Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

ദൈവം മാന്ത്രികനോ?

ടി.കെ.എം ഇഖ്ബാല്‍

(വില്‍ക്കാനുണ്ട് നാസ്തിക യുക്തികള്‍-4)

കേരളത്തിലെ യുക്തിവാദികള്‍ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഒരു കാര്‍ട്ടൂണ്‍ ചിത്രമുണ്ടായിരുന്നു. 'ദൈവമേ എന്റെ ജീവന്‍' എന്ന് വിലപിക്കുന്ന മാന്‍പേടയുടെയും 'ദൈവമേ എന്റെ ഇര' എന്ന പ്രാര്‍ഥനയുമായി പിറകെ ഓടുന്ന പുലിയുടെയും ചിത്രം. സൃഷ്ടികളുടെ പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ കേട്ട് ആരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കണം എന്നറിയാതെ ദൈവം കുഴങ്ങുന്നുവെന്ന് പരിഹസിക്കുന്നതാണ് കാര്‍ട്ടൂണ്‍. പുലിയുടെയും മാന്‍പേടയുടെയും സ്ഥാനത്ത് രണ്ട് മനുഷ്യരെ സങ്കല്‍പിച്ചുകൊണ്ടും ഇതേ ചോദ്യം ഉന്നയിക്കാം. ദൈവവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ വേണ്ടി നാസ്തികര്‍ ഉപയോഗിക്കുന്ന ലളിത യുക്തികളുടെ ഒന്നാംതരം ഉദാഹരണമാണ് ഈ ചിത്രവും അതുന്നയിക്കുന്ന ചോദ്യവും. മനുഷ്യരുടെ ധര്‍മസങ്കടങ്ങളും ആശയക്കുഴപ്പങ്ങളുമെല്ലാം ചേര്‍ന്ന ഒന്നായിട്ടു മാത്രമേ ദൈവത്തെയും അവര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുകയുള്ളൂ എന്നതു കൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനഘടനയില്‍ ആ പുലിയുടെയും മാന്‍പേടയുടെയും സ്ഥാനം എന്താണെന്ന് കൃത്യമായി അറിയുന്നവനാണ് സ്രഷ്ടാവായ ദൈവം. അങ്ങനെയുള്ള ഒരു ശക്തിയെ മാത്രമേ ദൈവം എന്ന് വിളിക്കാന്‍ കഴിയൂ. മാന്‍പേട പുലിയുടെ ഇരയാകുമോ എന്നത് ദൈവത്തിന്റെ ഇഛയെയും തീരുമാനത്തെയും ആശ്രയിച്ചു നില്‍ക്കുന്ന കാര്യമാണ്. മാന്‍പേടയുടെ സ്ഥാനത്ത് ദുര്‍ബലനായ ഒരു മനുഷ്യനെ സങ്കല്‍പിച്ചാലും ഇതു തന്നെയാണ് അവസ്ഥ. നമ്മുടെ യുക്തിയും നീതിബോധവും വെച്ചുകൊണ്ട് ദൈവത്തിന്റെ യുക്തിയെയും നീതിയെയും അളക്കാള്‍ ശ്രമിക്കുന്നതാണ് ഇവിടെയുള്ള അടിസ്ഥാനപരമായ പ്രശ്‌നം.  ദൈവത്തിന്റെ നീതി ഈ ജീവിതത്തെയും സര്‍വ പ്രപഞ്ചത്തെയും കടന്ന്,  വരാനിരിക്കുന്ന മറ്റൊരു ജീവിതത്തിലേക്കും മറ്റൊരു ലോകത്തിലേക്കും കൂടി പടര്‍ന്നുനില്‍ക്കുന്നതാണ് എന്ന യാഥാര്‍ഥ്യം കൂടി ഇവിടെ ഓര്‍ക്കണം. മനുഷ്യന്‍ കാണുകയും ചിന്തിക്കുകയും ചെയ്യുന്നതിലപ്പുറം കാണാന്‍ കഴിവുള്ളവനാണ് ദൈവം എന്ന ദൈവത്തെക്കുറിച്ച അടിസ്ഥാന സങ്കല്‍പം പോലും വിസ്മരിച്ചുകൊണ്ടാണ് നാസ്തികര്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
മേല്‍പറഞ്ഞ ചിത്രത്തില്‍ പുലിയുടെ സ്ഥാനത്ത് ക്രൂരനും ശക്തനുമായ ഒരു മനുഷ്യനെയും മാന്‍പേടയുടെ സ്ഥാനത്ത് മര്‍ദിതനായ ഒരു മനുഷ്യനെയും സങ്കല്‍പിക്കുക. ദൈവം എന്ത് ചെയ്യും എന്ന കാര്യം ദൈവത്തിന് വിട്ടുകൊടുത്തിട്ട് മനുഷ്യരായ നാം ഇത്തരം ഒരു സാഹചര്യത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുക എന്ന് ആലോചിച്ചുനോക്കുക. സന്തം ജീവന്‍ അപകടത്തിലായാല്‍ പോലും മര്‍ദിതന്റെ കൂടെ നില്‍ക്കണം എന്നാണ് മനുഷ്യര്‍ പൊതുവെ പറയുക. മതത്തിന്റെ ധാര്‍മികതയും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്. പക്ഷേ, ജീവിതത്തില്‍ നഷ്ടം ഏറ്റുവാങ്ങിക്കൊണ്ട് അക്രമത്തിനും മര്‍ദനത്തിനുമെതിരെ നിലയുറപ്പിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും വിശ്വാസപ്രമാണം നാസ്തികത മുന്നോട്ടു വെക്കുന്നുണ്ടോ? ഭൂമിയിലെ അനീതികള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തവരാണോ, ഇല്ല എന്ന് അവര്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ അനീതിയെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്!
സൃഷ്ടികളുടെ പ്രാര്‍ഥന കേട്ട് ആകാശത്തു നിന്ന് ഇറങ്ങി വന്ന് അവരുടെ ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും തല്‍ക്ഷണം പരിഹാരം ഉണ്ടാക്കിക്കൊടുക്കുന്ന മാന്ത്രികനായിട്ടാണ് വിശ്വാസികളുടെ ദൈവത്തെ നാസ്തികര്‍ സങ്കല്‍പിക്കുന്നത്. ഈ ധാരണ വെച്ചുകൊണ്ടാണ് പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും വരുമ്പോള്‍ മനുഷ്യരുടെ പ്രാര്‍ഥന കേട്ട് ദൈവം ഇടപെടാത്തതെന്ത് എന്ന് അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ ദുരിതങ്ങളും കഷ്ടപ്പാടുകളും ഉണ്ടാവരുത് എന്നാണ് ദൈവത്തിന്റെ ഇഛയെങ്കില്‍ അതൊന്നുമില്ലാത്ത ഒരു ലോകം ആദ്യമേ സൃഷ്ടിച്ചാല്‍ മതിയായിരുന്നുവല്ലോ. ഇതെല്ലാം ചേര്‍ന്നതാണ് ഭൂമിയിലെ ജീവിതം എന്നും അതിന്റെ അര്‍ഥവും ഉദ്ദേശ്യവും എന്താണെന്നും മുമ്പ്  വിശദീകരിക്കുകയുണ്ടായി.
പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതമായ ഒരു പ്രവര്‍ത്തന ഘടന അതിന് ഉണ്ടാക്കിവെച്ചിട്ടുണ്ട് എന്നതാണ് നമ്മുടെ മുമ്പിലുള്ള യാഥാര്‍ഥ്യം. ഇത് ഇസ്‌ലാമിന്റെയും കാഴ്ചപ്പാടാണ്. വിശപ്പുണ്ടാക്കിയ ദൈവം വിശപ്പു മാറ്റാനുള്ള ഭക്ഷണവും ഒരുക്കിവെച്ചിട്ടുണ്ട്. രോഗത്തെ സൃഷ്ടിച്ച ദൈവം രോഗം മാറ്റാനുള്ള ഉപാധികളും നല്‍കിയിട്ടുണ്ട്. ആഹാരവും മരുന്നും കണ്ടെത്താനുള്ള വിഭവങ്ങളും സ്രോതസ്സുകളും പ്രകൃതിയില്‍ ഉണ്ട് എന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം. അത് അന്വേഷിച്ച് കണ്ടെത്താനുള്ള ബുദ്ധിശക്തിയും ചിന്താശേഷിയും മനുഷ്യന് നല്‍കിയിട്ടുമുണ്ട്. തീ തൊട്ടാല്‍ കൈ പൊള്ളും എന്നതാണ് പ്രകൃതിയില്‍ ദൈവം നിശ്ചയിച്ച നിയമം. ദൈവമേ, രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഒരാള്‍ തീയിലേക്ക് എടുത്തു ചാടിയാല്‍ പൊള്ളലേല്‍ക്കാതിരിക്കുകയില്ല; പ്രപഞ്ചത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തന ഘടനയില്‍ ദൈവം ഇടപെട്ട് മാറ്റങ്ങള്‍ വരുത്താന്‍  തീരുമാനിക്കാത്ത കാലത്തോളം. അങ്ങനെ ഇടപെട്ട ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നതു കാണാം. പ്രവാചകനായ ഇബ്‌റാഹീമിനെ ശത്രുക്കള്‍ അഗ്നികുണ്ഠത്തിലേക്ക് എറിഞ്ഞപ്പോള്‍ അല്ലാഹു തീയെ തണുപ്പും ശാന്തിയുമാക്കി മാറ്റി എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഫറോവയുടെ മര്‍ദനത്തില്‍നിന്ന് മൂസാ നബിയുടെ ജനതയെ രക്ഷിക്കാന്‍ വേണ്ടി കടല്‍ പിളര്‍ന്ന് അവര്‍ക്ക് വഴിയൊരുക്കിയ സംഭവം പ്രസിദ്ധമാണ്. പ്രവാചകന്മാരിലൂടെ നിരവധി അമാനുഷ ദൃഷ്ടാന്തങ്ങള്‍ മനുഷ്യര്‍ക്ക് പാഠമായി ദൈവം വെളിപ്പെടുത്തിയതിന്റെ വിവരണങ്ങള്‍ ഖുര്‍ആനിലുണ്ട്. ദൈവത്തിന്റെ ഇത്തരം ഇടപെടലുകള്‍ ദൈവത്തിന്റെ ഇഛയുടെയും ശക്തിയുടെയും പ്രതിഫലനം കൂടിയാണ്. പക്ഷേ, അതെപ്പോഴാണ്, എങ്ങനെയാണ് സംഭവിക്കുക എന്ന് ദൈവത്തിനു മാത്രമേ അറിയൂ. പ്രവാചകന്മാര്‍ക്കു പോലും അവരിലൂടെ വെളിപ്പെട്ട അത്ഭുത ദൃഷ്ടാന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിവില്ലായിരുന്നു എന്നാണ് ഖുര്‍ആന്റെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാവുക.
മറുവശത്ത്, പ്രവാചകന്മാരും അവരുടെ അനുയായികളും കഠിനമായ പീഡനങ്ങള്‍ക്ക് ഇരയായതും ശത്രുക്കളാല്‍ കൊല ചെയ്യപ്പെട്ടതുമായ വിവരണങ്ങളും ഖുര്‍ആനില്‍ കാണാം. ഇത്തരം പീഡന പര്‍വങ്ങളിലൂടെയാണ് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയെന്നും അവരുടെ വിശ്വാസം ദൃഢീകരിക്കപ്പെടുക എന്നും ഖുര്‍ആന്‍ പറയുന്നു. ദുരിതങ്ങളും പ്രയാസങ്ങളുമില്ലാത്ത ഒരു ജീവിതം ഭൂമിയില്‍ വിശ്വാസികള്‍ക്കു പോലും ദൈവം വാഗ്ദാനം ചെയ്തിട്ടില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

പ്രാര്‍ഥനയുടെ ആന്തരാര്‍ഥം

അപ്പോള്‍ പിന്നെ പ്രാര്‍ഥനയുടെ അര്‍ഥമെന്ത് എന്ന ചോദ്യമുയരും.
പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികളുടെ പ്രാര്‍ഥന ദൈവം സ്വീകരിക്കാത്തതെന്ത്, ഉത്തരം കിട്ടാത്ത പ്രാര്‍ഥനകള്‍ കൊണ്ട് എന്തു ഫലം - ഇതൊക്കെ നാസ്തികര്‍ സ്ഥിരമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. വിശ്വാസി ഭൗതികമായ കാര്യലാഭത്തിനു വേണ്ടി മാത്രം നടത്തുന്ന ഒന്നായിട്ടാണ് പ്രാര്‍ഥനയെ അവര്‍ മനസ്സിലാക്കുന്നത്. സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുകിട്ടാന്‍, സ്വയം ദിവ്യത്വം അവകാശപ്പെടുകയോ ദിവ്യത്വം ആരോപിക്കപ്പെടുകയോ ചെയ്യുന്ന  മറ്റു സൃഷ്ടികളെ വിളിച്ചു പ്രാര്‍ഥിക്കുന്നവരും ഇതേ ധാരണയാണ് വെച്ചു പുലര്‍ത്തുന്നത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ പ്രാര്‍ഥന മനുഷ്യനും, ഏകനും സര്‍വജ്ഞനുമായ ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ ദിവ്യവും മധുരവുമായ ആവിഷ്‌കാരമാണ്. പ്രപഞ്ചം മുഴുവന്‍ ഏകനായ അല്ലാഹുവിന്  തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുകയാണെന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനെ ആരാധിക്കാനും അവനു വിധേയപ്പെടാനും വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്ന് പറയുന്ന നബിവചനമുണ്ട്. വിശ്വാസിയുടെ മനസ്സ് എപ്പോഴും പ്രാര്‍ഥനാനിര്‍ഭരമായിരിക്കും. ദൈവത്തെക്കുറിച്ച ഓര്‍മയാല്‍ തരളിതമായിരിക്കും. അതുകൊണ്ടാണ് എന്ത് നല്ല കര്‍മവും ബിസ്മില്ലാഹ് (അല്ലാഹുവിന്റെ നാമത്തില്‍) എന്ന വചനം കൊണ്ട് ആരംഭിക്കാന്‍ മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. തന്റെ ഈ കര്‍മത്തെ ശുഭകരമായി മുന്നോട്ടു കൊണ്ടുപോകാനും പൂര്‍ത്തീകരിക്കാനും ദൈവത്തിന്റെ സഹായവും കാരുണ്യവും ഉണ്ടാവണേ എന്ന മൂകമായ പ്രാര്‍ഥന ആ വചനത്തില്‍ അടങ്ങിയിട്ടുണ്ട്.
'ഞങ്ങളുടെ നാഥാ, ഈ ലോകത്തും പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ ചൊരിയണേ' എന്നത് ഖുര്‍ആന്‍ പഠിപ്പിച്ച മധുരമായ പ്രാര്‍ഥനകളില്‍ ഒന്നാണ്. എന്നാല്‍, തീര്‍ത്തും സ്വാര്‍ഥപരമോ തനിക്കും സമൂഹത്തിനും ദോഷകരമോ ആയ കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാല്‍ മുസ്‌ലിംകള്‍ക്ക് അനുവാദമില്ല.
പ്രാര്‍ഥനയും പ്രവര്‍ത്തനവും ഒരുമിച്ചു ചേരുമ്പോഴാണ് മനുഷ്യജീവിതം പുഷ്‌കലമാകുന്നത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'ഒട്ടകത്തെ കെട്ടുക, എന്നിട്ട് ദൈവത്തില്‍ ഭരമേല്‍പിക്കുക' എന്നര്‍ഥം വരുന്ന നബിവചനമുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനു വേണ്ടി മനുഷ്യര്‍ സാധ്യമായതെല്ലാം ചെയ്യുകയും എന്നിട്ട് ദൈവത്തിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും വേണം എന്നാണ് ഇതിന്റെ അര്‍ഥം. പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും രോഗം വന്നാല്‍ ചികിത്സ തേടുകയും വേണം. ജീവിതത്തിലെ ഏതു സന്ദിഗ്ധ നിമിഷത്തിലും ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ അല്ലാഹുവിന്റെ വിധി കാത്തു കഴിയുന്നവനാണ് വിശ്വാസി. ഒടുവില്‍, മരണം വന്നെത്തുമ്പോള്‍, 'സമാധാനപൂരിതമായ ആത്മാവേ, സംതൃപ്തമായി, സംപ്രീതമായി നിന്റെ രക്ഷിതാവിലേക്ക് മടങ്ങിക്കൊള്ളുക' (ഖുര്‍ആന്‍: 89: 27,28 ) എന്ന് പറഞ്ഞ് ദൈവത്തിന്റെ മാലാഖമാര്‍ അവരെ ആലിംഗനം ചെയ്യുമെന്ന് അല്ലാഹു പറയുന്നു. ഇതാണ് യഥാര്‍ഥ വിശ്വാസിയുടെ അവസ്ഥ. വൈദ്യശാസ്ത്രം കൈവിടുമ്പേള്‍ ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാതെ ശൂന്യമായ മനസ്സോടെ മരണം കാത്തു കിടക്കുന്ന ഒരു നാസ്തികനേക്കാള്‍ എത്രയോ ഭേദമല്ലേ വിശ്വാസിയുടെ ജീവിതവും മരണവും?
'നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും' എന്ന് ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. 'നാം (മനുഷ്യരുമായി) അവരുടെ കണ്ഠനാഡിയേക്കാള്‍ സമീപസ്ഥനാണ്' എന്നും അല്ലാഹു പറയുന്നു. ദൈവത്തെ ഉള്ളില്‍ തട്ടി പ്രാര്‍ഥിക്കുന്ന മനുഷ്യര്‍ക്ക് ദൈവം ഉത്തരം നല്‍കും എന്നു തന്നെയാണ് അതിന്റെ അര്‍ഥം. പക്ഷേ, അത് എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ സംഭവിക്കും എന്ന് മനുഷ്യന് അറിയാന്‍ വഴിയില്ല. ചിലപ്പോള്‍ അനുഭവലോകത്തു തന്നെ അത് പ്രത്യക്ഷമായേക്കും. പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും പലതരം സാന്ത്വനങ്ങളായി, സമാശ്വാസമായി ദൈവത്തിന്റെ സഹായവും കാരുണ്യവും വന്നെത്തും. പലപ്പോഴും മനുഷ്യന്‍ അറിയാത്ത വഴികളിലൂടെയായിരിക്കും അത് സംഭവിക്കുന്നത്. കേവല യുക്തിയുടെ ശാഠ്യങ്ങള്‍ കാരണം മനസ്സു തുറന്ന് ഒന്നു പ്രാര്‍ഥിക്കാന്‍ പോലും കഴിയാത്ത നാസ്തികര്‍  ഇതിനെയൊക്കെ യാദൃഛികത എന്നോ മിഥ്യാബോധങ്ങള്‍ എന്നോ പറഞ്ഞ് തള്ളിക്കളയും. പ്രാര്‍ഥനയുടെ ശാന്തിയും മാധുര്യവും ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് ദൈവനിഷേധികളുടെ മനസ്സിന്റെ വരള്‍ച്ച എളുപ്പം തിരിച്ചറിയാന്‍ കഴിയും. 

വിശ്വാസിയുടെ സാന്ത്വനം

പ്രതിസന്ധികളെപ്പോലും ദൈവത്തിന്റെ പരീക്ഷണങ്ങളായി മനസ്സിലാക്കുന്ന വിശ്വാസി, ജീവിതത്തില്‍ അന്തിമമായി തനിക്ക് കരുതിവെച്ചിരിക്കുന്നത് നന്മയാണെന്ന് വിശ്വസിക്കുന്നവനാണ്. ഈ വിശ്വാസമാണ് കടുത്ത പ്രതിസന്ധികളിലും തളര്‍ന്നുപോവാതെ പിടിച്ചുനില്‍ക്കാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നത്. രോഗവും ദുഃഖവും ദുരിതവും വരുമ്പോള്‍ വിശ്വാസി നിരാശനാവുകയില്ല. വിശ്വാസിയുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഒരു മുള്ളുപോലും അവന്റെ ഒരു തെറ്റിനെ മായ്ച്ചുകളയും എന്നര്‍ഥം വരുന്ന  നബിവചനമുണ്ട്. ഈ ലോകത്തിലെ ദുഃഖങ്ങള്‍ പരലോകത്തിലെ അനുഗ്രഹങ്ങളായി മാറുന്ന വിസ്മയം വിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കാത്തുവെച്ചിട്ടുള്ളത്? ഈ ആശയത്തെ കൃത്യമായി ആവിഷ്‌കരിക്കുന്ന ഒരു നബിവചനമുണ്ട്: 'വിസ്മയകരമാണ് വിശ്വാസിയുടെ കാര്യം. എല്ലാറ്റിലും അവന് നന്മയുണ്ട്. ഇത് വിശ്വാസിക്ക് മാത്രം ഉള്ളതാണ്. നല്ലത് വരുമ്പോള്‍ അവന്‍ (ദൈവത്തോട്) കൃതജ്ഞതയുള്ളവനായിരിക്കും. അങ്ങനെ അവന് അത് ഗുണകരമായി ഭവിക്കും. പ്രയാസം വരുമ്പോള്‍ അവന്‍ ക്ഷമയവലംബിക്കും. അങ്ങനെ അതും അവന് നന്മയായി ഭവിക്കും' (മുസ്‌ലിം ഉദ്ധരിച്ചത്).
മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്: ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ച സ്വര്‍ഗാവകാശിയായ ഒരു മനുഷ്യന്‍ പരലോകത്ത് ദൈവത്തിന്റെ മുമ്പില്‍ ഹാജരാക്കപ്പെടും. ഒരു നിമിഷം സ്വര്‍ഗത്തിന്റെ സുഖം അനുഭവിക്കാന്‍ അയാളെ അനുവദിച്ചതിനു ശേഷം ആ മനുഷ്യനോട് ചോദിക്കപ്പെടും: 'അല്ലയോ മനുഷ്യപുത്രാ, നീ ജീവിതത്തില്‍ എപ്പോഴെങ്കിലും കഷ്ടപ്പാട് അറിഞ്ഞിട്ടുണ്ടോ,  അനുഭവിച്ചിട്ടുണ്ടോ?' അയാള്‍ പറയും: 'ഇല്ല നാഥാ, ഞാന്‍ ഒരിക്കലും അത് കണ്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല.'
നിസ്സഹായരും പീഡിതരുമായ മനുഷ്യരുടെ പ്രാര്‍ഥനകള്‍ എന്തുകൊണ്ട് ദൈവം സ്വീകരിക്കുന്നില്ല, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയുടെ പ്രാര്‍ഥനക്ക് ദൈവം എന്തുകൊണ്ട് ഉത്തരം നല്‍കുന്നില്ല എന്നൊക്കെ നാസ്തികര്‍ ചോദിക്കാറുണ്ട്. ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണല്ലോ ഇത്തരം ചോദ്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നത്. ദൈവം ഇല്ല എന്ന് സങ്കല്‍പിച്ചാല്‍ ഇത്തരം ഘട്ടങ്ങളില്‍ ആരാണ് ഇരകളാക്കപ്പെടുന്ന മനുഷ്യരെ സഹായിക്കുക? ജീവന്‍ ത്യജിച്ചു പോലും മര്‍ദിക്കപ്പെടുന്നവരെയും പീഡിപ്പിക്കപ്പെടുന്നവരെയും സഹായിക്കണം എന്ന് പഠിപ്പിക്കുന്നത് മതമാണ്. നാസ്തികരുടെ ഏതു ധര്‍മസംഹിതയാണ് അങ്ങനെ പറയുന്നത്? വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരു മനുഷ്യനെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് രക്ഷപ്പെടുത്താന്‍ തുനിയുന്നതില്‍ മാനുഷികതക്കപ്പുറം എന്തു യുക്തിയാണ് നാസ്തികര്‍ക്കുള്ളത്? മാനുഷികത എന്ന മൂല്യത്തെ ഏത് ശാസ്ത്രീയ യുക്തി ഉപയോഗിച്ചാണ് അവര്‍ തെളിയിക്കുക?
മര്‍ദിതരുടെയും പീഡിതരുടെയും പ്രാര്‍ഥനക്ക് ദൈവം ഉത്തരം നല്‍കിയ എത്രയോ സന്ദര്‍ഭങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അക്രമികളായ ഭരണാധികാരികളെയും ജനസമൂഹങ്ങളെയും ദൈവം ശിക്ഷിച്ചതിന്റെ ഉദാഹരണങ്ങളും പറയുന്നുണ്ട്. ഇന്നും ലോകത്തിന്റെ പല കോണുകളില്‍ നിസ്സഹായരായ എത്രയോ മനുഷ്യരുടെ പ്രാര്‍ഥനകള്‍ പ്രപഞ്ചത്തില്‍ വിലയിക്കുകയും പല രീതികളില്‍ അതിന് ഉത്തരം നല്‍കപ്പെടുകയും ചെയ്യുന്നുണ്ട്. തിന്മ ചെയ്യാന്‍ മനുഷ്യനെ അനുവദിക്കുക എന്നത് ദൈവം അവന് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. മനുഷ്യര്‍ ചെയ്യുന്ന അക്രമങ്ങളെയും അനീതികളെയും മനുഷ്യരിലൂടെ തന്നെ പ്രതിരോധിക്കുക എന്നതാണ് ദൈവത്തിന്റെ പൊതുവായ നടപടിക്രമം എന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  നേരത്തേ വിശദീകരിക്കുകയുണ്ടായി. മനുഷ്യന്റെ വിശ്വാസവും അനുഭവവും പ്രതീക്ഷയുമായും ദൈവത്തിന്റെ നടപടിക്രമങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് പ്രാര്‍ഥന. പ്രാര്‍ഥനയുടെ ചൈതന്യവും മാധുര്യവും വിശ്വാസി ജീവിതത്തിലുടനീളം അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവിതത്തിലെ സന്ദിഗ്ധ നിമിഷങ്ങളില്‍ വിശ്വാസികളല്ലാത്ത ആളുകള്‍ പോലും ചിലപ്പോള്‍ ദൈവത്തിലേക്ക് കൈയുയര്‍ത്താന്‍ പ്രേരിതരാവുന്നത് മനുഷ്യന്റെ നിസ്സഹായതയിലേക്കും പ്രാര്‍ഥനയുടെ ഭൗതികാതീതമായ അര്‍ഥതലങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. മനുഷ്യന്റെ ആത്മീയ തൃഷ്ണയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് പ്രാര്‍ഥന. കലയും സാഹിത്യവും പോലെ അനുഭൂതിയുടെ തലത്തിലാണ് അതിനെ മനസ്സിലാക്കേണ്ടത്. മനുഷ്യനെ ഭൗതിക പദാര്‍ഥങ്ങളുടെ സംഘാതമായി മാത്രം കാണുന്ന നാസ്തികര്‍ പ്രാര്‍ഥനയുടെ അര്‍ഥാന്തരങ്ങളെ പരീക്ഷണ നാളിയിലൂടെ തെളിയിച്ചു കൊടുക്കണം എന്ന് വാശി പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍