര്‍ഥിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍